ഉള്ളടക്കത്തിലേക്ക് പോവുക

കെ.സി.എസ്. പണിക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.സി.എസ്. പണിക്കർ

(31 May 1911 – 16 January 1977)

ഇന്ത്യയിലെ ഒരു അതീന്ദ്രിയ (Metaphysical) ചിത്രകാരനും, അമൂർത്ത ചിത്രകാരനുമായിരുന്നു കെ.സി.എസ്. പണിക്കർ. മുഴുവൻ പേര് കോവലെഴി ചീരമ്പത്തൂർ ശങ്കരൻ പണിക്കർ. രാജ്യത്തിന്റെ പുരാതനമായ അതീന്ദ്രിയ ജ്ഞാനത്തെയും ആത്മീയ ജ്ഞാനത്തെയും ചിത്രകലയിലൂടെ വ്യാഖ്യാനിക്കുവാൻ ശ്രമിച്ചാണ് അദ്ദേഹം ശ്രദ്ധേയനായത്. ഇന്ത്യൻ കലാരംഗത്തെയും ചിത്രകാരന്മാരെയും പാശ്ചാത്യ സ്വാധീനത്തിൽ നിന്നു പുറത്തുകൊണ്ടുവന്ന് സ്വന്തമായ വ്യക്തിത്വം സ്ഥാപിക്കുവാൻ പ്രേരിപ്പിക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ ചിത്രകലാ പ്രവർത്തനങ്ങൾ.

ജനനം, ബാല്യം

[തിരുത്തുക]

തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ 1911 മേയ് 30-നു കെ.സി.എസ്. പണിക്കർ ജനിച്ചു. താൻ ജനിച്ചു വളർന്ന ഗ്രാമത്തിന്റെ പച്ചപ്പും പ്രകൃതിഭംഗിയും അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ അവസാനം വരെ നിലനിന്നു.

അപകർഷ ബോധവും ആത്മവിശ്വാസക്കുറവുമുള്ള കുട്ടിയായാണ് കെ.സി.എസ് പണിക്കർ ചെറുപ്പകാലത്തെ സ്വയം വിലയിരുത്തുന്നത്. ചെറുപ്പത്തിലേ തന്നെ ചിത്രകലാ രംഗത്ത് തല്പരനായിരുന്ന പണിക്കർ കേരളത്തിലെ തന്റെ ഗ്രാമമായ പൊന്നാനിക്കടുത്തുള്ള വെളിയങ്കോട്ടെ കനാലുകളും തെങ്ങുകളും വയലുകളും പകർത്തിയാണ് വര തുടങ്ങിയത്. മദ്രാസ് ക്രിസ്‌ത്യൻ കോളേജ് സ്കൂളിലെ ഒരു സഹപാഠിയാണത്രേ ചിത്രകലയെ കുറിച്ച് അദ്ദേഹത്തിന് കൂടുതൽ ഉൾക്കാഴ്ച്ച നൽകിയത്. പ്രകൃതി ദൃശ്യങ്ങളിലേക്ക് നോക്കി നിൽക്കുമ്പോൾ പലപ്പോഴും തന്റെ കണ്ണു നിറയുമായിരുന്നു എന്നും അത് മറ്റാരും കാണാതിരിക്കാൻ പെട്ടെന്ന് തുടച്ചു മാറ്റുമായിരുന്നു എന്നും അദ്ദേഹം അനുസ്മരിക്കുന്നുണ്ട്. നൈമിഷികവും അഭൗമവുമായ സ്വർഗ്ഗങ്ങളായിരുന്നു താൻ കണ്ടിരുന്നതെന്നും അങ്ങനെ ചിത്രരചന ആഹ്ലാദാനുഭൂതിക്കുളള ഒരു മാർഗ്ഗമായതായും കെ.സി.എസ് പണിക്കർ പറയുന്നുണ്ട്. വൈകാരികാനുഭൂതിക്കുള്ള മാർഗ്ഗമായിരുന്നു എങ്കിലും ചിത്രരചനാശീലം പതുക്കെ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായി.

പൊന്നാനിയിലെ എ.വി. ഹൈസ്കൂളിലും അന്നത്തെ മദ്രാസിലുമായി അദ്ദേഹം ഔപചാരിക വിദ്യാഭ്യാസം നേടി.

കലാജീവിതം

[തിരുത്തുക]

1917 മുതൽ '30 വരെ മദ്രാസിലെ ഗവ. ആർട്സ് സ്കൂളിൽ അദ്ദേഹം കലാപഠനം നടത്തി. അതിനു ശേഷം അതേ സ്കൂളിൽ അദ്ദേഹം അദ്ധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്. ഇവിടെ ദേവി പ്രസാദ് ചൗദരിയുമായുള്ള സൗഹൃദം പണിക്കരുടെ ജീവിതം വഴി തിരിച്ചുവിട്ടു.[1] എൽ.ഐ.സി യിലെ ജോലി ഉപേക്ഷിച്ചാണ് പണിക്കർ ചിത്രരചന അഭ്യസിക്കാൻ എത്തിയത് 1944-ൽ പണിക്കർ സ്ഥാപിച്ച പ്രൊഗ്രസ്സീവ് പെയിന്റേഴ്സ് അസ്സോസിയേഷൻ മദ്രാസ്സിൽ ചിത്രമെഴുത്തിന് പുതിയ മേൽവിലാസം തീർത്തു.

രവിവർമ്മ, ലേഡി പെന്റ്ലാന്റ്, കോട്ട്മാൻ , ബ്രാങ്‌വിൻ , വാൻഗോഗ്‍ , ഗോഗിൻ , മാറ്റിസ്സ്, ഫോവ്‌സ് എന്നിങ്ങനെ പലരും പല ഘട്ടങ്ങളിലായി അദ്ദേഹത്തിന്റെ രചനകളെ സ്വാധീനിച്ചു കൊണ്ടിരുന്നു. 1941 വരെ മദ്രാസിലും ദില്ലിയിലും അദ്ദേഹം ഏകാങ്ക ചിത്രകലാ പ്രദർശനങ്ങൾ നടത്തിയിരുന്നു. ഇന്ത്യക്കു പുറത്ത് പ്രദർശനങ്ങൾ നടത്തവേ സാൽ‌വദോർ ദാലി തുടങ്ങിയ അമൂർത്ത കലാകാരൻ‌മാരുമായുണ്ടായ സമ്പർക്കം അദ്ദേഹത്തിന്റെ കലയിൽ ഒരു വലിയ സ്വാധീനം ചെലുത്തി.

1950-കളുടെ തുടക്കത്തിൽ അദ്ദേഹത്തിന് പാശ്ചാത്യ സ്വാധീനത്തിനോട് വിമുഖത തോന്നിത്തുടങ്ങി. 1953 മുതൽ '63 വരെ അദ്ദേഹം വാൻഗോഗിന്റെയും അജന്ത ശില്പകലയുടെയും സമ്മിശ്ര സ്വാധീനത്തിലായിരുന്നു. ഈ കാലത്താണ് അദ്ദേഹത്തിന് ഭാരതീയ ചിത്രകലയിൽ തന്റേതായ സംഭാവനകൾ നൽകാൻ കഴിയുമെന്ന ആത്മവിശ്വാസം വന്നത്. പാശ്ചാത്യ ചിത്രകലയിൽ ദൃതവേഗമുള്ള മാറ്റങ്ങൾ പ്രകടമായിരുന്ന അക്കാലത്ത് ആ മാറ്റങ്ങൾ ഉൾക്കൊള്ളാതെ ഇന്ത്യയിലെ ചിത്രകലയിൽ സുപ്രധാനമായൊന്നും ചെയ്യാൻ കഴിയില്ലെന്ന് അദ്ദേഹം കരുതി.

സ്വിസ്സ് കലാകാരനായ പോൾ ക്ലീയും അക്കാലത്ത് അദ്ദേഹത്തിൽ സ്വാധീനം ചെലുത്തി. ഈജിപ്ഷ്യൻ ചിത്രകലയും നിഗൂഢലിഖിതങ്ങളും പോൾ ക്ലീയെ സ്വാധീനിച്ചിരുന്നു. പോൾ ക്ലീയുടെ ജീവൻ തുളുമ്പുന്ന സൃഷ്ടികൾ പിക്കാസോ, ബ്രാക്ക് എന്നിവരേക്കാളും ഇന്ത്യൻ ചിത്രകലയുമായി അടുത്തു നിൽക്കുന്നതായി അദ്ദേഹം വിശ്വസിച്ചു. എന്നാൽ തന്റെ രചനകൾ പോൾ ക്ലീയുടേതിന്റെ അനുകരണമാവുന്നതിനേക്കാൾ സ്വന്തമായ രീതിക്ക് തുടക്കമിടാനാണ് അദ്ദേഹം ആഗ്രഹിച്ചത്. ആ ഘട്ടത്തിൽ ഒരു വിദ്യാർത്ഥിയുടെ ഗണിത നോട്ടുപുസ്തകം കാണാനിടയായത് അദ്ദേഹം അനുസ്മരിക്കുന്നുണ്ട്.

1963-ൽ പുതിയ ഭാവുകത്വത്തിലേക്ക് അദ്ദേഹത്തിന്റെ രചനകൾ പ്രവേശിച്ചു. അറബിക് അക്കങ്ങളും ആൾജിബ്രയിലേയും ജ്യാമിതിയിലേയും ലാറ്റിൻ പ്രതീകങ്ങളും രൂപങ്ങളും പുതിയ ആശയങ്ങൾ‍ക്ക് രൂപം നൽകാൻ അദ്ദേഹത്തെ സഹായിച്ചു. പരമ്പരാഗതമായ ഇന്ത്യൻ പ്രതീകങ്ങളും ജ്യോതിഷ ചാർട്ടുകളും ചിഹ്നങ്ങളും അദ്ദേഹത്തിന്റെ താൽപര്യ പരിധികളിൽ വന്നു. രചനയുടെ ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്ന റോമൻ അക്ഷരങ്ങൾ അദ്ദേഹം വെടിയുകയും മലയാള ലിപികൾ കൂടുതൽ സ്വീകരിക്കുകയും ചെയ്തു.

പിന്നെയും കുറേ കാലം കഴിഞ്ഞാണ് കെ.സി.എസ് പണിക്കർ താന്ത്രിക ചിത്രകലയിലേക്ക് തിരിയുന്നത്. പക്ഷേ ഒരു പരിധി വരെ ഇതിന് തന്റെ ക്രിയാത്മക ചോദനകളെ സം‌തൃപ്തമാക്കാൻ കഴിയാതിരുന്നതായി അദ്ദേഹം വിലയിരുത്തുന്നുണ്ട്. പിന്നീട് ചിത്രകലയിൽ കെ.സി.എസ്. പണിക്കർ ഉപയോഗിച്ച അടയാളങ്ങൾ ഏതെങ്കിലും ഭാഷയിലെ ലിപികൾ എന്നതിനേക്കാളേറെ സ്വയം രൂപപ്പെടുത്തിയ ചിഹ്നങ്ങളായിരുന്നു. മലയാളം അക്ഷരങ്ങൾ മാത്രം വളരെ ഭാഗികമായി അവയിൽ അവശേഷിച്ചു. നിരർത്ഥകമായ ആ അക്ഷരസമാനമായ രൂപങ്ങൾ അദ്ദേഹം ദൃശ്യങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാൻ മാത്രമാണ് ഉപയോഗിച്ചത്.

ചെന്നൈയിൽ നിന്ന് 20 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിന്റെ തീരത്ത് തിരുവാന്മിയൂരിനടുത്തു ഈൻജംപാക്കത്ത് 'ചോളമണ്ഡലം' എന്ന പേരിൽ 1966 ൽ കെ.സി.എസ്. പണിക്കർ സ്ഥാപിച്ച കലാഗ്രാമം ദക്ഷിണേന്ത്യയിലെ യുവ ചിത്രകാരുടെ കൂട്ടായ്മക്കും വളർച്ചക്കും സഹായകരമായതായി വിലയിരുത്തപ്പെടുന്നു. ചിത്രകാരൻമാർക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ കലാഗ്രാമമാണിത്.[1] ജയപാലപ്പണിക്കർ ,പാരീസ് വിശ്വനാഥൻ ,എം.വി.ദേവൻ , ഹരിദാസ്,നന്ദഗോപാൽ ,വാസുദേവ് ,സേനാധിപതി തുടങ്ങിയ പ്രശസ്ത ചിത്രകാരൻമാർ ഇവിടെ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു.

പ്രദർശനങ്ങളും പുരസ്കാരങ്ങളും

[തിരുത്തുക]

17 വയസ്സായപ്പോഴേക്കും അദ്ദേഹം ‘മദ്രാസ് ഫൈൻ ആർട്ട്‌സ് സൊസൈറ്റി‘ യുടെ വാർഷിക ചിത്രകലാ പ്രദർശനങ്ങളിൽ തന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കുവാൻ തുടങ്ങിയിരുന്നു. മദ്രാസിലെ പ്രോഗ്രസീവ് പെയിന്റേഴ്‌സ് അസോസിയേഷന്റെ രൂപവത്കരണത്തിനു ശേഷം 1944 മുതൽ '53 വരെ മദ്രാസ്, ബോംബേ, കൽക്കത്ത, ന്യൂഡൽഹി, ലണ്ടൻ എന്നിവിടങ്ങളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രദർശനം നടത്തിയിട്ടുണ്ട്. 1954-ൽ ന്യൂ ഡൽഹിയിലെ ലളിത കലാ അക്കാദമി അദ്ദേഹത്തെ മികച്ച ഒമ്പത് കലാകാരിൽ ഒരാളായും അക്കാദമിയുടെ എക്സിക്യൂട്ടീവ് ബോർഡ് അംഗമായും തെരഞ്ഞെടുത്തു. ഇംഗ്ലണ്ട്, ഫ്രാൻസ്, ഇറ്റലി, സ്വിറ്റ്‌സർലാന്റ് എന്നീ രാജ്യങ്ങളിൽ സഞ്ചരിച്ചു. ലണ്ടനിലെ ഇന്ത്യൻ ഹൗസിലും ഫ്രാൻസിലും പ്രദർശനങ്ങൾ നടത്തി.

1955-ൽ മദ്രാസിലെ ഗവ. ആർട്‌സ് & ക്രാഫ്റ്റ്സ് സ്കൂളിന്റെ വൈസ് പ്രിൻ‍സിപ്പാൾ ആയും '57-ൽ പ്രിൻ‍സിപ്പാൾ ആയും അദ്ദേഹം സ്ഥാനമേറ്റു. 1959-ൽ അന്നത്തെ സോവിയറ്റ് യൂണിയനിൽ പര്യടനം നടത്തി, മോസ്കോയിലും ലെനിൻ ഗ്രാഡിലും കീവിലും ഇന്ത്യൻ ചിത്രകലയെ കുറിച്ച് പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു.

1961-ൽ ബ്രസീലിലും 1962-ൽ മെക്സിക്കോയിലും പ്രദർശനങ്ങൾ നടത്തി. ഇക്കാലയളവിൽ മദ്രാസിലെ ആർട്‌സ് & ക്രാഫ്‌റ്റ്‌സ് സ്കൂൾ കോളേജായി ഉയർത്തപ്പെട്ടു.

1963-ൽ ന്യൂയോർക്കിൽ വെച്ചു നടന്ന ലോക ചിത്രകലാ സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധി സംഘത്തിലെ അംഗമായി പങ്കെടുത്തു. അമേരിക്കയുടെ ഔദ്യോഗിക അതിഥിയായി അമേരിക്കയിലുടനീളം സഞ്ചരിക്കുകയും അമേരിക്കൻ കലാകാരുമായി ചർച്ചകളിൽ ഏർപ്പെടുകയും ചെയ്തു.

1965-ൽ ടോക്യോയിലെ അന്തർദേശീയ പ്രദർശനത്തിലും ലണ്ടനിലെ ഫെസ്റ്റിവൽ ഹാൾ പ്രദർശനത്തിലും പങ്കെടുത്തു. ഈ വർഷം ചിത്രരചനക്ക് ദേശീയ പുരസ്കാരം ലഭിച്ചു.

1966-ൽ മദ്രാസിൽ ചോളമണ്ഡലം കലാഗ്രാമം സ്ഥാപിച്ച കെ.സി.എസ് 1967-ൽ ആർട്സ് & ക്രാഫ്റ്റ്സ് കോളേജിലെ പ്രിൻസിപ്പാൾ സ്ഥാനത്ത് നിന്നും വിരമിച്ചു.മകനും പ്രശസ്ത ശില്പിയുമായ നന്ദഗോപാൽ ആണ് ഇപ്പോഴത്തെ ചോളമണ്ഡലം കലാഗ്രാമം സെക്രട്ടറി.

1977-ൽ അറുപത്തി ആറാമത്തെ വയസ്സിൽ കെ.സി.എസ്. പണിക്കർ ചെന്നൈയിൽ അന്തരിച്ചു.

ചില പ്രശസ്ത രചനകൾ

[തിരുത്തുക]
  • ക്രിസ്തുവും ലാസറും.
  • മലബാർ കർഷകർ.
  • ലുംബിനി
  • സമാധാനമുണ്ടാക്കുന്നവർ.
  • റിവർ.
  • ഡോഗ്.

മൊഴികൾ

[തിരുത്തുക]

"എന്റെ കലാ ജീവിതത്തിൽ ഉടനീളം ഇന്ത്യയിലെ ആത്മീയ ചിന്തകന്മാർ എന്നെ സ്വാധീനിച്ചിട്ടുണ്ട്. അവർ കണ്ടെത്തിയ അതീന്ദ്രിയവും ആത്മീയവുമായ ലോകങ്ങളെ ഞാൻ എന്റെ കാൻ‌വാസിൽ ആവാഹിക്കുന്നു“ - കെ.സി.എസ്. പണിക്കർ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 മാതൃഭൂമി ഇയർബുക്ക്. മാതൃഭൂമി. 2012. ISBN Reg.No. KERMAL/2011/39411. {{cite book}}: Check |isbn= value: invalid character (help)


"https://ml.wikipedia.org/w/index.php?title=കെ.സി.എസ്._പണിക്കർ&oldid=4423612" എന്ന താളിൽനിന്ന് ശേഖരിച്ചത്