അനുഭവസത്താവാദം
പ്രപഞ്ചവസ്തുക്കളെപ്പറ്റി ഇന്ദ്രിയാനുഭവത്തിൽകൂടി മാത്രമേ ശരിയായി ഗ്രഹിക്കാൻ കഴിയൂ; അങ്ങനെ ലഭിക്കുന്ന വസ്തുനിഷ്ഠമായ യാഥാർഥ്യങ്ങൾ മാത്രമേ മനുഷ്യൻ അറിയേണ്ടതുള്ളു; ജ്ഞാനസമ്പാദനത്തിൽ തത്ത്വദർശനത്തിനു മറ്റു ശാസ്ത്രങ്ങളിൽനിന്ന് വ്യത്യസ്തമായി ഒരു രീതി ഇല്ല; എല്ലാ ശാസ്ത്രങ്ങൾക്കും പൊതുവായുള്ള സാമാന്യതത്ത്വങ്ങൾ കണ്ടുപിടിക്കുകയും സാമൂഹിക രൂപവത്കരണത്തിന് ഉതകത്തക്കവിധം മനുഷ്യസ്വഭാവത്തെ രൂപപ്പെടുത്തുകയും ചെയ്യുന്നതിന് തത്ത്വദർശനം ഉപയോഗിക്കണം എന്നെല്ലാമുള്ള സിദ്ധാന്തങ്ങളാണ് അനുഭവസത്താവാദത്തിന്റെ ഉള്ളടക്കം.
അതിഭൌതികതാവാദം (Metaphysics),[1] ആത്മലോകസംബന്ധമായ മതം (Supernatural Religion)[2] തുടങ്ങിയ അശാസ്ത്രീയമായ വിഷയങ്ങളോട് അനുഭവസത്താവാദത്തിന് ആനുകൂല്യമില്ല. ഇതിന്റെ ഈ വിപ്രതിപത്തി പ്രായോഗികതാവാദം (Pragmatism),[3] ശാസ്ത്രീയപ്രകൃതിവാദം (Scientific Naturalism),[4] വ്യവഹാരമനഃശാസ്ത്രം (Behaviorism) എന്നീ ചിന്താപദ്ധതികളെ സ്വാധീനിച്ചിട്ടുണ്ട്.
തത്ത്വദർശനസിദ്ധാന്തം
[തിരുത്തുക]19-ആം നൂറ്റാണ്ടിന്റെ മധ്യത്തോടുകൂടി വളരെ പ്രചാരം ലഭിച്ച അനുഭവസത്താവാദത്തെ ഒരു പ്രധാന തത്ത്വദർശനസിദ്ധാന്തമായി വികസിപ്പിച്ചെടുത്തത് അഗസ്റ്റെ കോംതെ (Auguste Comte, 1798-1857) ആണ്. ഇദ്ദേഹത്തിനു മുമ്പുതന്നെ ഫ്രാൻസിസ് ബേക്കൺ, നിക്കൊളാസ് ദ മാൽ ബാൻഷ്, ഡേവിഡ് ഹ്യൂം, മോളിയർ, ഷാക്ക് തുർഗോ തുടങ്ങിയവർ അനുഭവസത്താവാദത്തോട് അനുരൂപമായി ചിന്തിച്ചിരുന്നതായി കാണുന്നു. 1822-ൽ കോംതെ ഈ സിദ്ധാന്തത്തിന് ജന്മം നല്കി എന്നു പറയപ്പെടുന്നു. എങ്കിലും 1750-ൽ തന്നെ ഷാക്ക് തുർഗോ (Jaques Turgo, 1727-1781) എന്ന ഫ്രഞ്ചു ദാർശനികൻ ഇതിന്റെ പ്രധാന തത്ത്വങ്ങൾക്ക് രൂപം നല്കിയതായി തെളിവുകളുണ്ട്.
കോംതെയുടെ അനുഭവസത്താവാദം
[തിരുത്തുക]കോംതെയുടെ അനുഭവസത്താവാദം അനുസരിച്ച് മാനവചരിത്രം മൂന്നുഘട്ടങ്ങളിലൂടെ കടന്നാണ് വളർച്ച പ്രാപിക്കുന്നത്.
ഈശ്വരാധിഷ്ഠിതഘട്ടം
[തിരുത്തുക](Theological satge)
ആദ്യത്തേതായ ഈശ്വരാധിഷ്ഠിതഘട്ടത്തിൽ എല്ലാ പ്രതിഭാസങ്ങൾക്കും പരിണാമങ്ങൾക്കും കാരണം ഈശ്വരേച്ഛയാണെന്ന് മനുഷ്യൻ വിശ്വസിക്കുന്നു. പ്രകൃതിയായും പിശാചായും മറ്റും വിവിധരൂപം നൽകി ഈശ്വരനെ ആരാധിക്കുന്നു. കൂടാതെ എല്ലാ വസ്തുക്കളും ജീവനുള്ളതും ഗൂഢാത്മകവുമാണെന്ന് കരുതപ്പെടുന്നു.[5]
അതിഭൌതികഘട്ടം
[തിരുത്തുക](Metaphysical stage)
രണ്ടാംഘട്ടമായ അതിഭൌതിക ത്തിൽ ഈശ്വരനിൽ ഉണ്ടായിരുന്ന വിശ്വാസം ചില തത്ത്വങ്ങളിലുള്ള വിശ്വാസമായിമാറുന്നു. പ്രപഞ്ചവസ്തുക്കളെക്കാൾ അവയുടെ അന്തഃസത്തയ്ക്ക് പ്രാധാന്യം നൽകുന്നു. അന്തഃസത്ത (Inner reality), സത്ത (Reality), സാരം (Essence), സാമാന്യം (Universal), കാരണം (Cause), ശക്തി (Force) മുതലായ ഇനങ്ങളിലൂടെ പ്രാപഞ്ചികയാഥാർഥ്യത്തെ യുക്തിപരമായി മനസ്സിലാക്കുകയും മനുഷ്യസമുദായത്തെ രൂപപ്പെടുത്തുകയും ചെയ്യുന്നു.[6]
അനുഭവസത്താഘട്ടം
[തിരുത്തുക](Positive stage)
മൂന്നാമത്തേത് അനുഭവസത്താഘട്ടം ആണ്. ഈശ്വരനെയും പരമസത്യങ്ങളെയും ഉപേക്ഷിച്ച് വസ്തുനിഷ്ഠമായ യാഥാർഥ്യങ്ങൾക്ക് പ്രാധാന്യം നല്കുന്നു. ശാസ്ത്രീയ നിരീക്ഷണമാണ് ഇവിടത്തെ മാനദണ്ഡം. പ്രകൃതിയെ നിയന്ത്രിക്കുവാൻ മനുഷ്യൻ ഈ ഘട്ടത്തിൽ ശ്രമിക്കുന്നു. എല്ലാ ശാസ്ത്രങ്ങളുടെയും മൌലികതത്ത്വങ്ങൾ മനസ്സിലാക്കി അവയെ മനുഷ്യപുരോഗതിക്ക് ഉതകത്തക്കവണ്ണം രൂപപ്പെടുത്തുവാൻ ഈ ഘട്ടത്തിലെ ചിന്താഗതിക്ക് കഴിയുമെന്ന് കോംത് വാദിക്കുന്നു. മനുഷ്യരുടെ ഓരോ ആവശ്യങ്ങൾ അനുസരിച്ചാണ് ഓരോ ശാസ്ത്രം ഉടലെടുത്തതെന്ന് അനുഭവസത്താവാദം സിദ്ധാന്തിച്ചു. വസ്തുക്കളുടെ തൂക്കവും ഭൂപ്രദേശങ്ങളുടെ വിസ്തൃതിയും മറ്റും നിർണയിക്കേണ്ടിവന്നപ്പോൾ ഗണിതശാസ്ത്രം ജന്മമെടുത്തു. ജ്യോതിശാസ്ത്രം, ഊർജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം, സാമൂഹികശാസ്ത്രം എന്നിവയുടെ ഉദ്ഭവവും ഇത്തരത്തിലാണെന്നു വാദിക്കുന്നു.[7]
അനുഭവസത്താവാദം
[തിരുത്തുക]അനുഭവസത്താവാദത്തിന് മൌലികമായി രണ്ടു വിഭാഗങ്ങളുണ്ട്.
- സാമൂഹിക അനുഭവസത്താവാദം (Social positivism)
- പരിണാമാത്മക അനുഭവസത്താവാദം (Evolutionary positivism) [8]
സാമൂഹിക അനുഭവസത്താവാദം പ്രായോഗികവും, പരിണാമാത്മക അനുഭവസത്താവാദം സൈദ്ധാന്തികവും ആണ്. ഇവ രണ്ടും സാമൂഹികപുരോഗതിയെപ്പറ്റിയുള്ള സാമാന്യാശയം വ്യക്തമാക്കി പ്രതിപാദിക്കുന്നു. പുരോഗതി സമുദായത്തിന്റെ തുടർച്ചയായുള്ള മാറ്റങ്ങളിലും ചരിത്രസംഭവങ്ങളിലും അധിഷ്ഠിതമായിരിക്കുന്നു എന്ന് സാമൂഹ്യാനുഭവസത്താവാദവും അതു വിവിധ ശാസ്ത്രങ്ങളിലുണ്ടായിട്ടുള്ള വളർച്ചയിൽ അധിഷ്ഠിതമായിരിക്കുവെന്ന് അനുഭവസത്താവാദവും ഘോഷിക്കുന്നു.
മാക്ക് ഏണസ്റ്റ് (Mach Ernest, 1833-1916), അവ്നാറിയസ് (Avenarius 1843-96) തുടങ്ങിയ ദാർശനികന്മാർ അനുഭവസത്താവാദത്തിന് നിരൂപണപ്രവണതയുണ്ടാക്കി. അതിന്റെ ഫലമായി മേല്പറഞ്ഞ രണ്ടുവിധം അനുഭവസത്താവാദത്തിനു പുറമേ അവയിൽ നിന്നും വിഭിന്നമായി നിരൂപണാനുഭവസത്താവാദം (Critical Positivism) ഉരുത്തിരിഞ്ഞുവന്നു. ഇതിന് അനുഭവനിരൂപണവാദം (Empirio Criticsm) എന്നു പറയാറുണ്ട്. ചരിത്രപരമായി വിയന്നാവലയത്തിന്റെ (Vienna circle) യും നൂതനാനുഭവസത്താവാദത്തി (Neo-Postivism) ന്റെയും തൊട്ടുമുമ്പ് ഉടലെടുത്ത സിദ്ധാന്തമാണ് ഇത്.സയുക്തിക-അനുഭവസത്താവാദവും (Logical Positivism) നൂതനാനുഭവസത്താവാദവും നിരൂപണാത്മക-അനുഭവസത്താ വാദത്തിൽനിന്നും ഉണ്ടായിട്ടുള്ളതാണ്.
സയുക്തികാനുഭവസത്താവാദം
[തിരുത്തുക]വിയന്നാവലയത്തിൽ നിന്നും ഉടലെടുത്തതും അത്യന്താധുനികദർശനങ്ങളിൽ വളരെ പ്രചാരമുള്ളതുമായ ഒരു ദർശന സരണിയാണ് സയുക്തിക-അനുഭവസത്താവാദം. ശാസ്ത്രത്തെയും ആധുനിക തർക്കശാസ്ത്രത്തെയും (Modern Logic) അങ്ങേയറ്റം കണക്കിലെടുത്തുകൊണ്ട് ഉണ്ടാക്കിയ ഒരു ദർശനമാണ് ഇത്. ഹ്യൂമിന്റെ ഇന്ദ്രിയാനുഭവവാദവും കോംതിന്റെയും മാക്കിന്റെയും അനുഭവസത്താവാദവും മൂർ (Moore), ബെർട്രാൻഡ് റസ്സൽ , ലുഡ്‌വിഗ് വിറ്റ്ജൻസ്റ്റൈൻ, വൈറ്റ്ഹെഡ് (Whitehead) തുടങ്ങിയവരുടെ തർക്കശാസ്ത്രപരമായ അപഗ്രഥനവും (Logical Analysis) ഒരു പ്രത്യേകരീതിയിൽ ഇതിൽ യോജിപ്പിച്ചിരിക്കുന്നതായി കാണാം. ഈ ദർശനത്തിന്റെ ഏറ്റവും കാതലായ ഭാഗം, അതിഭൌതികവാദം (Metaphysics) അർഥശൂന്യം ആണെന്നും അതുകൊണ്ട് അതിനെ തത്ത്വദർശന മണ്ഡലത്തിൽനിന്നും എന്നെന്നേക്കുമായി തുടച്ചുമാറ്റേണ്ടത് ആവശ്യമാണെന്നുമാണ്. ഭാഷയുടെയും തർക്കശാസ്ത്രത്തിന്റെയും അപഗ്രഥനത്തിൽ (Analysis of language and logic) ഈ ലക്ഷ്യം സാധിക്കുമെന്ന് സയുക്തിക-അനുഭവസത്താവാദികളെല്ലാം വിശ്വസിക്കുന്നു. ശാസ്ത്രീയനിരീക്ഷണത്തിന് അതീതമായി ഒന്നുംതന്നെ സയുക്തിക-അനുഭവസത്താവാദം അംഗീകരിക്കുന്നില്ല.
അവലംബം
[തിരുത്തുക]- ↑ "What is metaphysics?". Archived from the original on 2011-07-10. Retrieved 2011-07-13.
- ↑ SUPERNATURAL RELIGION
- ↑ Pragmatism
- ↑ "Scientific naturalism". Archived from the original on 2010-11-23. Retrieved 2011-07-13.
- ↑ August Comte philosophy
- ↑ "Metaphysical Stage". Archived from the original on 2020-10-27. Retrieved 2020-11-02.
- ↑ August Comte, Positive Philosophy
- ↑ [http://papers.ssrn.com/sol3/papers.cfm?abstract_id=1657841 Evolutionary Theory and Legal Positivism]
പുറംകണ്ണികൾ
[തിരുത്തുക]- Positivism
- Positivism & Post-Positivism
- CATHOLIC ENCYCLOPEDIA: Positivism
- Legal Positivism [Internet Encyclopedia of Philosophy]
- Positivism
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അനുഭവസത്താവാദം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |