അന്താരാഷ്ട്ര ഭൂഭൗതിക വർഷം
ഭൂമിയുടെ ഭൗതിക സവിശേഷതകൾ, അന്തരീക്ഷം, ഭൂസൗരബന്ധങ്ങൾ എന്നിവയെപ്പറ്റി ഗാഢമായ ഗവേഷണപഠനങ്ങൾ നടത്താൻ വിനിയോഗിക്കപ്പെട്ട അന്താരാഷ്ട്ര ശാസ്ത്രീയ സഹകരണവർഷമാണ് അന്താരാഷ്ട്ര ഭൂഭൗതിക വർഷം. 1957 ജൂലൈ. 1-ന് തുടങ്ങി, 1958 ഡിസംബർ 31-ന് അവസാനിച്ചു. പ്രസ്തുതവർഷത്തിൽ സൂര്യകളങ്കങ്ങളുടെ എണ്ണം പരമാവധി വർധിക്കും എന്നതായിരുന്നു ഭൂഭൗതിക ഗവേഷണത്തിൽ അന്താരാഷ്ട്രസഹകരണത്തിനായി ഈ വർഷംതന്നെ തെരഞ്ഞെടുക്കപ്പെടാൻ കാരണം. ഓരോ പതിനൊന്നു വർഷം കൂടുമ്പോഴും ഇത്തരം സൂര്യകളങ്കാവർത്തനം (Sunspot cycle) സംഭവിക്കുന്നു. ഭൂമിയുമായി ഏറ്റവും അടുത്തുനിൽക്കുന്ന നക്ഷത്രമായ സൂര്യനാണ് ഭൂതലത്തിന്റെ ജീവന്റെ പ്രഭവങ്ങൾക്കും മറ്റു ഭൌതിക പ്രതിഭാസങ്ങൾക്കും കാരണമായി വർത്തിക്കുന്നത്. അതിനാൽ ഭൂസൗരബന്ധങ്ങളെപ്പറ്റിയുള്ള പഠനങ്ങൾ വളരെ പ്രാധാന്യം അർഹിക്കുന്നു.
നിരീക്ഷണ കേന്ദ്രങ്ങൾ
[തിരുത്തുക]അന്താരാഷ്ട്ര ഭൂഭൗതികപരിപാടികളിൽ ആദ്യം മുതൽ സഹകരിച്ച ഒരു രാജ്യമാണ് ഇന്ത്യ. ഇതിലേക്കുള്ള ഇന്ത്യൻ ദേശീയസമിതി 1953-ൽ രൂപവത്കരിക്കപ്പെട്ടു.
- അന്താരാഷ്ട്ര ദിനങ്ങളും വാർത്താവിനിമയവും
- അന്തരീക്ഷവിജ്ഞാനീയം
- ഭൂകാന്തത (Geomagnetism)
- ധ്രുവ-വായുദീപ്തികൾ
- അയോണോസ്ഫിയർ
- സൌരപ്രക്രിയകൾ
- കോസ്മിക് രശ്മികൾ
- അക്ഷാംശരേഖാംശങ്ങൾ
- ഹിമനദീയനം (Glaciation)
- സമുദ്രവിജ്ഞാനീയം
- റോക്കറ്റുകളും കൃത്രിമോപഗ്രഹങ്ങളും
- ഭൂകമ്പവിജ്ഞാനീയം
- ഭൂഗുരുത്വമിതി
- അണുപ്രസരണം
എന്നീ പതിനാലു പ്രസക്തശാഖകളിലും ഇന്ത്യ പഠനം നടത്തി. അറുപത്തിയാറു രാഷ്ട്രങ്ങളിൽനിന്നായി അറുപതിനായിരത്തിലേറെ ശാസ്ത്രകാരൻമാർ പരിപാടികളിൽ പങ്കെടുത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ നാലായിരം നിരീക്ഷണകേന്ദ്രങ്ങളിലായി അവർ പ്രവർത്തിച്ചു. നൂറിലധികം നിരീക്ഷണകേന്ദ്രങ്ങൾ ഇന്ത്യയിൽതന്നെയുണ്ടായിരുന്നു. റോക്കറ്റുകൾ, ഉപഗ്രഹങ്ങൾ തുടങ്ങിയ പ്രത്യേക ഉപകരണങ്ങൾ ഗവേഷണത്തെ സഹായിച്ചു. നിരീക്ഷണഫലങ്ങൾ ക്രമപ്പെടുത്തുന്നതിനും മറ്റുമായി ഇലക്ട്രോണിക് കംപ്യൂട്ടർപോലെയുള്ള യന്ത്രസാമഗ്രികൾ ഉപയോഗിക്കപ്പെട്ടു.
ഉപഗ്രഹ വിക്ഷേപണം
[തിരുത്തുക]സോവിയറ്റ് യൂണിയൻ 1957 ഒക്ടോബർ 4-ന് വിക്ഷേപിച്ച സ്പുട്നിക്-I എന്ന ആദ്യത്തെ ഭൌമോപഗ്രഹം ഗവേഷണത്തെ ബഹുദൂരം മുന്നോട്ടു നയിച്ചു. പ്രസ്തുത ഭൂഭൌതിക വർഷത്തിൽ സോവിയറ്റ് യൂണിയനും യു.എസ്സും മൂന്ന് ഉപഗ്രഹങ്ങൾ വീതം വിക്ഷേപിക്കുകയുണ്ടായി. ഈ ഉപഗ്രഹങ്ങൾ ഭൂമിയുടെയും ഉപര്യന്തരീക്ഷത്തിന്റെയും പരിമാണങ്ങൾ കൃത്യമായി രേഖപ്പെടുത്തി. ഇതുകൂടാതെ മറ്റു ചില പ്രധാന നേട്ടങ്ങൾക്കും ഉപഗ്രഹവിക്ഷേപണം സഹായകമായി. അന്റാർട്ടിക്കയിലേക്ക് ആദ്യമായി ഒരു അന്വേഷണയാത്ര സാധ്യമായിത്തീർന്നത് ഇതിന്റെ ഫലമാണ്. ഭൂരൂപത്തെപ്പറ്റിയുള്ള സങ്കല്പത്തിനു മാറ്റംവന്നു. രണ്ടഗ്രങ്ങളും പരന്ന ഗോളാകൃതിയാണ് ഭൂമിയുടേതെന്നായിരുന്നു അതുവരെയുണ്ടായിരുന്ന ധാരണ. എന്നാൽ പുതിയ ഗവേഷണഫലമായി ഭൂമി ദീർഘവൃത്തജാകാരമാണെന്ന് കണ്ടുപിടിക്കപ്പെട്ടു. തരംഗദൈർഘ്യമേറിയ റേഡിയോവീചികൾ ധ്രുവപ്രദേശത്തു സംലയനം ചെയ്യപ്പെടുന്നതിനെപ്പറ്റിയും സൌരജ്വാലാ(solar flares) പ്രസരങ്ങളുടെ സ്വഭാവപരിമാണങ്ങളെപ്പറ്റിയുമുള്ള വിശദമായ പഠനങ്ങളും നടന്നു.
പുറംകണ്ണികൾ
[തിരുത്തുക]- http://www7.nationalacademies.org/archives/igystamp.html Archived 2012-02-10 at the Wayback Machine
- http://www.answers.com/topic/international-geophysical-year
- http://rammb.cira.colostate.edu/dev/hillger/igy.htm
- http://arago.si.edu/index.asp?con=1&cmd=1&mode=1&tid=2032767 Archived 2008-03-04 at the Wayback Machine
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അന്താരാഷ്ട്ര ഭൂഭൌതിക വർഷം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |