അന്തോസോവ
അന്തോസോവ | |
---|---|
Stony corals | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | Cnidaria |
Class: | Anthozoa Ehrenberg, 1834 |
Subclasses | |
സീലന്ററേറ്റ (Coelenterata) ഫൈലത്തിലെ കടൽ-ആനിമോണുകൾ (Sea-anemones),[1] കോറലുകൾ (Corals)[2] എന്നീ ജലജീവികൾ ഉൾപ്പെടുന്ന ജന്തുവർഗമാണ് അന്തോസോവ (Anthozoa). അന്തോസോവ എന്ന വാക്കിന് പുഷ്പാകൃതിയുള്ള ജന്തുക്കൾ എന്നാണർഥം. ഒറ്റയായോ സംഘമായോ എവിടെയെങ്കിലും പറ്റിപ്പിടിച്ചു ജീവിക്കുന്ന സമുദ്രജീവികളാണ് ഇവയെല്ലാം. കടൽത്തീരത്തിനടുത്ത് പാറക്കഷണങ്ങളിലും മറ്റും പറ്റിപിടിച്ചു പലനിറത്തോടൂകൂടി പുഷ്പങ്ങൾ വിരിഞ്ഞുനിൽക്കുന്നതുപോലെ കാണപ്പെടുന്ന കടൽ-ആനിമോണുകൾ, പവിഴപ്പുറ്റുകൾ (corals), കടൽവിശറികൾ (Sea fans),[3] കടൽത്തൂവലുകൾ (Sea feathers)[4] എന്നിവയെല്ലാം ഈ ജന്തുവർഗത്തിൽ ഉൾപ്പെടുന്നു.
അവയവ ഘടന
[തിരുത്തുക]അടിസ്ഥാനപരമായി ഒരു അച്ചുതണ്ടിനു ചുറ്റും വിന്യസിച്ചിരിക്കുന്ന ശരീരഭാഗങ്ങളാണ് ഇവയ്ക്കുള്ളത്. ഇതിന് ത്രിജ്യതാ-സമമിതി (radial symmetry)[5] എന്നു പറയുന്നു. ഈ സമമിതി പല വിധത്തിൽ രൂപാന്തരപ്പെട്ടിരിക്കുന്നു. ഒരു വൃത്തസ്തംഭത്തിന്റെ ആകൃതിയാണ് ശരീരത്തിനുള്ളത്. ഇതിന്റെ ഒരറ്റം സ്വതന്ത്രമായും മറ്റേയറ്റം എവിടെയെങ്കിലും പറ്റിപ്പിടിച്ചും ഇരിക്കുന്നു. സ്വതന്ത്രാഗ്രം ഒരു വദനഫലകമായി (oral disc)[6] വികസിച്ചിരിക്കുന്നു. ഈ ഭാഗത്ത് മധ്യത്തിലായി ഒരു വിടവുപോലെ വായ് സ്ഥിതിചെയ്യുന്നു. ഇതിനു ചുറ്റും പൊള്ളയായ ഗ്രാഹികൾ കാണാം. ചില അന്തോസോവകളിൽ ഒരു ഗുദ-ദ്വാരം (anal pore)[7] കാണുന്നുണ്ടെങ്കിലും സാധാരണയായി ഗുദം (anus)[8] ഈ ജീവികളിൽ കാണാറില്ല. വായിൽനിന്നും തൊണ്ടയ്ക്കു തുല്യമായ ഒരു പരന്ന കുഴൽ ഉൾഭാഗത്തേക്കു നീണ്ടുപോകുന്നു. ഇത് ഗ്രസനി (pharynx)[9] എന്ന പേരിൽ അറിയപ്പെടുന്നു. ഗ്രസനി സീലന്ററോൺ (coelenteron)[10] എന്ന ശരീരഗുഹികയിലേക്കു തുറക്കുന്നു. ഗ്രസനിയോട് ചേർന്ന് ഒന്നോ രണ്ടോ സിലിയാമയ-പാത്തികൾ കാണപ്പെടുന്നു. സൈഫണോഗ്ലീഫ് (syphonoglyph)[11] എന്നറിയപ്പെടുന്ന ഈ പാത്തികൾ സീലന്ററോണിനുള്ളിലേക്ക് ജലം പമ്പുചെയ്യാൻ സഹായിക്കുന്നു. ഗ്രസനി ഉള്ളിൽ ഒരു നാളിയിലേക്കാണ് തുറക്കുന്നത്. ഈ നാളിയും ശരീരഭിത്തിയുമായി ലംബമാനമായ അനവധി ഉൾഭിത്തികൾ (mesen-teries)[12] മൂലം ബന്ധിച്ചിരിക്കുന്നു. ഈ ഉൾഭിത്തികൾ സീലന്ററോണിനെ അനവധി അറകളായി തിരിക്കുന്നു.
വദനഫലകത്തിനു ചുറ്റുമായി കാണുന്ന ഗ്രാഹികൾ ആഹാരസമ്പാദനത്തിനും പ്രതിരോധത്തിനുമായാണ് ഉപയോഗപ്പെടുത്തുന്നത്. ഇവയെ വികസിപ്പിക്കുവാനും ചുരുക്കുവാനും സാധിക്കും. ഗ്രാഹികളിൽ കാണുന്ന അസംഖ്യം സൂക്ഷ്മദംശകോശികകൾ (nematocysts)[13] ആണ് പ്രതിരോധകായുധങ്ങളായി പ്രവർത്തിക്കുന്നത്. വിഷലിപ്തമായ ഈ ദംശകോശികൾകൊണ്ടുള്ള കുത്ത് സൂക്ഷ്മജീവികളെ കൊന്നുകളയുകയോ ഓടിച്ചകറ്റുകയോ ചെയ്യുന്നു.
പരിണാമപരമായി താഴ്ന്ന നിലവാരത്തിലുള്ള ശരീരഘടനയാണ് ഇവയ്ക്കുള്ളത്. ബാഹ്യചർമവും (ectoderm),[14] ദഹനക്രിയയെ സഹായിക്കുന്ന അന്തചർമവും (endoderm)[15] ചേർന്ന രണ്ടു പാളികൾകൊണ്ടാണ് ശരീരം നിർമിച്ചിരിക്കുന്നത്. ഈ രണ്ടുപാളികളെയും ജല്ലിപോലെയുള്ള മീസോഗ്ലിയ (Mesogloea)[16] എന്ന ഒരു സ്തരം വേർതിരിക്കുന്നു. സീലന്ററേറ്റയിലെ മറ്റു വർഗങ്ങളായ ഹൈഡ്രോസോവ (Hydrozoa),[17] സ്കൈഫോസോവ (Scyphozoa)[18] എന്നിവയിലെക്കാൾ കോശമയമാണ് അന്തോസോവയിൽ കാണപ്പെടുന്ന മീസോഗ്ലിയയുടെ ഘടന. ഇതിന് ഘടനാപരമായി സംയോജനകല(connective tissue)യുമായാണ് സാദൃശ്യമുള്ളത്.[19]
മിക്ക അന്തോസോവകളിലും വലിയ തോതിൽ സഞ്ചാര സ്വാതന്ത്ര്യം കാണാറില്ല. ഗ്രാഹികളുടെ ചലനത്താലും ശരീരത്തിന്റെ വികാസ-സങ്കോചങ്ങളാലും ആണ് ഇവ സഞ്ചരിക്കാറുള്ളത്. വിവിധ ആഹാരരീതികളുണ്ടെങ്കിലും അന്തോസോവകൾ മൊത്തത്തിൽ മാംസാഹാരികളാണ്.
നാഡീവ്യൂഹം, രക്തപര്യയനവ്യൂഹം, വിസർജനേന്ദ്രിയങ്ങൾ എന്നിവ ഇവയിൽ കാണാറില്ല. ശരീരകോശങ്ങൾ പൊതുവേ ഈ കർമങ്ങൾ നിർവഹിക്കുന്നു.
ബീജകോശങ്ങൾ അന്തച്ഛർമത്തിൽ നിന്നാണുടലെടുക്കുന്നത്. വളർച്ചയെത്തിയ ബീജകോശങ്ങൾ സ്വതന്ത്രമായി വായ്ദ്വാരം വഴി വെളിയിലേക്കു നീങ്ങുകയോ ഉള്ളിൽവച്ചു തന്നെ ബീജസങ്കലനവിധേയമാകുകയോ ചെയ്യുന്നു. സീലന്ററേറ്റയുടെ മറ്റു വിഭാഗങ്ങളിലേതുപോലെ ഇവിടെയും ബീജസങ്കലനത്തിനുശേഷം പ്ലാനുല (Planula)[20] എന്ന ലാർവ ഉണ്ടാകുന്നു. ഒരു സ്വതന്ത്രജീവിതത്തിനുശേഷം എവിടെയെങ്കിലും പറ്റിപ്പിടിച്ച് ഇവ വളർച്ച മുഴുമിപ്പിക്കുകയാണ് പതിവ്.
വർഗീകരണം
[തിരുത്തുക]അന്തോസോവയെ രണ്ട് ഉപവർഗങ്ങളായി തിരിച്ചിരിക്കുന്നു.
- ആൽസിയൊണേറിയ (ഒക്ടോകൊറേലിയ)
- സൊവാന്തേറിയ (ഹെക്സാകൊറേലിയ)
ആൽസിയൊണേറിയ
[തിരുത്തുക](Alcyonaria)
സംഘജീവികൾ. ഓരോന്നും താരതമ്യേന ചെറിയവയാണ്.[21] പവിഴപ്പുറ്റു നിരയിലെ ഒരു പ്രധാന ഘടകമാണിത്. ഒരു മാതൃകാംഗത്തിൽ 8 ഗ്രാഹികളും 8 ഉൾഭിത്തികളും ഉണ്ട്. ഗ്രാഹികൾ തൂവൽമാതിരിയുള്ള പാർശ്വഭാഗങ്ങളോടുകൂടിയവാണ്. തൊണ്ടയുടെ ഒരു കോണിൽ, നീളത്തിൽ സിലിയാമയമായ ഒരു പാത്തി (siphonoglyph)യുണ്ട്.[22] അവയിലെ സിലിയകളുടെ പ്രവർത്തനംമൂലം തൊണ്ടയിൽകൂടെ തുടർച്ചയായി ഉള്ളിലേക്ക് ജലം ഒഴുകും. തൊണ്ടയുടെ പാത്തിയില്ലാത്ത കോണിന്റെ ഭാഗത്തുള്ള രണ്ടു വലിയ ഭിത്തികളിലെ സിലിയകളുടെ പ്രവർത്തനം മൂലം ജലം പുറത്തേക്കു പൊയ്ക്കൊണ്ടിരിക്കും. മറ്റ് 6 ഭിത്തികൾ ചെറുതും പല ദഹന ഗ്രന്ഥികോശങ്ങളുള്ളവയും ജനനേന്ദ്രിയങ്ങളെ വഹിക്കുന്നവയുമായിരിക്കും. ഈ ജീവികളുടെ മുട്ടകൾ പ്ലാനുല എന്ന ലാർവയാകുകയും കാലക്രമത്തിൽ എവിടെയെങ്കിലും പറ്റിപ്പിടിച്ച് ജീവിതം ആരംഭിക്കുകയും ചെയ്യുന്നു. ഒരു പ്രത്യേക രീതിയിൽ പുതിയ മൊട്ടുകൾ ഉദ്ഭവിപ്പിച്ച് പല രൂപഭേദങ്ങളിലൂടെ വളർച്ച മുഴുമിപ്പിക്കുന്ന ഇവ കാലപ്പഴക്കത്തിൽ ഒരു സംഘജീവിയായിത്തീരുന്നു. പ്രാണിയിൽനിന്നും കുഴൽരൂപത്തിൽ പാർശ്വങ്ങളിലേക്കു വളരുന്ന സ്കന്ദങ്ങളിൽ (solenia) നിന്നായിരിക്കും മൊട്ടുകൾ ആവിർഭവിക്കുക. ഈ സ്കന്ദങ്ങൾ അന്തശ്ചർമം കൊണ്ടുള്ളതാണ്. ഇവ സംഘജീവികളുടെ പൊള്ളയായ ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് ഒന്നാക്കിത്തീർക്കുന്നു. പ്രാണികൾ വളരുന്നതോടുകൂടി ഉള്ളിൽ അസ്ഥികൂടം സ്രവിക്കപ്പെടുന്നു. അങ്ങനെ സംഘജീവികൾക്ക് മൊത്തമായി വലിയ ഒരു അസ്ഥികൂടം ഉണ്ടാകുന്നു. ചില ജീവികളിൽ അസ്ഥികൂടത്തിന്റെ സ്ഥാനത്ത് നിരവധി സ്വതന്ത്ര കണ്ഡികകൾ (spicules) കാണാം.[23] അന്തോസോവകളിൽ ബഹുരൂപത (polymorphism) പ്രദർശിപ്പിക്കുന്നത് ആൽസിയൊണേറിയ മാത്രമാണ്. ഈ ഭിന്നാംഗങ്ങളിൽ ഒരിനം (Gastro-zooids) ആഹാര പ്രക്രിയ നടത്തുകയും, മറ്റൊരിനം (Siphono-zooids) സംഘജീവിയുടെ ഉള്ളിലും സ്കന്ദങ്ങളിലും കൂടെ ജലപ്രവാഹത്തെ നയിക്കുകയും ചെയ്യുന്നു. ആദ്യത്തെ ഇനം മേൽവിവരിച്ച ശരീരഘടനയുള്ളവയാണ്. രണ്ടാം ഇനത്തിന്റെ തൊണ്ടയുടെ പാത്തി ഒഴിച്ചുള്ള ശരീരഭാഗങ്ങളിൽ വലിയ ലഘൂകരണം നടന്നിരിക്കുന്നു.
ജീവിച്ചിരിക്കുന്ന ആൽസിയൊണേറിയ പല വിഭാഗങ്ങളിൽപ്പെടുന്നു.
സ്റ്റൊളോണിഫെറ
[തിരുത്തുക](Stolonifera)
ഇതിലെഅംഗങ്ങൾക്കെല്ലാംകൂടെഒരുപൊതുകല(coenosarc)ഇല്ല.അംഗങ്ങൾ ഇഴഞ്ഞുവളരുന്ന സ്റ്റോളനിൽ (Stolen) നിന്നും ഒറ്റയൊറ്റയായി ഉദ്ഭവിച്ച് ലംബമാനമായി വളരുന്നുസ്റ്റോളന്റെ ഉള്ളിലുള്ള സ്കന്ദങ്ങൾ കൊണ്ട് അംഗങ്ങൾ ബന്ധിപ്പിക്കപ്പെട്ടിരിക്കും. അസ്ഥികൂടം ചോക്കു പോലുള്ളതും കണ്ഡികയുടെ ആകൃതിയുള്ളതുമായിരിക്കും.[24]
റ്റെലസ്റ്റേഷിയ
[തിരുത്തുക](Telestacea)
ചുവട്ടിലുള്ള സ്റ്റോളനിൽ നിന്നും മുളയായി ഉദയം ചെയ്യുന്ന ആദ്യത്തെ അംഗങ്ങൾ ലംബമാനമായി വളർന്നുയരുന്നു.തുടർന്ന് അവയുടെ പാർശ്വങ്ങളിൽ മറ്റംഗങ്ങൾ ഉണ്ടാകുന്നു. കണ്ഡികയുടെ രൂപത്തിലുള്ള അസ്ഥികൂടങ്ങൾ കുറെയൊക്കെ ബന്ധിക്കപ്പെട്ടിരിക്കുന്നു.[25]
ആൽസിയൊണേഷിയ
[തിരുത്തുക](Alcyonacea)
സോഫ്റ്റ് കോറൽസ്. മാംസളമായ ഒരു പൊതുകലയിൽ നിന്നും അംഗങ്ങൾ തള്ളിനില്ക്കുന്നു. ഈ പൊതുകല പല ജീവികളിൽ പല ആകൃതിയിലായിരിക്കും.[26]
സീനോതിക്കേലിയ
[തിരുത്തുക](Coenothecalia)
നീലപ്പവിഴം. ഇതിന്റെ ഘനമായ അസ്ഥികൂടത്തിൽ ലംബവും സമാന്തരവുമായി മുകളിലേക്കു മാത്രം തുറന്നിരിക്കുന്ന നിരവധി കുഴലുകൾ ഉണ്ട്. ഇവ രണ്ടു വലിപ്പത്തിലാണ്. വലുതിൽ അംഗങ്ങളുടെ ചുവടുഭാഗംഇരിക്കുന്നു.ചെറുത് എണ്ണത്തിൽ വളരെ കൂടുതലുള്ളതും ഉള്ളിൽ വലപോലെ സ്കന്ദങ്ങളുള്ളതുമാണ്. അസ്ഥികൂടത്തിന്റെ ഉപരിതലത്തിൽ പൊതുകല സ്ഥിതിചെയ്യുന്നു. ഇതിൽനിന്നുമാണ് സ്കന്ദങ്ങൾ ഉദ്ഭവിക്കുന്നത്. ഈ സ്കന്ദങ്ങൾ അംഗങ്ങളുടെ മധ്യഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു. നേരത്തെ പറഞ്ഞ സ്കന്ധങ്ങൾ ഇവയിൽനിന്നും കീഴോട്ട് വളർന്നു നില്ക്കുന്നവയാണ്.[27]
ഗോർഗൊണേഷിയ
[തിരുത്തുക](Gorgonacea)
ഹോണീ (horney)[28] കോറലുകൾ-കടൽചാട്ട, കടൽതൂവൽ, കടൽവിശറി മുതലായവ. സാധാരണ ഗോർഗൊണിൻ (gorgonian)[29] എന്ന കടുപ്പമുള്ള സാധനംകൊണ്ട് അസ്ഥികൂടം സൃഷ്ടിക്കുന്നു. ചുവട്ടിലുള്ള സ്റ്റോളനിൽ നിന്നും ലംബമാനമായി ചെടികളെപ്പോലെയോ, തുവൽ, വിശറി മുതലായവയെപ്പോലെയോ വളരുന്നു. ഇവയുടെ തണ്ടുപോലുള്ള (stem) ഭാഗങ്ങളുടെ ഉള്ളിലാണ് അസ്ഥികൂടം കാണപ്പെടുന്നത്. ഇതിനെ ചുറ്റി ഒരു പൊതുകലയുണ്ട്; ഇതിൽ നിറയെ സ്കന്ധങ്ങളും. തണ്ടിന്റെ അക്ഷത്തിനു ലംബമായി അംഗങ്ങൾ വളർന്ന് പുറത്തേക്കു തള്ളിനില്ക്കുന്നു. സ്കന്ദങ്ങൾ ഈ അംഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു.[30]
പെന്നാറ്റുലേഷിയ
[തിരുത്തുക](Pennatulacea)
കടൽപേനകൾ. മാംസളമായ സംഘജീവികളാണ് ഇവയെല്ലാം. പ്രധാനമായ അംഗം വളരെ നീളത്തിൽ വളർന്ന് സംഘജീവിയുടെ ഒരു ഞെട്ട് പോലെ നിൽക്കുന്നു. അതിന്റെ ഇരുപാർശ്വങ്ങളിലും മറ്റംഗങ്ങൾ വളരുന്നു. ചിലതിൽ രണ്ടാമത് പറഞ്ഞതരം അംഗങ്ങൾ പ്രധാനാംഗത്തിന്റെ എല്ലാ വശത്തേക്കും വളർന്നുനിൽക്കുന്നതു കാണാം. പ്രധാനാംഗത്തിന്റെ മധ്യത്തിലാണ് അസ്ഥികൂടം സ്ഥിതിചെയ്യുന്നത്. മറ്റംഗങ്ങൾ മേൽ വിവരിച്ചമാതിരി രണ്ടുതരമാണ് - ആഹാരപ്രക്രിയ നടത്തുന്നവയും ജലപ്രവാഹത്തെ നയിക്കുന്നവയും.[31]
സൊവാന്തേറിയ
[തിരുത്തുക](Zoantharia)
ഗ്രാഹികളും (tentacles) ഉൾഭിത്തികളും വളരെ അധികമായിരിക്കും (ഒരിക്കലും 8 ആയിരിക്കയില്ല). ഗ്രാഹികൾ ലഘുവും കമ്പിളിനാരങ്ങയുടെ അല്ലികളോട് സാദൃശ്യമുള്ളവയുമാണ്. തൊണ്ടയുടെ രണ്ടു കോണുകളിലും പാത്തി കാണപ്പെടുന്നു. സൊവാന്തേറിയ ഭിന്നജാതീയമായ ഒരു വിഭാഗമാണ്. ഇവയെ 5 വർഗങ്ങളായി തിരിച്ചിരിക്കുന്നു.[32]
ആക്റ്റിനിയേറിയ
[തിരുത്തുക](Actiniaria)
കടൽ പുഷ്പങ്ങൾ. സംഘജീവികൾ അല്ല. ഇവയിൽ അസ്ഥികൂടങ്ങൾ കാണപ്പെടുന്നില്ല., കല്ലുകളിലോ, സഞ്ചരിക്കുന്ന മറ്റു ജീവികളിൽ പറ്റിപ്പിടിച്ചോ, മണ്ണ് തുരന്ന് അതിലോ ആണ് സാധാരണ ജീവിക്കുന്നത്. പറ്റിപ്പിടിച്ചിരിക്കുമെങ്കിലും നിരങ്ങി നീങ്ങുവാൻ കഴിയുന്നു. ശരീരം വൃത്തസ്തംഭാകൃതിയിലുള്ളതാണ്. [33]
മാഡ്രിപൊറേറിയ
[തിരുത്തുക](Madriporaria)
മാതൃകാപവിഴപ്പുറ്റ്. സ്റ്റോണീ (stony) കോറൽസ്. കൂടുതലും സംഘജീവികൾ. അംഗങ്ങൾ കടൽ പുഷ്പങ്ങളെപ്പോലിരിക്കും. പക്ഷേ നിരങ്ങിനീങ്ങുവാൻ കഴിവില്ല.[34]
ഓരോ അംഗവും കപ്പിന്റെ ആകൃതിയിലുള്ള ഒരു അസ്ഥികൂടം സ്രവിച്ച് അതിനകത്തിരിക്കുന്നു. കപ്പിന്റെ ഉള്ളിൽ നിന്നും ജീവിയുടെ ഉൾഭിത്തികളുടെ മധ്യഭാഗത്തേക്ക് അസ്ഥികൂടം തള്ളിനിൽക്കും (sclerosepta). എല്ലാ ജീവികളുടെയും അസ്ഥികൂടം ഒന്നിച്ചിരിക്കയാൽ വളരെ വിസ്തൃതമായിരിക്കും. പഴയ ജീവികളിൽ പുതിയ മുളകൾ ആവിർഭവിച്ച് വളർന്നാണ് വലിയ സംഘജീവികളായിത്തീരുന്നത്. കടലിൽ പലയിടങ്ങളിലും കാണുന്ന പവിഴപ്പുറ്റുനിരകൾ പ്രധാനമായും മാതൃകാപവിഴപ്പുറ്റുകളെക്കൊണ്ട് ഉണ്ടായവയാണ്.[35]
സൊവാന്തിഡിയ
[തിരുത്തുക](Zoanthidia)
മിക്കവയും സംഘജീവികൾ. അസ്ഥികൂടം ഇല്ല. അംഗങ്ങൾ ഏറെക്കുറെ പുഷ്പജീവികളുടേതുപോലിരിക്കും. സംഘജീവികൾ സ്കന്ദങ്ങൾ കൊണ്ടോ ചുവട്ടിലുള്ള പൊതുകലകൊണ്ടോ ബന്ധിക്കപ്പെട്ടിരിക്കുന്നു. കനമായ പൊതുകലയിൽനിന്നും അംഗങ്ങളുടെ മുഖഭാഗം (oral end) മാത്രം പുറത്തേക്ക് തള്ളിനിൽക്കും.[36]
ആന്റിപതേറിയ
[തിരുത്തുക](Antipatharia)
കരിംപവിഴം അഥവാ മുൾപവിഴം. ശോഷിച്ച് ചെടികളെപ്പോലുള്ള സംഘജീവികൾ. ഉള്ളിലൂടെ ഒരു അസ്ഥികൂടകാണ്ഡം ഉണ്ട്; ഇതിനെ ചുറ്റി ഒരു പൊതുകലയും. അതിൽനിന്നും ജീവികൾ പുറത്തേക്കു തള്ളിനിൽക്കുന്നു.[37]
സെറിയാന്തേറിയ
[തിരുത്തുക](Ceriantharia)
കടൽപുഷ്പം പോലുള്ള ഏകഗണവിഭാഗം. മണലിൽ കുഴികളുണ്ടാക്കി അതിനുള്ളിലാണ് ജീവിക്കുന്നത്. മുകൾഭാഗം മാത്രമേ മണൽപ്പരപ്പിനുമുകളിൽ വരികയുള്ളു. മുഖത്തുള്ള ഗ്രാഹികൾ രണ്ടു വൃത്തങ്ങളിലായിട്ടായിരിക്കും. വൃത്തസ്തംഭാകൃതിയിലുള്ള ശരീരത്തിന്റെ ചുവട്ടിൽ ഒരു ദ്വാരം കാണപ്പെടുന്നു.[38]
ചിത്രശാല
[തിരുത്തുക]-
കടൽ-ആനിമൊണുകൾ
-
ബ്രയിൻ കോറൽ
-
കടൽ വിശറി
-
ഹ്യൂമൻ അനസ്
-
ഗ്രസനി
-
ഉൾഭിത്തികൾ
-
ബാഹ്യചർമം
-
അന്തചർമം
-
ജല്ലി ഫിഷ്
-
സ്കൈഫോസോവ
-
കാണ്ഡികകൾ
-
റ്റെലസ്റ്റേഷിയ
-
ആൽസിയൊണേഷിയ
-
കടൽ പേനകൾ
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-11-06. Retrieved 2011-08-23.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-15. Retrieved 2011-08-23.
- ↑ http://www.liveaquaria.com/product/aquarium-fish-supplies.cfm?c=597+601
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-10-06. Retrieved 2011-08-23.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-18. Retrieved 2011-08-23.
- ↑ http://jeb.biologists.org/content/57/3/633.full.pdf
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-30. Retrieved 2011-08-23.
- ↑ http://www.urbandictionary.com/define.php?term=anus
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-21. Retrieved 2011-08-23.
- ↑ http://www.merriam-webster.com/dictionary/coelenteron
- ↑ http://www.nhm.ku.edu/inverts/InterGlossary/listofterms/Siphonoglyph.htm[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.encyclo.co.uk/define/mesentery
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-28. Retrieved 2011-08-23.
- ↑ http://www.britannica.com/EBchecked/topic/178675/ectoderm
- ↑ http://www.luc.edu/faculty/wwasser/dev/layer.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-02. Retrieved 2011-08-23.
- ↑ http://www.ucmp.berkeley.edu/cnidaria/hydrozoamm.html
- ↑ http://scyphozoans.tripod.com/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-05. Retrieved 2011-08-23.
- ↑ http://www.merriam-webster.com/dictionary/planula
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-12. Retrieved 2011-08-23.
- ↑ http://www.nhm.ku.edu/inverts/InterGlossary/listofterms/Siphonoglyph.htm[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://dictionary.reference.com/browse/spicule
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2013-02-14. Retrieved 2011-08-23.
- ↑ http://www.cladocera.de/protozoa/rhizopoda/imgal_testacea.html
- ↑ http://www.marinespecies.org/aphia.php?p=taxdetails&id=1365
- ↑ http://www.encyclopedia.com/doc/1O8-Coenothecalia.html
- ↑ http://www.thefreedictionary.com/horny+coral
- ↑ http://www.aquaticcommunity.com/Gorgonians/
- ↑ http://www.wetwebmedia.com/seafans.htm
- ↑ http://www.seawater.no/fauna/cnidaria/Pennatulacea.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-24. Retrieved 2011-08-24.
- ↑ http://www.eol.org/pages/1747
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-09-22. Retrieved 2011-08-24.
- ↑ http://jcs.biologists.org/content/s2-28/111/413.full.pdf
- ↑ http://www.wetwebmedia.com/zoanthid.htm
- ↑ http://www.wetwebmedia.com/antipatharia.htm
- ↑ http://www.seawater.no/fauna/cnidaria/Ceriantharia.html
പുറംകണ്ണികൾ
[തിരുത്തുക]- http://www.ucmp.berkeley.edu/cnidaria/anthozoa.html
- http://tolweb.org/Anthozoa/17634 Archived 2013-09-22 at the Wayback Machine.
- http://www.anthozoa.com/
- http://animaldiversity.ummz.umich.edu/site/accounts/pictures/Anthozoa.html
- http://www.fossilmuseum.net/Tree_of_Life/PhylumCnidaria/classanthozoa.htm
- http://nationalzoo.si.edu/Animals/Invertebrates/Facts/cnidarians/Anthozoa.cfm Archived 2012-04-25 at the Wayback Machine.
വീഡിയോ
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അന്തോസോവ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |