Jump to content

അമ്മ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അമ്മ (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സംവിധാനംകെ. വെമ്പു
നിർമ്മാണംടി.ഇ. വാസുദേവൻ
രചനനാഗവള്ളി ആർ.എസ്. കുറുപ്പ്
തിരക്കഥനാഗവള്ളി ആർ.എസ്. കുറുപ്പ്
സംഭാഷണംനാഗവള്ളി ആർ.എസ്. കുറുപ്പ്
അഭിനേതാക്കൾലളിത,
തിക്കുറിശ്ശി,
എം.എൻ. നമ്പ്യാർ,
ടി.എസ്. മുത്തയ്യ
സംഗീതംവി. ദക്ഷിണാമൂർത്തി
പശ്ചാത്തലസംഗീതം[[]]
ഗാനരചനപി. ഭാസ്കരൻ
ഛായാഗ്രഹണംവി. രാജഗോപാൽ
ചിത്രസംയോജനംആർ. രാജഗോപാൽ
ബാനർഅസ്സോസിയേറ്റഡ് പ്രൊഡക്ഷൻസ്
വിതരണംഅസ്സോസിയേറ്റഡ് പിക്ചേഴ്സ്
റിലീസിങ് തീയതി
  • 6 ഡിസംബർ 1952 (1952-12-06)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


1952-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അമ്മ. നാഗവള്ളി ആർ.എസ്. കുറുപ്പ് രചിച്ച ഈ ചിത്രം കെ.എം. വെമ്പു സംവിധാനം ചെയ്തിരിക്കുന്നു. ലളിത, ബി.എസ്. സരോജ, ആറന്മുള പൊന്നമ്മ, തിക്കുറിശ്ശി, എം.എൻ. നമ്പ്യാർ, ടി.എസ്. ദൊരൈരാജ്, പി.എം. ദേവൻ, ഗോപാലൻ നായർ, ടി.എസ്. മുത്തയ്യ, ശർമ്മ എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. [1] [2] പി.ഭാസ്കരൻ ഗാനങ്ങൾ എഴുതി

കഥാംശം[3][തിരുത്തുക]

ലക്ഷ്മിയമ്മ സാമാന്യം ഭേദപ്പെട്ട ഒരു ഗ്രാമീണ കർഷകന്റെ ഭാര്യ. അവരുടെ രണ്ടു് മക്കൾ വേണുവും ശാരദയും. വിധിയുടെ ക്രൂരകരങ്ങൾ ലക്ഷ്മിയമ്മയെ വിധവയാക്കി. തന്റെ ഭർത്താവിന്റെ അന്തിമാഭാലാഷം വേണുവിനെ ഉന്നത വിദ്യാഭ്യാസത്തിനയയ്ക്കണമെന്നതായിരുന്നു. അതു് അവർ സാധിച്ചു. കടം വാങ്ങിയും കടുത്ത യാതനയിൽ കൂടിയും വേണുവിനെ മദ്രാസിലയച്ചു് ബിരുദധാരിയാക്കി. വേണു മടങ്ങിയെത്തി. ബിരുദത്തോടൊപ്പം സതീർത്ഥ്യയും സമ്പന്നനായ ഒരു ഡോക്ടറുടെ ഏക സന്താനവുമായ രാധയുടെ പ്രേമവും അയാൾ സമ്പാദിച്ചിരുന്നു.

പണക്കാരിയായ ഒരു പരിഷ്കൃത വനിതയുമായുള്ള മകന്റെ ബന്ധം ലക്ഷ്മിയമ്മ ഇഷ്ടപ്പെട്ടില്ല. തർക്കങ്ങൾക്കു ശേഷം അമ്മ മകന്റെ അഭിലാഷത്തിനു സമ്മതം മൂളി. ആ സാധ്വി പട്ടണത്തിൽ ചെന്നു് ഡോക്ടറെ കണ്ടു് വിവരം അറിയിച്ചു. കോപാകുലനായ ഡോക്ടർ അവരെ അപമാനിച്ചാട്ടിപ്പായിച്ചു. പ്രണയപരവശയായ രാധ അച്ഛനെ ഉപേക്ഷിച്ചു് കാമുകനോടൊപ്പം വീടുവിട്ടു. മകന്റെ വിവാഹച്ചിലവിനു് ലക്ഷ്മിയമ്മ പണമുണ്ടാക്കിയതു് ജന്മിയായ കർത്താവിൽ നിന്നു കടം വാങ്ങിയാണു്.

വേണുവിനു് മദ്രാസിൽ ഒരു ബാങ്കിന്റെ അക്കൗണ്ടന്റായി ജോലി കിട്ടി. പ്രിയനെ പിരിഞ്ഞ രാധയ്ക്കു് ഗ്രാമജിതം മടുത്തു. അധികം താമസിയാതെ അവളും വേണുവിനോടൊത്തു ജീവിക്കുവാൻ മദ്രാസിലേക്കു പോയി. അതോടെ അവളുടെ അമിതോല്ലാസജീവിതതൃഷ്ണയും വളർന്നു. അമ്മയ്ക്കയക്കേണ്ട പണം ആർഭാടങ്ങൾക്കായി വേണു ചെലവിടേണ്ടി വന്നു.

കടം വീടാനാവാത്ത ലക്ഷ്മിയമ്മയുടെ വീടും പുരയിടവും കർത്താവു് ജപ്തി ചെയ്തു. മറ്റു വഴി കാണാഞ്ഞു് അമ്മയും മകൾ ശാരദയും മദ്രാസിലെത്തി വേണുവിന്റെ കൂടെ താമസമാക്കി. നിറം മാറിയ രാധയുടെ ഭാവം കണ്ടു് വേണുവിനോടുപോലും പറയാതെ അവർ അവിടവും വിട്ടുപോയി.

ഒരു സ്നേഹിതനിൽ നിന്നും രാധയുടെ പെരുമാറ്റത്തെപ്പറ്റി അറിഞ്ഞ വേണു മാതാവിനെ തേടി നടന്നു. പക്ഷെ കണ്ടുകിട്ടിയില്ല. ഈ സന്ദർഭത്തിൽ ഭാര്യയുടെ ധൂർത്തിനായി ബാങ്കിൽ നിന്നും എടുത്തു മറിച്ച മൂവായിരം രൂപയ്ക്കായി വേണു പിടിക്കപ്പെട്ടു. രാധ സ്വപിതാവിനെ സമീപിച്ചെങ്കിലും അയാൾ കനിവു് കാട്ടിയില്ല.

ഒരു കാറപകടത്തിൽ പെട്ടു് കാറുടമയുടെ സംരക്ഷണയിൽ കഴിയേണ്ടിവന്ന ലക്ഷ്മിഅമ്മ വേണുവിനെ അറസ്റ്റു് ചെയ്ത വിവരം അറിഞ്ഞു. ആതിഥേയന്റെ സേഫിൽ നിന്നും ആ തുക മോഷ്ടിക്കുവാൻ പുത്രസ്നേഹം അവരെ പ്രേരിപ്പിച്ചു. പണം തിരിച്ചു കിട്ടിയപ്പോൾ വേണു മോചിതനായി. പക്ഷെ അപഹരണത്തിനു് ലക്ഷ്മിയമ്മ സ്റ്റേഷനിലും.

ശാരദയിൽ അനുരക്തനായിക്കഴിഞ്ഞിരുന്ന ഗൃഹനാഥന്റെ മകൻ മോഹനൻ താനാണു് പണം എടുത്തതെന്നു കള്ളവും പറഞ്ഞു് ലക്ഷ്മിയമ്മയേയും ശാരദയേയും സംശയത്തിൽ നിന്നു രക്ഷിക്കുന്നു. വേണു അമ്മയെ കാണാൻ ജയിലിൽ എത്തുന്നു. മകന്റെ സമീപത്തേക്കു് ഓടിയടുക്കുന്ന അമ്മയുടെ മുറിവു് പറ്റിയിരിക്കുന്ന തല വീണ്ടും ജയിലഴിയിൽ തട്ടി അവർ താഴെ വീണു് പിടഞ്ഞു് മരിക്കുന്നു.

പശ്ചാത്താപവിവശയായ രാധ പിതാവുമൊത്തു് പട്ടടയിൽ ഓടിയെത്തുന്നു. വേണു അവളെ ഭത്സിക്കന്നുണ്ടെങ്കിലും അവസാനം രമ്യതയിലെത്തുന്നു. ശാരദാമോഹനന്മാരുടെ വിവാഹത്തോടുകൂടി കഥ അവസാനിക്കുന്നു.

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 ആറന്മുള പൊന്നമ്മ ലക്ഷ്മിയമ്മ
2 ലളിത ശാരദ
3 തിക്കുറിശ്ശി സുകുമാരൻ നായർ വേണു
4 ബി എസ് സരോജ രാധ
5 എം എൻ നമ്പ്യാർ മോഹൻ
6 റ്റി എസ് ദൊരരാജ് കേളുശ്ശാർ
7 ടി.എസ്. മുത്തയ്യ ഇൻഷുറൻസ് ഏജന്റ്
8 പി മഹാദേവൻ രാധയുടെ അച്ഛൻ
9 ഏറ്റുമാനൂർ ഗോപാലൻ നായർ
10 പത്മിനി നൃത്തം
11 ഇന്ദിരാചാര്യ

ഗാനങ്ങൾ[5][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ആനന്ദ സുദിനം വി. ദക്ഷിണാമൂർത്തി ,പി. ലീല,കോറസ്‌
2 അണിയായ്‌ പുഴയിൽ വി. ദക്ഷിണാമൂർത്തി,പി.ലീല
3 അമ്മതാൻ പാരിലാലംബമേ കവിയൂർ രേവമ്മ ദേവഗാന്ധാരി
4 അരുമ സോദരാ വി. ദക്ഷിണാമൂർത്തി,പി ലീല,കോറസ്‌
5 കേഴുക തായേ പി. ലീല മനോലയം
6 അരുതേ പൈങ്കിളിയേ ജാനമ്മ ഡേവിഡ് ബീംപ്ലാസ്
7 ചുരുക്കത്തിൽ രണ്ടു ദിനം ബാലകൃഷ്ണമേനോൻ
8 നീണാൾ ഘണ്ഡശാല
9 പാവനം പാവനം ഘണ്ഡശാല
10 പൊൻതിരുവോണം പി. ലീല,കോറസ്‌
11 വരൂ നീ പ്രേമറാണീ ഗോകുലപാലൻ,കവിയൂർ രേവമ്മ ബേഗഡ
12 വനമാലി വരവായി സഖിയേ പി ലീല
13 ഉടമയും എളിമയും ഘണ്ഡശാല ഖരഹരപ്രിയ

നാഴികകുറ്റികൾ[തിരുത്തുക]

  1. ആറന്മുള പൊന്നമ്മയുടെ അമ്മവേഷം തുടക്കമായിരുന്നു ഈ സിനിമ.
  2. പി. ഭാസ്കരന്റെ രണ്ടാമത്തെ സിനിമ
  3. ടി.ഇ. വാസുദേവൻ നിർമ്മാതാവായി മാറി-ജയ്മാരുതി പിക്ചേഴ്സ് നിർമ്മിച്ച ഹിറ്റുകൾ ഏറെ.
  4. .എം.എൻ. നമ്പ്യാർ മലയാളം വിട്ട് തമിഴിൽ വില്ലനായി തിളങ്ങി.
  5. നാഗവള്ളി ആർ.എസ്. കുറുപ്പ് ആദ്യമായി സംഭാഷണമെഴുതി.
  6. നൃത്തനാടകം ഒരു പതിവായി സിനിമയിൽ. ജീവിതനൌകയിൽ മഗ്ദലനമറിയവും യാചകനിൽ ‘ഇന്നു ഞാൻ നാളെ നീ” യും കഴിഞ്ഞ് അമ്മയിൽ കുമാരനാശാന്റെ ‘കരുണ’ യാണ് നിബന്ധിച്ചത്.
  7. ദക്ഷിണാമൂർത്തി ചുരുക്കമായി സ്വന്തം ട്യൂണുകൾ കണ്ടുപിടിച്ചെങ്കിലും അമ്മയിലെ പാട്ടുകൾ മിക്കതും ഹിന്ദിപ്പാട്ടുകളുടെ തനി പകർപ്പ് ആയിരുന്നു. “വരവായി വനമാലി സഖിയേ” എന്ന പി. ലീലയുടെ പാട്ട് ഭാരതിയാരുടെ “തീരാതെ വിളയാട്ടു പിള്ളൈ’ യുടെ കോപ്പിയും.
  8. മാപ്പിളപ്പാട്ട് ആദ്യമായി സിനിമയിൽ വന്നു ചേർന്നത് ബാലകൃഷ്ണമേനോൻ പാടിയ ഒരു പാട്ടോടെയാണ്.
  9. ഒരു കവാലിയും ഈ സിനിമയിൽ ഉണ്ടെന്നുള്ളത് പുതുമ തന്നെ.
  10. ദക്ഷിണാമൂർത്തി മൂന്നു പാട്ടുകൾ പാടി എന്നതും ശ്രദ്ധിക്കേണ്ടതാണ്.

അവലംബം[തിരുത്തുക]

  1. "അമ്മ(1952)". മലയാളചലച്ചിത്രം.കോം. Retrieved 2022-06-21.
  2. "അമ്മ(1952)". സ്പൈസി ഒണിയൻ. Retrieved 2022-06-21.
  3. "അമ്മ(1952)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-21.
  4. "അമ്മ(1952)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 16 ജൂൺ 2022.
  5. "അമ്മ(1952)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-17.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അമ്മ_(ചലച്ചിത്രം)&oldid=3864319" എന്ന താളിൽനിന്ന് ശേഖരിച്ചത്