അരികേസരി മാരവർമൻ
അരികേസരി | |
---|---|
മാരവർമൻ
| |
ഭരണകാലം | 670-700 സി.ഇ |
മുൻഗാമി | സെലിയൻ സെന്തൻ(ജയന്തവർമൻ) |
പിൻഗാമി | കൊച്ചടൈയൻ രണധീരൻ |
അരികേസരി മാരവർമൻ (670 - 700 സി.ഇ), മധ്യകാല ദക്ഷിണേന്ത്യയിലെ ഒരു പാണ്ഡ്യരാജാവ് ആയിരുന്നു. ഇദ്ദേഹം പരാങ്കുശൻ എന്നും അറിയപ്പെട്ടിരുന്നു.[1]
വടക്കൻ തമിഴ് രാജ്യത്ത് പല്ലവരുമായുള്ള പാണ്ഡ്യന്മാരുടെ മത്സരത്തിന് തുടക്കമിട്ടത് അരികേസരിയുടെ ഭരണമാണ്. [1] പല്ലവരെ എതിർക്കുന്നതിന്റെ ഭാഗമായി അദ്ദേഹം ചാലൂക്യരുമായി സഖ്യത്തിലേർപ്പെട്ടിരിക്കാമെന്നു കരുതപ്പെടുന്നു.[2] അദ്ദേഹത്തിന്റെ ഭരണകാലത്തിൽ പാണ്ഡ്യരും ചേരന്മാരുമായി ഏറ്റുമുട്ടലുകൾ നടന്നു. [3]
കാലഘട്ടം
[തിരുത്തുക]സെലിയൻ സെന്തന്റെ (ജയന്തവർമാൻ) പിൻഗാമിയായിരുന്നു അരികേസരി മാരവർമൻ. പക്ഷേ അദ്ദേഹം ജയന്തവർമ്മന്റെ മകനായിരുന്നോ എന്നതിനു വ്യക്തമായ തെളിവുകളില്ല. [1]
- കെ.എ. നീലകണ്ഠ ശാസ്ത്രി (അദ്ദേഹത്തിന്റെ ആദ്യത്തെ അനുമാനമനുസരിച്ച്) - 670 - 710 സി.ഇ [4]
- കെ.എ. നീലകണ്ഠ ശാസ്ത്രികെ.എ. നീലകണ്ഠ ശാസ്ത്രി (അദ്ദേഹത്തിന്റെ പുതുക്കിയ തീയതി) - 670 - 700 സി.ഇ [5]
- ടി.വി. സദാശിവ പാണ്ഡരഥർ - 640 - 670 സി.ഇ [6]
- നോബുറു കരഷിമ - 650 - 700 സി.ഇ [7] (അല്ലെങ്കിൽ) 670 - 700 സി.ഇ [8]
അദ്ദേഹത്തിന് ശേഷം മകൻ കൊച്ചടൈയൻ രണധീരൻ അധികാരത്തിലെത്തി. [9]
പേരുകൾ
[തിരുത്തുക]വെൽവിക്കുടി ദാനത്തിലും ചെറിയ സിന്നമാനൂർ ഫലകങ്ങളിലും അദ്ദേഹത്തിന്റെ പേര് "അരികേസരി മാരവർമൻ" എന്നാണ് കാണപ്പെടുന്നത്. എന്നാൽ വലിയ സിന്നമാനൂർ ഫലകങ്ങളിൽ അദ്ദേഹത്തെ "അരികേസരി പരാങ്കുശൻ" എന്ന് വിളിക്കുന്നു. [1]
ജീവചരിത്രം
[തിരുത്തുക]വെൽവിക്കുടി ദാനം
[തിരുത്തുക]അരികേസരി മാരവർമ്മന്റെ ഭരണകാലത്ത് പാണ്ഡ്യന്മാരുടെ രാഷ്ട്രീയശക്തിയിൽ ഗണ്യമായ വർധനവുണ്ടായി. [10]
വെൽവിക്കുടി ദാനത്തിന്റെ ലിഖിതം അനുസരിച്ച്, അരികേസരി മാരവർമൻ പാലി, നെൽവേലി, ഉറയൂർ എന്നിവിടങ്ങളിലെ യുദ്ധങ്ങളിൽ വിജയിച്ചു. [11] നെൽവേലിയിൽ, വിൽവേലി എന്നയാളിന്റെ ശക്തമായ സൈന്യത്തെ കീഴടക്കിയതായി അരികേസരി അവകാശപ്പെടുന്നു.[12] നെൽവേലിയിലെ ഈ വിജയം വലിയ സിന്നമാനൂർ ഫലകങ്ങൾ സ്ഥിരീകരിക്കുന്നു. [12] ഉറയൂർ ( തിരുച്ചിറപ്പള്ളി ) ഒഴികെ, ലിഖിതത്തിൽ പരാമർശിച്ചിരിക്കുന്ന സ്ഥലങ്ങളെക്കുറിച്ചുള്ള തെളിവുകൾ വ്യക്തമല്ല.[11] ഇ. ഹൾട്ഷ് നെൽവേലിയെ ആധുനിക തിരുനെൽവേലിയായി കണക്കാക്കിയെങ്കിലും കെഎൻ ശാസ്ത്രി ഇതിനോടു യോജിക്കുന്നില്ല.[11]
വലിയ സിന്നമാനൂർ ഫലകങ്ങൾ.
[തിരുത്തുക]നെൽവേലി, ശങ്കരമങ്കായി എന്നിവിടങ്ങളിൽ നടന്ന യുദ്ധങ്ങളിൽ അരികേസരി "പരാങ്കുശൻ" വിജയിച്ചതായി വലിയ സിന്നമാനൂർ ഫലകങ്ങൾ പ്രസ്താവിക്കുന്നു. [13]
അദ്ദേഹത്തിന് കീഴടങ്ങാതിരുന്ന "പരവന്മാരെ" (പാണ്ഡ്യ രാജ്യത്തിന്റെ തെക്ക്-കിഴക്ക് ആളുകൾ) പൂർണ്ണമായും ഇല്ലായ്മ ചെയ്തതായും കുറുനാട് ജനതയെ തകർത്തുകളഞ്ഞതായും പ്രസ്തുതലിഖിതത്തിൽ പറയുന്നു. [13]"കുറുനാട്ടാർ" എന്നത് കുറുനാട്ടിലെ (സ്ഥലം ഇന്നും തിരിച്ചറിഞ്ഞിട്ടില്ല) ആളുകളെയോ ചെറിയ നാട്ടുതലവന്മാരെയോ സൂചിപ്പിക്കുന്നു എന്നാണ് കരുതപ്പെടുന്നത്. [11] [14]
അദ്ദേഹം ചേരന്മാരെ പലതവണ പരാജയപ്പെടുത്തി. ഒരിക്കൽ അവരുടെ രാജാവിനെ അടുത്ത ബന്ധുക്കളോടും യോദ്ധാക്കളോടും കൂടി അരികേസരി തടവിലാക്കിയതായും ലിഖിതത്തിൽ പറയുന്നു. [13]
ചാലൂക്യ-പല്ലവ യുദ്ധങ്ങൾ
[തിരുത്തുക]ചാലൂക്യരുടെ പല്ലവർക്കെതിരായ പോരാട്ടത്തിൽ അരികേസരി മാരവർമൻ ചാലൂക്യരൊപ്പം ചേർന്നതായി കരുതപ്പെടുന്നു. [2] പല്ലവരാജാവായ പരമേശ്വരൻ ഒന്നാമന്റെ ഭരണത്തിന്റെ ആദ്യകാലങ്ങളിൽ, ചാലൂക്യരാജാവായ വിക്രമാദിത്യൻ ഒന്നാമൻ പല്ലവതലസ്ഥാനമായ കാഞ്ചി ആക്രമിക്കുകയും പല്ലവരാജാവിനെ അവിടെ നിന്നു തുരത്തുകയും ചെയ്തു. [2] അതിനുശേഷം ചാലൂക്യരാജാവ് തെക്കോട്ട് കാവേരി നദി വരെ നീങ്ങുകയും ഉറൈയൂരിൽ സൈനികകൂടാരം സ്ഥാപിക്കുകയും ചെയ്തു. ഉറൈയൂരിൽ വച്ച് ചാലൂക്യരാജാവ് അരികേസരി മാരവർമനുമായി സന്ധിച്ചിരിക്കാമെന്ന് കരുതുന്നു.[2]
ഗ്രന്ഥങ്ങളിലുള്ള പരാമർശങ്ങൾ
[തിരുത്തുക]ഇറയനാർ അഹപ്പൊരുളിന്റെ വ്യാഖ്യാനത്തിൽ പരാങ്കുശൻ, നെടുമാരൻ തുടങ്ങിയ സ്ഥാനപ്പേരുകളുള്ള അരികേസരി എന്ന രാജാവിനെക്കുറിച്ചുള്ള പരാമർശമുണ്ട്.[15] പാലി, സെന്നിലം, നെൽവേലി, വിഴിഞ്ഞം എന്നിവിടങ്ങളിൽ നടന്ന നിരവധി യുദ്ധങ്ങളെക്കുറിച്ചും ഈ വ്യാഖ്യാനത്തിൽ പരാമർശമുണ്ട്.[15]
ഇതിന്റെ അടിസ്ഥാനത്തിൽ ചരിത്രകാരനായ വെങ്കയ്യ രണ്ട് ഭരണാധികാരികളും ഒരാളാണെന്ന് അനുമാനിച്ചു. എന്നാൽ, കെ.എൻ. ശാസ്ത്രി ഈ അനുമാനം അംഗീകരിച്ചില്ല, "ഐതിഹാസികപ്രശസ്തി ഉള്ള ഒരു രാജാവിന്റെ പുറത്ത് തനിക്കറിയാവുന്ന എല്ലാ പാണ്ഡ്യരാജാക്കന്മാരുടേയും നേട്ടങ്ങളും കെട്ടിവച്ച രചയിതാവിന്റെ അലങ്കാരഭരിതമായ ഒരു കൃതിയെ" ആധാരമാക്കി അനുമാനിക്കാനാവുന്നതല്ല ഈ വിഷയം എന്നദ്ദേഹം പ്രസ്താവിച്ചു. [15] [16]
മതം
[തിരുത്തുക]അരികേസരി ഹിരണ്യഗർഭ, തുലഭാരം തുടങ്ങിയ ആചാരങ്ങൾ നടത്തിയതായി കരുതപ്പെടുന്നു. [12]
ശൈവസന്യാസിയായ സംബന്ധറിന്റെ സ്വാധീനത്തിൽ ജൈനമതത്തിൽ നിന്ന് ശൈവമതത്തിലേക്ക് പരിവർത്തനം ചെയ്ത പാണ്ഡ്യരാജാവായ നെടുമാരൻ അല്ലെങ്കിൽ കൂനൻ പാണ്ഡ്യനാണ് അരികേസരി മാരവർമ്മനെന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. കൂനൻ പാണ്ഡ്യൻ ഒരു വിശുദ്ധനായി കണക്കാക്കപ്പെട്ടിരുന്നു. [17] [18] എന്നാൽ ഈ ഇതിഹാസം തമിഴകത്ത് ജൈനമത്തിന്റെ രാഷ്ട്രീയസ്വാധീനം നഷ്ടമായതിന്റെ ചരിത്രബോധത്തിന്റെ ഒരു ചിഹ്നമായി ചരിത്രകാരന്മാർ കണക്കാക്കുന്നു.[19]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 K. A. Nilakanta Sastri 1929, p. 50-51.
- ↑ 2.0 2.1 2.2 2.3 K. A. Nilakanta Sastri 1958, p. 147.
- ↑ K. A. Nilakanta Sastri 1929, p. 53.
- ↑ K. A. Nilakanta Sastri 1929, p. 41.
- ↑ K. A. Nilakanta Sastri 1958, p. 165.
- ↑ N. Subrahmanian 1962, pp. 116–117.
- ↑ Noburu Karashima 2014, pp. 370.
- ↑ Noburu Karashima 2014, pp. 86.
- ↑ K. A. Nilakanta Sastri 1929, p. 55.
- ↑ N. Subrahmanian 1962, p. 119.
- ↑ 11.0 11.1 11.2 11.3 N. Subrahmanian 1962, p. 117.
- ↑ 12.0 12.1 12.2 K. A. Nilakanta Sastri 1929, p. 51-52.
- ↑ 13.0 13.1 13.2 K. A. Nilakanta Sastri 1929, p. 52-53.
- ↑ Sailendra Nath Sen 2013, pp. 45–46.
- ↑ 15.0 15.1 15.2 K. A. Nilakanta Sastri 1929, p. 54-55.
- ↑ N. Subrahmanian 1962, p. 118.
- ↑ K. A. Nilakanta Sastri 1929, p. 53-54.
- ↑ K. A. Nilakanta Sastri 1976, p. 424.
- ↑ Paul Dundas 2002, p. 127.