Jump to content

അലക്സാണ്ടർ ആറാമൻ മാർപ്പാപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലക്സാണ്ടർ ആറാമൻ മാർപ്പാപ്പ
സ്ഥാനാരോഹണം11 ആഗസ്റ്റ് 1492
ഭരണം അവസാനിച്ചത്18 ആഗസ്റ്റ് 1503
(11 വർഷം, 7 ദിവസം)
മുൻഗാമിഇന്നെസന്റ് എട്ടാമൻ
പിൻഗാമിപീയൂസ് മൂന്നാമൻ
വൈദിക പട്ടത്വം1468[1]
മെത്രാഭിഷേകം30 ഒക്ടോബർ 1471
കർദ്ദിനാൾ സ്ഥാനം17 സെപ്തംബർ 1456
വ്യക്തി വിവരങ്ങൾ
ജനന നാമംറോഡെറിക് ലാങ്കോൾ ഡെ ബോർജ
ജനനം(1431-01-01)1 ജനുവരി 1431
സാറ്റിവ, വാലെൻസിയാ രാജ്യം, അരഗോൺ
മരണം18 ഓഗസ്റ്റ് 1503(1503-08-18) (പ്രായം 72)
റോം, പേപ്പൽ ഭരണസീമ
കബറിടംസാന്താ മരിയ മോൺസെരാറ്റോ ഡെഗ്ലി സ്പാനോളി, റോം
ദേശീയതഅരഗോൺ
മാതാപിതാക്കൾജോഫ്രെ ലാങ്കോൾ എസ്ക്രീവാ
ഇസബെൽ ഡി ബോർജ
കുട്ടികൾ
വിദ്യാകേന്ദ്രംബൊളോഞ്ഞാ സർവകലാശാല
[[അലക്സാണ്ടർ മാർപ്പാപ്പാ (വിവക്ഷകൾ)|അലക്സാണ്ടർ എന്ന പേരിൽ മാർപ്പാപ്പാ പദവി വഹിച്ച മറ്റുള്ളവർ ]]

റോഡെറിക് ലാങ്കോൾ ഡി ബോർഹ എന്ന മുൻപേരുണ്ടായിരുന്ന അലക്സാണ്ടർ ആറാമൻ മാർപ്പാപ്പ (ജനനം: 1431 ജനുവരി 1) 1492 മുതൽ 1503 ആഗസ്ത് 18-ലെ മരണം വരെ, റോമൻ കത്തോലിക്കാസഭയുടെ തലവനായ മാർപ്പാപ്പ ആയിരുന്നു. നവോത്ഥാനകാലത്തെ മാർപ്പാപ്പാമാരിൽ ഏറ്റവും വലിയ വിവാദപുരുഷനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ 'ബോർജാ' എന്ന കുടുംബനാമം അക്കാലത്ത് മാർപ്പാപ്പ സ്ഥാനത്തിനു സംഭവിച്ച മൂല്യച്യുതിയുടെ പര്യായമായിത്തീർന്നു.

ക്രിസ്റ്റഫർ കൊളംബസിന്റെ സാഹസയാത്രകളുടെ ദശകത്തിൽ മാർപ്പാപ്പ ആയിരുന്ന സ്പെയിൻ സ്വദേശിയായ ഇദ്ദേഹമാണ്, യൂറോപ്പിനു കണ്ടുകിട്ടിയ 'നവലോകം' ആയി പരിഗണിക്കപ്പെട്ട പശ്ചിമാർത്ഥഗോളത്തിലെ ഭൂവിഭാഗങ്ങളുടേയും ജനതകളുടേയും മേലുമുള്ള കൊളോണിയിൽ അധികാരം സ്പെയിനിന് എഴുതിക്കൊടുത്ത "അതിർ-തീർപ്പു തിരുവെഴുത്ത്" (Bull of Demarcation) പുറപ്പെടുവിച്ചത്. മതജീവിതത്തിലും സഭാഭരണത്തിലും നടമാടിയിരുന്ന ലോകവ്യഗ്രതക്കും ഭോഗാസക്തിക്കും എതിരെ കലാപമുയർത്തിയ ഡൊമിനിക്കൻ സന്യാസി സവോനരോളയെ വിചാരണ ചെയ്തു വധിച്ചതും ഇദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിൽ ആയിരുന്നു.

തന്റെ മകൻ സിസേർ ബോർജിയ, ഉൾപ്പെടെയുള്ള ബന്ധുക്കളെ സാഹായിക്കുന്നതിൽ ശ്രദ്ധവച്ച അതിരറ്റ സ്വജനപക്ഷപാതത്തിന്റെ പേരിൽ ഈ മാർപ്പാപ്പ പ്രത്യേകം അനുസ്മരിക്കപ്പെടുന്നു. 1501-ലെ "ചെസ്നട്ടുകളുടെ സദ്യ" (Banquet of the Chestnusts), മകൾ ലുക്രീഷ്യ ബോർജിയയുമായുണ്ടായിരുന്ന ബന്ധത്തിന്റെ സന്ദിഗ്ധസ്വഭാവം തുടങ്ങിയവയും ഇദ്ദേഹത്തിന്റെ പേരുമായി ബന്ധപ്പെട്ടു രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും, അവയിൽ ചിലതൊക്കെ മതരാഷ്ട്രീയമേഖലകളിലെ ശത്രുക്കൾ പരത്തിയ കഥകളാണെന്നും വാദമുണ്ട്.

ജനനം, കുടുംബം

[തിരുത്തുക]

ഇപ്പോഴത്തെ സ്പെയിനിന്റെ ഭാഗമായിരുന്ന അരഗോണിൽ പെട്ട വാലെൻസിയാ രാജ്യത്തെ സാറ്റിവ പട്ടണത്തിൽ 1431 ജനുവരി ഒന്നിനാണ്, റോഡ്രിഗോ ലാങ്കോൾ എന്ന പേരിൽ അലസ്കാണ്ടർ ആറാമൻ ജനിച്ചത്. വാലെൻസുകാരനായ ജോഫ്രി ലാങ്കോൾ എസ്ക്രീവായും അയാളുടെ ബന്ധുവും ഭാര്യയുമായിരുന്ന ഇസബെൽ ഡി ബോർജായും ആയിരുന്നു മാതാപിതാക്കൾ. റോഡ്രിഗോയുടെ കുടുംബനാമം വാലെൻസിയൻ ഭാഷയിൽ ലാങ്കോൾ എന്നും സ്പാനിഷ് ഭാഷയിൽ ലാൻസോൾ എന്നും എഴുതിയിരുന്നു. അമ്മയുടെ സഹോദരൻ അലോൻസോ ഡി ബോർജ 1455-ൽ കലിസ്റ്റസ് മൂന്നാമൻ എന്ന പേരിൽ മാർപ്പാപ്പ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടതിനെ തുടർന്ന് റോഡ്രിഗോ അമ്മയുടെ ബോർജ എന്ന കുടുംബപ്പേരു സ്വീകരിച്ചു.[2]

ഉയർച്ച

[തിരുത്തുക]
Styles of
അലക്സാണ്ടർ ആറാമൻ
അഭിസംബോധനാശൈലി തിരുമേനി
സാധാരണ ശൈലി തിരുമേനി
മതപരമായ ശൈലി പരിശുദ്ധ പിതാവ്
മരണാനന്തരമുള്ള ശൈലി ഒന്നുമില്ല

ബൊളോഞ്ഞാ സർവകലാശാലയിൽ നിയമം പഠിക്കാൻ ചേർന്ന റോഡ്രിഗോ ബോർജിയ അതിപ്രഗല്ഭമായ നിലയിൽ പഠനം പൂർത്തിയാക്കി.[3] മാതൃസഹോദരൻ കലിക്സ്റ്റസ് മൂന്നാമൻ എന്ന പേരിൽ മാർപ്പാപ്പ ആയതിനെ തുടർന്ന്, അദ്ദേഹത്തിനു ശെമ്മാശൻ നൽകപ്പെടുകയും 1456-ൽ 25-ആമത്തെ വയസ്സിൽ പൗരോഹിത്യം ഇല്ലാതെ തന്നെ കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തപ്പെടുകയും ചെയ്തു. അടുത്ത വർഷം, അക്കാലത്തെ സ്വജനപക്ഷപാതപരമായ നിയമനങ്ങളുടെ രീതിയിൽ അദ്ദേഹം, വിശുദ്ധ റോമൻ സഭയുടെ വൈസ് ചാൻസലർ ആയി നിയമിതനായി. മാർപ്പാപ്പാക്കു താഴെ, സഭാഭരണകേന്ദ്രത്തിലെ ഏതവും വലിയ പദവി ആയിരുന്നു അത്. 1468-ൽ 37-ആമത്തെ വയസ്സിൽ പൗരോഹിത്യം സ്വീകരിച്ച റോഡ്രിഗോക്ക് മെത്രാൻ സ്ഥാനവും അൽബാനോയിലെ കർദ്ദിനാൾ-മെത്രാന്റെ പദവിയും നൽകപ്പെട്ടു.[1] പീയൂസ് രണ്ടാമൻ, പോൾ രണ്ടാമൻ, സിക്സ്റ്റസ് നാലാമൻ, ഇന്നസെന്റെ എട്ടാമൻ, എന്നീ മാർപ്പാപ്പാമാരുടെ കീഴിൽ ദീർഘകാലം കത്തോലിക്കാസഭയുടെ ഭരണകേന്ദ്രത്തിൽ ദീഘകാലം പ്രവർത്തിച്ച് അദ്ദേഹം വിലപ്പെട്ട ഭരണപരിചയവും കണക്കില്ലാത്ത സ്വാധീനവും സമ്പാദിച്ചു.[4]

വേഴ്ചകൾ, മക്കൾ

[തിരുത്തുക]
ദീർഘകാലം അലക്സാണ്ടർ ആറാമന്റെ ജീവിതപങ്കാളി ആയിരുന്നു കറ്റാനിയിലെ വന്നോസ്സ

പതിനഞ്ചാം നൂറ്റാണ്ടിലെ ഇറ്റലിയിലെ അലസമായ സദാചാരം പരിചയിച്ചിരുന്ന റോഡ്രിഗോ, സുന്ദരനും ഉല്ലാസപ്രിയനും ആയിരുന്നു. സ്ത്രീസൗഹൃദങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുനിന്നില്ല. 1460-ൽ അദ്ദേഹത്തിന്റെ ആദ്യപുത്രൻ, പെദ്രോ ലൂയി പിറന്നു. ഗിരോലാമാ എന്ന മകളും ആവർഷം ജനിച്ചിരിക്കും എന്നു കരുതപ്പെടുന്നു. അവരുടെ അമ്മമാർ ആരെന്നു നിശ്ചയമില്ല. 1464-ൽ പീയൂസ് രണ്ടാമൻ മാർപ്പാപ്പ ഇറ്റലിയിലെ അങ്കോണ സന്ദർശിച്ചപ്പോൾ റോഡ്രിഗോ മാർപ്പാപ്പയെ അനുഗമിച്ചു. അവിടെയായിരിക്കെ അദ്ദേഹം രോഗബാധിതനായപ്പോൾ, "ഉറക്കം ഒറ്റയ്ക്കല്ലാതിരുന്നതു കൊണ്ട് വന്ന രോഗം" എന്നാണ് ഡോക്ടർ അതിനെ വിശേഷിപ്പിച്ചത്.[5]

1466-ൽ അദ്ദേഹം, നേരത്തേ വിവാഹിതയായിരുന്ന 24 വയസ്സുകാരി കറ്റാനിയിലെ വനോസ്സായുമായി ആരംഭിച്ച അടുപ്പം താരതമ്യേന സ്ഥിരതയുള്ളതായിരുന്നു. അവരിൽ അദ്ദേഹത്തിന് ജിയോവാന്നി, സിസേർ, ലുക്രീഷ്യ, ജിയോഫ്രെ എന്നിങ്ങനെ നാലു മക്കൾ പിറന്നു. ഏകപത്നീബന്ധത്തിനടുത്ത ഉറപ്പും വിശ്വസ്തതയും പ്രകടിപ്പിച്ചതായിരുന്നു അവരുടെ കൂട്ടുകെട്ട്. എങ്കിലും മാർപ്പാപ്പ-പദവി ലക്ഷ്യമിടാൻ തുടങ്ങിയ റോഡ്രിഗോ ആവിധമൊരു ബന്ധത്തിന്റെ തുടർച്ച ലക്ഷ്യപ്രാപ്തിയിൽ തടസ്സമായേക്കുമെന്ന് ഭയന്നു. അതിനാൽ, എല്ലാം മറക്കാൻ തയ്യാറുള്ളൊരു ഭർത്താവിനെ കണ്ടെത്തി അവളെ അദ്ദേഹം അയാൾക്കു വിവാഹം ചെയ്തു കൊടുത്തു. അവിഹിതവേഴ്കളിലേർപ്പെടുന്ന അക്കാലത്തെ ഉന്നതന്മാർ പലരും ചെയ്തിരുന്നതു പോലെ അദ്ദേഹം മക്കളെ 'അനന്തരവന്മാരായി' ചിത്രീകരിച്ച് തള്ളിപ്പറഞ്ഞില്ല. സ്നേഹധനനായ പിതാവായിരുന്ന അദ്ദേഹത്തിനു മക്കളുടെ നന്മയിലുള്ള താത്പര്യത്തിന് അതിരില്ലായിരുന്നു.[5]

തെരഞ്ഞെടുപ്പ്

[തിരുത്തുക]

1492 ജൂലൈ 25-ന് ഇന്നസന്റ് എട്ടാമൻ മാർപ്പാപ്പ മരിക്കുമ്പോൾ, പിന്തുടച്ചക്കാരായി സാദ്ധ്യതയുള്ളവരായി കരുതപ്പെട്ടത് കർദ്ദിനാൾമാരായ റോഡ്രിഗോ ബോർജിയയും അസ്കാനിയോ സ്ഫോർസയും, ജൂലിയസ് രണ്ടാമൻ എന്ന പേരിൽ പിന്നീടു മാർപ്പാപ്പ ആയ ഗിയൂലിയാനോ ഡെല്ലാ റൊവേറും ആയിരുന്നു. ഏറ്റവുമേറെ വോട്ടുകൾ വിലക്കുവാങ്ങാൻ കഴിഞ്ഞതു മൂലമാണ് ബോർജിയ തെരഞ്ഞെടുക്കപ്പെട്ടതെന്നും സ്ഫോർസക്കു തന്നെ നാലു കഴുതച്ചുമടു വെള്ളി കൈക്കൂലിയായി നൽകി എന്നും ആരോപണമുണ്ടെങ്കിലും അതു തെളിയിക്കപ്പെട്ടിട്ടില്ല.[6] ഏതായാലും പുതിയ മാർപ്പാപ്പാ സ്ഫോർസക്കു പിന്നീടു നൽകിയ ആനുകൂല്യങ്ങൾ നാലു കഴുതച്ചുമട് വെള്ളിയേക്കാൾ ഏറെ വിലമതിക്കുന്നതായിരുന്നു.

ആ തെരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതലക്കാരനും പല മാർപ്പാപ്പമാരുടേയും വീട്ടുകാര്യസ്ഥനും ആയിരുന്ന ജോഹാൻ ബുർച്ചാർഡ്, ആ തെരഞ്ഞെടുപ്പ് വളരെ പണം ചെലവഴിച്ച ഏർപ്പാടായിരുന്നു എന്നു തന്റെ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഥാനകാംക്ഷികളിൽ ഒരാളായിരുന്ന ഡെല്ലാ റൊവേറിന് ഫ്രാൻസിലെ ചാൾസ് എട്ടാമൻ രാജാവ് 2 ലക്ഷം വെള്ളി നാണയങ്ങളും വെനീസ് ഗണരാജ്യം ഒരു ലക്ഷം വെള്ളി നാണയവും നൽകി പിന്തുണച്ചു എന്നും ബുർച്ചാർഡ് രേഖപ്പെടുത്തിയിട്ടുണ്ട്.[7] 1492 ആഗസ്റ്റ് 11-നു തെരഞ്ഞെടുക്കപ്പെട്ട ബോർജ, അലക്സാണ്ടർ ആറാമൻ എന്ന പേരു സ്വീകരിച്ചു. പിന്നീട് ലിയോ പത്താമൻ എന്ന പേരിൽ മാർപ്പാപ്പ ആയിത്തീർന്ന ജിയോവന്നി ഡി ലോറെൻസോ ഡി മെഡിസി ഈ തെരഞ്ഞെടുപ്പിനെ വിമർശിച്ച് ഇങ്ങനെ പറഞ്ഞതായി കിംവദന്തി പരന്നു:

ഈ ലോകം ദർശിച്ചിട്ടുള്ളതിൽ ഒരു പക്ഷേ ഏറ്റവും ഭീകരനായിരിക്കാവുന്ന ചെന്നായുടെ പിടിയിലാണു നാമിപ്പോൾ. ഓടി രക്ഷപെട്ടില്ലെങ്കിൽ അവൻ നിശ്ചയമായും നമ്മെയൊക്കെ വിഴുങ്ങും.[8]

എന്നാൽ തീരെ ചെറുപ്പമായിരുന്ന ജിയോവാനി അങ്ങനെ പറഞ്ഞിരിക്കാൻ ഇടയില്ലെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്: "പ്രായത്തിൽ കവിഞ്ഞ പ്രതിഭ ഉള്ളവനായിരുന്നെങ്കിലും പതിനാറു വയസ്സു മാത്രമുള്ളപ്പോൾ അദ്ദേഹം അങ്ങനെ പറഞ്ഞിരിക്കാൻ ഇടയില്ല"[9] എന്നാണു വാദം.

വാഴ്ചയുടെ തുടക്കം

[തിരുത്തുക]
റോമിലെ കാസ്റ്റൽ സാന്റ് അഞ്ജലോയിൽ അലക്സാണ്ടർ ആറാമന്റെ അധികാരചിഹ്നങ്ങൾ

വാഴ്ചയുടെ ആദ്യനാളുകളിൽ പുതിയ മാർപ്പാപ്പ നിഷ്പക്ഷമായ ഭരണത്തിലും നീതിനിർവഹണത്തിലും ശ്രദ്ധവച്ചു. എങ്കിലും വൈകാതെ അദ്ദേഹം, സഭയുടേയും അയൽ ഭരണാധികാരികളുടെയും ചെലവിൽ തന്റെ ബന്ധുജങ്ങളെ സഹായിക്കാൻ തുടങ്ങി. പിസായിൽ വിദ്യാർത്ഥിയായിരുന്ന മകൻ സിസേർ ബോർജിയ അങ്ങനെ 17-ആം വയസ്സിൽ, വാലൻസിയായിലെ മെത്രാപ്പോലീത്ത ആയി. മറ്റൊരു മകൻ ജിയോവാന്നി ബോർജിയക്ക്, മാർപ്പാപ്പായുടെ സ്വദേശമായിരുന്ന സ്പെയിനിൽ ഗാൻഡിയയിലെ ഭരണം ലഭിച്ചു. ആ വിധം ഗാൻഡിയയിലെ പ്രഭുവായ അയാൾക്കും മാർപ്പാപ്പയുടെ ഇളയ മകൻ ജിയോഫ്രെക്കും വാഴാനായി, പേപ്പൽ അധികാരസീമയിൽ നിന്നും, നേപ്പിൾസ് രാജ്യത്തിൽ നിന്നും പ്രദേശങ്ങൾ മുറിച്ചെടുക്കാൻ അദ്ദേഹം തീരുമാനിച്ചു. ഈ തീരുമാനം മാർപ്പാപ്പായെ നേപ്പിൾസിലെ ഭരണാധികാരി ഫെർഡിനാന്റുമായി ഏറ്റുമുട്ടലിൽ എത്തിച്ചു. മാർപ്പാപ്പ സ്ഥാനത്തേക്കുള്ള മത്സരത്തിൽ നേപ്പിൾസിന്റെ പിന്തുണ നേടിയിരുന്ന കർദ്ദിനാൾ ഡെല്ലാ റോവേറുമായും മാർപ്പാപ്പാ കലഹിച്ചു.

മാർപ്പാപ്പക്കെതിരെ നേപ്പിൾസ്, ഫ്ലോറൻസ്, മിലാൻ, വെനീസ് എന്നീ രാജ്യങ്ങളുടെ സഖ്യം സമ്പാദിച്ചു. നേപ്പിൾസിലെ ഫെർഡിനാന്റ് സ്പെയിനിന്റേയും സഖ്യം തേടിയെങ്കിലും പുതുതായി കണ്ടെത്തിയ അമേരിക്കയിൽ അവകാശം സ്ഥാപിക്കാൻ മാർപ്പാപ്പയുടെ സഹായം പ്രതീക്ഷിച്ച സ്പെയിൻ, അദ്ദേഹത്തെ എതിർക്കാൻ തയ്യാറായില്ല.

അതിനിടെ, മാർപ്പാപ്പയുടെ പരിജനസമുച്ചയത്തിന്റെ പകിട്ടുണ്ടായിരുന്നിട്ടും, റോമിന്റെ അവസ്ഥ ദിനതോറും വഷളായി. അതിസാഹസികരും, കൊലപാതകികളും, ഗണികകളും, പറഞ്ഞുകൊടുപ്പുകാരും നഗരത്തിൽ പെരുത്തു. കൊലപാതകവും മോഷണവും നിത്യസംഭവങ്ങളായി. മാർപ്പാപ്പ സ്വയം മാന്യത നിലനിർത്താൻ വേണ്ടിയിരുന്ന വിലക്കുകളെല്ലാം അവഗണിച്ചു. രഥയോട്ടമത്സരങ്ങളിലും, നൃത്തമേളങ്ങളിലും, നാടകങ്ങളിലും അദ്ദേഹം സമയം പോക്കി.

ഫ്രാൻസുമായുള്ള ഏറ്റുമുട്ടൽ

[തിരുത്തുക]

തന്റെ നില ഭദ്രമാക്കാൻ മാർപ്പാപ്പ പല സഖ്യങ്ങളിലും ഏർപ്പെട്ടു. ഫ്രാൻസിലെ ചാൾസ് എട്ടാമനുമായുള്ള സഖ്യമായിരുന്നു ഇതിൽ പ്രധാനം. നേപ്പിൾസിനെ ആക്രമിക്കാൻ മാർപ്പാപ്പ ചാൾസിനെ പ്രോത്സാഹിപ്പിച്ചു. എന്നാൽ തന്റെ കുടുംബത്തിന്റെ പുരോഗതിക്ക് ഉതകുന്ന ഏതവസരവും ഉപയോഗപ്പെടുത്താൻ ശ്രദ്ധാലുവായിരുന്ന അലക്സാണ്ടർ താമസിയാതെ ഒരു ഇരട്ടനയം പിന്തുടർന്ന്, റോമിലെ സ്പെയിനിന്റെ സ്ഥാനപതിയുടെ മദ്ധ്യസ്ഥതയിൽ നേപ്പിൾസുമായി സന്ധിയിലെത്തി. തന്റെ മകൻ ജിയോഫ്രെയും നേപ്പിൾസിലെ രാജാവിന്റെ പേരക്കുട്ടി ഡോണാ സാഞ്ചയുമായി വിവാഹം ഉറപ്പിച്ച് അദ്ദേഹം പുതിയ സമാധാനത്തെ ബലവത്താക്കി. അതേസമയം, കർദ്ദിനാൾ സംഘത്തിൽ തന്റെ മേൽക്കോയ്മ ഉറപ്പുവരുത്താനായി അദ്ദേഹം, ഏറെ വിവദം സൃഷ്ടിച്ച് 18 പുതിയ കർദ്ദിനാളന്മാരെ നിയമിച്ചു. അവരിലൊരാളായ ഇപ്പോലിത്തോ ദ എസ്തേയുടെ പ്രായം 15 വയസ്സായിരുന്നു. 18 വയസ്സുമാത്രമുണ്ടായിരുന്ന മകൻ സിസേർ ബോർജിയ പുതിയ കർദ്ദിനാൾമാരിൽ ഒരാളായിരുന്നു. പിന്നീടു പൗലോസ് മൂന്നാമൻ എന്ന പേരിൽ മാർപ്പാപ്പ ആയിത്തീർന്ന അലസ്സാന്ദ്രോ ഫാർണീസ് ആയിരുന്നു മറ്റൊരു പുതിയ കർദ്ദിനാൾ. അലക്സാണ്ടറുടെ കാമുകിമാരിൽ ഒരുവളായിരുന്ന ഗിയൂലിയാ ഫാർനീസ് എന്ന സുന്ദരിയുടെ സഹോദരനായിരുന്നു അലസ്സാന്ദ്രോയെ റോമിലെ ജനങ്ങൾ "പെറ്റിക്കോട്ടിന്റെ കർദ്ദിനാൾ" (il cardinale della gonnella) എന്നു വിളിച്ചു.[5]

അലക്സാണ്ടർ ആറാമന്റെ മൂത്തമകൻ ഗാണ്ടിയായിലെ പ്രഭു ജിയോവാന്നി ബോർജിയ

1494 ജനുവരി 25-ന് നേപ്പിൾസിലെ ഫ്രെർഡിനാന്റ് ഒന്നാമൻ രാജാവു മരിച്ചു. പകരം രാജാവായത് അദ്ദേഹത്തിന്റെ മകൻ അൽഫോൻസോ രണ്ടാമൻ ആയിരുന്നു. എന്നാൽ അതോടെ ഫ്രാൻസിലെ ചാൾസ് എട്ടാമൻ നേപ്പിൾസ് തനിക്ക് അവകാശപ്പെട്ടതാണെന്ന് അവകാശം ഉന്നയിക്കാൻ തുടങ്ങി. തുർക്കികൾക്കെതിരെ കുരിശുയുദ്ധത്തിന് പോവുകയാണെന്ന് നടിച്ച ചാൾസിനെ, റോമിലൂടെ കടന്നു മുന്നേറാൻ അലക്സാണ്ടർ അനുവദിച്ചു. എന്നാൽ ചാൾസ് നേപ്പിൾസിസ് ആക്രമിക്കാൻ തുടങ്ങിയത് അലക്സാണ്ടറെ അങ്കലാപ്പിലാക്കി. അദ്ദേഹം ഉടനേ, നേപ്പിൾസിലെ ഭരണാധികാരിയായി അൽഫോൻസോയെ അംഗീകരിച്ചു. അൽഫോൻസോയുമായുള്ള സഖ്യത്തിനു പ്രതിഫലമായി നേപ്പിൾസിലെ ചില പ്രദേശങ്ങൾ അദ്ദേഹം തന്റെ മക്കൾക്കായി സ്വന്തമാക്കി. അതേസമയം ഫ്രാൻസ് ഉയർത്തിയ ഭീഷണി നേരിടാനായുള്ള സൈനികനീക്കങ്ങളും തുടങ്ങി. എങ്കിലും അവ പ്രതീക്ഷക്കനുസരിച്ച് വിജയിച്ചില്ല. ആല്പ്സ് പർവതം കടന്ന ഫ്രാൻസിലെ ചാൾസ് ഇറ്റലിയിലെ മിലാനിലെത്തി. അതേസമയം മാർപ്പാപ്പയുടെ അധീനപ്രദേശങ്ങളിൽ കലാപം പടർന്നു. അവിടത്തെ കൊളോണ വിഭാഗം, ഫ്രാൻസിന്റെ പേരിൽ ഓസ്റ്റിയ പിടിച്ചെടുത്തു. തെക്കോട്ടു മുന്നേറിയ ചാൾസ് ഫ്ലോറൻസിൽ ഏതാനും ദിവസം തങ്ങിയ ശേഷം 1494 നവമ്പറിൽ റോമിലേക്കു നീങ്ങി.

കിട്ടാവിന്നിടത്തു നിന്നൊക്കെ സഹായം നേടാൻ അലക്സാണ്ടർ ശ്രമിച്ചു. അദ്ദേഹം ടർക്കിയിലെ സുൽത്താന്റെ വരെ സഹായം തേടി. സൈന്യസമാഹരണത്തിലൂടെ റോമിനെ പ്രതിരോധത്തിൽ നിർത്തിയെങ്കിലും അദ്ദേഹത്തിന്റെ സ്ഥിതി അപകടകരമായിരുന്നു. റോമിലെ ഓർസിനി പ്രഭുക്കൾ ഫ്രെഞ്ചുകാരെ അവരുടെ കോട്ടകളിൽ പ്രവേശിക്കാൻ അനുവദിക്കുക കൂടി ചെയ്തപ്പോൾ, ഫ്രാൻസുമായി സന്ധിയിലാവുകയല്ലാതെ അലക്സാണ്ടർക്കു വഴിയില്ലെന്നായി. 1494 ഡിസംബർ 31-ന് ഫ്രാൻസിലെ ചാൾസ് രാജാവ് തന്റെ സൈന്യവും ഗിയൂലിയാനോ ഡെല്ലാ റോവേർ ഉൾപ്പെടെ തന്റെ ഭാഗക്കാരായ കർദ്ദിനാൾമാരുമായി റോമിൽ പ്രവേശിച്ചു. 'വിശുദ്ധിവിപണനക്കുറ്റം' (സിമോണി-Simony) ആരോപിച്ച് ചാൾസ് തന്നെ സ്ഥാനഭ്രഷ്ടനാക്കി പുതിയ മാർപ്പാപ്പായെ തെരഞ്ഞെടുക്കാൻ ഒരുങ്ങിയേക്കാമെന്നു അലക്സാണ്ടർ ഭയന്നു. എന്നാൽ ഫ്രാൻസിലെ രാജാവിനുമേൽ ഏറെ സ്വാധീനം ഉണ്ടായിരുന്ന സെയിന്റ് മാലോയിലെ മെത്രാൻ ഗൂയില്ലൗമേ ബ്രിക്കോണെറ്റിന് കർദ്ദിനാൾ സ്ഥാനം നൽകി സ്വാധീനിച്ച് അദ്ദേഹം ആ അപകടം ഒഴിവാക്കി. മകൻ സിസേർ ബോർജിയയെ തന്റെ പ്രതിനിധിയായി ഫ്രെഞ്ചു സൈന്യത്തിനൊപ്പം നേപ്പിൾസിലേക്കയക്കാനും റോമിൽ തുർക്കി ബന്ദിയായി കഴിയുന്നതിനിടെ തന്റെ സുഹൃത്തായി മാറിയിരുന്ന സെമിനെ ഫ്രാൻസിനു കൈമാറാനും മദ്ധ്യ ഇറ്റലിയിലെ സിവിറ്റാവേച്ചിയ ഫ്രാൻസിനു നൽകാനും അദ്ദേഹത്തിനു സമ്മതിക്കേണ്ടി വന്നു. 1495 ജനുവരി 28-ന് ഫ്രാൻസിലെ ചാൾസ് എട്ടാമൻ സെമ്മും സീസേർ ബോർജിയയും ഒത്ത് നേപ്പിൾസിലേക്കു യാത്രയായി. എങ്കിലും വഴിക്ക് സിസേർ ഇറ്റലിയിലെ സ്പൊലെറ്റോയിലേക്ക് ഓടി രക്ഷപെട്ടു. അൽഫോൻസോ രണ്ടാമന്റെ സ്ഥാനത്യാഗത്തെ തുടർന്ന് അയാളുടെ മകൻ ഫെർഡിനാന്റ് രണ്ടാമൻ അധികാരം ഏറ്റെങ്കിലും നേപ്പിൾസിന്റെ ചെറുത്തു താമസിയാതെ നിൽപ് അവസാനിച്ചു. ആ ഇറ്റാലിയൻ രാജ്യം താമസിയാതെ ഫ്രാൻസിന്റെ അധീനത്തിലായി.

ഫ്രാൻസിന്റെ പിന്മാറ്റം

[തിരുത്തുക]

ഫ്രാൻസ് നേടിയ വിജയം മറ്റു യൂറോപ്യൻ ശക്തികളെ ഭയപ്പെടുത്തിയതിനാൽ, ഫ്രെഞ്ച് മേൽക്കോയ്മക്കെതിരെയുള്ള മനോഭാവം ക്രമേണ വളർന്നു. 1495 മാർച്ച് 31-ന് മാർപ്പാപ്പയും, വിശുദ്ധറോമാസാമ്രാട്ട് എന്നറിയപ്പെട്ടിരുന്ന ജർമ്മൻ ചക്രവർത്തിയും വെനീസും സ്പെയിനും ഒരു വിശുദ്ധസഖ്യമായി ഒന്നിച്ചു. തുർക്കികൾക്കെതിരെയുള്ള ക്രിസ്ത്യാനികളുടെ മുന്നണിയെന്ന് സ്വയം വിശേഷിപ്പിച്ച അതിന്റെ യഥാർത്ഥ ലക്ഷ്യം, ഇറ്റലിയിൽ നിന്നു ഫ്രാൻസിനെ തുരത്തുക എന്നതായിരുന്നു. മേയ് 12-ന് നേപ്പിൾസിലെ രാജാവായി സ്വയം കിരീടമണിയിച്ച ഫ്രാൻസിലെ ചാൾസ് രാജാവിനു താമസിയാതെ വടക്കോട്ടുള്ള പിന്മാറ്റം തുടങ്ങേണ്ടി വന്നു. വിശുദ്ധസഖ്യവുമായി ഫൊർനോവോയിൽ വച്ചുനടന്ന ജയാപജയങ്ങൾ തീരുമാനിക്കപ്പെടാതെ അവസാനിച്ച യുദ്ധത്തെ തുടർന്ന്, സഖ്യസന്യത്തിനിടയിലൂടെ പിൻവാങ്ങി അദ്ദേഹം ഫ്രാൻസിൽ മടങ്ങിയെത്തി. താമസിയാതെ, സ്പെയിനിന്റെ സഹായത്തോടെ ഫെർഡിനാന്റ് രണ്ടാമൻ വീണ്ടും നേപ്പിൾസിലെ രാജാവായി. വിവിധ പ്രാദേശിക ഭരണങ്ങൾക്കിടയിലെ സംഘർഷത്തിൽ നിന്നുണ്ടാകുന്ന സന്തുലനത്തിലൂടെ ഇറ്റലിയുടെ താത്പര്യങ്ങൾ സംരക്ഷിക്കാമെന്ന വിശ്വാസത്തെ ഫ്രാൻസിന്റെ ആക്രമണം തിരുത്തി. സന്തുലനത്തിന്റെ രാഷ്ട്രീയം, ഇറ്റലിയിലെക്ക് പുറത്തുനിന്നുള്ള ആക്രമണകാരികളെ വിളിച്ചുവരുത്തുകയേയുള്ളു എന്ന് അതു തെളിയിച്ചു. അതിനാൽ, വിവിധപ്രാദേശിക പ്രഭുക്കളെ തകർത്ത് കേന്ദ്രീകൃതമായൊരു ഏകാധിപത്യം ഇറ്റലിയിൽ സ്ഥാപിക്കാൻ അലക്സാണ്ടർ ശ്രമിച്ചു. ഫ്രാൻസിന്റെ പരാജായം ഓർസീനി പ്രഭുക്കളെ അമർച്ച ചെയ്യാനുള്ള അവസരമായി അലക്സാണ്ടർ കണ്ടു. അങ്ങനെ പേപ്പൽ അധികരസീമയിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.

സ്പെയിനിന്റെ പിടിയിലായ ഓർസിനിപ്രഭു വിർജിനിയോയുടെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ സ്വത്തുക്കളെല്ലാം അലക്സാണ്ടർ പിടിച്ചെടുത്തു. എങ്കിലും അവശേഷിച്ച ഓർസീനികൾ, അവർക്കെതിരായി നടന്ന സൈനികനീക്കങ്ങളെ ചെറുത്തു നിന്നു. ഒടുവിൽ വെനീസിന്റെ മദ്ധ്യസ്ഥതയിൽ ഉണ്ടായ ഒത്തുതീർപ്പിൽ ഓർസീനികൾ അവരുടെ പിടിച്ചെടുക്കപ്പെട്ട ഭൂമിക്കു പകരമായി 50,000 ദുക്കാത്ത് കൊടുക്കാൻ സമ്മതിച്ചു; എന്നാൽ ഓർസിനികൾക്കെതിരെയുള്ള സൈനികനീക്കത്തിൽ അവരുടെ പിടിയിലായ ഉർബീനോയിലെ പ്രഭുവിന് വിടുതികിട്ടാൻ സ്വയം മോചനദ്രവ്യം കണ്ടെത്തേണ്ടി വന്നു. ഓർസീനികൾ അപ്പോഴും ശക്തരായി തുടർന്നു. അലക്സാണ്ടർക്ക് ആകെ ആശ്രയിക്കാനുണ്ടായിരുന്നത് സ്പെയിനിന്റെ മൂവായിരം സൈനികർ മാത്രമായിരുന്നു.

കുടുംബഛിദ്രം

[തിരുത്തുക]
റോമിലെ കാസ്റ്റൽ ആഞ്ചെലോ - മകൻ ജിയോവാനിയുടെ കൊലപാതകത്തെ തുടർന്ന് ദുഖാർത്തനായ അലക്സാണ്ടർ ആറാമൻ ഒറ്റക്കു കഴിഞ്ഞത് ഈ കോട്ടയിലാണ്.

തുടർന്നാണ് ബോർജിയാ കുടുംബത്തെ കുപ്രസിദ്ധമാക്കുന്നതിൽ ഏറെ പങ്കുവഹിച്ച വൃത്തികെട്ട കുടുംബദുരന്തങ്ങളിൽ ആദ്യത്തേതു സംഭവിച്ചത്. 1495 ജൂൺ 14-ന്, ബെനവെന്തോയിലെ കൂടി പ്രഭുവായി ആയിടെ ഉയർത്തപ്പെട്ടിരുന്ന ഗാണ്ടിയായിലെ പ്രഭുവും അലക്സാണ്ടറുടെ മൂത്ത പുത്രനുമായിരുന്ന ജിയോവാന്നി അപ്രത്യക്ഷനായി; അടുത്ത ദിവസം അയാളുടെ മൃതദേഹം ടൈബർ നദിയിൽ കണ്ടുകിട്ടി.

ദുഖഭാരം പേറി അലക്സാണ്ടർ ആറാമൻ റോമിലെ സാന്ത് അഞ്ചെലോ കോട്ടയിൽ ഏകാകിയായി താമസിച്ചു. ജിയോവാന്നിയുടെ കൊലപാതകിക്കു വേണ്ടിയുള്ള അന്വേഷണം ഉന്നതന്മാരായ പലരിലേക്കും വിരൽചൂണ്ടി. എങ്കിലും അലക്സാണ്ടറുടെ രണ്ടാമത്തെ മകൻ സിസേറാണ് കൊലക്കു പിന്നിൽ എന്ന കിംവദന്തി പരന്നതോടെ അന്വേഷണം നിർത്തി. ആ കൊലയുടെ ദുരൂഹത ഇന്നും നിലനിൽക്കുന്നെങ്കിലും, ഏറ്റവുമേറെ സംശയിക്കപ്പെടുന്നത് സിസേർ ബോർജിയ തന്നെയാണ്.

സവനരോള

[തിരുത്തുക]

പുത്രന്റെ മരണത്തെ തുടർന്ന് സ്വന്തം തെറ്റുകളിൽ പശ്ചാത്താപവിവശനായ അലക്സാണ്ടർ, ശിഷ്ടജീവിതത്തിൽ സഭയുടെ നവീകരണമാകും തന്റെ ഏകലക്ഷ്യം എന്ന് പ്രഖ്യാപിച്ചു. എങ്കിലും ഈ നിശ്ചയത്തിൽ ഉറച്ചുനിൽക്കാൻ അദ്ദേഹത്തിനായില്ല.

ക്രിസ്തീയധാർമ്മികതയുടെ പുന:സ്ഥാപനം ലക്ഷ്യമാക്കിയ ഡൊമിനിക്കൻ സന്യാസി സവനരോള അലക്സാണ്ടറുടെ ശത്രുവായി. 1498 ഫ്ലോറൻസിൽ അദ്ദേഹത്തെ ചുട്ടുകൊന്നു

അതിനിടെ, സഭാനേതൃത്വത്തിനു സംഭവിച്ച അപചയം വലിയ ജനാപവാദം ഉയർത്തിയിരുന്നു. ഫ്ലോറൻസിലെ നവീകരണവാദി സന്യാസി സവനരോള, തന്റെ പ്രസംഗപാടവം മുഴുവൻ ഇതിനെതിരേ പ്രയോഗിച്ചു. മാർപ്പാപ്പയുടെ കീഴിൽ നടക്കുന്ന വേണ്ടാധീനങ്ങൾ പരിശോധിക്കാൻ ഒരു സൂനഹദോസ് വിളിച്ചു കൂട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സവനരോളയെ നേരിടാൻ കരുക്കൾ നീക്കിയ മാർപ്പാപ്പ അദ്ദേഹത്തെ റോമിലെക്കു വിളിച്ചുകൊണ്ട് വാത്സല്യം തുളുമ്പുന്ന ഭാഷയിൽ ഇങ്ങനെ എഴുതി:-

അലസ്കാണ്ടറുടെ ക്ഷണം സവനരോള നിരസിച്ചു. അദ്ദേഹത്തെ കർദ്ദിനാൾ പദവി നൽകി പ്രീണിപ്പിക്കാനുള്ള ശ്രമവും പരാജയപ്പെട്ടതിനെ തുടർന്ന് സവനരോള സഭാഭ്രഷ്ടനാക്കപ്പെട്ടു. പിന്നീടുള്ള സംഭവങ്ങൾ ഫ്ലോറൻസിൽ സവനരോളയുടെ വിചാരണയിലും തീയിട്ടുകൊലയിലുമാണ് കലാശിച്ചത്.

ദുര, യുദ്ധങ്ങൾ

[തിരുത്തുക]
Desiderando nui, 1499

മാർപ്പാപ്പയുടെ രണ്ടാമത്തെ മകൻ സിസേർ അതിനിടെ റോമിലെ ഏറ്റവും ശക്തനായി വ്യക്തിയായി തീർന്നു. മകന്റെ പദ്ധതികൾക്ക് പണം ആവശ്യമായിരുന്നതിനാൽ അദ്ദേഹം ഒന്നിനു പിറകേ ഒന്നായി പലരുടേയും സ്വത്തുക്കൾ പിടിച്ചെടുക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ സ്വന്തം സെക്രട്ടറി പോലും ഈ ആർത്തിയുടെ ഇരയായി. അതിനുപയോഗിച്ച് മാർഗ്ഗം താരതമ്യേന ലളിതമായിരുന്നു. ധനവാനായി കരുതപ്പെട്ടിരുന്ന ഏതെങ്കിലും കർദ്ദിനാളോ പ്രഭുവോ ഏതെങ്കിലും കുറ്റകൃത്യം ചെയ്തതായി ആരോപിക്കപ്പെടുന്നു; തുടർന്ന് തടവോ, വധശിക്ഷ തന്നെയോ അയാളെ തേടിയെത്തുന്നതോടെ അയാളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ വഴിയൊരുങ്ങുന്നു. സിസേർ ബോർജിയായോടുള്ള നേരിയ എതിർപ്പുപോലും മരണം വിളിച്ചുവരുത്തിയിരുന്നു.

ലുക്രീഷ്യാ ബോർജ

തനിക്ക് ആശ്രയിക്കാവുന്നത് ബന്ധുജനങ്ങളെ മാത്രമാണെന്നു കരുതിയ അലക്സാണ്ടർ അവരുടെ വളർച്ചയിൽ ആവുന്നത്ര ശ്രദ്ധയൂന്നാൻ തുടങ്ങി. ജിയോവാന്നി സ്ഫോർസയുമായുള്ള മകൾ ലുക്രീഷ്യയുടെ വിവാഹം, മരുമകൻ പൗരുഷം ഇല്ലാത്തവനാണെന്ന കാരണം പറഞ്ഞ് അദ്ദേഹം അസാധുവാക്കിയിരുന്നു. അലക്സാണ്ടറും, സിസേറും ലുക്രീഷ്യയുമായി അഗമ്യബന്ധം പുലർത്തുന്നുവെന്ന പ്രത്യാരോപണം സ്ഫോർസയും ഉന്നയിച്ചിരുന്നു. ഫെർഡിനാന്റ് രണ്ടാമനെ തുടർന്ന് നേപ്പിൾസിലെ രാജാവായ ഫ്രെഡറിക് നാലാമന്റെ മകളുമായി സിസേറിനു വിവാഹം ഉറപ്പിക്കാനുള്ള അലക്സാണ്ടറുടെ ശ്രമം വിജയിച്ചില്ല. തുടർന്ന് നേപ്പിൾസിലെ മുൻരാജാവായിരുന്ന അൽഫോൻസോ രണ്ടാമന്റെ മകനായിരുന്ന ബിസ്സെഗ്ലിയിലെ പ്രഭുവുമായുള്ള വിവാഹത്തിന്, അലക്സാണ്ടറുടെ ഭീഷണമായ നിർബ്ബന്ധത്തിനൊടുവിൽ ഫ്രെഡറിക് അനുമതി നൽകി. ഇതിനിടെ കർദ്ദിനാൾ പദവിയിൽ നിന്നു വിമുക്തിനേടിയ സിസേർ, ഫ്രാൻസിലെ പുതിയ രാജാവ് ലൂയി പന്ത്രണ്ടാമന് വിവാഹമോചനം അനുവദിക്കുന്ന തിരുവെഴുത്തുമായി ഫ്രാൻസിലേക്കു അയക്കപ്പെട്ടു. വിവാഹമോചനാനുമതിക്കു പ്രതിഫലമായി തെക്കുകിഴക്കൻ ഫ്രാൻസിലെ വാലെന്റിനോയി പ്രവിശ്യയും പേപ്പൽ ഭരണപ്രദേശങ്ങളിലെ പ്രഭുക്കന്മാരെ അമർച്ചചെയ്യാൻ വേണ്ട സഹായവാഗ്ദാനവും സിസേറിനു ലഭിച്ചു.

ഫ്രാൻസിലെ ലൂയി പന്ത്രണ്ടാമനുമായുള്ള സഖ്യം ചാൾസ് എട്ടാമനുമായുള്ള പഴയ ബന്ധത്തേക്കാൾ തന്റെ കുടുംബത്തിനു പ്രയോജനം ചെയ്യുമെന്ന് അലക്സാണ്ടർ കരുതിയിരുന്നു. സ്പെയിനിന്റേയും ലുക്രീഷ്യയുടെ മുൻഭർത്താവ് സ്ഫോർസയുടേയും മറ്റും എതിർപ്പുകൾ വകവയ്ക്കാതെ അദ്ദേഹം 1499 ജനുവരിയിൽ ഫ്രാൻസുമായി സഖ്യത്തിൽ ഏർപ്പെട്ടു. വെനീസും ആ സഖ്യത്തിൽ ചേർന്നു. ആ വർഷത്തെ ശരത്ക്കാലമായപ്പോൾ, മിലാനിൽ നിന്ന് സ്ഫോർസയെ പുറത്താക്കാനായി ലൂയി ഇറ്റലിയിലെത്തി. ഫ്രാൻസുമായുള്ള ചങ്ങാത്തം നൽകിയ ധൈര്യത്തിൽ അലക്സ്രാണ്ടർ ഇറ്റലിയിലെ റൊമാനാ പ്രദേശത്തെ പ്രഭുക്കളെ കൈകാര്യം ചെയ്യാൻ ഉറച്ചു. സഭയാൽ നിയോഗിക്കപ്പെട്ടവൻ എന്ന പദവിയിൽ സിസേർ, എതിർത്തു നിന്ന നഗരങ്ങളെ ഒന്നൊന്നായി ആക്രമിക്കാൻ തുറ്റങ്ങി. എന്നാൽ ഫ്രെഞ്ചു സൈന്യം മിലാനിൽ നിന്നു പുറത്താക്കപ്പെട്ട് സ്ഫോർസ അവിടെ മടങ്ങിയെത്തിയതോടെ, സിസേറുടെ പദ്ധതി കുഴപ്പത്തിലാവുകയും 1500-ന്റെ തുടക്കത്തിൽ അയാൾക്ക് റോമിലേക്കു മടങ്ങേണ്ടി വരുകയും ചെയ്തു.

'നവലോകം'

[തിരുത്തുക]

സ്പെയിനിലും പോർച്ചുഗലിലും നിന്ന് പുതുതായി കണ്ടെത്തപ്പെട്ട ദേശങ്ങളിൽ എത്തിയ സാഹസികർ, അവിടങ്ങളിലെ ജനതകളെ അടിമകളെപ്പോലെ കൈകാര്യം ചെയ്യാൻ ഒരുങ്ങിയതിനെ മുൻ മാർപ്പാപ്പാമാരിൽ ചിലർ അപലപിച്ചിരുന്നു. 1435-ൽ ഇറക്കിയ ഒരു തിരുവെഴുത്തിൽ യൂജീൻ നാലാമൻ മാർപ്പാപ്പ, അടിമവ്യാപാരത്തിൽ ഏർപ്പെടുന്നവക്ക് മതഭ്രഷ്ട് കല്പിക്കുകപോലും ചെയ്തു. എന്നിട്ടും, യൂറോപ്പിലെ കർഷകർക്ക് അവരുടെ പ്രഭുക്കന്മാരോടുണ്ടായിരുന്ന വിധം വിധേയത്വം ആദിമജനതകൾക്ക് യൂറോപ്യൻ കുടിയേറ്റക്കാരോട് വേണമെന്ന അവസ്ഥ നിലനിന്നു.

ഈ പശ്ചാത്തലത്തിലാണ് ക്രിസ്റ്റഫർ കൊളംബസ് പശ്ചിമാർത്ഥഗോളത്തിലെ 'നവലോകത്ത്' എത്തിയതിനെ തുടർന്ന്, ആ ദേശങ്ങളുടെ മേലുള്ള തങ്ങളുടെ ഉടമാസ്ഥാവകാശം അംഗീകരിക്കാൻ സ്പെയിൻ മാർപ്പാപ്പയോട് ആവശ്യപ്പെട്ടത്.[11] അതിനായി പുറപ്പെടുവിച്ച മൂന്നു ലിഖിതങ്ങളിൽ അലക്സാണ്ടർ ആറാമൻ, 'പുതിയ'-ദേശങ്ങളിലെ മണ്ണിനും ജനതകൾക്കും മേൽ, നേരത്തെ നിക്കോളാസ് അഞ്ചാമൻ മാർപ്പാപ്പ പോർച്ചുഗലിനു അനുവദിച്ച തരം അവകാശാധികാരങ്ങൾ സ്പെയിനിനും നൽകി.[12] അങ്ങനെ, അമേരിക്കകൾ ഉൾപ്പെട്ട പശ്ചിമാർത്ഥഗോളത്തിന്മേലുള്ള കൊളോണിയൽ അവകാശം സ്പെയിനിനും പൂർവാർത്ഥഗോളത്തിന്റെ അവകാശം പോർച്ചുഗലിനും നൽകുന്നതിനിടെ ആ ദേശങ്ങളിൽ ജീവിച്ചിരുന്ന ക്രൈസ്തവേതരർക്ക് അവരുടെ ജന്മഭൂമികളിൽ എന്തെങ്കിലും അവകാശമുണ്ടോയെന്ന കാര്യം പരിഗണിക്കപ്പെട്ടതേയില്ല.[5] ഈ ലിഖിതങ്ങൾ ആ ദേശങ്ങളിലെ ആദിമജനതകളെ അടിമകളാക്കാനുള്ള അധികാരം നൽകിയെന്ന് മൊറേൽസ് പാർഡൻ ആരോപിക്കുന്നു.[13] ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനത്തിനു വഴിയൊരുക്കാനാണ് അടിമത്തം അനുവദിക്കപ്പെട്ടതെന്നും ആരോപിക്കപ്പെട്ടിട്ടുണ്ട്.[14] എന്നാൽ അടിമത്തത്തിനുള്ള അനുമതി മാർപ്പാപ്പ നൽകിയില്ലെന്ന് മറ്റു പണ്ഡിതന്മാരും വത്തിക്കാൻ ചരിത്രകാരന്മാരും വാദിക്കുന്നു.[15] ബെനഡിക്ട് പതിനാലാമനേയും ഗ്രിഗറി പതിനാറാമനേയും പോലുള്ള പിൽക്കാല മാർപ്പാപ്പാമാരും അടിമത്തത്തെ അപലപിക്കുന്നതു തുടർന്നിരുന്നു എന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

അമേരിക്കയുടെമേൽ സ്പെയിനിന് പരമാധികാരാവകാശം ഉന്നയിച്ച് തദ്ദേശീയരെ അവർക്കു മനസ്സിലാകാത്ത ഭാഷയിൽ വായിച്ചു കേൾപ്പിച്ച 'റിക്വയറിമിയെന്റോ'(Requerimiento) എന്ന രേഖ, അതുന്നയിച്ച് പരമാധികാരവാദത്തിന് അടിസ്ഥാനമാക്കിയത് അലക്സാണ്ടർ ആറാമന്റെ "ഇന്റർ സീറ്ററാ" (Inter Caetera) എന്ന ലിഖിതം ആയിരുന്നെന്ന് തോൺബെറി ചൂണ്ടിക്കാട്ടുന്നു. മാർപ്പാപ്പക്കും സ്പെയിൻ രാജാവിനും കീഴ്വഴങ്ങുക, ആക്രമണം നേരിട്ട് അടിമകളാവും എന്നീ വഴികളിലൊന്നു തെരഞ്ഞെടുക്കാനാണ്, റിക്വയറിമിയെന്റോ അതിന്റെ ശ്രോതാക്കളോട് ആവശ്യപ്പെട്ടത്.[16] 1993-ൽ അമേരിക്കയിലെ തദ്ദേശീയരുടെ നിയമസ്ഥാപനം, "ഇന്റർ സീറ്ററാ" പിൻവലിക്കാനും "യാതൊരു നീതീകരണവുമില്ലാത്ത ഈ ഐതിഹാസികദുരന്തത്തിനു" പരിഹാരം ചെയ്യാനും ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയോട് ആവശ്യപ്പെട്ടിരുന്നു. 1994-ൽ മതങ്ങളുടെ ലോക പാർലമെന്റും ഇതേ ആവശ്യം ആവർത്തിച്ചു.[17]

സിസേറുടെ ചെയ്തികൾ

[തിരുത്തുക]
അലസ്കാണ്ടർ ആറാമൻ മാർപ്പാപ്പയുടെ പുത്രൻ സിസേർ ബോർജിയയുടേതായി പറയപ്പെടുന്നു ചിത്രം - ചിത്രകാരൻ, ആൾട്ടോബെല്ലോ മെലോൺ

1500-ആമാണ്ട് ജൂബിലി വർഷമായിരുന്നതിനാൽ ലോമകെമ്പാടും നിന്ന് ദണ്ഡവിമോചനം മോഹിച്ച തീർത്ഥാടകർ നേർച്ചപ്പണവുമായി റോമിൽ എത്തിയിരുന്നത് സിസേറുടെ സാഹസങ്ങൾക്ക് പണം കണ്ടെത്തുകയെന്നത് എളുപ്പമാക്കി. വടക്ക് ഭാഗ്യം വീണ്ടും ഫ്രാൻസിനെ കടാക്ഷിക്കാൻ തുടങ്ങിയിരുന്നു. ഏപ്രിൽ മാസത്തിൽ അവർ ഒരിക്കൽ കൂടി മിലാൻ പിടിച്ചെടുത്ത് സ്ഫോർസയെ തുരത്തിയത് അലസ്കാണ്ടറെ സന്തോഷിപ്പിച്ചു.

ജൂലൈ മാസത്തിൽ ലുക്രീഷ്യയുടെ രണ്ടാം ഭർത്താവ് ബിസെഗ്ലീ, സിസേറുടെ ഉത്തരവിൽ, അലസ്കാണ്ടറുടെ കണ്മുൻപിൽ വച്ചെന്നു പറയാവുന്ന വിധം കൊല്ലപ്പെട്ടു. ബിസെഗ്ലിയുടെ അസൗകര്യം ഒഴിവായതോടെ ലുക്രീഷ്യക്ക് മറ്റൊരു വിവാഹത്തിന് തടസമില്ലെന്നായി. എന്നും പണത്തിന്റെ ആവശ്യം നേരിട്ടിരുന്ന അലക്സാണ്ടർ ആറാമൻ, അതു പരിഹരിക്കാൻ 12 പുതിയ കർദ്ദിനാൾമാരെ നിയമിച്ചു. അവരിൽ നിന്ന് അദ്ദേഹം 120,000 ദുക്കാത് പ്രതിഫലം വാങ്ങി. പുതിയ പിടിച്ചടക്കലുകൾ അതോടെ പരിഗണിക്കപ്പെടാൻ തുടങ്ങി. ഒരു കുരിശുയുദ്ധമെന്നാണു പറഞ്ഞതെങ്കിലും, മദ്ധ്യ-ഇറ്റലി പിടിച്ചെടുക്കുകയായിരുന്നു ലക്ഷ്യം; അങ്ങനെ, ശരത്ക്കാലമായപ്പോൾ, ഫ്രാൻസിന്റേയും വെനീസിന്റേയും പിന്തുണയോടെ പതിനായിരം പോന്ന സേനയുമായി സിസേർ, റോമാനായിലെ തന്റെ പിടിച്ചെടുക്കൽ പദ്ധതി പൂർത്തീകരിക്കാൻ പുറപ്പെട്ടു.

റൊമാനായിലെ പ്രാദേശികാധിപതികൾ താമസിയാതെ അധികാരഭ്രഷ്ടരായി. അവർക്കു പകരം സ്ഥാപിക്കപ്പെട്ട ഭരണസംവിധാനം സ്വേച്ഛാപരവും ക്രൂരവും ആയിരുന്നെങ്കിലും ശക്തവും ക്രമീകൃതവും ആയിരുന്നു. 1501-ൽ റോമിലെ മടങ്ങിയെത്തിയ സിസേർ, റോമാനയിലെ നാടുവാഴി പദവി നൽകപ്പെട്ടു. ഇതിനിടെ ഉത്തരഇറ്റലിയിലെ വിജയങ്ങൾക്കു ശേഷം ഫ്രാൻസിലെ ലൂയി പന്ത്രണ്ടാമൻ, തെക്കൻ ഇറ്റലി കൂടി കീഴടക്കാൻ തീരുമാനിച്ചു. നേപ്പിൾസ് രാജ്യത്തെ മുറിച്ചെടുക്കാനായി സ്പെയിനുമായി അദ്ദേഹം ഒപ്പുവച്ച സന്ധി മാർപ്പാപ്പ ജൂൺ 25-ന് അംഗീകരിച്ചതോടെ, നേപ്പിൾസിൽ ഫ്രെഡറിക് സ്ഥാനഭ്രഷ്ടനായി. ഫ്രെഞ്ച് സൈന്യം നേപ്പിൾ പിടിച്ചെടുക്കാൻ നീങ്ങിയ അവസരം ഉപയോഗിച്ച് അലക്സാണ്ടർ, ഓർസിനിപ്രഭുക്കളുടെ സഹായത്തോടെ കൊളോണയെ വരുതിയിലാക്കി. യുദ്ധമുന്നണിയിലെ തിരിക്കിനിടയിൽ അദ്ദേഹം റോമിലെ തന്റെ ചുമതലകൾ ഏല്പിച്ചത് ലുക്രീഷ്യയെ ആയിരുന്നു. ഒരു മാർപ്പാപ്പയുടെ സ്വന്തം പുത്രി 'വിശുദ്ധസിംഹാസനം' ഭരിക്കുന്നതിന്റെ അപൂർവദൃശ്യമാണ് അതു നൽകിയത്. താമസിയാതെ, ഫെറാറയിലെ പ്രഭുന്റെ മകൻ അൽഫോൻസോ ഡി-എസ്റ്റെയെ അലക്സാണ്ടർ, ലുക്രീഷ്യയെ വിവാഹം കഴിക്കാൻ സമ്മതിപ്പിച്ചു. ഇറ്റലിയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രാദേശികഭരണങ്ങളിലൊന്നിലെ കിരീടാവകാശിയുടെ ഭാര്യയായിത്തീർന്നു ലുക്രീഷ്യ അതോടെ. ഏതാണ്ട് ഇതേസമയത്ത്, പിതൃത്വം ഉറപ്പുപറയാൻ ബുദ്ധിമുട്ടുള്ള മറ്റൊരു ബോർജിയ കൂടി പിറന്നു: അലക്സാണ്ടറുടെ സന്താനം എന്നു ചില രേഖകളും സിസേറുടേതെന്നു ഇതരരേഖകളും സാക്ഷ്യപ്പെടുത്തുന്ന മറ്റൊരു ജിയോവാന്നി ആയിരുന്നു അത്.

ഫ്രാൻസും സ്പെയിനും നേപ്പിൾസിന്റെ പങ്കിടലിൽ തർക്കിക്കുകയും മദ്ധ്യഇറ്റലിയിലെ പ്രഭുക്കന്മാർ ശാന്തരായിരിക്കുകയും ചെയ്ത തക്കം നോക്കി, സിസേർ പുതിയ പിടിച്ചെടുക്കലുകൾ തേടിയിറങ്ങി. 1502 ജൂണിൽ അയാൾ കാമറീനോയും ഉർബീനോയും പിടിച്ചെടുത്ത വാർത്ത മാർപ്പാപ്പയെ ആഹ്ലാദിപ്പിച്ചു; എന്നാൽ ഫ്ലോറൻസിനെ സഖ്യത്തിൽ ചേർക്കാനുള്ള സിസേറുടെ ശ്രമങ്ങൾ ഫലിച്ചില്ല. ജൂലൈ മാസത്തിൽ ഫ്രാൻസിലെ ലൂയീസ് വീണ്ടും ഇറ്റലി ആക്രമിച്ചു. ബോർജിയാമാരുടെ ഇറ്റലിയിലെ ശത്രുക്കൾ അദ്ദേഹത്തിന്റെ മുൻപിൽ അവരുടെ പരാതികൾ നിരത്തിയെങ്കിലും മാർപ്പാപ്പയുടെ നയതന്ത്രം അപകടം ഒഴിവാക്കി. തെക്കൻ ഇറ്റലിയിൽ ഫ്രാൻസിനെ സഹായിക്കുന്നതിനു പ്രതിഫലമായി മദ്ധ്യ ഇറ്റലിയിൽ തന്നിഷ്ടം പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ഫ്രാൻസ് സിസേറിനു നൽകി.

അന്തിമവർഷങ്ങൾ

[തിരുത്തുക]

അധികാരം നഷ്ടപ്പെട്ട ഓർസിനിപ്രഭുക്കളും മാർപ്പാപ്പയുടെ തന്നെ വിശ്വസ്തരിൽ ചിലരും ചേർന്ന ഒരു ഗൂഢാലോചനയുടെ അപകടം അപ്പോൾ ഉയർന്നു. പേപ്പൽ സൈന്യത്തിന് ആദ്യം പരാജയം നേരിടുകയും കാര്യങ്ങൾ ബോർജിയാമാർക്ക് അനുകൂലമല്ലാത്ത നിലയിൽ നീങ്ങുന്നുവെന്ന തോന്നൽ ജനിക്കുകയും ചെയ്തു. എന്നാൽ ഫ്രാൻസിന്റെ സഹായം മാർപ്പാപ്പക്ക് കിട്ടുമെന്നായത്, എതിരാളികളെ ഒത്തുതീർപ്പു ചർച്ചകൾക്ക് വഴങ്ങാൻ പ്രേരിപ്പിച്ചു. തുടർന്ന് സിസേർ, കലാപത്തിന്റെ മുഖ്യ ആസൂത്രകരായിരുന്ന ഒലിവെരെറ്റോ ദ ഫെർമോ, വിറ്റെല്ലോസോ വിറ്റെല്ലി എന്നിവരെ ചതിയിൽ പിടികൂടി 1502 ഡിസംബർ 31-നു കൊന്നു. ഈ വാർത്ത കേട്ട അലക്സാണ്ടർ, കർദ്ദിനാൾ ഓർസിനിയെ അനുനയത്തിൽ റോമിലേക്കു വിളിച്ചുവരുത്തി ഇരുട്ടറയിലടച്ചു. അവിടെ അയാൾ മരിച്ചതോടെ അയാളുടെ സ്വത്തുക്കൾ കണ്ടുകെട്ടപ്പെടുകയും, വൃദ്ധമാതാവിനു തെരുവുതെണ്ടേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്തു. ആ കുടുംബത്തിലെ വേറേ പലരും പിടിയിലായി. അലക്സാണ്ടറുടെ മകൻ ജോഫ്രെഡോ ബോർജിയ, ഇറ്റലിയിലെ കമ്പാനാ പ്രദേശത്തെ അവരുടെ കോട്ടകൾ പിടിച്ചെടുത്തു. അങ്ങനെ റോമിൽ മേൽക്കോയ്മക്കു വേണ്ടി ഏറെക്കാലം പൊരുതുകയും മാർപ്പാപ്പയുടെ അധികാരത്തെ വെല്ലുവിളിക്കുകയും ചെയ്ത ഓർസിനി, കൊളോണ കുടുംബങ്ങൾ അമർച്ച ചെയ്യപ്പെട്ടതോടെ അലക്സാണ്ടറുടെ നില കൂടുതൽ ഭദ്രമായി. താമസിയാതെ സിസേർ റോമിൽ മടങ്ങിയെത്തി.

ഉന്നതന്മാരായ മൂന്നു വ്യക്തികൾ കൂടി അതേവർഷം ബോർജിയാമാരുടെ ധനമോഹത്തിന് ഇരകളായി: 1503 ഏപ്രിലിൽ വിഷം കൊടുത്തു കൊന്ന കർദ്ദിനാൾ മൈക്കൽ, ഓർസിനിമാരെ ഉന്മൂലനം ചെയ്യുന്നതിൽ പങ്കെടുത്തിരുന്ന ജെ ദ സാന്താ ക്രോസ്, അലക്സാണ്ടറുടെ വീട്ടുകാര്യസ്ഥനും കാര്യദർശിയും ആയിരുന്ന ട്രോച്ചെസ് എന്നിവരായിരുന്നു അവർ; ഈ കൊലകൾ വഴി അലക്സാണ്ടർക്ക് കണക്കില്ലാത്ത ധനം ലഭിച്ചു. ആയിടെ മരിച്ച കർദ്ദിനാൾ ഫെരാരിയുടെ അന്ത്യം എങ്ങനെ സംഭവിച്ചു എന്നു പറയുക വയ്യ. ഒരു പക്ഷേ അദ്ദേഹം പനിപിടിച്ചു മരിച്ചതാകാം. ഏതായാലും അദ്ദേഹത്തിന്റെ സ്വത്തുക്കളും അലക്സാണ്ടർ പിടിച്ചെടുത്തു. നേപ്പിൾസിന്റെ വിഭജനത്തെ സംബന്ധിച്ച് ഫ്രാൻസും സ്പെയിനും തമ്മിൽ നടന്നിരുന്ന യുദ്ധം അതിനിടെ നീണ്ടുപോവുകയായിരുന്നു. സദാ ഉപജാപപ്രിയനായിരുന്ന മാർപ്പാപ്പ, കാലാകാലങ്ങളിൽ, തനിക്ക് കൂടുതൽ ഉപകരിക്കും എന്നു തോന്നിയവരുടെ പക്ഷം ചേർന്നു. സിസിലി, സിസേറിനു കൊടുക്കാൻ സമ്മതിച്ചാൽ, സഹായിക്കാമെന്നു ഫ്രാൻസിനും, സിയെന്നായും, പിസായും ബൊളോഞ്ഞായും കിട്ടിയാൽ സഹായിക്കാമെന്ന് സ്പെയിനിനും അദ്ദേഹം വാക്കുകൊടുത്തു.

ഏത് ഉന്നതനേയും കൊന്ന് ധനം പിടിച്ചെടുക്കാൻ അലക്സാണ്ടർ ഒരുക്കമായിരുന്നെങ്കിലും, കൊലകൾക്ക് ഉപയോഗിച്ചിരുന്ന മാർഗ്ഗങ്ങളെപ്പറ്റിയറിയാൻ മതിയായ തെളിവുകളില്ല. കാന്റാരെല്ലാ എന്ന ഒരിനം പാഷാണം(arsenic) പാനീയത്തിൽ കലർത്തി നൽകിയാണ് ബോർജിയമാർ കാര്യം സാധിച്ചതെന്ന് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. "പിന്തുടർച്ചയുടെ പാനീയം" (liquor of succession) എന്നറിയപ്പെട്ട കുടിവസ്തുവിൽ ചേർത്താണ് അതു കൊടുത്തിരുന്നതെന്നും പറയപ്പെടുന്നു. പാഷാണത്തിന്റെ അന്നു ലഭ്യമായിരുന്ന അസംസ്കൃതരൂപങ്ങൾ അത്ര ഫലപ്രദമായിരിക്കാൻ വഴിയില്ലാത്തതിനാൽ, പാനീയം തയ്യാറാക്കുന്നതിന് സവിശേഷവിധികൾ ഓർസിനിമാർക്ക് അറിയാമായിരുന്നിരിക്കണം. വീഞ്ഞിൽ ലയിപ്പിക്കത്തക്കവിധം വിഷം ഒളിച്ചു വച്ച പ്രസിദ്ധമായ "ബോർജിയാമാരുടെ പാനപാത്രം" (the Cup of Borgia), കൊലപാതങ്ങളിൽ അവരുടെ ഇഷ്ടോപകരണം ആയി പരാമർശിക്കപ്പെടാറുണ്ട്. അഗഥാ ക്രിസ്റ്റിയുടെ "ഹെസ്പെറൈഡ്സിലെ ആപ്പിളുകൾ" ഉൾപ്പെടെ പല കല്പിതകഥകളിലും ഈ പാനപാത്രം കടന്നു വരുന്നു.

അലക്സാണ്ടർ ആറാമന്റെ ശവകുടീരം

1503 ആഗസ്റ്റ് 6-ന് മറ്റൊരു സൈനികനീക്കത്തിനു തുനിയുകയായിരുന്ന സിസേറും അലക്സാണ്ടറും, കർദ്ദിനാൾ ആഡ്രിയാനോ ദ കൊർനേറ്റ നൽകിയ വിരുന്നിൽ പങ്കെടുത്തു. താമസിയാതെ അവരിരുവർക്കും പനിപിടിപെട്ടു. ചികിത്സാനടപടിയുടെ കാഠിന്യം മൂലം സിസേറുടെ തൊലി ഉരിഞ്ഞുപോകാൻ ഇടയാക്കിയെങ്കിലും[18] അയാൾ സുഖം പ്രാപിച്ചു; എന്നാൽ മാർപ്പാപ്പയുടെ സ്ഥിതി ഗുരുതരമായിരുന്നു. വീട്ടുകാര്യസ്ഥൻ ജൊഹാൻ ബുർച്ചാർഡിന്റെ ഡയറി, അലക്സാണ്ടറുടെ അന്തിമരോഗത്തിന്റേയും മരണത്തിന്റേയും ചില വിവരങ്ങൾ നൽകുന്നുണ്ട്:[19]

1503 ആഗസ്റ്റ് 12-ആം തിയതി ശനിയാഴ്ച രാവിലെ മാർപ്പാപ്പക്ക് സുഖമില്ലാതെയായി. സായാഹ്ന-പ്രാർത്ഥനയുടെ സമയം കഴിഞ്ഞ് 6-7 മണി സമയത്ത് തുടങ്ങിയ പനി മാറിയതേയില്ല. ആഗസ്റ്റ് 15-ന് 13 ഔൺസ് രക്തം വാർന്നു കളഞ്ഞു. പിന്നെ വിറയൽ തുടങ്ങി. ആഗസ്റ്റ് 17-ആം തിയതി വ്യാഴാഴ്ച രാവിലെ 9 മണിക്ക് മാർപ്പാപ്പ മരുന്നു സേവിച്ചു. 18-ആം തിയതി വെള്ളിയാഴ്ച 9-10 മണിയോടെ അദ്ദേഹം കാർഗ്നോളയിലെ ഗംബോവ മെത്രാനോട് കുംബസാരിച്ചു. മെത്രാൻ തുടർന്ന് അദ്ദേഹത്തിനു കുർബ്ബാന ചൊല്ലിക്കൊടുത്തു. കിടക്കയിൽ ഇരുന്ന് മാർപ്പാപ്പ കുർബ്ബാന സ്വീകരിച്ചു. സെരാ, ഹുവാൻ, ഫ്രാൻസെസ്കോ ബോർജിയ, കാസനോവ, ലോറിസ് എന്നിവരായി അഞ്ചു കർദ്ദിനാളന്മാർ കുർബ്ബാനയിൽ പങ്കെടുത്തിരുന്നു. തനിക്കു തീരെ സുഖമില്ലെന്ന് മാർപ്പാപ്പ അവരോടു പറഞ്ഞു. സായഹ്നപ്രാർത്ഥനയുടെ സമയത്ത്, ഗംബോവ മെത്രാനിൽ നിന്ന് അന്ത്യകൂദാശ സ്വീകരിച്ച ശേഷം അദ്ദേഹം മരിച്ചു.

മരിക്കുമ്പോൾ അലക്സാണ്ടർ ആറാമന് 72 വയസ്സുണ്ടായിരുന്നു.

തന്റെ പാപങ്ങളിന്മേൽ ആത്മാർത്ഥമായി പശ്ചാത്തപിച്ചിട്ടാണ് അദ്ദേഹം മരിച്ചതെന്നു കരുതണം. അനന്തരാവകാശിയെ തെരെഞ്ഞെടുക്കാൻ ഒത്തുചേർന്നിരുന്ന കർദ്ദിനാളന്മാർക്കു മുൻപിൽ നടത്തിയ ചരമപ്രസംഗത്തിൽ അക്വീലിയാ ഗാലിപ്പോളി മെത്രാൻ, മാർപ്പാപ്പയുടെ മന:സ്താപത്തിന്റെ കാര്യം എടുത്തു പറഞ്ഞു:[20]

ഒടുവിൽ വളരെ ഗുരുതരമായ രോഗത്തിന്റെ പിടിയിലായ അദ്ദേഹം, ഒന്നിനു പുറകേ ഒന്നായി വിശുദ്ധകൂദാശകൾ ചോദിച്ചു വാങ്ങി. തന്റെ പാപങ്ങൾ ശ്രദ്ധാപൂർവം ഏറ്റുപറഞ്ഞു മന:സ്താപത്തോടെ കുമ്പസാരിക്കുമ്പോൾ, അവയോർത്തു അദ്ദേഹം കണ്ണീരൊഴുക്കുക പോലും ചെയ്തു എന്നാണ് എന്റെ അറിവ്; തുടർന്ന് ദിവ്യകാര്യണ്യത്തിൽ വിശുദ്ധശരീരം സ്വീകരിച്ച ശേഷം അന്ത്യകൂദാശ കൈക്കൊണ്ട് മാർപ്പാപ്പ മരിച്ചു.

അലക്സാണ്ടറുടെ മരണത്തെ തുടർന്ന് റോമിൽ അരാജകത്വത്തിനുള്ള സാദ്ധ്യത കണ്ട സിസേർ, സ്വയം രോഗാവസ്ഥയിൽ ആയിരുന്നതിനാൽ, മരണം പരസ്യമാകുന്നതിനു മുൻപ്, പിതാവിന്റെ ഖനജാവു പിടിച്ചെടുക്കാൻ തന്റെ വിശ്വസ്തനായ ഡോൺ മിച്ചെലോട്ടോയെ അയച്ചു. അടുത്ത ദിവസം, റോമിലെ ജനങ്ങൾക്കും പുരോഹിതന്മാർക്കുമായി ശരീരം പ്രദർശിപ്പിച്ചു. സ്വാഭാവികമായ അപചയത്തിൽ വൈരൂപ്യം സംഭവിച്ചിരുന്നതിനാൽ ദേഹം ഒരു തുണി കൊണ്ടു മൂടിയിരുന്നു.

മാർപ്പാപ്പയുടെ സേവകർ ബലപൂർവ്വം സമ്മതിപ്പിക്കുന്നതു വരെ, അലക്സാണ്ടർ ആറാമന്റെ ശരീരം സംസ്കാരത്തിനു സ്വീകരിക്കാൻ റോമിൽ, വിശുദ്ധപത്രോസിന്റെ ഭദ്രാസനത്തിലെ പുരോഹിതർ വിസമ്മതിച്ചു. അനുസ്മരണക്കുർബ്ബനയിൽ പങ്കെടുക്കാൻ നാലു കർദ്ദിനാളന്മാർ മാത്രമേ ഉണ്ടയിരുന്നുള്ളു. തിരുസിംഹാസനത്തിൽ അലക്സാണ്ടറുടെ പിൻഗാമിയായി വന്ന പീയൂസ് മൂന്നാമൻ മാർപ്പാപ്പ, തന്റെ മുൻഗാമിക്കു വേണ്ടി കുർബ്ബാന ചൊല്ലുന്നതു വിലക്കി. നരകത്തിൽ പോയ ഒരാൾക്കു വേണ്ടി പ്രാർത്ഥിക്കുന്നതു ദൈവനിന്ദയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. പത്രോസിന്റെ ദേവാലയത്തിൽ അല്പകാലം മാത്രം ഇരുന്ന അലക്സാണ്ടറുടെ ഭൗതികശരീരം, അധികമൊന്നും അറിയപ്പെടാത്ത റോമിലെ സ്പാനിഷ് ദേശീയ ദേവാലയത്തിൽ പിന്നീടു പുന:സ്ഥാപിതമായി.[21]

വിലയിരുത്തൽ

[തിരുത്തുക]
പ്രാർത്ഥനാമഗ്നനായിരിക്കുന്ന അലക്സാണ്ടർ ആറാമൻ മാർപ്പാപ്പ

സദാചാരത്തിലും നീതിനിഷ്ഠയിലും ഇത്ര പിന്നിലായിരുന്ന ഈ മാർപ്പാപ്പയുടെ ക്രിസ്തുമതവിശ്വാസം അഭിനയമായിരുന്നോ എന്നു ചിലർ സംശയിച്ചിട്ടുണ്ട്. വിഖ്യാത ചരിത്രകാരൻ വിൽ ഡുറാന്റ് അതിനു നൽകുന്ന മറുപടി ഇതാണ്:-

ഇദ്ദേഹം ക്രിസ്തുമതവിശ്വാസം അഭിനയിക്കുകയായിരുന്നോ? ആയിരിക്കണമെന്നില്ല. കാമുകി ഗിയൂലിയാക്ക് അലക്സാണ്ടർ എഴുതിയ കത്തുകളിൽ പോലും, സ്വകാര്യലിഖിതങ്ങളിൽ ഒഴിവാക്കാമായിരുന്ന ഭക്തിഭാഷ കാണാം. സദാ കർമ്മനിരതനായിരുന്ന അദ്ദേഹം, തന്റെ കാലത്തെ 'വഴക്കമുള്ള' സദാചാരത്തെ പൂർണ്ണമായും ഉൾക്കൊണ്ടിരുന്നതിനാൽ, ക്രിസ്തീയധാർമ്മികതക്കും തന്റെ ജീവിതചര്യക്കും ഇടയിൽ എന്തെങ്കിലും വൈരുദ്ധ്യം ശ്രദ്ധിച്ചിരിക്കാൻ തന്നെ ഇടയില്ല. ദൈവശാസ്ത്രത്തിൽ സമ്പൂർണയാഥാസ്ഥിതികരായ ഭൂരിപക്ഷം ആളുകളേയും പോലെ അദ്ദേഹവും, പ്രായോഗികജീവിതത്തിൽ സമ്പൂർണലൗകികനായിരുന്നു. അന്നത്തെ സാഹചര്യത്തിൽ മാർപ്പാപ്പ പദവിയിൽ ഇരിക്കേണ്ടത് ഒരു രാജ്യതന്ത്രജ്ഞനാണ് പുണ്യവാളനല്ല എന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. പുണ്യപൂർണ്ണതയെ അലക്സാണ്ടർ ആദരിച്ചിരുന്നു. എന്നാൽ അതിന്റെ സ്ഥാനം ആശ്രമങ്ങളിലാണെന്നും, ദിവസേന കൗശലക്കാരും, അത്യാഗ്രഹികളുമായ ഭരണാധികാരികളും, മനസാക്ഷിയില്ലാത്ത ചതിയന്മാരായ നയതന്ത്രജ്ഞന്മാരുമായി ഇടപെടേണ്ടി വരുന്ന തനിക്ക് അതു ചേരുകയില്ലെന്നും അദ്ദേഹം കരുതി.[10]

ചതിയുടേയും വിശ്വാസവഞ്ചനയുടേയും രാജനീതി അലക്സാണ്ടർ ആറാമൻ എത്ര സമർത്ഥമായി പ്രയോഗിച്ചിരുന്നെന്ന് മാക്കിയവെല്ലി തന്റെ ദ പ്രിൻസ് എന്ന വിഖ്യാതരചനയിൽ എടുത്തു പറയുന്നു[22]:

മനുഷ്യരെ വഞ്ചിക്കുകയെന്നതല്ലാതെ മറ്റൊന്നും ചെയ്യുകയോ ചിന്തിക്കുകയോ ചെയ്യാതിരുന്ന അലക്സാണ്ടർ, അതു ചെയ്യാൻ പറ്റിയ അവസരം എപ്പോഴും കണ്ടെത്തി. തന്റെ പ്രതിജ്ഞകൾ ഇത്രകുറച്ച് പാലിച്ചപ്പോഴും, അവയിൽ ഇത്രയേറെ ഊന്നൽ കൊടുക്കുകയും ഇത്രയധികം ഉറപ്പുകൾ ചേർത്ത് അവ ബലപ്പെടുത്തുകയും ചെയ്ത മറ്റൊരാളില്ല. ഇക്കാര്യത്തിൽ ലോകത്തിന്റെ രീതികൾ നന്നായി അറിയാമായിരുന്നതിനാൽ അദ്ദേഹത്തിന്റെ തട്ടിപ്പുകൾ എപ്പോഴും വിജയിച്ചു.

എങ്കിലും, അലക്സാണ്ടർ ആറാമനിൽ ആരോപിക്കപ്പെടുന്ന അതിക്രമങ്ങൾ നവോത്ഥാനകാലയൂറോപ്പിലെ ഇതരഭരണാധികാരികളുടെ ചെയ്തികളിൽ നിന്ന് ഒട്ടും ഭിന്നമായിരുന്നില്ല എന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. അലക്സാണ്ടർ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ കാരണം, അക്കാലത്തെ ഏറ്റവും ശക്തമായ മതസംഘടനയുടെ തലവനായിരുന്നു അദ്ദേഹം എന്നതാണ്. "ധാർമ്മികനേതാക്കൾ പരമാവധി പ്രതീക്ഷകളുടെ ലക്ഷ്യമായിരിക്കയാൽ അവർക്ക് ഒന്നിനും മാപ്പില്ല; അതിനാൽ, ലൂയി പതിനാലാമനിൽ നിസ്സാര തിന്മയായിരിക്കുന്നത് അലക്സാണ്ടർ ആറാമനിൽ അക്ഷന്തവ്യവും അപവാദപരവും ആകുന്നു."[23]

കലാകാരന്മാരുടെ പ്രോത്സാഹകനും രക്ഷാധികാരിയും എന്ന നിലയിൽ അലക്സാണ്ടർ ആറാമൻ ശ്രദ്ധേയനായി. അദ്ദേഹത്തിന്റെ കാലത്ത്, ബ്രമാന്റേയുടെ രംഗപ്രവേശനത്തോടെ നിർമ്മാണകലയിൽ ഒരു പുതിയ യുഗം തന്നെ പിറന്നു. റഫേലും, മൈക്കേലാഞ്ജലോയും, പിന്റൂറിച്ചിയോയും മറ്റും അദ്ദേഹത്തിന്റെ പ്രോത്സാഹനത്തിൽ ശോഭിച്ചു.[24] വത്തിക്കാനിൽ ഇന്ന് ബോർജിയാമാരുടെ വീട് എന്നറിയപ്പെടുന്ന കെട്ടിടത്തിലെ മുറികളിൽ ചിത്രപ്പണി ചെയ്യാൻ പിന്റൂറിച്ചിയോയെ നിയോഗിച്ചത് അദ്ദേഹമായിരുന്നു.

വിദ്യാഭ്യാസത്തിന്റെ വളർച്ചയേയും അലക്സാണ്ടർ പ്രോത്സാഹിപ്പിച്ചു. ഇപ്പോൾ ഇംഗ്ലണ്ടിലെ അബെർഡീൻ സർവകലാശാലയുടെ ഭാഗമായിരിക്കുന്ന കിങ്ങ്സ് കോളേജിന്റെ സ്ഥാപനത്തിൽ അദ്ദേഹത്തിന്റെ പങ്ക് ശ്രദ്ധേയമാണ്.

അലക്സാണ്ടർ ആറാമൻ 'യഹൂദ-ക്രിസ്ത്യാനി' ആയിരുന്നെന്ന്, മാർപ്പാപ്പ സ്ഥാനകാംക്ഷിയെന്ന നിലയിൽ അദ്ദേഹത്തിന്റെ എതിരാളി ആയിരുന്ന ഗിയൂലിയാനോ ദെല്ലാ റൊവേർ ആരോപിച്ചിട്ടുണ്ട്.[25] യഹൂദജനതയോടുള്ള മയമുള്ള പെരുമാറ്റം അദ്ദേഹത്തിന്റെ ഒരു നല്ല വശമായിരുന്നു. 1492-ൽ സ്പെയിനിൽ നിന്നുള്ള അവരുടെ ബഹിഷ്കരണത്തെ തുടർന്ന് നിരാശ്രയരായിത്തീർന്ന ഒൻപതിനായിരത്തോളം യഹൂദർ, മാർപ്പാപ്പായുടെ ഭരണസീമയിൽ വന്നെത്തി. അവരെ സ്വാഗതം ചെയത അലക്സാണ്ടർ ആറാമൻ, "ക്രിസ്ത്യാനികളുടെ ശല്യമില്ലാതെ സ്വതന്ത്രരായി ജീവിക്കാനും, സ്വന്തം അനുഷ്ഠാനങ്ങൾ തുടരാനും, പണമുണ്ടാക്കാനും, മറ്റവകാശങ്ങൾ അനുഭവിക്കാനും അവർക്ക് തടസ്സമുണ്ടാവില്ലെന്നു" വ്യക്തമാക്കി. അതു പൊലെ 1497-ൽ പോർത്തുഗലിൽ നിന്നും 1498-ൽ പ്രോവൻസ് പ്രദേശത്തു നിന്നും പുറത്തക്കപ്പെട്ട യഹൂദർക്കും അദ്ദേഹത്തിന്റെ അധികാരസീമയിൽ അഭയം ലഭിച്ചു.[26]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Pope Alexander VI" in the 1913 കത്തോലിക്കാ വിജ്ഞാനകോശം.
  2. Catherine B. Avery, 1972, The New Century Italian Renaissance Encyclopedia, Appleton-Century-Crofts, ISBN 0136120512 ISBN 9780136120513 p. 189. [1]
  3. Monsignor Peter de Roo (1924), Material for a History of Pope Alexander VI, His Relatives and His Time, (5 vols.), Bruges, Desclée, De Brouwer, volume 2, p. 29. [2] [3] Archived 2012-04-26 at the Wayback Machine. volumes 1-5 (Note: Msrg. de Roo's 5 volume work has been hailed as "among the most completely documented books ever published." [4])
  4. Barbara Tuchman (1984). The March of Folly. Alfred A. Knopf. ISBN 978-0-394-52777-2
  5. 5.0 5.1 5.2 5.3 നവോത്ഥാനം, സംസ്കാരത്തിന്റെ കഥ, അഞ്ചാം ഭാഗം, വിൽ ഡുറാന്റ് ('ബോർജിയാമാർ' - പുറങ്ങൾ 404-440)
  6. Peter de Rossa, Vicars of Christ, p.144.
  7. John Burchard, Diaries 1483–1492 (translation: A.H. Matthew, London, 1910)
  8. James Reston, Dogs of God, New York, Anchor Books, 2005, p. 287.
  9. Studies in Church History, 1906, Reuben Parsons, New York and Cincinnati, F. Pustet & Co., Volume 3, p. 210, n. 1. [5]
  10. 10.0 10.1 നവോത്ഥാനം, സംസ്കാരത്തിന്റെ കഥ അഞ്ചാം ഭാഗം, വിൽ ഡുറാന്റ്(പുറങ്ങൾ 143-169)
  11. Stogre, p. 69-70
  12. Raiswell, p. 469, "Black Africans in Renaissance Europe", P. 281, Luis N. Rivera, 1992, p. 25-28
  13. cited by Luis N. Rivera, 1992, p. 28
  14. "Black Africans in Renaissance Europe", P. 281
  15. Patrick Madrid, "Pope Fiction"
  16. Thornberry 2002, p. 65; Luis N. Rivera, 1992, p. 37
  17. Thornberry 2002, p. 65
  18. "Cesare lay in bed, his skin peeling and his face suffused to a violet colour." The Borgias, 1981, Georgina Masson, Marion Johnson, Penguin, ISBN 0141390751 ISBN 9780141390758, p. 179. [6]
  19. Johann Burchard, 1921, Pope Alexander VI and His Court: Extracts from the Latin Diary of Johannes Burchardus, F. L. Glaser, tr., N.L. Brown, New York, p. 179. [7]
  20. Peter de Roo, 1924, Material for a History of Pope Alexander VI, vol. 5, p. 89, note. 112. [8] [9] (Word frequency and page number of specific words and phrases for all 5 vols. at HathiTrust [10]
    Latin text: “Dum graviter aegrotaret, factorum conscientia punctus contrito dolentique animo ad lachrymas ut audio fusus, sacrosanctum communionis corpus sua sponte, dilutis prius diligentissima confessione peccatis, petierit, et alia sacramenta ...” Alexis Celadoni (Alexius Celadonius, Celadeni, 1451-1517), Bishop of Gallipoli, Italy (1494 – 1508), Alexii Celadeni Episcopi Gallipolitani Oratio ad sacrum cardinalium senatum ingressurum ad novum pontificem eligendum, Publisher: Rome: Johann Besicken, 1503. [11]
    See also: "A Contemporary Oration on Pope Alexander VI," English Historical Review, 1892, vol. 7, pp. 311ff.; Archivum Historiae Pontificiae, 1976, Volume 14, p. 65.) [12]
  21. Pope Alexander VI (1431 - 1503) - Find A Grave Memorial
  22. നിക്കോളോ മാക്കിയവെല്ലി,ദ പ്രിൻസ് പീറ്റർ ബൊണ്ടാനെല്ലായുടെ പരിഭാഷ, ഓക്സ്ഫോർഡ് വേൾഡ് ക്ലാസിക്സ് (പുറം 59)
  23. Knights of Columbus Catholic Truth Committee, The Catholic encyclopedia: an international work of reference on the constitution, doctrine, discipline, and history of the Catholic Church, Volume 1, Encyclopedia Press, 1907, p. 294
  24. The Encyclopædia Britannica, Eleventh Edition (1911)
  25. Black Legend#Origin
  26. James Carroll, Constantine's Sword, Boston, Houghton Mifflin, 2002, pp. 363-64.

ഗ്രന്ഥസൂചി

[തിരുത്തുക]
Wikisource
Wikisource
Alexander VI രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.