അഷ്ടവർഗ്ഗം
പുരാതനമായ ആയുർവേദഗ്രന്ഥങ്ങളിൽ പ്രതിപാദിക്കപ്പെട്ടിട്ടുള്ളതും ച്യവനപ്രാശം മുതലായ ഔഷധങ്ങളിലുപയോഗിക്കുന്നതും അത്ര സുലഭമല്ലാത്തതുമായ എട്ട് ഔഷധസസ്യങ്ങളുടെ സമാഹാരമാണ് അഷ്ടവർഗ്ഗം. ഇതിലെ ചേരുവകൾ ദുർലഭമായതിനാൽ അവയ്ക്ക് പകരമായി ഏകദേശം അത്രയും ഗുണങ്ങൾ ഉള്ളതും സുലഭമായി ലഭിക്കുന്നതുമായ ഔഷധസസ്യങ്ങൾ ഉപയോഗിച്ച് ഔഷധങ്ങൾ നിർമ്മിക്കുന്നു.[1]
അഷ്ടവർഗ്ഗത്തിലെ അംഗങ്ങൾ
[തിരുത്തുക]- ജീവകം(Malaxis acuminata)
- ഇടവകം(Microstylis muscifera)
- മേദാ(Polygonatum verticillatum)
- മഹാമേദാ(Polygonatum cirrhifolium)
- കാകോളി(Roscoea procera)
- ക്ഷീരകാകോളി(Lilium polphyllum)
- ഋദ്ധി(Habenaria edgeworthii )
- വൃദ്ധി(Habenaria intermedia)
ജീവകത്തിനും ഇടവകത്തിനും പകരമായി ചിറ്റമൃത്, പാൽമുതക്ക് എന്നിവ ചേർക്കുന്നു. പാൽമുതക്ക് ലഭ്യമല്ല എങ്കിൽ അതിനുപകരമായി ശതാവരി ഉപയോഗിക്കാം. മേദാ, മഹാമേദാ തുടങ്ങിയവയ്ക്ക് പകരമായും ശതാവരി ഉപയോഗിക്കുന്നു. കാകോളി, ക്ഷീരകാകോളി എന്നിവയ്ക്ക് പകരമായി അമുക്കുരം ഉപയോഗിക്കുന്നു. അതുപോലെ ഋദ്ധി, വൃദ്ധി എന്നിവയ്ക്ക് പകരമായി കുറുന്തോട്ടി, പന്നിക്കിഴങ്ങ് എന്നിവയും ഉപയോഗിക്കാം. ഋദ്ധി, വൃദ്ധി എന്നിവയിൽ ഏതെങ്കിലും ഒന്ന് ചേർത്താൽ രണ്ടിന്റേയും ഗുണം ലഭിക്കും എന്നും ഭാവപ്രകാശത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.. [1]