Jump to content

അർമീനിയൻ കല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അർമേനിയൻ പെയിന്റിങ്

എ.ഡി. നാലാം നൂറ്റാണ്ടോടുകൂടി ക്രിസ്തുമതം അർമീനിയയിൽ പ്രചരിക്കാനാരംഭിക്കുന്നതിനു മുൻപുതന്നെ അവിടെയുണ്ടായിരുന്ന ജനങ്ങൾ അവരുടേതായ ചില ചിത്ര-ശില്പ(കലാ)സങ്കേതങ്ങൾ പുലർത്തുകയും പോഷിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ, അവയുടെ അവശിഷ്ടങ്ങൾ വളരെ വിരളമായേ കണ്ടെത്തപ്പെട്ടിട്ടുള്ളു. ക്രിസ്തുവിനു മുൻപുള്ള നൂറ്റാണ്ടുകളിൽ പണികഴിപ്പിച്ചതെന്നു വിശ്വസിക്കപ്പെടുന്ന പ്രാകൃത പാഷണ്ഡൻ (Pagan)[1] മാരുടെ നഷ്ടപ്രായമായ ഗാർണി ദേവാലയത്തിന്റെ അവശിഷ്ടങ്ങൾ യവന-റോമൻ സ്വാധീനതയെ വെളിപ്പെടുത്തുന്നുവെന്നാണ് ഗവേഷകന്മാർ കരുതുന്നത്.

ചരിത്രം

[തിരുത്തുക]

രാജ്യത്തിന്റെ ദേശീയ ചരിത്രത്തിലെ മുഖ്യഘട്ടങ്ങൾക്കു സമാന്തരമായി അർമീനിയൻ കലാസംസ്കാരപരിണാമങ്ങളിലും വ്യക്തമായ ചില ദശാന്തരങ്ങൾ കാണാൻ കഴിയും. ഇതിൽ ആദ്യത്തേത് അഞ്ചാം നൂറ്റാണ്ടു മുതൽ അറബി ആക്രമണം നടന്ന ഏഴാം നൂറ്റണ്ടിന്റെ മധ്യംവരെയാണ്; ഒൻപതാം നൂറ്റാണ്ടിന്റെ അവസാനം ബഗ്രതിദ് രാജവംശ സ്ഥാപനത്തോടുകൂടി ആരംഭിക്കുന്ന രണ്ടാംഘട്ടം സെൽജൂക് തുർക്കികളുടെ ആക്രമണകാല(11-ആം നൂറ്റാണ്ടിന്റെ മധ്യം)ത്തോടുകൂടി അവസാനിക്കുന്നു; 12-14 നൂറ്റാണ്ടുകളിൽ ജോർജിയയുടെയോ മംഗോളിയയുടെയോ സാമന്തപദവിയിൽ അർമീനിയൻ രാജാക്കന്മാരുടെ ഭരണത്തിൻകീഴിൽ ഈ പ്രദേശം കഴിഞ്ഞകാലം അർമീനിയൻ കലാ-സാംസ്കാരിക ചരിത്രത്തിലെ മൂന്നാംഘട്ടമായി വ്യവഹരിക്കപ്പെട്ടുവരുന്നു.

വാസ്തുശില്പം

[തിരുത്തുക]
അർമീനിയൻ ശില്പ ഭംഗിയുള്ള ക്രൈസ്തവ ദേവാലയം

മധ്യത്തിൽ കുംഭകവും ചുറ്റും മൂന്നു വളച്ചുവാതിലുകളും ഉള്ള, കമാനാകൃതിയിൽ നിർമിച്ച ക്രൈസ്തവദേവാലയങ്ങളാണ് ആദ്യകാലത്തെ അർമീനിയൻ വാസ്തുശില്പത്തിന്റെ മാതൃകകൾ. ഇരുവശവും നീണ്ട ഇടനാഴികളും അവയെ മധ്യശാലയിൽനിന്ന് വേർതിരിക്കുന്ന നിരനിരയായുള്ള തൂണുകളുമാണ് ഈ പള്ളികൾക്ക് ഉണ്ടായിരുന്നത്. പല പ്രവേശനകവാടങ്ങളും അർധവൃത്താകൃതിയിലുള്ള വാതായനങ്ങളും ഇവയുടെ പ്രത്യേകതകളായിരുന്നു. സമൃദ്ധമായി അലങ്കാരപ്പണികൾ ചെയ്തു മോടിപിടിപ്പിക്കപ്പെട്ടവയായിരുന്നു ഇവ.

കുരിശിന്റെ ആകൃതിയിൽ നിർമിച്ച പള്ളികളും ഇക്കൂട്ടത്തിലുണ്ട്; അതായത്, സമകോണമായി മൂന്നു വശത്തേക്കും ഉന്തിനിൽക്കുന്ന എടുപ്പുകളോടുകൂടിയവ. ഇവ മൂന്നും ചേരുന്ന മധ്യഭാഗത്ത് മുകളിലാണ് ഒരു അഷ്ടഭുജമണ്ഡപത്തിൽ ഉയർന്നു നില്ക്കുന്ന കേന്ദ്രകുംഭകം. ഈ പള്ളികളിൽ ചിലത് ഇപ്പോഴും കാണാം.

രണ്ടും മൂന്നും കാലഘട്ടങ്ങളിലും ഈ ശില്പമാതൃകകൾ തന്നെയാണ് അനുവർത്തിക്കപ്പെട്ടുവന്നത്; എന്നാൽ അക്കാലത്ത് പരിമാണപരമായി കെട്ടിടങ്ങളുടെ നീളം വർധിച്ചിരുന്നു. 1001-ൽ പണിപൂർത്തിയാക്കപ്പെട്ട അനി പട്ടണത്തിലെ ഭദ്രാസനപ്പള്ളിയാണ് അർമീനിയൻ ദേവാലയശില്പങ്ങളിൽ ഏറ്റവും പ്രാധാന്യം വഹിക്കുന്നത്. പേർഷ്യയിലും മെസപ്പൊട്ടേമിയയിലും നിന്നു സംക്രമിച്ച ഇസ്ലാമിക ശില്പമാതൃകകളുടെ അതിപ്രസരം അല്പാല്പം കാണാമെങ്കിലും അർമീനിയൻ പള്ളികൾ അവയുടേതായ വ്യക്തിത്വം പുലർത്തിയിരുന്നു.

പ്രതിമാശില്പം

[തിരുത്തുക]
അർമീനിയൻ പ്രതിമ

അലങ്കാരപ്രധാനമായ കൊത്തുപണിയിൽ മധ്യകാല അർമീനിയ അയൽരാജ്യങ്ങളെക്കാൾ വളരെ മുൻപിലെത്തിയിരുന്നു. പള്ളികളുടെ വാതായനങ്ങളിലും കമാനങ്ങളുടെ ഇടയിലും കതകുകളിലും കട്ടിളപ്പടികളിലും കല്ലിലും തടിയിലുമായി നിരവധി കൊത്തുവേലകൾ അവർ ചെയ്തിരുന്നു. പുഷ്പലതാദികളും രേഖീയശില്പങ്ങളും നിറഞ്ഞ പ്രസിദ്ധമായ ഒരു ക്രൈസ്തവദേവാലയമാണ് വാൻ തടാകത്തിലെ അഘ്താമർ ദ്വീപിലുള്ള കുരിശുപള്ളി (Church of the Holy Cross). പൂർണമായും റിലീഫ് (Relief) ശില്പങ്ങൾകൊണ്ട് ആവരണം ചെയ്യപ്പെട്ട ശിലാനിർമിതമായ ഈ മന്ദിരം, ഈ മാതൃകയിലുള്ള മധ്യകാലവാസ്തുശില്പങ്ങളിൽ ഏറ്റവും പ്രാചീനമാണ് (10-ആം നൂറ്റാണ്ട്). താൻ പണിയിച്ച ഈ പള്ളിയുടെ ഒരു ചെറുമാതൃക ഗാഗിക് രാജാവ് യേശുവിന് സമർപ്പിക്കുന്ന ഒരു ചിത്രം ഇതിന്റെ ചുവരിലുള്ളത് അത്യാകർഷകമാണ്.

ചിത്രകല

[തിരുത്തുക]
അർമീനിയൻ ചിത്രം

വിചിത്രോപലഖചിതങ്ങളായ ശില്പങ്ങളുടെയും വിവിധ വർണാങ്കിതങ്ങളായ ചുവർ ചിത്രങ്ങളുടെയും ലഭ്യമായ അവശിഷ്ടങ്ങളിൽ നിന്നു തെളിയുന്നത് അർമീനിയൻ ദേവാലയങ്ങളുടെ ഉൾഭാഗങ്ങൾ പല ഇതിഹാസകഥാരംഗങ്ങളുടെയും ചിത്രീകരണങ്ങൾകൊണ്ടു മനോഹരമായിരുന്നിരിക്കണമെന്നാണ്. യേശുവിന്റെയും കന്യാമറിയത്തിന്റെയും അപ്പൊസ്തലന്മാരുടെയും സുവിശേഷോപാഖ്യാനങ്ങളിലെ അംഗങ്ങളുടെയും ആലേഖ്യങ്ങൾ ഇക്കൂട്ടത്തിൽപ്പെടുന്നു. എന്നാൽ പ്രകാശിതഹസ്തലിഖിതങ്ങൾ (Illuminated Manuscripts)[2] വഴിയാണ് അർമീനിയൻ ചിത്രരചനാ നൈപുണ്യത്തിന്റെ സവിശേഷതകൾ പിൽക്കാല തലമുറകൾ മനസ്സിലാക്കുന്നത്. 9-17 നൂറ്റാണ്ടുകൾക്കിടയിൽ നിർമിതമായ ഇത്തരം പല വിശിഷ്ടമാതൃകകളും ലഭ്യമാണ്. ജന്തുസസ്യാദികളുടെ രൂപമാതൃകകൾ ചേർന്ന അരികുപാളങ്ങൾ ഈ താളിയോലകളെ മനോഹരമാക്കുന്നു. നീലയും ചുവപ്പുമല്ലാതെ മറ്റു ചായങ്ങൾ അന്ന് ഉപയോഗിക്കപ്പെട്ടിരുന്നില്ല.

അർമീനിയൻകലയിൽ വ്യക്തമായ രണ്ടു ഭാവങ്ങൾ ദൃശ്യമാണ്. ആലങ്കാരികവും കലാപരവുമായ മുൻതൂക്കത്തിനു കീഴിൽ മങ്ങിപ്പോകുന്ന മാനുഷികരൂപരചന പൌരസ്ത്യ സ്വാധീനതകളുടെ ഫലമാണ്. നേരേമറിച്ച്, ബൈസാന്തിയൻ അതിപ്രസരമുള്ള ചിത്രശില്പലേഖനങ്ങളിലാകട്ടെ, നിശ്ചിത സങ്കേതങ്ങൾക്കു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള യഥാതഥ ചിത്രീകരണങ്ങളാണ് അധികവും.

അവലംബം

[തിരുത്തുക]
  1. http://www.religioustolerance.org/paganism.htm Archived 2008-08-27 at the Wayback Machine. What do "Paganism" & "Pagan" mean?
  2. http://www.newadvent.org/cathen/09620a.htm A large number of manuscripts are covered with painted ornaments which may be presented under several forms:

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അർമീനിയൻ കല എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അർമീനിയൻ_കല&oldid=4139020" എന്ന താളിൽനിന്ന് ശേഖരിച്ചത്