Jump to content

തടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തടി നെടുകേ മുറിച്ചത്

വൃക്ഷങ്ങളുടേയും മറ്റും കാണ്ഡത്തിലും വേരിലും തൊലിക്കുള്ളിലായി കാണപ്പെടുന്ന നാരുകൾ നിറഞ്ഞ കട്ടിയുള്ള വസ്തുവാണ് തടി. ഇവ പ്രധാനമായും നിർമ്മാണാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. കടലാസിന്റെ നിർമ്മാണത്തിലും തടി പ്രധാന പങ്ക് വഹിക്കുന്നു.

ശാസ്ത്രപരം

[തിരുത്തുക]

ശാസ്ത്രീയമായി പറഞ്ഞാൽ ദ്വിതീയസൈലമാണ് തടി. ഏറെ വൈവിധ്യമാർന്നതും സങ്കീർണമായതുമായ പദാർഥമാണിത്. അതുകൊണ്ടുതന്നെ തടിക്ക് പലവിധ ഉപയോഗങ്ങളുമുണ്ട്. ഇതിലടങ്ങിയിട്ടുള്ള സെല്ലുലോസ്, ഹെമിസെല്ലുലോസ്, ലിഗ്നിൻ, എണ്ണകൾ, പശകൾ എന്നീ കാർബണിക പാദാർഥങ്ങളും മറ്റ് അജൈവ ലവണങ്ങളും തടിയെ നിർമ്മാണാവശ്യങ്ങൾക്കുപരി കടലാസ്, രാസവസ്തുക്കൾ എന്നിവയുടെ നിർമ്മാണത്തിനും ഇന്ധനത്തിനും ചില ഔഷധങ്ങൾക്കും ഉപയോഗപ്പെടുത്തുന്നു. സ്പെർമാറ്റോഫൈറ്റ്സ്(വിത്തുചെടികൾ) എന്ന വിഭാഗത്തിൽപ്പെട്ട സസ്യങ്ങളിൽ നിന്നാണ് വാണിജ്യപ്രാധാന്യമുള്ള തടി ലഭിക്കുന്നത്. സ്പെർമാറ്റോഫൈറ്റ്സിൽ അനാവൃതബീജികൾ (Gymnosperms), ആവൃതബീജികൾ (Angiosperms) എന്നീ രണ്ടു വിഭാഗങ്ങളാണുള്ളത്. പൈൻമരങ്ങളും മറ്റും ഉൾപ്പെടുന്ന സ്തൂപികാഗ്രിതവൃക്ഷങ്ങൾ (കോണിഫെറുകൾ) അനാവൃതബീജിവിഭാഗത്തിൽപ്പെടുന്നു. ഇവ മിതോഷ്ണമേഖലാ ആൽപൈൻ മേഖലകളിലാണ് പ്രധാനമായും കണ്ടുവരുന്നത്. മരങ്ങൾ മാത്രമുള്ള ഒരു വിഭാഗമാണ് അനാവൃതബീജികൾ. ഇവയുടെ തടി വ്യാവസായികാവശ്യങ്ങൾക്ക് വളരെ പ്രാധാന്യമുള്ളതാണ്. നേർത്തു മൃദുവായ തടിയായതിനാൽ ഇതിൽ പണിചെയ്യാൻ എളുപ്പമാണ്. അതിനാൽ കോണിഫറസ് തടികളെ വ്യാവസായികാടിസ്ഥാനത്തിൽ സോഫ്റ്റ് വുഡ് അഥവാ മൃദുനാരുകൾ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ഔഷധികളും വള്ളിച്ചെടികളും കുറ്റിച്ചെടികളും മുതൽ കൂറ്റൻ വൃക്ഷങ്ങൾ വരെ ഉൾപ്പെട്ട ബൃഹത്തായ ഗോത്രമാണ് ആവൃതബീജികൾ. ലോകവ്യാപനമുള്ളതാണിതിന്റെ ആവാസ വ്യവസ്ഥ. ഇതിന് ഏകബീജപത്രികൾ, ദ്വിബീജപത്രികൾ എന്നിങ്ങനെ രണ്ട് ഉപവിഭാഗങ്ങളുണ്ട്. പുല്ലുവർഗങ്ങൾ, മുളകൾ, പനകൾ എന്നിവ ഏകബീജപത്രികളിലെ അംഗങ്ങളാണ്. പരന്ന ഇലകളുള്ള സ്പീഷീസ് ദ്വിബീജപത്രികളിൽപ്പെടുന്നു. നാരുകൾ നിറഞ്ഞ പ്രത്യേക ഘടനകാരണം വൃക്ഷസ്വഭാവമുളള ഏകബീജപത്രികളിലെ മിക്കതും അറുത്ത് തടിയാക്കുന്നത് ക്ലേശകരമായ ജോലിയാണ്. അതിനാൽ ആവൃതബീജികളിൽ ദ്വിബീജപത്രികൾക്കാണ് പ്രാധാന്യം. തടി ഉത്പാദിപ്പിക്കുന്ന ദ്വിബീജപത്രികൾ അവയുടെ രൂപത്തിൽ ഏറെ വൈവിധ്യം പുലർത്തുന്നവയാണ്. ഉഷ്ണമേഖലയിലാണ് ഇവയുടെ എണ്ണം അധികമുള്ളത്. വൃക്ഷങ്ങൾക്കു പുറമേ വലിയ വള്ളികളിലും ചെടികളിലും തടി ഉണ്ടാകുമെങ്കിലും സാങ്കേതികമായി പറഞ്ഞാൽ വാണിജ്യ പ്രാധാന്യമുള്ള തടി ഉണ്ടാകുന്നത് വൃക്ഷങ്ങളിൽ മാത്രമാണ്.


ദ്വിബീജപത്രികളുടെ തടിക്ക് പൊതുവേ കോണിഫറുകളുടേതിനേക്കാൾ ഭാരവും ഘനവും കൂടുതലാണ്. അതിനാൽ തടി വാണിജ്യ വ്യാപാര രംഗത്ത് ദൃഢദാരുകൾ (hard wood) എന്നറിയപ്പെടുന്നു. എന്നാൽ ഭാരക്കുറവിൽ ഏറെ പ്രസിദ്ധമായ ബാർസയും (ഒക്റ കാലിരകിഡേൽ) പപ്പിതയും(റ്റിറോസിംബിയം റ്റിങ്റ്റോറിയം) ദ്വിബീജപത്രികളിൽപ്പെടുന്ന മരങ്ങളാണ്.

ഒരു വൃക്ഷത്തിലെ മിക്ക കോശങ്ങളും പൂർണവളർച്ചയെത്തിയാൽ പിന്നീട് വിഭജിക്കപ്പെടുന്നില്ല. കാണ്ഡത്തിന്റേയും വേരിന്റേയും അഗ്രഭാഗത്തുള്ള കോശങ്ങൾക്കും, തൊലിയുടേയും തടിയുടേയും ഇടയിലുള്ള കോശങ്ങൾക്കും മാത്രമേ വിഭജനശേഷി ഉണ്ടായിരിക്കുകയുള്ളൂ. ഇവ മെരിസ്ററമാറ്റിക് കോശങ്ങളെന്ന് അറിയപ്പെടുന്നു.

കാണ്ഡത്തിന്റേയും വേരിന്റേയും അറ്റത്തുള്ള വിഭജനകോശങ്ങളെ അഗ്രമെരിസ്റ്റമെന്നും തൊലിയുടേയും തടിയുടേയും ഇടയിലുള്ളതിനെ കേമ്പിയമെന്നും പറയുന്നു. അഗ്രമെരിസ്റ്റം വൃക്ഷത്തിന്റെ ഉയരം വർധിപ്പിക്കാൻ കാരണമാകുമ്പോൾ വൃക്ഷത്തിന്റെ വണ്ണം വർധിപ്പിക്കുന്നത് കേമ്പിയത്തിന്റെ പ്രവർത്തനം മൂലമാണ്.

കേമ്പിയം കാണ്ഡത്തിന്റേയും വേരിന്റേയും ഉള്ളിലേക്കും പുറമേക്കും കോശങ്ങൾ വിഭജിച്ചു തള്ളുന്നു. സാധാരണയായി കൂടുതൽ കോശങ്ങൾ ഉണ്ടാകുന്നത് ഉൾവശത്തേക്കാണ്. ഈ കല ക്രമേണ തടിയായി രൂപാന്തരപ്പെടുകയും മുമ്പുണ്ടായിട്ടുള്ള തടിയുടെ തുടർച്ചയായി നിലകൊള്ളുകയും ചെയ്യുന്നു. അങ്ങനെ എല്ലാ വർഷവും ഒരു പുതിയ നിര തടി കൂടി പഴയ തടിയോടു ചേരുകയും കേമ്പിയം പുറത്തേക്കു വിന്യസിക്കുകയും ചെയ്യുന്നു. കേമ്പിയത്തിൽനിന്ന് തൊലിയുടെ പുറത്തേക്കു വിഭജിക്കപ്പെടുന്ന കോശങ്ങൾ മുമ്പുണ്ടായിരുന്ന തൊലിയുമായി യോജിച്ചുചേരുന്നു. പുറമേയുള്ള തൊലി പൊളിഞ്ഞുപോകുന്നതിനാൽ പ്രായത്തിന്അനുസരിച്ച് മരത്തൊലിക്കു കട്ടി കൂടുന്നില്ല.

വാർഷിക വലയങ്ങൾ

[തിരുത്തുക]
യോക്ക് എന്ന മരത്തിന്റെ തടി കുറുകേ മുറിച്ചത്; വാർഷിക വലയങ്ങൾ, വെള്ള, കാതൽ, പൊങ്ങ് എന്നിവ ദൃശ്യമാണ്.

ഒരു വൃക്ഷത്തെ നെടുകേ പിളർന്നു നോക്കിയാൽ ഓരോ വർഷവും ഉണ്ടായിട്ടുള്ള തടി, കുറെ കോണുകൾ ഒന്നിനു മുകളിൽ ഒന്നായി അടുക്കിവച്ചിരിക്കുന്നതുപോലെ കാണാം. ചുവടു ഭാഗത്താണ് ഏറ്റവും കൂടുതൽ കോണുകളുടെ എണ്ണം. ഉയരം കൂടുന്നതിനനുസരിച്ച് ക്രമേണ എണ്ണം കുറഞ്ഞു വരുന്നതായും കാണാം. തടി കുറുകേ മുറിച്ചാൽ ഇവ ഒന്നിനു മുകളിൽ ഒന്നായി തുടർച്ചയായ നിരകളായി കാണപ്പെടുന്നു. ഇത് വാർഷിക വലയങ്ങൾ (Growth Rings)എന്ന പേരിൽ അറിയപ്പെടുന്നു. എല്ലായിനം മരങ്ങളിലും വാർഷിക വലയങ്ങൾ വ്യക്തമായിരിക്കുകയില്ല. ഹിമാലയ പ്രദേശങ്ങളിലെപ്പോലെ അന്തരീക്ഷ ഊഷ്മാവിനും കാലാവസ്ഥയ്ക്കും പൊതുവേ കാര്യമായ വ്യതിയാനമുള്ള സ്ഥലങ്ങളിൽ ഗ്രീഷ്മകാലത്ത് തടിയുത്പാദനം കുറഞ്ഞിരിക്കും. ഓരോ വർഷത്തിലും ആദ്യമായി ഉത്പാദിപ്പിക്കപ്പെടുന്ന തടിയിലെ കോശങ്ങൾ വലിപ്പം കൂടിയവയും നേർത്ത ഭിത്തിയുള്ളവയുമായിരിക്കും. ഇത് 'ഏർലി വുഡ്' എന്നറിയപ്പെടുന്നു. വളർച്ചാ കാലഘട്ടത്തിന്റെ അവസാന കാലത്തുണ്ടാകുന്ന തടി ചെറിയ സുഷിരങ്ങളും കട്ടികൂടിയ കോശഭിത്തിയുള്ളതുമായിരിക്കും. ഇത് 'സമ്മർ വുഡ്' അല്ലെങ്കിൽ 'ലേറ്റ് വുഡ്' എന്നറിയപ്പെടുന്നു. വാർഷിക വലയങ്ങളുടെ വ്യക്തത 'ഏർലി വുഡും' 'ലേറ്റ്വുഡും' തമ്മിലുള്ള അന്തരത്തെ ആസ്പദമാക്കിയായിരിക്കും.

വാർഷിക വലയങ്ങളുടെ എണ്ണം നോക്കി മരത്തിന്റെ പ്രായം കണണക്കാക്കാവുന്നതാണ്. മരം മുറിക്കാതെ തടി തുരന്നുനോക്കി പ്രായം കണക്കാക്കുന്നതിന് ഇൻക്രിമെന്റ് ബോറർ ഉപയോഗിക്കുന്നു.[1]

തടിയുടെ വെള്ളയും കാതലും

[തിരുത്തുക]

മരത്തിന്റെ തൊലിക്കുള്ളിലായി കാണുന്ന തടിയെ സാപ് വുഡ് (വെള്ള), ഹാർട്ട് വുഡ് (കാതൽ) എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു. മരത്തിന്റെ വളർച്ചയ്ക്കാവശ്യമായ ജലത്തിന്റേയും ലവണങ്ങളുടേയും വിനിമയം പ്രധാനമായും നടക്കുന്നത് വെള്ളയിലൂടെയാണ്. ജീവനുള്ള കോശങ്ങളാണ് വെള്ളയിലുള്ളത്. താരതമ്യേന വെള്ളനിറമാണിതിന്. കാതലിലെ കോശങ്ങൾ മൃതകോശങ്ങളാണ്. വൃക്ഷത്തിന് ബലം നല്കുന്നത് കാതലാണ്. തടിവെള്ളയിലെ കോശങ്ങൾ നിർജീവമാകുന്നതിനു മുമ്പുതന്നെ അവയിൽ പശയും, എണ്ണയും, റെസിനും, ടാനിനും മറ്റും വന്നു നിറയുന്നു; ക്രമേണ ഈ കോശങ്ങൾ കാതലായിത്തീരുന്നു. അതിനാൽ കാതലിന് പൊതുവേ ഇരുണ്ട നിറമായിരിക്കും. ചിലയിനം മരങ്ങൾക്ക് ഇരുണ്ടനിറമുള്ള കാതലുണ്ടായിരിക്കുകയില്ല. ഉദാ. റബ്ബര്‍, ചൂളമരം, മാവ്. അതുകൊണ്ട് ഇവയ്ക്ക് കാതൽ ഇല്ല എന്നർഥം വരുന്നില്ല. ഇത്തരത്തിലുള്ള തടികളിൽ നിർജീവമായ, എന്നാൽ വെള്ളയും കാതലും നിറഭേദമില്ലാത്ത കോശങ്ങളായിരിക്കും ഉണ്ടായിരിക്കുക.

കേമ്പിയത്തിൽ നിന്ന് വിഭജനം വഴി ഉത്പാദിപ്പിക്കപ്പെടുന്ന മെഡുല്ലറി റേയ്സ് ഒഴികെയുള്ള കോശങ്ങളുടെ പൊതുവേയുള്ള വിന്യാസം കുത്തനെയാണ്. എന്നാൽ സൂര്യരശ്മികൾപോലെ തടിയുടെ മധ്യഭാഗത്തിൽ നിന്നു പുറപ്പെടുന്ന മെഡുല്ലറി റേ കോശങ്ങൾ തൊലിഭാഗത്തുനിന്നും ഉള്ളിലേക്കു വൃക്ഷത്തിന് വളരാനാവശ്യമായ ഭക്ഷണ പദാർഥങ്ങൾ കൊണ്ടുപോകാനും മറ്റും സഹായിക്കുന്നു. ജീവനുള്ള പാരൻകൈമ കോശങ്ങളാണ് ഇതിലധികവും.

ദ്വിബീജപത്രികളുടെ തടികളിലെ രണ്ടാംഘട്ട വളർച്ച

[തിരുത്തുക]

പ്രാരംഭ വളർച്ചാഘട്ടത്തിൽ (primary growth) കാണ്ഡത്തിന്റെ നീളം കൂടുന്നതിനും അടിസ്ഥാന കോശരൂപീകരണത്തിനുമാണ് പ്രാധാന്യം. വളരെക്കാലം വളരുന്ന ദ്വിബീജപത്ര സസ്യങ്ങളിലും അടിസ്ഥാനപരമായ കോശരൂപീകരണത്തിനു ശേഷം കേമ്പിയം പ്രവർത്തനമാരംഭിക്കുന്നു. സ്റ്റീലാർ ഭാഗത്തുനടക്കുന്ന ഈ വിഭജനത്തിന്റെ ഫലമായി പുതിയ ദ്വിതീയ കോശങ്ങളുണ്ടാകുന്നു. വളരെ വൈകാതെ തന്നെ കോർക്ക് കേമ്പിയം എന്ന വിഭജനശേഷിയുള്ള ഒരു മെരിസ്റ്റം കാണ്ഡത്തിന്റെ ഉപരിതലത്തിൽ പ്രത്യക്ഷപ്പെടുന്നു. ഇതിന്റെ പ്രവർത്തനഫലമായി കോർക്ക് എന്ന മറ്റൊരു ദ്വിതീയകോശവിഭാഗം ഉണ്ടാകുന്നു. കേമ്പിയത്തിന്റേയും കോർക്ക് കേമ്പിയത്തിന്റേയും പ്രവർത്തനഫലമായി സ്റ്റീലാർ ഭാഗത്തും എക്സ്ട്രാ-സ്റ്റീലാർ ഭാഗത്തും ഉണ്ടാകുന്ന ദ്വിതീയ കോശങ്ങളുടെ ഉത്പാദനം കാരണം ഉണ്ടാകുന്ന തടിയുടെ ഗർത്ത വർധനവിനെയാണ് രണ്ടാംഘട്ട വളർച്ച അഥവാ ദ്വിതീയ വളർച്ച എന്നതുകൊണ്ടുദ്ദേശിക്കുന്നത്.

കേമ്പിയത്തിന്റെ പ്രവർത്തനം.

[തിരുത്തുക]

സംവഹനവ്യൂഹങ്ങളുടെ(vascular bundle) ഉള്ളിൽ കാണുന്ന കേമ്പിയം ഫാസിക്കുലാർ കേമ്പിയം എന്നറിയപ്പെടുന്നു. ഇതിനിരുവശത്തുമുള്ള മെഡുല്ലറിറേ കോശങ്ങൾ ക്രമേണ വിഭജനശേഷി കൈവരിക്കുന്നു. ഇത്തരത്തിലുള്ള കേമ്പിയമാണ് ഇന്റർഫാസിക്കുലാർ കേമ്പിയം. ഇത് ഇരുവശത്തുമുള്ള ഫാസിക്കുലാർ കേമ്പിയവുമായി ചേർന്ന് കേമ്പിയൽ വലയം രൂപംകൊള്ളുന്നു. സമ്പൂർണ വിഭജനശേഷി കൈവരിക്കുന്ന ഈ കേമ്പിയത്തിന്റെ വലയം അകത്തേക്കും പുറത്തേക്കും കോശങ്ങളെ വിഭജിച്ചു തള്ളുന്നു.

തെങ്ങിൻ തടി മുറിച്ചിട്ടിരിക്കുന്നു. ഇതുപോലെ കാണുമ്പോൾ ഇതിനും ദ്വിബീജപത്രികൾക്കും സൂച്യഗ്രവൃക്ഷങ്ങൾക്കും തമ്മിൽ വലിയ വ്യത്യാസം തോന്നുകയില്ല.

പുറത്തേക്കു വിഭജിക്കപ്പെടുന്ന കോശങ്ങൾ ക്രമേണ ഫ്ലോയം ടിഷ്യുവിന്റെ വിവിധ ഭാഗങ്ങളായിത്തീരും. ഇതിനെ രണ്ടാംഘട്ട ഫ്ളോയം (ദ്വിതീയ ഫ്ലോയം)എന്നു വിളിക്കുന്നു. ഇത് സീവ് ട്യൂബുകൾ, കമ്പാനിയൻ കോശങ്ങൾ, ഫ്ലോയം പാരൻകൈമ, ബാസ്റ്റ് ഫൈബറുകൾ എന്നിവ അടങ്ങിയതാണ്. ദ്വിതീയസൈലമായി രൂപാന്തരപ്പെടുന്നവയിൽ സൈലം വെസലുകൾ, ട്രക്കീഡുകൾ, സൈലം ഫൈബർ, സൈലം പാരൻകൈമ എന്നീ കോശങ്ങൾ അടങ്ങിയിരിക്കുന്നു. കേമ്പിയം പുറത്തേക്കാൾ കൂടുതൽ കോശങ്ങൾ വിഭജിച്ചു തള്ളുന്നത് ഉള്ളിലേക്കാണ്. അതിനാൽ രണ്ടാംഘട്ട വളർച്ചാസമയത്ത് ഫ്ലോയത്തെക്കാളേറെ സൈലമാണ് സസ്യകാണ്ഡത്തിലും വേരിലും മറ്റും കൂടുതലായുണ്ടാവുക. തുടർച്ചയായി നിർമ്മിക്കപ്പെടുന്ന ദ്വിതീയ സൈലത്തിന്റെ തള്ളൽകാരണം കേമ്പിയവും അതിനു ചുറ്റുമുളള മറ്റു ഭാഗങ്ങളും പുറത്തേക്കു തളളപ്പെടുന്നു. ഇക്കാരണത്താൽത്തന്നെ ചില പ്രാഥമിക കലകളും നശിപ്പിക്കപ്പെടുന്നു. എന്നാൽ പ്രാഥമിക സൈലം (primary xylem) കാണ്ഡത്തിന്റെ കേന്ദ്രത്തിൽ പ്രത്യേകിച്ച് കേടുപാടൊന്നും കൂടാതെ നിലകൊള്ളുകയും ചെയ്യുന്നു. അവിടവിടെയായി നേർത്ത വരകൾ പോലെ ദ്വിതീയ സൈലത്തിന്റേയും ഫ്ളോയത്തിന്റേയും ഉള്ളിലൂടെ സെക്കൻഡറി മെഡുല്ലറി റേ കാണപ്പെടുന്നു. തടിയിൽ കാതലിന്റെ അംശം കൂടുതൽ രൂപപ്പെടാൻ ഒരുകാരണമായി കരുതുന്നത് ഈ മെഡില്ലറി റേയുടെ പ്രവർത്തനമാണ്. തടിവെള്ളയിൽ നിന്ന് റെസിനും മറ്റു ലവണപദാർഥങ്ങളും കാതൽ ഭാഗത്തേക്ക് കൊണ്ടെത്തിക്കാൻ സഹായിക്കുന്നത് റേ കോശങ്ങളാണ്.

കോർക്ക് കേമ്പിയത്തിന്റെ ഉറവിടവും പ്രവർത്തനവും

[തിരുത്തുക]

കാണ്ഡത്തിന്റെ ഉൾഭാഗങ്ങളിൽ പുതിയകോശങ്ങൾക്കു ജന്മം കൊടുക്കുമ്പോൾ കാണ്ഡത്തിന്റെ ബാഹ്യവശങ്ങളിലുള്ള കോശങ്ങൾ പ്രത്യേകിച്ചും തൊലിപ്പുറത്തുള്ള ബാഹ്യചർമ കോശങ്ങൾ വലിയുകയും ചിലയിടങ്ങളിൽ മുറിയുകയും ചെയ്യുന്നു. ഉൾവശത്തുള്ള സ്ക്ളീറൻകൈമയും കോളൻകൈമയും ചുരുളുകയും ചെയ്യുന്നു. ബാഹ്യവശത്തു സംഭവിക്കുന്ന ഈ നാശത്തെ അതിജീവിച്ച് കാണ്ഡത്തിന്റെ ശക്തി നിലനിർത്താൻ കോർക്ക് കേമ്പിയം അഥവാ ഫെല്ലോജൻ (ഫെല്ലോസ് എന്നാൽ കോർക്ക്, ജെൻ എന്നാൽ ജനിപ്പിക്കുന്ന) അഗ്രഭാഗത്തായി ഉണ്ടാകുന്നു.

കാണ്ഡത്തിന്റെ പുറം ഭാഗത്തുള്ള കോളൻകൈമകോശങ്ങളിലാണ് കോർക്ക് കേമ്പിയം രൂപപ്പെടുന്നത്; ചുരുക്കം ചില സന്ദർഭങ്ങളിൽ ബാഹ്യചർമത്തിലും. ഇതിന് വിഭവശേഷി ഉള്ളതിനാൽ പുറത്തേക്കും ഉള്ളിലേക്കും പുതിയ കോശങ്ങൾക്ക് രൂപം കൊടുക്കുന്നു. പുറത്തേക്കു വിഭജിക്കപ്പെടുന്ന കോശങ്ങൾ കോർക്കായി ത്തീരുന്നു. ഉള്ളിലേക്കു വിഭജിച്ച കോശങ്ങൾ ദ്വിതീയ കോർടെക്സായിത്തീരുന്നു.

അവലംബം

[തിരുത്തുക]
  1. പേജ് 105, ബല കൈരളി വിജ്ഞനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തടി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തടി&oldid=2419430" എന്ന താളിൽനിന്ന് ശേഖരിച്ചത്