Jump to content

ആട്ടക്കഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രുഗ്മിണീസ്വയം‌വരം കഥകളി

കഥകളിയുടെ സാഹിത്യരൂപമാണ് ആട്ടക്കഥ. കഥകളി എന്ന കലാരൂപത്തിന്റെ രംഗാവതരണത്തിന് ഉപയോഗിക്കുന്ന നാട്യപ്രബന്ധമാണിത്. ആട്ടക്കഥയുടെ ദൃശ്യആവിഷ്കാരമാണ് കഥകളി എന്നുപറയാം. രാമായണം കഥകളെ ആസ്പദമാക്കി കൊട്ടാരക്കര തമ്പുരാൻ രചിച്ചവയാണ് ആദ്യത്തെ ആട്ടക്കഥകൾ. ഉണ്ണായി വാര്യർ എഴുതിയ നളന്റെയും ദമയന്തിയുടെയും കഥയായ നളചരിതം ആട്ടക്കഥ, വയ്സ്കര ആര്യൻ നാരായണൻ മൂസ്സ് രചിച്ച ഭാരതയുദ്ധത്തിൽ ഭീമൻ ദുര്യോധനനെ വധിക്കുന്ന ദുര്യോധനവധം, കോട്ടയത്ത് തമ്പുരാൻ രചിച്ചപാഞ്ചാലിക്കായി കല്യാണസൗഗന്ധികം തേടി പോകവേ വയോവൃദ്ധനായ ഹനുമാനെ നേരിടുന്ന ഭീമന്റെ കഥയായ കല്യാണസൗഗന്ധികം (ആട്ടക്കഥ), ഇരയിമ്മൻ തമ്പി രചിച്ച ഭീമൻ കീചകനെ വധിക്കുന്ന കീചകവധം, ഇരട്ടക്കുളങ്ങര രാമവാര്യർ രചിച്ച അർജ്ജുനനും ശിവനും തമ്മിൽ നടന്ന യുദ്ധത്തിന്റെ കഥ പറയുന്ന കിരാതം, മാലി എന്നറിയപ്പെടുന്ന മാധവൻ നായർ രചിച്ച കർണ്ണന്റെ കഥപറയുന്ന കർണ്ണശപഥം എന്നിവ പ്രശസ്തമായ ചില ആട്ടക്കഥകളാണ്. ഇന്ന് കഥകളിയെ കൂടുതൽ ജനകീയമാക്കുവാനായി ഷേക്സ്പിയറിന്റെ കിംഗ് ലിയർ, ബൈബിളിലെ മഗ്ദലനാ മറിയത്തിന്റെ കഥ എന്നിവ ആട്ടക്കഥയാക്കി അവതരിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്.

സവിശേഷതകൾ

[തിരുത്തുക]

പ്രധാനമായും പുരാണ കഥകളെ ആസ്പദമാക്കിയുള്ളവയാണ് ആട്ടക്കഥകൾ അധികവും. പദങ്ങൾ, ദണ്ഡകങ്ങൾ, ശ്ലോകങ്ങൾ, സാരികൾ, എന്നിങ്ങനെയുള്ള രചനാ സമ്പ്രദായം ആട്ടക്കഥയെ മറ്റുള്ള കൃതികളിൽ നിന്നും വ്യത്യസ്തമാക്കുന്നു. ആട്ടക്കഥകളിൽ ശ്ലോകങ്ങൾ മിക്കപ്പോഴും കവിവാക്യവും പദങ്ങൾ കഥാപാത്രവാക്യങ്ങളുമാണ്‌. ശ്ലോകങ്ങൾ കഥാപാത്രത്തിന്റെ അവസ്ഥയെപ്പറ്റിയോ കഥാ സന്ദർഭത്തെപ്പറ്റിയോ ഉള്ള കവിയുടെ പ്രസ്താവനയുമാണ്‌. എന്നാൽ ചില ശ്ലോകങ്ങൾ ആടുവാനുള്ളതുമാണ്‌. പദങ്ങൾ എന്നുള്ളത് കഥാപാത്രവാക്യങ്ങളായതിനാൽ നടന്മാർ പദങ്ങൾക്കനുചിതമായിട്ടുള്ള രസഭാവങ്ങളോടെ കഥാപാത്രത്തെ പ്രേക്ഷകനുമുൻപിൽ അവതരിപ്പിക്കുന്നു.[1]

ചരിത്രം

[തിരുത്തുക]

തുള്ളൽ, കൈകൊട്ടി(തിരുവാതിര)ക്കളി തുടങ്ങിയവയെപ്പോലെ കഥകളിയും കേരളീയമായ ഒരു രംഗകല (Performing Art) ആണ്; ആട്ടക്കഥ മലയാളത്തിലെ പ്രമുഖമായ ഒരു സാഹിത്യപ്രസ്ഥാനവും. കൂത്ത്, കൂടിയാട്ടം, പാഠകം എന്നിവയെപ്പോലെ കഥകളിക്ക് അത്ര വളരെ പഴക്കമില്ല. ആദ്യത്തെ ആട്ടക്കഥാകർത്താവെന്നും രാമനാട്ടത്തിന്റെ ഉപജ്ഞാതാവെന്നും പൊതുവായി അറിയപ്പെടുന്ന കൊട്ടാരക്കര രാജാവ് എ.ഡി. 17-ാം ശ.-ത്തിന്റെ ഉത്തരാർധത്തിലായിരിക്കണം ജീവിച്ചിരുന്നതെന്നാണ് മിക്ക 'നിരൂപകൻമാരും അഭിപ്രായപ്പെടുന്നത്. രാമനാട്ടത്തിന്റെ മുന്നോടിയെന്ന് വിശ്വസിക്കപ്പെട്ടുപോരുന്ന കൃഷ്ണനാട്ടം-മറിച്ചും ഒരു വാദമുണ്ട്-ഭാഗവതാന്തർഗതമായ ശ്രീകൃഷ്ണകഥകളെ എട്ടായി വിഭജിച്ച് ഒരു സംസ്കൃതനാട്യപ്രബന്ധം രചിച്ചിരിക്കുന്നതുപോലെ, കൊട്ടാരക്കര രാജാവ് രാമായണത്തിലെ ഇതിവൃത്തം എട്ടു ഭാഗങ്ങളായി സംവിധാനം ചെയ്തു നിബന്ധിച്ചതാണ് രാമനാട്ടം എന്ന വിശ്വാസത്തിന് പണ്ഡിതൻമാരുടെ ഇടയിൽ സാമാന്യമായ അംഗീകാരം കിട്ടിയിട്ടുണ്ട്; ചില പ്രാചീനഭാഷാപ്രയോഗസവിശേഷതകൾ ഇടയ്ക്കിടയ്ക്കു കാണാനുണ്ടെങ്കിലും രാമായണം ആട്ടക്കഥ മിക്കവാറും മണിപ്രവാളമയം തന്നെയാണ്. ഭാഷാപ്രയോഗവിധങ്ങളെപ്പറ്റി നിയതമായ നിബന്ധനകളൊന്നും ആട്ടക്കഥാസാഹിത്യത്തിൽ ഒരു കാലത്തും നടപ്പില്ലാതിരുന്നതിനാൽ പില്ക്കാലത്ത് ഈ പ്രസ്ഥാനത്തിലുണ്ടായ കൃതികളിൽ ശ്ലോകങ്ങൾ (അപൂർവമായി ഗാനങ്ങളും) സംസ്കൃതത്തിലും 'പദ'ങ്ങൾ മണിപ്രവാളത്തിലുമാണ് കൂടുതലായും കണ്ടുവരുന്നത്. തികഞ്ഞ സംസ്കൃത പക്ഷപാതികളായ കോട്ടയത്തുതമ്പുരാൻ, അശ്വതിതിരുനാൾ രാമവർമ തുടങ്ങിയവർ ആകപ്പാടെ ഒന്നോ രണ്ടോ മണിപ്രവാളശ്ലോകങ്ങൾ തങ്ങളുടെ കൃതികളിൽ ഉൾ​പ്പെടുത്തിയപ്പോൾ കൊട്ടാരക്കര രാജാവും ഉണ്ണായിവാരിയരും മറ്റുചിലരും ശ്ലോകങ്ങൾ പ്രായേണ മലയാളത്തിൽ രചിക്കാനാണ് ഇഷ്ടപ്പെട്ടത്. ഇവരുടെയും മറ്റു ചിലരുടെയും ഗാനങ്ങളിലെ ചില ഭാഗങ്ങൾ ഇതിനിടയ്ക്കു തനി സംസ്കൃതമയമായിത്തന്നെ കാണാനുമുണ്ട്. ചുരുക്കത്തിൽ ആട്ടക്കഥകളിലെ ഭാഷാപ്രയോഗം ഒരു വിധത്തിലുള്ള സാമാന്യവത്കരണത്തിനും വഴങ്ങുന്ന ഒന്നല്ല.

സംവിധാനം

[തിരുത്തുക]

ആട്ടക്കഥകളിൽ വിവിധരംഗങ്ങളെ തമ്മിൽ കൂട്ടിയിണക്കുന്നതും ആവശ്യമായ പാത്രാവതരണസൂചനകൾ നല്കുന്നതും ശ്ലോകങ്ങളാണ്; അപൂർവമായി ദണ്ഡകങ്ങളും. ഉണ്ണായിവാരിയർ നളചരിതം മൂന്നാംദിവസത്തെ കഥയിൽ സാമാന്യം ദീർഘമായ ഒരു സംസ്കൃതഗദ്യം ('ഇത്യൈവമൈകമത്യാ...') ഉപയോഗിച്ചിട്ടുണ്ടെങ്കിലും അതിനെ അനുകരിക്കാൻ മറ്റ് ആട്ടക്കഥാകൃത്തുകളാരും മുന്നോട്ട് വന്നതായി കാണുന്നില്ല. ശ്ലോകങ്ങളും ദണ്ഡകങ്ങളും കഴിഞ്ഞാൽ ബാക്കിയുള്ള ഭാഗം കഥാപാത്രങ്ങളുടെ സംഭാഷണമാണ്. കർണാടകസംഗീതത്തിൽ പ്രചാരമുള്ള മിക്ക രാഗങ്ങളിലും നിബന്ധിച്ചിട്ടുള്ള ഗാനങ്ങൾവഴിയാണ് സംഭാഷണം നിർവഹിക്കപ്പെടുക. ഈ പാട്ടുകൾക്ക് കഥകളിപ്രസ്ഥാനത്തിൽ 'പദ'ങ്ങൾ എന്നാണ് പറഞ്ഞുവരുന്നത്. കർണാടകഗാനാലാപനരീതിയിലുള്ള 'ദേശ്യ'സമ്പ്രദായത്തിൽ നിന്ന് വ്യത്യസ്തമായി കഥകളിപ്പദങ്ങൾ പാടിവരുന്നത് 'സോപാനം' എന്നു പറയപ്പെടുന്ന മാധ്യമത്തിലൂടെയാണ്. കഥാരംഭത്തിൽ നായകനെ അവതരിപ്പിക്കുന്ന 'നിലപ്പദം', സ്ത്രീകഥാപാത്രങ്ങളുടെ നൃത്തപ്രധാനമായ 'സാരി', 'കുമ്മി' തുടങ്ങിയവ സാമാന്യേന അഭിനയപ്രധാനങ്ങളല്ല.

ആട്ടക്കഥാ സാഹിത്യത്തിൽ വന്ദനം, വസ്തുനിർദ്ദേശം എന്നിവയ്ക്കുള്ള ശ്ലോകങ്ങൾ കഴിഞ്ഞാൽ നായകപ്രവേശനത്തിനുള്ള രംഗാവതരണശ്ലോകമായി; പിന്നീട് തനിച്ചോ ഇതരകഥാപാത്രങ്ങളുമായോ ഉള്ള സംഭാഷണങ്ങൾ നിർവഹിക്കുന്നതിനുള്ള 'പദ'ങ്ങളും. രംഗസംക്രമങ്ങളിലുള്ള ശ്ലോകങ്ങൾ മിക്കവാറും നാടകങ്ങളിലെ രംഗാരംഭനിർദ്ദേശങ്ങൾക്കു തുല്യമാണ്. രംഗത്ത് കാണിക്കാത്തതോ കാണിക്കേണ്ടാത്തതോ ആയ കഥാഭാഗങ്ങൾ കഥകളിയിൽ ശ്ലോകത്തിൽ രചിച്ചിരിക്കുകയാൽ വിസ്തൃതമായ ഏതെങ്കിലും കാര്യം ചുരുക്കിപ്പറയുന്നതിനു 'ശ്ലോകത്തിൽ കഴിക്കുക' എന്നൊരു ശൈലിയും ആട്ടക്കഥാപ്രസ്ഥാനം മലയാളസാഹിത്യത്തിന് നല്കിയിട്ടുണ്ട്.

രാമനാട്ടം കൃതികൾ

[തിരുത്തുക]

ഒരു ദൃശ്യകലാപ്രസ്ഥാനമെന്ന രീതിയിൽ കോഴിക്കോട്ട് മാനവേദന്റെ കൃഷ്ണനാട്ടമാണോ കൊട്ടാരക്കരരാജാവിന്റെ രാമനാട്ടമാണോ ആദ്യം ആവിർഭവിച്ചതെന്ന തർക്കത്തിന്റെ ഫലം എങ്ങനെയായിരുന്നാലും, ആദ്യത്തെ ആട്ടക്കഥ കൊട്ടാരക്കര രാജാവിന്റെ രാമായണമാണ് എന്ന വസ്തുത നിർവിവാദമാണ്. അദ്ദേഹം രാമായണേതിവൃത്തത്തിനെ എട്ടു ദിവസങ്ങളായി അവതരിപ്പിക്കാൻ തക്കവണ്ണം എട്ടായി വിഭജിച്ചു: (i) പുത്രകാമേഷ്ടി; (ii) സീതാസ്വയംവരം; (iii) വിച്ഛിന്നാഭിഷേകം; (iv) ഖരവധം; (v) ബാലിവധം; (vi) തോരണയുദ്ധം;(vii) സേതുബന്ധനം; (viii) യുദ്ധം. ഭാഷാശുദ്ധിയും സാഹിത്യമേന്മയും കുറവാണെങ്കിലും രംഗപ്രയോഗക്ഷമതയിൽ ഈ രാമായണകഥകൾ മിക്കതും പ്രേക്ഷകർക്ക് ആസ്വാദ്യമായിത്തന്നെ നിലക്കൊള്ളുന്നു. സീതാസ്വയംവരം, ഖരവധം, ബാലിവധം, തോരണയുദ്ധം എന്നിവയിലെ രംഗങ്ങളിലൂടെ കഥകളി പ്രസ്ഥാനത്തിൽ പില്ക്കാലത്ത് വികാസം പ്രാപിച്ച എല്ലാത്തരം വേഷവിധാനങ്ങൾക്കും ബീജാവാപം ചെയ്യുവാൻ അദ്ദേഹത്തിനു സാധിച്ചു. 'നിണം' ഉൾ​പ്പെടെയുള്ള എല്ലാവിധ വേഷങ്ങൾക്കും കൊട്ടാരക്കരരാജാവ് തന്റെ കൃതികൾ ഔചിത്യദീക്ഷയോടുകൂടി യഥാസന്ദർഭം രംഗമൊരുക്കിയിരിക്കുന്നു.

കോട്ടയം കഥകൾ

[തിരുത്തുക]

ആട്ടക്കഥ എന്ന പ്രസ്ഥാനം ഉദ്ഘാടനം ചെയ്തു എന്ന ബഹുമതി കൊട്ടാരക്കര രാജാവിനാണെങ്കിലും അതിനെ ഒരു പ്രസ്ഥാനമാക്കി വളർത്തിയെടുത്തതു കോട്ടയത്തുതമ്പുരാനാണ്. സംഗീതസാഹിത്യഗുണങ്ങളും രംഗാവതരണയോഗ്യതകളും വിവിധ രസാഭിനയാവസരങ്ങളും തികഞ്ഞ ബകവധം, കല്യാണസൗഗന്ധികം, കിർമീരവധം, കാലകേയവധം എന്നീ നാല് ആട്ടക്കഥകളാണ് ഒരു പണ്ഡിതനും നടനും കൂടിയായിരുന്ന കോട്ടയം തമ്പുരാന്റെ കൃതികൾ. ഇവയിലെ ഇതിവൃത്തങ്ങൾ മഹാഭാരതത്തിൽനിന്നും എടുത്തവയാണ്. ആദ്യത്തെ രണ്ടു കഥകളിലും ഭീമസേനനും, മൂന്നാമത്തേതിൽ യുധിഷ്ഠിരനും, ഒടുവിലത്തേതിൽ അർജുനനുമാണ് നായകൻമാർ. ഇവയുടെ സാഹിത്യമൂല്യത്തെക്കുറിച്ചും രംഗപ്രയോഗയോഗ്യതയെക്കുറിച്ചും അക്കാലത്തുണ്ടായ ഒരു വിദഗ്ദ്ധാഭിപ്രായം ഒരു ഐതിഹ്യത്തിന്റെ രൂപത്തിൽ ഇന്നും പ്രചരിച്ചുവരുന്നു. മേല്പറഞ്ഞ ക്രമമനുസരിച്ച് ഓരോ കഥയും എഴുതി തന്റെ ഗുരുവിനെ-വിദുഷിയായ മാതാവിനെയാണെന്നും ഒരു പക്ഷാന്തരമുണ്ട്-കാണിച്ചപ്പോൾ ഉണ്ടായ പ്രതികരണം ഇങ്ങനെയായിരുന്നത്രെ: ബകവധം സ്ത്രീകൾക്ക് കൈകൊട്ടിക്കളിക്ക് പാടാൻമാത്രമേ കൊള്ളുകയുള്ളു; കല്യാണസൗഗന്ധികം എഴുതിയത് ഒരു സ്ത്രീജിതനാണോ എന്ന് ആളുകൾ സംശയിച്ചേക്കും; കിർമീരവധം മനസ്സിലാക്കണമെങ്കിൽ ഒരു അധ്യാപകന്റെ ആവശ്യമുണ്ട് (അത്രകഠിനമാണത്); കാലകേയവധം ആടാനും പാടാനും പഠിക്കാനും പഠിപ്പിക്കാനും നന്നുതന്നെ' പരമ്പരാഗതമായി വിശ്വസിക്കപ്പെട്ടുപോരുന്ന ഈ ഐതിഹ്യം, പ്രചാരത്തിന്റെ കാര്യത്തിൽ ഇന്നും കാലകേയവധത്തിന് ഒന്നാംസ്ഥാനം കൊടുക്കുന്നതിനെ ഏതാണ്ട് സാധൂകരിക്കുന്നു.

നളചരിതം ആട്ടക്കഥ

[തിരുത്തുക]

ആട്ടക്കഥാപ്രസ്ഥാനത്തിൽ മാത്രമല്ല, കേരളീയ സാഹിത്യത്തിൽത്തന്നെ അത്യുന്നതസ്ഥാനം അലങ്കരിക്കുന്ന ഒരു അപൂർവസൃഷ്ടിയാണ് ഉണ്ണായിവാരിയരുടെ നളചരിതം. മറ്റു കൃതികൾ ഒന്നും രചിച്ചിട്ടില്ലെങ്കിൽ പോലും (ഗിരിജാകല്യാണം ഇദ്ദേഹത്തിന്റെ കൃതിയാണെന്ന് ചിലർ വാദിക്കുന്നുണ്ട്.) ഈ ഒരൊറ്റ ദൃശ്യകാവ്യംകൊണ്ട് വാരിയർ മലയാളസാഹിത്യത്തിലും കഥകളിമണ്ഡലത്തിലും ശാശ്വതപ്രതിഷ്ഠ നേടിയിരിക്കുന്നു. അന്ന് നിലവിലിരുന്ന ഏതെങ്കിലും നാട്യശാസ്ത്രസിദ്ധാന്തങ്ങൾക്കോ അഭിനയസങ്കല്പങ്ങൾക്കോ പൂർണമായി വിധേയനാകാതെ, പദഘടനയിലും ശൈലീസംവിധാനത്തിലും തികഞ്ഞ ഉച്ഛൃംഖലതയും, പാത്രാവിഷ്കരണത്തിലും കഥാസംവിധാനത്തിലും സ്വതസ്സിദ്ധമായ മനോധർമവും പ്രദർശിപ്പിക്കുന്ന വാരിയർ മഹാഭാരതാന്തർഗതമായ നളദമയന്തീകഥയെ ആസ്വാദ്യതമമായ ഒരു സംഗീതനാടകമാക്കി അവതരിപ്പിച്ചിരിക്കുന്നു ഈ കൃതിയിൽ. കഥാപാത്രങ്ങളുടെ ഭാവാവിഷ്കരണത്തിലും സന്ദർഭഘടനകളിലും സംഭാഷണങ്ങളിലും അത്ഭുതകരമായ മാനസികാപഗ്രഥനനിപുണത വാരിയർ പ്രദർശിപ്പിക്കുന്നു. നവപരിണീതരായ നളദമയന്തിമാരെ ആശീർവദിക്കാൻ സരസ്വതീദേവി പറഞ്ഞതായി ഇതിലുള്ള

എന്ന വരദാനം കവിയേയും സവിശേഷം അനുഗ്രഹിച്ചിരിക്കുന്നു എന്ന് നളചരിതം വ്യക്തമാക്കുന്നു.

തിരുവിതാംകൂർ രാജാക്കൻമാരുടെ സംഭാവനകൾ

[തിരുത്തുക]

കലാഭിവൃദ്ധിക്ക് പ്രോത്സാഹനം നല്കുന്നത് തങ്ങളുടെ രാജധർമങ്ങളിലൊന്നാണെന്നു വിശ്വസിച്ച് അതനുസരിച്ച് പ്രവർത്തിച്ച ഒരു മഹാരാജാവാണ് തിരുവിതാംകൂറിലെ കാർത്തികതിരുനാൾ രാമവർമ (1724-98). വിവിധ ഭാഷകളിലും കലകളിലും പണ്ഡിതനായിരുന്ന ഇദ്ദേഹം പല വിദ്വാൻമാർക്കും പ്രോത്സാഹനം നല്കിയിരുന്നതിനു പുറമേ രാജസൂയം, സുഭദ്രാഹരണം, ബകവധം, ഗന്ധർവവിജയം, പാഞ്ചാലീസ്വയംവരം, കല്യാണസൗഗന്ധികം, നരകാസുരവധം(അപൂർണം) എന്നിത്രയും ആട്ടക്കഥകളും, ബാലരാമഭരതം എന്ന നാട്യശാസ്ത്രഗ്രന്ഥവും എഴുതിയിട്ടുണ്ട്. പല സ്ഥലങ്ങളിലും കൊട്ടാരക്കരരാജാവിന്റെയും കോട്ടയത്ത് തമ്പുരാന്റെയും കൃതികളെ അനുകരിച്ചെഴുതപ്പെട്ടിട്ടുള്ള ഈ ആട്ടക്കഥകൾക്കു സാഹിത്യപരമോ സംഗീതപരമോ ആയ മൗലികപ്രാധാന്യം കല്പിക്കാവുന്നതല്ല. എന്നാൽ, നരകാസുരവധം രംഗത്തു സാമാന്യം വിജയിക്കാറുണ്ട്; രാജസൂയവും ഒട്ടും മോശമല്ല.

ഇദ്ദേഹത്തിന്റെ ഭാഗിനേയനായ അശ്വതിതിരുനാൾ രാമവർമയും (1756-94) കഥകളി പ്രസ്ഥാനത്തിന് സാരമായ സംഭാവനകൾ ചെയ്ത ഒരു രാജകുടുബാംഗമാണ്. തന്റെ മാതുലൻ പൂർത്തിയാക്കാതിരുന്ന നരകാസുരവധം ഇദ്ദേഹം മുഴുവനാക്കി; പുറമേ, പൗണ്ഡ്രകവധം, അംബരീഷചരിതം, രുക്മിണീസ്വയംവരം, പൂതനാമോക്ഷം എന്നീ നാലു കഥകൾകൂടി എഴുതുകയും ചെയ്തു. ശബ്ദപ്രയോഗവൈചിത്യ്രം, സാഹിത്യമൂല്യം, അവതരണയോഗ്യത, സംഗീതസ്ഫൂർത്തി എന്നീ ഘടകങ്ങളിൽ അശ്വതിയുടെ കൃതികളെ കോട്ടയം കഥകളോട് തുലനം ചെയ്യാം. ഇവയിൽ പൗണ്ഡ്രകവധം ഒഴികെയുള്ളവ എല്ലാ കഥകളിരംഗങ്ങളിലും പ്രചാരം നേടിയവയാണ്.

സ്വാതിതിരുനാൾ രാമവർമയുടെ അനുജനായ ഉത്രംതിരുനാൾ മാർത്താണ്ഡവർമയും (1815-61) കഥകളി പ്രോത്സാഹനത്തിൽ ബദ്ധശ്രദ്ധനായ ഒരു തിരുവിതാംകൂർ രാജാവായിരുന്നു. സംഗീത സാഹിത്യാദികളിൽ ഒന്നാം സ്ഥാനത്തിന് അർഹമല്ലാത്ത സിംഹധ്വജചരിതം എന്നൊരു ആട്ടക്കഥ മാത്രമേ ഇദ്ദേഹം രചിച്ചിട്ടുള്ളുവെങ്കിലും, തിരുവിതാംകൂറിൽ കഥകളിപ്രസ്ഥാനത്തിന്റെ നവോത്ഥാനത്തിനു വലിയ സംഭാവന ചെയ്ത ഒരു രാജകീയ രക്ഷാധികാരിയായി ഇദ്ദേഹം സ്മരിക്കപ്പെട്ടുവരുന്നു.

ഇരയിമ്മൻ തമ്പി

[തിരുത്തുക]

ഈ നവോത്ഥാനത്തിന് ഉത്രംതിരുനാളിനോടൊപ്പമോ അതിലധികമോ ഉത്തരവാദിത്തം വഹിക്കുന്ന മറ്റൊരു പ്രധാനവ്യക്തിയാണ് സംഗീതസാഹിത്യമർമജ്ഞനായ ഇരയിമ്മൻതമ്പി(രവിവർമൻ). ഇദ്ദേഹം രചിച്ച ആട്ടക്കഥകൾ കീചകവധം, ഉത്തരാസ്വയംവരം, ദക്ഷയാഗം എന്നിവയാണ്. കോട്ടയത്തുതമ്പുരാൻ, ഉണ്ണായിവാരിയർ, അശ്വതിതിരുനാൾ എന്നിവരുടെ നാട്യപ്രബന്ധങ്ങളിലെ സാഹിത്യഗുണം തമ്പിയുടെ ആട്ടക്കഥകളിൽ കാണാൻ സാധിക്കില്ലെങ്കിലും മനോരഞ്ജകമായ പദസന്നിവേശവും ഗേയസുഗമതയുംകൊണ്ട് ഇവ കളിയരങ്ങുകളിൽ അദ്വിതീയമായ പദവി കരസ്ഥമാക്കിയിട്ടുണ്ട്.

വി. കൃഷ്ണൻ തമ്പി

[തിരുത്തുക]

ആട്ടക്കഥാസാഹിത്യത്തിന്റെയും കഥകളിസാഹിത്യത്തിന്റെയും ആധുനികനവോത്ഥാനദശയ്ക്ക് വിസ്മരിക്കാൻ സാധിക്കാത്ത ഒരു നാമധേയമാണ് വി. കൃഷ്ണൻ തമ്പിയുടേത് (1890-1938). സംസ്കൃതത്തിലും മലയാളത്തിലും വിവിധശാഖകളിലായി ഇരുപതിലേറെ കൃതികൾ രചിച്ച തമ്പി ദൃശ്യകലാപോഷണത്തിലും അതീവ തത്പരനായിരുന്നു. 1930 കാലങ്ങളിൽ തിരുവനന്തപുരത്ത് ഇദ്ദേഹം സ്ഥാപിച്ച കഥകളി ക്ലബ് ആ പരമ്പരയിൽ കേരളത്തിൽ ആദ്യമായി ഉടലെടുത്ത ദൃശ്യകലാകേന്ദ്രമാണ്. കർണാടക സംഗീതത്തിലും സോപാനഗാനാലാപനകലയിലും തികച്ചും പരിനിഷ്ഠനായിരുന്ന തമ്പി താൻ എഴുതിയ ആട്ടക്കഥകളിൽ നാടകീയതയ്ക്ക് അടിവരയിട്ടുകൊണ്ട് തികച്ചും പുതുമയുള്ള ചില രാഗതാളഭാവങ്ങൾ സമന്വയിച്ചിട്ടുണ്ട്. വല്ലീകുമാരം, ചൂഡാമണി, താടകാവധം എന്നിവയാണ് ഇദ്ദേഹം രചിച്ച ആട്ടക്കഥകൾ. ഇവയിൽ താടകാവധം ഇപ്പോഴും അവതരിപ്പിച്ചുവരുന്നു.

ചില ഒറ്റപ്പെട്ട കൃതികൾ

[തിരുത്തുക]

ഒരൊറ്റ ശ്ലോകത്തിന്റെ രചനകൊണ്ട് നിർണായകമായ കവിത്വം നേടിയിട്ടുള്ള പ്രതിഭാശാലികൾ വിരളമല്ലാത്ത കേരളത്തിൽ ഒരു കൃതിമാത്രം ചമച്ച് പ്രസിദ്ധി നേടിയ എഴുത്തുകാരും കുറവല്ല. ആട്ടക്കഥാസാഹിത്യത്തെ സംബന്ധിച്ചും ഈ പ്രസ്താവന ശരിയാണ്.

'കരീന്ദ്രൻ' എന്ന അപരനാമധേയത്താൽ അറിയപ്പെടുന്ന കിളിമാനൂർ രാജരാജവർമകോയിത്തമ്പുരാന്റെ (1812-46) രാവണവിജയം ആദ്യമായി ഉദാഹരിക്കാം. പുരാണോപജീവികളായ മറ്റു രചനകളിലെല്ലാം-ആട്ടക്കഥകളിൽ മാത്രമല്ല-ദുഷ്ടനും ഭീകരനുമായി പ്രതിനായകസ്ഥാനത്തുമാത്രം പ്രത്യക്ഷപ്പെട്ടിട്ടുള്ള രാവണന്റെ രാജസപ്രൗഢിയെ പ്രകീർത്തിച്ചുകൊണ്ട് രചിക്കപ്പെട്ട ഈ കൃതി കേരളീയ സാഹിത്യകൃതികളിൽ ഒറ്റപ്പെട്ടു നില്ക്കുന്നു. കാവ്യഭംഗിയും ഗേയസൗഭാഗ്യവും മുറ്റിനില്ക്കുന്ന പല ശ്ലോകങ്ങളും ഗാനങ്ങളും ഈ കൃതിയെ ആകർഷകമാക്കുന്നു.

കളിയരങ്ങുകളിൽ പ്രചാരത്തിലിരിക്കുന്ന ആട്ടക്കഥകളിൽ തൗര്യത്രികസൗഭാഗ്യംകൊണ്ട് സവിശേഷതയാർജിച്ച മറ്റു ചില കൃതികളും പരാമർശം അർഹിക്കുന്നു. ആടാനും പാടാനും വായിച്ചു രസിക്കാനും പറ്റിയ വിധത്തിൽ രചിച്ച ഇത്തരം കൃതികളിൽ മണ്ടവപ്പള്ളി ഇട്ടിരാരിശ്ശമേനോന്റെ (1745-1805) സന്താനഗോപാലവും രുഗ്മാംഗദചരിതവും മുൻപന്തിയിൽ നില്ക്കുന്നു. 18-ാം ശ.-ത്തിൽ ഉണ്ടായിരുന്ന മറ്റ് ആട്ടക്കഥാകൃത്തുകളിൽ പ്രമുഖർ കല്ലൂർ നമ്പൂതിരിപ്പാട് (ബാലിവിജയം), പുതിയിക്കൻ തമ്പാൻ (കാർത്തവീരവിജയം), പാലക്കാട് അമൃതശാസ്ത്രികൾ (ലവണാസുരവധം) എന്നിവരാണ്. കാലപ്പഴക്കംകൊണ്ട് പ്രചാരം കുറയാത്തവയും രംഗാധിപത്യം വിജയകരമായി നിലനിറുത്തിക്കൊണ്ടുപോകത്തക്ക കലാമേൻമയുള്ളവയുമായ ചില ആട്ടക്കഥകളും പിന്നീട് ഉണ്ടായിട്ടുണ്ട്. 19-ാം ശ.-ത്തിന്റെ പൂർവാർധത്തിൽ ജീവിച്ചിരുന്ന ബാലകവി രാമശാസ്ത്രികളുടെ ബാണയുദ്ധം, വയസ്കര ആര്യൻനാരായണൻ മൂസ്സിന്റെ (1835-95) ദുര്യോധനവധം, മുരിങ്ങൂർ ശങ്കരൻ പോറ്റി (1843-1905) യുടെ കുചേലവൃത്തം എന്നിവ ഇക്കൂട്ടത്തിൽ​പ്പെടുന്നു. 18-ാം ശ.-ത്തിന്റെ ആദ്യപാദത്തിൽ ജീവിച്ചിരുന്ന ശിവഭക്തനായ ഇരട്ടക്കുളങ്ങര വാരിയർ എഴുതിയ കിരാതം കാവ്യസൗന്ദര്യം തീരെ ശൂന്യമായ ഒരു ആട്ടക്കഥയാണെങ്കിലും രംഗപ്രയോഗക്ഷമതയിൽ ഒന്നാംകിട കൃതികളെപ്പോലും അതിശയിച്ചു നില്ക്കുന്നു.

ഗതാനുഗതികത്വം

[തിരുത്തുക]

ആട്ടക്കഥകൾ ആകെ 400-ലധികം ഉണ്ടായിട്ടുള്ളതായി സാഹിത്യ ചരിത്രകാരൻമാർ കണക്കു കൂട്ടുന്നു; പക്ഷേ, മേല്പറഞ്ഞവയിൽ ചിലതിനല്ലാതെ-ഏറിയാൽ 20 എണ്ണം വന്നേക്കും ആസ്വാദകരുചിയെ സംതൃപ്തമാക്കിക്കൊണ്ട് ക്ലാസ്സിക് നിലവാരം നേടാൻ സാധിച്ചിട്ടില്ല. സംഗീതം, സാഹിത്യം, അഭിനയയോഗ്യത എന്നിവയെല്ലാം തികഞ്ഞിട്ടുള്ള ഉത്കൃഷ്ടകൃതികൾപോലും അംഗീകാരവും പ്രചാരവും ലഭിക്കാതെ അപചയിക്കാനിടയായതിന്റെ കാരണങ്ങളിൽ മുഖ്യം ഇവയിൽ ആദ്യവസാനം കാണുന്ന ഗതാനുഗതികത്വമാണ്. രംഗസംവിധാനസമ്പ്രദായങ്ങളിലും പാത്രസൃഷ്ടിയിലും ഗാനരചനയിലും രാഗതാളകല്പനകളിലും ചിട്ടകളിലും ചടങ്ങുകളിലുമെല്ലാം കാണുന്ന അനുകരണഭ്രമം മറ്റുവിധത്തിൽ ഉത്കൃഷ്ടമെന്ന് ഗണിക്കപ്പെടാനിടയാകുമായിരുന്ന പല ആട്ടക്കഥകളെയും അഗണ്യകോടിയിൽ തള്ളിയിട്ടുണ്ട്. കാർത്തികതിരുനാൾ രാമവർമ രാജാവിന്റെ കൃതികളോടുകൂടിയാണ് ഈ ഗതാനുഗതികത്വവാസന ആട്ടക്കഥാകൃത്തുകളിൽ സംക്രമിച്ചു തുടങ്ങിയത്. ഇദ്ദേഹമെഴുതിയതിൽ ബകവധവും കല്യാണസൗഗന്ധികവും അതേപേരിൽ കോട്ടയത്തു രാജാവെഴുതിയ കൃതികളുടെ പ്രതിച്ഛായകളല്ലാതെ മറ്റൊന്നുമല്ല. അഷ്ടകലാശം തുടങ്ങിയ നൃത്താഭ്യാസപ്രകടനങ്ങൾ മാത്രമല്ല, 'ഏകലോചനം', 'അജഗരകബളിതം', 'സലജ്ജോഹം', ആശ്രമവർണനം, ദശാവതാരവർണനം, രഥസജ്ജീകരണം തുടങ്ങിയ സങ്കേതപ്രധാനമായ ചടങ്ങുകൾകൂടി അനുകരിച്ച് പകർത്താനുള്ള പ്രവണത പല ആട്ടക്കഥാകാരൻമാരും ആവർത്തിച്ചു പ്രകടിപ്പിച്ചിട്ടുണ്ട്.

ആധുനികകാലം

[തിരുത്തുക]

ഇങ്ങനെ നിരവധി പരിമിതികളും സ്വച്ഛന്ദമായ വളർച്ചയെ തടസ്സപ്പെടുത്തുന്ന പ്രവണതകളും ഉണ്ടായിട്ടും, ആധുനികകാലത്തും ആട്ടക്കഥകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഭാരതീയ നാട്യശാസ്ത്രസിദ്ധാന്തങ്ങളിലെന്നപോലെതന്നെ ആധുനികങ്ങളായ അഭിനയസങ്കേതങ്ങളിലും കൃതഹസ്തൻമാരായ പ്രഗല്ഭരെ ഇവയുടെ കർത്താക്കളിൽ കാണാം. സംഗീത സാഹിത്യാദികലകൾ യഥേഷ്ടം കൈകാര്യം ചെയ്തു തഴക്കം സിദ്ധിച്ചവരാണ് ഇവരിൽ ചിലർ. എന്നിട്ടും ഇവർ രചിക്കുന്ന ആട്ടക്കഥകൾക്കു രംഗാവതരണസന്ദർഭങ്ങളുണ്ടാകാറില്ല. ആട്ടക്കഥാപ്രസ്ഥാനത്തിന്റെ കാലം കഴിഞ്ഞുവെന്നാണ് ഇതിന്റെ അർഥമെന്നു ചിലർ വ്യാഖ്യാനിക്കുന്നുണ്ട്. പക്ഷേ, ഒരു ദൃശ്യകലയെന്ന നിലയിൽ കഥകളി നേടിയ അംഗീകാരം ഭാരതത്തിൽ മാത്രമല്ല ഭൂഖണ്ഡാന്തരങ്ങളിൽപോലും വ്യാപിച്ചുകഴിഞ്ഞിരിക്കുകയാണ്. പുതിയ ആട്ടക്കഥകൾക്കു രംഗാവതരണാവസരങ്ങൾ അപൂർവമായേ ലഭിക്കുന്നുള്ളുവെങ്കിലും, ആരോഗ്യകരമായ ഒരു കഥകളിപ്രസ്ഥാനത്തെ രൂപംകൊള്ളാൻ സഹായിച്ച പൂർവസൂരികളുടെ കലാസൃഷ്ടികൾ ഇന്നും വിജയക്കൊടി നാട്ടിക്കൊണ്ടുതന്നെ നിലനില്ക്കുന്നുവെന്നാണ് ഇതിനർഥം.

ഭാഷാസാഹിത്യപുരോഗതിയെയും കളിയരങ്ങുകളുടെ വികാസത്തെയും വ്യത്യസ്തവും ചിലപ്പോൾ പരസ്പരവിരുദ്ധവും ആയ രീതിയിൽ സ്വാധീനിച്ചിട്ടുള്ള മുൻ ആട്ടക്കഥകളുടെ പട്ടികയ്ക്ക് അനുപൂരകമായി ആധുനികകാലത്തും ധാരാളം കൃതികൾ ഈ പ്രസ്ഥാനത്തെ സമ്പന്നമാക്കിക്കൊണ്ടുതന്നെ ഇരിക്കുന്നു. കേരളവർമ വലിയകോയിത്തമ്പുരാന്റെ (1845-1915) ധ്രുവചരിതം, പരശുരാമവിജയം, പ്രലംബവധം, മത്സ്യവല്ലഭവിജയം, ഹനുമദുദ്ഭവം എന്നിവയും, കെ.സി. കേശവപിള്ളയുടെ (1886-1914) ശൂരപദ്മാസുരവധം, ശ്രീകൃഷ്ണവിജയം, ഹിരണ്യാസുരവധം എന്നിവയും, അഴകത്തു പദ്മനാഭക്കുറുപ്പ് (1869-1932) ഗന്ധർവവിജയവും, ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ളയുടെ (1864-1946) ധർമഗുപ്തവിജയവും, മൂലൂർ എസ്.പദ്മനാഭപ്പണിക്കരുടെ (1869-1931) കൃഷ്ണാർജുനവിജയവും, വെൺമണി മഹൻ നമ്പൂതിരിയുടെ (1834-93) അജ്ഞാതവാസവും, പേട്ടയിൽ രാമൻപിള്ള ആശാന്റെ (1842-1937) ക്ഷുദോദനവിജയം, ഹരിശ്ചന്ദ്രചരിതം (നാലുദിവസം) എന്നിവയും, കണ്ടത്തിൽ വറുഗീസുമാപ്പിളയുടെ (1858-1904) ദർപ്പവിച്ഛേദവും, കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ (1855-1937) കിരാതസൂനുചരിതം, ഭൂസുരഗോഗ്രഹണം, ശ്രീരാമപട്ടാഭിഷേകം, സീതാവിവാഹം എന്നീ നാലുകൃതികളും ആണ് ആധുനികകാലത്തിന്റെ ആരംഭദശയിൽ പ്രകാശിതങ്ങളായ ആട്ടക്കഥകൾ. സാഹിത്യചരിത്രവിദ്യാർഥികൾക്ക് ഇവയെല്ലാം വിലപ്പെട്ടവതന്നെയെങ്കിലും പ്രകടനവേദിയിൽ ഇവയ്ക്കു വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല.

മറ്റു സാഹിത്യപ്രസ്ഥാനങ്ങളിലെന്നപോലെ ഇവ രചിക്കപ്പെട്ട കാലത്തും തുടർന്നും നിരവധി ആട്ടക്കഥകൾ പലരിൽ നിന്നും കൈരളിക്കു ലഭിക്കാനിടയായി. രംഗഭാഗധേയങ്ങളെ സംബന്ധിച്ചിടത്തോളം ഇവയും മുൻഗാമികളിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നില്ല. വള്ളത്തോൾ നാരായണമേനോൻ(ഔഷധാഹരണം, ജാപ്കാട്ടാളൻ), പന്നിശ്ശേരി നാണുപിള്ള (നിഴൽകൂത്ത്, ശങ്കരവിജയം), ഉള്ളൂർ പരമേശ്വരയ്യർ(സുന്ദോപസുന്ദയുദ്ധം) എന്നിവരുടെ ആട്ടക്കഥകൾ കാവ്യമീമാംസാ ദൃഷ്ടിയോടുകൂടി നോക്കിയാൽ അവികലങ്ങളാണ്.

പുതിയ പ്രവണതകൾ

[തിരുത്തുക]

കേരളകലാമണ്ഡലത്തിന്റെ സ്ഥാപനവും വി. കൃഷ്ണൻ തമ്പി മുൻകൈയെടുത്ത് തിരുവനന്തപുരത്തു സംഘടിപ്പിച്ച കഥകളി ക്ലബ്ബിന്റെയും അതേത്തുടർന്ന് കേരളത്തിലെ മറ്റു കേന്ദ്രങ്ങളിൽ ഉടലെടുത്ത ഏതാദൃശകേന്ദ്രങ്ങളുടെയും രൂപീകരണവും ഈ നൂറ്റാണ്ടിന്റെ നാലാം ദശകത്തിന്റെ ആരംഭം മുതൽ പുതിയ പല ആട്ടക്കഥാകൃത്തുകളെയും വാർത്തെടുക്കാൻ പ്രേരകമായിത്തീർന്നിട്ടുണ്ട്. ലബ്ധപ്രതിഷ്ഠങ്ങളായ ഹൈന്ദവപുരാണകഥകളെവിട്ട്, ഭാരതീയവും വൈദേശികവുമായ ഇതിവൃത്തങ്ങളെ ആധാരമാക്കി പുതിയ ആട്ടക്കഥാസൃഷ്ടികൾ നടത്താനുള്ള പ്രവണത വളരെ പ്രകടമായിവരുന്ന ഒരു കാലമാണിത്. കഥകളി ജനിച്ച മണ്ണിൽ അതിന് അനിഷേധ്യമായ പുനഃപ്രതിഷ്ഠയും ദേശാന്തരങ്ങളിൽ അംഗീകാരവും ലഭിച്ചതോടുകൂടി പുതിയ ഇതിവൃത്തങ്ങൾ കണ്ടെത്താനുള്ള ഉത്സാഹം കവികളുടെ ഇടയിൽ വർധിച്ചുതന്നെ വരുന്നു. വിവിധദേശങ്ങളിലെയും ഭാഷകളിലെയും പുരാണേതിഹാസങ്ങളും സാഹിത്യസൃഷ്ടികളും മാത്രമല്ല, സമകാലിക രാഷ്ട്രീയ-സാമൂഹിക സംഭവങ്ങൾ കൂടി ആട്ടക്കഥാരൂപത്തിൽ ആവിർഭവിക്കാനുള്ള കാരണമിതാണ്. അനിയന്ത്രിതമായി പെരുകിയ ഭാഷാനാടകപ്രസ്ഥാനത്തെ ഹാസ്യാനുകരണംകൊണ്ട് സ്തബ്ധമാക്കിയ രാമക്കുറുപ്പുമുൻഷിയുടെ (1848-98) ചക്കീചങ്കരത്തെപ്പോലെ, ചേലപ്പറമ്പു നമ്പൂതിരി (18-ാംശ.) രചിച്ച പാട്ടുണ്ണിചരിതം എന്ന ആട്ടക്കഥയ്ക്ക് ഒരു കാലത്ത് ഈ പ്രസ്ഥാനത്തിന്റെ സൂകരസൃഷ്ടികളെ ഒരളവുവരെ നിയന്ത്രിക്കാൻ സാധിച്ചു. വള്ളത്തോളിന്റെ ജാപ്കാട്ടാളനെപ്പോലെ രണ്ടാം ലോകയുദ്ധകാലത്ത് ഉണ്ടായ ആട്ടക്കഥകളാണ് ഗാന്ധിവിജയവും നാസിനാഥവിജയവും ഹിറ്റ്ലർ വധവും. വള്ളത്തോളിന്റെ ശിഷ്യനും മകനും, മഗ്ദലനമറിയം, നാഗില എന്നിവയെപ്പോലെ കുമാരനാശാന്റെ കരുണയും ടാഗൂറിന്റെ ചിത്രയും ചണ്ഡാലികയും ബിസർജനും കഥകളി വേഷമണിഞ്ഞ് മലയാളത്തിൽ അവതരിച്ചിട്ടുണ്ട്. ഷെയ്ക്സ്പിയറുടെ ടെമ്പസ്റ്റും (Tempest) ബൈബിൾ പഴയനിയമത്തിലെ അബ്രഹാമിന്റെ ജീവിതകഥയെ ആധാരമാക്കിയുള്ള അബ്രഹാമിന്റെ ബലിയും ആണ് ഏറ്റവും ഒടുവിൽ വിദേശകഥകളെ ആസ്പദമാക്കി രചിക്കപ്പെട്ട രണ്ട് ആട്ടക്കഥകൾ.

ആട്ടക്കഥകൾ ആദ്യം മുദ്രിതമാകുന്നത് 1858-ലാണ്. കഥകളിപ്രസ്ഥാനത്തിൽ അത്യന്തം തത്പരനായിരുന്ന തിരുവിതാംകൂറിലെ ഉത്രംതിരുനാൾ മാർത്താണ്ഡവർമ(1815-61)യുടെ കൊട്ടാരം വിചാരിപ്പുകാരും പ്രസിദ്ധനടനുമായിരുന്ന ഈശ്വരപിള്ള വിചാരിപ്പുകാർ തിരുവനന്തപുരത്ത് സ്വന്തമായി കേരളവിലാസം എന്ന ഒരു മുദ്രണാലയം സ്ഥാപിച്ച്-കേരളത്തിൽ മലയാളികളുടെ വകയായ ആദ്യത്തെ അച്ചടിശാലയും ഇതുതന്നെയായിരുന്നു-അതിൽനിന്ന് ആദ്യമായി പ്രകാശിപ്പിച്ചതാണ് അമ്പത്തിനാല് ദിവസത്തെ ആട്ടക്കഥകൾ. പിന്നീട് കൊല്ലത്തെ എസ്.ടി. റെഡ്യാർ എഴുപത്തിരണ്ട് ദിവസത്തെയും, ശ്രീരാമവിലാസം പ്രസ് നൂറ്റിപ്പതിനെട്ടു ദിവസത്തെയും ആട്ടക്കഥകൾ പ്രസിദ്ധീകരിക്കുകയുണ്ടായി. കുഞ്ചൻനമ്പ്യാരെഴുതിയതെന്നു കരുതപ്പെടുന്ന പത്തിലേറെയും, കൊച്ചിവീരകേരളവർമ രാജാവിൽ (1766-1828) കർത്തൃത്വം ആരോപിതമായ നൂറോളവും, അജ്ഞാതകർത്തൃകവും അല്ലാത്തവയുമായ മറ്റനവധി കൃതികളും മുദ്രിതമാകാതെ അവശേഷിക്കുന്നു. നോ: കഥകളി; കൃഷ്ണനാട്ടം; നളചരിതം ആട്ടക്കഥ; രാമനാട്ടം[2]

ഇവയും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. പിരപ്പൻകോട് അശോകന്റെ ലേഖനം . മലയാള മനോരമയുടെ പഠിപ്പുര സപ്ലിമെന്റ്. 2008 മെയ് 9
  2. "ആട്ടക്കഥ - സർവ്വവിജ്ഞാനകോശം". web-edition.sarvavijnanakosam.gov.in. Retrieved 2019-04-02.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആട്ടക്കഥ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ആട്ടക്കഥ&oldid=4138760" എന്ന താളിൽനിന്ന് ശേഖരിച്ചത്