ആന്റണി വാൻ ഡിക്
ആന്റണി വാൻ ഡിക് | |
---|---|
ജനനം | Antoon van Dyck 22 March 1599 |
മരണം | 9 ഡിസംബർ 1641 | (പ്രായം 42)
ദേശീയത | Flemish |
വിദ്യാഭ്യാസം | Hendrick van Balen, Peter Paul Rubens |
അറിയപ്പെടുന്നത് | Painting |
പ്രസ്ഥാനം | Baroque |
ഫ്ലെമിഷ് ചിത്രകാരനായിരുന്നു ആന്റണി വാൻ ഡിക്. പീറ്റർപോൾ റൂബൻസിനെ ഒഴിവാക്കിയാൽ 17-ആം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ചിത്രകാരനാണിദ്ദേഹം. ചെറുപ്പകാലത്ത് ഫ്ലെമിഷ് ചിത്രകാരനായ ഹെന്റിക് വാൻബാലിന്റെ കീഴിലാണ് ചിത്രരചന അഭ്യസിച്ചത്. 14-ആമത്തെ വയസ്സിൽ ആൻ എൽഡേർലിമാൻ എന്ന പേരിൽ ശ്രദ്ധേയമായ ഒരു ചിത്രം വരച്ചു. ബിരുദം നേടിയശേഷം റൂബൻസിന്റെ പണിപ്പുരയിലാണ് പരിശീലനം നടത്തിയത്. റൂബൻസിന്റെ ശിഷ്യൻ എന്നതിനെക്കാൾ സഹപ്രവർത്തകനെന്ന നിലയിലേക്ക് ഡിക് വളർന്നു. രണ്ടു വർഷക്കാലം റൂബൻസിനൊപ്പം ചിത്രരചന നടത്തിയ ഡിക്കിന്റെ ചിത്രങ്ങളിൽ റൂബൻസിന്റെ സ്വാധീനം പ്രകടമായിരുന്നു.
ഇറ്റലിയിലെ ദൃശ്യങ്ങൾ
[തിരുത്തുക]1620-ൽ ലണ്ടനിലെത്തിയ ഡിക് കുറച്ചുകാലം ജെയിംസ് ഒന്നാമന്റെ സേവനത്തിലായിരുന്നു. പിന്നീട് ഇറ്റലിയിലെത്തി അവിടെതാമസമുറപ്പിച്ചു. ഡിക്കിന്റെ ചിത്രങ്ങളടങ്ങിയ ഒരു സ്കെച്ച് ബുക്ക് ഇറ്റലിയിലെ ദൃശ്യങ്ങൾ കാട്ടിത്തരുന്നു. ഫ്ലെമിഷ് ചിത്രരചനാശൈലിയുടെ അമിതത്വം ഒഴിവാക്കി കൂടുതൽ പരിഷ്കൃതമായ ഒരു ശൈലിയാണ് പിൽക്കാലത്ത് ഡിക് സ്വീകരിച്ചത്. ഇറ്റലിയിൽ ഏറെ സഞ്ചരിച്ചുവെങ്കിലും ജനോവയിലാണ് പ്രവർത്തനം കേന്ദ്രീകരിച്ചത്. പ്രഭുജാതരുടെ ചിത്രങ്ങൾ വരയ്ക്കുന്നതിൽ വൈദഗ്ദ്ധ്യം തെളിയിച്ച ഡിക്, ഛായാചിത്രകലയിൽ അതിപ്രശസ്തനായി. വാഷിങ്ടണിലെ നാഷണൽ ഗാലറിയിൽ സൂക്ഷിച്ചിരിക്കുന്ന മർച്ചിസ എലനഗ്രിമാൾഡി എന്ന ചിത്രം ഇതിനുദാഹരണമാണ്.
നൈഹുഡ് പദവി
[തിരുത്തുക]അവസാന കാലത്ത് ലണ്ടനിൽ താമസമുറപ്പിച്ച ഡിക് ചാൾസ് ഒന്നാമന്റെ സേവനത്തിലായിരുന്നു. ചാൾസ് ഇദ്ദേഹത്തിന് നൈറ്റ് ഹുഡ് പദവി നൽകി ആദരിച്ചു. ചാൾസിന്റെ രാജസദസ്സ് അത്യാകർഷകമായി ഡിക് വരച്ചിട്ടുണ്ട്. രാജാവിന്റേയും ബന്ധുക്കളുടേയും ചിത്രങ്ങൾ ഡിക് വരച്ചത് കൊട്ടാരത്തിൽ സൂക്ഷിച്ചുവരുന്നു. ലണ്ടനിലെ നാഷണൽ ഗ്യാലറിയിൽ ഡിക് വരച്ച ചാൾസിന്റെ വലിപ്പമേറിയ ചിത്രം സന്ദർശകരെ ആകർഷിക്കുന്നു.
മതപരവും ചരിത്രപരവുമായ ചിത്രരചന
[തിരുത്തുക]മതപരവും ചരിത്രപരവുമായ ചിത്രരചനകളും ഡിക് നടത്തിയിട്ടുണ്ട. ജലച്ചായ പ്രകൃതിദൃശ്യങ്ങളും കുറവല്ല. 18,19 നൂറ്റാണ്ടുകളിലെ ചിത്രകാരന്മാരെ ശക്തമായി സ്വാധീനിച്ച ഈ കലാകാരൻ 1641-ൽ അന്തരിച്ചു.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://hoocher.com/Anthony_Van_Dyck/Anthony_Van_Dyck.htm
- http://www.allpaintings.org/v/Baroque/Anthony+van+Dyck/?g2_page=5 Archived 2016-08-26 at the Wayback Machine
- http://www.artfinder.com/work/adoration-of-the-shepherds-sir-anthony-van-dyck/in/tag.cherub/[പ്രവർത്തിക്കാത്ത കണ്ണി]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡിക്, ആന്റണി വാൻ (1599 - 1641) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |