ആയുസ്സിന്റെ പുസ്തകം
കർത്താവ് | സി.വി. ബാലകൃഷ്ണൻ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | നോവൽ |
പ്രസാധകർ | ഡി.സി. ബുക്സ് |
പ്രസിദ്ധീകരിച്ച തിയതി | 1984 |
സി.വി. ബാലകൃഷ്ണൻ എഴുതിയ മലയാളം നോവലാണ് ആയുസ്സിന്റെ പുസ്തകം. 1983 ഏപ്രിൽ മാസം മുതൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ: വെളിച്ചം കണ്ട ഈ കൃതി, പുസ്തകരൂപത്തിൽ ആദ്യമായി പ്രസിദ്ധീകരിച്ചത് 1984-ൽ ആണ്.[1] മധ്യതിരുവിതാംകൂറിൽ നിന്നുള്ള ക്രിസ്ത്യാനികളായ കുടിയേറ്റക്കാരുടെ മലബാറിലെ ഒരു ഗ്രാമം പശ്ചാത്തലമാക്കിയാണ് ഇതിലെ കഥ. ആദ്യവസാനം ബൈബിളിനെ പിന്തുടരുന്ന ഭാഷയും ആഖ്യാനശൈലിയും ഈ കൃതിയുടെ ഒരു പ്രത്യേകതയാണ്.
കഥ
[തിരുത്തുക]ജീവിതത്തിൽ തന്നെ ഭൂതാവിഷ്ടരായി തീർന്ന ഗ്രാമീണരുടേയും അവർ അറിഞ്ഞും അറിയാതെയും സൃഷ്ടിക്കുന്ന കെട്ടുപാടുകളുടേയും കഥയെന്നതിനൊപ്പം ആ അസ്വസ്ഥലോകത്തിൽ മനുഷ്യാന്തസ്സ് തേടുന്ന കൗമാരപ്രായക്കാരനായ യോഹന്നാന്റെ പതറിയ അന്വേഷണങ്ങളുടേയും പേരില്ലാത്ത വേദനകളുടേയും പരവശതകളുടേയും കൂടി കഥയെന്ന് ഈ കൃതിയെ പ്രമുഖ കഥാകൃത്ത് സക്കറിയ വിശേഷിപ്പിക്കുന്നു.[1]
യോഹന്നാന്റെ മുത്തച്ഛൻ പൗലോ ഒരു ദുർബ്ബലനിമിഷത്തിൽ, അവന്റെ സഹോദരി ആനിയുടെ സുഹൃത്തായിരുന്ന റാഹേൽ എന്ന പെൺകുട്ടിയെ അനാശാസ്യമാം വിധം സ്പർശിച്ചതിനെ തുടർന്നു പൗലോയും മകൻ തോമായും തമ്മിലുണ്ടാകുന്ന ഏറ്റുമുട്ടലിലാണ് നോവലിന്റെ തുടക്കം. അപമാനിതനായ പൗലോ ആത്മഹത്യ ചെയ്യുന്നു. ചെറുബാല്യത്തിലെ അമ്മ തെരേസയെ നഷ്ടപ്പെടുകയും അപ്പനിൽ നിന്ന് അവഗണന മാത്രം നേടുകയും ചെയ്തിരുന്ന യോഹന്നാനെ മുത്തച്ഛന്റെ മരണം കൂടുതൽ ഏകാകിയാക്കി. സഹോദരി ആനി ഇടവകയിലെ അസിസ്റ്റന്റ് വികാരി മാത്യുവിനൊപ്പം പട്ടണത്തിലേയ്ക്ക് ഒളിച്ചോടുകയും, കാമുകി റാഹേൽ കന്യാസ്ത്രിയാവുകയും കൂടി ചെയ്തപ്പോൾ കൂടുതൽ ഒറ്റപ്പെട്ട യോഹന്നാൻ, സുന്ദരിയായ സാറ എന്ന വിധവയിൽ ആശ്വാസം കണ്ടെത്തി. സാറായെ വിവാഹം കഴിക്കാൻ ആഗ്രഹിച്ച തോമാ, മകനും അവളുമായുള്ള സംഗമം കണ്ടെത്തുന്നു. സാറായെ തോമാ കഴുത്തു ഞെരിച്ചു കൊല്ലുന്നതിനെ തുടർന്നുള്ള യോഹന്നാന്റെ വിഹ്വലതയുടെ ചിത്രീകരണത്തിലാണ് നോവൽ സമാപിക്കുന്നത്.
പൂച്ചവേട്ടയും പരദൂഷണവും തൊഴിലാക്കിയിരുന്ന പോസ്റ്റ്മാൻ പീറ്റർ, ഗ്രാമത്തിലെ കുമാരന്മാർക്ക് "കൊച്ചുപുസ്തകങ്ങളും" ലൈംഗികതയിലെ ആദ്യപാഠങ്ങളും കൈമാറിയിരുന്ന ബാർബർ ലോഹിതാക്ഷൻ തുടങ്ങി വ്യത്യസ്തതയുള്ള ഏറെ കഥാപാത്രങ്ങൾ ഈ കൃതിയിലുണ്ട്. സ്കൂൾ അദ്ധ്യാപകനായി കാസർകൊഡ് ജില്ലയിലെ ഒരു ഗ്രാമത്തിൽ കഴിഞ്ഞ കാലത്ത് കണ്ടുമുട്ടിയ മനുഷ്യരാണ് ഈ നൊവലിലെ കഥാപാത്രങ്ങളുടെ മാതൃകകൾ എന്ന് നോവലിസ്റ്റ് വെളിപ്പെടുത്തിയിട്ടുണ്ട്. [2]
ശൈലി
[തിരുത്തുക]1979-ലെ ക്രിസ്മസ് രാത്രിയിൽ കൽക്കത്തയിലെ പ്രശസ്തമായ സെയിന്റ് പോൾസ് കത്തീഡ്രലിൽ, അനേകം പേരുടെ വിരല്പാടുകൾ പതിഞ്ഞ ഒരു പഴയ ബൈബിൾ കയ്യിലെടുത്തതിനെ തുടർന്നുണ്ടായ ഓർമ്മകൾക്കൊപ്പമാണ് ആയുസ്സിന്റെ പുസ്തകം ഒരാശയമായി തന്റെ മനസ്സിൽ രൂപപ്പെട്ടതെന്ന് നോവലിനെഴുതിയ ആമുഖത്തിൽ സി.വി. ബാലകൃഷ്ണൻ വെളിപ്പെടുത്തുന്നു. ഈ നോവൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് ബൈബിളിന്റെ അഗാധസ്വാധീനമുള്ള അതിലെ ആഖ്യാനശൈലിയുടേയും ഭാഷയുടേയും പേരിലാണ്. നോവലിന്റെ മൂന്നാം അദ്ധ്യായത്തിലെ ഈ ഭാഗം അതിന്റെ ശൈലിയ്ക്ക് മാതൃകയാണ്:
“ | തോമാ തെരേസയെ ഭാര്യയായി എടുത്തതു മുപ്പതു വയസ്സുള്ളപ്പോഴാണ്. അവൾ ഗർഭം ധരിച്ച് ആനിയെ പ്രസവിച്ചു. തോമാ തന്റെ ഭാര്യയെ പിന്നെയും പരിഗ്രഹിച്ചു. തൽഫലമായി അവൾ ഒരു മകനെ പ്രസവിച്ചു. അവന് യോഹന്നാൻ എന്നു പേരിട്ടു. തെരേസയുടെ ആയുഷ്കാലം ആകെ നാല്പത്തിരണ്ടു സംവത്സരമായിരുന്നു.[1] | ” |
42-ആം അദ്ധ്യായത്തിന്റെ തുടക്കത്തിൽ ഇടവകയിലെ കൊച്ചച്ചൻ മാത്യുവിന്റെ ചിന്താലോകം അവതരിപ്പിക്കുന്നത് ബൈബിളിലെ ഉത്തമഗീതം നിഴലിയ്ക്കുന്ന ഈ വരികളിലാണ്:
“ | 'ശീതകാലം കഴിഞ്ഞു; മഴയും മാറിപ്പോയല്ലോ. പുഷ്പങ്ങൾ ഭൂമിയിൽ കാണായ് വരുന്നു. വള്ളിത്തല മുറിക്കുംകാലം വന്നിരിക്കുന്നു; കുറുപ്രാവിന്റെ ശബ്ദവും നമ്മുടെ നാട്ടിൽ കേൾക്കുന്നു.' ശാലോമോനെ ഓർത്തും, സായഹ്നം എത്ര വിശുദ്ധമെന്നു നിരൂപിച്ചും മാത്യു നടന്നു. | ” |
വിലയിരുത്തൽ
[തിരുത്തുക]1940-കളുടെ പശ്ചാത്തലത്തിൽ മലബാറിലെ ക്രിസ്ത്യൻ കുടിയേറ്റക്കാരുടെ കഥ പറഞ്ഞ എസ്.കെ. പൊറ്റെക്കാടിന്റെ വിഷകന്യക എന്ന പ്രസിദ്ധ നോവലുമായി ആയുസ്സിന്റെ പുസ്തകത്തെ താരതമ്യം ചെയ്യാറുണ്ട്. പൊറ്റെക്കാട്, വെളിയിൽ നിന്നുള്ള നിരീക്ഷകന്റെ നിലപാടിൽ കഥ പറഞ്ഞപ്പോൾ, നോവലിന്റെ ലോകത്തിലെ ഒരംഗമെന്ന നിലയിലാണ് ബാലകൃഷ്ണന്റെ ആഖ്യാനമെന്ന് സക്കറിയ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 1940-കളിൽ നിന്ന് 1960-കളിലെത്തിയപ്പോൾ കുടിയേറ്റക്കാരുടെ ലോകത്തിൽ വന്ന മാറ്റത്തേയും ആയുസ്സിന്റെ പുസ്തകം പതിഫലിപ്പിക്കുന്നു.
ഏറെ ശ്രദ്ധിക്കപ്പെട്ട ഈ നോവൽ അനേകം പതിപ്പുകളിലൂടെ കടന്നുപോയി. ആയുസ്സിന്റെ പുസ്തകം തമിഴ് ഭാഷയിൽ, "ഉയിർ പുത്തഗം" എന്ന പേരിൽ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ നാടകാവിഷ്കരണം സംഗീത നാടക അക്കാദമിയുടെ അമച്വർ നാടകോത്സവത്തിൽ അഞ്ചു പുരസ്കാരങ്ങൾ നേടി.[2]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 സി.വി. ബാലകൃഷ്ണൻ, ആയുസ്സിന്റെ പുസ്തകം (പത്താം പതിപ്പ്), പ്രസാധകർ, ഡി.സി. ബുക്ക്സ്
- ↑ 2.0 2.1 Book of Life, 2008 മേയ് 16-ആം തിയതിയിലെ ഹിന്ദു ദിനപത്രത്തിൽ പി.കെ. അജിത്കുമാർ എഴുതിയ പുസ്തക നിരൂപണം Archived 2013-07-20 at the Wayback Machine.