Jump to content

ആശാലത (ഗായിക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര പിന്നണിഗായികയും റേഡിയോ ജോക്കിയുമാണ് ആശാലത. 1985-ൽ ജോൺസൺ മാസ്റ്റർ സംഗീതസംവിധാനം നിർവ്വഹിച്ച ഒഴിവുകാലം എന്ന സിനിമയിലെ "ചൂളം കുത്തും കാറ്റേ" എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ആശാലത ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് വരുന്നത്. തുടർന്ന് വിവിധ മലയാള സിനിമകളിലായി നാല്പതോളം ഗാനങ്ങൾ ആലപിച്ചു. യേശുദാസിനൊപ്പമായിരുന്നു ആദ്യഘട്ടത്തിൽ ആശാലത പാടിയിരുന്നത്. തുടർന്ന് ഉണ്ണിമേനോൻ, ജി. വേണുഗോപാൽ, കൃഷ്ണചന്ദ്രൻ, എം.ജി. ശ്രീകുമാർ, മാർക്കോസ്, കെ.എസ്. ചിത്ര, മനോ, മലേഷ്യ വാസുദേവൻ, ജോളി എബ്രഹാം എന്നിവർക്കൊപ്പവും വിവിധ സിനിമകളിലായി ഗാനങ്ങൾ ആലപിച്ചു. ജോൺസൺ മാഷിനു പുറമേ, എ.ടി ഉമ്മർ, രാഘവൻ മാസ്റ്റർ, ഔസേപ്പച്ചൻ, ശ്യാം, ജെറി അമൽദേവ്, എം.ബി ശ്രീനിവാസൻ, ബോംബെ രവി, മോഹൻ സിതാര, ബേണി ഇഗ്‌നേഷ്യസ് തുടങ്ങിയ പ്രഗല്ഭ സംഗീത സംവിധായകരുടെ ഈണങ്ങൾക്ക് ശബ്ദം പകർന്ന ആശാലത നിരവധി ഹിറ്റ് ഗാനങ്ങൾക്കും ഉടമയാണ്.[1]

സ്‌നേഹമുള്ള സിംഹം എന്ന ചിത്രത്തിലെ 'സ്‌നേഹം കൊതിച്ചു ഈരേഴുലോകം', ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ 'പൊന്നിൻ കിനാവുകൾ', ഒരു വടക്കൻ വീരഗാഥയിലെ 'ഉണ്ണി ഗണപതി തമ്പുരാനേ' തുടങ്ങിയ ഗാനങ്ങൾ ആശാലത ആലപിച്ചവയാണ്.[2]

ആദ്യകാല ജീവിതം

[തിരുത്തുക]

കോഴിക്കോട്ടെ വടകരയിൽ ജനിച്ച ആശാലതയുടെ യഥാർത്ഥ പേര് ആനന്ദവല്ലി എന്നായിരുന്നു. കുഞ്ഞുന്നാളിലേ മകളുടെ സംഗീതാഭിമുഖ്യം തിരിച്ചറിഞ്ഞ മാതാപിതാക്കൾ പ്രശസ്ത ഗായകരായ ആശാ ബോസ്ലേയുടെയും ലതാമങ്കേഷ്‌കറുടെയും നാമരൂപങ്ങളിൽ നിന്ന് ആശാലത എന്ന പേര് നൽകുകയായിരുന്നു.

സംഗീതലോകത്തേക്ക്

[തിരുത്തുക]

ആശാലതയ്ക്ക് പത്തൊമ്പത് വയസ്സുള്ളപ്പോളാണ് പ്രശസ്തമായ തരംഗിണിക്കുവേണ്ടി എം.ജി രാധാകൃഷ്ണന്റെ സംഗീത സംവിധാനത്തിൽ യേശുദാസിനൊപ്പം പാടിക്കൊണ്ട് 'ഗ്രാമീണഗാനങ്ങൾ' എന്ന ശീർഷകത്തിൽ ഓഡിയോ കാസറ്റുകളിറക്കിയത്. 'തരംഗിണി പരിചയപ്പെടുത്തുന്ന നവവശ്യനാദം' എന്നായിരുന്നു അക്കാലത്ത് ആശാലത വിശേഷിപ്പിക്കപ്പെട്ടത്. കൂടാതെ, പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകൻ ബപ്പി ലഹിരിയുടെ സംവിധാനത്തിൽ ഇറങ്ങിയ 'രാഗലഹരി' എന്ന സംഗീത കാസെറ്റിൽ ഉണ്ണിമേനോനോടൊപ്പം പാടിയത് ആശാലതയായിരുന്നു. ബപ്പി ലഹിരി ആദ്യമായി മലയാളത്തിൽ സംഗീതസംവിധാനം നിർവഹിച്ചത് ഈ ഗാനങ്ങൾക്ക് വേണ്ടിയായിരുന്നു. പ്രശസ്ത അമേരിക്കൻ കമ്പനിയായ സി.ബി.എസ് ഗ്രാമഫോൺ റെക്കോഡ്‌സ് ആൻഡ് ടേപ്പ്‌സ് ആണ് ഈ ഗാനങ്ങൾ ഇറക്കിയത്. ഈ കാസെറ്റുകൾ റെക്കോഡ് വില്പന നേട്ടം കൈവരിച്ചതിന് അന്ന് ആശാലതയ്ക്ക് സി.ബി .എസ് ഗോൾഡ് ഡിസ്‌ക് പുരസ്‌കാരം ലഭിച്ചിരുന്നു.

തുടർന്ന് തെന്നിന്ത്യൻ സംഗീത സംവിധായകൻ ഇളയരാജയുടെ കീഴിലാണ് ആശാലത പ്രവർത്തിച്ചത്. ഇരുപത്തിരണ്ട് തമിഴ് ചിത്രങ്ങളിൽ ആശാലത ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. ഒരു തെലുങ്ക് ചിത്രത്തിലും പാടിയിട്ടുണ്ട്. പ്രശസ്ത കവി വയലാർ രാമവർമ്മയുടെ പേരിലുള്ള അദ്യ വയലാർ രാമവർമ്മ അവാർഡ് ലഭിച്ചത് ആശാലതയ്ക്കായിരുന്നു. പ്രശസ്ത സംഗീതസംവിധായകൻ ദേവരാജൻ മാസ്റ്ററും ഗായിക മാധുരിയും അടങ്ങിയ ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്. കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പമായിരുന്നു പുരസ്‌കാരം. സിനിമാഗാനങ്ങൾക്കുപുറമേ, നിരവധി സംഗീത ആൽബങ്ങളിലും പാടിയിട്ടുള്ള ആശാലത ഓൾ ഇന്ത്യ റേഡിയോയുടെ ബി ഹൈ ആർട്ടിസ്റ്റാണ്.

1995 മുതൽ ദുബൈ റാസൽഖൈമയിൽ റേഡിയോ ഏഷ്യയിൽ പ്രോഗ്രാം പ്രൊഡ്യൂസറായ ആശാലത, സംഗീതജീവിതത്തിനൊപ്പം റേഡിയോ ജോക്കി എന്ന നിലയിലുള്ള തന്റെ പ്രതിഭയും തെളിയിക്കാൻ തുടങ്ങി. ആലാപനത്തിലെ തെളിച്ചവും വെളിച്ചവുമുള്ള ശബ്ദം കൊണ്ട് ശുദ്ധമായ മലയാളത്തിൽ ശ്രോതാക്കളോട് സരസമായി സംവദിക്കാനുള്ള പ്രാഗല്ഭ്യവും തനിക്കുണ്ടെന്ന് ആശാലത തെളിയിച്ചു. പിന്നീട് യു.എ.ക്യൂ റേഡിയോയിലും പ്രവർത്തിച്ചു.

2005ൽ സ്വർണ്ണാഭരണ വിപണനരംഗത്തെ മികച്ച ഗ്രൂപ്പായ ജോയ് ആലുക്കാസിൽ മാർക്കറ്റിംഗ് മേധാവിയായി പ്രവർത്തനം തുടങ്ങിയതു മുതൽ കൊച്ചി എഫ്എം റേഡിയോയിൽ അവതരിപ്പിച്ചുവരുന്ന ഹലോ ജോയ് ആലുക്കാസ് എന്ന ഫോൺ ഇൻ പരിപാടിയാണ് ആശാലതയെ ലോകമെങ്ങുമുള്ള മലയാളി ശ്രോതാക്കളുടെ പ്രിയപ്പെട്ട ആശച്ചേച്ചിയാക്കിയത്. [3]

2014ൽ ജോയ് ആലുക്കാസിൽ ഡെപ്യൂട്ടി ജനറൽ മാനേജർ, മാർക്കറ്റിംഗ്, ഇൻ ഇന്ത്യൻ ഓപ്പറേഷൻസ് എന്ന തസ്തികയിലായിരിക്കെ സേവനം അവസാനിപ്പിച്ച ആശാലത ഇപ്പോൾ സംഗീതരംഗത്ത് തിരിച്ചുവരികയാണ്. ഇപ്പോൾ എറണാകുളത്തെ മീഡിയ വേവ്‌സ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ ഡയറക്ടറായ ആശാലത സാമൂഹ്യപ്രവർത്തന രംഗത്തും സജീവമാണ്..

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആശാലത_(ഗായിക)&oldid=3717095" എന്ന താളിൽനിന്ന് ശേഖരിച്ചത്