ആർക്കിയോളജിക്കൽ മ്യൂസിയം ആൻഡ് പോർട്രെയിറ്റ് ഗാലറി, ഗോവ
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(ഓഗസ്റ്റ് 2020) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സ്ഥാപിതം | 1964 |
---|---|
സ്ഥാനം | ഗോവ, ഇന്ത്യ |
നിർദ്ദേശാങ്കം | 15°30′09″N 73°54′41″E / 15.5024769°N 73.91151°E |
Type | ആർക്കിയോളജിക്കൽ മ്യൂസിയം |
വെബ്‌വിലാസം | asi |
ഗോവയിലെ ആർക്കിയോളജിക്കൽ മ്യൂസിയം ആൻഡ് പോർട്രെയിറ്റ് ഗാലറി 1964-ൽ ആണ് സ്ഥാപിതമായത്. പഴയ ഗോവയിലെ മുൻ പോർട്ടുഗീസ് കോളനി തലസ്ഥാനത്തു സ്ഥിതി ചെയ്യുന്ന ഈ മ്യൂസിയം ഇപ്പോൾ പുരാവസ്തുവകുപ്പിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. 1981-82 കാലഘട്ടത്തിൽ എൻ.എസ്. ഈ മ്യൂസിയം പുനഃസംഘടിപ്പിച്ചിരുന്നു. ഒരിക്കൽ ചരിത്രപരമായി വളരെയേറെ പ്രാധാന്യമുണ്ടായിരുന്ന ഈ നഗരം ഇപ്പോൾ അനേകം ടൂറിസ്റ്റുകളുടെ ആകർഷണകേന്ദ്രവും ഗോവയിലെ ഏറ്റവും പ്രശസ്തമായ മ്യൂസിയവും പഴയ ഗോവയിലെ ഏറ്റവും കൂടുതൽ സന്ദർശിക്കപ്പെടുന്ന ഇടവുമാണ്.
സ്ഥാനം
[തിരുത്തുക]ചർച്ച് ഓഫ് സെന്റ് ഫ്രാൻസിസ് ഓഫ് അസീസിയിലെ കോൺവെന്റ് സെക്ഷനിലാണ് മ്യൂസിയവും പോർട്രെയ്റ്റ് ഗാലറിയും സ്ഥിതി ചെയ്യുന്നത്.
പ്രദർശനവസ്തുക്കൾ
[തിരുത്തുക]ഗോവയിലെ പോർച്ചുഗീസ് ഭരണം, പ്രാചീന ചരിത്രം, ചരിത്രാതീത കാലം എന്നിവ ഉൾക്കൊള്ളുന്ന ഒട്ടനവധി വസ്തുക്കൾ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. പ്രദർശനത്തിനുള്ള വിവിധയിനങ്ങൾ എട്ട് ഗാലറികളിലായി ക്രമീകരിച്ചിരിക്കുന്നു. മ്യൂസിയത്തിലെ ഈ എട്ട് ഗാലറികളേയും എട്ട് വിവിധ വിഭാഗങ്ങളായി വിശദീകരിക്കാവുന്നതാണ്. ഇതോടൊപ്പം മദ്ധ്യകാലഘട്ടത്തിലേയ്ക്കും ഗോവയുടെ പുരാതന ചരിത്രത്തിലേയ്ക്കും വെളിച്ചം വീശുന്ന വിവിധ വസ്തുക്കളും ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. കൊളോണിയൽ ഗോവയിലെ ഗവർണർമാരുടെയും വൈസ്രോയിമാരുടെയും അറുപതോളം ഛായാചിത്രങ്ങൾ ഇവിടുത്തെ പ്രദർശനത്തിലെ മുഖ്യ ഇനമാണ്. മറ്റു ഛായചിത്രങ്ങളിൽ ജോ ഡി കാസ്ട്രോ, വാസ്കോ ഡ ഗാമ എന്നിവരുടേതും ഉൾപ്പെടുന്നു. ഹിന്ദു ദൈവങ്ങളുടെ അദ്വിതീയ ശേഖരത്തിൽ വിഷ്ണുവും 10 അവതാരങ്ങളും, ഗജലക്ഷ്മി, സൂര്യദേവൻ, ഇരുവശങ്ങളിലും ലക്ഷ്മി ദേവി, ഗരുഡൻ എന്നിവരുടെ അകമ്പടിയോടെ നിലകൊള്ളുന്ന വിഷ്ണുവിന്റെ ഒരു പ്രതിമ എന്നിവയോടൊപ്പം സ്നാപക യോഹന്നാൻറേയും വിശുദ്ധ പത്രോസ് ശ്ലീഹയുടേയും തടികൾകൊണ്ടുള്ള പ്രതിമകൾ, യേശുക്രിസ്തുവിൻറെ കുരിശു മരണത്തെ ചിത്രീകരിച്ചിരിക്കുന്ന ആനക്കൊമ്പിൽ തീർത്ത ശിൽപ്പം എന്നിവയും പ്രദർശന നിരയിലുണ്ട്. കീ ഗാലറി, ഛായാചിത്ര ഗാലറി, ശിൽപ്പകലാ ഗാലറി എന്നിവയടങ്ങിയതാണ് മ്യൂസിയത്തിൻറെ പ്രധാന ഭാഗങ്ങൾ.
ഇതിനുപുറമെ, തപാൽ സ്റ്റാമ്പുകൾ, വിവിധ ദാരു ശിൽപ്പങ്ങൾ, തൂണുകൾ, പ്രതിമകൾ, സെറാമിക്സ്, ഹിന്ദു, മുസ്ലീം, പോർച്ചുഗീസ് ഭരണാധികാരികൾ പുറത്തിറക്കിയ ചെമ്പു നാണയങ്ങൾ എന്നിവയും ഇവിടെ പ്രദർശനത്തിനായി സജ്ജീകരിച്ചിരിക്കുന്നു.[1] പ്രദർശനശാലകളിൽ പ്രകൃതിദത്തവും കൃത്രിമവുമായ വെളിച്ചസംവിധാനങ്ങൾ ഇടകലർത്തി ഉപയോഗിച്ചിരിക്കുന്നു. പോർച്ചുഗീസ് ഇതിഹാസ കവിയായിരുന്ന ലൂയിസ് വാസ് ഡി കാമോസിന്റെ അസാധാരണ വലിപ്പത്തിലുള്ള പ്രതിമയും പ്രത്യേകം ശ്രദ്ധേയമാണ്. അതുപോലെതന്നെ അൽഫോൻസോ ഡി അൽബുക്കർക്കിൻറെ ഏകദേശം ആറ് മീറ്റർ ഉയരമുള്ള ഒരു പ്രതിമയും എടുത്തു പറയേണ്ട ഒരു പ്രദർശന വസ്തുവാണ്. വീരക്കല്ലുകൾ, സതി കല്ലുകൾ, പേർഷ്യൻ, അറബിക് ലിഖിതങ്ങൾ, പോർച്ചുഗീസ് ആയുധങ്ങൾ (തോക്കുകൾ, വാളുകൾ, കഠാരകൾ) എന്നിവയും ഇവിടത്തെ പ്രദർശനങ്ങളിലുണ്ട്. വീഡിയോ ഷോകൾ സന്ദർശകർക്ക് ലഭ്യമാണ്, കൂടാതെ ഒരു പ്രസിദ്ധീകരണ, വിൽപ്പന-കൌണ്ടറും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു.
ഗാലറി
[തിരുത്തുക]-
ആർക്കിയോളജിക്കൽ മ്യൂസിയം പ്രവേശന കവാടം
-
ആർക്കിയോളജിക്കൽ മ്യൂസിയത്തിൽ നിന്നും മീശയുള്ള ശിവൻ