Jump to content

ആർ. വെങ്കട്ടറാവു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആർ. വെങ്കട്ട റാവു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റായ് രായ
റായ് വെങ്കട്ട റാവു
തിരുവിതാംകൂറിന്റെ ദിവാൻ
ഓഫീസിൽ
1821–1829
മുൻഗാമിറെഡ്ഡി റാവു
പിൻഗാമിതഞ്ചാവൂർ സുബ്ബ റാവു
ഓഫീസിൽ
1838–1839
Monarchസ്വാതി തിരുനാൾ
മുൻഗാമിആർ. രങ്ക റാവു
പിൻഗാമിതഞ്ചാവൂർ സുബ്ബ റാവു
വ്യക്തിഗത വിവരങ്ങൾ
മരണം1843

1821 മുതൽ 1829 വരെയും 1838 മുതൽ 1839 വരെയും തിരുവിതാംകൂറിന്റെ ദളവയായിരുന്നു റായ് രായ റായ് വെങ്കട്ട റാവു (1843-ൽ മരണം). ആർ. രഘുനാഥ റാവു ഇദ്ദേഹത്തിന്റെ മകനും സർ ടി. മാധവ റാവു സഹോദരപുത്രനുമാണ്.

ആദ്യകാലജീവിതം[തിരുത്തുക]

മദ്രാസ് പ്രസിഡൻസിയിലെ കുംഭകോണത്താണ് ഇദ്ദേഹം ജനിച്ചത്. ഗുണ്ടു പന്തായിരുന്നു അച്ഛൻ. തഞ്ചാവൂർ മറാഠി കുടുംബമായിരുന്നു ഇദ്ദേഹത്തിന്റേത്. മദ്രാസ് പ്രസിഡൻസിയിലായിരുന്നു ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസം. ഇതിനു ശേഷം ഇദ്ദേഹം ബ്രിട്ടീഷ് സർവീസിൽ പ്രവേശിച്ചു.

തിരുവിതാംകൂർ ദിവാൻ[തിരുത്തുക]

1819-ൽ വെങ്കട്ട റാവു ബ്രിട്ടീഷ് റസിഡന്റായിരുന്ന കേണൽ മക്ഡോണലിന്റെ സഹായിയായി തിരുവിതാംകൂർ സ്റ്റേറ്റ് സർവ്വീസിൽ പ്രവേശിച്ചു. തിരുവിതാംകൂറിലെ റീജന്റായിരുന്ന രാജ്ഞിക്ക് ഇദ്ദേഹത്തിന്റെ കഴിവുകളിൽ മതിപ്പു തോന്നിയതിനാൽ ദിവാൻ പേഷ്കാർ എന്ന തസ്തികയിൽ നിയമിച്ചു. തിരുവിതാംകൂറിന്റെ ഡിവിഷനുകളിലൊന്നിന്റെ ഭരണാധികാരിയായിരുന്നു ദിവാൻ പേഷ്കാർ. ഇദ്ദേഹം ദിവാൻ പേഷ്കാരായിരുന്ന സമയത്ത് ശിപായിമാരുടെ വേഷവിധാനത്തിൽ മാറ്റം വരു‌ത്തുകയും പത്മനാഭസ്വാമി ക്ഷേത്രത്തിലെ കുളം വൃത്തിയാക്കുകയും ചെയ്തിരുന്നു.

1821-ൽ ദിവാൻ റെഡ്ഡിറാവു രണ്ടു ഗ്രാമങ്ങളുടെ ഉടമസ്ഥത (jagir) രാജ്ഞിയിൽ നിന്ന് ഏറ്റെടുത്തത് വിവാദമുണ്ടാക്കുകയും ഇദ്ദേഹം ഇതെ‌ത്തുടർന്ന് രാജിവയ്ക്കുകയും ചെയ്തു. വെങ്കട്ട റാവുവിനെയായിരുന്നു പകരം ദിവാനാക്കിയത്. ഇദ്ദേഹത്തിന് ബ്രിട്ടീഷ് റെസിഡന്റിന്റെ പിന്തുണയുമുണ്ടായിരുന്നു.

ഉദ്യോഗമേറ്റുടനെ വെങ്കട്ട റാവു നികുതിയിളവുകൾ പ്രഖ്യാപിക്കുകയുണ്ടായി. ഇദ്ദേഹം കൊല്ലം ആസ്ഥാനമാക്കിയായിരുന്നു ഭരണം നടത്തിയത്. ധാരാളം ജലസേചന പദ്ധതികൾ ഇദ്ദേഹം നടപ്പിൽ വരുത്തുകയുണ്ടായി. തിരുവനന്തപുരത്തുനിന്ന് കഠിനംകുളം കായലിലേയ്ക്കുള്ള കനാൽ, കൊല്ലവും പറവൂരും തമ്മിൽ ബന്ധിപ്പിക്കുന്ന കനാൽ എന്നിവ ഇദ്ദേഹത്തിന്റെ കാലയളവിലാണത്രേ നിർമ്മിക്കപ്പെട്ടത്[1] .

യാഥാസ്ഥിതിക നിലപാടുകൾ[തിരുത്തുക]

ചാന്നാർ ലഹളയ്ക്ക് മുൻപ് തിരുവിതാംകൂറിൽ പത്മനാഭപുരത്തുവച്ച് മാറുമറച്ചു നടന്ന ചില ക്രിസ്ത്യൻ നാടാർ സ്ത്രീകളെയും അവരുടെയൊപ്പമുണ്ടായിരുന്ന പുരുഷന്മാരെയും നായർ സമുദായാംഗങ്ങളായ ഏതാനും പേർ തല്ലിച്ചതയ്ക്കുകയും സമീപത്തുണ്ടായിരുന്ന ക്രിസ്ത്യൻ പള്ളി തീവച്ചു നശിപ്പിക്കുകയും ചെയ്തു. ഈ സംഭവത്തോടെ പ്രത്യാക്രമണവും വ്യാപകമായുണ്ടായി. ലഹള തിരുവതാം‌കൂറിന്റെ ഇതര പ്രദേശങ്ങളിലേക്കും വ്യാപിച്ചു. ദിവാൻ വെങ്കട്ടറാവു നാടാർ സമുദായത്തിനെതിരായ നിലപാടാണെടുത്തത്.

എന്നാൽ മിഷണറിയായ റീഡ് ഇതിനെതിരെ കോടതിയെ സമീപിക്കുകയും നാടാർ സ്ത്രീകൾക്ക് അനുകൂലമായി വിധി സമ്പാദിക്കുകയും ചെയ്തു. കോടതിവിധി മറികടക്കുവാനായി ദിവാൻ നാടാർ സ്ത്രീകൾ മാറു മറച്ചുകൂടാ എന്നൊരു കല്പന ഇറക്കി.

ഔദ്യോഗിക ജീവിതത്തിലെ മറ്റു തസ്തികകൾ[തിരുത്തുക]

മൈസൂറിന്റെ ചീഫ് കമ്മീഷണറുടെ മുഖ്യ ശിരസ്തദാരായി വെങ്കട്ട റാവു 1834 മുതൽ 1838 വരെ ജോലി ചെയ്തിരുന്നു. 1840 മുതൽ 1842 വരെ ഇദ്ദേഹം മൈസൂറിലെ അസിസ്റ്റന്റ് ചീഫ് കമ്മീഷണറായി പ്രവർത്തിച്ചു. 1842-ൽ ഇദ്ദേഹത്തെ ഹൈദരാബാദിലെ ദിവാനായി നിയോഗിച്ചു. ഇവിടെ 1843 വരെ ഇദ്ദേഹം ജോലി ചെയ്യുകയും അനാരോഗ്യം കാരണം ബാംഗ്ലൂരിലേയ്ക്ക് മടങ്ങുകയുമാണുണ്ടായത്.

മരണം[തിരുത്തുക]

ഇദ്ദേഹം 1843-ൽ രോഗബാധിതനാവുകയും 1843 ജൂലൈ മാസത്തിൽ ബാംഗ്ലൂരിൽ വച്ച് മരണമടയുകയും ചെയ്തു.

സ്ഥാനമാനങ്ങൾ[തിരുത്തുക]

1838-ൽ തിരുവിതാംകൂറിനു നൽകിയ സേവനങ്ങൾക്ക് ഇദ്ദേഹത്തിന് "റായ് രായ റായ്" എന്ന സ്ഥാനപ്പേര് നൽകുകയുണ്ടായി.

കുറിപ്പുകൾ[തിരുത്തുക]

  1. "ട്രാവൻകൂർ സ്റ്റേറ്റ് മാനുവൽ". ഇന്റർനെറ്റ് ആർക്കൈവ്. Retrieved 1 മാർച്ച് 2013.

അവലംബം[തിരുത്തുക]

മുൻഗാമി തിരുവിതാംകൂർ ദിവാൻ
1821 - 1829
പിൻഗാമി
മുൻഗാമി തിരുവിതാംകൂർ ദിവാൻ
1838 - 1839
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ആർ._വെങ്കട്ടറാവു&oldid=4092497" എന്ന താളിൽനിന്ന് ശേഖരിച്ചത്