Jump to content

ഏകാത്മക മാനവവാദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇന്റഗ്രൽ ഹ്യുമാനിസം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാരതീയ ചിന്താധാരകളുടെ അന്തഃസത്ത ഉൾക്കൊണ്ട് ദീനദയാൽ ഉപാദ്ധ്യായ അവതരിപ്പിച്ച സാമ്പത്തീക സാമൂഹിക ദർശനമാണ് എകാത്മാ മാനവ ദർശനം. ജനസംഘം 1965-ൽ അവരുടെ തത്ത്വസംഹിതയായി സ്വീകരിച്ചു.[1] ഭാരതീയ ജനതാ പാർട്ടിയുടേയും ഔപചാരിക തത്ത്വസംഹിത ഇതു തന്നെയാണ്.[2]

Integral Humanisum

ഏകാത്മക മാനവവാദം അനുസരിച്ച് വ്യക്തികൾ മനുഷ്യ ശരീരത്തിലെ കോശങ്ങൾ പോലെയാണ്‌, അവ കൂടിചേർന്ന്‌ അവയവങ്ങൾ ഉണ്ടാക്കുന്നത്‌ പോലെ മനുഷ്യർ കൂടിചേർന്ന്‌ സാമാജത്തിൽ വ്യത്യസ്ത വ്യവസ്ഥിതികൾ ഉണ്ടാക്കുന്നു. ഭരണകൂടം, കുടുംബം, കോടതി ഇങ്ങനെ പല വ്യവസ്ഥിതികൾ കൂടിചേർന്ന്‌ രാജ്യം അഥവാ ശരീരം നിർമ്മിക്കപ്പെടുന്നു. ആ ശരീരം രാജ്യത്തിൻറെ ആത്മബോധത്തിൻറെ ചോദനക്കനുസരിച്ച്‌ പ്രവർത്തിക്കുന്നു. ആ ചോദനയെ ധർമ്മം എന്നും ആ ചോദന സൃഷ്ടിക്കുന്ന ആത്മബോധത്തെ ചിതി എന്നും വിളിക്കുന്നു. പുരാതന ഗ്രീസിനെ സംഹരിച്ചതും ആധുനിക അമേരിക്കയെ നിർമ്മിച്ചതും ഒപ്പം ഭാരതത്തെ ഭാരതം ആക്കി നിലനിർത്തിയതും ആ രാജ്യങ്ങളുടെ ചിതിയാണ്‌. അങ്ങനെ വരുമ്പോൾ വ്യക്തിയുടെ ചിതിയിൽ നിന്ന്‌ രാഷ്ട്രത്തിൻറെ ചിതിയിലേക്ക്‌ വ്യക്തി മാറുന്നത്‌ പോലെ രാഷ്ട്രങ്ങളുടെ ചിതികൾ കൂടിചേർന്ന്‌ മാനവീകതയുടെ ആത്മബോധവും അവ ചേർന്ന്‌ പ്രപഞ്ചത്തിൻറെ ആത്മബോധവും സൃഷ്ടിക്കപ്പെടുന്നു. ഈ ആത്മബോധത്തെ മാനവീകതയുടെ മുഴുവൻ ആത്മാവ്‌ എന്ന്‌ വിളിക്കാം. ഈ ബോധം ഉൾക്കൊള്ളുന്നവരാണ്‌ ഏകാത്മമാനവർ. ആ ദർശനമാണ്‌ ഏകാത്മതാ മാനവദർശനം.

ആവിഷ്കാരം

[തിരുത്തുക]

ദീനദയാൽ ഉപാധ്യായ കണ്ടെത്തിയ ഏകാത്മ മാനവദർശനം സമഗ്രമായ രൂപത്തിൽ ഭാരതീയ ജനസംഘത്തിന്റെ കാര്യകർത്താക്കൾക്ക് മുൻപാകെ അവതരിപ്പിക്കുകയായിരുന്നു. ഗ്വാളിയാറിൽ ചേർന്ന 500 പ്രവർത്തകരുടെ നാലുദിവസത്തെ ചിന്തൻ ശിബിരത്തിലാണ് ദീനദയാൽ തന്റെ സിദ്ധാന്തം അവതരിപ്പിച്ചത്. തന്റെ പ്രബോധനമോരോന്നും കഴിഞ്ഞ് അതേപ്പറ്റി പ്രവർത്തകരുടെ അഭിപ്രായങ്ങളാരാഞ്ഞ് അവയ്ക്ക് വിശദീകരണം നൽകുന്ന ശൈലിയാണദ്ദേഹം സ്വീകരിച്ചത്. ഏകാത്മമാനവ ദർശനത്തിന്റെ അടിസ്ഥാനത്തിൽ ഭാരതീയ ജനസംഘത്തിന്റെ നയലക്ഷ്യങ്ങൾ അടങ്ങുന്ന തത്ത്വവും നയവും തയ്യാറാക്കി അടുത്തവർഷം വിജയവാഡയിൽ നടന്ന ഭാരതീയ പ്രതിനിധിസഭയിൽ അദ്ദേഹം അവതരിപ്പിക്കുകയും അതിലെ ഓരോ വാചകവും ചർച്ചകൾക്കും വിശദീകരണങ്ങൾക്കുംശേഷം സഭ അംഗീകരിക്കുകയും ചെയ്തു. തത്ത്വവും നയവും (സിദ്ധാന്ത് ഔർ നീതി) കരടുരൂപം തയ്യാറാക്കി രാജ്യമെങ്ങുമുള്ള പ്രമുഖ വ്യക്തികൾക്ക് (ബുദ്ധിജീവികൾ, പത്രപ്രവർത്തകർ, രാഷ്ട്രീയ ചിന്തകർ തുടങ്ങിയവർക്ക്) ജനസംഘ പ്രവർത്തകർ എത്തിച്ചുകൊടുത്ത്, അവരുടെ അഭിപ്രായങ്ങൾ അറിയാനും ദീനദയാൽജി ശ്രദ്ധിച്ചിരുന്നു.

ഏറ്റവും ജനാധിപത്യപരമായ വിധത്തിലാണ് ഈ സിദ്ധാന്തം ഔദ്യോഗികമായി സ്വീകരിക്കപ്പെട്ടത്. മുംബൈയിൽ ചേർന്ന പ്രമുഖ വ്യക്തികളുടെയും ചിന്തകന്മാരുടെയും സദസ്സിൽ നാലുദിവസത്തെ പ്രഭാഷണ പരമ്പരയിലൂടെ ദീനദയാൽജി ഏകാത്മമാനവദർശനത്തെ വിശദീകരിച്ചു. ആ പരമ്പരയിലെ പ്രഭാഷണങ്ങൾ ക്രോഡീകരിച്ചു പുസ്തകരൂപത്തിലാക്കിയതാണ് ഏകാത്മമാനവദർശനമെന്ന് അറിയപ്പെടുന്ന പ്രബന്ധം.

അതിന് മുൻപുതന്നെ ജനസംഘത്തിന്റെ സ്ഥാപനകാലത്ത് പാശ്ചാത്യരീതിയനുസരിച്ചുള്ള രാഷ്ട്രീയ, ഭരണ, രീതികളിൽനിന്ന് വ്യത്യസ്തമായി ഭാരതീയ പാരമ്പര്യത്തിനനുസൃതമായി ഇവിടത്തെ പ്രതിഭയ്ക്കും തനിമയ്ക്കും യോജിച്ചതും ആധുനികയുഗത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ പോന്നതുമായ രീതിക്കായി ദീനദയാൽജി ചിന്തിച്ചു തുടങ്ങിയിരുന്നു. സംഘത്തിന്റെ ദ്വിതീയ സർസംഘചാലക് ഗുരുജി ഗോൾവൽക്കർ, മുതിർന്ന പ്രചാരകനും ചിന്തകനുമായിരുന്ന ദത്തോപന്ത് ഠേംഗ്ഡി, ജനസംഘ സ്ഥാപകാധ്യക്ഷൻ ഡോ.ശ്യാമപ്രസാദ് മുഖർജി തുടങ്ങിയവരുമായി നിരന്തര ചർച്ചകൾ നടത്തിയാണ് ദീനദയാൽജി ഈ ശ്രമത്തെ മുന്നോട്ടു കൊണ്ടുപോയത്. അക്കാലത്തെ സംഘശിക്ഷാവർഗിൽ അദ്ദേഹം നടത്താറുള്ള പ്രഭാഷണങ്ങൾക്ക് വ്യക്തി, സമാജം, അവ തമ്മിലുള്ള ബന്ധം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ആഴത്തിൽ ഉൾക്കാഴ്ച നൽകുന്നവയായിരുന്നു. പ്രകൃതി, സംസ്‌കൃതി, വികൃതി, ചിതി, വിരാട് മുതലായ വിഷയങ്ങളെ അത്യന്തം ലളിതമായ വിധത്തിലാണ് അദ്ദേഹം വിശദീകരിച്ചത്. അതിവിദൂരമായ ഭാവിയിലേക്കുള്ള തെളിമയാർന്ന വീക്ഷണമായിരുന്നു അത്.

പ്രബന്ധങ്ങളും ഗ്രന്ഥങ്ങളും

[തിരുത്തുക]

ഏകാത്മമാനവദർശനത്തെപ്പറ്റി ധാരാളം പഠനങ്ങളും അതിന്റെ ഫലമായി ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും പ്രസിദ്ധീകൃതങ്ങളായിട്ടുണ്ട്. സിപിഐ അനുഭാവിയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ.എം.ജി. ബൊക്കാറെയ്ക്ക്, ദത്തോപന്ത് ഠേംഗ്ഡിയുമായുണ്ടായ സമ്പർക്കംമൂലം സ്വന്തം കാഴ്ചപ്പാടിൽ മാറ്റമുണ്ടായി. ഭാരതത്തിന്റെ തനതായ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് [3]എന്നൊരു പ്രബന്ധം തന്നെ തയ്യാറാക്കി. ദീനദയാൽജിയാകട്ടെ 1967 ൽ കോഴിക്കോട്ട് സമ്മേളനത്തിൽ ദേശീയാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം, ആദ്യത്തെ ബദ്ധപ്പാടുകൾ തീർന്ന്, മുംബൈയിൽ ഏതാനും നാൾ ഏകാന്തവിശ്രമത്തിൽ കഴിഞ്ഞ്, ഏകാത്മമാനവദർശനത്തിന്റെ അടിസ്ഥാനത്തിലുള്ള വിശദമായൊരു പ്രായോഗിക കാര്യപദ്ധതി തയ്യാറാക്കാൻ നിശ്ചയിച്ചിരുന്നു. കോഴിക്കോട് സമ്മേളനത്തിന്റെ ചുമതല വഹിച്ച രാംഭാവു ഗോഡ്‌ബോലെ അതിന് പൂർണമായ വ്യവസ്ഥകളും ചെയ്തിരുന്നു.

ഏകാത്മമാനവ ദർശനത്തിന്റെ വിവിധ വശങ്ങളെ വിശദീകരിക്കുന്ന 10 വാല്യങ്ങളുള്ള ഒരു പരമ്പര ദൽഹിയിലെ സുരുചി പ്രകാശൻ ഇംഗ്ലീഷിലും ഹിന്ദിയിലും പുറത്തിറക്കി.

അവലംബം

[തിരുത്തുക]
  1. Hansen 1999, p. 84.
  2. Koertge 2005, p. 229.
  3. "ഹിന്ദു എക്കൊണമി". dharmalaw.blogspot.in. MG Bokare. Retrieved 26 ഫെബ്രുവരി 2017.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഏകാത്മക_മാനവവാദം&oldid=4287159" എന്ന താളിൽനിന്ന് ശേഖരിച്ചത്