Jump to content

ഇ.എ. രാജേന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇ.എ. രാജേന്ദ്രൻ
2013-ൽ മാക്ബെത്ത് നാടക അവതരണോദ്ഘാടനത്തിനു മുൻപ്, കൊല്ലം സോപാനത്തിൽ നടന്ന സമ്മേളനത്തിൽ ഇ.എ. രാജേന്ദ്രൻ
തൊഴിൽചലച്ചിത്രനടൻ, നാടകനടൻ, നാടകസംവിധായകൻ
ജീവിതപങ്കാളി(കൾ)സന്ധ്യ
കുട്ടികൾദിവ്യദർശൻ
മാതാപിതാക്ക(ൾ)അയ്യപ്പൻ, സുമതി

ഒരു മലയാള നാടകസംവിധായകനും നാടക-ചലച്ചിത്രനടനാണ് ഇ.എ. രാജേന്ദ്രൻ. അറുപതോളം ചലച്ചിത്രങ്ങളിലെ ശ്രദ്ധേയ വേഷങ്ങൾക്ക് പുറമേ ടെലിവിഷൻ പരമ്പരകളിലെ പ്രധാന വേഷങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്. സംസ്ഥാന ഹോർട്ടികൾച്ചർ കോർപറേഷൻ ചെയർമാനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.[1]

ജീവിതരേഖ

[തിരുത്തുക]

ജനനം, വിദ്യാഭ്യാസം, വിവാഹം

[തിരുത്തുക]

തൃശൂർ ജില്ലയിൽ തൃത്തല്ലൂരിലെ ഏങ്ങൂർ തറവാട്ടിൽ അയ്യപ്പന്റെയും സുമതിയുടെയും മകനായി ജനനം. തൃത്തല്ലൂർ യു.പി സ്കൂളിലെ വിദ്യാഭ്യാസകാലത്ത് തന്നെ സ്കൂൾ സാഹിത്യസമാജവുമായി ബന്ധപ്പെട്ട നാടകാവതരണങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. കലാലയപഠനത്തിനു ശേഷം ദൽഹിയിലെ നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്ന രാജേന്ദ്രൻ, ഒന്നാം റാങ്കോടെ ബിരുദം നേടി.[1] ഇതിനു ശേഷം പൂനയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ടെലിവിഷൻ കോഴ്സിനു ചേർന്നു.

പൂനയിലെ പഠനശേഷം നാട്ടിലെത്തിയ സന്ദർഭത്തിലാണ് . ഒ. മാധവന്റെ മകളും മുകേഷിന്റെ സഹോദരിയുമായ സന്ധ്യയെ രാജേന്ദ്രൻ പരിചയപ്പെടുന്നതും തുടർന്ന് ഇരുവരും വിവാഹിതരാകുന്നതും. അക്കാലത്ത് സന്ധ്യ തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥിയായിരുന്നു.

പ്രൊഫഷണൽ നാടകരംഗത്ത്

[തിരുത്തുക]

വിവാഹശേഷം കൊല്ലത്തെത്തിയ രാജേന്ദ്രൻ, ഭാര്യാപിതാവായ ഒ. മാധവന്റെ ഉടമസ്ഥതയിലുള്ള കാളിദാസ കലാകേന്ദ്രം എന്ന നാടകസമിതിയുടെ പ്രവർത്തനങ്ങളിൽ പങ്കാളിയായി. നാടകകൃത്തായ ജോസ് ചിറമ്മലിന്റെ സഹായത്തോടെ രാജേന്ദ്രൻ തന്നെ ആകർഷിച്ച ഒരു റഷ്യൻ നോവൽ നാടകമാക്കി.1987-ൽ ഏറ്റവും മികച്ച നാടകത്തിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ഈ നാടകം നേടുകയുണ്ടായി. പിന്നീട് രാജേന്ദ്രൻ തന്നെയായിരുന്നു കാളിദാസകലാകേന്ദ്രത്തിന്റെ പ്രധാന ചുമതലക്കാരൻ. തുടർന്ന് ആറേഴു വർഷം രാജേന്ദ്രനും സന്ധ്യയും തന്നെയായിരുന്നു കാളിദാസ കലാകേന്ദ്രത്തിലെ പ്രധാന അഭിനേതാക്കൾ. ഇക്കാലയളവിൽ സന്ധ്യയ്ക്ക് ഏറ്റവും മികച്ച നാടകനടിക്കുള്ള സംസ്ഥാന സർക്കാർ അവാർഡും ലഭിച്ചു.

ചലച്ചിത്രരംഗത്ത്

[തിരുത്തുക]

പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുറത്തു വന്ന രാജേന്ദ്രൻ വി.ആർ. ഗോപിനാഥിന്റെ ഗ്രീഷ്മം എന്ന സിനിമയിൽ അഭിനയിച്ചിരുന്നുവെങ്കിലും പിന്നീട് കുറേക്കാലം ചലച്ചിത്രമേഖലയിൽ നിന്ന് മറ്റ് അവസരങ്ങളൊന്നും ഇദ്ദേഹത്തെ തേടിയെത്തിയില്ല. നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു തിരികെയെത്തിയത് ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലൂടെയാണ്. പിന്നീട് പ്രണയവർണ്ണങ്ങൾ, ദയ, പട്ടാഭിഷേകം തുടങ്ങി അറുപതോളം ചിത്രങ്ങളിൽ വില്ലനായും സ്വഭാവനടനായും അഭിനയിച്ചു.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • മികച്ച സംവിധായകൻ - വെഞ്ഞാറമൂട് രാമചന്ദ്രൻ സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടകോത്സവം (2010) , നാടകം:രമണൻ[2]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "വെറും ഒരു നടനല്ല ഇ. എ രാജേന്ദ്രൻ". മലയാള മനോരമ. ജൂൺ 11, 2012. Retrieved ജൂലൈ 7, 2012.[പ്രവർത്തിക്കാത്ത കണ്ണി]
  2. "രമണൻ മികച്ച നാടകം; ഇ.എ. രാജേന്ദ്രൻ സംവിധായകൻ". മാതൃഭൂമി. ഡിസംബർ 5, 2010. Archived from the original on 2010-12-11. Retrieved ജൂലൈ 7, 2012.
"https://ml.wikipedia.org/w/index.php?title=ഇ.എ._രാജേന്ദ്രൻ&oldid=3624711" എന്ന താളിൽനിന്ന് ശേഖരിച്ചത്