Jump to content

എം.വി. രാഘവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എം. വി. രാഘവൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എം.വി. രാഘവൻ
എം.വി. രാഘവൻ
നിയമസഭാംഗം
ഓഫീസിൽ
1970-1996,2001-2006
മണ്ഡലംമാടായി
തളിപ്പറമ്പ്
കൂത്തുപറമ്പ്
പയ്യന്നൂർ
അഴീക്കോട്
കഴക്കൂട്ടം
തിരുവനന്തപുരം വെസ്റ്റ്
സഹകരണ വകുപ്പ് മന്ത്രി
ഓഫീസിൽ
1991-1995, 2001-2004
വ്യക്തിഗത വിവരങ്ങൾ
ജനനം(1933-05-05)മേയ് 5, 1933
പാപ്പിനിശേരി, കണ്ണൂർ, കേരളം
മരണംനവംബർ 9, 2014(2014-11-09) (പ്രായം 81)
കണ്ണൂർ
രാഷ്ട്രീയ കക്ഷിസി.പി.എം(1986 വരെ) കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി(1986-2014)
പങ്കാളിസി.വി ജാനകി
കുട്ടികൾഎം.വി ഗിരിജ
എം.വി ഗിരീഷ് കുമാർ
എം.വി രാജേഷ്
എം.വി. നികേഷ് കുമാർ.
വസതികണ്ണൂർ
As of 09, നവംബർ, 2014
ഉറവിടം: [കേരള നിയമസഭ[1]]

കേരളത്തിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവായിരുന്നു‌ എം.വി.ആർ. എന്നറിയപ്പെടുന്ന എം.വി.രാഘവൻ (ജനനം: 5 മെയ് 1933 മരണം: 9 നവംബർ 2014 ) . മേലേത്തു വീട്ടിൽ രാഘവൻ നമ്പ്യാർ എന്നാണു മുഴുവൻ പേര്. സിപിഐലും പിന്നീട് സി.പി.ഐ എമ്മിലും പ്രവർത്തിച്ചു. സിപിഎമ്മിൽ നിന്നും പുറത്താക്കപ്പെട്ടതിനെത്തുടർന്ന് ഇദ്ദേഹം കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി(സി.എം.പി) രൂപവത്കരിച്ചു. ഏറ്റവുമധികം നിയോജകമണ്ഡലങ്ങളിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആൾ എന്ന റിക്കൊർഡ് ഇദ്ദേഹത്തിന്റെ പേരിലാണ്. മാടായി(1970), തളിപ്പറമ്പ്(1977), കൂത്തുപറമ്പ്(1980), പയ്യന്നൂർ(1982), അഴീക്കോട്(1987), കഴക്കൂട്ടം(1991), തിരുവനന്തപുരം വെസ്റ്റ്(2001) എന്നീ നിയോജകമണ്ഡലങ്ങളെ ഇദ്ദേഹം നിയമസഭയിൽ പ്രതിനിധീകരിച്ചിട്ടുണ്ട്.1991-1995-ലെ കെ. കരുണാകരൻ മന്ത്രിസഭയിലും 2001-2004-ലെ എ.കെ. ആൻറണി മന്ത്രിസഭയിലും സഹകരണവകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.

ജീവിതരേഖ

[തിരുത്തുക]

കണ്ണൂർ ജില്ലയിലെ പാപ്പിനിശേരിയിൽ മേലേത്ത് വീട്ടിൽ ശങ്കരൻ നമ്പ്യാരുടെയും തമ്പൈ അമ്മയുടെയും മകനായി 1933 മെയ് 05 ന് ജനിച്ചു. പാപ്പിനിശേരി സ്കൂളിൽ പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം നെയ്ത്തുതൊഴിലാളിയായി ജീവിതമാരംഭിച്ചു. പ്ലൈവുഡ് കമ്പനിയിലും ജോലി നോക്കി. ബാലസംഘത്തിലൂടെ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി മാറി.[2]

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

ബാലസംഘത്തിലൂടെ പൊതുരംഗ പ്രവേശനം നടത്തിയ രാഘവൻ 1949-ൽ പതിനാറാം വയസിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി അംഗമായി. എ.കെ.ജിയായിരുന്നു എം.വി.ആറിന്റെ രാഷ്ട്രീയഗുരു. 1949-ലെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിച്ച രാഘവൻ 1960-ൽ കണ്ണൂർ ജില്ലാക്കമ്മറ്റി അംഗമായി. 1964-ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി തളിപ്പറമ്പ് താലൂക്ക് സെക്രട്ടറിയേറ്റ് അംഗമായിരുന്നു. 1964 മുതൽ 1979 വരെ പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 1964-ൽ പാർട്ടി പിളർന്നപ്പോൾ സി.പി.എമ്മിനൊപ്പം ചേർന്നു. 1964-ൽ ചൈനീസ് ചാരനെന്ന് മുദ്രകുത്തി ജയിലിലടച്ചു. മലബാറിൽ സിപിഎം കെട്ടിപ്പടുക്കുന്നതിന് നേതൃത്വം നൽകി. സി.പി.എമ്മിൻ്റെ പാപ്പിനിശേരി ലോക്കൽ കമ്മറ്റി സെക്രട്ടറി, മാടായി ഏരിയാ കമ്മറ്റി സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ച എം.വി.ആർ 1967 മുതൽ 1978 വരെ സിപിഎമ്മിന്റെ കണ്ണൂർ ജില്ലാസെക്രട്ടറിയായി. എം.വി.ആർ ജില്ലാ സെക്രട്ടറിയാവുമ്പോൾ വർഗ്ഗീസ് പാർട്ടിയുടെ ഓഫീസ് സെക്രട്ടറിയായിരുന്നു. എം.വി.ആർ മുൻകയ്യെടുത്താണ് വർഗീസിനെ വയനാട്ടിൽ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കാനയക്കുന്നത്. നക്‌സലിസത്തിന്റെ വഴിയിലേക്ക് തിരിഞ്ഞ നിരവധി പാർട്ടി അംഗങ്ങളെ തിരിച്ചുകൊണ്ടുവരാൻ എം.വി.ആർ ശ്രമിച്ചിരുന്നു. നക്സലിസം വസന്തത്തിൻ്റെ ഇടിമുഴക്കമായി യുവജനങ്ങളിലേക്ക് പടർന്നു കയറുമ്പോൾ സി.പി.എമ്മിൽ നിന്നുള്ള കൊഴിഞ്ഞു പോക്കിന് തടയിട്ടത് എം.വി.ആറിൻ്റെ പ്രത്യയശാസ്ത്ര പരവും പ്രായോഗികവുമായ രാഷ്ട്രീയ തീരുമാനങ്ങളായിരുന്നു. അദ്ദേഹത്തിൻ്റെ തന്ത്രപരമായ ഇടപെടലുകളുടെ ഫലമായാണ് സമരതീഷ്ണത തിളക്കുന്ന കണ്ണൂരിൽ നക്സൽ പ്രസ്ഥാനത്തിന് ഏറെ പ്രവർത്തകർ ഉണ്ടാവാതെ പോയതും ആ പ്രസ്ഥാനത്തിന് കേരള രാഷ്ട്രീയത്തിൽ സ്വീകാര്യത ലഭിക്കാതെ കാലക്രമേണ ഇല്ലാതെ വന്നതും.

1970-ൽ സി.പി.എം സംസ്ഥാന കമ്മറ്റി അംഗമായ രാഘവൻ 1978-ൽ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. രാഘവൻ മുൻകൈയെടുത്താണ് പാപ്പിനിശേരി വിഷചികിത്സ കേന്ദ്രം തുടങ്ങിയത്.

1980-ൽ ഇടതു മുന്നണിക്ക് സർക്കാർ രൂപികരിക്കാനുള്ള സാഹചര്യം ഒരുങ്ങിയപ്പോൾ ടി.കെ. രാമകൃഷ്ണനെ മുഖ്യമന്ത്രിയാക്കാനുള്ള ഇ.എം.എസിൻ്റെ നിർദ്ദേശം മറികടന്ന് ഇ.കെ. നായനാരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ചത് രാഘവനാണ്. ആ നിർദ്ദേശം പാർട്ടി കമ്മറ്റിയിലുള്ള എല്ലാവരും അംഗീകരിച്ചതോടെ നായനാർ ആദ്യമായി മുഖ്യമന്ത്രിയായി.

1986-ൽ ബദൽ രേഖ വിവാദത്തെ തുടർന്ന് സി.പി.എമ്മിൽ നിന്ന് പുറത്തായി. 1986-ൽ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി (സി.എം.പി) രൂപീകരിച്ചു യു.ഡി.എഫിൽ ചേർന്നു. 1991-1995-ലെ കരുണാകരൻ മന്ത്രിസഭയിലെ സഹകരണ വകുപ്പ് മന്ത്രിയായും 2001-2004-ലെ എ.കെ. ആൻ്റണി മന്ത്രിസഭയിലെ സഹകരണ-തുറമുഖ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.[3]

നിയമസഭയിൽ ഏറ്റവും കൂടുതൽ നിയോജക മണ്ഡലങ്ങളെ പ്രതിനിധീകരിച്ച വ്യക്തിയാണ് എം.വി.രാഘവൻ.

  • മാടായി 1970 (സി.പി.എം)
  • തളിപ്പറമ്പ് 1977 (സി.പി.എം)
  • കൂത്ത്പറമ്പ് 1980 (സി.പി.എം)
  • പയ്യന്നൂർ 1982 (സി.പി.എം)
  • അഴീക്കോട് 1987 (സി.എം.പി)
  • കഴക്കൂട്ടം 1991 (സി.എം.പി)
  • തിരുവനന്തപുരം വെസ്റ്റ് 2001 (സി.എം.പി)

ആകെ പത്ത് തവണ നിയമസഭയിലേക്ക് മത്സരിച്ച രാഘവൻ അതിൽ ഏഴു പ്രാവശ്യം വിജയിച്ചപ്പോൾ മൂന്ന് തവണ തോറ്റു. 1996-ൽ ആറൻമുളയിൽ ഇടതു സ്വതന്ത്രനായ കടമ്മനിട്ട രാമകൃഷ്ണനനോടും 2001-ൽ പുനലൂരിൽ സി.പി.ഐയിലെ പി.എസ്. സുപാലിനോടും 2011-ൽ നെന്മാറയിൽ സി.പി.എമ്മിലെ വി. ചെന്താമരക്ഷനോടും പരാജയപ്പെട്ടു.

ഇടതുപക്ഷ പ്രസ്ഥാനത്തിൻ്റെ കരുത്തുറ്റ ശബ്ദമായിരുന്നു ഒരു കാലത്ത് എം.വി. രാഘവൻ. മാടായി മാടൻ എന്നാണ് വലതുപക്ഷ രാഷ്ട്രീയ എതിരാളികൾ എം.വി.ആറിനെ വിശേഷിപ്പിച്ചത്. തെക്കൻ ഐതിഹ്യങ്ങളിൽ മാടൻ ധീരനായ ദൈവമാണ്. അൽപ്പം ഗുണ്ടായിസങ്ങളുള്ള ദൈവം.

പതിനാറാം വയസിലാണ് സി.പി.എമ്മിലേക്ക് എം.വി.ആർ കടന്നു വരുന്നത്. കുറിക്ക് കൊള്ളുന്നതും കരുത്തുറ്റതുമായ പ്രസംഗവും അപാരമായ സംഘടനാ പാടവവും എം.വി.ആറിനെ ജനകീയനാക്കി എഴുപതുകളിലെ തൊഴിലാളി വർഗ്ഗ രാഷ്ട്രീയം കെട്ടിപ്പടുക്കുന്നതിൽ എം.വി.ആർ വഹിച്ച പങ്ക് വലുതാണ്. സി.പി.എമ്മിൻ്റെ ശബ്ദമായിരുന്ന അക്കാലത്ത് എം.വി.ആർ സി.പി.എമ്മിൻ്റെ കണ്ണൂർ ജില്ലാ സെക്രട്ടറി ആയിരിക്കെയാണ് സി.പി.എം മലബാറിലെ കരുത്തുറ്റ പ്രസ്ഥാനമായി മാറുന്നത്.

എ.കെ.ജി യുടെ നയങ്ങൾക്കൊപ്പം നിൽക്കുകയും ഇ.എം.എസിനെ വിമർശിക്കുകയും ചെയ്തതിൻ്റെ പേരിലാണ് താൻ പുറത്താക്കപ്പെട്ടത് എന്ന് എം.വി.ആർ വിശ്വസിച്ചു പോന്നു.

കേരളത്തിൻ്റെ വികസനത്തിന് സഹകരണ മന്ത്രിയെന്ന നിലയിൽ നിസ്തുലമായ സംഭാവനകൾ നൽകിയ രാഘവൻ പരിയാരം മെഡിക്കൽ കോളേജിനെ മലബാർ മേഖലയിലെ ഏറ്റവും നല്ല ആശുപത്രിയാക്കി മാറ്റാൻ മന്ത്രിയെന്ന നിലയിലും നിയമസഭാംഗം എന്ന നിലയിലും പ്രവർത്തിച്ചു.

കേരളത്തിൻ്റെ വികസനത്തിൽ ദീർഘവീക്ഷണമുള്ള നേതാവു കൂടിയായിരുന്നു എം.വി.ആർ വിവിധ പ്രവർത്തനങ്ങളിലൂടെ വികസനരംഗത്ത് കാലൂന്നീയ അദ്ദേഹം സംസ്ഥാനത്ത് സഹകരണ മേഖലയിൽ ആദ്യ മെഡിക്കൽ കോളേജ് പരിയാരത്ത് പടുത്തുയർത്തി. രാഷ്ട്രീയ ഗുരുവായ എ.കെ.ജി.യുടെ പേരിൽ കണ്ണൂരിൽ സഹകരണാശുപത്രിയും തുടങ്ങി. കേരളത്തിൻ്റെ സഹകരണ മേഖല ശക്തമാക്കിയ ഒട്ടേറെ പദ്ധതികളുടെ നായകനായി. ബേപ്പൂർ, അഴീക്കൽ തുറമുഖ പദ്ധതികൾക്ക് തുടക്കമിട്ടു. പാപ്പിനിശേരി വിഷചികിത്സാ കേന്ദ്രം, ആയൂർവേദ കോളേജ് എന്നിവയുടെ സ്ഥാപകനാണ്.[4]

ബദൽരേഖ

1968- 1969 കാലത്തെ നക്സൽ ഭീഷണിക്ക് ശേഷം കേരളത്തിൽ സി.പി.എം അഭിമുഖീകരിച്ച വലിയ ആഭ്യന്തര ഭീഷണി എം.വി.രാഘവൻ്റെ ബദൽ രേഖയായിരുന്നു. ജാതി-മത ശക്തികളുമായി സി.പി.എമ്മിന് ഒരുവിധ സഖ്യവും പാടില്ലെന്ന പതിനൊന്നാം പാർട്ടി കോൺഗ്രസിൻ്റെ രാഷ്ട്രീയ പ്രമേയത്തിൻ്റെ അന്ത:സത്തയെ ചോദ്യം ചെയ്ത് കൊണ്ട് കോൺഗ്രസാണ് മുഖ്യ ശത്രുവെന്നും അതിനാൽ മുസ്ലീം ലീഗും കേരള കോൺഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യം വേണമെന്നും വാദിക്കുന്നതായിരുന്നു ബദൽ രേഖ. 1985-ൽ കൊൽക്കത്തയിൽ നടന്ന 12-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി കൊച്ചിയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ പാർട്ടി പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ബദൽ രേഖ തയ്യാറാക്കിയതും അതിനനുകൂലമായി സമ്മേളന പ്രതിനിധികളെ സ്വാധീനിക്കാൻ ശ്രമിച്ചതും.

സി.പി.എമ്മിൻ്റെ അംഗീകൃത നയത്തെ ചോദ്യം ചെയ്യുന്ന ബദൽ രേഖയിൽ ഒപ്പിട്ടവർ എം.വി.ആർ ഉൾപ്പെടെ ഒൻപത് പേരായിരുന്നു.

  • പി.വി.കുഞ്ഞിക്കണ്ണൻ
  • പുത്തലത്ത് നാരായണൻ
  • ടി. ശിവദാസമേനോൻ
  • വി.വി. ദക്ഷിണാമൂർത്തി
  • സി.കെ. ചക്രപാണി
  • സി.പി. മൂസാൻ കുട്ടി
  • ഇ.കെ. ഇമ്പിച്ചിബാവ
  • പാട്യം രാജൻ

എന്നിവരാണ് മറ്റുള്ളവർ ഇവരിൽ എം.വി.ആർ, പി.വി. കുഞ്ഞിക്കണ്ണൻ, പുത്തലത്ത് നാരായണൻ എന്നിവർ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും മറ്റുള്ളവർ സംസ്ഥാന കമ്മറ്റി അംഗങ്ങളും

പാർട്ടിയുടെ പ്രഖ്യാപിത നയത്തിന് വിരുദ്ധമായി ബദൽ രേഖ തയാറാക്കുന്നതിന് രാഘവന് എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്തത് ഇ.കെ.നായനാർ പക്ഷേ രേഖയിൽ ഒപ്പിട്ടില്ല. പാർട്ടി കേന്ദ്രക്കമ്മറ്റി അംഗമായതാണ് കാരണം.

പാർട്ടി കോൺഗ്രസിന് മുന്നോടിയായി കൊച്ചിയിൽ നടന്ന സംസ്ഥാന സമ്മേളനം ബദൽ രേഖ തള്ളി. വി.എസ്. അച്യുതാനന്ദനെ വീണ്ടും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഒരു വർഷം നീണ്ട സംഘടനാ നടപടികൾക്കൊടുവിൽ എം.വി.ആർ 1986 ജൂൺ 23ന് സി.പി.എമ്മിൽ നിന്ന് പുറത്തായി.

പി.വി.കുഞ്ഞിക്കണ്ണൻ രാഷ്ട്രീയം തന്നെ ഉപേക്ഷിച്ചു. പുത്തലത്ത് നാരായണനും നടപടിക്ക് വിധേയരായ മിക്കവാറും പേരും പാർട്ടിക്ക് വിധേയരായി. എം.വി.ആർ പാർട്ടിയിൽ നിന്ന് പുറത്തായി ഒരു മാസത്തിന് ശേഷം 1986 ജൂലൈ 26ന് സി.എം.പി എന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കി.

എന്നാൽ കോൺഗ്രസാണ് മുഖ്യ ശത്രുവെന്നും കോൺഗ്രസിനെതിരെ ലീഗും കേരള കോൺഗ്രസുമായി സഖ്യമുണ്ടാക്കണമെന്നും വാദിച്ച രാഘവൻ 1987-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫുമായി സഖ്യമുണ്ടാക്കി. മാത്രമല്ല അതുവരെയുള്ള തൻ്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം മുഖ്യശത്രുവായി കണക്കാക്കിയ കെ. കരുണാകരൻ്റെ രാഷ്ട്രീയ നേതൃത്വം അംഗീകരിക്കുകയും ചെയ്തു.

കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ വിരോധാഭാസങ്ങളിലൊന്നായിരുന്നു ഇത്. എം.വി.ആറിൻ്റെ രാഷ്ട്രീയ ഭാവി നിർണയിക്കുന്നതായി കണക്കാക്കിയ 1987-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ അദ്ദേഹം യു.ഡി.എഫ് സഹായത്തോടെ അഴിക്കോട് മണ്ഡലത്തിൽ നിന്ന് കഷ്ടിച്ച് ജയിച്ചെങ്കിലും ഒപ്പം മത്സരിച്ച 82 സി.എം.പി സ്ഥാനാർത്ഥികൾക്കും ജാമ്യസംഖ്യ കിട്ടിയില്ല.

വാസ്തവത്തിൽ എം.വി.ആർ ഉയർത്തിയ രാഷ്ട്രീയ ഭീഷണിക്കെതിരെ സംഘടന തലത്തിൽ സി.പി.എം നടത്തിയ അതിശക്തമായ പ്രചാരണ പ്രവർത്തനങ്ങളാണ് 1987-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ വിജയത്തിലെത്തിച്ചത്.

നിയമസഭക്കകത്തും പുറത്തും തനിക്കെതിരെ സംഹാര ആയുധമായി സി.പി.എം പ്രയോഗിച്ച എം.വി.ആറിനെ കരുണാകരൻ പിന്നീട് മാർക്സിസ്റ്റ് പാർട്ടിക്കെതിരെയുള്ള ഫലപ്രദമായ ആയുധമാക്കി മാറ്റി.

സി.പി.എം ഉയർത്തിയ ചരിത്രത്തിലെ ഏറ്റവും വലിയ എതിർപ്പുകൾ അവഗണിച്ച് പരിയാരത്ത് മെഡിക്കൽ കോളേജ് ആരംഭിക്കാൻ എം.വി.ആറിന് സാധിച്ചത് മുഖ്യമന്ത്രി എന്ന നിലയിൽ കെ. കരുണാകരൻ നൽകിയ പിന്തുണ ഒന്നുകൊണ്ട് മാത്രമായിരുന്നു.

തുടർന്നിങ്ങോട്ടുള്ള കാൽ നൂറ്റാണ്ടിനിടയിൽ ലീഡറും എം.വി.ആറും തമ്മിലുള്ള ബന്ധത്തിൽ കാര്യമായ ഉലച്ചിലും ഉണ്ടായിട്ടില്ല. സി.എം.പി എന്ന രാഷ്ട്രീയ പാർട്ടി കാര്യമായ ജനപിന്തുണയൊന്നും ഇല്ലാത്തതാണെന്ന് 1987-ലെ നിയമസഭ തിരഞ്ഞെടുപ്പ് തെളിയിച്ചെങ്കിലും രാഘവൻ്റെ സംഘടനാ മികവും വാക്ചാതുരിയും യു.ഡി.എഫ് നന്നായി മാർക്സിസ്റ്റ് പാർട്ടിക്കെതിരെ ഉപയോഗിച്ചു. കാൽ നൂറ്റാണ്ട് കാലം യു.ഡി.എഫിൻ്റെ പ്രചാരകനും എം.വി.ആർ ആയിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിലെ തുടർച്ചയായ പരാജയം അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തി.[5]

നിയമസഭാംഗം[6]

[തിരുത്തുക]
ക്ര.നം. സ്ഥാനം വർഷം പാർട്ടി നിയമസഭാ മണ്ഡലം
1 മെമ്പർ നാലാം കേരളനിയമസഭ 1970 സിപിഎം മാടായി
മെമ്പർ,അഞ്ചാം കേരളനിയമസഭ 1977 സിപിഎം തളിപ്പറമ്പ്
മെമ്പർ, ആറാം കേരളനിയമസഭ 1980 സിപിഎം കൂത്തുപറമ്പ്
മെമ്പർ ഏഴാം കേരളനിയമസഭ 1982 സിപിഎം പയ്യന്നൂർ
മെമ്പർ, എട്ടാം കേരളനിയമസഭ 1987 സി.എം.പി. അഴീക്കോട്
മെമ്പർ, ഒൻപതാം കേരളനിയമസഭ 1991 സി.എം.പി. കഴക്കൂട്ടം
മെമ്പർ, പതിനൊന്നാം കേരളനിയമസഭ 2001 സി.എം.പി. തിരുവനന്തപുരം വെസ്റ്റ്
മന്ത്രി, സഹകരണവകുപ്പ് 1991-96 സി.എം.പി. കഴക്കൂട്ടം
മന്ത്രി, സഹകരണവകുപ്പ് 2001-2006 സി.എം.പി. തിരുവനന്തപുരം വെസ്റ്റ്
പ്രസിഡണ്ട്, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്[7] 1964-79

സി.പി.എം.||

സി.പി.എമ്മിൽ നിന്നുള്ള പുറത്താക്കൽ

[തിരുത്തുക]

കേരള കോൺഗ്രസിനെയും മുസ്ലിം ലീഗിനെയും ഇടതുമുന്നണിയിലേക്ക് കൊണ്ടുവരണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ബദൽരേഖ 1985-ൽ അവതരിപ്പിച്ചതിന്റെ പേരിൽ 1986 ജൂൺ 23-നാണ് എം.വി.ആർ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടു. പാർലമെന്ററി അവസരവാദ കുറ്റം ചുമത്തി അഞ്ച് മാസത്തോളം പാർട്ടിയിൽ നിന്നും സസ്‌പെന്റു ചെയ്തശേഷമായിരുന്നു പുറത്താക്കൽ. തുടർന്ന് അദ്ദേഹം 1986 ജൂലൈ 27-ന് അദ്ദേഹം കമ്മ്യൂണിസ്റ്റ് മാർക്‌സിസ്റ്റ് പാർട്ടി(സി.എം.പി) രൂപവൽക്കരിച്ച് ഐക്യജനാധിപത്യ മുന്നണി (യു.ഡി.എഫ്)യുമായി സഹകരിച്ചു പ്രവർത്തിച്ചു. പാർട്ടിയിൽ നിന്ന് പുറത്താക്കിയപ്പോഴും എം.വി.ആറിൻ്റെ കരുത്ത് കമ്മ്യൂണിസം ജീവരക്തമാക്കിയ എന്തിനും തയ്യാറായ ചെറുപ്പക്കാരായിരുന്നു. കാൽ നൂറ്റാണ്ടിലേറെക്കാലം സി.എം.പി കേരള രാഷ്ട്രീയത്തിൽ വേറിട്ടൊരു രാഷ്ട്രീയ പ്രസ്ഥാനമായി നിലനിന്നതിൻ്റെ പിന്നിലെ പരമപ്രധാന ഊർജം എം.വി.ആർ തന്നെയായിരുന്നു. 1991 ൽ സംസ്ഥാന സഹകരണ വകുപ്പ് മന്ത്രിയായി. രാജ്യത്തെ ആദ്യ സഹകരണ മെഡിക്കൽ കോളേജായ പരിയാരം മെഡിക്കൽകോളേജിന്റെ സ്ഥാപക ചെയർമാനായിരുന്നു.

1993-ൽ കെ. കരുണാകരൻ കേരളാ മുഖ്യമന്ത്രിയായിരിക്കേ എം.വി. രാഘവൻ മുൻകൈ എടുത്ത് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി സഹകരണ സംഘം രൂപീകരിക്കുകയും, 1994-ൽ ആശുപത്രി തുടങ്ങുകയും ചെയ്തു.[8]

കൂത്തുപറമ്പിലെ പോലീസ് വെടിവെപ്പ്

എം.വി.ആറിൻ്റെ രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ സംഭവമാണ് 1994 നവംബർ 25 ന് കൂത്ത്പറമ്പിലുണ്ടായ പോലീസ് വെടിവയ്പ്പ്. കേരള രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു അത്. 1994 നവംബർ 25നു കൂത്തുപറമ്പിൽ വച്ചുണ്ടായ പോലീസ് വെടിവെപ്പിൽ അഞ്ചു ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കൊല്ലപെട്ടു[9] . ഈ സംഭവമാണ് കൂത്തുപറമ്പ് വെടിവെപ്പ് എന്നറിയപ്പെടുന്നത്. അന്ന് സഹകരണമന്ത്രിയായിരുന്ന എം.വി. രാഘവന്റെ യോഗത്തിനിടെ ഉണ്ടായ സംഘർഷമാണ് വെടിവെപ്പിൽ കലാശിച്ചത്.

സ്വകാര്യ ജീവിതം

[തിരുത്തുക]
  • ഭാര്യ: സി.വി. ജാനകി[10]

(1959-ലായിരുന്നു എം.വി.രാഘവ ൻ്റെയും ജാനകിയുടേയും വിവാഹം)

  • മക്കൾ:
  • എം.വി.ഗിരീഷ് കുമാർ

(പി.ടി.ഐ മംഗലാപുരം)

  • എം.വി.രാജേഷ്

(വോഡാഫോൺ ലീഗൽ അഡ്വൈസർ)

  • എം.വി.നികേഷ് കുമാർ

(റിപ്പോർട്ടർ ചാനൽ എം.ഡി.)

  • എം.വി.ഗിരിജ

(സഹകരണ ബാങ്ക്, കണ്ണൂർ)

  • മരുമക്കൾ
  • പ്രൊഫ. ഇ.കുഞ്ഞിരാമൻ

(കറസ്പോണ്ടൻറ്, ആയൂർവേദ കോളേജ്, പാപ്പിനിശേരി)

  • ജ്യോതി ഗിരീഷ്

(പി.ആർ.ഒ. പെൻഷൻ ബോർഡ്)

  • പ്രിയ രാജേഷ്
  • റാണി നികേഷ്

(റിപ്പോർട്ടർ ചാനൽ)

  • ഏക സഹോദരി
  • ലക്ഷ്മിക്കുട്ടി

ആത്മകഥ

[തിരുത്തുക]

ഒരു ജന്മം എന്ന പേരിൽ ആത്മകഥ എഴുതിയിട്ടുണ്ട്. ഡി.സി. ബുക്ക്സ് ആണ് പ്രസാധകർ[11]

പാർക്കിൻസൺസ്, മറവിരോഗങ്ങൾ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹം 2014 നവംബർ 9 ന് തന്റെ ഭരണകാലത്ത് നിർമ്മിച്ച പരിയാരം സഹകരണ ആശുപത്രിയിൽ വച്ച് വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ചു. മൃതദേഹം പിറ്റേന്ന് പയ്യാമ്പലം കടപ്പുറത്ത് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു[12].

അവലംബം

[തിരുത്തുക]
  1. http://www.niyamasabha.org/codes/members/m77.htm
  2. https://www.mathrubhumi.com/mobile/specials/politics/mvraghavan/--1.212400[പ്രവർത്തിക്കാത്ത കണ്ണി]
  3. http://sv1.mathrubhumi.com/specials/m_v_raghavan/498495/index.html
  4. https://www.mathrubhumi.com/mobile/specials/politics/mvraghavan/--1.212395[പ്രവർത്തിക്കാത്ത കണ്ണി]
  5. https://www.mathrubhumi.com/mobile/specials/politics/mvraghavan/--1.212387[പ്രവർത്തിക്കാത്ത കണ്ണി]
  6. "എം വി രാഘവൻ". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Archived from the original on 26 ജൂൺ 2019. Retrieved 24 ജൂൺ 2019. {{cite web}}: Cite has empty unknown parameter: |6= (help)
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-07-04. Retrieved 2019-07-04.
  8. "പരിയാരം കൊച്ചി മെഡിക്കൽ കോളേജുകൾ സർക്കാർ ഏറ്റെടുക്കുന്നു". മലയാള മനോരമ. 2013-04-04. Archived from the original on 2013-04-05. Retrieved 2013-04-04.
  9. "കൂത്തുപറമ്പ് വെടിവെപ്പ് കേസ് ഹൈക്കോടതി റദ്ദാക്കി". വൺ ഇൻഡ്യ മലയാളം. Retrieved 13 മാർച്ച് 2013.
  10. https://www.mathrubhumi.com/mobile/news/kerala/malayalam/wife-of-mv-raghavan-obituary-cv-janaki-1.5635544[പ്രവർത്തിക്കാത്ത കണ്ണി]
  11. https://www.goodreads.com/book/show/33298621-oru-janmam
  12. http://sv1.mathrubhumi.com/specials/m_v_raghavan/498533/index.html

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എം.വി._രാഘവൻ&oldid=4098435" എന്ന താളിൽനിന്ന് ശേഖരിച്ചത്