Jump to content

എ.കെ. ഗോപാലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എ.കെ.ജി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എ.കെ. ഗോപാലൻ
എ.കെ.ഗോപാലൻ
വ്യക്തിഗത വിവരങ്ങൾ
ജനനം
ആയില്യത്ത് കുറ്റ്യാരി ഗോപാലൻ നമ്പ്യാർ

(1904-10-01)ഒക്ടോബർ 1, 1904
കണ്ണൂർ, കേരളം
മരണം1977 മാർച്ച് 22
തിരുവനന്തപുരം, കേരളം
രാഷ്ട്രീയ കക്ഷിസി.പി.ഐ.(എം)
പങ്കാളിസുശീല ഗോപാലൻ
കുട്ടികൾലൈലാ ഗോപാലൻ

ആയില്യത്ത് കുറ്റ്യാരി ഗോപാലൻ നമ്പ്യാർ (ജീവിതകാലം, ഒക്ടോബർ 1, 1904 - മാർച്ച് 22, 1977 ),[1] എന്ന എ.കെ.ജി. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിന്റെ പോളിറ്റ്ബ്യൂറോ അംഗമായിരുന്നു.പാവങ്ങളുടെ പടത്തലവൻ എന്നു വിളിപ്പേരുള്ള എ കെ ജി യെ കേരള ചരിത്രത്തിലെ ഏറ്റവും ജനകീയനായ നേതാവായി കണക്കാക്കുന്നു. സ്വാതന്ത്ര്യ സമരസേനാനി, സാമൂഹിക പ്രവർത്തകൻ, തൊഴിലാളി നേതാവ്, ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1952 മുതൽ പാർലമെന്റ് അംഗമായിരുന്നു. എന്നാൽ അധികാര സ്ഥാനങ്ങളിൽ അദ്ദേഹം ഒരിക്കലും ഇരുന്നിട്ടില്ല. സിപിഎം രൂപീകരിച്ചതിനു ശേഷം പാർട്ടി ഭരണത്തിൽ എത്തിയപ്പോഴും അദ്ദേഹം സമരവഴിയിലായിരുന്നു. ഇന്ത്യയിൽ ആദ്യമായി കരുതൽ തടങ്കൽ നിയമപ്രകാരം തടവിലാക്കപ്പെട്ട വ്യക്തി എ.കെ. ഗോപാലനാണ്.[2] എ.കെ. ഗോപാലൻ വേഴ്സസ് സ്റ്റേറ്റ് ഓഫ് മദ്രാസ് എന്ന കേസ് ഇന്നും വളരെയധികം ശ്രദ്ധിക്കപ്പെടുന്നു.[3]

ഒരു നാടുവാഴിത്തറവാട്ടിൽ ജനിച്ചുവെങ്കിലും ഗോപാലന്റെ മനസ്സ് കഷ്ടപ്പെടുന്ന തൊഴിലാളികളുടേയും അവശതയനുഭവിക്കുന്ന സാധാരണക്കാരുടേയും കൂടെയായിരുന്നു. വളരെ ചെറിയ കാലം അധ്യാപകജോലി ചെയ്തിരുന്നവെങ്കിലും അതല്ല തന്റെ മാർഗ്ഗമെന്ന് മനസ്സിലാക്കുകയും ജനസേവനത്തിനായി ഇറങ്ങിത്തിരിക്കുകുയം ചെയ്തു. ഗുരുവായൂർ സത്യാഗ്രഹം, ഉപ്പു സത്യാഗ്രഹം എന്നീ ചരിത്രപ്രധാനമായ മുന്നേറ്റങ്ങളിൽ പങ്കുകൊണ്ടു. നിരവധി തവണ പോലീസിന്റെയും മുതലാളി കിങ്കരന്മാരുടേയും ക്രൂര മർദ്ദനത്തിനിരയായി. കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയരംഗത്ത് പ്രവേശിച്ചു. 1939 ൽ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി മുഴുവൻ കമ്മ്യൂണിസത്തിലേക്ക് പരിവർത്തനം ചെയ്തപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ നേതാക്കളിലൊരാളായി കേരളത്തിൽ നടന്ന സുപ്രധാനമായ തൊഴിലാളി സമരങ്ങളുടെ ആവേശമായി മാറി. കേരളത്തിനു പുറത്തേക്കും ഗോപാലന്റെ പ്രവർത്തനമേഘന വ്യാപിച്ചിരുന്നു. കൽക്കത്തയിൽ വച്ചു നടന്ന കിസാൻ സമ്മേളനം അദ്ദേഹത്തെ അഖിലേന്ത്യാ പ്രസിഡന്റായി തിരഞ്ഞെടുത്തു. പഞ്ചാബിൽ ജലനികുതിക്കെതിരേ നടന്ന സമരത്തിൽ പങ്കെടുത്ത് അറസ്റ്റു വരിക്കുകയുണ്ടായി.[4]

അഞ്ചു തവണ ലോക സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1964 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ, പാർട്ടി വിട്ടുപോയ 32 പേരിൽ ഒരാളായിരുന്നു എ.കെ.ഗോപാലൻ. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്) ന്റെ പോളിറ്റ് ബ്യൂറോ അംഗമായിരുന്നിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്ന സുശീലാ ഗോപാലനാണ് ജീവിത പങ്കാളി. 1977 മാർച്ച് 22 ന് ഇദ്ദേഹം മരണമടഞ്ഞു.

ആദ്യകാലം

[തിരുത്തുക]

1904 ഒക്ടോബർ ഒന്നാം തിയതി വടക്കൻ കേരളത്തിലെ കണ്ണൂർ ജില്ലയിൽ പെരളശ്ശേരിക്കടുത്ത് മാവിലായി ഗ്രാമത്തിലെ ആയില്യത്ത്‌കുറ്റ്യേരി എന്ന ജന്മി തറവാട്ടിൽ വെള്ളുവക്കണ്ണോത്ത് രൈരുനായരുടേയും, ആയില്യത്ത് കുറ്റിയേരി മാധവിയമ്മയുടേയും മകനായി ജനിച്ചു. വിദ്യാഭ്യാസം തലശ്ശേരിയിലായിരുന്നു. എ.കെ.ഗോപാലന്റെ പിതാവ് കാടാച്ചിറയിൽ നടത്തിയിരുന്ന ഇംഗ്ലീഷ് വിദ്യാലയത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കല-വിദ്യാഭ്യാസാദി കാര്യങ്ങളിൽ അടങ്ങാത്ത താൽപര്യമായിരുന്നു അദ്ദേഹത്തിന്. പിതാവിൽ നിന്നാണ് പൊതുപ്രവർത്തനത്തിന്റെ ബാലപാഠങ്ങൾ അദ്ദേഹം പഠിച്ചത്.[5]

വിദ്യാഭ്യാസാനന്തരം അധ്യാപകനായി ജോലിക്കു ചേർന്നു. പെരളശ്ശേരി ബോർഡ് ഹൈസ്കൂൾ, ചൊവ്വ ഹൈസ്കൂൾ, കോഴിക്കോട് മദ്രസത്തുൽ മുഹമ്മദീയ സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായി ജോലി നോക്കി. അധ്യാപകനായി ജോലി ചെയ്യുന്ന കാലഘട്ടത്തിൽത്തന്നെ പൊതുപ്രവർത്തനത്തിനോടു അടങ്ങാത്ത താൽപര്യമായിരുന്നു അദ്ദേഹത്തിന്. വിദേശ വസ്ത്ര ബഹിഷ്കരണം, ഖാദി പ്രചാരണം, എന്നിവയിൽ അദ്ദേഹത്തിനു താൽപര്യം ജനിച്ചു. പയ്യന്നൂരിലേക്കു വന്ന ജാഥ നയിച്ച കേളപ്പന്റെ പ്രസംഗം ഗോപാലന്റെ മനസ്സിനെ തന്നെ മാറ്റിമറിച്ചു. "രണ്ടു ചിന്താധാരകൾ തമ്മിൽ മനസ്സിൽ സംഘട്ടനം ആരംഭിച്ചതിനാൽ അന്നു രാത്രി എനിക്കുറങ്ങാൻ സാധിച്ചില്ല" എന്നാണ് ഗോപാലൻ കേളപ്പന്റെ പ്രസംഗം തന്റെ മനസ്സിനെ മഥിച്ചതിനെക്കുറിച്ച്[6] തന്റെ ആത്മകഥയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.[7] എന്നാൽ മകന്റെ ഈ നിലപാട് പിതാവിനിഷ്ടമില്ലായിരുന്നു. പിതാവിന്റെ ആഗ്രഹത്തിനു വിരുദ്ധമായി ഗോപാലൻ അധ്യാപകജോലി ഉപേക്ഷിക്കുകയും ജനസേവനത്തിനായി ഇറങ്ങിത്തിരിക്കുകയും ചെയ്തു. എന്നാൽ പിതാവിന്റെ നിർബന്ധത്തിനു വഴങ്ങി ഗോപാലൻ തിരികെ വീണ്ടും അധ്യാപക ജോലിയിൽ പ്രവേശിച്ചു.[8] അധ്യാപകന്റെ സേവനം പൊതുജനസേവനമായി കരുതി ഗോപാലൻ തന്റെ കർമ്മത്തിൽ കൂടുതൽ ശ്രദ്ധപതിപ്പിച്ചു. നാളത്തെ പൗരന്മാരായി തീരേണ്ട തന്റെ വിദ്യാർത്ഥികളെ അദ്ദേഹം രാഷ്ട്രീയബോധം കൂടെ പഠിപ്പിച്ചു.[9] അധ്യാപനജോലി കൂടാതെ സ്കൂളിന്റെ മറ്റു പ്രവർത്തനങ്ങളിൽ കൂടെ ഗോപാലൻ സജീവ പങ്കാളിയായിരുന്നു. ജനങ്ങളുടെ കൂടെ സഹകരണത്തോടെ സ്കൂളിനായി പുതിയ കെട്ടിടം നിർമ്മിക്കുക, കലാകായിക പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളോടൊപ്പം പങ്കെടുക്കുക എന്നിവയിലെല്ലാം ജനങ്ങളോട് കൂടുതൽ അടുക്കാൻ ശ്രമിക്കുന്ന ഒരു മനുഷ്യസ്നേഹി ഉണ്ടായിരുന്നു.

1924 ൽ നടന്ന വൈക്കം സത്യാഗ്രഹത്തിൽ ഒരു സന്നദ്ധപ്രവർത്തകനായി ചേരണമെന്ന ആഗ്രഹത്തോടെ ഗോപാലൻ സത്യഗ്രഹ ഭാരവാഹികൾക്ക് ഒരു കത്ത് അയക്കുകയും അത് അവർ അംഗീകരിക്കുകയും ചെയ്തു. സമൂഹത്തിലെ ജീർണ്ണതക്കെതിരേ പോരാടാനുള്ള ഗോപാലന്റെ ഈ ആഗ്രഹം എന്നാൽ സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സ്നേഹപൂർവ്വമായ എതിർപ്പിനാൽ അദ്ദേഹത്തിനു ഉപേക്ഷിക്കേണ്ടി വന്നു.[10] എന്നിരിക്കിലും ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കാനുള്ള അചഞ്ചലമായ ആഗ്രഹം, അദ്ദേഹത്തെ പ്രാദേശികമായി ചില സംഘടനകളുമായി അടുപ്പിച്ചു. ജനങ്ങൾക്കു വേണ്ടുന്ന സഹായങ്ങൾ സഹകരണത്തോടെ നടപ്പാക്കുന്ന ഒരു സംഘടനയായിരുന്നു അത്.[11]

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്

[തിരുത്തുക]

പഠനശേഷം അധ്യാപകനായി ജോലിചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഗാന്ധിജിയിൽ നിന്നും ആദർശം ഉൾക്കൊണ്ട് സ്വാതന്ത്ര്യ സമരത്തിൽ പങ്കുകൊള്ളുന്നത്. 1927-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ‍ ചേർന്നു രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. 1930 ൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ദണ്ഡിയാത്രയെ തുടർന്ന് അതുപോലൊന്ന് കേരളത്തിലും സംഘടിപ്പിക്കപ്പെട്ടു. കെ.കേളപ്പനായിരുന്നു അതിന്റെ നേതാവ്. ഈ ജാഥയെ പുറത്തു നിന്നും നോക്കിക്കണ്ട ഗോപാലന് പിന്നീട് തന്റെ ലക്ഷ്യത്തെക്കുറിച്ച് വളരെയൊന്നും ആലോചിക്കേണ്ടി വന്നില്ല. മഹത്തായ ആ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിൽ ചേരുവാൻ അദ്ദേഹം തീരുമാനിച്ചു. സ്കൂൾ അധികാരികൾക്ക് തന്റെ രാജിക്കത്ത് സമർപ്പിച്ചു. മാതാപിതാക്കളുടെ പിൻവിളി ഗൗനിക്കാതെ സമരത്തിന്റെ ഭാഗമായി ചേരാൻ പുറപ്പെട്ടു. ഭാഗമായി ഖാദിയുടെ പ്രചരണത്തിലും ഹരിജന ഉദ്ധാരണത്തിനും വേണ്ടി കഠിനമായി പ്രവർത്തിച്ചു. ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തതിന് 1930-ൽ അദ്ദേഹം തടവിലാക്കപ്പെട്ടു.[12]

ഗുരുവായൂർ സത്യാഗ്രഹവും കണ്ടോത്ത് അക്രമണവും

[തിരുത്തുക]
തിരുവനന്തപുരത്തെ എ.കെ.ജി. സ്മാരകം

വടകര കോൺഗ്രസ്സ് സമ്മേളനത്തിൽ വെച്ച് എല്ലാ ഹൈന്ദവക്ഷേത്രങ്ങളിലും ഹിന്ദുക്കൾക്കെല്ലാം തന്നെ പ്രവേശനം നൽകണം എന്ന ഒരു പ്രമേയം പാസ്സാക്കിയിരുന്നു, ഇതിനെ തുടർന്ന് കെ. കേളപ്പൻ ഗാന്ധിജിയെ ചെന്നു കണ്ട് ഗുരുവായൂർ സത്യാഗ്രഹം ആരംഭിക്കാനുള്ള അനുവാദം വാങ്ങുകയും നവംബർ 1 ന് സമരം തുടങ്ങാൻ തീരുമാനിക്കുകയും ചെയ്തു[13]. സത്യാഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്റ്റനായി ഗോപാലനെയാണ് തിരഞ്ഞെടുത്തത്. ഗുരുവായൂർ സത്യാഗ്രഹം തുടങ്ങുന്നതിനു മുമ്പായി ജനപിന്തുണ ഉറപ്പാക്കാനായി ഒരാഴ്ച നീണ്ടു നിക്കുന്ന ഒരു പ്രചാരണ പരിപാടി സംഘടിപ്പിക്കാൻ കെ.പി.സി.സി തീരുമാനിച്ചു. അന്ന് ജാതിവ്യവസ്ഥ ഏറ്റവും ശക്തമായി നിലനിന്നത് വടക്കൻ കേരളത്തിലാണ്. 1930-ൽ പയ്യന്നൂരിലെ കണ്ടോത്തെ ഒരു പൊതുനിരത്തിലൂടെ നടക്കാൻ അന്നത്തെ തീയ്യർ പ്രമാണിമാർ താഴ്ന്ന ജാതിക്കാരെ അനുവദിച്ചിരുന്നില്ല. ഈ സമയത്ത് എ.കെ. ഗോപാലനും കേരളീയനും പയ്യന്നൂരിനടുത്ത് കണ്ടോത്ത് തിയ്യരുടെ ക്ഷേത്രത്തിന് (പള്ളിയറ) മുന്നിലൂടെയുള്ള പൊതുവഴിയിൽകൂടി ഹരിജനങ്ങളെ സങ്കടിപ്പിച്ചു ജാഥ നയിച്ചു. "പൊതുവഴികളിലൂടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ഹരിജനങ്ങൾക്ക് നിഷേധിക്കപ്പെട്ട സമയതാണിത്" അടുത്തുള്ള ക്ഷേത്രത്തിന് അശുദ്ധിയുണ്ടാകും എന്നതായിരുന്നു കാരണം. ഗുരുവായൂർ സത്യഗ്രഹത്തിന്റെ പ്രചാരണാർഥം കേളപ്പനും ഗോപാലനും അടങ്ങുന്ന സംഘം ഈ വഴിയിൽ കൂടി ഹരിജനങ്ങളെയും കൂട്ടി ഘോഷയാത്ര നടത്തി. ഘോഷയാത്ര റോഡിന് സമീപം എത്തിയപ്പോൾ ചെറുപ്പക്കാരും സ്ത്രീകളും അടങ്ങുന്ന 200 ഓളം വരുന്ന ജനക്കൂട്ടം ഘോഷയാത്രയിൽ വച്ചു അവിടെ ഉണ്ടായിരുന്ന തീയ്യർ പ്രമാണികൾ പങ്കെടുത്തവരെ ക്രൂരമായി മർദ്ദിക്കാൻ തുടങ്ങി. മർദനമേറ്റ ഗോപാലനേയും മറ്റും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. ആക്രമണം അരമണിക്കൂർ നീണ്ടുനിന്നു. ഗോപാലന്റെ രാഷ്ട്രീയ ജീവിതത്തിലെ ആദ്യ മർദനമായിരുന്നു ഇത്.[14][15][16] ഗുരുവായൂർ സത്യഗ്രഹത്തിന് ലഭിച്ച ഏറ്റവും നല്ല പ്രചാരണമായിരുന്നു ഇത്. അന്നത്തെ പത്ര മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്ത കണ്ടോത്തെ കുറുവടി എന്ന പേരിൽ അറിയപ്പെടുകയും കുപ്രസിദ്ധി നേടുകയും ചെയ്ത കണ്ടോത്ത് ആക്രമണം. മലബാർ ജില്ലാ ബോർഡ് അധികാരി കണ്ടോത്ത് എത്തുകയും എല്ലാവർക്കും യാത്രചെയ്യാൻ അധികാരമുണ്ടെന്ന് എഴുതിയ ബോർഡ് വഴിയിൽ സ്ഥാപിക്കുകയും ചെയ്തു.

ഗുരുവായൂർ സത്യാഗ്രഹം തീരുമാനമാവാതെ മുന്നോട്ടുപോയ്ക്കോണ്ടിരിക്കുന്ന സമയത്താണ് ഡിസംബർ 28 ന് വളണ്ടിയർ ക്യാപ്ടനായ ഗോപാലന് ക്ഷേത്രം ഭാരവാഹികൾ ഏർപ്പെടുത്തിയ സാമൂഹ്യവിരുദ്ധരിൽ നിന്നും ക്രൂരമായ മർദ്ദനം ഏൽക്കേണ്ടി വന്നത്. ഇതോടെ അഹിംസയോടു താദാത്മ്യം പ്രാപിച്ചു മുന്നേറിക്കൊണ്ടിരുന്ന സത്യാഗ്രഹം പൊടുന്നനേ അക്രമാസക്തമായി. ഗോപാലനു മർദ്ദനമേറ്റതിന്റെ പിറ്റേന്ന് പൊതുജനങ്ങൾ ക്ഷേത്രത്തിനു ചുറ്റും സ്ഥാപിച്ചിരുന്ന വേലി പൊളിച്ചു നീക്കി. ഇതോടെ ആർക്കും ഗോപുരം വരെ ചെല്ലാമെന്നായി. ഭാരവാഹികൾ ക്ഷേത്രം അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു.[17] ജനുവരി 29 ന് ക്ഷേത്രം വീണ്ടും തുറന്നപ്പോൾ സത്യഗ്രഹവും പുനരാരംഭിച്ചു. ലക്ഷ്യം പൂർത്തീകരിക്കുവാനായി കെ. കേളപ്പൻ മരണം വരെ ഉപവാസം തുടങ്ങി. പ്രശ്നം അവസാനിപ്പിക്കുന്നതിനും, കേളപ്പന്റെ ജീവൻ രക്ഷിക്കുന്നതിനുമായി ധാരാളം ശ്രമങ്ങൾ നടന്നു. അവസാനം വിവരം ചൂണ്ടിക്കാണിച്ച് ഗാന്ധിജിക്ക് കമ്പി സന്ദേശം അയച്ചു. സമരം തൽക്കാലത്തേക്ക് നിറുത്തിവെക്കാനും, ഭാവി പരിപാടികളുടെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും കാണിച്ച് ഗാന്ധിജി കേളപ്പനയച്ച സന്ദേശ പ്രകാരം ഗുരുവായൂർ സത്യാഗ്രഹം താൽക്കാലികമായി നിറുത്തിവെച്ചു.[18]

1936 എ.കെ.ജി പട്ടിണി ജാഥയ്ക്ക് നേതൃത്വം നൽകി. കർഷക തൊഴിലാളികളുടെ പട്ടിണി അധികാരികളുടെയും ശ്രദ്ധയിൽ എത്തിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.32 പേർ അടങ്ങുന്ന ജാഥയിക്ക് കണ്ണൂർ നിന്ന് എ. കെ. ജി നേതൃത്വം നൽകി.80 മൈൽ താണ്ടി രണ്ടുമാസം കൊണ്ട് ജാഥ മദിരാശയിൽ എത്തി. എന്നാൽ സർക്കാർ നിവേദനം സ്വീകരിക്കാൻ തയ്യാറായില്ല. എകെജി, ചന്ദ്രോത്ത് കുഞ്ഞിരാമൻ നായർ എന്നിവരെ ഒരു വർഷത്തെ തടവിന് ശിക്ഷിച്ചു പിന്നീട് 1938 കോഴിക്കോട് നിന്ന് തിരുവിതാംകൂറിലേക്ക് മലബാർ ജാഥയ്ക്ക് എകെജി നേതൃത്വം നൽകി. തുടർന്ന് തിരുവിതാംകൂറിലെ ഉത്തരവാദഭരണ പ്രക്ഷോഭത്തിൽ പങ്കെടുത്ത് 1938ൽ അറസ്റ്റ് വരിച്ചു.

1961 മെയ് മാസം ഇടുക്കി ജലവൈദ്യുത പദ്ധതിക്കായി ഏറ്റെടുത്തിരുന്ന ഭൂമിയിൽ താമസിച്ചിരുന്ന കർഷകരെ കേരള സർക്കാർ ബലംപ്രയോഗിച്ച് ഒഴിപ്പിച്ചു. അവരുടെ കുടിലുകൾ നശിപ്പിച്ചിട്ട് 40 മൈൽ അകലെ കുമളിയിലുള്ള അമരാവതിയിൽ എത്തിച്ചു. തുടർന്ന് പട്ടിണിയിലായ കർഷകരെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എകെജി അമരാവതിയിൽ നിരാഹാര സമരം ആരംഭിച്ചു. ഒമ്പതാം ദിനം അവശനായ എ.കെ.ജിയെ അറസ്റ്റ് ചെയ്ത് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആശുപത്രിയിലും സമരം തുടർന്നുതോടെ വിഷയം ദേശീയ ശ്രദ്ധ നേടി. ആഭ്യന്തരമന്ത്രി പി ടി ചാക്കോ മെഡിക്കൽ കോളജിൽ എത്തി എകെജിയെ നേരിൽ കണ്ടു. ഒത്തുതീർപ്പ് തീർപ്പ് വ്യവസ്ഥകൾ പ്രകാരം കർഷകർക്ക് മൂന്നേക്കർ സ്ഥലവും 100 രൂപ നഷ്ടപരിഹാരവും നൽകാൻ വ്യവസ്ഥയായി.ഇതോടെ 11ദിവസം നീണ്ടുനിന്ന നിരാഹാരസമരം എ കെ ജി അവസാനിപ്പിച്ചു.

തൊഴിലാളി പ്രസ്ഥാനം

[തിരുത്തുക]

1934 ൽ നിയമലംഘന പ്രസ്ഥാനം നിറുത്തി വെച്ചു.[19] രണ്ടര വർഷത്തോളം നീണ്ടു നിന്ന സമരം, യാതൊരു ലക്ഷ്യങ്ങളും നേടാതെയാണ് അവസാനിപ്പിച്ചത്. ഇതിന്റെ കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെട്ടത്, കർഷക തൊഴിലാളികളുടെ അസാന്നിധ്യമാണ്. ഇവർ കൂടെയില്ലാതെ യാതൊരു സമരങ്ങളും ആത്യന്തികമായി വിജയിക്കില്ലെന്ന് ഗോപാലൻ മനസ്സിലാക്കി. എന്നാൽ ഇവരെ സമരത്തിന്റെ ലക്ഷ്യങ്ങളും മാർഗ്ഗങ്ങളും പറഞ്ഞു മനസ്സിലാക്കി സമരമുഖത്തേക്കെത്തിക്കുന്നത് തീരെ ലളിതമായ കാര്യമല്ലെന്നും അദ്ദേഹത്തിനു ബോധ്യമുണ്ടായിരുന്നു. തൊഴിലാളികളേയും, കർഷകരേയും മുഖ്യധാരയിലേക്കെത്തിക്കാൻ ഗോപാലൻ തന്റെ ചുറ്റുമുള്ള കർഷകകുടുംബങ്ങളുടെ അവസ്ഥകൾ നേരിട്ടു കണ്ടു മനസ്സിലാക്കി.[20] കഷ്ടപ്പെട്ടു മണ്ണിൽ പണിയെടുക്കുന്ന കർഷകനും, അവസാനം ഫലം കൊണ്ടുപോകാൻ ജന്മിയും. ഈ വ്യവസ്ഥ മാറേണ്ടതു തന്നെയെന്ന് ഗോപാലൻ ഉറപ്പിച്ചു. ഇത്തരം ചിന്താഗതികൾ വച്ചു പുലർത്തിയ കോൺഗ്രസ്സിലെ നേതാക്കൾ സംഘടിച്ചാണ് പാട്നയിൽവെച്ച് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചത്.[21] ശക്തരായ കർഷകതൊഴിലാളികളെ സംഘടിപ്പിച്ച് സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗമാക്കണമെന്നും ഉദ്ദേശത്തോടെ, കേരളത്തിലും സി.എസ്.പിയുടെ ഒരു ഘടകം പ്രവർത്തനമാരംഭിച്ചു.[22]

മികച്ച ഒരു സംഘാടകനായ കൃഷ്ണപിള്ളയും ഗോപാലനും ചേർന്ന് ഏതാണ്ട് പതിനേഴോളം പേരെ സംഘടിപ്പിച്ച് കാലിക്കറ്റ് ലേബർ യൂണിയൻ സ്ഥാപിച്ചു.[23] കേരളത്തിലെ പ്രത്യേകിച്ച് മലബാറിലെ തൊഴിലാളികൾ താഴ്ന്ന സമുദായത്തിൽപ്പെട്ടവരാണ്. സാമ്പത്തികമായും, സാമുദായികമായും അവർ മർദ്ദിതരാണ്. ഇവരെ സംഘടിപ്പിക്കുക എന്നത് വളരെ ശ്രമപ്പെട്ട ഒരു ജോലിയായിരുന്നു. മിക്കയിടത്തും ഗോപാലനും, കൃഷ്ണപിള്ളയും പരിഹസിക്കപ്പെട്ടു. എന്നിരിക്കിലും, അവർ തളരാതെ തങ്ങളുടെ ലക്ഷ്യത്തിൽ നിന്നും തുലോം പിന്നോട്ടു പോയില്ല.[24] തൊഴിലാളികളുമായി ഇടപഴകുമ്പോഴെല്ലാം തന്നെ അവരിലൊരാളായിരിക്കാൻ ഗോപാലൻ ശ്രദ്ധിച്ചു. അവരോടൊപ്പം ഭക്ഷണം കഴിച്ചു. അവർ കിടക്കുന്ന പായയിൽ കിടന്നുറങ്ങി. പതുക്കെ ഗോപാലൻ, പാവങ്ങളുടെ ഗോപാലേട്ടനാവുകയായിരുന്നു.[25]

തിരുവണ്ണൂരിലെ സമരത്തിനുശേഷം ഫറോക്കിലെ ഓട്ടുകമ്പനിയിലെ തൊഴിലാളികളെ സംഘടിപ്പിക്കാന തുടങ്ങി. കെ.കേളപ്പന്റെ നേതൃത്വത്തിൽ ഓട്ടുകമ്പനി തൊഴിലാളി യൂണിയൻ രൂപീകരിക്കപ്പെട്ടു[26] എല്ലായിടത്തുമെന്നപോലെ ഇവിടേയും സംഘാടകർക്ക് കടുത്ത എതിർപ്പു തൊഴിലാളികളിൽ നിന്നു തന്നെ നേരിടേണ്ടി വന്നു. ആളുകളെ ഉപദ്രവിക്കാൻ നടക്കുന്നവരെന്നായിരുന്നു ആദ്യം തൊഴിലാളികൾ തന്നെ യൂണിയൻ സംഘാടകരായ കൃഷ്ണപിള്ളയേയും, ഗോപാലനേയും കുറിച്ചു പറഞ്ഞിരുന്നത്. തിരുവണ്ണൂരിലെ സമരത്തിലൂടെ നേടിയെടുത്ത അവകാശം ഫറോക്കിലും ആവർത്തിക്കണം എന്നതായിരുന്നു നേതാക്കളുടെ ആഗ്രഹം. ദിനംപ്രതി ഒമ്പതു മണിക്കൂർ വെച്ച്, ആഴ്ചയിൽ 54 മണിക്കൂർ എന്നതായിരുന്നു തൊഴിലാളികളുടെ ആവശ്യം. തിരുവണ്ണൂരിൽ നിന്നും വ്യത്യസ്തമായി ഇവിടെ മുതലാളിമാർ തൊഴിലാളികളെ ഉപദ്രവിക്കാൻ തുടങ്ങി, കൂടാതെ കാരണമില്ലാതെ തൊഴിലാളികളെ പിരിച്ചുവിടാനും തുടങ്ങി.[27] ഫറോക്കിലെ ഓട്ടു കമ്പനിതൊഴിലാളികൾ മാർച്ച് നാലാം തീയതി മുതൽ പണിമുടക്കാരംഭിക്കുകയാണെന്ന് അവിടെ കൂടിയ തൊഴിലാളികളുടെ യോഗത്തിൽ നേതാക്കൾ പ്രഖ്യാപിച്ചു.[28] ഫാറോക്കിലെ സമരം നേതൃത്വം വിചാരിച്ചപോലെ മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞില്ല. സമരം ഒത്തുതീപ്പാക്കുന്നതിനു വേണ്ടി മുതലാളിമാർ പലതവണ ശ്രമിച്ചുവെങ്കിലും ആത്മാഭിമാനമുള്ള തൊഴിലാളികൾ അനുരഞ്ജനത്തിനു തയ്യാറായിരുന്നില്ല. പണിമുടക്കു നീണ്ടുപോയി, ചുരുക്കം ചില തൊഴിലാളികൾ പണിമുടക്കവസാനിപ്പിച്ച് ജോലിക്കു കയറി, എന്നാൽ ഭൂരിഭാഗം തൊഴിലാളികളും ജോലിക്കു ചെല്ലാൻ കൂട്ടാക്കാതെ മറ്റു തൊഴിലുകൾ അന്വേഷിച്ചു പോയി. കുറേയധികം തൊഴിലാളികൾ ദാരിദ്ര്യത്തിലായി. കൂടുതൽ ആളുകളും വർഗ്ഗബോധമോ സംഘടനാ ചിന്തയോ ഇല്ലാത്തവരായിരുന്നു. പണിമുടക്ക് പരാജയത്തിലേക്കെത്തിച്ചേർന്നു.[29][30]

ഇടതുപക്ഷത്തേക്ക്

[തിരുത്തുക]
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
(സി.പി.ഐ)

എ.ഐ.ടി.യു.സി. - എ.ഐ.കെ.എസ്.
എ.ഐ.വൈ.എഫ്.- എ.ഐ.എസ്.എഫ്.
എൻ.എഫ്.ഐ.ഡബ്ല്യു.-ബി.എം.കെ.യു.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
(സി.പി.ഐ (എം))

സി.ഐ.ടി.യു - എ.ഐ.കെ.എസ്.
ഡി.വൈ.എഫ്.ഐ.- എസ്.എഫ്.ഐ.
എ.ഐ.ഡി.ഡബ്ല്യു.എ. - ജി.എം.പി.

നക്സൽ ബാരി ഉദയം
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (എം-എൽ)
ലിബറേഷൻ - ന്യൂ ഡെമോക്രസി
പിസിസി - 2nd സിസി-ജനശക്തി
റെഡ് ഫ്ലാഗ് - ക്ലാസ് സ്ട്രഗ്ഗിൾ
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)

സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ
യു.യു.ടി.സി.-എൽ.എസ്. - എ.ഐ.എം.എസ്.എസ്.
എ.ഐ.ഡി.വൈ.ഓ. - എ.ഐ.ഡി.എസ്.ഓ.

പി. കൃഷ്ണപിള്ള
സി. അച്യുതമേനോൻ
എം.എൻ. ഗോവിന്ദൻ നായർ
എ.കെ. ഗോപാലൻ
ഇ.എം.എസ്. നമ്പൂതിരിപ്പാട്
ടി.വി. തോമസ്
എൻ.ഇ. ബാലറാം
കെ. ദാമോദരൻ
എസ്.എ. ഡാൻ‌ഗെ
എസ്.വി. ഘാട്ടെ
ജി. അധികാരി
പി.സി. ജോഷി
അജയ്‌ കുമാർ ഘോഷ്
സി. രാജേശ്വര റാവു
ഭൂപേഷ് ഗുപ്‌ത
ബി.ടി. രണദിവെ,ചാരു മജൂംദാർ,ജ്യോതിബസു
ശിബ്‌ദാസ് ഘോഷ്
ടി. നാഗി റെഡ്ഡി,പി. സുന്ദരയ്യ

തെഭാഗ പ്രസ്ഥാനം
CCOMPOSA

കമ്യൂണിസം
ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനം

കമ്മ്യൂണിസം കവാടം

തടവിലായിരിക്കുമ്പോഴാണ് അദ്ദേഹം ഇടതുപക്ഷ ചിന്താധാരയിലേക്ക് ആകർഷിക്കപ്പെട്ടത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ഇടതുപക്ഷ ചിന്താധാര ശക്തമായി വരുന്ന കാലഘട്ടമായിരുന്നു അത്. ഇത്തരം ആശയങ്ങൾക്ക് കരുത്തുപകർന്നിരുന്നത് ഗോപാലൻ, ഇ.എം.എസ്സ്, പി.കൃഷ്ണപിള്ള തുടങ്ങിയവരുടെ പ്രവർത്തനങ്ങളായിരുന്നു. കോൺഗ്രസ്സ് ലക്ഷ്യത്തിൽ നിന്നും അകന്നു പോവുകയാണെന്നും, പുതിയ ഒരു പാർട്ടിക്കുമാത്രമേ ഉത്തരവാദിത്തത്തോടുകൂടി കോൺഗ്രസ്സിന്റെ പഴയ ലക്ഷ്യങ്ങളിലേക്കെത്തിച്ചേരാനാവൂ എന്നും കോൺഗ്രസ്സിലെ ഇടതുപക്ഷ ചിന്താഗതിക്കാർ വാദിച്ചു. ഈ ഇടതുപക്ഷ ചിന്താഗതിക്കാർ ചേർന്ന് 1934 നു ശേഷം കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചു. ദേശീയസമരത്തിൽ കർഷകരുടെ അഭാവത്തെക്കുറിച്ചാണ് ഗോപാലൻ ചിന്തിച്ചത്. കർഷകരെ കൂടാതെ ദേശീയസമരപ്രസ്ഥാനം പൂർണ്ണതയിലെത്തിച്ചേരില്ലെന്ന് അദ്ദേഹം മനസ്സിലാക്കി.

കോൺഗ്രസ്സ് സോഷ്യലിസ്റ്റു പാർട്ടിയുടെ നേതാക്കളുടെ ചില തീരുമാനങ്ങൾ അദ്ദേഹത്തിനു അംഗീകരിക്കുവാനാകുമായിരുന്നില്ല. ബോംബെ ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കളുമായി ബന്ധപ്പെടാൻ ഇത് കാരണമായി. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചപ്പോൾ കമ്മ്യൂണിസ്റ്റ് അനുഭാവികൾ എന്നറിയപ്പെട്ടവരെയെല്ലാം കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിൽ നിന്നും പുറത്താക്കി.[31]

കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ

[തിരുത്തുക]

1939-ൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ രൂപം കൊണ്ടപ്പോൾ അതിൽ അംഗമായി. പാർട്ടിക്കു നിരോധനം വന്നപ്പോൾ ഒളിവിൽപോയി, ഒളിവിൽ ഇരുന്നു പ്രവർത്തിക്കുന്നത് സാമ്രാജ്യത്വവിരോധം തന്നെയാണ് എന്നാണ് പിൽക്കാലത്ത് എ.കെ.ജി തന്നെ പറഞ്ഞിട്ടുള്ളത്. ഒളിവിൽ നിന്നും പുറത്തു വന്ന് പരസ്യമായി പെരുന്തൽമണ്ണയിൽ ഒരു യോഗത്തിൽ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ അറസ്റ്റിലായി. 1937 ൽ തിരുവിതാംകൂറിൽ ഉത്തരവാദിത്ത സർക്കാരിനു വേണ്ടിയുള്ള പ്രക്ഷോഭത്തിനു പിന്തുണ നൽകി, മലബാർ മുതൽ മദിരാശി വരെയുള്ള നിരാഹാര മലബാർ ജാഥ(പട്ടിണി ജാഥ)ക്ക് എ.കെ.ജി ആണ് നേതൃത്വം നൽകിയത്. നാട്ടുരാജ്യങ്ങളിൽ ഉത്തരവാദിത്ത ഭരണത്തിനുവേണ്ടിയുള്ള മുന്നേറ്റങ്ങൾ പതുക്കെ ശക്തിപ്രാപിക്കുകയായിരുന്നു.

രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള ജനങ്ങളുടെ പ്രതികരണം കൂടുതൽ ശക്തമായതോടെ 1939-ൽ അദ്ദേഹം വീണ്ടും തടവിലായി. 1942-ൽ തടവിൽ നിന്നും രക്ഷപ്പെട്ട് ഒളിവിൽ പോയി. 1945-ൽ യുദ്ധം അവസാനിക്കുന്നതു വരെ ഈ ഒളിവുജീവിതം തുടർന്നു. യുദ്ധത്തിനു ശേഷം വീണ്ടും തടവിലകപ്പെടുകയും ഇന്ത്യ സ്വതന്ത്രമാകപ്പെടും വരെ തടവിൽ തുടരുകയും ചെയ്തു.

1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടില്ലെന്നും അത് സായുധസമരത്തിലൂടെ നേടിയെടുക്കണം എന്നും തീരുമാനിച്ച് ജനാധിപത്യ സർക്കാറിനെതിരെ സായുധസമരം നടത്താൻ ശ്രമിച്ചു. അതേത്തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടും. പാർട്ടി നേതാവായിരുന്ന എകെജി ഒളിവിലായി.

ഇന്ത്യ റിപ്പബ്ലിക്കായതിനു ശേഷം മരണം വരെ തുടർച്ചയായി 5 തവണ ലോക്‌സഭാംഗമായി.

1964ൽ കമ്മ്യുണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.എം.ൽ നിൽക്കുകയും അതിലെ ഏറ്റവും പ്രധാനപ്പെട്ട നേതാവുമായി മാറി. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചക്ക് ഏറെ സംഭാവനകൾ നൽകിയ നേതാവാണ് എ.കെ.ജി. സ്വാതന്ത്ര്യത്തിനു ശേഷവും അധസ്ഥിതരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചു. ദില്ലിയിലെ സി.പി.ഐ.എം. ന്റെ ആസ്ഥാനമന്ദിരം എ.കെ.ജി. ഭവൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.

വ്യക്തിജീവിതം

[തിരുത്തുക]

\എ.കെ.ജി.-യുടെ ആദ്യ വിവാഹത്തിൻറെ തകർച്ചയ്ക്ക് ഇടയാക്കിയ സംഭവം പിന്നോക്കക്കാർക്കും ദളിത് ജനവിഭാഗങ്ങൾക്കും ക്ഷേത്ര പ്രവേശനം ആവശ്യപ്പെട്ട് ഗുരുവായൂർ സത്യാഗ്രഹം നടത്തി എന്നതിൻറെ പേരിലായിരുന്നു എന്ന് കരുതപ്പെടുന്നു. മാർക്സിസ്റ്റ് തൊഴിലാളി നേതാവായിരുന്ന സുശീലയെയാണ്, എ.കെ.ജി രണ്ടാമത് വിവാഹം കഴിച്ചത്. സുശീലയുടെ വീട്ടിൽ ആയിരുന്നു എ.കെ.ജി തൊള്ളായിരത്തി നാൽപതുകളുടെ അവസാനനാളുകളിൽ ഒളിവിൽ താമസിച്ചത്. 1952 ൽ എ.കെ.ജി. യുടെ നാല്പത്തി എട്ടാം വയസ്സിൽ ആയിരുന്നു ഇരുപത്തി രണ്ടുകാരിയായ സുശീലയുമായുള്ള വിവാഹം. ലോക്‌സഭാംഗമായിരുന്ന പി. കരുണാകരൻ ന്റെ ഭാര്യ ലൈലയാണ് ഏക മകൾ.

ഇന്ത്യൻ കോഫീ ഹൗസ്

[തിരുത്തുക]
പയ്യാമ്പലം കടപ്പുറത്ത് എ.കെ.ജി അന്ത്യവിശ്രമം കൊള്ളുന്ന ഇടം

1940 ലാണ് കോഫീബോർഡ് ഇന്ത്യൻ കോഫീ ഹൗസ് രാജ്യത്തൊട്ടാകെ ആരംഭിച്ചത്. 1950 കളിൽ ഇതിൽ പലതും യാതൊരു കാരണങ്ങളുമില്ലാതെ അടച്ചുപൂട്ടുകയും, തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തു. എ.കെ.ജി വിഷമവൃത്തത്തിലായ തൊഴിലാളികളുടെ നേതൃത്വം ഏറ്റെടുക്കുകയും, അവരെ സംഘടിപ്പിച്ച് ഇന്ത്യ കോഫീ ബോർഡ് വർക്കേഴ്സ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി സ്ഥാപിക്കുകയും ചെയ്തു.[32][33] 19 ഓഗസ്റ്റ് 1957 ന് ബംഗളൂരിലാണ് ആദ്യത്തെ സൊസൈറ്റി സ്ഥാപിച്ചത്, ആദ്യത്തെ കോഫീ ഹൗസ് സ്ഥാപിക്കപ്പെട്ടത് ഡെൽഹിയിലാണ്. 27 ഒക്ടോബർ 1957 നായിരുന്നു ഇത്. ഇന്ത്യയൊട്ടാകെ 400 ഓളം കോഫീ ഹൗസുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്, കേരളത്തിലാണ് ഇതിൽ ഏറ്റവും കൂടുതൽ എണ്ണം. 51 ഇന്ത്യൻ കോഫീ ഹൗസുകളാണ് കേരളത്തിലെ വിവിധ ജില്ലകളിലായി പ്രവർത്തിക്കുന്നത്.[34]

അവലംബം

[തിരുത്തുക]
  1. എന്റെ ജീവിത കഥ - എ.കെ.ജി പുറം 5
  2. ഒ.ചിന്നപ്പ, റെഡ്ഡി (2010). "ഗോപാലൻ, പ്രിവന്റീവ് ഡിറ്റക്ഷൻ ആന്റ് ഹേബിയസ് കോർപ്പസ്". ഓക്സഫഡ് ഓൺലൈൻ. ISBN 9780199081462. Archived from the original on 2016-03-05. Retrieved 2013-04-18. ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിനുശേഷം കരുതൽ തടങ്കൽ നിയമവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ വന്ന ആദ്യകേസ് എ.കെ.ഗോപാലന്റേതായിരുന്നു
  3. "എ.കെ.ഗോപാലൻ വേഴ്സസ് സ്റ്റേറ്റ് ഓഫ് മദ്രാസ്" (PDF). ഝാർഖണ്ഡ് ജുഡീഷ്യൽ അക്കാദമി. 19-മെയ്-1950. Archived from the original (PDF) on 2016-03-05. Retrieved 2013-04-18. {{cite news}}: Check date values in: |date= (help)
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; tcdt1 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 191. ISBN 81-262-0482-6. എ.കെ.ഗോപാലൻ - പൊതുപ്രവർത്തനത്തിന്റെ ആദ്യപാഠങ്ങൾ
  6. എന്റെ ജീവിത കഥ - എ.കെ.ജി പുറം 12
  7. എന്റെ ജീവിത കഥ - എ.കെ.ജി പുറം 15
  8. എന്റെ ജീവിത കഥ - എ.കെ.ജി പുറം 10-11
  9. എന്റെ ജീവിത കഥ - എ.കെ.ജി പുറം 12
  10. എന്റെ ജീവിത കഥ - എ.കെ.ജി പുറം 14
  11. എന്റെ ജീവിത കഥ - എ.കെ.ജി പുറം 14-15
  12. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 192. ISBN 81-262-0482-6. എ.കെ.ഗോപാലൻ - ആദ്യത്തെ ജയിൽവാസം
  13. സഖാവ്.പി.കൃഷ്ണപിള്ള - ഒരു സമഗ്ര ജീവചരിത്രപഠനം - ഡോക്ടർ.ചന്തവിള മുരളി പുറം 68
  14. A.M Abraham Ayirukuzhiel (1987). Swami Anand Thirth: Untouchability, Gandhian Solution on Trial. CISRS Banglore. p. 32.
  15. പി.കൃഷ്ണപിള്ളയുടെ ജീവചരിത്രം -ഡോക്ടർ.ചന്തവിള മുരളി പുറം. 69
  16. ദേശാഭിമാനി കൃഷ്ണപിള്ള സ്മാരക ഗ്രന്ഥം. ചിന്ത. 1955. p. 11-12. പയ്യന്നൂരിൽ കണ്ടോത്ത് എന്ന സ്ഥലത്തു വെച്ച് എന്നേയും കേരളീയനേയും കൂടെയുണ്ടായിരുന്ന ഹരിജനങ്ങളേയും അവിടെയുള്ള കൃഷിക്കാർ ക്രൂരമായി മർദ്ദിച്ചു
  17. കെ., മാധവൻ. പയസ്വിനിയുടെ തീരത്ത്. p. 48. കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ സമരക്കാർ ക്ഷേത്രത്തിനു ചുറ്റും കെട്ടിയിരുന്ന മുള്ളുവേലി പൊളിച്ചു(കെ.മാധവന്റെ ആത്മകഥയിൽ നിന്നും)
  18. എന്റെ ജീവിത കഥ - എ.കെ.ജി പുറം 52-53
  19. എന്റെ ജീവിത കഥ - എ.കെ.ജി പുറം 60
  20. എന്റെ ജീവിത കഥ - എ.കെ.ജി പുറം 60-65
  21. ചൗധരി. സോഷ്യലിസ്റ്റ് മൂവ്മെന്റ് ഇൻ ഇന്ത്യ - കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി. കൽക്കട്ട: പ്രോഗ്രസ്സീവ് പബ്ലിഷേഴ്സ്. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  22. എന്റെ ജീവിത കഥ - എ.കെ.ജി പുറം 67
  23. പി.കൃഷ്ണപിള്ളയുടെ ജീവചരിത്രം -ഡോക്ടർ.ചന്തവിള മുരളി പുറം 283
  24. "കാലിക്കറ്റ് ലേബർ യൂണിയൻ സംഘാടനം". ദേശാഭിമാനി ദിനപത്രം. 19-ആഗസ്റ്റ്-1952. യൂണിയൻ സംഘടിപ്പിക്കുന്നതിനെ ആളുകൾ കളിയാക്കിയെങ്കിലും കൃഷ്ണപിള്ളക്ക് അതിൽ നിരാശയൊന്നുമുണ്ടായിരുന്നില്ല. {{cite news}}: Check date values in: |date= (help)
  25. എന്റെ ജീവിത കഥ - എ.കെ.ജി പുറം 79-80
  26. പി.കൃഷ്ണപിള്ളയുടെ ജീവചരിത്രം -ഡോക്ടർ.ചന്തവിള മുരളി പുറം 301
  27. "ഫറോക്കിലെ പണിമുടക്കം". മാതൃഭൂമി ദിനപത്രം. 31-മാർച്ച്-1935. ഫറോക്കിൽ കാരണമൊന്നും കൂടാതെ തൊഴിലാളികളെ ഫാക്ടറികളിൽ നിന്നും പിരിച്ചുവിടാൻ തുടങ്ങി {{cite news}}: Check date values in: |date= (help)
  28. "ഫറോക്കിലെ പണിമുടക്കം". മാതൃഭൂമി ദിനപത്രം. 4-മാർച്ച്-1935. ഫറോക്കിൽ ഓട്ടു കമ്പനി തൊഴിലാളികൾ പണിമുടക്കുന്നു {{cite news}}: Check date values in: |date= (help)
  29. പി.കൃഷ്ണപിള്ളയുടെ ജീവചരിത്രം -ഡോക്ടർ.ചന്തവിള മുരളി പുറം 306-307
  30. എന്റെ ജീവിത കഥ - എ.കെ.ജി പുറം 78-79
  31. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 200. ISBN 81-262-0482-6. എ.കെ.ഗോപാലൻ - കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക്
  32. "ഇന്ത്യൻ കോഫീ ഹൗസ്". ഔട്ട്ലൂക്ക് ബിസിനസ്സ്. 23-ഓഗസ്റ്റ്-2008. {{cite news}}: Check date values in: |date= (help)
  33. ഇന്ത്യൻ കോഫീ ഹൗസിന്റെ ചരിത്രം. ഇന്ത്യൻ കോഫീ ഹൗസ്. Archived from the original on 2013-01-16. Retrieved 2013-04-18.
  34. വിഭോർ, മോഹൻ. "ക്രൈസിസി ഇൻ എ കോഫീ കപ്പ്". ട്രൈബ്യൂൺ ദിനപത്രം.

പുറം കണ്ണികൾ

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]


     ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ          
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...
"https://ml.wikipedia.org/w/index.php?title=എ.കെ._ഗോപാലൻ&oldid=4071805" എന്ന താളിൽനിന്ന് ശേഖരിച്ചത്