കെ. മാധവൻ നായർ
സ്വാതന്ത്ര്യസമരസേനാനിയും മാതൃഭൂമി പത്രത്തിന്റെ ആദ്യകാലപ്രവർത്തകരിൽ ഒരാളുമാണ് കെ. മാധവൻ നായർ. 1882 ഡിസംബർ 2ന് വെള്ളാട്ട് തൈത്തൊടിയിൽ നാരായണൻ നായരുടെയും കാരുതൊടിയിൽ കല്യാണി അമ്മയുടെയും മൂത്ത മകൻ ആയി മലപ്പുറത്താണ് ജനിച്ചത്[1] . 1933 സെപ്റ്റംബർ 28ന് മാധവൻ നായർ അന്തരിച്ചു. പ്രമുഖ പത്രപ്രവർത്തകൻ മോഹൻദാസ് രാധാകൃഷ്ണൻ മകനാണ്.
ജീവിതരേഖ
[തിരുത്തുക]മാതൃഭൂമി പത്രം തുടങ്ങുന്നതിനുള്ള ശ്രമങ്ങളിൽ മുന്നിട്ടുനിന്നു പ്രവർത്തിച്ച അദ്ദേഹം ആദ്യം അതിന്റെ മാനേജിംഗ് ഡയറക്ടറും പിന്നെ മാനേജരുമായിരുന്നു. മാനേജിംഗ് ഡയറക്ടറായിരുന്നിട്ടും തന്റെ ചില രാഷ്ട്രീയനടപടികളെ മാതൃഭൂമി മുഖപ്രസംഗങ്ങളിലൂടെ നിശിതമായി വിമർശിക്കുന്നത് അദ്ദേഹം തടസ്സപ്പെടുത്തിയില്ല. നിഷ്കാമിയായ പൊതുപ്രവർത്തകനായിരുന്നു അദ്ദേഹം[അവലംബം ആവശ്യമാണ്]. മലബാർ കലാപം നടക്കുന്നതിനിടെ അവിടേക്ക് ഇറങ്ങിത്തിരിക്കാനും സമാധാന ശ്രമങ്ങൾക്ക് നേതൃത്വം കൊടുക്കാനും ചങ്കൂറ്റം കാണിച്ച നേതാവായിരുന്നു അദ്ദേഹം.1920ലെ നാഗ്പൂർ കോൺഗ്രസ് സമ്മേളനത്തീർപ്പ് പ്രകാരം രൂപം കൊണ്ട കെ.പി.സി.സി യുടെ ആദ്യത്തെ സെക്രട്ടറിയായി തെരഞ്ഞെടുത്തതു മാധവൻ നായരെയാണ്[അവലംബം ആവശ്യമാണ്]. കേരളത്തിലെ ദേശീയ പ്രസ്ഥാനത്തിന്റെ ആദ്യകാല ചരിത്രമാണ് കാരുതൊടിയിൽ മാധവൻ നായരുടെ ജീവചരിത്രം. 1916 ൽ കെ.പി.കേശവമേനോനോടൊപ്പം പൊതുജീവിതം തുടങ്ങിയ അദ്ദേഹം മരണം വരെ കേരളത്തിലെ രാഷ്ട്രീയ-സാമൂഹികജീവിതത്തിൽ നിറഞ്ഞുനിന്നു.
ദേശീയസ്വാതന്ത്ര്യപ്രവർത്തനം, ഖിലാഫത്ത് പ്രവർത്തനം, അക്കാലത്തെ ദുരിതാശ്വാസപ്രവർത്തനം, വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം, മാതൃഭൂമി പത്രത്തിന്റെ ഉത്ഭവം എന്നീ കാര്യങ്ങളൊക്കെ അനുസ്മരിക്കുമ്പോൾ മാധവൻ നായരും അനിവാര്യമായും അനുസ്മരിക്കപ്പെടുന്നു. മലബാർ കലാപം എന്ന വിശിഷ്ട ഗ്രന്ഥത്തിന്റെ കർത്താവുമാണദ്ദേഹം.
വിദ്യാഭ്യാസം
[തിരുത്തുക]മലപ്പുറം ആംഗ്ലോ വെർണാകുലർ സ്കൂൾ, മഞ്ചേരി ഹൈസ്കൂൾ, പാലക്കാട് വിക്ടോറിയ കോളേജ് ഹൈസ്കൂൾ, കോട്ടയം സി.എം.എസ്.കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
ബിരുദമെടുത്തശേഷം കുറച്ചുകാലം തിരുവല്ല എം.ജി.എം. ഹൈസ്കൂളിൽ അദ്ധ്യാപകനായി. അക്കാലത്ത് സർദാർ കെ.എം.പണിക്കർ, മാധവൻ നായരുടെ വിദ്യാർത്ഥിയായിരുന്നു. അദ്ധ്യാപകവൃത്തി വിട്ടു മാധവൻ നായർ തിരുവനന്തപുരം മഹാരാജാസ് ലോ കോളേജിൽ നിന്ന് 1909ൽ നിയമപഠനം പൂർത്തിയാക്കി മഞ്ചേരിയിൽ പ്രാക്ടീസ് തുടങ്ങി.
സമരരംഗത്ത്
[തിരുത്തുക]1915 മുതൽ തന്നെ മാധവൻ നായരുടെ പൊതുപ്രവർത്തനവും തുടങ്ങി. 1917 ൽ തളിക്ഷേത്ര റോഡിൽ താണജാതിക്കാർക്കുള്ള നിരോധനം ലംഘിച്ച് അദ്ദേഹം കേശവമേനോൻ, മഞ്ചേരി രാമയ്യർ എന്നിവരുടെ കൂടെ കൃഷ്ണൻ വക്കീലിനെ കൂട്ടി യാത്ര നടത്തി. കൃഷ്ണൻ വക്കീലിനെ ആരും തടഞ്ഞില്ല. അതോടെ തളി റോഡിലെ തീണ്ടൽ പ്രശ്നവും തീർന്നു.
1916 ൽ മലബാറിൽ ആരംഭിച്ച ഹോം റൂൾ പ്രസ്ഥാനത്തിൻറെ സജീവ പ്രവർത്തകനായി.1924 ൽ വൈക്കം സത്യാഗ്രഹം സംഘടിപ്പിക്കുന്നതിലും നടത്തിക്കുന്നതിലും സജീവമായ പങ്കുവഹിച്ചു മാധവൻ നായർ 1930 ൽ അറസ്റ്റിലായി. അഞ്ചു മാസത്തെ തടവും കിട്ടി.
അന്ത്യം
[തിരുത്തുക]അമ്പത്തിയൊന്നാം വയസ്സിൽ,1933 സെപ്റ്റംബർ 28ന് മാധവൻ നായർ അന്തരിച്ചു. പക്ഷേ അരനൂറ്റണ്ടിലേറെയുള്ള ജീവിത കാലത്തിനിടെ അദ്ദേഹം അന്നത്തെ എല്ലാ രാഷ്ട്രീയ സമൂഹിക ഔന്നത്യങ്ങളിലും എത്തിച്ചേർന്നു[അവലംബം ആവശ്യമാണ്].