എച്ച്.വി. കനോലി
ബ്രിട്ടീഷ് ഇന്ത്യയിലെ മലബാർ ജില്ലയുടെ കലക്ടറും മജിസ്ത്രേട്ടും ആയി ഏകദേശം 1841 മുതൽ 1855 വരെ സേവനമനുഷ്ഠിച്ച ഒരു ബ്രിട്ടീഷുകാരനായിരുന്നു ലെഫ്ടനന്റ് സർ ഹെന്രി വാലന്റൈൻ കനോലി (1806 - സെപ്റ്റംബർ 11, 1855). മലബാറിലെ പുഴകളെ തമ്മിൽ തോടുകൾ വെട്ടി ബന്ധിപ്പിച്ച് ജലഗതാഗത മാർഗ്ഗം വികസപ്പിച്ചത് ഇദ്ദേഹമാണ്. എലത്തൂർ പുഴയേയും കല്ലായി പുഴയേയും ബന്ധിപ്പിച്ച് 1848-ൽ പണി പൂർത്തിയായ കനോലി കനാൽ ഇവിടുത്തെ വികസനത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുണ്ട്.[1] നിലമ്പൂരിലെ കനോലി തേക്ക് തോട്ടം വെച്ചു പിടിപ്പിച്ചതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആണ്. 1855-ൽ അദ്ദേഹം കോഴിക്കോട് വെസ്റ്റ് ഹില്ലിലെ സ്വവസതിയിൽ വച്ച് ചില ബ്രിട്ടീഷ്അധിനിവേശ വിരുദ്ധ പോരാളികളാൽ ദാരുണമായി കൊലചെയ്യപ്പെട്ടു.[2] അദ്ദേഹത്തിന്റെ ശവക്കല്ലറയുടെ അവശിഷ്ടങ്ങൾ കോഴിക്കോട് നഗരത്തിലെ ഇംഗ്ലീഷ് പള്ളിയിൽ സ്ഥിതി ചെയ്യുന്നു.
ജീവചരിത്രം
[തിരുത്തുക]ഇംഗ്ലണ്ടിലെ മിഡ്‌ലാൻഡ്സിൽ 1806 ലാണ് വാലന്റൈൻ ജനിച്ചതു്. നാലു സഹോദരന്മാരിൽ ഏറ്റവും ഇളയവനായിരുന്നു വാലന്റൈൻ. ഇംഗ്ലണ്ടിലെ റഗ്ബിയിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി 18 വയസ്സിൽ 1824ൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ ചേർന്നു. 1826ൽ ബെല്ലാരി പ്രിൻസിപ്പാൾ കളക്ടറുടെ സഹായി. രണ്ടുവർഷത്തിനു ശേഷം തഞ്ചാവൂർ കളക്ടറുടെ മുഖ്യസഹായി. ഒപ്പം സൈന്യത്തിൽ ഡെപ്യൂട്ടി സെക്രട്ടറി. 1831ൽ സർക്കാർ രേഖകൾക്കുവേണ്ടി ഇംഗ്ലീഷ്-കന്നഡ ഭാഷകളിൽ തർജ്ജമയുടെ ചുമതല. 1834ൽ സർക്കാർ ബാങ്കിലെ കാഷിയർ. 1835: സബ് ട്രഷറർ അസിസ്റ്റന്റ്. 1836: ആക്റ്റിങ്ങ് അഡീഷണൽ ഗവണ്മെന്റ് കമ്മീഷണർ (കർണ്ണാടകം).
1838ൽ ഫർലോയിലേക്കു മടങ്ങിയ അദ്ദേഹം രണ്ടുവർഷത്തിനുശേഷം ഇന്ത്യയിലേക്കു തിരിച്ചുവന്നു. 1841ൽ മലബാർ കളക്ടറും മജിസ്ട്രേട്ടുമായി ഉത്തരവാദിത്തമേറ്റെടുത്തു.
ഭരണ പരിഷ്കാരങ്ങൾ
[തിരുത്തുക]1841 മുതൽ 1855 വരെ മലബാർ ജില്ലയുടെ ചുമതല വഹിച്ചിരുന്ന ഇദ്ദേഹം ഒട്ടേറെ പരിഷ്കാരങ്ങളും വികസന പ്രവർത്തനങ്ങളും ജില്ലയൊട്ടാക്കെ നടപ്പിലാക്കിയിരുന്നു. ലോകത്തിലെ മനുഷ്യനിർമിതമായ ആദ്യത്തെ തേക്കിൻ തോട്ടമായ കനോലി പ്ലോട്ട് , കോരപ്പുഴയെയും കല്ലായിപ്പുഴയെയും ബന്ധിപ്പിക്കുന്ന കനോലി കനാൽ എന്നിവ ഇദ്ദേഹത്തിൻറെ സംഭാവനകളായിരുന്നു. തീപ്പിടുത്തത്തെ അകറ്റാൻ 1847 ഇൽ വലിയങ്ങാടിയിലെ ഓലമേഞ്ഞ കെട്ടിടങ്ങൾ ഓട് പാകി മെച്ചപ്പെടുത്തിയതും, വലിയങ്ങാടിയിലെ കച്ചവടക്കാർക്ക് കച്ചവടം വിപുലീകരിക്കാൻ അഞ്ചു വർഷം കൊണ്ടുള്ള തിരിച്ചടവായി രണ്ടായിരം ഉറുപ്പിക വീതം വെച്ച് നൽകിയതും, മുട്ടിച്ചിറ, ചേരൂർ കലാപങ്ങളെ തുടർന്ന് അവർണ്ണ ജാതികൾക്ക് പൊതുവഴി ഉപയോഗിക്കാനുള്ള ഉത്തരവിറക്കിയതുമൊക്കെ ഭരണ വൈപുണ്യമായി വിലയിരുത്തപ്പെടുന്നു. അടിസ്ഥാന വിഭാഗങ്ങളെ അടിമകളാക്കി ജന്മികൾ ഉപയോഗിക്കുന്നത് വിലക്കിയും അവർക്ക് മറ്റുള്ളവർക്ക് നൽകുന്ന അതേ കൂലിയിൽ ഗവർമെന്റ് ജോലി തരപ്പെടുത്തിയതും ഭരണ പരിഷ്കാരങ്ങളിൽ ശ്രദ്ധേയമാണ് [3]
സ്വാതന്ത്ര്യ സമരത്തോടുള്ള നിലപാട്
[തിരുത്തുക]കനോലിയുടെ മലബാർ ജില്ലയിൽ ഭരണ സാരഥ്യം മുട്ടിച്ചറ ലഹള , ചേരൂർ കലാപം, കൊളത്തൂർ ലഹള, മഞ്ചേരി കലാപം, തൃക്കാളൂർ ലഹള എന്നിവകൾ ഉൾപ്പെടെ മാപ്പിള ലഹളകൾ ശക്തമായ കാലത്തായിരുന്നു. ആയതിനാൽ തന്നെ മാപ്പിള കർഷക പോരാളികളുടെ നേരെ മർക്കടമുഷ്ടി പ്രയോഗിച്ച ഉദ്യോഗസ്ഥനായാണ് കനോലി ചരിത്രത്തിൽ അറിയപ്പെടുന്നത്. ഒട്ടേറെ സാന്ത്വന്ത്ര്യ സമര സേനാനികളെ അടിച്ചമർത്തിയ കളക്ടർ കനോലിയുടെ 1852ലെ ആയുധ നിരോധന ഉത്തരവ്, നേർച്ച പോലുള്ള ആചാരങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്, മമ്പുറം സയ്യിദ് അലവിക്കെതിരെ നിലപാടെടുത്തത്,ഫസൽ തങ്ങൾ എന്ന ആത്മീയ പുരോഹിതനെ മക്കയിലേക്ക് നാട് കടത്തിയത്, 1854ൽ നടപ്പാക്കിയ മാപ്പിള ഔട്ട്റേജസ് ആക്ട്ൻറെ മറവിൽ 7581 പേരെ അറസ്റ്റ്ചെയ്ത് ആന്തമാൻ, ആസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് നാടുകടത്തിയത് തുടങ്ങിയ ചെയ്തികൾ മാപ്പിള പോരാളികളെ വല്ലാതെ പ്രകോപിപ്പിച്ച സംഭവങ്ങളാണ്. [4]
ഏറനാട്ടിലെ മാപ്പിളപ്പോരാളികൾക്ക് നേരെ കടുത്ത നീക്കം നടത്തിയിട്ടുണ്ടെങ്കിലും ഏതെങ്കിലും പ്രത്യേക വിഭാഗത്തോട് അന്ധമായ പക കളക്ടർ കനോലി വെച്ച് പുലർത്തിയിരുന്നില്ല ബ്രിട്ടീഷ് വിരുദ്ധ രംഗത്ത് സജീവമല്ലാതിരുന്ന കോഴിക്കോട് നഗരത്തിലെ മുസ്ലിം സമ്പന്നരുമായി നല്ല ബന്ധത്തിലായിരുന്നു ഇദ്ദേഹം . വലിയങ്ങാടിയിലെ കച്ചവടക്കാർക്ക് പലിശ രഹിത വായ്പ്പ സഹായം ഏർപ്പെടുത്തി നൽകിയിരുന്നു. സായുധ പോരാട്ടത്തിന്റെ വഴി സ്വീകരിക്കാത്തത് കൊണ്ട് അടിച്ചമർത്തലുകൾ വേണ്ടി വന്നില്ലെങ്കിലും സ്വാതന്ത്ര്യ സമരത്തിനായി ഇറങ്ങിയ വരേണ്യ ഹിന്ദു മുസ്ലിം വിഭാഗങ്ങൾക്കെതിരെയും ഇദ്ദേഹം നിയമ നടപടികൾ സ്വീകരിച്ചിരുന്നു.
ശക്തി പ്രയോഗിച്ച് സയ്യിദ് ഫസലിനെ കീഴ്പ്പെടുത്തണമെന്ന മറ്റ് ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ വാദങ്ങളെ തള്ളിയ കനോലി അത് രക്തരൂക്ഷിതമായി മാറുമെന്ന് ഓർമ്മപ്പെടുത്തുകയും വർഷങ്ങൾ നീണ്ട നയചാതുര്യത്തോടെ നടപ്പിലാക്കുകയുമാണുണ്ടായത്. മാപ്പിളമാർക്കെതിരെയുള്ള ജന്മി-സർക്കാർ കുടിയാൻ നിയമങ്ങൾ മാറ്റണമെന്ന ആവിശ്യവും ഗവർണറോട് ഇദ്ദേഹം ഉന്നയിച്ചിരുന്നു. 1852 ഏപ്രിൽ മാസം കോട്ടയം താലൂക്കിൽ അമ്പലത്തിനു തീയിട്ടു മാപ്പിളമാർ ചെയ്തതാണെന്ന് ജന്മിമാർ കേസ് നൽകിയപ്പോൾ അത് തള്ളി ജന്മിമാരുടെ പങ്ക് വെളിച്ചത്ത് കൊണ്ട് വന്നതുമൊക്കെ ഇത്തരം നടപടികളൊക്കെയും വംശീയമായോ വർഗ്ഗീയമായോ അദ്ദേഹം കാര്യങ്ങളെസമീപിച്ചിരുന്നില്ലെന്ന് വ്യക്തമാക്കുന്നവയാണ്. [5][6] അക്രമിയായ ഒരു കളക്ടർ എന്നതിലുപരി വികസന പ്രേമിയായ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായാണ് കനോലി കേരള ചരിത്രത്തിലിടം പിടിക്കുന്നത്. കൊളത്തൂർ കലാപത്തിന് പിഴയായി മാപ്പിളമാരിൽ നിന്നും പിരിച്ച പ്രതേക നികുതി അവിടെ തന്നെ റോഡ് ഉണ്ടാക്കാൻ ഉപയോഗിച്ചത് ഇതിനു തെളിവാണ്
മരണം
[തിരുത്തുക]സ്വാതന്ത്ര്യ പോരാട്ടത്തിനെതിരെയുള്ള കനോലിയുടെ നിലപാടുകളും കൂട്ട നാടുകടത്തലുകളും ഏറനാട്ടിലെ മാപ്പിളമാരെ വല്ലാതെ പ്രകോപിച്ചിരുന്നു. 1855 സെപ്റ്റംബർ 11 രാത്രി എട്ടിനും ഒമ്പതിനും മധ്യേ അതീവ സുരക്ഷയുള്ള വെസ്റ്റ് ഹിൽ ബാരക്സിലെ കളക്ടർ ബംഗ്ളാവിൽ ഭാര്യയുടെ മുന്നിലിട്ട് കളക്ടർ കനോലിയെ വെട്ടിക്കൊല്ലുന്നതിലാണ് അത് ചെന്നവസാനിച്ചത്.
ബ്രിട്ടീഷ് സർക്കാർ സംവിധാനത്തിന് എതിരെ ഉയർന്ന വെല്ലുവിളിയും ചോദ്യം ചെയ്യലുമായിരുന്നു കനോലി വധം. വധവുമായി ബന്ധപ്പെട്ട കുറ്റപത്രം വ്യക്തമാക്കുന്നത് ആഗസ്ത് നാലാം തീയതി കോഴിക്കോട് ടൗൺ ജയിലിൽ നിന്നും രക്ഷപ്പെട്ട വാളാശേരി ഏമാലു, പുലിയാകുന്നത്ത് തേനു, ചെമ്പൻ മൊയ്തീൻ കുട്ടി, വെള്ളാട്ട താഴത്തെ പറമ്പിൽ മൊയ്തീൻ എന്നീ നാലംഗ സംഘമാണ് കൊലപാതകത്തിന് പിറകിലെന്നാണ്. വഴികാട്ടിയായി കൂടെ ചേർന്ന ഒസ്സാൻ ഹൈദ്രമാനും പിന്നീട് ആക്രമണസംഘത്തിൽ അംഗമായി. ജയിലിൽ ഒപ്പമുണ്ടായിരുന്ന മാളികയിൽ മാമു എന്ന കോഴിക്കോട് നിവാസിയാണ് വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തത്. മാപ്പിളമാർക്കെതിരെ നിസ്സാര കാര്യങ്ങൾക്ക് കേസെടുത്തതും മമ്പുറം തങ്ങൾമാർക്കെതിരെയുള്ള കനോലിയുടെ നിലപാടുകളായിരുന്നു ആക്രമണത്തിന് പിന്നിലെ പ്രചോദനം. കൊലപാതകം ആസൂത്രണം ചെയ്ത ശേഷം പ്രതികൾ തറമ്മൽ മഖാം സന്ദർശിച്ച് അനുഗ്രഹം തേടി, സിദ്ധരും ദിവ്യരുമായ തറമേൽ കുഞ്ഞിക്കോയ തങ്ങൾ,തിരൂരങ്ങാടി ഖാസി എന്നിവരുടെ ആശീർവാദം നേടി. തുടർന്നുള്ള നാളുകളിൽ ഒട്ടനവധി പള്ളികളും ജാറകുടീരങ്ങളും സന്ദർശിച്ചു പ്രാർത്ഥിച്ചു. കൃത്യത്തിനു മുൻപ് ആക്രമണ ലക്ഷ്യപൂർത്തിക്കായി മുഹ്യുദ്ദീൻ മാല കീർത്തനം ചെയ്ത് പ്രാർത്ഥന നടത്തി, നേർച്ചക്കിടെ സാംബ്രാണി കുന്തിരിക്കം പുകച്ചു മന്ത്രിച്ചു ആയുധങ്ങൾ കൈമാറ്റം ചെയ്തു, പതിനൊന്നിന് രാത്രി കളക്ടർ ബംഗ്ളാവിൽ നുഴഞ്ഞു കയറിയ അക്രമികൾ ഭാര്യയുടെ മുന്നിലിട്ട് കനോലിയുടെ ദേഹത്ത് ആയുധങ്ങൾ കുത്തിയിറക്കി. ഭാര്യയുൾപ്പടെയുള്ള സ്ത്രീകളെ ഉപദ്രവിച്ചില്ലെങ്കിലും സഹായിക്കാൻ വന്ന ഭൃത്യന്മാരെ ആക്രമിച്ചു പരിക്കേൽപ്പിച്ച ശേഷം കൊലപാതക സംഘം രക്ഷപ്പെട്ടു. കളക്ടർ കനോലിക്ക് ഏറ്റ ഇരുപത്തിയേഴു മുറിവുകളിൽ ഏഴെണ്ണം തലയിലായിരുന്നുവെന്നും അതിൽ മൂന്നെണ്ണം തലച്ചോറിന് മാരകമായ മുറിവുണ്ടാക്കിയെന്നും ഇരു കൈകളും അറ്റ് തൂങ്ങിയ നിലയിലായിരുന്നുവെന്നും ബ്രിട്ടീഷ് ചരിത്ര രേഖകൾ വ്യക്തമാക്കുന്നു. [7]
ശിക്ഷാ നടപടികൾ
[തിരുത്തുക]ആക്രമണത്തിൽ പങ്കെടുത്ത അഞ്ചു പേരും മൊറയൂരിലെ എടമണ്ണ പാറയിൽ ഉണ്ടെന്ന വിവരത്തെ തുടർന്ന് സെപ്റ്റംബർ 17ന് മേജർ ഹാലിയുടെ കീഴിലുള്ള പോലീസ് സംഘവും, ക്യാപ്റ്റൻ ഡേവിസിന്റെ നേതൃത്വത്തിലുള്ള 74 ഹൈലാൻഡെർസ്കോറിലെ അഞ്ചാം കമ്പനി സൈനിക ബറ്റാലിയനും അക്രമികൾ തമ്പടിച്ചയിടം വളഞ്ഞു. കീഴടങ്ങാൻ കൂട്ടാക്കാത്തതിനെ തുടർന്ന് പീരങ്കി ഉപയോഗിച്ചു കെട്ടിടം തകർത്ത് കനത്ത വെടിവെപ്പിലൂടെ അഞ്ചു പേരെയും കൊന്നു. പോരാളികളുടെ പ്രത്യാക്രമണത്തിൽ ഒരു ബ്രിട്ടീഷ് സൈനികൻ കൊല്ലപ്പെടുകയും മറ്റൊരു സൈനികന് ഗുരുതരമായി പരിക്കേൽക്കുയുമുണ്ടായി. ഭാവിയിൽ ഇത്തരം കൃത്യങ്ങൾക്ക് തുനിയുന്നവർക്ക് മുന്നറിയിപ്പെന്നോണം കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഒറ്റ തൂക്കുമരത്തിൽ കെട്ടി തൂക്കി ഒക്ടോബർ എട്ട് വരെ മഞ്ചേരി താലൂക്ക് കച്ചേരിയുടെ അരികിൽ പ്രദർശിപ്പിച്ചു. കഴുകനും കാക്കയും കൊത്തിവലിച്ച ശവശരീരങ്ങൾ എട്ടാം തീയതി മഞ്ചേരിയിൽ നിന്നും കോഴിക്കോട് എത്തിച്ചു. നേർച്ച പോലുള്ള ആദരവുകൾ ഇല്ലാതിരിക്കാൻ പരസ്യമായി ദഹിപ്പിച്ച് ചാരവും മറ്റ് അവശിഷ്ടങ്ങളും ജയിൽ വളപ്പിൽ കുഴിച്ചിട്ടു. [8]
കൊലപാതകത്തിന് സഹകരണം നൽകിയ 164 പേരുടെ മേൽ കേസെടുത്തു അറസ്റ്റു ചെയ്യപ്പെട്ടവരിൽ പലരും മർദ്ദനം മൂലം ജയിലിൽ വെച്ച് മരിച്ചു. തറമേൽ കുഞ്ഞിക്കോയ തങ്ങൾ അടക്കം 33 പേരെ ആന്തമാനിലേക്ക് നാടുകടത്തി. കനോലി കൊലപാതകത്തിൽ പിന്തുണ നൽകിയെന്ന കുറ്റം ചുമത്തി മൂന്ന് താലൂക്കുകളിലെ 719 മാപ്പിളമാരിൽ നിന്നും 38,331 ഉറുപ്പികയും 8 അണയും പിഴ ഈടാക്കി ചെലവ് കഴിച്ച് 30, 936 ഉറുപ്പികയും 13 അണയും , 10 പൈസയും നഷ്ടപരിഹാരമായി കനോലിയുടെ ഭാര്യക്ക് നൽകി [9]
കനോലിയുടെ മരണത്തോടെ കുടുംബം ഇംഗ്ലണ്ടിലേക്കു മടങ്ങി. ഭാര്യയുടെ പേർ ആൻ എന്നായിരുന്നു. രണ്ട് ആണ്മക്കൾ. അതിൽ ഒരാൾ (എഡ്വേർഡ്) പിന്നീട് അഭിഭാഷകവൃത്തി സ്വീകരിച്ചു. വാലന്റൈന്റെ മൂന്നു ജ്യേഷ്ഠ സഹോദരന്മാരും ഈസ്റ്റ് ഇന്ത്യാ കമ്പനിയിലോ ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിലോ സേവനം ചെയ്തവരായിരുന്നു. ഇവർ മൂന്നുപേരും വാലന്റൈന്റെ കൊലപാതകത്തിനുമുമ്പു തന്നെ മരണമടഞ്ഞു. ഏഴാം ബംഗാൾ കുതിരപ്പടയിലെ ക്യാപ്റ്റൻ എഡ്വേർഡ് കനോലി 1841 ഒക്ടോബറിൽ അഫ്ഗാനിസ്ഥാൻ യുദ്ധത്തിൽ കൊല്ലപ്പെട്ടു. 1842ൽ ക്യാപ്റ്റൻ ആർതർ കനോലി ബൊക്കാറയിലും ക്യാപ്റ്റൻ ജോൺ കനോലി കാബൂളിലും വെച്ച് യുദ്ധത്തടവിലിരിക്കെത്തന്നെ മരിക്കുകയോ വധിക്കപ്പെടുകയോ ചെയ്തു.
അവലംബം
[തിരുത്തുക]- ↑ "വിസ്മൃതിയിലാണ്ടൊരു ചരമവാർഷികം". മാതൃഭൂമി ഓൺലൈൻ. 2014-09-13. Archived from the original on 2014-09-15. Retrieved 2014-09-15.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ അഡ്വ. ടി.ബി. സെലുരാജ് (സെപ്റ്റംബർ 13, 2014). "വിസ്മൃതിയിലാണ്ടൊരു ചരമവാർഷികം". മാതൃഭൂമി ദിനപത്രം. Archived from the original on 2014-09-16. Retrieved സെപ്റ്റംബർ 16, 2014.
- ↑ ചെറുമർസ് ഓഫ് മലബാർ Vol 110-111 – CR
- ↑ മലബാർ ചരിത്രവും സ്വാതന്ത്ര്യ പോരാട്ടവും [1][പ്രവർത്തിക്കാത്ത കണ്ണി]
- ↑ അല്ലെൻസ് മെയിൽ റിപ്പോർട്- കോറസ്പാൻഡൻസ് ഓൺ മോപ്ലാഹ് ഔട്രേജെസ് ഇൻ മലബാർ (CMO) – vol 1 pp.272, 357, 360
- ↑ വില്യം ലോഗൻ മലബാർ മാന്വൽ p 569
- ↑ വില്യം ലോഗൻ മലബാർ മാന്വൽ പേജ്.573-75.
- ↑ 1855 സെപ്റ്റംബർ 21 ന് മലബാർ ജില്ല ജോയിന്റ് മജിസ്ട്രേട് സി കോളറ്റ് ചീഫ് സിക്രട്ടറി ടി പൈക്രോഫ്ടിന് സമർപ്പിച്ച റിപ്പോർട്ടിൽ 37 A ഭാഗത്ത് വിശദീകരിക്കപ്പെട്ടവ
- ↑ കോറസ്പാൻഡൻസ് ഓൺ മോപ്ലാഹ് ഔട്രേജെസ് ഇൻ മലബാർ (CMO) vol II, p184 .393-94
- സർവ്വ വിജ്ഞാനകോശം: കെ.കെ.എൻ. കുറുപ്പ്