Jump to content

എൻ.എസ്. പരമേശ്വരൻ പിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നടക്കൽ പരമേശ്വരൻ പിള്ള
(എൻ.എസ്. പരമേശ്വരൻ പിള്ള)
എൻ.എസ്. പരമേശ്വരൻ പിള്ളയുടെ ചിത്രം. ഡൂൾ ന്യൂസിൽ പ്രസിദ്ധീകരിച്ചത്.[1]
ജനനം(1931-05-25)25 മേയ് 1931
മരണം17 ഡിസംബർ 2010(2010-12-17) (പ്രായം 79)
മറ്റ് പേരുകൾകോഫി ഹൗസ് പിള്ള
തൊഴിൽസഹകാരി
സജീവ കാലം1945 - 2010
ജീവിതപങ്കാളി(കൾ)കെ. എൻ. ലളിത

എൻ എസ്‌ പരമേശ്വരൻ പിള്ള (1931-2010) ഇന്ത്യൻ കോഫീ ഹൗസ് പ്രസ്ഥാനത്തിന്റെ കേരളത്തിലെ സ്ഥാപക സെക്രട്ടറിയാണ് [2]. നടയ്ക്കൽ പരമേശ്വരൻ പിള്ള എന്ന പേരിൽ കോഫി ഹൗസിന്റെ കഥ എന്ന പുസ്തകം എഴുതി. കോഫി ഹൗസ് പ്രസ്ഥാനത്തിന്റെ ഏക ലിഖിത ചരിത്രം ഇതാണ്.

കോഫി ഹൗസ് പ്രസ്ഥാനത്തിന്റെ ചരിത്രകാരൻ[തിരുത്തുക]

തിരുവനന്തപുരത്തെ ഇന്ത്യൻ കോഫി ഹൗസ്

നടയ്ക്കൽ പരമേശ്വരൻ പിള്ള എന്ന തൂലികാനാമത്തിലാണ് "കോഫി ഹൗസിന്റെ കഥ" എന്ന പുസ്തകം ഇദ്ദേഹം പുറത്തിറക്കിയത്. മാധ്യമം ആഴ്ചപ്പതിപ്പ് ആണ് പരമ്പരയായി ഇതിന്റെ പ്രധാനഭാഗങ്ങൾ ആദ്യമായി പ്രസിദ്ധീകരിച്ചത്. പിന്നീട് കറൻറ് ബുക്സ്, തൃശൂർ പുറത്തിറക്കിയ ഈ പുസ്തകത്തിന് അവതാരികയെ‍ഴുതിയത് എം. ടി. വാസുദേവൻ നായർ ആയിരുന്നു. 2007-ലെ നല്ല ആത്മകഥയ്ക്കുള്ള അബുദാബി ശക്തി അവാർഡ് ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട്[1].

ഉദ്ധരണികൾ[തിരുത്തുക]

ജീവിതരേഖ[തിരുത്തുക]

ആദ്യകാല ജീവിതം[തിരുത്തുക]

1931 മേയ് 25-ന് ആലപ്പുഴയിലെ പള്ളിപ്പുറത്താണ് ജനിച്ചത്. നാലാം ക്ലാസ് ജയിച്ചെങ്കിലും ദാരിദ്ര്യം കാരണം പഠിപ്പവസാനിപ്പിക്കേണ്ടി വന്നു. ജോലി തേടി വീട്ടിൽ നിന്ന് ഒളിച്ചോടി. നിർമ്മാണമേഖലയിൽ കൂലിത്തൊഴിലാളിയായും, പാചകക്കാരനായും, ഹോട്ടലിലെ വിതരണക്കാരനായും, കപ്പലണ്ടിയും മുറുക്കാനും വിൽക്കുന്നയാളായും, കയർ ഫാക്ടറിയിലെ തൊഴിലാളിയായും, കൊച്ചി ഹാർബറിൽ വാട്ടർ ബോയ് ആയും, റേഷൻ ഡിപ്പോയിലെ ക്ലർക്കായും, വക്കീൽ ഗുമസ്തനായും മറ്റും ജോലി ചെയ്തു. വളരെ നാൾ അലഞ്ഞ ശേഷം കോഫി ബോർഡിന്റെ എറണാകുളത്തുള്ള ഇന്ത്യാ കോഫി ഹൗസിൽ അവസാന ഗ്രേഡ് ജീവനക്കാരനായി ദിവസക്കൂലിക്ക് 1945-ൽ ജോലിക്ക് ചേർന്നു. ഇന്ത്യാ കോഫീ ഹൗസിൻറെ ബെല്ലാറി, തൃശൂർ, കോയമ്പത്തൂർ, ഊട്ടി, മദ്രാസ്, കോട്ടയം ശാഖകളിൽ ജോലി ചെയ്തു.

തൊഴിലാളി യൂണിയൻ പ്രവർത്തനം[തിരുത്തുക]

അക്കാലത്ത് ബ്രിട്ടീഷ് ഭരണത്തിനു കീ‍ഴിൽ കോഫീ ഹൗസിലെ തൊ‍ഴിലാളികളുടെ ജീവിതം ദുരിതമയമായിരുന്നു. ജോലിക്കാർക്ക് പ്രതിഷേധിക്കാനോ സംഘം ചേരാനോ സ്വാതന്ത്യമുണ്ടായിരുന്നില്ല. ഇതിനെതിരേ മലയാളികളായ ജോലിക്കാർ നടത്തിയ നീക്കത്തിലൂടെയാണ് ഇദ്ദേഹം ട്രേഡ് യൂണിയൻ പ്രവർത്തകനായി മാറുന്നത്. അങ്ങനെ, എ.ഐ.ടി.യു.സിയുടെ കീഴിൽ രൂപം കൊണ്ട ഇന്ത്യ കോഫി ബോർഡ് ലേബറേഴ്സ് യൂണിയന്റെ സ്ഥാപക നേതാക്കളിലൊരാളായി ഇദ്ദേഹം[3]. ബെല്ലാറി, തൃശൂർ, കോയമ്പത്തൂർ, ഊട്ടി, മദ്രാസ്, കോട്ടയം എന്നീ സ്ഥലങ്ങളിൽ ഐസിബിഎൽയു നേതാവായി ഇദ്ദേഹം ട്രേഡ് യൂണിയൻ പ്രവർത്തനം നടത്തിയിട്ടുണ്ട്.

സഹകാരി[തിരുത്തുക]

1957-ൽ കോഫീ ഹൗസ് നഷ്ടത്തിലാണെന്നു ചൂണ്ടിക്കാട്ടി നിർത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരായുള്ള സമരത്തിന് നേതൃത്വം നൽകിയവരിലൊരാളായിരുന്നു ഇദ്ദേഹം.[1] കോഫീ ഹൗസുകൾ അടയ്ക്കാനുള്ള തീരുമാനം വരുമ്പോൾ യൂണിയൻറെ കേരള സംസ്ഥാന സെക്രട്ടറിയായിരുന്നു. ജീവനക്കാരുടെ നടത്തിപ്പിലുള്ള കോഫി ഹൗസുകൾ കേരളത്തിൽ സ്ഥാപിക്കാൻ യൂണിയൻ ഇദ്ദേഹത്തെ ചുമതലപ്പെടുത്തി. തൂശൂരിലെ കമ്യൂണിസ്റ്റ് നേതാവായിരുന്ന ടി.കെ. കൃഷ്ണൻ എം. എൽ. എ.യുടെയും (പ്രസിഡൻറ്) ഇദ്ദേഹത്തിൻറെയും (സെക്രട്ടറി) നേതൃത്വത്തിൽ തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ പിരിച്ചുവിടപ്പെട്ട കോഫീ ഹൗസ് തൊഴിലാളികളുടെ സഹകരണസംഘങ്ങൾ നിലവിൽ വന്നു. 1958 മാർച്ച് 8-ന് മുൻ കോഫീ ഹൗസ് തൊ‍ഴിലാളികൾ ആരംഭിച്ച കേരളത്തിലെ ആദ്യ ഇന്ത്യൻ കോഫി ഹൗസ് എ.കെ.ജി. ഉദ്ഘാടനം ചെയ്തു. പരമേശ്വരൻ പിള്ളയായിരുന്നു ഇതിന്റെ മാനേജറും കൗണ്ടർ ക്ലാർക്കും അക്കൗണ്ടൻറും. ഈ കോഫീ ഹൗസിൽ നിന്നാണ് ഇന്ത്യൻ കോഫീ ഹൗസുകളുടെ ശൃംഖല കേരളത്തിൽ പടർന്നു പന്തലിച്ചത്. ഒന്നാമത്തെ കോഫീ ഹൗസ് ഇപ്പോ‍ഴും തൃശൂർ റൗണ്ട് സൗത്തിൽ പ്രവർത്തിക്കുന്നുണ്ട്.

മൂന്നു പതിറ്റാണ്ടുകാലം ഇദ്ദേഹം ഐ.സി.എച്ച്. പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോയി. തൃശൂരുള്ള സൊസൈറ്റിയുടെ സ്ഥാപക സെക്രട്ടറി, സെയിൽസ് മാനേജർ, ചീഫ് സെയിൽസ് ഓഫീസർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നീ നിലകളിൽ സേവനമനുഷ്ടിച്ചു. പാലക്കാട്ടെ സൊസൈറ്റിയുടെ സ്ഥാപകസെക്രട്ടറിയുമായിരുന്നു.

ഫെഡറേഷൻ ഓഫ് ഐ.സി.എച്ച്. സൊസൈറ്റീസ് എന്ന കൂട്ടായ്മയുടെ ഡയറക്ടർ, ഡെപ്യൂട്ടി ചെയർമാൻ, ചെയർമാൻ എന്ന നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ ഐ.സി.എച്ചുകളുടേയും ഡൽഹി ആസ്ഥാനമായ സംഘടനയാണിത്.

പൊതുപ്രവർത്തനം[തിരുത്തുക]

1940-കളിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ സി.പി.ഐ- രഹസ്യ അംഗമായിരുന്നു. പാർട്ടിയുടെ നായ്ക്കനാൽ ബ്രാഞ്ചിന്റെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. പാർട്ടി പിളർന്ന ശേഷം സി.പി.ഐ.എമ്മിന്റെ Communist Party of India പ്രവർത്തകനായി. പാർട്ടിയുടെ നായ്ക്കനാൽ ബ്രാഞ്ച് സെക്രട്ടറി, തൃശൂർ ടൗൺ നോർത്ത് ബ്രാഞ്ച് സെക്രട്ടറി, തൃശൂർ ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

കുടുംബം[തിരുത്തുക]

ഇടപ്പള്ളി സ്വദേശിനിയായ കെ. എൻ. ലളിതമ്മയെയാണ് ഇദ്ദേഹം വിവാഹം ചെയ്തത്. ശ്രീമതി ലളിതമ്മയും ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകാംഗങ്ങളിലൊ‌രാളാണ്.

എൻ.പി. ചന്ദ്രശേഖരൻ[4] (കൈരളി ടി.വി.യുടെ ന്യൂസ് ആൻഡ് കറണ്ട് അഫയേഴ്സ് ഡയറക്ടർ), എൻ. പി. ഗിരീശൻ (ഇന്ത്യൻ കോഫി ഹൗസ്), എൻ.പി. മുരളി, എൻ.പി. സുനിത എന്നിവരാണ് മക്കൾ.

മരണം[തിരുത്തുക]

2010 ഡിസംബർ 17-നാണ് ഇദ്ദേഹം നിര്യാതനായത്. മൃതദേഹം തൃശൂരിലെ പാമ്പാടിയിൽ ഭാരതപ്പു‍ഴയുടെ തീരത്ത് മത ചടങ്ങുകളില്ലാതെ സംസ്കരിച്ചു.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 ഡൂൾ ന്യൂസ് എൻ.എസ് പരമേശ്വരൻ പിള്ള അന്തരിച്ചു
  2. ഇന്ത്യൻ കോഫി ഹൗസ് Archived 2013-01-16 at the Wayback Machine. ചരിത്രം
  3. തേജസ് ന്യൂസ്[പ്രവർത്തിക്കാത്ത കണ്ണി] കോഫി ഹൗസ് സ്ഥാപകൻ എൻ എസ് പരമേശ്വരൻ പിള്ള നിര്യാതനായി
  4. ഇന്ത്യ എവരി ഡേ[പ്രവർത്തിക്കാത്ത കണ്ണി]
  • കോഫി ഹൗസിന്റെ കഥ. കറണ്ട് ബുക്ക്സ്, തൃശൂർ. ISBN 81-226-0493-5.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എൻ.എസ്._പരമേശ്വരൻ_പിള്ള&oldid=4092469" എന്ന താളിൽനിന്ന് ശേഖരിച്ചത്