Jump to content

കഞ്ചാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാന്നബിസ്
പൂവിടുന്ന കഞ്ചാവ് ചെടിയുടെ വളരെ അടുത്തുള്ള ചിത്രം.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Cannabis

Species

Cannabis sativa L.
Cannabis indica Lam.
Cannabis ruderalis Janisch.

കാന്നബിസ്‌ (ലാറ്റിൻ ഭാഷയിൽ നിന്ന് ഉത്ഭവം) ഗണത്തിൽപ്പെടുന്ന പുഷ്പിക്കുന്ന ചെടിയാണ്‌ കഞ്ചാവ്‌. കന്നബിസ്‌ ഇൻഡിക്ക, കന്നബിസ്‌ സറ്റൈവ, കന്നബിസ്‌ റുഡെറലിസ്‌ എന്ന മൂന്ന് ഉപവർഗ്ഗങ്ങളിൽ കാണുന്നു. ഈ ചെടി കൂടുതൽ കാണപ്പെടുന്നത്‌ ഏഷ്യൻ ഭൂഖണ്ഡത്തിലാണ്‌. ഇത്‌ ഒരു ഔഷധമായും ലഹരി പദാർത്ഥമായും ഉപയോഗിക്കുന്നു.

പേരിനുപിന്നിൽ

[തിരുത്തുക]

കാന്നാബിസ് ഇൻഡിക്ക എന്ന കഞ്ചാവ് ചെടിയെ സംസ്കൃതത്തിൽ ഗഞ്ചിക എന്നാണ്‌ വിളിക്കുന്നത്. നേപ്പാളിലും മറ്റും ഇത് ഗഞ് ആണ്‌. ഇവയിൽ നിന്നാണ്‌ മലയാളത്തിലെ കഞ്ചാവ് എന്ന വാക്ക് ഉണ്ടായത്. കഞ്ചാവ് ചെടിയിൽ നിന്നുല്പാദിപ്പിക്കുന്ന ഉല്പന്നങ്ങൾക്ക് കഞ്ചാവ് എന്ന പേരിന് പുറമെ ഗ്രാസ്, പുല്ല്, വീഡ്, സ്വാമി, ഗുരു, ജോയിന്റ്, മാരുവ്വാന (marijuana) എന്നീ പേരുകളിലും പ്രാദേശികമായി വിളിക്കപ്പെടുന്നുണ്ട്.[1]

ചരിത്രം

[തിരുത്തുക]

കഞ്ചാവിന്റെ ഉപയോഗം മഹാശിലായുഗത്തോളം പഴക്കമുള്ളതാണ്‌ എന്നതിന്‌ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഏറ്റവും പഴക്കമുള്ള കഞ്ചാവ് ഉപയോക്താക്കൾ പുരാതന ഇന്ത്യയിലെ 'ഇന്റോ ആര്യന്മാരും' പിന്നെ ഹഷാഷിനുകളുമായിരുന്നു. പല പുരാതന ആയുർവ്വേദഗ്രന്ഥങ്ങളിലും കഞ്ചാവ്‌ മാനസികാസ്വാസ്ഥ്യങ്ങൾക്കുള്ള ഒരു ഔഷധമായി ഉപയോഗിച്ചിരുന്നതായി പറയുന്നു. പുരാതന ഭാരതത്തിൽ ഈ ചെടി പല താന്ത്രിക മാന്ത്രിക ചടങ്ങുകളിൽ ഉപയോഗിച്ചിരുന്നതിനാൽ ഇതിൽ നിന്ന് ലഭിക്കുന്ന ലഹരിക്ക്‌ ഒരു ദൈവിക മാനം കൂടിയുണ്ടായിരുന്നു. സോമ എന്ന പാനീയം ഉണ്ടാക്കുന്നതിൽ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി കരുതുന്നു. പുരാതന ചൈനയിലും ഈജിപ്റ്റിലും ഇതൊരു ഔഷധമായി ഉപയോഗിച്ചിരുന്നതായി രേഖകളുണ്ട്. ഈ ചെടിയിൽ നിന്ന് ലഭിക്കുന്ന വളരെ ബലമുള്ള നാരിന്‌ പല ഉപയോഗങ്ങളും ഉണ്ടായിരുന്നത്രെ[2]ഇൻഡോ-ആര്യന്മാരിൽ നിന്ന് അസ്സീറിയൻ സൈത്യരും ഡ്രകിയന്മാരും ഇത് സ്വായത്തമാക്കി. അവർക്കിടയിലെ ഷാമാൻ എന്ന വൈദ്യ-പുരോഹിതന്മാർ കഞ്ചാവ് പുകച്ച് മായികലോകം സൃഷ്ടിച്ചിരുന്നു.

രാസവസ്തു

[തിരുത്തുക]
ടെട്രഹൈഡ്രോ കന്നബിനോൾ

കഞ്ചാവിലെ ഔഷധ/ലഹരി മൂല്യമുള്ള പ്രധാന ഘടകം ഡെൽറ്റ-9-ടെട്രഹൈഡ്രോ കന്നബിനോൾ (ടി എച് സി) എന്ന തന്മാത്രയാണ്‌. കൃത്രിമതന്മാത്രകളും പഠന വിധേയമായിട്ടുണ്ട്‌. കഞ്ചാവിലെ മറ്റ്‌ സജീവഘടകങ്ങൾ തഴെപ്പറയുന്നവയാണ്‌.

ഇവയിൽ ടി.എച്ച്.കെ. മാത്രമാണ്‌ ടി.എച്ച്.സി.ക്കു പുറമേ മനോനിലയെ ബാധിക്കുന്ന തന്മാത്ര. മറ്റ്‌ തന്മാത്രകൾക്ക്‌ പ്രത്യക്ഷമായ ഗുണവിശേഷങ്ങൾ ഒന്നുമില്ലെങ്കിലും ടി.എച്ച്.സി.യുടേയും ടി.എച്ച്.കെ.യുടേയും പ്രവർത്തനങ്ങൾക്ക് അവ അത്യാവശ്യമാണ്. ഈ പരസ്പരപ്രവർത്തനത്തെപ്പറ്റി കൂടുതൽ അറിവുകൾ ലഭിച്ചിട്ടില്ല.

പെൺചെടിയുടെ പൂക്കളിലും നാമ്പുകളിലും ഉണ്ടാകുന്ന കറയിലാണ്‌(ഹാഷിഷ്‌) ഇത്‌ ഏറ്റവുമധികം കാണുന്നത്‌. ചെടിയുടെ ഉണങ്ങിയ ഇലകളിൽ നിന്നുൽപാദിപ്പിക്കുന്ന ഭാങ്ക്‌, തളിരിലകളും പൂക്കളും മൊട്ടുകളും അവയുടെ കറയും ചേർന്ന ഗഞ്ചാ തുടങ്ങിയവയിൽ ടെട്രഹൈഡ്രോ കന്നബിനോൾന്റെ അളവ്‌ താരതമ്യേന കുറവാണ്‌.

രസാദി ഗുണങ്ങൾ

[തിരുത്തുക]
  • രസം : തിക്തം
  • ഗുണം : ലഘു, തീക്ഷ്ണം, രൂക്ഷം
  • വീര്യം : ഉഷ്ണം
  • വിപാകം : കടു[3]

ഔഷധയോഗ്യ ഭാഗം

[തിരുത്തുക]

ഇല, കായ്, വിത്ത്, കറ[3]

കന്നബിസ് ഇൻഡിക്ക

സി ബി 1ഉം സി ബി 2ഉം ആണ്‌ ടി എച്‌ സി/ടി എച്‌ കെ തന്മാത്രകളെ സ്വീകരിക്കുവാൻ കഴിവുള്ള റിസെപ്ടറുകൾ. ഇവ തലച്ചോറിൽ മിക്കവാറും എല്ലാ ഭാഗങ്ങളിലും ശരീരത്തിലാകെയും കാണുന്നു. സി ബി 1 പ്രധാനമായും തലച്ചോറിലും, സി ബി 2 പ്രധാനമായും പ്രധിരോധ വ്യൂഹത്തിലുമാണ് കാണുന്നത്. ഈ തന്മാത്രകൾ നാഡികളിലൂടെയുള്ള വേദന സംപ്രേഷണത്തെ പ്രതികൂലമായി ബാധിക്കുന്നതിനാലാണ്‌ ഇതിന്‌ വേദന സംഹാര ശേഷിയുള്ളത്‌. തലച്ചോറിൽ ഈ റിസെപ്റ്ററുകൾ അധികമായി കാണുന്നത്‌ ബേസൽ ഗാങ്ക്ലിയ(ചലന നിയന്ത്രണം), സെറിബെല്ലം (ചലന ഏകോപനം), ഹിപ്പോകേംപസ്‌ (പഠനം, ഓർമ്മ, സമ്മർദ്ദ നിയന്ത്രണം), സെറിബ്രൽ കോർട്ടെക്സ്‌ (ഉന്നത നിരീക്ഷണ ബോധവുമായി ബന്ധപ്പെട്ട) എന്നിവിടങ്ങളിലാണ്‌.

ടെട്രഹൈഡ്രോ കന്നബിനോൾ ധൂമമായി ഉപയോഗിക്കുമ്പോൾ ശ്വാസകോശത്തിൽ നിന്ന് വളരെ വേഗത്തിൽ ആഗിരണം ചെയ്യപ്പെടുകയും ശരീരത്തിൽ അതിന്റെ പ്രവർത്തന ഫലങ്ങൾ ഏതാനും നിമിഷങ്ങൾക്കകം തന്നെ പ്രത്യക്ഷമാവുകയും, അത്‌ 2-3 മണിക്കൂർ നിലനിൽക്കുകയുംചെയ്യുന്നു. അതേസമയം ഇത്‌ ആമാശയത്തിലെത്തിയാൽ, അതിന്റെ ഫലങ്ങൾ 30 മിനുട്ടിനും 2 മണിക്കൂറിനും ഇടയ്ക്ക്‌ കണ്ടു തുടങ്ങുന്നു.

നാഡി മിടിപ്പ്‌ വേഗത്തിലാവുക, കണ്ണുകൾ ചുവന്നു തുടുക്കുക, രക്ത സമ്മർദ്ദം കുറയുക, മാംസപേശികളുടെ ബലക്ഷയം, അമിത വിശപ്പ്‌ മുതലായവയാണ്‌ പ്രാമാണികമായി ശരീരത്തിലുണ്ടാകുന്ന വ്യത്യാസങ്ങൾ.

ഉപയോഗങ്ങൾ

[തിരുത്തുക]

മൂവായിരം വർഷങ്ങൾ പഴക്കമുള്ള ഭാരതീയ-ചൈനീസ് ഗ്രന്ഥങ്ങളിൽ പോലും കഞ്ചാവിന്റെ ഉപയോഗത്തെ സംബന്ധിച്ച് രേഖകളുണ്ട്. ബെറിബെറി, മലബന്ധം, മലേരിയ, സന്ധി വാതം , ശ്രദ്ധക്കുറവ്, വിഷാദരോഗം, നിദ്രാവിഹീനത, ഛർദി തുടങ്ങിയ അവസ്ഥകൾക് പരിഹാരമായി കഞ്ചാവ് നിർദ്ദേശിക്കപ്പെട്ടിരുന്നതായ് ഈ ഗ്രന്ഥങ്ങൾ പറയുന്നു. [4].

1800-കളുടെ മധ്യത്തിൽ ഗൊണേറിയ, നെഞ്ച് വേദന തുടങ്ങിയ അസുഖങ്ങൾകുള്ള ചികിൽസാവിധികളിലും ഈ സസ്യം നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. അമേരിക്കയിലും യൂറോപ്പിലും വേദന സംഹാരിയായും വിശപ്പ് വർധിപ്പിക്കുവാനും ലൈംഗിക പ്രശ്നങ്ങൾകും ഉള്ള ഔഷധം എന്ന നിലയ്ക്കും കഞ്ചാവ് സത്ത് വിപണനം ചെയ്തിരുന്നു. കഞ്ചാവ് സത്തിന്റെ നിർമ്മാണരീതികൾകനുസരിച്ച് അത് മനുഷ്യ ശരീരത്തിലുളവാക്കുന്ന ഫലങ്ങൾ വ്യത്യാസപ്പെടുന്നു എന്ന് മനസ്സിലാക്കിയതിനാലും, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഈ അവസ്ഥകൾക് മറ്റ് മെച്ചപ്പെട്ട മരുന്നുകൾ ലഭ്യമായത് കൊണ്ടും ഇതിന്റെ ഉപയോഗം ക്രമേണ കുറഞ്ഞ് വന്നു [4].

കഞ്ചാവിൽ നിന്ന് നിർമ്മിക്കപ്പെടുന്ന രണ്ട് ഔഷധങ്ങൾ ഇപ്പോൾ അമേരിക്കയിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. കഞ്ചാവിൽ നിന്ന് ഉല്പാദിപ്പിക്കുന്ന ടെട്രാ ഹൈഡ്രോ കനാബിനോൾ ഉള്ള ഡ്രോണാബിനോൾ ഗുളിക 1985 മുതൽ അമേരിക്കൻ വിപണിയിൽ ലഭ്യമാണ്. കീമോതെറാപ്പിയോടനുബന്ധിച്ചിട്ടുണ്ടാകുന്ന ഓക്കാനവും ഛർദിക്കുമുള്ള മരുന്നായിട്ടാണ് ഇത് ഉപയോഗിക്കുന്നത്. എയ്ഡ്സ് രോഗികളിലെ വിശപ്പില്ലായ്മയും ഭാരക്കുറവിനും ഈ മരുന്ന് നിർദ്ദേശിക്കപ്പെടുന്നുണ്ട്. നാബിലോൺ എന്ന മരുന്നിലാകട്ടെ, ടെട്രാ ഹൈഡ്രോ കനാബിനോളുമായി സാമ്യതയുള്ള കൃത്രിമമായി നിർമ്മിക്കുന്ന ഒരു കനാബിനോയ്ഡ് ആണ് ഉപയോഗിക്കുന്നത്. കീമോതെറാപ്പിയുമായി ബന്ധപ്പെട്ട ഓക്കാനത്തിനും ഛർദ്ദിക്കുമാണ് ഇതും നിർദ്ദേശിക്കുന്നത് [4].

കാനഡയിലും യൂറോപ്പിന്റെ ചില ഭാഗങ്ങളിലും ടെട്രാ ഹൈഡ്രോ കനാബിനോളും കനാബിഡയോളും അടങ്ങിയ മൗത്ത് സ്പ്രേ നാബിക്സിമോൾ എന്ന പേരിൽ കാൻസർ സംബന്ധിയായ വേദനകൾക്കായിട്ടും, മൾടിപിൾ സ്ക്ലീറോസിസ് മൂലമുള്ള പേശീവലിവിനും വേദനകൾകും ആയി നിർദ്ദേശിക്കപ്പെടുന്നുണ്ട്. അമേരിക്കയിൽ പ്രസ്തുത മരുന്നിനെ പറ്റിയുള്ള പഠനങ്ങൾ തുടരുകയാണ് [4].

മൈഗ്രേൻ, മൾടിപ്പിൾ സ്ക്ളീറോസിസ്, ആസ്ത്മ, പക്ഷാഘാതം, പാർകിൻസൺസ് അസുഖം, അൽഹൈറ്റ്മേഴ്സ് അസുഖം, അമിത മദ്യപാനം, ഉറക്കമില്ലായ്മ, ഗ്ലോക്കോമ, ഒബ്സസീസ് കമ്പൽസീവ് ഡിസോർഡർ തുടങ്ങിയ അസുഖങ്ങൾക്ക് കഞ്ചാവ് ഫലപ്രദമായ മരുന്നാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു [5].

അമേരിക്കയുൾപടെയുള്ള പല രാജ്യങ്ങളിലും കഞ്ചാവിന്റെ നിർമ്മാണത്തിലും വിതരണത്തിലുമുള്ള നിയമപരമായ വിലക്കുകളും നിയന്ത്രണങ്ങളും കാരണം ഔഷധമെന്ന നിലക്കുള്ള കഞ്ചാവിന്റെ പ്രയോജനങ്ങളെ സംബന്ധിച്ചുള്ള ശാസ്ത്രീയ പഠനങ്ങളെ സാരമായി ബാധിക്കുന്നുണ്ട് [4].

ദുരുപയോഗം

[തിരുത്തുക]
ലോകത്തിൽ കഞ്ചാവിന്റെ ഉപയോവും നിയമവ്യവസ്ഥയും

ചാരായത്തിനെ അപേക്ഷിച്ച് മാരകശേഷി കുറഞ്ഞ പദാർഥമെങ്കിലും [6], കഞ്ചാവ് കേന്ദ്ര നാഡീവ്യൂഹത്തിൽ വരുത്തുന്ന ഫലങ്ങളാണ്‌ ഇതിനെ ഒരു ലഹരി പദാർഥമായി ഉപയോഗിക്കുവാൻ പ്രേരിപ്പിക്കുന്നത്‌. അത്‌ തുടക്കത്തിൽ കൃത്രിമമായ ഒരു മനഃസുഖം പ്രദാനം ചെയ്യുന്നു. അതിനെ തുടർന്നുണ്ടാകുന്ന മയക്കവും സ്വപ്നാവസ്ഥയും അതുപയോഗിക്കുന്നയാൾക്ക്‌ വൈകാരിക ഉദ്ദീപനവും ആന്തരിക സുഖവും പ്രദാനം ചെയ്യുന്നു. പൊതുവെ ആഹ്ലാദ ഭരിതരായി കാണുന്ന ഇവർ വളരെ ചെറിയ പ്രേരണകൾ മൂലം അനിയന്ത്രിതമായി ചിരിക്കുന്നു. ഇവർക്ക്‌ ആക്രമണ മനോഭാവം തീരെ കാണില്ല. സമയബോധം വ്യത്യാസപ്പെടുകയും, ഏകാഗ്രത നഷ്ടപ്പെടുകയും, കേൾവി ശക്തി അതികൂർമ്മമാവുകയുംചെയ്യുന്നു. കാഴ്ച പലപ്പോഴും വക്രതയുള്ളതാകും. വിശപ്പു വർദ്ധിക്കുന്നതിനു പുറമെ ഭക്ഷണത്തിന്റെ രുചിയും മണവും കൂടുതൽ ആസ്വദിക്കുവാൻ സാധിക്കുന്നു. തുടർച്ചയായുള്ള കന്നബിനോൾ ഉപയോഗം ഓർമ്മ, അവബോധം, മാനസികാവിഷ്കാരങ്ങൾ മുതലായവയെ പ്രതികൂലമായി ബാധിക്കുന്നു.

സ്വാതന്ത്ര്യപൂർവ നിയന്ത്രണങ്ങൾ

[തിരുത്തുക]

ഹെമ്പ് ഡ്രഗ്സ് ആക്റ്റ് നടപ്പാകുന്നതിന് ഒരു നൂറ് വർഷം മുമ്പെങ്കിലും, അന്ന് ബംഗാൾ പ്രവിശ്യ ഭരിച്ചിരുന്ന ബ്രിട്ടീഷ് ഇന്ത്യ ഗവൺമെന്റിന്, കഞ്ചാവുൾപടെ ഈ ദേശങ്ങളിൽ ഉപയോഗിക്കപ്പെടുന്ന ലഹരിമരുന്നുകളെ പറ്റി അറിവുണ്ടായിരുന്നു. നാടുവാഴികൾ ചാരായവും മറ്റ് ലഹരി പദാർഥങ്ങൾക്കും വേണ്ടി ഗവൺമെന്റിന് നൽകേണ്ടുന്ന ചുങ്കം ആദ്യമായി നടപ്പിലാക്കിയത് 1790-ലായിരുന്നു.

1793-ൽ കഞ്ചാവിനെയും കഞ്ചാവുല്പന്നങ്ങളെയും ഇതിൽ പ്രത്യേകമായി എഴുതിച്ചേർതു. ജില്ലാ കളക്റ്ററുടെ ലൈസൻസില്ലാതെ ഭാംഗ്, ഗാഞ്ചാ, ചരസ്സ്, മറ്റ് ലഹരിപദാർഥങ്ങൾ എന്നിവ കഞ്ചാവിൽ നിന്ന് ഉല്പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും നിയന്ത്രിച്ച് തുടങ്ങുന്നത് 1793 തൊട്ടാണ്. അമിതമായ ഉപഭോഗം കുറക്കുകയും നികുതി വരുമാനം വർധിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശലക്ഷ്യത്തോടെയാണ് ഈ നിയന്ത്രണങ്ങൾ തുടങ്ങിയത്. 1800-ൽ ചരസ്സിന്റെ നിർമ്മാണവും വില്പനയും "ഏറ്റവും അപകടകരമായ തരത്തിൽ ശുദ്ധതയുള്ള കഞ്ചാവുല്പന്നം" ആയി കണക്കാക്കിക്കൊണ്ട് അത് മാത്രം പൂർണമായി നിരോധിക്കുകയുണ്ടായി. എന്നാൽ മേല്പറഞ്ഞ കണ്ടെത്തൽ തെറ്റാണെന്ന് കണ്ട് ഈ നിരോധനം പിന്നീട് 1824-ൽ പിൻവലിക്കുകയുണ്ടായി. 1849-ൽ കൽക്കട്ട പട്ടണത്തിന്റെ നികുതി വരുമാനം വർധിപ്പിക്കുന്നതിന് വേണ്ടി ചില്ലറ വില്പനയ്ക്കുള്ള കഞ്ചാവിന്റെ പരിധികൾ നിശ്ചയിക്കുകയുണ്ടായി. ഇത് പിന്നീട് ബംഗാളിൽ മുഴുവനും നടപ്പിലാക്കി. 1853-ൽ ദിവസേന നികുതി സമ്പ്രദായം പിൻവലിച്ച് ഭാരക്കണക്കിന് നികുതി നിശ്ചയിക്കൽ തുടങ്ങി. 1860-ൽ അധിക നികുതി ബാദ്ധ്യതകൾ കൂടി കഞ്ചാവ് വില്പനരംഗത്ത് ഏർപെടുത്തുകയുണ്ടായി. ബംഗാളിലേതിന് സമാനമായി മറ്റ് പ്രവിശ്യകളിലും കഞ്ചാവിന്റെ ഉല്പാദനവും, വില്പനയും ഉപഭോഗവും നിയന്ത്രിക്കുവാൻ പ്രാദേശിക ഭരണകൂടങ്ങൾ ഉൾപടെയുള്ളവർ നിർമിച്ച നിയമങ്ങൾ നിലവിലുണ്ടായിരുന്നു [7].

ദ ഇന്ത്യൻ ഹെമ്പ് ഡ്രഗ്സ് കമ്മീഷൻ ആക്റ്റ് (1894)

[തിരുത്തുക]

ബ്രിട്ടീഷ് ഇന്ത്യയിലെ പ്രവിശ്യയായിരുന്ന ബംഗാളിൽ കഞ്ചാവിന്റെ ഉല്പാദനവും ഉപഭോഗവും സൃഷ്ടിക്കുന്ന ആഘാതങ്ങളെ സംബന്ധിച്ച് ബ്രിട്ടീഷ് ഹൗസ് ഓഫ് കോമ്മൺസിൽ, 1893 മാർച്ച് രണ്ടിന് ഉന്നയിക്കപ്പെട്ടൊരു ചോദ്യത്തിന്റെ പ്രതികരണമായിട്ടാണ് അന്നത്തെ ബ്രിട്ടീഷ് ഗവൺമെന്റ് 1893 ജൂലൈ 3-ന് ഒരു ഏഴ് അംഗ കമ്മീഷനെ ഈ വിഷയം പഠിക്കുവാനായി നിയോഗിച്ചത്. പിന്നീട് കിംബർലി പ്രഭുവിന്റെ നിർദ്ദേശപ്രകാരമാണ് കമ്മീഷന്റെ പരിധി ഇന്ത്യയൊട്ടാകെ ആക്കുവാൻ തീരുമാനിച്ചത്. 1893 ഓഗസ്റ്റ് മൂന്നിന് കൽക്കട്ടയിൽ [ഇന്നത്തെ കൊൽക്കത്ത] ആണ് കമ്മീഷൻ അദ്യമായി കൂടിയത്. 1894 ഓഗസ്റ്റ് ആറിന് കമ്മീഷന്റെ പഠനം പൂർതിയാക്കിയപ്പോൾ ബർമയിലെയും ബ്രിട്ടീഷ് ഇന്ത്യയിലെയും എട്ട് പ്രവിശ്യകളിലെ മുപ്പത്ത് പട്ടണങ്ങളിൽ ആകെമൊത്തം നടന്ന 86 മീറ്റിങ്ങുകളിൽ വെച്ച് 1193 സാക്ഷികളിൽ നിന്നും മൊഴികൾ രേഖപ്പെടുത്തിയിരുന്നു. ഏഴു വോള്യങ്ങളിൽ, 3281 പേജ് ബൃഹത്തായ ഒരു റിപ്പോർടാണ് ഏഴംഗ കമ്മീഷൻ നൽകിയത്. കഞ്ചാവിന്റെ അമിതമല്ലാത്ത ഉപയോഗം മനസ്സിന് തകരാറുകൾ ഒന്നും വരുത്തുന്നില്ല എന്നൊരു കണ്ടെത്തൽ കമ്മീഷൻ നടത്തിയിരുന്നു[7].

സ്വാതന്ത്ര്യത്തിന് ശേഷം വന്ന നിയന്ത്രണങ്ങൾ

[തിരുത്തുക]

ഇന്ത്യയിൽ 1985 വരെ കഞ്ചാവിന്റെ ഉപയോഗം നിയമപരമായി നിരോധിക്കപ്പെട്ടിരുന്നില്ല എന്നതിനാൽ തന്നെ കഞ്ചാവിന്റെയും അതിൽ നിന്നുള്ള ഉല്പന്നങ്ങളുടെയും നിർമ്മാണവും വിപണനവും ഉപഭോഗവും സ്വതന്ത്രമായി നടന്നിരുന്നു. 1961 മുതൽ അമേരിക്കൻ ഐക്യനാടുകൾ എല്ലാവിധ മയക്കുമരുന്നുകൾ നിരോധിക്കുന്നതിന് വേണ്ടി ആഗോളതലത്തിൽ ശക്തമായ പ്രചരണം ആരംഭിച്ചിരുന്നുവെങ്കിലും ചരസ്സ്, ഭാംഗ് മുതലായ കഞ്ചാവുല്പന്നങ്ങൾക്ക് ഇന്ത്യയിലുള്ള പ്രത്യേക സാംസ്കാരിക പ്രാധാന്യം നിമിത്തം 25 വർഷത്തോളം അമേരിക്കൻ സമർദങ്ങളെ വകവെച്ച് പോന്നിരുന്നില്ല. എന്നാൽ 1985-ൽ അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന രാജീവ് ഗാന്ധിക്ക് അമേരിക്കൻ താല്പര്യങ്ങൾക്ക് വഴങ്ങേണ്ടി വരികയും കഞ്ചാവ് നിരോധനത്തിനായുള്ള നടപടികൾ സ്വീകരിക്കേണ്ടതായും വന്നു [5].

നാർകോടിൿ ഡ്രഗ്സ് ആൻഡ് സൈകോട്രോപിൿ സബ്സ്റ്റൻസസ് ആക്റ്റ് (ഇന്ത്യ) - 1985

[തിരുത്തുക]

1985 സെപ്റ്റമ്പർ 16-ന് ലോകസഭ പാസാക്കിയ നാർകോടിൿ ഡ്രഗ്സ് ആൻഡ് സൈകോട്രോപിൿ സബ്സ്റ്റൻസസ് ആക്റ്റ് (ഇന്ത്യ) (Narcotic Drugs & Psychotropic Substances (NDPS) Act) പ്രകാരമാണ് ഇന്ത്യയിൽ കഞ്ചാവിന്റെ ഉപയോഗം ഗവൺമെന്റിന്റെ നിയന്ത്രണത്തിന് വിധേയമാക്കിയത് [8]. 2012 വരെ അമേരിക്കൻ ഐക്യനാടുകളിലെ 19 സ്റ്റേറ്റുകളിലും ഔഷധാവശ്യങ്ങൾക്കുള്ള കഞ്ചാവിന്റെ ഉപഭോഗം നിയമാനുസൃതമാണ് [5].

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ""വിളിപ്പേരുകൾ പലത്‌; കഞ്ചാവ്‌ ഒന്നു തന്നെ"". മംഗളം. ഫെബ്രുവരി 20 2014. Retrieved 7 മാർച്ച് 2014. {{cite news}}: Check date values in: |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. ഗൂഗിൾ ബുക്സിൽ നിന്ന്
  3. 3.0 3.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  4. 4.0 4.1 4.2 4.3 4.4 "Marijuana". http://www.cancer.org/treatment/treatmentsandsideeffects/complementaryandalternativemedicine/herbsvitaminsandminerals/marijuana. American Cancer Society. 26 August 2014. Archived from the original on 2015-02-28. Retrieved 25 February 2015. {{cite web}}: External link in |website= (help)
  5. 5.0 5.1 5.2 ""The joint campaign: Should we not legalize recreational use of Cannabis?"". Times of India (in ഇംഗ്ലീഷ്). നവംബർ 10 2012. Retrieved 27 Feb 2014. {{cite news}}: Check date values in: |date= (help)
  6. Christopher Hooton (ഫെബ്രുവരി 24 2015). ""Weed is 114 times less deadly than alcohol"". Times of India (in ഇംഗ്ലീഷ്). Retrieved 25 Feb 2015. {{cite news}}: Check date values in: |date= (help)
  7. 7.0 7.1 Mikuriya, Tod. ""Physical, Mental, and Moral Effects of Marijuana: The Indian Hemp Drugs Commission Report"". Druglibrary.org (in ഇംഗ്ലീഷ്). druglibrary.org. Archived from the original on 2014-03-04. Retrieved 4 March 2014. This view the Commission are prepared to accept; but for the vast majority of consumers, the Commission consider that the evidence shows the moderate use of ganja or charas not to be appreciably harmful, while in the case of moderate bhang drinking the evidence shows the habit to be quite harmless. As in long continued and excessive cigarette smoking considerable bronchial irritation and chronic catarrhal laryngitis may he induced, so, too, may a similar condition be caused by excessive ganja or charas smoking; and to the oetiology of bronchial catarrh and asthma in ganja smokers the Commission have already referred. The direct connection alleged between dysentery and the use of hemp drugs the Commission consider to be wholly without any foundation. In the case of bhang there is nothing in the physiological action of the drug which could in any way set up an acute inflammation of the large intestine resulting in ulceration. On the contrary, it is well known that hemp resin is a valuable remedial agent in dysentery. As regards ganja or charas smoking inducing dysentery, even assuming that the products of the destructive distillation of the drugs directly reached the intestines, there is evidence that those products, when condensed and injected into a cat's stomach, failed to induce any inflammatory process. The connection, therefore, between hemp drug smoking and dysentery appears even remoter than in the case of bhang drinking and that disease and cannot be accepted by any stretch of the imagination as even a possible direct cause of dysentery
  8. "THE NARCOTIC DRUGS AND PSYCHOTROPIC SUBSTANCES ACT, 1985" (PDF). Government of India. Retrieved 27 February 2014.
  • R S Satoskar, Pharmacology and pharmacotherapeutics, 13th ed.
  • Pertwee R (1997). "Pharmacology of cannabinoid CB1 and CB2 receptors". Pharmacol. Ther. 74 (2): 129-80. PMID 9336020

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കഞ്ചാവ്&oldid=3965832" എന്ന താളിൽനിന്ന് ശേഖരിച്ചത്