കുഞ്ഞാലി മരയ്ക്കാർ II
കുട്ടി പോക്കർ അലി | |
---|---|
Nickname | കുഞ്ഞാലി മരയ്ക്കാർ രണ്ടാമൻ |
മരണം | 1571 അറബി കടൽ , കോലത്ത് നാട് |
ദേശീയത | കോഴിക്കോട് രാജ്യം |
വിഭാഗം | സാമൂതിരി സൈന്യം |
ജോലിക്കാലം | 1530 –1571 |
പദവി | നാവിക സേനാധിപൻ |
യൂനിറ്റ് | മരയ്ക്കാർ സേന |
Commands held | സഹ സൈന്യാധിപൻ, (മരയ്ക്കാർ സേന) (1530 –40 ) സമുദ്രാധിപതി കോഴിക്കോട് രാജ്യം( (1540 –1571) |
കുഞ്ഞാലി മരയ്ക്കാർ പരമ്പരയിലെ കീർത്തി കേട്ട സമുദ്രപതിയാണ് കുട്ടി പോക്കർ മരയ്ക്കാർ. കുഞ്ഞാലി ഒന്നാമൻറെ വീരമൃത്യുവിന് ശേഷം നാവികാധിപസ്ഥാനം നൽകപ്പെട്ട ‘കുട്ടി പോക്കർ’ കുഞ്ഞാലി മരയ്ക്കാർ രണ്ടാമൻ എന്നറിയപ്പെടുന്നു. അറബിക്കടലിലും, ഇന്ത്യൻ മഹാ സമുദ്രത്തിലും, ചെങ്കടലിലും പോർച്ചുഗീസ് അധിനിവേശത്തിനെതിരെ നിരവധി പോരാട്ടങ്ങൾ കാഴ്ച്ച വെച്ച ഈ യോദ്ധാവ് യുദ്ധ കൗശലവും, മെയ് വഴക്കവും, പോരാട്ട വീര്യവും, പ്രതികാര വാഞ്ഛയും മുഖമുദ്രയാക്കി കോഴിക്കോട് രാജ്യത്തിന് നിരവധി വിജയങ്ങൾ സമ്മാനിച്ച വീര സേനാധിപൻ കൂടിയാണ്[1].
ജീവചരിത്രം
[തിരുത്തുക]താനൂർ നാവിക കേന്ദ്രാധിപനും കോഴിക്കോട് രാജ്യത്തിൻറെ സഹ നാവിക സേനാധിപതിയുമായിരുന്ന മരയ്ക്കാർ സൈന്യത്തിലെ വീര യോദ്ധാവ് കുട്ട്യാലി മരയ്ക്കാറിന്റെ മകനാണ് കുട്ടി പോക്കർ മരക്കാർ. ബക്കർ/പോക്കർ എന്നീ പേരുകൾ അബൂബക്കർ എന്ന പേര് ലോപിച്ചുള്ള മലയാളീകരണമാണ്. അന്നത്തെ പതിവ് സമ്പ്രദായമനുസരിച്ചു മത പഠനവും, ആയുധാഭ്യാസവും ആർജ്ജിച്ചു. ശൈഖ് അസീസ് മഖ്ദൂം, ഖാദി അബ്ദുൽ അസീസ് എന്നിവരിൽ നിന്നും മതകീയ ജ്ഞാനങ്ങളും ഖാദിരിയ്യ ആത്മീയ മാർഗ്ഗവും പരിശീലിച്ചു. മലബാറിൽ കേളികേട്ട സൂഫി സിദ്ധൻ ശൈഖ് മാമുക്കോയയും പിൽകാലത്ത് കുട്ടി പോക്കറിന്റെ ഖാദിരിയ്യ ഥരീഖയിലെ വഴികാട്ടിയായിരുന്നു.[2] [3]
യൗവനത്തിൽ തന്നെ പിതാവിനോടൊപ്പം കച്ചവടത്തിലും പിന്നീട് യുദ്ധ രംഗത്തേക്കും കുട്ടി പോക്കർ അരങ്ങേറ്റം കുറിച്ചു. മരയ്ക്കാർ നിരവധി പോർച്ചുഗീസ് വിരുദ്ധ യുദ്ധങ്ങളിൽ പങ്കെടുത്ത് മികവ് തെളിയിച്ചു. 1529ൽ കുട്ട്യാലി മരക്കാരിന്റെ സൈനിക വിഭാഗത്തെ പോർച്ചുഗീസുകാർ പരാജയപ്പെടുത്തുകയും പടനേതാക്കളെ കാരാഗൃഹത്തിൽ അടയ്ക്കുകയും ചെയ്തതോടെ പിതാവിന്റെ അസാന്നിദ്ധ്യം പരിഹരിച്ചു കുഞ്ഞാലി ഒന്നാമനോടൊപ്പം കോഴിക്കോട് സിലോൺ, കായൽ പട്ടണം എന്നിവിടങ്ങളിൽ പറങ്കി പടയ്ക്കെതിരെ ശക്തമായ ആക്രമണങ്ങൾ സംഘടിപ്പിച്ചു. കുട്ട്യാലി മരക്കാരിന്റേയും, കുട്ടി അഹ്മദ് മരയ്ക്കാറിന്റേയും ഉപ സൈനിക മേധാവിയായി വിളങ്ങിയ കുട്ടിപോക്കർ ‘ക്യാപ്റ്റൻ കുട്ടി പോക്കർ’ എന്നപേരിൽ പ്രസിദ്ധനായി.
കുഞ്ഞാലി ഒന്നാമന്റെ അവസാന കാലത്ത് സിലോൺ നടത്തിയ ചതിയുടെ ചതുരംഗത്തിൽ കുഞ്ഞാലി ഒന്നാമനും സംഘവും കൊല്ലപ്പെടുകയും ഭീമാകാരമായ തിരിച്ചടി കോഴിക്കോട് സേനക്ക് അഭിമുഖീകരിക്കേണ്ടി വരികയും ചെയ്തിരുന്നു.[4] 1538 -39 കാലയളവുകളിൽ സിലോണിലും കായല്പട്ടണത്തിലുമുണ്ടായ യുദ്ധ പരാജയങ്ങൾ കോഴിക്കോടിനെ തളർത്തി. പറങ്കികൾക്കെതിരെ കോഴിക്കോടിനെ സഹായിക്കുവാനായി ഓട്ടോമൻ സുൽത്താൻ സുലൈമാൻ നാവിക സേനാധിപതി ‘സിദ്ദി അലി റഈസിയുടെ’ കീഴിൽ നാവിക സേനയെ അയച്ചെങ്കിലും ഗുജറാത്ത് സുൽത്താനേറ്റ് പോർച്ചുഗീസ് പക്ഷം ചേർന്ന കാരണമോ, പ്രഷുബ്ധമായ കാലാവസ്ഥ മൂലമായോ ഇന്ത്യൻ സമുദ്രം താണ്ടുവാൻ കഴിയാതെ അവർ തിരിച്ചു പോകുകയാണ് ചെയ്തത്. സൈനികമായ തിരിച്ചടികളും, സാമ്പത്തിക ക്ലേശങ്ങളും പോർച്ചുഗീസുകാർ നീട്ടിയ സന്ധിക്ക് ഒപ്പുവെക്കാൻ സാമൂതിരിയെ പ്രേരിതമാക്കുകയും ചെയ്തു. വ്യവസ്ഥകൾ ചർച്ച ചെയ്യാൻ ചിന്ന കുട്ടി അലി ഗോവ സന്ദർശിക്കുകയും, 1540ൽ പൊന്നാനിയിൽ വെച്ച് സമൂതിരി- പോർച്ചുഗീസ് സന്ധി നിലവിൽ വരുകയും ചെയ്തു.[5] പരസ്പരം യുദ്ധം ചെയ്യില്ലെന്നും, പോർച്ചുഗീസ് സഖ്യരാജ്യമായ കൊച്ചിയെയും കോലത്ത് നാടിനെയും കോഴിക്കോട് അക്രമിക്കരുത് . നാലിലൊന്ന് വിലയ്ക്ക് (കൊച്ചിയിൽ നിന്നും പറങ്കികൾ വാങ്ങുന്ന വിലയ്ക്ക്) കുരുമുളക് കോഴിക്കോട്ടു നിന്നും കൊടുക്കാം. പോർച്ചുഗീസ് പാസ്സുള്ള അറബ്, ചീന, സിന്ധി കച്ചവടക്കാരോട് മാത്രമേ സാമൂതിരി കച്ചവടം ചെയ്യുകയുള്ളൂ എന്നൊക്കെയായിരുന്നു കരാർ.[6]സന്ധി കാലയളവ് ആയതിനാൽ കുഞ്ഞാലി രണ്ടാമൻറെ അധികാര കാലയളവിൻറെ ആദ്യ ഘട്ടത്തിൽ പോർച്ചുഗീസുകാരുമായി നിരന്തരം പൊരുതേണ്ട അവസ്ഥ സംജാതമായിരുന്നില്ല എങ്കിലും പോർച്ചുഗീസുമായുള്ള സാമൂതിരിയുടെ സൗഹൃദം കുഞ്ഞാലി മരയ്ക്കാറിന്റെ നിലപാടിനെതിരായാണ് വ്യാഖ്യാനിക്കപ്പെട്ടിരുന്നത്.[7]
പതിവ് പോലെ പറങ്കിപ്പട സന്ധി വ്യവസ്ഥകൾ ലംഘിക്കുകയും കൊലയും കൊള്ളിവെപ്പും അനുസ്യൂതം തുടരുകയും ചെയ്തതോടെ കുഞ്ഞാലി - പറങ്കി യുദ്ധങ്ങൾക്ക് വീണ്ടും തിരി തെളിഞ്ഞു. കോഴിക്കോട് രാജ്യത്തിൻറെതടക്കമുള്ള മറ്റ് ചരക്ക് കപ്പലുകൾ തങ്ങളുടെ കാർത്താസ് (പാസ്സ് ) വാങ്ങാൻ വലിയതുക നൽകിയാൽ മാത്രമേ ചരക്ക് നീക്കം നടത്താനാകൂ എന്ന് പറങ്കികൾ വാശിപിടിച്ചു. സ്വന്തം രാജ്യത്തിൽ നിന്നുള്ള ചരക്ക് നീക്കത്തിന് നഷ്ടം സഹിച്ചു പറങ്കികൾക്ക് പണം നൽകാനാവില്ലെന്ന് കുഞ്ഞാലി രണ്ടാമനും ശഠിച്ചു. പറങ്കികൾ പാസ് വാങ്ങാത്ത കപ്പലുകൾ ആക്രമിക്കുകയും കൊള്ളയടിക്കുകയും യാത്രക്കാരെ കൊന്നു കടലിൽ താഴ്ത്തുകയും ചെയ്തു.ഏകദേശം രണ്ടായിരത്തോളം പേരെ പറങ്കികൾ ഇത്തരത്തിൽ കൊന്നൊടുക്കിയിരുന്നു. തൻറെ പ്രജകളെ കൊന്നൊടുക്കുന്നതിനെതിരെ സാമൂതിരി രംഗത്തിറങ്ങുകയും ഉടമ്പടി റദ്ദാക്കുകയും പറങ്കികൾക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയുമുണ്ടായി. ഇതോടെ കുഞ്ഞാലി പറങ്കി യുദ്ധങ്ങൾക്ക് വീണ്ടും തിരി തെളിഞ്ഞു.[8] അറക്കൽ നാവിക സേനയുടെ സഹായത്തോടെ കോഴിക്കോട് നാവിക സൈന്യം പോർച്ചുഗീസ് അക്രമങ്ങളിൽ നിന്നും കപ്പലുകൾക്ക് സുരക്ഷയൊരുക്കി. സുരക്ഷാ കപ്പലുകളെ ആക്രമിക്കാനുള്ള പറങ്കികളുടെ ശ്രമങ്ങൾ വ്യാപക യുദ്ധത്തിലേക്ക് പലപ്പോഴും കൊണ്ട് ചെന്നെത്തിച്ചു.
“ | ഈ പടത്തലവന്മാരുടെ വീരചരിത്രം കേരളത്തിനൊട്ടാകെ അഭിമാനവും അന്തസ്സും നൽകുന്നുവെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പറങ്കികളുടെ നാവിക സ്വേച്ഛാധിപത്യത്തിനെതിരായി അവർ നടത്തിയ ഐതിഹാസികമായ സമരങ്ങളും അതിൽ കൈവരിച്ച നേട്ടങ്ങളും കേരള ചരിത്രത്തിലെ മഹത്തായ ഒരധ്യായമാണ്.” | ” |
പോരാട്ടങ്ങൾ
[തിരുത്തുക]സമാധാന അന്തരീക്ഷത്തിനു ഭംഗം വരുത്തി അബൂബക്കർ അലി മരയ്ക്കാർനെ പോർച്ചുഗീസ് ഗവർണ്ണറുടെ പ്രതിനിധി ബാരിസ്റ്റോ ഡിസൂസയും സൈന്യവും ആക്രമിച്ചു കൊലപ്പെടുത്തിയത് സംഘർഷങ്ങൾക്ക് വഴിമരുന്നിട്ടു. പോർച്ചുഗീസുമായി സൗഹൃദം പുലർത്തിയിരുന്ന കോലത്ത് നാടും , സമാധാന കരാറിൽ ഇടം പിടിച്ചിരുന്ന അറയ്ക്കലും പറങ്കികൾക്കെതിരെ രംഗത്ത് വരാൻ ഇതിടയാക്കി [10] 1564 ൽ കണ്ണൂരിലെ സെൻറ് ആഞ്ജലോ കോട്ട ആക്രമിച്ച മരയ്ക്കാർ സൈന്യം തുറമുഖത്തുണ്ടായിരുന്ന പോർച്ചുഗീസ് കപ്പലുകൾ മുഴുവനും ആക്രമിച്ചു നശിപ്പിച്ചു. അതിക്രമം തുടർ കഥയാക്കി പൊന്നാനി ആക്രമിച്ച പറങ്കികൾ വീടുകളും പാണ്ടികശാലകളും നാല് മുസ്ലിം പള്ളികളും തീവെച്ചു നശിപ്പിച്ചു. ഇതോടെ പോർച്ചുഗീസ്- മരയ്ക്കാർ സംഘർഷങ്ങൾ പെരുകി. കോഴിക്കോടൻ കപ്പലുകൾക്ക് പ്രതിരോധമൊരുക്കുക എന്ന ദൗത്യത്തിൽ നിന്നും മാറി പോർച്ചുഗീസ് കപ്പലുകളെ ആക്രമിക്കുക എന്ന സിദ്ധാതത്തിലേക്ക് കുഞ്ഞാലി രണ്ടാമനും തിരികെയെത്തിയതോടെ അറബി കടൽ പ്രക്ഷുബ്ധമായി. കുഞ്ഞാലി ഒന്നാമനെ മാതൃകയാക്കി ഗറില്ലാ യുദ്ധ രീതി തന്നെയായിരുന്നു കുഞ്ഞാലി രണ്ടാമനും സ്വീകരിച്ചിരുന്നത്. ഇതോടെ ചരക്കു നീക്കം പോർച്ചുഗീസുകാർക്ക് കീറാമുട്ടിയായി മാറി. [11] [12]
തുർക്കിയുടെ ദൂതനായ മാലി സ്വദേശി യൂസഫ് 1553 ഇൽ സാമൂതിരിയെ പൊന്നാനി തൃക്കാവ് കോവിലകത്ത് സന്ദർശിച്ചു. പറങ്കികൾക്കെതിരെ പോരാട്ടങ്ങൾക്ക് സഹായകരമായി തുർക്കി സുൽത്താൻ കൊടുത്തയച്ച തോക്കുകളുടെ ശേഖരം സാമൂതിരിക്ക് നല്കിയ യൂസഫ് കുറച്ചു നാളുകൾ പൊന്നാനിയിൽ താമസിച്ചു സാമൂതിരി സേനയ്ക്ക് പരിശീലനമേകി.
കോഴിക്കോട് നാവിക സേനയുമായി നിരന്തരമായി ഉണ്ടാകുന്ന ഏറ്റുമുട്ടലുകൾ പറങ്കികളെ വല്ലാതെ വലക്കുന്നുണ്ടായിരുന്നു. ഒട്ടേറെ പോർച്ചുഗീസ് കപ്പലുകൾ മരയ്ക്കാർ സേനയുടെ ആക്രമണത്തിൽ തകർന്നടിയുകയും ചരക്കു നീക്കങ്ങൾ ഫലപ്രാപ്തി കൈവരിക്കാതിരിക്കുകയും ചെയ്യുന്ന സന്ദർഭങ്ങൾ ഉൾതിരിഞ്ഞതോടെ കുഞ്ഞാലി രണ്ടാമനെ ഒതുക്കാനായി നിരവധി സൈനിക നീക്കങ്ങൾ പോർച്ചുഗീസ് സൈന്യം നടത്തി. അവയൊക്കെയും വിഫലമാകുകയാണുണ്ടായത്.
മധുര രാജ്യത്തിലെ തുറമുഖമായ പുന്നൈക്കായൽ പോർച്ചുഗീസുകാർ കൈവശപ്പെടുത്തി. വിജയനഗർ സാമന്തൻ വിശ്വനാഥ് നായിക്ക് പോർച്ചുഗീസ് അധിനിവേശത്തിനെതിരെ മരയ്ക്കാർ സേനയുടെ സഹായം തേടി. സാമൂതിരിയുടെ അനുമതിയോടെ പുന്ന കായലിൽ തമ്പടിച്ചിരുന്ന പോർച്ചുഗീസ് കപ്പലുകളെയും, കോട്ടയും ഫാക്ടറിയും കുഞ്ഞാലി രണ്ടാമൻ അക്രമിച്ചു. ക്യാപറ്റൻ മനുവേൽ റോഡ്രിഗോ അടക്കമുള്ളവർ പിന്തിരിഞ്ഞോടി കോട്ടക്കകത്ത് അഭയം തേടി. 52 പോർച്ചുഗീസുകാരെ പിടികൂടിയ മരയ്ക്കാർ സേന കോട്ട വളഞ്ഞു ഉപരോധത്തിലാക്കി. [13] ആക്രമണ വാർത്തയറിഞ്ഞു കൊച്ചിയിൽ നിന്നും അതിശക്തമായ പോർച്ചുഗീസ് സേന വ്യൂഹം കുഞ്ഞാലി രണ്ടാമനെയും തേടി പുന്നൈക്കായയിലെത്തി. ധാരണയ്ക്ക് വിഘാതംവരുത്തി മധുര സേനയ്ക്ക് കോഴിക്കോടിനെ കൃത്യസമയത്ത് പിന്തുണക്കാനായില്ല. പോഷക സൈന്യവുമായെത്തിയ പോർച്ചുഗീസിന് മുന്നിൽ തദ്ദേശ സൈന്യത്തിൻറെ പിന്തുണയില്ലാതെ നേരിട്ടുള്ള യുദ്ധത്തിലേക്ക് മരയ്ക്കാർ സേന വീണപ്പോൾ തന്നെ പറങ്കികൾ പകുതി വിജയിച്ചിരുന്നു. പൂർണ്ണ പരാജയം അടിച്ചേൽപ്പിക്കുന്നതിനു മുൻപായി കുട്ടിപോക്കർ മരയ്ക്കാർ തന്ത്രപരമായ നീക്കം നടത്തി പറങ്കികരങ്ങളിൽ നിന്നും വഴുതി മാറി കളഞ്ഞു. കോഴിക്കോട് സേനയെ പൂർണ്ണമായും നശിപ്പിക്കാനുള്ള അസുലഭാവസരമായിരുന്നു പറങ്കികൾക്ക് അന്ന് നഷ്ടമായത്.
ഗറില്ലാ പോരാട്ടങ്ങളിൽ നിന്നും നേർക്ക് നേരെയുള്ള യുദ്ധത്തിലേക്ക് കൊണ്ട് ചെന്നെത്തിച്ചാലേ കുഞ്ഞാലിയെ കീഴടക്കാൻ ആവുകയുള്ളൂ എന്ന് പോർച്ചുഗീസ് യുദ്ധവിദഗ്ദ്ധർ മനസ്സിലാക്കിയിരുന്നു. ആയുധ കൂമ്പാരങ്ങളുമായി വരുന്ന ഭീമാകാരമായ നിരവധി കപ്പലുകൾ മുഴക്കുന്ന രണാരവം തനിക്കുള്ള കെണിയാണെന്നു കുഞ്ഞാലി രണ്ടാമൻ തിരിച്ചറിഞ്ഞിരുന്നതിനാൽ പോർച്ചുഗീസ് തന്ത്രങ്ങൾ ഒന്നും ഫലവത്തായില്ല
1558 ൽ ലൂയി ഡെ മെല്ലോവ് നേതൃത്വം നൽകിയ സൈനിക കപ്പലുകൾ കണ്ണൂരിൽ വെച്ച് കുഞ്ഞാലി രണ്ടാമൻറെ കപ്പൽ പടയെ വളഞ്ഞു. രക്ത രൂക്ഷിതമായ യുദ്ധത്തിൽ നേർക്ക് നേരെ കുഞ്ഞാലിയുടെ നൗക വ്യൂഹങ്ങളെ ലഭിക്കാൻ പോർച്ചുഗീസ് പട കിണഞ്ഞു പരിശ്രമിച്ചെങ്കിലും കുഞ്ഞാലി വഴുതി മാറിക്കളഞ്ഞു. കുഞ്ഞാലിയുടെ പതാകവാഹിനി നൗക നശിപ്പിക്കപ്പെടുകയും മൂന്ന് കപ്പലുകൾ പോർച്ചുഗീസ് പിടിയിലകപ്പെടുകയും ചെയ്തെങ്കിലും മരയ്ക്കാർ സൈന്യത്തെ മുച്ചൂടും നശിപ്പിക്കുക എന്ന പോർച്ചുഗീസ് നീക്കം ലക്ഷ്യം കാണാതെ പാളി. [14]
പറങ്കികളുടെ കടൽ കൊള്ളകളിൽ ബന്ദിയാക്കപ്പെടുന്ന കപ്പലുകളിലെ യാത്രക്കാരെ മുഴുവനും കൊല്ലുകയായിരുന്നു പതിവ്. ഇങ്ങനെ കൊന്നു തള്ളിയവരുടെ കൂട്ടത്തിൽ അറയ്ക്കൽ രാജാവിന്റെ ബന്ധുവും ഉൾപ്പെട്ടു. ഇതോടെ അറക്കൽ ആലി രാജ കണ്ണൂരിലെ പറങ്കികളെ ആക്രമിച്ചു മുപ്പതോളം കപ്പലുകൾ തകർത്തു. പോർച്ചുഗീസ് കോട്ട അക്രമിക്കുകയും ഉപരോധത്തിൽ പെടുത്തുകയും ചെയ്തു.
കണ്ണൂരിലെ യുദ്ധ വാർത്തകൾ അറിഞ്ഞ മരയ്ക്കാർ സൈന്യം കണ്ണൂരിലേക്ക് കുതിച്ചെത്തി. പോർച്ചുഗീസ് സൈന്യാഗമനത്തെ പ്രതീക്ഷിച്ചു അവർ കാവലൊരുക്കി. പൌലോ ഡെ ഗാമയുടെ നേതൃത്വത്തിൽ ഗോവയിലുള്ള കപ്പൽ പട വ്യൂഹം കണ്ണൂരിനെ ലാക്കാക്കി ഒഴുകിയെത്തി. ഭട്കൽ തീരത്ത് വെച്ച് കുഞ്ഞാലി രണ്ടാമനും സംഘവും പറങ്കികളെ ആക്രമിച്ചു. കഠോര യുദ്ധത്തിൽ പോർച്ചുഗീസ് കപ്പൽ പട വ്യൂഹം ഛിന്നഭിന്നമായി. ഗുരുതരമായി പരിക്കേറ്റ ജനറൽ ഗാമ ഗോവയിലേക്ക് രക്ഷപ്പെട്ടു. ഭട്കൽ യുദ്ധപരാജയം അൽപ്പ കാലത്തേക്ക് പറങ്കി ആക്രമണങ്ങൾ ആവസാനിക്കുവാൻ കാരണമാക്കി.
ഡോം മസ്കരൻ ഹാസ് എന്ന നാവിക വിദഗ്ദ്ധന്റെ കീഴിൽ അതിശക്തമായ പോർച്ചുഗീസ് പട കുഞ്ഞാലി മരയ്ക്കാറിനെ തേടിയെത്തി. ആ വട്ടവും പോർച്ചുഗീസ് പരാജയത്തിൻറെ കയ്പ്പ് അറിഞ്ഞു. പിന്നീട് ലൂയി ഡെ മെല്ലോയുടെ കീഴിൽ വന്ന പറങ്കി നാവിക വ്യൂഹത്തെയും കുട്ടി പോക്കർ മരയ്ക്കാർ നാമാവേശമാക്കി കളഞ്ഞു. വലിയ കപ്പൽ പട വ്യൂഹമില്ലാതെ പറങ്കികപ്പലുകൾക്ക് സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിവിശേഷമുണ്ടായി. [15] തുടർച്ചയായ യുദ്ധ വിജയങ്ങൾക്കിടയിലും കോഴിക്കോടിൻറെ ചരക്കു നീക്കങ്ങൾ കുഞ്ഞാലി രണ്ടാമൻറെ പാതിരാപ്പിൽ ശക്തമായി നടക്കുന്നുണ്ടായിരുന്നു. അതിന് ഇടക്കോലിടാൻ വരുന്ന പറങ്കി കപ്പലുകളെ പ്രഹരിച്ചു കൊണ്ടായിരുന്നു ഓരോ നീക്കങ്ങളും മുന്നേറിയിരുന്നത്. 1566 ഇൽ ഭീമാകാരമായ പറങ്കി ചരക്ക് കപ്പൽ മരയ്ക്കാർ സൈന്യം പിടിച്ചെടുത്തു. 67 ഇൽ ചാലിയത്ത് വെച്ച് പോർച്ചുഗീസ് കപ്പൽ പടയുമായി ഉഗ്രപോരാട്ടം നടന്നു. 17 നൗകകളിലായി മാപ്പിള പോരാളികൾ പോർച്ചുഗീസ് പടയുമായി യുദ്ധം ചെയ്തു. ഏറ്റുമുട്ടലിൽ പോർച്ചുഗീസ് പരാജയപ്പെടുകയും പിന്തിരിഞ്ഞോടുകയുമുണ്ടായി. ആയിരം സൈനികരെ വഹിച്ച ഭീമാകാരമായ പോർച്ചുഗീസ് കപ്പൽ കുട്ടി പോക്കറും സംഘവും ആക്രമിച്ചു കടലിലാഴ്ത്തി.[16] [17] 1568 ഇൽ മംഗറൗത് (മംഗലാപുരം) നങ്കൂരമിട്ട പറങ്കി കപ്പലിനെയും മരയ്ക്കാർ സേന തകർത്തു. തുടർന്ന് കായൽ പട്ടണത്തേക്ക് സേനാ നീക്കം വ്യാപിപ്പിച്ച കുട്ടി പോക്കർ ചോള രാജ്യത്തിൽ നിന്നും വന്ന 22 പറങ്കി ചരക്ക് കപ്പലുകൾ പിടിച്ചെടുത്തു പൊന്നാനിയിലേക്ക് കൊണ്ട് വന്നു. ധാന്യമുൾപ്പടെയുള്ള സാധനസാമഗ്രികൾ, ആനകൾ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള മൃഗക്കൂട്ടങ്ങൾ, അത്യപൂർവ്വ മുത്തുകൾ, പവിഴങ്ങൾ എന്നിവ അടങ്ങിയതായിരുന്നു കപ്പലുകൾ.
തുടർച്ചയായി ഉണ്ടാകുന്ന പരാജയങ്ങൾ പോർച്ചുഗീസ് സാമ്രാജത്വത്തെ അരിശം കൊള്ളിച്ചു. കുഞ്ഞാലി രണ്ടാമനെയും സംഘത്തെയും യമപുരിക്കയച്ചു ഭീഷണി എന്നന്നേക്കുമായി ഇല്ലാതാക്കാനായി ജനറൽ മാർട്ടിൻ അൽഫോൻസോ മിറാൻഡ 36 പോർ കപ്പലുകളുമായി കുട്ടി പോക്കറിനെ വലയത്തിലാക്കി. തുറന്ന സംഘട്ടനമൊഴിവാക്കി ഗറില്ലാ രീതിയിലേക്ക് യുദ്ധഗതി മാറ്റിയ കുഞ്ഞാലി രണ്ടാമൻ പോർച്ചുഗീസ് സേനയെ തച്ചു തരിപ്പണമാക്കി. ഗുരുതരമായി പരിക്കേറ്റ മാർട്ടിൻ മരണപ്പെട്ടു.[18] [19]
കുഞ്ഞാലിയുടെ വിജയങ്ങൾ പറങ്കികളെ മാനസികമായി തളർത്തിയിരുന്നുവെങ്കിലും അവരുടെ അതിക്രമങ്ങൾക്ക് അതൊട്ടും കുറവ് വരുത്തിയിരുന്നില്ല. കുഞ്ഞാലി രണ്ടാമൻറെ കാലയളവിലെല്ലാം തന്നെ പോർച്ചുഗീസുകാർ പരപ്പനാട് (പരപ്പനങ്ങാടി), വെട്ടത്ത് നാട് (താനൂർ), പൊന്നാനി, കോഴിക്കോട്, കാപ്പാട്, പന്തലായിനി, തിക്കോടി തുടങ്ങിയ ഇടങ്ങളിലെല്ലാം തന്നെ വ്യാപക കൊലയും കൊള്ളിവെപ്പും ഇടവേളകളിൽ നടത്തി കൊണ്ടിരുന്നു.
രക്തസാക്ഷിത്വം
[തിരുത്തുക]ബഹ്മനി സുൽത്താനത്ത്, ബിജാപൂർ സുൽത്താനേറ്റ് എന്നിവരിൽ നിന്നും ഗോവ പിടിച്ചെടുത്ത പോർച്ചുഗീസുകാർ പിന്നീട് അവിടം കേന്ദ്രമാക്കിയായിരുന്നു അധിനിവേശ നീക്കങ്ങൾ നടത്തിയിരുന്നത്. ഗോവക്കും, കൊച്ചിക്കും പുറമെ കൊങ്കൺ തീര രാജ്യങ്ങളിലെയും മലയാള രാജ്യങ്ങളിലെയും തുറമുഖങ്ങൾ പിടിച്ചെടുക്കാനുള്ള നീക്കങ്ങൾ അവർ അനുസൃതം തുടർന്ന് കൊണ്ടേയിരുന്നു. ഇത്തരം നീക്കങ്ങൾ ഗുജറാത്ത് സുൽത്താനേറ്റ്, ബിജാപൂർ സുൽത്താനേറ്റ്, കോഴിക്കോട് രാജ്യം, അറയ്ക്കൽ രാജ്യം എന്നിവരുടെ സഖ്യത്തിനും, ഓട്ടോമൻ, മിസ്ർ സുൽത്താന്മാരുടെ സഹായത്തോടെ പോർച്ചുഗീസ് വിരുദ്ധ പടയോട്ടത്തിനു നാന്ദി കുറിക്കുകയും ചെയ്തിരുന്നു. [20] ഇത്തരത്തിൽ പോർച്ചുഗീസ് അതിക്രമങ്ങൾ മൂലം കോഴിക്കോടിൻറെ സഖ്യത്തിലേക്ക് എത്തിച്ചേർന്ന മറ്റൊരു രാജ്യമാണ് ഉള്ളാൾ.
ഉള്ളാൾ ആക്രമിച്ച പോർച്ചുഗീസ് സൈന്യം രാജാവിനെ കൊല്ലുകയും കനത്ത അതിക്രമങ്ങൾ ആ രാജ്യത്തിനു നേരെ അഴിച്ചു വിടുകയും ചെയ്തു. ഇതോടെ റാണി അബ്ബക്ക ചൗത്ത സഹായമഭ്യർത്ഥിച്ചു മരയ്ക്കാർ സൈന്യത്തിന് ദൂതയച്ചു. സാമൂതിരിയുടെ അനുമതി പ്രകാരം കുട്ടി പോക്കർ മരയ്ക്കാർ ദൂതിന് അനുകൂല മറുപടി നൽകി. നിസാമുൽ മുൽക്കിന്റെ കീഴിൽ സഖ്യ സൈന്യം പോർച്ചുഗീസ് പടയെയും തേടി ചൗളിൽ നിലയുറപ്പിച്ചു. കുട്ടി പോക്കർ മരയ്ക്കാറിന്റെ കീഴിൽ 21 നൗകകളിലായി ആയിരത്തോളം മാപ്പിള പോരാളികളെ ചൗളിലേക്ക് സാമൂതിരി അയച്ചു. കനത്ത തിരിച്ചടി നേരിണ്ടേണ്ടി വന്നിട്ടും പറങ്കി കപ്പലുകൾക്കും താവളത്തിനും നാശനഷ്ടങ്ങൾ ഉണ്ടാക്കുവാൻ കുട്ടിപോക്കറിനായി. 22 ദിവസം നീണ്ടു നിന്ന യുദ്ധത്തിൽ നിന്നും വഴുതി മാറിയ പോർച്ചുഗീസ് ഉള്ളാളിനെ വീണ്ടും ആക്രമിച്ചു. ഇതോടെ ചൗളിൽ നിന്നും പിന്മാറി തുളുനാട്ടിലേക്ക് സൈനിക നീക്കം നടത്തിയ കുഞ്ഞാലി രണ്ടാമൻ തുളു തീരങ്ങളിൽ നിന്നും പോർച്ചുഗീസ് യുദ്ധക്കപ്പലുകളെ ആട്ടിയകറ്റി വിജയം നേടി. വിജയ ശ്രീലാളിതരായി രാജ്ഞിയുടെ അനുമോദനങ്ങളും ബഹുമതികളും ഏറ്റുവാങ്ങി മരയ്ക്കാർ സേന കോഴിക്കോട്ടേക്ക് മടങ്ങി.
നിരന്തരം എല്ലായിടത്തും തങ്ങൾക്ക് തലവേദന സൃഷ്ടിക്കുക കുട്ടി പോക്കറിനെ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ പോർച്ചുഗീസ് സൈന്യം ഇതേ സമയം വലവിരിച്ചു കാത്തിരിക്കുകയായിരുന്നു. ഡിയോ ഡെ മെൻസസിന്റെ കീഴിൽ അമ്പത് പോർക്കപ്പലുകളിലായി ഉള്ളാളിലെ ഉൾക്കടലിൽ അവർ പതിയുറപ്പിച്ചിരുന്നു. തുളു നാട്ടിൽ നിന്നും മടങ്ങുന്ന മരയ്ക്കാർ സൈന്യത്തെ പോർച്ചുഗീസ് കപ്പൽ വ്യൂഹം രഹസ്യമായി പിന്തുടർന്നു. അറക്കൽ തീരത്ത് വെച്ചു മരയ്ക്കാർ സൈന്യത്തെ വിവിധ ദിക്കുകളിലൂടെ വളഞ്ഞ അവർ രാത്രിയിൽ അപ്രതീക്ഷ ആക്രമണം അഴിച്ചു വിട്ടതോടെ പതിറ്റാണ്ടുകളോളം പോർച്ചുഗീസ് സൈന്യത്തിനു മുന്നിൽ മഹാമേരുവായി നിലയുറപ്പിച്ച അറബി കടലിന്റെ കാവൽക്കാരൻ നിലം പതിച്ചു .[21] അമ്പതു കപ്പലുകളിൽ നിന്നുമുള്ള പീരങ്കികൾ തുപ്പിയ തീയിൽ കുട്ടി പോക്കർ സഞ്ചരിച്ചതടക്കമുള്ള കപ്പലുകൾ നുറുങ്ങുകളായി ചിതറി. അകമ്പടി സേവിച്ചിരുന്ന രണ്ടു നൗകകളിലൊഴികെയുള്ള കോഴിക്കോടിൻറെ മുഴുവൻ സൈനികരും വീരമൃതു വരിച്ചു. കൂടെ പറങ്കികളുടെ അന്തകനായി ദിഗന്തങ്ങൾ നടുങ്ങുമാറ് ഗർജ്ജനം മുഴക്കിയ ധീര യോദ്ധാവ് കുട്ടി പോക്കർ മരയ്ക്കാരും.
കുട്ടി പോക്കറിനെ ഇല്ലായ്മ ചെയ്താൽ അറബി കടൽ തങ്ങൾക്ക് സ്വന്തമെന്ന് പറങ്കികൾ കണ്ട ദിവാ സ്വപ്നത്തിനു അധികം ആയുസ്സുണ്ടായിരുന്നില്ല . പോർച്ചുഗീസുകാരുടെ നിദ്രകൾക്ക് ഭംഗം വരുത്തി പട്ടു മരയ്ക്കാർ കടന്നു വന്നു. തോൽവി എന്തെന്നറിയാത്ത കുഞ്ഞാലി പരമ്പരയിലെ ഏറ്റം പ്രശസ്തനായ ഇദ്ദേഹമാണ് അറബി കടലിൻറെ സിംഹം എന്ന പേരിൽ പ്രശസ്തി നേടിയ കുഞ്ഞാലി മരയ്ക്കാർ മൂന്നാമൻ
ഇവ കാണുക
[തിരുത്തുക]
അവലംബം
[തിരുത്തുക]- ↑ ശ്രീധരമേനോൻ, എ. Kerala District Gazetteer (kozhikode) Vol 9 (1962). p. 113. Retrieved 17 ജൂലൈ 2019.
- ↑ parappil muhammed koya,kozhikotte muslim charithram,focus publications.p222
- ↑ C.N.Ahmed Moulavi, K.K. MuhamedAbdul Kareem,. Mahataya Mappila Sahitya Paramparayam., Calicut, 1978 p.161
- ↑ Odayamadath Kunjappa Nambiar, Portuguese Pirates and Indian Seamen, op cit, p. 128
- ↑ K.M. Panikkar, Malabar and the Portuquese, Bombay, 1923, p. 118
- ↑ Krishna Ayyar. K. V. The Zamonns of Calicut, Calicut (1999)P. 192
- ↑ Bhatt. S.C. Gopal K Bhargava, (ed.), Land and People of Indian States UnionTerritories in 35 Volumes, Vol. 14, New Delhi, 2005, p. 25.
- ↑ K.M. Panikkar,Kerala Swathandra Samaram,p-130
- ↑ kerala swathanthrya samaram,(1957) p 146
- ↑ Shaykh Zain-ud-din also mentions the murder of Kunj Sufi the father of Adhiraya or Aliraya, p. 76
- ↑ K.M. Panikkar,Malabar and the Portuquese p. 128.
- ↑ Odayamadath Kunjappa Nambiar, Portuguese Pirates and Indian Seamen, p.150-151 ,
- ↑ Pius Malekandathil- Maritime India-Trade, Religion and Polity In the Indian Ocean- p.117.
- ↑ Ibrahim Kunju. A.P. Mappila Muslims of Kerala - Trivandmm(1 98 9) P. 53
- ↑ Odayamadath Kunjappa Nambiar., Portuguese Pirates and Indian Seamen, pp.150-151
- ↑ Odayamadath Kunjappa Nambiar.The Kunjalis, Admirals of Calicut. Asia Publishing House, 1963 - p 110
- ↑ Shaykh Zayn-ud-din, tuhfatul mujahideen (trns) p.82-84
- ↑ km paniker Malabar and the Portuguese, Bombay, pp.131-132
- ↑ portuguese sea power - india and the indian ocean- p 48
- ↑ Shykh-Zain-ud-din, (trns), p.85
- ↑ K.M. Panikkar,Malabar and the Portuquese, Bombay, 1923 , p. 133