ഖുദീരാം ബോസ്
ഖുദീറാം ബോസ് | |
---|---|
ജനനം | ഹബിബ്പൂർ, മിഡ്നാപൂർ | ഡിസംബർ 3, 1889
മരണം | 11 ഓഗസ്റ്റ് 1908 കൽക്കട്ട, പശ്ചിമ ബംഗാൾ ബ്രിട്ടീഷ് ഇന്ത്യ | (പ്രായം 18)
അറിയപ്പെടുന്നത് | ഇന്ത്യയുടെ സ്വാതന്ത്ര്യസമരം |
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ബംഗാളിൽ നിന്നുള്ള ഒരു സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു ഖുദിറാം ബോസ് (ബംഗാളി: ক্ষুদিরাম বসু Khudiram Boshu) (3 ഡിസംബർ 1889 - 19 ഓഗസ്റ്റ് 1908). ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ യുവനേതാക്കളിലൊരാളായിരുന്നു അദ്ദേഹം. പതിനെട്ടു വയസ്സും, എട്ടുമാസവും, എട്ടു ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ഖുദിറാമിനെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയത്.
ആദ്യജീവിതം
[തിരുത്തുക]ബോസ് ജനിച്ചത് ഡിസംബർ 3, 1889 ന് ബംഗാളിലെ മിഡ്‌നാപൂർ എന്ന ഗ്രാമത്തിലായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ഒരു റവന്യൂ ഉദ്യോഗസ്ഥനായിരുന്നു.
വിപ്ലവ പ്രവർത്തനങ്ങൾ
[തിരുത്തുക]1900 തുടക്കത്തിൽ അരബിന്ദോയും, സിസ്റ്റർ നിവേദിതയും തുടർച്ചയായി മിഡ്നാപ്പൂർ സന്ദർശിച്ച് പ്രഭാഷണങ്ങൾ നടത്തുമായിരുന്നു. ഖുദിരാമുൾപ്പടെയുള്ള യുവാക്കൾ കൂടുതലായി ദേശീയപ്രസ്ഥാനങ്ങളോട് അടുത്തു.
തന്റെ ഗുരുവായ സത്യേന്ദ്രനാഥ് ബോസിൽ നിന്നും, ഭഗവദ്‌ഗീതയിൽ നിന്നും ബോസ് തന്റെ വിപ്ലവചിന്തകൾ കൂടുതലായി ഉൾക്കൊണ്ടു. ബ്രിട്ടീഷുകാർക്കെതിരെയുള്ള യുദ്ധത്തിൽ പ്രധാനമായും ബംഗാളിന്റെ വിഭജനത്തിനെതിരായിരുന്നു , തന്റെ പതിനാറാമത്തെ വയസ്സിൽ സ്വാതന്ത്ര്യസമരത്തിലേക്ക് ഇദ്ദേഹം എത്തി. ഈ പ്രായത്തിൽ തന്നെ പോലീസുകാരെ വധിക്കുക എന്ന ഉദ്ദേശത്തോടെ പോലീസ്സ്റ്റേഷനിൽ ഖുദീരാം ബോംബുകൾ സ്ഥാപിച്ചു. മൂന്ന് വർഷങ്ങൾക്ക് ശേഷം മുസഫ്ഫനഗർ എന്ന സ്ഥലത്ത് കിംഗ്സ്ഫോർഡ് പ്രഭുവിനെതിരെ ബോംബ് എറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു.
മുസ്സാഫർപൂർ അക്രമം
[തിരുത്തുക]ബീഹാറിലെ മോത്തിജ്ഹിൽ എന്ന സ്ഥലത്തായിരുന്നു ഖുദീരാം എത്തിപ്പെട്ടത്. അവിടെ അടുത്തുള്ള ഒരു ധർമ്മശാലയിൽ താമസവും, ആൾമാറാട്ടത്തിന്റെ ഭാഗമായി ഹരേൻ ശങ്കർ എന്ന അപരനാമവും സ്വീകരിച്ചു. ആദ്യത്തെ കുറേ ദിവസം, കിങ്സ്ഫോഡിന്റെ ദിനചര്യ പഠിക്കുവാനായാണ് ഖുദിരാം ശ്രദ്ധിച്ചത്. ക്ലബ്ബിലേക്കും, തിരികേ വീട്ടിലേക്കും പോകുന്ന വഴിയും, സമയവുമെല്ലാം ഖുദിരാം മനപാഠമാക്കി, അയാളെ വകവരുത്താനുള്ള പ്രാഥമിക പദ്ധതിയും തയ്യാറാക്കി.
1908 ഏപ്രിൽ 30 ന് കിങ്സ്ഫോഡ് വരുന്നതും കാത്ത് ഖുദീരാം യൂറോപ്യൻ ക്ലബിനു പുറത്തു കാത്തു നിന്നു. 8:30 ന് കിങ്സ്ഫോഡിനേയും വഹിച്ചുകൊണ്ടുള്ള വാഹനം പുറത്തേക്കു വന്നപ്പോൾ ഖുദീരാം ഒരു കൈയ്യിൽ തോക്കും ചൂണ്ടിക്കൊണ്ട് , വാഹനത്തിനുനേരെ ബോംബെറിഞ്ഞു. വാഹനം കത്തിയെരിഞ്ഞു, എന്നാൽ ഖുദീരാം പ്രതീക്ഷിച്ചതുപോലെ, അതിൽ കിങ്സ്ഫോഡ് ഉണ്ടായിരുന്നില്ല. മുസ്സാഫർപൂർ കോടതിയിലെ അഭിഭാഷകനായിരുന്ന ബാരിസ്റ്റർ കെന്നിയുടെ ഭാര്യയും കുഞ്ഞുമായിരുന്നു ആ വാഹനത്തിലുണ്ടായിരുന്നത്.
രാത്രിയോടെ, പോലീസ് അക്രമികൾക്കായി തിരച്ചിൽ തുടങ്ങി. അക്രമികളെക്കുറിച്ച് വിവരം നൽകുന്നവർക്കോ, ജീവനോടെ അല്ലാതെയോ പിടിക്കുന്നവർക്കോ സർക്കാർ ആയിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഖുദീറാമിന്റെ പിടിക്കാനായി പോലീസ് എല്ലാ റെയിൽവേസ്റ്റേഷനിലും കാത്തു നിന്നു. എന്നാൽ ഖുദീറാം റെയിൽവേ ഗതാഗതമാർഗ്ഗമായി സ്വീകരിക്കാതെ ഗ്രാമപ്രദേശങ്ങളിലൂടെ കാൽനടയായി തന്റെ ലക്ഷ്യസ്ഥാനത്തേക്കു നടന്നു. 25 മൈലോളം കാൽനടയായി ഒരിടത്തും നിൽക്കാതെ സഞ്ചരിച്ച ഖുദീറാം അവസാനം കുടിക്കാൻ കുറച്ചു വെള്ളത്തിനായി ആൾപെരുമാറ്റം കുറവുള്ള വൈനി സ്റ്റേഷനിലേക്കു ചെന്നു. ഖുദീറാമിന്റെ മുഴിഞ്ഞവേഷവും, പാദരക്ഷകളില്ലാത്ത കാൽപാദവും കണ്ട് സംശയം തോന്നിയ രണ്ടു പോലീസുകാർ ഖുദീറാമിന്റെ ചോദ്യം ചെയ്യാൻ ആരംഭിച്ചു. അവരോടെതിർത്ത ഖുദീറാമിന്റെ കയ്യിൽ നിന്നും കൈത്തോക്കു താഴെ വീണു, ഇതു കണ്ട പോലീസ് ഖുദീറാമിനെ കീഴ്പെടുത്തി. രണ്ട് കൈത്തോക്കുകളും, 37 വട്ടം വെടിവെക്കാനുള്ള തിരകളും, മുപ്പതു രൂപയും ഖുദീറാമിന്റെ കയ്യിൽ നിന്നും പോലീസ് കണ്ടെടുത്തു.
വിചാരണ, വധശിക്ഷ
[തിരുത്തുക]കൗമാരക്കാരനായ വിപ്ലവകാരിയെ കാണാനായി ജനങ്ങൾ തിങ്ങിനിറഞ്ഞ മുസ്സാഫർപൂർ റെയിൽവേസ്റ്റേഷനിൽ ഒരു ഒന്നാം ക്ലാസ്സ് ബോഗിയിൽ നിന്നും കൈവിലങ്ങുകളുമായി 18-19 വയസ്സു തോന്നിക്കുന്ന ആ കൗമാരക്കാരൻ അക്ഷോഭ്യനായി നടന്നു നീങ്ങി, എന്നാണ് അന്നേ ദിവസം ഇംഗ്ലീഷ് പത്രമായ സ്റ്റേറ്റ്സ്മാൻ റിപ്പോർട്ട് ചെയ്തത്.[1] 1908 മെയ് 21 നാണ് ഖുദീറാം ഉൾപ്പെട്ട കേസിന്റെ വിചാരണ ആരംഭിച്ചത്. കോൺടോഫ് എന്ന ഇംഗ്ലീഷുകാരനോടൊപ്പം, നഥുനിപ്രസാദ്, ജനകപ്രസാദ് എന്നീ ഇന്ത്യക്കാരായിരുന്നു ജഡ്ജിമാർ. കാളിദാസ് ബസു, ഉപേന്ദ്രനാഥ് സെൻ, ക്ഷേത്രനാഥ് ബന്ധോപാധ്യാ എന്നീ പ്രമുഖ അഭിഭാഷകരായിരുന്നു ഖുദീറാമിനു വേണ്ടി കോടതിയിൽ ഹാജരായത്. യാതൊരു ഫീസും വാങ്ങാതെയാണ് ഈ പ്രമുഖരായ അഭിഭാഷകരെല്ലാം തന്നെ ഖുദീറാമിനു വേണ്ടി വാദിച്ചത്.
വിചാരണക്കുശേഷം, ജഡ്ജി ഖുദീറാമിന് വധശിക്ഷ വിധിച്ചു. ഒരു പുഞ്ചിരിയോടെയാണ് ഖുദീറാം തന്റെ വിധി വായിച്ചു കേട്ടത്. തനിക്കു കുറച്ചു കൂടി സമയം ലഭിച്ചാൽ ജഡ്ജിയെ ബോംബു നിർമ്മാണം പഠിപ്പിക്കാൻ കഴിഞ്ഞേനെ എന്നാണ് വിധിക്കു ശേഷം എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിനുത്തരമായി ഖുദീറാം പ്രതികരിച്ചത്. നിയമപ്രകാരം ഏഴു ദിവസത്തിനുള്ളിൽ അപ്പീൽ നൽകുവാൻ കഴിയുമായിരുന്നിട്ടും, ആ പ്രത്യേകാവകാശം ഖുദീറാം ആദ്യം വേണ്ടെന്നു വെക്കുകയായിരുന്നു. എന്നാൽ തന്റെ അഭിഭാഷകരുടെ അഭിപ്രായം കൂടി മാനിച്ച്, അപ്പീൽ നൽകാൻ ഖുദീറാം തയ്യാറായി. എന്നാൽ മേൽക്കോടതിയും ശിക്ഷ ശരി വെക്കുകയായിരുന്നു.
ഓഗസ്റ്റ് 19, 1908 ആറുമണിക്ക് ബോസിനെ തൂക്കിക്കൊല്ലുകയുണ്ടായി. പ്രസന്നവദനനായാണ് ഖുദീറാം കൊലമരത്തിലേക്ക് നടന്നു കയറിയതെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് അമൃതബസാർ പത്രിക എന്ന പത്രം റിപ്പോർട്ടു ചെയ്യുകയുണ്ടായി. ബംഗാളി കവിയായിരുന്നു കാസി നസ്രുൾ ഇസ്ലാം, ഈ അത്ഭുത ബാലന്റെ ബഹുമാനാർത്ഥം ഒരു കവിത രചിച്ചിരുന്നു.
ഇത് കൂടി കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ ചതുർവേദി, റിതു (2007). ബീഹാർ ത്രൂ ദ ഏജസ്. ന്യൂ ഡെൽഹി: സരൂപ് & സൺസ്. p. 340. ISBN 9788176257985. Retrieved 2015-01-17.
{{cite book}}
: External link in
(help)|ref=
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഖുദിരംബോസിന്റെ ജീവചരിത്രം Archived 2011-06-17 at the Wayback Machine.