Jump to content

ചില്ലുകൾ തകർത്ത രാത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചില്ലുകൾ തകർത്ത രാത്രി
ഹോളോകോസ്റ്റ് എന്നതിന്റെ ഭാഗം
കത്തുന്ന ഫ്രാങ്ക്‌ഫർട്ട് ജൂതപ്പള്ളി
ഫ്രാങ്ക്‌ഫർട്ടിലെ പ്രധാന ജൂതപ്പള്ളി, ക്രിസ്റ്റൽനൈറ്റിനെത്തുടർന്ന്
സ്ഥലം1938 -ൽ നാസി ജർമനിയുടെ അതിർത്തിക്കുള്ളിൽ (ഇന്നത്തെ ജർമനി, ആസ്ട്രിയ, പോളണ്ടിന്റെയും, റഷ്യയുടെയും ഭാഗം)
തീയതി1938 നവംബർ 9 ഉം 10 ഉം
ആക്രമണലക്ഷ്യംജർമനിയിലെയും ആസ്ട്രിയയിലെയും ജൂതരുടെ ചരിത്രം
ആക്രമണത്തിന്റെ തരം
പോഗ്രം, കൊള്ള, കൊള്ളിവയ്പ്പ്, കൂട്ടക്കൊല, ഭരണകൂടഭീകരത
മരിച്ചവർ91+
ആക്രമണം നടത്തിയത്Sturmabteilung (SA) stormtroopers, German & Austrian civilians

ചില്ലുകൾ തകർത്ത രാത്രി (Kristallnacht) (ജർമ്മൻ ഉച്ചാരണം: [kʁɪsˈtalnaχt]; English: "Crystal Night") അല്ലെങ്കിൽ Reichskristallnacht [ˌʁaɪçs.kʁɪsˈtalnaχt], Night of Broken Glass എന്നും അറിയപ്പെടുന്ന, Reichspogromnacht [ˌʁaɪçs.poˈɡʁoːmnaχt] അല്ലെങ്കിൽ ചുരുക്കത്തിൽ Pogromnacht [poˈɡʁoːmnaχt]  ( listen), എന്നും Novemberpogrome [noˈvɛmbɐpoɡʁoːmə]  ( listen) എന്നുമെല്ലാം അറിയപ്പെടുന്നത് 1938 നവംബർ 9 നും 10 നും ജർമനിയിൽ നാസികളുടെയും നാസി അർദ്ധസൈനികവിഭാഗങ്ങളുടെയും ജർമ്മനിയിലെ ജൂതേതരവിഭാഗങ്ങളുടെയും നേതൃത്വത്തിൽ ജർമ്മനി ആകമാനം ജൂതന്മാർക്കെതിരെ നടന്ന ഒരു പോഗ്രം ആണ്. അതിനെ എതിർക്കുകയോ, തടയുകയോ ചെയ്യാതെ ജർമ്മൻ അധികാരികൾ നോക്കിനിന്നതേ ഉള്ളൂ.[1][2] ജൂത ഉടമസ്ഥതയിലുള്ള കടകളുടെയും ഭവനങ്ങളുടെയും ആരാധനാലയങ്ങളുടെയും തകർത്ത ചില്ലുകൾ തെരുവുനീളെ ചിതറിത്തെറിച്ചുകിടന്നതിനാലാണ് ഈ പരിപാടിക്ക് ക്രിസ്റ്റൽനാഹ്റ്റ് (Kristallnacht) (ചില്ലുകൾ തകർത്ത രാത്രി) എന്ന പേരു വന്നത്.[3]

അന്നത്തെ ജൂതമരണസംഖ്യയെപ്പറ്റി വിഭിന്ന അഭിപ്രായങ്ങളുണ്ട്. 91 മരണങ്ങൾ[3] എന്നാണ് ആദ്യകണക്കുകൾ എങ്കിലും, ഈ പരിപാടിക്കുശേഷമുള്ള വ്യാപക അറസ്റ്റുകളും പീഡനങ്ങളും ആത്മഹത്യകളും കണക്കിലെടുക്കുമ്പോൾ മരണസംഖ്യ എത്രയോ അധികമാവാനാണ് സാധ്യതെയെന്നു ചരിത്രകാരന്മാർ പറയുന്നുണ്ട്.

കൂടാതെ ഏതാണ്ട് 30000 ആൾക്കാരെ പീഡനക്യാമ്പുകളിലേക്ക് അയയ്ക്കുകയുണ്ടായി.[3] ജൂതന്മാരുടെ ഭവനങ്ങൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ എന്നിവ വലിയ ചുറ്റികകൾ ഉപയോഗിച്ചാണ് അക്രമകാരികൾ അടിച്ചുതകർത്തത്.[4] വിയന്നയിൽ മാത്രം 95 എണ്ണം ഉൾപ്പെടെ ഏതാണ്ട് ആയിരത്തിലേറെ ജൂതപ്പള്ളികളാണ് കത്തിച്ചത് . 7000 -ത്തിലേറെ കച്ചവടസ്ഥാപനങ്ങൾ തകർത്തു.[5][6] 1933 മുതൽ 1945 വരെ ഒരു ജൂതവിരുദ്ധകലാപങ്ങളും ഇത്രയും വിശദമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വിദേശങ്ങളിൽ ഇത് വ്യപകപ്രതിഷേധമുണ്ടാക്കി.[4]

ജർമ്മൻ നയതന്ത്രജ്ഞനായ ഏൺസ്റ്റ് ഫോം റാതിനെ, ഹെർഷൽ ഗ്രിൻസ്പാൻ എന്ന ജർമ്മനിയിൽ ജനിച്ച പോളണ്ടുകാരനായ ജൂതൻ കൊലപ്പെടുത്തിയതിൻറെ പശ്ചാത്തലത്തിലാണ് ആക്രമണങ്ങൾ നടന്നത്. അതിനുശേഷം ജൂതർക്കെതിരെ സാമ്പത്തിക-രാഷ്ട്രീയ ഉപരോധങ്ങളും ഉണ്ടായി. ഈ ആക്രമണങ്ങളെല്ലാം ജുതന്മാരെ ഉന്മൂലനം ചെയാനുള്ള നാസിപദ്ധതിയായ ജൂതപ്രശ്നത്തിന്റെ അന്തിമപരിഹാരത്തിന്റെ ഭാഗമായിട്ടായിരുന്നു എന്ന് ചരിത്രകാരന്മാർ കരുതുന്നു.[7]

പശ്ചാത്തലം

[തിരുത്തുക]

വളരെ കൃത്യമായ തയ്യാറെടുപ്പുകളോടെ നടപ്പാക്കപ്പെട്ട ഒന്നായിരുന്നു ഈ അക്രമങ്ങൾ. 1930 ൽ മിക്ക ജൂതന്മാരും ജർമ്മൻ സമൂഹത്തിൽ തുല്യതയോടെ എല്ലാമേഖലയിലും പ്രവർത്തിച്ചുവരുന്നവരായിരുന്നു.[8] ഹിറ്റ്‌ലർ അധികാരത്തിലെത്തിയതോടെ സംഗതികൾ പതിയെ മാറി വന്നു. കേവലം ഒരു ശതമാനത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള ജൂതന്മാരായിരുന്നു ജർമനിയുടെ ഉള്ളിൽത്തന്നെയുള്ള ശത്രുക്കളെന്നും യുദ്ധത്തിൻറെ തോൽവിക്ക് അവരാണ് കാരണക്കാരെന്നും തുടർന്നുണ്ടായ സാമ്പത്തിക പരാധീനതകളുടെ ഉത്തരവാദികൾ ജൂതരാണെന്നും ഹിറ്റ്‌ലർ ആരോപിച്ചു.[9] ജൂതന്മാരുടെ സ്വാതന്ത്യത്തിൽ കുറവു വരുത്തി, സർക്കാർ സർവ്വീസിൽ പ്രവേശനം നൽകാതെ, കച്ചവടങ്ങൾ ബഹിഷ്കരിച്ച്, പൗരത്ത്വം എടുത്തുകളഞ്ഞ് ജൂതരെ സമൂഹത്തിൽ നിന്നും ബഹിഷ്കൃതരാക്കി.[10] 1935 -ലെ ന്യൂറംബർഗ് നിയമങ്ങളോടെ അവരുടെ സർവ്വസ്വാതന്ത്ര്യങ്ങളും എടുത്തുകളയുകയും ജൂതരല്ലാത്തവരുമായുള്ള വിവാഹബന്ധങ്ങൾ നിയമവിരുദ്ധമാക്കുകയും ചെയ്തു.

പതിനായിരക്കണക്കിനു ജൂതന്മാർ നാടുവിട്ടു. അമിതമായ കുടിയേറ്റത്താൽ പലരാജ്യങ്ങൾക്കും കൂടുതൽ ആൾക്കാരെ ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയായി. ഇനിയും ആരെയും ഉൾക്കൊള്ളാനാവാത്ത അവസ്ഥ വന്നപ്പോൾ ജൂതവിരുദ്ധപദ്ധതികൾക്ക് നാസികൾ പുതിയ പരിപാടികൾ കണ്ടുപിടിച്ചു. എന്തെങ്കിലും ഒരു കാരണത്തിന് കാത്തിരിക്കുകയായിരുന്നു നാസികൾ. ഇതിനുള്ള പദ്ധതികൾ 1937-ലേ തയ്യാറാക്കിക്കഴിഞ്ഞിരുന്നു.[11] ജൂതന്മാരുടെ വസ്തുവകകൾ പിടിച്ചെടുക്കലായിരുന്നു ഇവയുടെ ശരിക്കുമുള്ള ലക്ഷ്യമെന്നും ചില ചരിത്രകാരന്മാർ പറയുന്നുണ്ട്.[12] ജർമനിയിൽ ജനിച്ചതെങ്കിലും വിദേശികളായ 12000 ജൂതന്മാരോട് 1938 ഒക്ടോബർ 28 -ന് ഒറ്റരാത്രികൊണ്ട് നാടുവിട്ടുകൊള്ളണമെന്നു ഹിറ്റ്ലർ ആജ്ഞ നൽകി. ഒരാൾക്ക് ഒരു സ്യൂട്ട്‌കേസിൽ കൊള്ളുന്ന സാധനങ്ങൾ മാത്രം എടുക്കാനേ അനുമതി ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ജൂതന്മാരെ കൊണ്ടുപോയിക്കഴിഞ്ഞപ്പോൾ ബാക്കിവന്നതെല്ലാം നാസികളും അയൽക്കാരും കൂടി പങ്കിട്ടെടുത്തു. അങ്ങനെ കൊണ്ടുപോയവരെ പോളണ്ട് അതിർത്തിയിൽ ഉപേക്ഷിക്കുകയും പോളണ്ട് അധികൃതർ അവരെ തിരിച്ച് ജർമനിയിലെ പുഴയിലേക്ക് ഓടിക്കുകയും ചെയ്തു. മഴനനഞ്ഞു കൊണ്ട് ഭക്ഷണവും താമസസൗകര്യവും ഇല്ലാതെ അതിർത്തികൾക്ക് ഇടയിൽ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിച്ചുകൊണ്ടിരുന്നു. 4000 ആൾക്കാർക്ക് പോളണ്ടിലേക്ക് പ്രവേശനം നൽകിയെങ്കിലും 8000 ത്തോളം ആൾക്കാർ അതിർത്തിയിൽ കുടുങ്ങി. ക്യാമ്പിലെ അവസ്ഥകളുടെ ദയനീയതയിൽ തിരിച്ചുചെന്നു വെടികൊണ്ട് മരിക്കാൻ പോലും ആൾക്കാർ തയ്യാറായിരുന്നു.[13]

ഈ അവസരത്തിലാണ് ജനിച്ചത് ജർമ്മനിയിലാണെങ്കിലും പോളണ്ട് ജൂതനായ ഹെർഷെൽ, ജർമ്മൻ നയതന്ത്ര ഉദ്യോഗസ്ഥനായ റാതിനെ വെടിവച്ചുകൊല്ലുന്നത്. അടുത്ത ദിവസം തന്നെ ജൂതകുട്ടികളെ ജർമൻ സ്കൂളിൽ നിന്നും വിലക്കി, ജൂതരുടെ സാംസ്കാരികപരിപാടികളെയെല്ലാം അനിശ്ചിതമായി തടഞ്ഞു, അവരുടെ പ്രസിദ്ധീകരണങ്ങൾ നിർത്തിവെയ്പ്പിച്ചു. പൗരന്മാരെന്ന നിലയിലുള്ള അവരുടെ അവകാശങ്ങളെല്ലാം തടയപ്പെട്ടു.[9][14] റാത്തിൻറെ മരണവാർത്തയറിഞ്ഞ ഹിറ്റ്‌ലർ, 1923 -ൽ തൻറെ നേതൃത്ത്വത്തിൽ നടക്കാതെപോയ സർക്കാരിനെ മറിച്ചിടൽ പരിപാടിയുടെ വാർഷികത്തിൽ സംസാരിക്കാതെ ഇറങ്ങിപ്പോയി. ഹിറ്റ്‌ലറുടെ അഭാവത്തിൽ ഗീബൽസ് ആണ് പ്രസംഗിച്ചത്. ഇതിനെതിരായി യാതൊരു സംഭവവും പാർട്ടിയായി ഉണ്ടാക്കരുതെന്നും, ഇനി തനിയെ എന്തെങ്കിലുമൊക്കെ സംഭവിച്ചാൽ അതിനെ തടയേണ്ടതില്ലെന്നുമാണ് ഹിറ്റ്‌ലർ തീരുമാനിച്ചിരിക്കുന്നതെന്ന് അയാൾ പ്രസംഗിച്ചു.[15] എന്താണ് വേണ്ടതെന്ന് ഇതിൽ നിന്നും വ്യക്തമായവരാണ് കലാപം നടത്തിയത്.[16] 1938 നവംബർ 10 -ന് രാവിലെ നാസി തലവൻ റൈൻഹാർഡ് ഹെയ്‌ഡ്രിഹ് അക്രമങ്ങളെ നേരിടേണ്ടതിനെപ്പറ്റി സെക്യൂരിറ്റി പോലീസിന് അയച്ച ടെലിഗ്രാമിൽ ജൂതന്മാരല്ലാത്തവരുടെ വസ്തുവകകൾ സംരക്ഷിക്കണമെന്നും കലാപത്തിൽ ഇടപെടേണ്ടെന്നും ജൂതപ്പള്ളികളിൽ നിന്നും ജൂതരുടെ കാര്യാലയങ്ങളിൽ നിന്നും അവരുടെ സമ്പത്തുകൾ കൊണ്ടുപോകണമെന്നും പിന്നീട് പീഡനക്യാമ്പുകളിലേക്ക് കൊണ്ടുപോകാനായി വളരെയധികം പ്രായമില്ലാത്ത, ആരോഗ്യമുള്ള ജൂതപുരുഷന്മാരെ തെരഞ്ഞുപിടിക്കുകയും ചെയ്യണമെന്ന് പറയുന്നു.[17]

കലാപങ്ങൾ

[തിരുത്തുക]

റാതിന്റെ മരണവാർത്ത അറിഞ്ഞ് രണ്ടു മണിക്കൂറിനുള്ളിൽ യൂണിഫോം ധരിക്കാത്ത നാസി അർദ്ധസൈനികവിഭാഗങ്ങൾ കാലാപം തുടങ്ങി. വലിയ ചുറ്റികകളും കോടാലികളുമായി ജൂതവസ്തുവകകൾ തല്ലിത്തകർത്ത് തീയിട്ട് നശിപ്പിക്കുക. ജൂതരല്ലാത്തവരുടെ വസ്തുക്കൾ അടുത്തുതന്നെയുണ്ടെങ്കിൽ തീയിടരുത് തല്ലിത്തകർക്കാനേ പാടുള്ളൂ, കൊള്ളയടിക്കരുത്, വിദേശികളെ, ജൂതന്മാരാണെങ്കിൽപ്പോലും ഒന്നും ചെയ്യരുത്, ജൂതപ്പള്ളികളിലെ പഴയവസ്തുക്കൾ സെക്യൂരിറ്റി സർവീസിനെ എൽപ്പിക്കുക, ജയിലുകളിൽ നിറയ്ക്കാൻ പാകത്തിൽ ചെറുപ്പക്കാരായ ജൂതന്മാരെ തടങ്കലിലാക്കുക എന്നിവയെല്ലാമായിരുന്നു കിട്ടിയിരുന്ന നിർദ്ദേശങ്ങൾ. 7500 ഓളം കടകൾ തകർത്തു, ജർമനിയിൽ ആകമാനം ജൂതഭവനങ്ങൾ നശിപ്പിച്ചു. ജൂതപ്പള്ളികൾ തകർത്തു, ജൂതരുടെ ശ്മശാനങ്ങൾ, ഡിപ്പാർട്ട്മെൻറ് സ്റ്റോറുകൾ എന്നിവ തല്ലിത്തകർത്തു. കുറെ ജൂതന്മാരെ അടിച്ചുകൊന്നു, പലരെയും നിർബന്ധമായി കാഴ്ചക്കാരാക്കി. 30000 -ത്തോളം ജൂതന്മാരെ പിടിച്ച് പ്രധാനമായും ഡാക്ഹൗ, ബൂഹെൻവാൾഡ്, സാഹ്സെൻഹോയ്സെൻ എന്നീ പീഡനകേന്ദ്രങ്ങളിലേക്ക് അയച്ചു.[18] ക്യാമ്പുകളിൽ ജൂതന്മാരെ തല്ലിച്ചതച്ചു, ജർമനി വിട്ടോളാം എന്ന നിബന്ധനയിൽ രണ്ടുമൂന്നുമാസത്തിനുള്ളിൽ പലരെയും മോചിപ്പിച്ചു. ഈ പരിപാടിയിൽ മാത്രമായി ക്യാമ്പുകളിൽ 2000-2500 -ത്തോളം കൊലകൾ നടന്നിട്ടുണ്ടാവാം എന്നു കരുതുന്നു. ജൂതന്മാരെന്നും കരുതി അല്ലാത്ത ചിലരെയും കൊന്നിട്ടുണ്ട്.

നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളികൾ തകർക്കുക, ശ്മശാനങ്ങളിലെ കല്ലറകളിലെ കല്ലുകൾ ഊരിയെടുക്കുക, തീയിടുക, ആരാധന-വിശുദ്ധപുസ്തകങ്ങൾ കത്തിക്കുക, ജൂതർ വിശുദ്ധമെന്നു കരുതുന്ന കെട്ടിടങ്ങൾ മനസ്സിലാവാത്തത്രയും തല്ലിത്തകർത്ത് വികൃതമാക്കുക ഇങ്ങനെയിങ്ങനെ ആക്രമണങ്ങൾ വളരെയായിരുന്നു. ഇതു കൂടാതെ ജൂതസമൂഹത്തിന് നൂറുകോടി മാർക്ക് പിഴയുമിട്ടു. ആസ്ട്രിയയിൽ തകർക്കൽ പൂർണ്ണമായിരുന്നു. എല്ലാ പള്ളികളും ആരാധാനാലയങ്ങളും അവിടെ തകർത്തു. ആൾക്കാരെ ഏതുവിധേനയും മാനംകെടുത്തി. അയൽക്കാരും സുഹൃത്തുക്കളും പോലുമായിരുന്നവർ ജൂതരെക്കൊണ്ട് നിർബന്ധിതമായി വഴിയോരങ്ങൾ തുടപ്പിച്ചു.

ക്യാമ്പുകളിലെ ക്രൂരത

[തിരുത്തുക]

നവംബർ 11 -ന് ഗീബൽസ് നടത്തിയ പ്രസ്താവനയോടെ കലാപം നിന്നു. എന്നാൽ അതേത്തുടർന്നു ക്യാമ്പുകളിലേക്ക് കൊണ്ടുപോയവരുടെ നേർക്ക് അതിക്രൂരമായ പീഡനമായിരുന്നു. നവംബർ 23 -ന് ലണ്ടൻ ക്രോണിക്കളിൽ വന്ന ഒരു റിപ്പോർട്ട് പ്രകാരം ശിക്ഷ ലഭിച്ചുകൊണ്ടിരുന്ന 62 ജൂതന്മാരുടെ കരച്ചിൽ സഹിക്കാനാവാതെ പോലീസുകാർക്ക് പുറംതിരിഞ്ഞു നിൽക്കേണ്ടി വന്നു. വീഴുന്നതുവരെ അവരെ അടിച്ചു, വീണതിനുശേഷം പിന്നെയും അടിച്ചു. അതിന്റെ അവസാനം 62 പേർ കൊല്ലപ്പെട്ടു, അവരുടെ തലയോടുകൾ തല്ലിപ്പൊട്ടിച്ചു. ബാക്കിയുള്ളവർ ബോധം നശിച്ച അവസ്ഥയിൽ ആയിരുന്നു. പലരുടെയും കണ്ണുകൾ അടികൊണ്ട് പുറത്തെത്തിയിരുന്നു, മുഖങ്ങൾ അടികൊണ്ട് പരന്ന് ആകൃതിയില്ലാത്തവണ്ണം ആയിരുന്നു. തടവിലായിരുന്ന 30000 ജൂതമാരെ മൂന്നുമാസത്തിനുള്ളിൽ മോചിപ്പിക്കുമ്പോഴേക്കും 2000 -ലേറെ പേരോളം മരിച്ചിരുന്നു.

കലാപത്തിനുശേഷമുള്ള പരിപാടികളെപ്പറ്റി ചിന്തിക്കാൻ ഹെർമാൻ ഗ്വോറിങ്ങ് വിളിച്ചുചേർത്ത യോഗത്തിൽ പറഞ്ഞതുപ്രകാരം തനിക്ക് ഹിറ്റ്‌ലറിൽ നിന്നും ജൂതപ്രശ്നത്തിനു സ്ഥിരമായപരിഹാരം കണ്ടെത്താനുള്ള വഴികൾ കണ്ടുപിടിക്കണെമെന്ന് നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്നും, അതു ഏതു വിധേനയായാലും വേണ്ടില്ലെന്നും തങ്ങൾ യോഗം കൂടിയിരിക്കുന്നത് വെറുതെ പ്രശ്നം ചർച്ച ചെയ്യാൻ മാത്രമല്ലെന്നും തീരുമാനങ്ങൾ ഉണ്ടാക്കാൻ തന്നെയാണെന്നും ജർമ്മൻ സാമ്പത്തികകാര്യങ്ങളിൽ നിന്നും ജുതരെ എങ്ങനെ ഇല്ലാതാക്കാമെന്നും ആണെന്നും അതിനുള്ള മാർഗ്ഗങ്ങൾ തനിക്ക് അയച്ചുതരാനും ആവശ്യപ്പെട്ടു.[19]

പോഗ്രാമിനു ശേഷവും ജൂതപീഡനം തുടർന്നു. റാതിന്റെ കൊലപാതകം മൂലമുള്ള നഷ്ടങ്ങൾ നികത്താൻ ജൂതരെല്ലാം കൂടി നൂറുകോടി മാർക്ക് (ഇന്നത്തെ നിരക്കിൽ 550 കോടി അമേരിക്കൻ ഡോളർ) നഷ്ടപരിഹാരം നൽകണമെന്നും അതിനായി ജൂതരുടെ സമ്പത്തിന്റെ അഞ്ചിലൊന്നു നിർബന്ധമായി പിടിച്ചെടുക്കാനും തീരുമാനിച്ചു. കൂടാതെ ജർമ്മനിക്കുണ്ടായ നഷ്ടം നികത്താൻ മറ്റു പണവും നൽകാൻ നിർബന്ധിതമായി.[20]

കുടിയേറി നാടുവിടുന്ന ജൂതന്മാരുടെ എണ്ണം ഒറ്റയടിക്ക് വളരെ കൂടി. നാടുവിടാൻ സാധിച്ചവരൊക്കെ അതു ചെയ്തു. ഈ സംഭവത്തിന് 10 മാസത്തിനുള്ളിൽ 115000 ജൂതന്മാർ ജർമ്മനിയിൽ നിന്നും നാടുവിട്ടു.[21] മിക്കവരും മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും പാലസ്തീനിലേക്കുമാണ് പോയത്, ഏതാണ്ട് 14000 ആൾക്കാർ ചൈനയിലെ ഷാങ്‌ഹായിലേക്കും പോയി. സർക്കാർ നയത്തിന് അനുസൃതമായി നാടുവിട്ടവരുടെ വസ്തുക്കൾ, കടകൾ, വീടുകൾ, സ്ഥലങ്ങൾ എന്നിവ നാസികൾ കയ്യേറി. നശിപ്പിക്കപെട്ട ജൂതവസ്തുക്കൾ ബ്രാണ്ടെൻബുർഗിനു സമീപത്ത് കൊണ്ടുപോയിത്തള്ളി. 2008 ഒക്ടോബറിൽ ഒരു അന്വേഷണാത്മക-പത്രപ്രവത്തകനായ യാരോൺ സ്വൊറായി ഈ സ്ഥലം കണ്ടെത്തി. 1938 നവംബർ 9 -ന് കൊള്ളയടിച്ച ജൂതരുടെ വസ്തുക്കളും ആരാധനാസാധനങ്ങളും പള്ളികളുടെ ഭാഗങ്ങളും എല്ലാം ഏതാണ്ട് നാലു ഫുട്‌ബോൾ കളത്തിന്റെ വലിപ്പമുള്ള ഇടത്ത് കൊണ്ടുപോയി കൂട്ടിയിട്ടിരിക്കുകയായിരുന്നു. നേരത്തെ തീരുമാനിച്ച ഈ സ്ഥലത്ത് തീവണ്ടിമാർഗ്ഗമാണ് ഇവ കൊണ്ടുവന്നു തള്ളിയതെന്നു കരുതപ്പെടുന്നു. ദാവീദിന്റെ നക്ഷത്രം ആലേഖനം ചെയ്ത ചില്ലുപാത്രങ്ങൾ, ഹീബ്രൂവിൽ എഴുതിയ വിശുദ്ധവസ്തുക്കൾ, ചായമടിച്ച ജനൽച്ചില്ലുകൾ, ജൂതപ്പള്ളികളിൽ കാണുന്ന ഇനം കസേരകളുടെ കൈകൾ എന്നിവയും ഇവിടെ ഉണ്ടായിരുന്നു.[22]

പ്രതികരണങ്ങൾ

[തിരുത്തുക]

ജർമ്മനിക്കാർക്കിടയിൽ സമ്മിശ്രപ്രതികരണമായിരുന്നു ഇതേപ്പറ്റി. നവംബർ 11-ന് ഗീബൽസ് എഴുതിയത് ജർമ്മൻ ജനതയുടെ ആരോഗ്യപരമായ രീതിയാണ് ഈ സംഭവത്തിൽ കാണാനാകുന്നത് എന്നാണ്. ജർമൻ‌കാർ ജൂതവിരുദ്ധരാണെന്നും അവരുടെ അവകാശങ്ങൾ കുറയ്ക്കപ്പെടുന്നതിനോടു താത്പര്യമില്ലാത്തവരാണെന്നും ജൂതവംശജർ എന്ന ഇത്തിൾക്കണ്ണികളിൽനിന്നും മുക്തമായ ഒരു ജീവിതമാണ് അവർ ആഗ്രഹിക്കുന്നതെന്നും ഗീബൽസ് പറഞ്ഞു.[23] ഈ സംഭവം നടന്നു കേവലം 24 - മണിക്കൂറിനുള്ളിൽ പത്രപ്രവർത്തകർക്കു മുന്നിൽ നടത്തിയ ഒരു മണിക്കൂറോളം നീണ്ട പ്രസംഗത്തിൽ ഇക്കാര്യത്തെപ്പറ്റി ഒരക്ഷരം പോലും ഹിറ്റ്‌ലർ ഉച്ചരിച്ചില്ല. ഇക്കാര്യത്തിൽ തനിക്ക് നേരിട്ട് ഒരു കാര്യവുമില്ല എന്ന് കണിക്കാനാണ് അയാൾ അങ്ങനെ ചെയ്തതെന്ന് യൂജീൻ ഡെവിഡ്‌സൺ അഭിപ്രായപ്പെടുന്നു.[24]

വലിയ ഒരു ശതമാനം ജർമ്മൻകാരും ഇത്തരം പ്രവൃത്തികളെ എതിർത്തിരുന്നവരാണ്. നാസിപ്പാർട്ടി അംഗങ്ങൾക്കിടയിൽ പോലും നടത്തിയ സർവേയിൽ ഇതിനോടുള്ള അനുകൂലനിലപാട് കുറച്ചുപേരേ എടുത്തിരുന്നുള്ളൂ. നാസി ആശയങ്ങൾക്കെതിരെ കത്തോലിൿ സഭ നിലപാടുകൾ എടുത്തിരുന്നു. ഈ സംഭവത്തിൽ കത്തോലിക് സഭ തങ്ങൾക്കെതിരെ കടുത്ത എതിർപ്പ് പ്രകടിപ്പിക്കുമെന്ന് നാസികൾ വിചാരിച്ചിരുന്നു.[25] എന്നാൽ ഇതിനെതിരെ കാര്യമായ പ്രതികരണം നടത്താതെ കിട്ടിയ ഒരു സുവർണ്ണ സന്ദർഭം അവർ കളഞ്ഞുകുളിച്ചു.[25] വ്യക്തികൾ ഒറ്റപ്പെട്ടനിലയിൽ എതിർപ്പ് കാണിക്കുമ്പോഴും സഭ പരസ്യമായി ഒന്നും പറഞ്ഞില്ല.[25] ഒരു പാതിരി ഒരു ജൂത-അർബുദരോഗിയുടെ ചികിൽസയുടെ ബില്ല് അടച്ചതിന് അയാളെ 1941-ൽ പലമാസങ്ങളോളം ജയിലിൽ ഇടുകയുണ്ടായി. മറ്റൊരു കത്തോലിക്ക സന്യാസിനിയെ ജൂതരെ സഹായിച്ചെന്ന പേരിൽ 1945-ൽ വധിക്കുകയുണ്ടായി.[25] എതിർപ്പു പ്രകടിപ്പിച്ച ഒരു പ്രൊട്ടസ്റ്റന്റ് പാതിരിയെ 1943 -ൽ ഡാക്ഹൗ ക്യാമ്പിലേക്ക് അയയ്ക്കുകയും അയാൾ ഏതാനും ദിവസങ്ങൾക്കുശേഷം മരണമടയുകയും ചെയ്തു.[25]

വാർത്തപുറത്തുവന്നതും ലോകമെങ്ങും രാഷ്ട്രങ്ങൾ ഗൗരവമായിത്തന്നെ പ്രതികരിച്ചു. യൂറോപ്പിലും അമേരിക്കയിലും നാസി അനുകൂലനടപടികളെ തള്ളിപ്പറയുകയും പതിയെ അവർക്ക് ലഭിക്കുന്ന പിന്തുണ ഇല്ലാതാവുകയും ചെയ്തു. അമേരിക്ക അംബാസഡറെ തിരികെ വിളിച്ചു. ബ്രിട്ടീഷ് സർക്കാർ കുറെ അനാഥജൂതക്കുട്ടികളെ ബ്രിട്ടനിലേക്ക് കൊണ്ടുവരാൻ അനുമതി നൽകി. നാസി ജർമനിയും ലോകരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവാൻ ഈ സംഭവം ഒരു കാരണമായി. ജൂതവിരുദ്ധതയുടെ തീവ്രത കാരണം പല രാജ്യങ്ങളിലും യുദ്ധം നടത്താനുള്ള മുറവിളി പോലുമുണ്ടായി.

ചില്ലുകൾ തകർത്ത രാത്രി ഉണ്ടാക്കിയ മാറ്റം

[തിരുത്തുക]

സാമ്പത്തികവും രാഷ്ട്രിയവും സാമൂഹികവുമായ ഉപരോധങ്ങളിൽ നിന്നും മർദ്ദനങ്ങളിലേക്കും തടവിലാക്കലിലേക്കും കൊലപാതകങ്ങളിലേക്കും കാര്യങ്ങൾ നീങ്ങുവാൻ ഇടയാക്കിയ ഒരു സംഭവമെന്ന നിലയിൽ ജൂതവിരോധം എന്നതിൽ പ്രകടമായ ഒരു മാറ്റം വരുത്തിയ സംഭവമായി ഇതിനെ കരുതാം.[26] പലരും ഹോളോകോസ്റ്റിന്റെ തുടക്കമായി ചില്ലുകൾ തകർത്ത രാത്രിയെ കണ്ടുവരുന്നു. അന്തിമപരിഹാരത്തിന്റെ ഭാഗമായുള്ള വംശഹത്യയുടെ തുടക്കമായി ഇതിനെ കണക്കാക്കാം. ഒരു എസ് എസ് പത്രം, നശീകരണത്തിനായി വാളുകളും പന്തങ്ങളും ഉപയോഗിക്കാൻ ആഹ്വാനം ചെയ്തു. പോഗ്രോമിന്റെ അടുത്ത ദിവസം നടത്തിയ കോൺഫറൻസിൽ ഹെർമാൻ ഗ്വോറിങ്ങ് പറഞ്ഞത്: എന്നു നമ്മൾ ഒരു യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നുവോ, അത് ഉടനെ തന്നെയുണ്ടാവും, നമ്മൾ ജൂതപ്രശ്നത്തിന് അന്തിമപരിഹാരം കാണും- അപ്പോൾ നമ്മൾ ജൂതന്മാരുമായുള്ള അന്തിമ ഇടപാടുകൾ നടത്തിയിരിക്കും.[9]

ഈ സംഭവത്തോടെ ഹോളോകോസ്റ്റ് നടപ്പാക്കാനുള്ള പിന്നാമ്പുറപദ്ധതികളൊക്കെ ഒരുക്കാൻ നാസികൾക്കായി. ജൂതരുടെ സമ്പാദ്യങ്ങൾ കൊള്ളയടിക്കുകവഴി യുദ്ധത്തിനാവശ്യമായ സൈനികസന്നാഹങ്ങൾ ഒരുക്കാനുള്ള പണം സ്വരുക്കൂട്ടി. ജൂതരെ വേർതിരിച്ച് ഒറ്റപ്പെടുത്തുവാനായി. വെറും ജൂതവിരോധം എന്നതിൽ നിന്നും മാറി അന്നുരാത്രി തുടങ്ങിയ ശാരീരികദ്രോഹപരിപാടികൾ 1945 -ൽ യുദ്ധം തീരുന്നതുവരെ തുടർന്നു. ജനപിന്തുണ ഇല്ലാതിരുന്നിട്ടുകൂടി ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന് തങ്ങളുടെ അജണ്ടകൾ നടപ്പിലാക്കാൻ കഴിഞ്ഞതിന്റെ ഉദാഹരണം കൂടിയാണിത്.

സമീപകാലത്ത്

[തിരുത്തുക]

1989 നവംബർ 9 -നാണ് ബെർളിൻ മതിൽ തകർന്നത്. എന്നാലും ആ തിയതി ചില്ലുകൾ തകർത്ത രാത്രിയെ ഓർമ്മിപ്പിക്കുന്നതിനാൽ പുതിയ ജർമ്മനിയുടെ ദേശീയ അവധിദിനമായി ഒക്ടോബർ 1990 ആണ് തെരഞ്ഞെടുത്തത്.

ചിത്രങ്ങൾ

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]
  1. "'German Mobs' Vengeance on Jews", The Daily Telegraph, 11 November 1938, cited in Gilbert, Martin. Kristallnacht: Prelude to Destruction. Harper Collins, 2006, p. 42.
  2. The United States Holocaust Memorial Museum's "Holocaust Encyclopedia" is a more definitive reference that is similar to this Wikipedia article https://web.archive.org/web/20170915232439/http://www.ushmm.org/wlc/en/article.php?ModuleId=10005201
  3. 3.0 3.1 3.2 "World War II: Before the War", The Atlantic, 19 June 2011. "Windows of shops owned by Jews which were broken during a coordinated anti-Jewish demonstration in Berlin, known as Kristallnacht, on Nov. 10, 1938. Nazi authorities turned a blind eye as SA stormtroopers and civilians destroyed storefronts with hammers, leaving the streets covered in pieces of smashed windows. Some sources estimate that ninety-one Jews were killed, and 30,000 Jewish men were taken to concentration camps."
  4. 4.0 4.1 Gilbert, pp. 13–14
  5. Berenbaum, Michael & Kramer, Arnold (2005). The World Must Know. United States Holocaust Memorial Museum. p. 49.
  6. Gilbert, pp. 30–33.
  7. Multiple authors (1998). "Kristallnacht". The Hutchinson Encyclopedia 1998 edition. Hutchinson Encyclopedias. Vol. 1998 (18 (1998) ed.). England: Helicon Publishing. p. 1199. ISBN 1-85833-951-0.
  8. Goldstein, Joseph (1995). Jewish History in Modern Times. Sussex Academic Press. pp. 43–44. ISBN 978-1-898723-06-6.
  9. 9.0 9.1 9.2 Gilbert, p. 23.[incomplete short citation]
  10. Cooper, R.M. (1992). Refugee Scholars:Conversations with Tess Simpson. Leeds. p. 31.{{cite book}}: CS1 maint: location missing publisher (link)
  11. Friedländer, Saul. Nazi Germany and The Jews, volume 1: The Years of Persecution 1933–1939, London: Phoenix, 1997, p. 270
  12. Mommsen, Hans (12 December 1997). "Interview with Hans Mommsen" (PDF). Yad Vashem. Retrieved 6 February 2010.
  13. "Recollections of Rosalind Herzfled," Jewish Chronicle, 28 September 1979, p. 80; cited in Gilbert, The Holocaust—The Jewish Tragedy, London: William Collins Sons & Co. Ltd, 1986.
  14. "Nazis Planning Revenge on Jews", News Chronicle, 9 November 1938
  15. Friedländer, op.cit., p. 268.
  16. Walter Buch to Goring, 13.2.1939, Michaelis and Schraepler, Ursachen, Vol.12, p. 582 as cited in Friedländer, p. 271.
  17. "Heydrich's secret instructions regarding the riots in November 1938", (Simon Wiesenthal Center)
  18. "The deportation of Regensburg Jews to Dachau concentration camp" Archived 2018-10-06 at the Wayback Machine. (Yad Vashem Photo Archives 57659)
  19. Conot, Robert. Justice at Nuremberg, New York, NY: Harper and Row, 1983, pp. 164–72.
  20. "JudenVermoegersabgabe" (The Center for Holocaust and Genocide Studies)
  21. Jewish emigration from Germany Archived 2013-05-12 at the Wayback Machine. (USHMM)
  22. Connolly, Kate (22 October 2008). "Kristallnacht remnants unearthed near Berlin". The Guardian. London. Retrieved 7 May 2010.
  23. Daily Telegraph, 12 November 1938. Cited in Gilbert, Martin. Kristallnacht: Prelude to Destruction. Harper Collins, 2006, p. 142.
  24. Eugene Davidson. The Unmaking of Adolf Hitler. Columbia: University of Missouri Press, 1996. ISBN 978-0-8262-1045-6. p. 325
  25. 25.0 25.1 25.2 25.3 25.4 Gordon, pp. 251, 252, 258, 259
  26. Krefeld, Stadt (1988). Ehemalige Krefelder Juden berichten uber ihre Erlebnisse in der sogenannten Reichskristallnacht. Krefelder Juden in Amerika. Vol. 3. Cited in Johnson, Eric. Krefeld Stadt Archiv: Basic Books. p. 117.

അവലംബം

[തിരുത്തുക]
Books in English
Books in German
  • Christian Faludi: Die „Juni-Aktion" 1938. Eine Dokumentation zur Radikalisierung der Judenverfolgung. Campus, Frankfurt a. M./New York 2013, ISBN 978-3-593-39823-5
  • Hans-Dieter Arntz. "Reichskristallnacht". Der Novemberpogrom 1938 auf dem Lande - Gerichtsakten und Zeugenaussagen am Beispiel der Eifel und Voreifel, Helios-Verlag, Aachen 2008, ISBN 978-3-938208-69-4
  • Döscher, Hans-Jürgen (1988). Reichskristallnacht: Die Novemberpogrome 1938 (in German). Ullstein. ISBN 978-3-550-07495-0.{{cite book}}: CS1 maint: unrecognized language (link)
  • Kaul, Friedrich Karl; Herschel Feibel Grynszpan (1965). Der Fall des Herschel Grynszpan (in German). Berlin: Akademie-Verl.{{cite book}}: CS1 maint: unrecognized language (link) ISBN Unknown. ASIN B0014NJ88M. Available at Oxford Journals (PDF)
  • Korb, Alexander (2007). Reaktionen der deutschen Bevölkerung auf die Novemberpogrome im Spiegel amtlicher Berichte (in ജർമ്മൻ). Saarbrücken: VDM Verlag. ISBN 978-3-8364-4823-9.
  • Lauber, Heinz (1981). Judenpogrom: "Reichskristallnacht" November 1938 in Grossdeutschland : Daten, Fakten, Dokumente, Quellentexte, Thesen und Bewertungen (Aktuelles Taschenbuch) (in ജർമ്മൻ). Bleicher. ISBN 3-88350-005-4.
  • Pätzold, Kurt & Runge, Irene (1988). Kristallnacht: Zum Pogrom 1938 (Geschichte) (in ജർമ്മൻ). Köln: Pahl-Rugenstein. ISBN 3-7609-1233-8.{{cite book}}: CS1 maint: multiple names: authors list (link)
  • Pehle, Walter H. (1988). Der Judenpogrom 1938: Von der "Reichskristallnacht" zum Völkermord (in ജർമ്മൻ). Frankfurt am Main: Fischer Taschenbuch Verlag. ISBN 3-596-24386-6.
  • Schultheis, Herbert (1985). Die Reichskristallnacht in Deutschland nach Augenzeugenberichten (Bad Neustadter Beiträge zur Geschichte und Heimatkunde Frankens) (in ജർമ്മൻ). Bad Neustadt a. d. Saale: Rotter Druck und Verlag. ISBN 3-9800482-3-3.
Online resources

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:Navbox with collapsible groups/configuration' not found ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:Navbox with collapsible groups/configuration' not found

"https://ml.wikipedia.org/w/index.php?title=ചില്ലുകൾ_തകർത്ത_രാത്രി&oldid=3980915" എന്ന താളിൽനിന്ന് ശേഖരിച്ചത്