Jump to content

എലീനർ റൂസ്‌വെൽറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Eleanor Roosevelt എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എലീനർ റൂസ്‌വെൽറ്റ്
Roosevelt in 1933
1st Chair of the Presidential Commission on the Status of Women
ഓഫീസിൽ
January 20, 1961 – November 7, 1962
രാഷ്ട്രപതിJohn F. Kennedy
മുൻഗാമിPosition established
പിൻഗാമിEsther Peterson
1st United States Representative to the United Nations Commission on Human Rights
ഓഫീസിൽ
January 27, 1947[1] – January 20, 1953[2]
രാഷ്ട്രപതിHarry S. Truman
മുൻഗാമിPosition established
പിൻഗാമിMary Pillsbury Lord
1st Chair of the United Nations Commission on Human Rights
ഓഫീസിൽ
April 29, 1946[3] – December 30, 1952[4]
മുൻഗാമിPosition established
പിൻഗാമിCharles Malik
First Lady of the United States
In role
March 4, 1933 – April 12, 1945
രാഷ്ട്രപതിFranklin D. Roosevelt
മുൻഗാമിLou Henry Hoover
പിൻഗാമിBess Truman
First Lady of New York
In role
January 1, 1929 – December 31, 1932
ഗവർണ്ണർFranklin D. Roosevelt
മുൻഗാമിCatherine Dunn
പിൻഗാമിEdith Altschul
വ്യക്തിഗത വിവരങ്ങൾ
ജനനം
Anna Eleanor Roosevelt

(1884-10-11)ഒക്ടോബർ 11, 1884
New York City, U.S.
മരണംനവംബർ 7, 1962(1962-11-07) (പ്രായം 78)
New York City, U.S.
Cause of deathCardiac failure complicated by tuberculosis
അന്ത്യവിശ്രമംHome of FDR National Historic Site, Hyde Park, New York
രാഷ്ട്രീയ കക്ഷിDemocratic
പങ്കാളി
(m. 1905; died 1945)
കുട്ടികൾ6
മാതാപിതാക്കൾs
ബന്ധുക്കൾSee Roosevelt family
ഒപ്പ്

അന്ന എലീനർ റൂസ്‍വെൽറ്റ് (/ˈɛlᵻnɔːr ˈroʊzəvɛlt/; ഒക്ടോബർ 11, 1884 – നവംബർ 7, 1962) ഒരു അമേരിക്കൻ രാഷ്ടീയനേതാവും നയതന്ത്രജ്ഞയും സാമൂഹ്യപ്രവർത്തകയുമായിരുന്നു.[5] അമേരിക്കൻ ഐക്യനാടുകളിൽ ഏറ്റവും കൂടുതൽ കാലം പ്രഥമവനിതയായിരുന്നത് എലീനർ റൂസ്‍വെൽറ്റ് ആയിരുന്നു. 1933 മുതൽ 1945 വരെ ഭർത്താവ് ഫ്രാങ്ക്ളിൻ ഡി. റൂസ്‌വെൽറ്റ് നാലു തവണ പ്രസിഡൻറായിരുന്നവേളയിലായിരുന്നു അവർ ഈ സ്ഥാനം അലങ്കരിച്ചത്.[6] 1945 മുതൽ 1952 വരെ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ അമേരിക്കൻ ഐക്യനാടുകളുടെ പ്രതിനിധിയുമായിരുന്നു അവർ.[7][8] എലീനറുടെ മനുഷ്യാവാകാശ പ്രവർത്തനങ്ങളിലെ മികച്ച സംഭാവനകൾക്കുള്ള ബഹുമാനസൂചകമായി അമേരിക്കൻ പ്രസിഡന്റായിരുന്ന ഹാരി എസ്. ട്രൂമാൻ അവരെ വിശേഷിപ്പിച്ചത് “ഫസ്റ്റ് ലേഡി ഓഫ് വേൾഡ്” എന്നായിരുന്നു.[9] ഇരുപതാം നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ വനിതകളിലൊരാളായാണ് എലീനറെ, പ്രസിഡൻറ് റൂസ്‍വെൽറ്റ് വിലയിരുത്തിയത്. അവർ ഒരു ഭാര്യ, അമ്മ, അദ്ധ്യാപിക, പ്രഥമ വനിത, പത്രപ്രവർത്തക, എഴുത്തുകാരി, ലോകസഞ്ചാരി, നയതന്ത്രജ്ഞ, രാഷ്ടീയനേതാവ് എന്നീ നിലകളിലൂടെയല്ലാം കടന്നു പോകുകയും താൻ കടന്നുചെന്ന മേഖലകളിലൊക്കെയും തന്റെ വ്യക്തിത്വം ഉയർത്തിപ്പിടിക്കുകയും വിജയക്കൊടി പാറിക്കുകയും ചെയ്തിരുന്നു.

അമേരിക്കയിലെ പ്രമുഖരായ റൂസ്വെൽറ്റ്, ലിവിംഗ്സ്റ്റൺ കുടുംബങ്ങളിലെ അംഗമായിരുന്നു എലീനർ റൂസ്വെൽറ്റ് പ്രസിഡന്റ് തിയോഡോർ റൂസവെൽറ്റിന്റെ അനന്തരവളുംകൂടിയായിരുന്നു.[10] മാതാപിതാക്കളുടേയും സഹോദരങ്ങളിലൊരാളുടെ ചെറുപ്പകാലത്തെ മരണങ്ങൾ കാരണമായി അസന്തുഷ്ടമായ ഒരു കുട്ടിക്കാലമായിരുന്നു അവർക്കുണ്ടായിരുന്നത്. 15-ആമത്തെ വയസ്സിൽ അവർ ലണ്ടനിലെ അലെൻവുഡ് അക്കാദമിയിൽ വിദ്യാഭ്യാസം ചെയ്യുകയും അവിടുത്തെ പ്രധാനാദ്ധ്യാപികയായിരുന്ന മേരി സൗവേസ്ട്രേ അവരെ ആഴത്തിൽ സ്വാധീനിക്കുകയും ചെയ്തിരുന്നു. അമേരിക്കയിലേക്ക് മടങ്ങിവന്ന അവൾ 1905-ൽ തന്റെ അഞ്ചാമത്തെ കസിനായിരുന്ന ഫ്രാങ്ക്ലിൻ ഡെലാനോ റൂസ്വെൽറ്റിനെ വിവാഹം ചെയ്തു. ഫ്രാങ്ക്ലിൻറെ അതീവ നിയന്ത്രിതാവായ മാതാവ് സാറയുടെ പ്രവർത്തികൾ കാരണമായി ദമ്പതിമാരുടെ വിവാഹം അതീവ സങ്കീർണ്ണമായിരുന്നു. ഇതോടൊപ്പം 1918 ൽ ലൂസി മെർസറുമായി തന്റെ ഭർത്താവിനുണ്ടായിരുന്ന രഹസ്യ ബന്ധം കണ്ടെത്തിയതോടെ സ്വന്തം ജീവിതത്തെ പൊതുജീവിതത്തിലേക്ക് തിരിച്ചുവിടുന്നതിലൂടെ പ്രശ്നങ്ങൾക്കു പരിഹാരം കാണുവാൻ അവർ തീരുമാനിച്ചു. 1921 ൽ കാലുകളുടെ സാധാരണ ഉപയോഗത്തിനും ഒരു പക്ഷാഘാതത്തെത്തുടർന്ന് രോഗഗ്രസ്തനായ ഫ്രാങ്ക്ലിനെ രാഷ്ട്രീയത്തിൽത്തന്നെ തുടരുവാൻ അവർ പ്രേരിപ്പിക്കുകയും തുടർന്ന് അദ്ദേഹത്തിന്റെ സ്ഥാനത്ത് എലീനർ പ്രസംഗങ്ങൾ പ്രചരിപ്പിക്കുകയും പ്രചാരണ പ്രവർത്തനങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. 1928 ൽ ഫ്രാങ്ക്ലിൻ ന്യൂയോർക്കിലെ ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷവും അദ്ദേഹത്തിന്റെ ശിഷ്ടകാല പൊതുജീവിതത്തിലും എലീനർ റൂസ്വെൽറ്റ് അദ്ദേഹത്തിനുവേണ്ടി പതിവായി പൊതുരംഗത്തു പ്രത്യക്ഷപ്പെടുകയും ഭർത്താവ് പ്രസിഡന്റായി സേവനമനുഷ്ടിച്ചിരുന്ന കാലയളവിൽ പ്രഥമവനിതയെന്ന നിലയിൽ ആ സ്ഥാനത്തെ പുനർരൂപീക്കുകയും പുനഃവ്യാഖ്യാനം ചെയ്യുകയുമുണ്ടായി.

പിൽക്കാലങ്ങളിൽ ഏറെ ബഹുമാനിക്കപ്പെട്ടുവെങ്കിലും, തന്റെ വെട്ടിത്തുറന്നുപറയുന്ന സ്വഭാവം കാരണമായി, പ്രത്യേകിച്ചും ആഫ്രിക്കൻ-അമേരിക്കൻ പൌരന്മാരുടെ അവകാശങ്ങൾക്കായി, എലീനർ റൂസ്വെൽറ്റ് ഏറെ വിവാദമുണ്ടാക്കിയ ഒരു പ്രഥമ വനിതയായിരുന്നു. സ്ഥിരമായി പത്രസമ്മേളനം നടത്തിയിരുന്ന ആദ്യ പ്രഥമവനിതയെന്നപോലെ പത്രപംക്തികളിലെ ദിനേനയുള്ള എഴുത്ത്, മാസികകളിലെ പ്രതിമാസ പംക്തികൾ കൈകാര്യം ചെയ്യുക എന്നിവ കൂടാതെ ആഴ്ചതോറുമുള്ള ഒരു റേഡിയോ പരിപാടി ആതിഥേയത്വം വഹിക്കുക, പാർട്ടിയുടെ ഒരു ദേശീയ കൺവെൻഷനിൽ സംസാരിക്കുക എന്നിവയും അവർ ചെയ്തിരുന്നു. ഏതാനും സന്ദർഭങ്ങളിൽ അവർ ഭർത്താവിന്റെ നയങ്ങളുമായി പരസ്യമായി വിയോജിച്ചിരുന്നു. തൊഴിൽരഹിതരായ ഖനിത്തൊഴിലാളികളുടെ കുടുംബങ്ങൾക്കായി വെസ്റ്റ് വിർജീനിയയിലെ ആർതർഡേലിൽ ഒരു പരീക്ഷണാത്മക സമുദായത്തെ അവർ പരിചയപ്പെടുത്തിയിരുന്നത് പിന്നീട് ഒരു പരാജയമായി കണക്കാക്കപ്പെട്ടു. തൊഴിലിടങ്ങളിൽ സ്ത്രീകൾക്കു വിപുലമായ സ്ഥാനങ്ങൾക്കുവേണ്ടി അവൾ വാദിക്കുകയും അതോടൊപ്പം ആഫ്രിക്കൻ അമേരിക്കക്കാരുടേയും ഏഷ്യൻ അമേരിക്കക്കാരുടേയും പൗരാവകാശങ്ങൾ, രണ്ടാം ലോകമഹായുദ്ധകാലത്തെ അഭയാർത്ഥികളുടെ അവകാശങ്ങൾ എന്നിവയ്ക്കുവേണ്ടിയും വാദിച്ചിരുന്നു.

1945 ൽ തന്റെ ഭർത്താവിന്റെ മരണത്തെ തുടർന്ന്, ജീവിതത്തിലെ ശേഷിച്ച 17 വർഷക്കാലം എലീനർ റൂസ്വെൽറ്റ് രാഷ്ട്രീയത്തിൽ സജീവമായിരുന്നു. ഐക്യരാഷ്ട്രസഭയിൽ ചേരാനും അതിനെ പിന്തുണയ്ക്കാനും അവർ അമേരിക്കൻ ഐക്യനാടുകളുടമേൽ സമ്മർദ്ദം ചെലുത്തുകയും അതിന്റെ ആദ്യത്തെ പ്രതിനിധി ആകുകയും ചെയ്തു. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാനായി പ്രവർത്തിക്കുകയും മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനത്തിന്റെ കരട് തയ്യാറാക്കുന്നതിനു മേൽനോട്ടം വഹിക്കുകയും ചെയ്തു. പിന്നീട് ജോൺ. എഫ്. കെന്നഡി ഭരണകൂടത്തിന്റെ വനിതകളുടെ പദവി നിർണ്ണയിക്കുന്ന പ്രസിഡൻഷ്യൽ കമ്മീഷന്റെ ചെയർമാനായി. അവരുടെ മരണസമയത്ത്, "ലോകത്തിലെ ഏറ്റവും ബഹുമാന്യരായ സ്ത്രീകളിൽ ഒരാൾ" എന്നു എലീനർ റൂസ്വെൽറ്റ് വിശേഷിപ്പിക്കപ്പെട്ടു. ദ ന്യൂ യോർക്ക് ടൈംസ് ഒരു ചരമക്കുറിപ്പിൽ "സാർവത്രിക ബഹുമാനത്തിന്റെ ഹേതു" ആയി അവരെ വിശേഷിപ്പിച്ചു.[11] 1999 ൽ, ഗാലപ്പിന്റെ ഇരുപതാം നൂറ്റാണ്ടിൽ ഏറ്റവുംകൂടുതൽ സ്വാധീനം ചെലുത്തിയ വ്യക്തികളുടെ പട്ടികയിൽ അവർ ഒൻപതാം റാങ്കിലായിരുന്നു.[12]

ജീവിതരേഖ

[തിരുത്തുക]

അന്ന എലീനർ റൂസ്‍വെൽറ്റ് ജനിച്ചത് ന്യൂയോർക്ക് നഗരത്തിലെ മൻഹാട്ടണിലാണ്.[13][14] മാതാപിതാക്കൾ സമൂഹത്തിലെ വരേണ്യവർഗ്ഗത്തിലെ എലിയട്ട് ബുള്ളോച്ച് റൂസ്‍വെൽറ്റും (1860–1894) അന്ന റെബേക്ക ഹാളും (1863 -1892) ആയിരുന്നു.[15] ചെറുപ്രായത്തിൽത്തന്നെ എലീനർ എന്ന പേരു വിളിക്കുന്നതായിരുന്നു അവർക്കിഷ്ടം. പിതാവ് വഴി അവർ പ്രസിഡന്റ് തിയോഡോർ റൂസ്‍വെൽറ്റിൻറെ (1858-1919) അനന്തരവൾ ആയിരുന്നു. അതുപോലെതന്നെ മാതാവു വഴി അവർ പ്രസിദ്ധ ടെന്നീസ് ചാമ്പ്യനായിരുന്ന വാലന്റൈൻ ഗിൽ ഹാൾ III (1867-1934), എഡ്വേർഡ് ലഡ്‍ലോ (1872-1932) എന്നിവരുടെയും അനന്തരവളായിരുന്നു. ചെറുപ്പത്തിൽ വളരെ ഗൌരവക്കാരിയായിരുന്ന എലീനറെ അമ്മ “ഗ്രാനി” എന്നാണു വിളിച്ചിരുന്നത്.[16] മകളുടെ തുറന്ന പ്രകൃതം അന്നയിൽ ഒരൽപ്പം ലജ്ജയുളവാക്കിയിരുന്നു.[17]

അന്ന എലീനർക്ക് രണ്ടു ഇളയ സഹോദരൻമാർകൂടിയുണ്ടായിരുന്നു. എലിയട്ട് ജൂനിയർ (1889–1893) “ഹാൾ” എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന  ഗ്രാസീ ഹാൾ റൂസ്‍വെൽറ്റ് എന്നിവരാണവർ (1891–1941). അതുപോലെതന്നെ എലീനർക്ക് ഒരു അർദ്ധസഹോദരൻകൂടിയുണ്ടായിരുന്നു. അവരുടെ പിതാവിന് കുടുംബത്തിലെ പരിചാരികയായിരുന്ന കാത്തി മാനുമായുള്ള ബന്ധത്തിൽ ജനിച്ച  എലിയട്ട് റൂസ്‍വെൽറ്റ് മാൻ (1891-1976).[18] അന്ന എലീനർ റൂസ്‍വെൽറ്റ് ജനിച്ചത് ധനികവും പ്രബലവുമായ ഒരു ഉന്നതകുടുംബത്തിലായിരുന്നു. ന്യൂയോർക്കിലെ “സ്വെൽസ്” എന്ന പേരിലറിയപ്പെട്ടിരുന്ന ഉന്നതകുലജാതരുടെ കൂട്ടായ്മയുടെ ഭാഗവുമായിരുന്നു ഈ കുടുംബം.[19]

1892 ൽ ഡിഫ്ത്തീരിയ ബാധിച്ച് എലീനറുടെ മാതാവ് മരണപ്പെട്ടു. ഇതേ അസുഖം ബാധിച്ച് തൊട്ടടുത്ത മെയ് മാസത്തിൽ ഇളയ സഹോദരനായ എലിയട്ട് ജൂനിയറും മരണപ്പെട്ടു.[20] മുഴുക്കുടിയനായ അവരുടെ പിതാവ് 1894 ആഗസ്റ്റ് 14 ന് ഒരു ആരോഗ്യപരിപാലനകേന്ദ്രത്തിൽവച്ചു മദ്യപാനികൾക്ക് കുടി നിർത്തുന്ന വേളയിലനുഭവപ്പെടുന്ന മതിഭ്രമം കാരണം ജനാലവഴി എടുത്തുചാടുകയും ഇതേത്തുടർന്നുണ്ടായ പരിക്കുകളും ജ്വരസന്നിയും കാരണമായി  മരണമടയുകയും ചെയ്തു.[21] കുട്ടിക്കാലത്തെ ആഘാതങ്ങൾ അവരെ ജീവിതകാലം മുഴുവൻ അധോന്മുഖയും ഉന്മേഷരഹിതയുമാക്കി.[21] അവരുടെ സഹോദരൻ ഹാൾ, പിന്നീട്  മദ്യാസക്തിക്ക് അടിമയായി.[22] പിതാവ് മരണപ്പെടുന്നതിന് മുമ്പ് ഹാൾ, എലിനോറെ മാതാവിനു സമാനമായിട്ടാണ് കരുതിയിരുന്നത്.  എലിനോർ ഹാളിനോട് അമിതവാത്സല്യം കാണിക്കുകയും 1907 ൽ ഗ്രോട്ടൺ സ്കൂളിൽ ചേർന്നവേളയിൽ ഹാളിനോടൊപ്പം അകമ്പടിയായി പോകുകയും ചെയ്തു. ഹാൾ അവിടെ വിദ്യാഭ്യാസം ചെയ്തുകൊണ്ടിരിക്കുന്നവേളയിൽ അവർ നിരന്തരം ഹാളിനു കത്തുകളെഴുതുകയും ചെയ്തിരുന്നു. സ്കൂളിലെ വിജയകരമായ പഠനത്തിലും പിന്നീട് ഹാർവാർഡിൽ നിന്നുള്ള എൻജിനീയറിംഗ് ബിരുദം നേടിയ സമയത്തും അവർ അത്യധികം സന്തോഷിക്കുകയും അഭിമാനപുളകിതയാവുകയും ചെയ്തിരുന്നു.[23]    


മാതാപിതാക്കളുടെ മരണത്തിനുശേഷം എലീനർ തന്റെ അമ്മ വഴിയുള്ള മുത്തിശ്ശിയായ മേരി ലിവിങ്സ്റ്റൺ ലഡ്‍ലോവിൻറെ (1843-1919) ന്യൂയോർക്കിലെ ടിവോലിയിലുള്ള ലിവിങ്സ്റ്റൺ കുടുംബത്തിലേയ്ക്കു താമസം മാറി.[21] ഒരു ബാലികയെന്ന നിലയിൽ അരക്ഷിതബോധം തോന്നിത്തുടങ്ങിയ അവൾ വാത്സല്യത്തിനുവേണ്ട ദാഹിക്കുകയും സ്വയംതന്നെ താൻ ഒരു വൃത്തികെട്ട താറാവിൻകുഞ്ഞാണെന്നു തോന്നുകയു ചെയ്തു.[24] എന്നിരുന്നാലും ജീവിതത്തിൽ ഒരാളുടെ ശോഭനമായ ഭാവി അയാളുടെ ഭൗതിക സൗന്ദര്യത്തെ പൂർണ്ണമായും ആശ്രയിയിച്ചല്ല ഉരുത്തിരിയുന്നതെന്ന് റൂസ്വെൽറ്റ് 14-ാം വയസിൽ എഴുതി. ഒരു പെൺകുട്ടി എത്ര ലളിതമായ നിലയിൽനിന്നുള്ളതാകട്ടെ, തന്റെ സത്യസന്ധതയും ദൃഢവിശ്വാസവും മനസ്സിലുറപ്പുക്കുകയും അത് മുഖത്ത് പ്രതിഫലിപ്പിക്കുകയും ചെയ്താൽ എല്ലാ സമ്പദ് സൌഭാഗ്യങ്ങളും അവളിലേയക്ക് തനിയെ ആകർഷിക്കപ്പെടുമെന്നായിരുന്നു അവരുടെ ഉത്തമവിശ്വാസം.[25]

ജോസഫ് ഫി. ലാഷ് എന്ന ജീവചരിത്രകാരൻ, തന്റെ പുലിറ്റസർ അവാർഡു നേടിയ എലീനർ റൂസ്‍വെൽറ്റിന്റെ ജീവചരിത്രമായ “എലീനർ ആന്റ് ഫ്രാങ്ക്ലിൻ: ദ സ്റ്റോറി ഓഫ് ദെയർ റിലേഷൻഷിപ്പ്” എന്ന ജീവചരിത്രത്തിൽ (അവരുടെ സ്വകാര്യശേഖരത്തിലെ രേഖകൾ പ്രകാരം തയ്യാറാക്കിയത്) അവരുടെ കുട്ടിക്കാലം വളരെ അരക്ഷിതാവസ്ഥ നിറഞ്ഞതും സ്നേഹത്തിനുവേണ്ടി ദാഹിക്കുന്ന മനസ്സിനുടമയുമായിരുന്നു എന്നു രേഖപ്പെടുത്തിയിരിക്കുന്നു. അവർ വിദ്യാഭ്യാസം ചെയ്തിരുന്നത് ഒരു ട്യൂട്ടറുടെ സഹായത്തോടെയായിരുന്നു. പതിനഞ്ചാമത്തെ വയസിൽ തന്റെ അമ്മായിയായ അന്ന “ബാമീ” റൂസ്‍വെൽറ്റിൽനിന്നുള്ള പ്രചോദനമുൾക്കൊണ്ട് എലീനർ, ഇംഗ്ലണ്ടിലെ ലണ്ടൻ നഗരത്തിനു പുറത്തു സ്ഥിതി ചെയ്യുന്ന വിമ്പിൾഡണിലെ ഒരു സ്വകാര്യ സ്കൂളായ അല്ലെൻസ്‍വഡ് അക്കാഡമിയിൽ ചേർന്നു.[26] 1899 മുതൽ 1902 വരെ ഇവിടെ പഠനം തുടർന്നു. അവിടുത്തെ പ്രധാനാദ്ധ്യാപികയായിരുന്ന മേരി സൌവെസ്റ്റർ ഒരു സ്ത്രീ സ്വാതന്ത്ര്യവാദിയായിരുന്നു. അവർ ചെറുപ്പക്കാരായ വിദ്യാർത്ഥിനികളുടെ മനസ്സിൽ സ്വതന്ത്രചിന്തകൾ കടത്തിവിട്ടിരുന്ന വനിതയായിരുന്നു. എലീനർ റൂസ്‌വെൽറ്റിനോട് അവർ ഒരു പ്രത്യേക മമത കാണിക്കുകയും പ്രത്യക താൽപര്യമെടുത്ത് എലീനറെ ഫ്രഞ്ചുഭാഷ ഒഴുക്കായി സംസാരിക്കുവാൻ പരിശീലനം നൽകുകയും അവരിൽ ആത്മവിശ്വാസം കുത്തിവയ്ക്കുകയും ചെയ്തു.[27] 1905 ൽ മേരി സൌവെസ്റ്റർ മരണപ്പെടുന്നതുവരെ ഈ ബന്ധം നീണ്ടുനിന്നു. ഇതിൽപ്പിന്നെ എലീനർ മേരി സൌവെസ്റ്ററുടെ ഛായാചിത്രം തന്റെ മേശയ്ക്കുമുകളിൽ എല്ലായ്പ്പോഴും പ്രതിഷ്ടിക്കുകയും തിരിച്ചു പോകുമ്പോൾ സൌവെസ്റ്ററുടെ എഴുത്തുകുത്തുകൾ കൂടെക്കൊണ്ടുപോകുകയും ചെയ്തു.[28]എലീനറുടെ ഫസ്റ്റ് കസിനായ കോറിന്നെ ഡഗ്ലാസ് റോബിൻസൺ അക്കാലത്ത് അല്ലെൻസ്‍വുഡിൽ അദ്ധ്യയനം നടത്തിയിരുന്നു. അവർക്ക് സ്കൂളിൽ എല്ലാവിധ സൌകര്യങ്ങളും ലഭിച്ചിരുന്നതോടൊപ്പം എല്ലാവരുടെയും കണ്ണിലുണ്ണിയുമായിരുന്നു അവർ.[29]

അല്ലെൻവുഡിൽ തുടർന്നു പഠിക്കുന്നതിന് അവർ ആഗ്രഹിച്ചിരുന്നുവെങ്കിലും സാമൂഹ്യകാര്യങ്ങളിലും മറ്റും ഇടപെടുന്നതിനായി 1902 ൽ വീട്ടിൽ നിന്നു് മുത്തശ്ശിയാൽ അവർ തിരിച്ചു വിളിക്കപ്പെടുകയും ചെയ്തു.[30] അക്കാലത്ത് ധനാഢ്യരായ ഉയർന്ന കുടുംബങ്ങളിൽ ഒരു പെൺകുട്ടി പ്രായപൂർത്തിയെത്തിയാൽ താൻ എല്ലാവിധത്തിലും  ഒരു യോഗ്യതയുള്ള ചെറുപ്പക്കാരിയാണെന്നു ബോധിപ്പിക്കുവാൻ  സമൂഹത്തിലേയ്ക്കിറങ്ങിച്ചെല്ലുന്നതിന് “debut” എന്നറിയപ്പെട്ടിരുന്ന ഒരു നാട്ടുനടപ്പ് നിലവിലിരുന്നരുന്നു. ശേഷം അന്തസും ആഭിജാത്യവുമുള്ള കുടുംബങ്ങളിലേയക്ക് വിവാഹം ചെയ്തയയ്കുവാൻ കുടുംബം ശ്രദ്ധിക്കുകയും ചെയ്തിരുന്നു. 1902 ൽ തന്റെ ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ച് പതിനേഴാമത്തെ വയസിൽ എലീനർ റൂസ്‌വെൽറ്റ് സ്വദേശമായ അമേരിക്കൻ ഐക്യനാടുകളിലേയ്ക്കു തിരിച്ചുപോയി.

മൂന്നു വർഷങ്ങൾക്കു ശേഷം അവർ അമേരിക്കൻ ഐക്യനാടുകളിലേയ്ക്കു മടങ്ങുന്ന സമയം അവരുടെ അമ്മാവനായ തിയോഡോർ റൂസ്‍വെൽറ്റ് അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റായിരുന്നു. “അങ്കൾ ടെഡിന്” അവർ പ്രിയപ്പെട്ട മരുമകളായിരുന്നു. അദ്ദേഹം അവരെ “ഒരിക്കളും ഭയപ്പെടരുത്” എന്ന “റൂസ്‍വെൽറ്റ് റൂൾ” പഠിപ്പിച്ചു. സാമൂഹിക ഉത്തരവാദിത്തങ്ങളെ അതിൻറതായ അവബോധത്തോടെയും ഗൌരവത്തോടെയും എങ്ങനെ കൈകാര്യം ചെയ്യാമെന്നുള്ള പരിശീലനം അവർക്കു ലഭിച്ചിരുന്നു. അവർ പലപ്പോഴും ചെറുപ്പക്കാരായ കുടിയേറ്റക്കാരുടെയിടയിൽ, എങ്ങനെ ഐക്യനാടുകളിൽ ഒരു പുതുജീവിതം കെട്ടിപ്പടുക്കാമെന്നുള്ള വിഷയത്തിൽ സന്നദ്ധസേവന ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു.

ഫ്രാങ്ക്ലിനും എലീനറും കുട്ടികളോടൊപ്പം (1919)

ആ വർഷം ഡിസംബർ 14 ന് വാൽഡോർഫ്-അസ്റ്റോറിയ ഹോട്ടലിൽ നടന്ന ആദ്യ രംഗപ്രവേശന നൃത്തത്തിൽ (debutante ball) എലീനർ പങ്കെടുത്തു. ഈ “ഡിബറ്റ് “ പാർട്ടി മനോഹരമായരുന്നങ്കിലും താൻ അസന്തുഷ്ടയായിരുന്നവെന്നാണ് എലിനോർ ഇതെക്കുറിച്ചു പിന്നീടു പ്രതികരിച്ചത്. ഹാളിൽ കൂടിയിരിക്കുന്ന അപരിചിതരായ ചെറുപ്പക്കാർക്കിടയിൽ ഒരു പെൺകുട്ടിയെ പ്രദർശിപ്പിക്കുന്നതിലുള്ള അസന്തുഷ്ടി അവർ മറച്ചുവച്ചില്ല. 1902 ൽ സന്നിഹിതരായിരുന്ന അനേകം ചെറുപ്പക്കാരിൽ ഒരാൾ എലീനറുടെ അകന്ന കസിനായ ഫ്രാങ്ക്ലിൻ ഡെലാനോ റൂസ്‍വെൽറ്റും ഉണ്ടായിരുന്നു. അദ്ദേഹം ഹാർഡ്‍വാർഡ് യൂണിവേഴ്സിറ്റിയിലെ 20 വയസുകാരനായ വിദ്യാർത്ഥിയായിരുന്നു അക്കാലത്ത്. ഫ്രാങ്ക്ലിൻ കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനു സമീപം പല തവണ സന്ദർശിച്ചിരുന്നു.  സന്നദ്ധ സേവകരുടെ സഹായത്തോടെ സമൂഹത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസകാര്യങ്ങളിലും മറ്റും ശ്രദ്ധ പതിപ്പിക്കുകയും നേതൃത്വ പരിശീലനം നൽകുകയും ചെയ്യുന്ന  ഒരു സ്ത്രീ സംഘടനയായിരുന്ന ജൂനിയർ ലീഗിന്റെ സജീവ പ്രവർത്തകയായിരുന്നു എലീനർ. ഈ സംഘടനയിൽ  പ്രവർത്തിച്ചുകൊണ്ട് കിഴക്കൻ പ്രദേശങ്ങളിലെ ചേരി പ്രദേശങ്ങളിലെ ജനതയുടെ ഇടയിൽ വിദ്യാഭ്യാസം, നൃത്തം, അനുഷ്ടാനപാഠങ്ങൾ എന്നിവ നല്കുവാനായി  പ്രവർത്തിച്ചിരുന്നു.[31] ഈ സംഘടനയുടെ സ്ഥാപികയായും സുഹൃത്തുമായ മേരി ഹാരിമാൻ മുഖാന്തരമാണ് ഈ സംഘടനെയെക്കുറിച്ച് എലിനോർ ആദ്യമായി അറിയുന്നത്. അവരുടെ ഒരു പുരുഷ ബന്ധു ഈ സംഘടനെ വിമർശിച്ച് എലിനോറിനോടു സംസാരിക്കുകയും ചെയ്തിരുന്നു.[32]

വിവാഹം, കുടുംബ ജീവിതം

[തിരുത്തുക]
റൂസ്‍വെൽറ്റിന്റെ സ്കൂൾ ഫോട്ടോ, 1898
റൂസ്‍വെൽറ്റ് ഒരു ബാലികയായിരുന്നപ്പോഴുള്ള ചിത്രം (1887)
റൂസ്‍വെൽറ്റ് വിവാഹ വസ്ത്രത്തിൽ (1905)
എലീനറും, ഫ്രാങ്ക്ലിനും അവരുടം ആദ്യ രണ്ട് കുട്ടികളോടൊപ്പം (1908)

1902-ലെ ഒരു വേനൽക്കാലത്ത്, എലീനർ റൂസ്വെൽറ്റ് തന്റെ പിതാവിന്റെ അഞ്ചാമത്തെ കസിനായിരുന്ന ഫ്രാങ്ക്ലിൻ ഡലോനോ റൂസ്വെൽറ്റുമായി, ന്യൂയോർക്കിലെ ടിവോലിയിലേയ്ക്കുള്ള തീവണ്ടിയിൽവച്ചു കണ്ടുമുട്ടി.[33] ഇരുവരും രഹസ്യ സമാഗമങ്ങളും പ്രണയബന്ധവും തുടരുകയും 1903 നവംബർ 22 നു വിവാഹനിശ്ചയം നടത്തപ്പെടുകയും ചെയ്തു.[34] ഫ്രാങ്ക്ലിൻറെ മാതാവ് സാറ ആൻ ഡെലനോ ഇരുവരും ഒന്നാകുന്നതിനെ എതിർക്കുകയും ഒരു വർഷത്തേക്ക് വിവാഹനിശ്ചയം ഔദ്യോഗികമായി പ്രഖ്യാപിക്കില്ലെന്ന് അദ്ദേഹത്തോടു വാഗ്ദാനം ചെയ്യിക്കുകയുമുണ്ടായി. "ഞാൻ നിങ്ങളെ എത്രമാത്രം വേദനിപ്പിച്ചുവെന്ന് എനിക്ക് അറിയാം", തന്റെ തീരുമാനത്തെക്കുറിച്ച് ഫ്രാങ്ക്ലിൻ മാതാവിനു കത്തെഴുതി. അദ്ദേഹം തുടർന്നെഴുതി "പക്ഷെ, "എന്റെ സ്വന്തം മനസ്സിനെ ഞാൻ അറിയുന്നു, നാളുകളായി അറിയാം, എനിക്ക് മറ്റൊരുവിധത്തിൽ ചിന്തിക്കാനുകില്ലെന്നുമറിയാം".[35] 1904 ൽ സാറാ തന്റെ പുത്രനെ ഒരു കരീബിയൻ കപ്പൽയാത്രക്ക് അയച്ചു. ഒരു വേർപിരിയൽ ഈ പ്രണയത്തെ മറികടക്കുമെന്ന് അവർ പ്രതീക്ഷിച്ചുവെങ്കിലും ഫ്രാങ്ക്ലിൻ നിശ്ചയദാർഢ്യത്തിലായിരുന്നു.[35] സെയിന്റ് പാട്രിക് ഡേ പരേഡിനു വേണ്ടി ന്യൂ യോർക്ക് നഗരത്തിലായിരുന്ന പ്രസിഡന്റ് തിയോഡോർ റൂസ്‍വെൽറ്റ് വധുവിനെ നൽകാമെന്നു സമ്മതിക്കുകയും അദ്ദേഹത്തിനു പങ്കെടുക്കുവാൻ തക്ക രീതിയിൽ വിവാഹത്തീയതി തീരുമാനിക്കപ്പെടുകയും ചെയ്തു.[36] 1905 മാർച്ച് 17 ന് അവർ വിവാഹിതരാവുകയും ചെയ്തു. ഗ്രോട്ടൺ സ്കൂളിലെ വരന്റെ ഹെഡ് മാസ്റ്റർ എൻഡികോറ്റ് പീബഡി ഔദ്യോഗികമായി നിർവ്വഹിച്ച ഒരു വിവാഹവേദിയിൽവച്ച് അവർ വിവാഹിതരായി.[37][38] എലീനറുടെ കസിൻ കോറിന്നെ ഡഗ്ലാസ് റോബിൻസൺ വധുവിന്റെ ഒരു തോഴിയായി എത്തിയിരുന്നു. ചടങ്ങിലെ തിയഡോർ റൂസ്വെൽറ്റിന്റെ പങ്കാളിത്തത്തെക്കുറിച്ചുള്ള വാർത്തകൾ ദി ന്യൂയോർക്ക് ടൈംസും മറ്റു പത്രങ്ങളും പ്രധാനപേജിൽ പ്രസിദ്ധീകരിച്ചിരുന്നു. റൂസ്വെൽറ്റ്-റൂസ്വെൽറ്റ് യൂണിയനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകളേക്കുറിച്ചുള്ള പ്രതികരണം ആവശ്യപ്പെട്ടപ്പോൾ പ്രസിഡന്റ് പറഞ്ഞു, "കുടുംബത്തിൽ പേര് നിലനിർത്താൻ നല്ലൊരു കാര്യമാണ്." ദമ്പതിമാർ ഹൈഡ് പാർക്കിൽ ഒരു ആഴ്ച ഒരു പ്രാഥമിക മധുവിധു ആഘോഷിക്കുകയും പിന്നീട് ന്യൂയോർക്കിലെ ഒരു അപ്പാർട്ടുമെന്റിൽ താമസമാക്കുകയും ചെയ്തു. ആ വേനൽക്കാലത്ത് അവർ തങ്ങളുടെ ഔപചാരികമായ ഹണിമൂൺ ആഘോഷത്തിനായി മൂന്നുമാസത്തെ യൂറോപ്യൻ പര്യടനത്തിനായി പുറപ്പെട്ടു.[39]

വിവാഹത്തിനു ശേഷം ഫ്രാങ്ക്ലിൻ ലോകത്തിലെ ഏറ്റവും സന്തോഷവായായ ആൾ താനാണെന്ന് സ്വയം പ്രഖ്യാപിച്ചു. 1906 ൽ ദമ്പതികൾക്ക് തങ്ങളുടെ ആദ്യകുട്ടിയായി അന്ന ജനിച്ചു. അടുത്ത വർഷം ജയിംസ് എന്ന പുത്രൻ ഭൂജാതനായി. ഏതാനും വർഷങ്ങൾക്കു ശേഷം മൂന്നാമത്തെ പുത്രനായ ഫ്രാങ്ക്ലിന് ജൂനിയർ ജനിച്ചു. ഒന്നൊന്നായി പിന്തുടർന്ന അസുഖങ്ങളെത്തുടർന്ന് വെറും 7 മാസം പ്രായമുള്ളപ്പോൾ കുട്ടി മരണമടഞ്ഞു. പിന്നീട് ഒരു വർഷത്തിനു ശേഷം എലിയട്ട് ജനിച്ചു.

ഫ്രാങ്ക്ലിൻ റൂസ്‍വെൽറ്റ് നേവിയടെ അസിസ്റ്റൻറ് സെക്രട്ടറിയായി നിയമിതനായതിനെത്തുടർന്ന് കുടുംബം വാഷിങ്ടണ് ടി.സി.യിലേയ്ക്കു മാറിത്താമസിച്ചു. അവിടെവച്ച് ദമ്പതികൾക്ക് രണ്ടു കുട്ടികൾക്കൂടി ജനിച്ചിരുന്നു. ഫ്രാങ്ക്ലിൻ ജൂനിയർ II, ജോൺ എന്നിവരായിരുന്ന അവർ. വളർന്നുകൊണ്ടിരിക്കെ കുട്ടികൾ പലപ്പോഴും തങ്ങളുടെ അമ്മ സുഹൃത്തുക്കൾക്കും തികച്ചും അപരിചിതരായവർക്കും കൊടുക്കുന്ന പ്രത്യേകശ്രദ്ധയിൽ അസൂയാലുക്കളായിരുന്നു. യഥാർത്ഥത്തിൽ അമ്മയുടെ കഴിവിനനുസിച്ച് പുറത്തുള്ളവർക്ക് കൊടുക്കേണ്ടതെന്താണോ അത് അമ്മ അവർക്കു നല്കുന്നില്ല എന്നാണ് കുട്ടികൾക്ക് അനുഭവപ്പെട്ടത്. പിതാവിനൊപ്പം ചിലവഴിക്കുന്ന സമയത്തിനും കുട്ടികൾക്ക് നിയന്ത്രണങ്ങളുണ്ടായിരുന്നു. പലപ്പോഴും പിതാവിനെ കാണുന്നതിനും സംസാരിക്കുന്നതിനും മുൻകൂട്ടിയുള്ള അനുമതിയും ആവശ്യമായിരുന്നു. വാഷിങ്ടണിലെ നാട്ടുമര്യാദയനുസരിച്ച് എലീനറിന് അനേകം ഡിന്നർ പാർട്ടികൾ നടത്തുകയും അതോടൊപ്പം ഡിന്നർ പാർട്ടികളിലും നൃത്ത പരിപാടികളിലും പങ്കെടുക്കേണ്ടതുമുണ്ടായിരുന്നു.  എന്നാൽ ഫ്രാങ്ക്ലിൻ ഇതിലൊന്നു താല്പര്യം കാണിച്ചില്ല. കുടുംബത്തിലെ അനേകരുടെ ജീവിതത്തെ ബാധിച്ചതിനാൽ എലീനറിന് മദ്യത്തോട് കഠിനമായ വെറുപ്പായിരുന്നു.

എലീനർ പലപ്പോഴും കുട്ടികളുമായി റൂസ്‍വെൽറ്റിൻറെ മെയ്നെ തീരത്തു നിന്നകലെ നീണ്ടുപരന്നുകിടക്കുന്ന സമ്മർ ഹോമിൽ സന്ദർശനം നടത്താറുണ്ടായിരുന്നു. എന്നാൽ ഫ്രാങ്ക്ലിൻ മിക്കപ്പോഴും വാഷിങ്ടണിൽത്തന്നെ ഒതുങ്ങിക്കൂടി. ഈ അകലം ഫ്ലാങ്ക്ലിനെ എലീനറുടെ സോഷ്യൽ സെക്രട്ടറിയായ ലൂസി മെർസറുമായി അടുക്കുന്നതിനുള്ള സന്ദർഭമൊരുക്കി. ഇതേക്കുറിച്ചറിഞ്ഞപ്പോൾ എലീനർ വിവാഹമോചനം ആവശ്യപ്പെട്ടു. എന്നാൽ “റൂസ്‍വെൽറ്റുമാർ വിവാഹമോചനം ചെയ്യാറില്ല” എന്ന് അവരെ അറിയിക്കപ്പെട്ടു. അതിനാൽ ഈ ബന്ധത്തിൽ തുടരാൻ എലീനർ സമ്മതിച്ചുവെങ്കിലും പിന്നീടൊരിക്കലും അവർ ദമ്പതിമാരെന്ന അർത്ഥത്തിൽ താമസിച്ചിട്ടില്ല.  

1920 ൽ റൂസ്‍വെൽറ്റ് കുടുംബം ന്യൂയോർക്കിലേയ്ക്കു തിരിച്ചു വന്നു. എലീനർ ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കുന്നതിൽ ബത്തശ്രദ്ധയായിരുന്നു. കോൺഗ്രസ് പത്തൊമ്പതാമത്തെ ഭരണഘടനാ ഭേദഗതി നടപ്പിലാക്കുകയും സ്ത്രീകൾക്കു വോട്ടവാകാശം ലഭിക്കുകയും ചെയ്തു. എലീനർ “ലീഗ് ഓഫ് വിമൻ വോട്ടേർസ്”, “വിമൻസ് സിറ്റി ക്ലബ്ബ്” എന്നീ സംഘടനകളി‍ ചേർന്നു പ്രവർത്തിച്ചു.

1921 ലെ ഒരു വേനൽക്കാലത്ത്, കുടുംബത്തിൻറെ ഉമസ്ഥതയിലുള്ള വേനൽക്കാലവസതിയിൽ വച്ച് ഫ്രാങ്ക്ലിൻ റൂസ്‍വെൽറ്റിന് പോളിയോ പിടിപെടുകയും അദ്ദേഹത്തിൻറെ കാലുകളുടെ ശേഷി നഷ്ടമാകുകയും ചെയ്തു. കാലുകളുടെ ബലഹീനത പ്രത്യക്ഷപ്പെട്ട ആദ്യകാലങ്ങളിൽ ഈ ന്യൂനത പരിഹരിക്കുന്നതിനുള്ള ചികിത്സയുടെ ഭാഗമായി ഫ്രാങ്ക്ലിൻ ജോർജ്ജിയയിലെ ചൂടുനീരുറവകളിൽ സമയം ചിലവഴിച്ചു. ആ സമയം എലീനർ ന്യൂയോർക്കിൽത്തന്നെ തുടർന്നു.

1928 ല‍് എലീനർ, “ബ്യൂറോ ഓഫ് വുമൺസ് ആക്റ്റിവിറ്റീസ് ഓഫ് ദ ഡെമോക്രാറ്റിക് പാർട്ടി”യുടെ ഡയറക്ടർ ആയി അവരോധിതയായി.  ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശക്തയും അറിയപ്പടുന്നതുമായ വനിതയായിരുന്നു എലീനർ.  ഈ സമയം അവർ പ്രധാന മാഗസിനുകളിൽ ലേഖനങ്ങൾ എഴുതിയിരുന്നു.  

ആ വർഷം റൂസ്‍വെൽറ്റ് ന്യൂയോർക്കിലെ ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടു. മൂന്നു വർഷങ്ങൾക്കു ശേഷം, തൻറെ ഭർത്താവിൻറെ ആത്യന്തികമായ അഭിലാഷം പ്രസിഡൻറാകുക എന്നതാണെന്ന് എലീനർ മനസ്സിലാക്കി. പ്രഥമ വനിതയാകുക എന്ന ആശയം എലീനറുടെയുള്ളിൽ ഭീതി പടർത്തി. യാതൊരു മോഹഭ്രമങ്ങളില്ലാത്ത വ്യക്തിത്വമായിരുന്നു അവരുടേത്. ചായസൽക്കാരങ്ങളിലും പാർട്ടികളിലുമൊക്കെ പങ്കെടുത്ത് ജീവിക്കുക എന്നത് അവർ മനസ്സിൽപ്പോലും ഉദ്ദേശിച്ചിരുന്നില്ല. ഒരു പ്രസിഡന്റിന്റെ പത്നിയായിരിക്കുക എന്നതു അത്യന്തം ക്ലേശകരമായിരിക്കുമെന്നും അനതിവിദൂരഭാവിയിൽ അതു തന്റെ മേൽ വന്നുചേരുമെന്നുമുള്ള യാഥാർത്ഥ്യം എലീനർ താമസിയാതെ മനസ്സിലാക്കി. ഗവണ്മെൻറ് പദവികളിൽ സ്ത്രീകൾക്കു പ്രാമുഖ്യം കൊടുക്കുവാൻ അവർ ഭർത്താവിൽ പ്രേരണ ചെലുത്തി. ഫ്രാങ്ക്ലിൻ ഡി. റൂസ്‍വെൽറ്റിന്റെ പ്രോഗ്രാമുകളിൽ വനിതകൾ, ചെറുപ്പക്കാർ, കറുത്ത അമേരിക്കക്കാർ തുടങ്ങി എല്ലാവരും ചേർന്നതാകണമെന്ന് അവർ പ്രസിഡന്റിനെ ഓർമ്മിപ്പിച്ചു. ഇത്തരം നവീന ആശയങ്ങൾ എലീനറെ ഒരു പുതിയ തരം പ്രഥമവനിത എന്നു് അവർ തിരിച്ചറിയപ്പെടുന്നതിലേയ്ക്കു നയിച്ചു.

1934 ൽ എലീനർ, ഫ്രാങ്ക്ലിൻ ഡി. റൂസ്‍വെൽറ്റും NAACP  (“നാഷണൽ അസോസിയേഷൻ ഫോർ ദ അഡ്വാൻസ്മെൻറ് ഓഫ് കളേഡ് പീപ്പിൾ”) യും തമ്മിലുള്ള ഒരു മീറ്റിംഗ് ഏകോപിപ്പിച്ചു. 1909 ൽ ന്യൂയോർക്ക് നഗരത്തിൽ രൂപീകൃതമായ വർഗ്ഗവിവേചനത്തിനെതിരെ പ്രവർത്തിക്കുന്ന ഒരു സംഘമായിരുന്ന ഇത്. ആദ്യകാലത്ത് നാഷണൽ നീഗ്രോ കമ്മിറ്റി എന്നറിയപ്പെട്ടിരുന്നു. ഇത് രാജ്യത്തെ ഏറ്റവും പഴയ പൌരാവകാശ സംഘടനയായി അറിയപ്പെടുന്നു.  നിയമം നോക്കാതെ ശിക്ഷ വിധിക്കുന്ന സമ്പ്രദാത്തിനെതിരെ ഈ സംഘടനയുടെ നേതാവ് വാൾട്ടർ വൈറ്റുമായിട്ടായിരന്നു ഈ മീറ്റിംഗ് നടന്നത്.  തുടർന്നുവന്ന വർഷം ഫ്രാങ്ക്ലിൻ റൂസ്‍വെൽറ്റും ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റി ചെയർമാനുമായിരുന്ന ജെയിംസ് ഫെയർലി, DNC യുടെ വനിതാ വിംഗിൻറെ തലൈവിയായ മോളി ഡ്യൂസൺ എന്നിവരുമായി മറ്റൊരു മീറ്റിംഗിനു കളമൊരുക്കി. തെരഞ്ഞെടുപ്പുകളിൽ സ്ത്രീകളുടെ പങ്ക് എന്നതായിരുന്നു ചർച്ചയിലെ പ്രധാന വിഷയം. 

ഒരു മൂന്നു മാസക്കാലയളവിലെ യാത്രാപരിപാടികളിൽ എലീനർ 40,000 മൈലുകൾ സഞ്ചരിച്ചിരുന്നു. അവർ പ്രസംഗങ്ങൾ നടത്തുകയും അനവധി സ്കൂളുകളും ഫാക്ടറികളും സന്ദർശിക്കുകയും “മൈ ഡേ” എന്ന പേരിൽ ഒരാഴ്ചയിൽ 6 ദിവസം ഒരു വർത്തമാനപ്പത്രത്തിൽ കോളം എഴുതുകയും ചെയ്തു.  വ്യവസായ മേഖലകളിലും മറ്റും പുതിയ തൊഴിൽ നിയമം  എങ്ങനെ നടപ്പാക്കാമെന്നതിനെക്കുറിച്ച് അവർ ഫ്രാങ്ക്ലിൻ ഡി. റൂസ്‍വെൽറ്റിന് റിപ്പോർട്ട് നൽകി. ഇതിനിടെ 1936 ലെ പ്രസിഡൻഷ്യൽ ഇലക്ഷനിൽ ഫ്രാങ്ക്ലിൻ റൂസ്‍വെൽറ്റ് അപ്രതീക്ഷിത വിജയം നേടി. 

1940 ൽ എലീനർ ചിക്കാഗോയിൽ നടന്ന ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനി‍ൽ ഒരു തത്സമയ പ്രസംഗം നടത്തുകയും ഇത് പ്രസിഡൻറ് റൂസ്‍വെൽറ്റിന് പ്രസിഡന്റ് പദത്തിൽ മൂന്നാം തവണ അഭൂതപൂർവ്വമായ വിജയം കൈവരിക്കുന്നതിനു സഹായകമായിത്തീർന്നു. പ്രസിഡൻറിനോടൊപ്പം കാൽനൂറ്റാണ്ടോളം സന്തോഷകരമായ രാഷ്ട്രീയപ്രവർത്തനം നടത്തിയെങ്കിലും ഇത് കുടുംബത്തിനുമേൽ വരുത്തിവച്ച നഷ്ടം ചില്ലറയല്ലായിരുന്നു. റൂസ്‍വെൽറ്റിൻറെ കുട്ടികളെല്ലാവരും തന്നെ കുഴപ്പം പിടിച്ച യുവത്വങ്ങളായിരുന്നു. പലരുടെയും വിവാഹജീവിതം പരാജയത്തിൽ കലാശിക്കുകയും സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും ചെയ്തിരുന്നു. 5 കുട്ടികളുടെയിടെയിൽ 19 വിവാഹങ്ങൾ ഇതിനിടെ നടന്നിരുന്നു. പേൾ ഹാർബർ ആക്രമണത്തിനുശേഷം അമേരിക്ക രണ്ടാംലോകമഹായുദ്ധത്തിലേയ്ക്കു വലിച്ചിഴക്കപ്പെടുകയും ഫ്രാങ്ക്ലിൻ ഡി. റൂസ്‍വെൽറ്റ് കുടുംബപരമായ കാര്യങ്ങൾക്കുപരിയായി രാഷ്ട്രകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുകയും യുദ്ധം ജയിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. റൂസ്‍വെൽറ്റിൻറെ 4 പുത്രന്മാർ സൈനികസേവനത്തിനായി തെരഞ്ഞുടുക്കപ്പെട്ടിരുന്നു. 1944 ആയപ്പോഴേയ്ക്കും യുദ്ധം ഫ്രാങ്ക്ലിൻ ഡി. റൂസ്‍വെൽറ്റിനുമേൽ ശക്തമായ സമ്മർദ്ദം ചെലുത്തി. ഇക്കാലത്ത് അദ്ദേഹം പ്രസിഡന്റായി 11 വർഷം പിന്നിടുകയും പ്രായം 62 ആകുകയും ചെയ്തിരുന്നു. പരിക്ഷീണിതനായിരുന്നുവെങ്കിലും അതു വകവയ്ക്കാതം ഒരു നാലാം തവണ മത്സരിക്കുന്നതിനുള്ള ശ്രമം അദ്ദേഹം നടത്തി. അദ്ദേഹത്തിനു വിശ്രമം ആവശ്യമാണെന്നുള്ള വസ്തുത എലീനർ മനസ്സിലാക്കി. അതേസമയം അദ്ദേഹത്തിനു തൻറെ ജോലി മുഴുമിപ്പിക്കേണ്ടതുമുണ്ടായിരുന്നു. ഇക്കാലത്ത് ഫ്രാങ്ക്ലിൻ റൂസ്‍വെൽറ്റ് ഹൃദ്രോഗത്താൽ കഷ്ടപ്പെടുകയും ചെയതു. അദ്ദേഹത്തിൻ മകൾ അന്ന ശ്രദ്ധയോടെ അദ്ദേഹത്തിന്റെ ആരോഗ്യകാര്യങ്ങളിൽ പരിചരിച്ചിരുന്നു. ക്രിമിയയിലെ യാൾട്രയിൽ 1945 ൽ ജോസഫ് സ്റ്റാലിൻ, വിൻസ്റ്റൺ ചർച്ചിൽ എന്നിവരോടൊത്തു നടക്കുന്ന  കോൺഫറൻസിൽ പങ്കെടുക്കുന്നതിനു തന്നെ അനുഗമിക്കുവാൻ അദ്ദേഹം അവരോട് ആവശ്യപ്പെട്ടിരുന്നു. അവിടെനിന്നുള്ള തിരിച്ചുവരവിനു ശേഷം പ്രസിഡന്റിന്റെ ആരോഗ്യനില തൃപ്തകരമല്ലെന്നുളള വസ്തുത എല്ലാവരും മനസ്സിലാക്കി.

ഫ്രാങ്ക്ലിൻ റൂസ്‍വെൽറ്റ് 1945 ഏപ്രിൽ മാസത്തിൽ വാം സ്പ്രിംഗിലേയ്ക്കു യാത്രയായി. എന്നാൽ എലീനർ വാഷിങ്ടണിൽത്തന്നെ തുടർന്നു. ഏപ്രിൽ 12 ന് ഒരു ഫോൺകോൾ വഴി പ്രസിഡന്റിന്റെ  മരണവാർത്ത് അവരെ തേടിയെത്തി.  അവർ രാത്രിമുഴുവൻ സഞ്ചരിച്ച് വാം സ്പിംഗിലെത്തിച്ചേർന്നു. മരണസമയത്ത് പ്രസിഡന്റിനോടൊപ്പം ലൂസി മെർസർ എന്ന പതിറ്റാണ്ടുകൾക്കു മുമ്പുള്ള അടുപ്പക്കാരിയുണ്ടായിരുന്നുവെന്നുള്ള അവരെ അറിയിക്കപ്പെട്ടു.  ഇത് അവർക്ക് അത്യന്തം ഹൃദയഭേദകമായ വാർത്തയായിരുന്നു. ഫ്രാങ്ക്ലിൻ ഡി റൂസ്‍വെൽറ്റിന്റെ മൃതദേഹം വാഷിങ്ടണിലെത്തിക്കുകയും ശവസംസ്കാര ചടങ്ങുകൾ അവസാനിച്ച് ഏറെ ദിവസം കഴിയുന്നതിനു മുമ്പു തന്നെ എലീനർ വൈറ്റ്ഹൌസിനു പുറത്തു പോയി വാൽ കില്ലിൽ തനിക്കു സ്വന്തമായുണ്ടായിരുന്ന ഭവനത്തിൽ താമസമാക്കി.

മറ്റ് ബന്ധങ്ങൾ

[തിരുത്തുക]
റൂസ്‍വെൽ‌റ്റ് തന്റെ ഫാലാ എന്ന നായയോടൊപ്പം (1951)

1930-കളിൽ എലീനർ ഒരു ഐതിഹാസിക വൈമാനികനായിരുന്ന അമേലിയ ഇയർഹാർട്ടുമായി വളരെ അടുത്ത സൌഹൃദം പുലർത്തിയിരുന്നു. ഒരിക്കൽ, അവർ രണ്ടുപേരും വൈറ്റ് ഹൗസിൽ നിന്നും ഒളിച്ചു പുറത്തുകടക്കുകയും മോടിയായി വസ്ത്രം ധരിച്ച് ഒരു പാർട്ടിയിൽ പങ്കെടുക്കുകയും ചെയ്തു. ഈയർഹാർട്ടിനൊപ്പം വിമാനയാത്ര നടത്തിയ ശേഷം, റൂസ്‍വെൽറ്റിന് ഒരു പഠന അനുമതി ലഭിച്ചിരുന്നുവെങ്കിലും പക്ഷേ തുടർന്നു വിമാനം പറത്തൽ പരിശീലിക്കുന്നതിൽ അവർ താൽപര്യം പ്രകടിപ്പിച്ചില്ല. പത്നി ഒരു പൈലറ്റാകുന്നതിനെ ഫ്രാങ്ക്ലിൻ അനുകൂലിക്കുകയും ചെയ്തിരുന്നില്ല. എന്നിരുന്നാലും, ഈ രണ്ടു സുഹൃത്തുക്കളും ജീവിതത്തിലുടനീളം പതിവായി ആശയവിനിമയം നടത്തിയിരുന്നുവെന്നുളളതാണു സത്യം.[40]

അസോസിയേറ്റഡ് പ്രസ് (എപി) റിപ്പോർട്ടറായിരുന്ന ലോറെന ഹിക്കോക്കിനുമായും എലീനർ അടുത്ത ബന്ധം പുലർത്തിയിരുന്നു. പ്രസിഡണ്ട് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ അവസാന മാസങ്ങളിൽ  ഒപ്പം സഞ്ചരിക്കുകയും "അവരുമായി കടുത്ത പ്രണയത്തിലാവുകയും ചെയ്തു".[41] ഇക്കാലങ്ങളിൽ റൂസ്‍വെൽറ്റ് ദിവസവും 10 മുതൽ 15 പേജു വരെയുള്ള കത്തുകൾ ഹക്കിന് എഴുതിയിരുന്നു. അവർ പ്രഥമ വനിതയെക്കുറിച്ച് ഒരു ജീവചരിത്രം എഴുതുവാൻ ഉറച്ചിരുന്നു.[42] "ഞാൻ എന്റെ കൈകളാൽ നിന്നെ ചുറ്റിപ്പിടിപ്പിക്കാൻ ആഗ്രഹിക്കുന്നു, നിന്റെ ചുണ്ടിന്റെ അരികിൽ ചുംബിക്കാൻ ഞാൻ ആഗ്രഹിക്കുന്നു", "എനിക്ക് നിങ്ങളെ ചുംബിക്കാൻ കഴിയില്ല, അതിനാൽ ഞാൻ നിങ്ങളുടെ ‘പ്രതിബിംബത്തെ’ ചുംബിക്കട്ടെ, സുപ്രഭാതം, ശുഭരാത്ര!”  എന്നിങ്ങനെ ശൃംഗാരം ദ്യോതിപ്പിക്കുന്ന വാക്കുകൾ കത്തുകളിൽ ഉൾപ്പെട്ടിരുന്നു.  ഫ്രാങ്ക്ലിന്റെ 1933 ലെ അധികാരാരോഹണവേളയിൽ എലനർ റൂസ്‍വെൽറ്റ് സുഹൃത്തായ ഹിക്ക് നൽകിയ ഒരു നീലക്കല്ലിന്റെ മേതിരം ധരിച്ചിരുന്നു. എഫ്.ബി.ഐ ഡയറക്ടർ ജെ. എഡ്ഗാർ ഹൂവർ റൂസ്‍വെൽറ്റിന്റെ പുരോഗമനവാദത്തെയും പൌരാവകാശങ്ങളെക്കുറിച്ചുള്ള നിലപാടുകളേയും പുഛിച്ചു തള്ളിയിരുന്നു. അതോടൊപ്പം ഹൂവറിന്റെ നിരീക്ഷണ തന്ത്രങ്ങളെക്കുറിച്ച് റൂസ്‍വെൽറ്റിനും ഭർത്താവ് ഫ്രാങ്ക്ലിൻ റൂസ്‍വെൽറ്റിനുമുള്ള നിലപാടുകളും വിമർശനങ്ങളും ഹൂവറിൽ വിയോജിപ്പുണ്ടാക്കുകയും തത്ഫലയമായി, റൂസ്‍വെൽറ്റിന്റെ ഇതര ബന്ധങ്ങളെക്കുറിച്ചുള്ള ഒരു വലിയ ഫയൽ അയാൾ നിലനിർത്തുകയും ചെയ്തു. ജെ. എഡ്ഗാർ (2011) എന്ന ഹൂവറുടെ ജീവചരിത്ര സംബന്ധിയായ സിനിമയിൽ, ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ഹൂവർ റൂസ്‍വെൽറ്റിനെ ബ്ലാക്ക്മെയിൽ ചെയ്യാൻ ഉദ്ദേശിച്ചതായുള്ള അനുരഞ്ജനമില്ലാത്ത തെളിവുകളെക്കുറിച്ച് ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ സൂചിപ്പിക്കുകയുണ്ടായി. എലീനറുമായി അടുത്ത ബന്ധം പുലർത്തുകയെന്ന ലക്ഷ്യത്തിൽ ഹിക്കോക്ക് പത്രപ്രവർത്തന രംഗത്തുനിന്നു രാജിവയ്ക്കുകയും  ‘ന്യൂ ഡീൽ’ പ്രോഗ്രാമിലെ (1933 നും 1936 നും ഇടയ്ക്ക് പ്രസിഡന്റ് ഫ്രാങ്ക്ലിൻ ഡി. റൂസ്വെൽറ്റ് നേതൃത്വം നൽകിയ ലിബറൽ ഡെമോക്രാറ്റുകൾ അവതരിപ്പിച്ച പരിപാടികളും പൊതുപദ്ധതികളും സാമ്പത്തിക പരിഷ്കരണങ്ങളും നിയമങ്ങളും ഒരു പുതിയ പരമ്പരയായിരുന്നു) ഒരു അന്വേഷണ ഉദ്യോഗസ്ഥനായുള്ള ജോലി ഏറ്റെടുക്കുകയും ചെയ്തിരുന്നു.

റൂസ്‍വെൽറ്റും ഹിക്കോക്കുമായി സൌഹൃദബന്ധത്തിനുപരിയായ എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ ഇല്ലയോ എന്ന കാര്യത്തിൽ ഗൗരവമായി ചർച്ച നടക്കുന്നുണ്ട്. ലോറെന ഹിക്കോക്ക് ഒരു ലെസ്ബിയൻ  ആയിരുന്നുവെന്നുള്ളത് വൈറ്റ് ഹൌസ് പ്രസ് കോർപ്പിൽ രഹസ്യചർച്ചയ്ക്കു വിധേയമായ വിഷയമായിരുന്നു. ലിലിയൻ ഫെഡർമാൻ, ഹസെൽ റൗളി ഉൾപ്പെടെയുള്ള പണ്ഡിതന്മാർ സമർത്ഥിക്കുന്നത് ഈ ബന്ധത്തിൽ ഇന്ദ്രിയഗോചരമായ ഒരു ഘടകം ഉണ്ടെന്നാണ്. അതേസമയം ഹിക്കോക്കിന്റെ ജീവചരിത്രകാരനായ ഡോറിസ് ഫാബർ വാദിക്കുന്നത് എലീനറുടെ കുത്സിതമായ വാക്യശൈലി ചരിത്രകാരന്മാരെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നാണ്. ഡോറിസ് കേൺസ് ഗുഡ്‍നിൻ രചിച്ച 1994 ലെ പുലിറ്റ്സർ പ്രൈസ് നേടിയ “അക്കൌണ്ട്സ് ഓഫ് ദ റൂസ്‍വെൽറ്റ്സ്” എന്ന പുസ്തകത്തിൽ  അഭിപ്രായപ്പെടുന്നത്, "ഹിക്കും എലിനറും തമ്മിലുള്ള ബന്ധം ചുംബനത്തിനും ആലിംഗനത്തിനുമുപരിയായി പരിണമിച്ചുപോയിട്ടുണ്ടോ" എന്ന് ഉറപ്പുണ്ടായില്ലെന്നാണ്. നാൻസി കുക്ക്, മരിയോൺ ഡിക്കർമാൻ, എസ്ഥേർ ലേപ്, എലിസബത്ത് ഫിഷർ റീഡ് തുടങ്ങി നിരവധി ലെസ്ബിയൻ ദമ്പതികളുമായി റൂസ്‍വെൽറ്റിന് അടുത്ത സൌഹൃദമുണ്ടായിരുന്നു എന്നതു സൂചിപ്പിക്കുന്നത് അവർ ലെസ്ബിയനിസം മനസ്സിലാക്കിയിരുന്നുവെന്നാണ്.  റൂസ്‍വെൽറ്റിന്റെ ബാല്യകാല അധ്യാപികയും അവരുടെ പിൽക്കാല ചിന്തയിൽ വലിയ സ്വാധീനം ചെലുത്തിയിരുന്ന വ്യക്തിയുമായിരുന്ന മേരി സൌവെസ്ട്രെ ഒരു ലെസ്ബിയനായിരുന്നു. 1980-ൽ റൂസ്വെൽറ്റും ഹിക്കോക്കുമായുള്ള കത്തുകളിൽ ഏതാനും എണ്ണം ഫാബർ പ്രസിദ്ധീകരിക്കുകയും പ്രണയലോലുപങ്ങളായ ആഖ്യാനങ്ങൾ സ്കൂൾ വിദ്യാർത്ഥികളുടേതുപോലയുള്ള അസാധാരണവും അപക്വവും മതിഭ്രമപരവുമായ ഒരു ശൈലി എന്നതിൽക്കവിഞ്ഞ് അസാധാരണമായി യാതൊന്നുമില്ല എന്ന് ഉപസംഹരിക്കുകയും  ചരിത്രകാരന്മാർക്ക് തെറ്റായ വഴിയിലേയ്ക്കു സഞ്ചരിക്കരുതെന്നു മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു . ഫാബറിന്റെ വാദഗതിയെ ഗവേഷകയായ ലെയില ജെ. റപ്പ് വിമർശിക്കുകയും അവരുടെ പുസ്തകത്തെ "ഹോമോഫോബിയയിൽ ഒരു കേസ് പഠനം" എന്നു വിളിക്കുകയും ചെയ്തു. ഫാബർ ബുദ്ധിഹീനമായി രണ്ടു സ്ത്രീകളുടെയും പ്രണയബന്ധത്തിന്റെ വളർച്ചയും വികാസവും വ്യക്തമാക്കുന്ന തെളിവുകൾ താളുകൾ താളുകളായി  സമർപ്പിക്കുകയാണുണ്ടായതെന്നു അവർ വാദിക്കുന്നു.

1992-ൽ റൂസ്‍വെൽറ്റിന്റെ  ജീവചരിത്രകാരൻ ബ്ലാഞ്ച് വെസൻ കുക്ക് ഈ ബന്ധം യഥാർത്ഥത്തിൽ റൊമാന്റിക് ആയിരുന്നുവെന്നും ദേശീയ ശ്രദ്ധയെ ആകർഷിച്ചിരുന്നുവെന്നും വാദിച്ചു. രണ്ടു പുതിയ റൂസ്‍വെൽറ്റ് ജീവചരിത്രങ്ങൾ (ഹാസെൽ റൌളിയുടെ ‘ഫ്രാങ്ക്ലിൻ ആൻഡ് എലീനർ: ആൻ എക്ട്രാഓർഡിനറി മാര്യേജ്’, മൌറിൻ എച്ച് ബീസ്‍ലിയുടെ ‘എലീനർ റൂസ്‍വെൽറ്റ്: ട്രാൻസ്ഫോമേറ്റീവ് ഫസ്റ്റ് ലേഡി’ എന്നിവ) അവലോകനം ചെയ്തശേഷം ന്യൂയോർക്ക് ടൈംസ് റിവ്യൂ ഓഫ് ബുക്ക്സിൽ  പ്രസിദ്ധപ്പെടുത്തിയ റസ്സൽ ബേക്കറുടെ 2011 ലെ ഒരു പ്രബന്ധം  പ്രസ്താവിക്കുന്നത്  ഹിക്കോക്കുമായുള്ള അവരുടെ ബന്ധം യഥാർത്ഥത്തിൽ രതിജന്യമായിരുന്നുവെന്ന് അവർ തമ്മിൽ കൈമാറ്റം നടത്തിയ എഴുത്തുകുത്തുകളിൽനിന്ന് സംശയരഹിതമായി കണക്കാക്കാവുന്നതാണെന്നാണ്.

അതേ വർഷങ്ങളിൽ, വാഷിങ്ടൺ ഗോസിപ്പ്, എലീനർ റൂസ്‍വെൽറ്റ് റൊമാന്റിക്കായി അടുത്തു ബന്ധം പുലർത്തിയിരുന്ന ‘ന്യൂ ഡീൽ’ അഡ്മിനിസ്ട്രേറ്റർ ഹാരി ഹോപ്കിൻസിനെ അവരുമായി ബന്ധിപ്പിക്കുന്ന വാര്ത്ത പുറത്തുവിട്ടിരുന്നു. ന്യൂയോർക്ക് സംസ്ഥാന പോലീസ് സാർജന്റായ ഏൾ മില്ലറുമായും എലീനർ അടുത്തു ബന്ധം പുലർത്തിയിരുന്നു. അവരുടെ അംഗരക്ഷകനായി പ്രസിഡന്റുതന്നെ അദ്ദേഹത്തെ നിയമിച്ചിരുന്നു. 1929 ൽ 32 കാരനായ മില്ലറെ കണ്ടുമുട്ടുന്ന സമയം എലീനർ റൂസ്‍വെൽറ്റിന് 44 വയസുണ്ടായിരുന്നു. അയാൾ അവരുടെ സുഹൃത്തായും ഔദ്യോഗിക എസ്കോർട്ടായും പ്രവർത്തിക്കുകയും ഒപ്പം ഡൈവിംഗും കുതിരസവാരിയും, ടെന്നീസും ഉൾപ്പെടെയുള്ള വിവിധ കായിക കലകൾ പരിശീലിപ്പിക്കുകയും ചെയ്തിരുന്നു. ജീവചരിത്രകാരൻ ബ്ലാഞ്ച് വീസൻ കുക്ക് എഴുതുന്നത്, മില്ലർ മധ്യവയസിലെ എലീനറുടെ "ആദ്യ പ്രണയ ഇടപെടൽ" ആയിരുന്നുവെന്നാണ്. ഹാസെൽ റൗളി ജീവചരിത്രത്തിൽ ഇങ്ങനെ ഉപസംഹരിക്കുന്നു: "ഒരുകാലത്ത് എലീനർ ഏളിനെ സ്നേഹിച്ചിരുന്നു എന്നതിൽ സംശയമില്ല... പക്ഷേ, അവർ തമ്മിൽ ഒരു 'പ്രേമബന്ധം' ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

മില്ലറുമായുള്ള എലിനറുടെ സൗഹൃദം സംഭവിച്ച് അതേ സമയത്തുതന്നെ അവരുടെ ഭർത്താവിന് അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന മാർഗ്യുരേറ്റ് "മിസി" ലെഹാൻഡുമായി ഒരു ബന്ധം പുലർത്തിയിരുന്നുവെന്ന് കിംവദന്തിയുണ്ടായിരുന്നു. സ്മിത്ത് എഴുതുന്നു, "ശ്രദ്ധേയമായ കാര്യം, എലീനറും ഫ്രാങ്ക്ലിനും പരസ്പരം അംഗീകാരിക്കുകയും ഇത്തരം ഏർപ്പാടുകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്തു .... എലീനരും, ഫ്രാങ്ക്ലിനും ശക്തമായ ഇച്ഛാശക്തിയുള്ള വ്യക്തികളും പരസ്പരമുള്ള സന്തോഷത്തിനായി വിട്ടുവീഴ്ച ചെയ്യുന്നവരുമായിരുന്നു. അതേസമയംതന്നെ അത് തങ്ങൾക്കു സ്വയമേവ നൽകാനുള്ള സ്വന്തം കഴിവില്ലായ്മയെ തിരിച്ചറിഞ്ഞിരുന്നവരുമായിരുന്നു." എലീനറും മില്ലറുമായുള്ള ബന്ധം 1962 ൽ അവരുടെ മരണം വരെ തുടരുകയായിരുന്നുവെന്നാണ് അനുമാനിക്കപ്പെടുന്നത്. അവർ ദിവസേന കത്തുകളിലൂടെയും മറ്റും ബന്ധപ്പെട്ടിരുന്നുവെന്നു കരുതപ്പെടുന്നു, എന്നാൽ ഇത്തരം എല്ലാ കത്തുകളും നഷ്ടപ്പെട്ടു. കിംവദന്തികൾ അനുസരിച്ച്, കത്തുകൾ അജ്ഞാതമായി വാങ്ങപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തു, അല്ലെങ്കിൽ അവരുടെ മരണത്തോടെ അവ എന്നെന്നെയ്ക്കുമായി പൂട്ടിവയ്ക്കപ്പെട്ടു.

എലീനറും കാരി ചാപ്മാൻ കാട്ടും  ദീർഘകാലസുഹൃത്തുക്കളായിരുന്നു. 1941 ൽ വൈറ്റ് ഹൌസിൽ വച്ച് ചൈ ഒമേഗ അവാർഡ് അവർക്കും നൽകിയിരുന്നു.

പിന്നീടുള്ള വർഷങ്ങളിൽ, എലിനൂർ അവരുടെ ഭിഷഗ്വരനായിരന്ന ഡേവിഡ് ഗ്യൂറെവിറ്റ്സുമായി ഒരു പ്രണയബന്ധം വികസിപ്പിച്ചതായി പറയപ്പെട്ടിരുന്നുവെങ്കിലും, അത് ആഴത്തിലുള്ള ഒരു സൗഹൃദമായി പരിണമിച്ചിരുന്നില്ല.

ഫ്രാങ്ക്ലിൻ റൂസ്‍വെൽറ്റിൻറെ കാലത്തിനു ശേഷം

[തിരുത്തുക]

1945 ൽ എലീനർ നാഷണൽ അസോസിയേഷൻ ഫോർ ദ അഡ്വാൻസ്മെൻറ് ഓഫ്‍ കളേഡ് പീപ്പിൾ (NAACP) എന്ന സംഘടനയുടെ ബോർഡ് ഓഫ്‍ ഡയറക്ടേർസിൽ അംഗമായി. ആ വർഷം ഡിസംബർ മാസത്തിൽ പുതിയ പ്രസിഡൻറ്  ഹാരി എസ്. ട്രൂമാൻ, യുണൈറ്റഡ് നേഷൻസിന്റെ ലണ്ടനിൽ നടക്കുന്ന ആദ്യമീറ്റിംഗിൽ ഒരു പ്രതിനിധിയായി പങ്കെടുക്കുകയെന്ന പുതിയ ദൌത്യം എലീനറെ ഏൽപ്പിച്ചു. ഫ്രാങ്ക്ലിൻ ഡി. റൂസ്‍വെൽറ്റിൻറെ മരണശേഷം 8 മാസങ്ങൾക്കു ശേഷം പുതിയ ജോലി ആരംഭിക്കുന്നതിൻറെ ഭാഗമായി എലീനർ ഇംഗ്ലണ്ടിലെത്തി.   

1946 ൽ ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശ കമ്മീഷൻറെ അദ്ധ്യക്ഷയായി എലീനർ തെരഞ്ഞെടുക്കപ്പെട്ടു. മനുഷ്യാവകാശ പ്രഖ്യാപനത്തിൻറെ ആദ്യ രൂപരേഖ എലീനർ തയ്യാറാക്കി. ഇത് 1948 ഡിസംബർ 10 ന് യു.എൻ. പാസാക്കുകയും ചെയ്തു.  

എലീനർ റൂസ്‍വെൽറ്റ് അവരുടെ യൂ.എന്നിലെ ജോലി 68 വയസുള്ളപ്പോൽ രാജിവച്ചു. അതിനുശേഷമുള്ള വർഷങ്ങളിൽ ജപ്പാൻ, ഇന്ത്യ, ഇസ്രായേൽ, അക്കാലത്തെ സോവിയറ്റ് യൂണിയൻ തുടങ്ങിയ വിദേശ രാജ്യങ്ങൾ സന്ദർക്കുന്നതിനു സമയം കണ്ടെത്തി. അവർ അനേകം  കോൺഫറൻസുകൾ ആസൂത്രണം ചെയ്യുകയും പ്രഭാഷണങ്ങൾ നടത്തുകയും കമ്മിറ്റി മീറ്റിംഗുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ജീവിതത്തിൻറെ അവസാനനാളുകളിൽ അവർ തൻറെ വാൽകില്ലിലുള്ള ഭവനത്തിലെ ജീവിതത്തിൽ‌ മുമ്പെന്നത്തേക്കാളുപരി സന്തോഷം കണ്ടെത്തി. അവരുടെ ഭവനത്തിൽ എല്ലായ്പ്പോഴും അതിഥികളുടെയും പേരക്കുട്ടികളുടെയും അടുത്തു സുഹൃത്തുക്കളുടെയുമൊക്കെ തിരക്കായിരുന്നു.

എലീനർ റൂസ്‍വെൽറ്റ് 78 ആമത്തെ വയസിൽ ക്ഷയരോഗബാധിതയായി ഈ ലോകത്തോടു വിടപറഞ്ഞു. ലോകത്തിലെ ഏറ്റവും ആരാധ്യയായി കണക്കാക്കിയിരുന്ന വനിതയായ അവരോടുള്ള ബഹുമാനം പ്രകടിപ്പിക്കുവാൻ രാജ്യത്താകമാനമുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങളിലെയും പതാക പകുതി താഴ്ത്തിക്കെട്ടി.

റൂസ്‍വെൽറ്റിൻറെ നാമത്തിലുള്ള സ്ഥാപനങ്ങൾ

[തിരുത്തുക]
Val-Kill Historic Site, Hyde Park, New York
ന്യൂയോർക്കിലെ ഹൈഡ് പാർക്കിലെ വാൽ-കിൽ ഹിസ്റ്റോറിക് സൈറ്റ്.

1972 ൽ എലിനോർ റൂസ്‍വെൽറ്റ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കപ്പെട്ടു. ഇത് 1987 ൽ ഫ്രാങ്ക്ലിൻ ഡി. റൂസ്‍വെൽറ്റ് ഫോർ ഫ്രീഡംസ് ഫൌണ്ടേഷനും ലയിപ്പിച്ച് റൂസ്‍വെൽറ്റ് ഇൻസ്റ്റിറ്റ്യൂട്ടായി മാറി. ഇതിന്റെ മുഖ്യകാര്യാലയം ന്യൂയോർക്ക് സിറ്റിയിലാണ് നിലനിൽക്കുന്നത്.

സയൻസ്, മാത്തമാറ്റിക്സ്, ടെക്നോളജി, എൻജിനീയറിംഗ് എന്നിവയിൽ പ്രത്യേകപഠന സൌകര്യങ്ങളുള്ള എലീനർ റൂസ്‍വെൽറ്റ് ഹൈസ്കൂൾ 1976 ൽ മേരിലാൻറിലെ ഗ്രീൻബെൽറ്റിൽ സ്ഥാപിതമായി. എലീനർ റൂസ്‍വെൽറ്റിൻറെ പേരിൽ നാമകരണം ചെയ്യപ്പെട്ട ആദ്യ ഹൈസ്കൂളായിരുന്നു ഇത്. പ്രിൻസ് ജോർജ്ജ്സ് കൌണ്ടി പബ്ലിക് സ്കൂൾ സിസ്റ്റത്തിൻറെ ഭാഗമാണീ സ്കൂൾ.

സ്പ്രിങ്‍വുഡിന് രണ്ടു കിലോമീറ്റർ കിഴക്ക് വാൽ-കിൽ പട്ടണത്തിലുള്ള എലീനർസ് സ്റ്റോൺ കോട്ടേജും ചുറ്റുപാടുമുള്ള 181 ഏക്കർ (0.73 km2) സ്ഥലവും കോൺഗ്രസിലെ ഒരു പ്രത്യേക നടപടി വഴി 1977 ൽ  ഔപചാരികമായി എലീനർ റൂസ്‍വെൽറ്റ് നാഷണൽ ഹിസ്റ്റോറിക് സൈറ്റ് ആയി പരിവർത്തനം ചെയ്യപ്പെട്ടു. സ്വകാര്യമായി അവരുടെ കൈവശത്തിലുണ്ടായിരുന്ന ഏക സ്വത്തായിരുന്ന ഇവിടെയായിരുന്നു ഭർത്താവിൻറ മരണശേഷം അവർ താമസിച്ചിരുന്നത്.  

1988 ൽ സാൻറിയാഗോയിൽ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയുടെ കീഴിൽ അവിടുത്തെ 6 അണ്ടർ ഗ്രാജ്വേറ്റ് റെസിഡെൻഷ്യൽ കോളജുകളിലൊന്നായ  എലീനർ റൂസ്‍വെൽറ്റ് കോളജ് സ്ഥാപിക്കപ്പെട്ടു. ERC പ്രാധാന്യം കൊടുക്കുന്നത് അന്തർദേശീയ ധാരണയോടൊപ്പം ഒരു വിദേശ ഭാഷയിലുള്ള പ്രാവീണ്യം, പ്രാദേശിക ഭാഷയിലുള്ള വൈദഗ്ദ്ധ്യം എന്നിവയ്ക്കാണ്. ന്യൂയോർക്ക് നഗരത്തിലെ മാൻഹട്ടൻറെ കിഴക്കേ ഉയർന്ന തടത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പബ്ലിക് സ്കൂളായ എലീനർ റൂസ്‍വെൽറ്റ് ഹൈസ്കൂൾ 2002 ൽ സ്ഥാപിതമായി. മൂന്നു വർഷങ്ങൾക്കു ശേഷം 2005 ൽ എലീനർ റൂസ്‍വെൽറ്റ് ഹൈസ്കൂൾ കാലിഫോർണിയയിലെ ഈസ്റ്റ്‍വെയിലിൽ സ്ഥാപിതമായി.    

റഫറൻസുകൾ

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-11-14. Retrieved 2019-08-03.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-11-09. Retrieved 2019-08-03.
  3. http://www.hunter.cuny.edu/the-lgbt-center/repository/files/Eleanor%20Roosevelt%20-%20The%20Universal%20Declaration%20of%20Human%20Rights.pdf
  4. https://books.google.com.br/books?id=w87BDQAAQBAJ&pg=PA109&lpg=PA109&dq=eleanor+roosevelt+eisenhower+1952&source=bl&ots=GEMyeNb969&sig=ACfU3U3c3P7UfbvfpSBoAk3pfl3fPYmYhQ&hl=pt-BR&sa=X&ved=2ahUKEwjC3aHDl-riAhU9IbkGHU6NBw0Q6AEwGHoECA0QAQ#v=onepage&q=eleanor%20roosevelt%20eisenhower%201952&f=false Note 61
  5. https://en.wikipedia.org/wiki/Eleanor_Roosevelt#cite_note-PBS-20140910-1. {{cite web}}: Missing or empty |title= (help)
  6. https://en.wikipedia.org/wiki/Eleanor_Roosevelt#cite_note-PBS-20140910-1. {{cite web}}: Missing or empty |title= (help)
  7. https://en.wikipedia.org/wiki/Eleanor_Roosevelt#cite_note-FOOTNOTERowley2010294-2. {{cite web}}: Missing or empty |title= (help)
  8. https://en.wikipedia.org/wiki/Eleanor_Roosevelt#cite_note-bioER-3. {{cite web}}: Missing or empty |title= (help)
  9. https://en.wikipedia.org/wiki/Eleanor_Roosevelt#cite_note-NPSVal-4. {{cite web}}: Missing or empty |title= (help)
  10. "Eleanor Roosevelt Biography: Diplomat, U.S. First Lady (1884–1962)", bio., Biography.com., A&E Television Networks. Retrieved December 13, 2015
  11. "Mrs. Roosevelt, First Lady 12 Years, Often Called 'World's Most Admired Woman'". The New York Times. November 8, 1962. Archived from the original on December 7, 2012. Retrieved December 7, 2012.
  12. "Mother Teresa Voted by American People as Most Admired Person of the Century". The Gallup Organization. December 31, 1999. Archived from the original on November 21, 2012. Retrieved May 20, 2008.
  13. "Question: Where did ER and FDR live?". The Eleanor Roosevelt Papers Project. gwu.edu. Retrieved September 14, 2014.
  14. "The Eleanor Roosevelt Papers Project". gwu.edu.
  15. "Eleanor Roosevelt Biography". National First Ladies' Library. Firstladies.org. Archived from the original on June 9, 2010. Retrieved March 13, 2010.
  16. Graham, Hugh Davis (Spring 1987). "The Paradox of Eleanor Roosevelt: Alcoholism's Child". Virginia Quarterly Review. Retrieved June 22, 2016.
  17. Graham, Hugh Davis (Spring 1987). "The Paradox of Eleanor Roosevelt: Alcoholism's Child". Virginia Quarterly Review. Retrieved June 22, 2016.
  18. Smith 2007, പുറം. 42.
  19. Lash, Joseph P. (1971). Eleanor and Franklin. W.W. Norton & Company. pp. 48, 56, 57, 74, 81, 89–91, 108–10, 111–3, 145, 152–5, 160, 162–3, 174–5, 179, 193–6, 198, 220–1, 225–7, 244–5, 259, 273–6, 297, 293–4, 302–3. ISBN 978-1-56852-075-9.
  20. Goodwin 1994, പുറം. 94.
  21. 21.0 21.1 21.2 Goodwin 1994, പുറം. 95.
  22. Goodwin 1994, പുറം. 276.
  23. Goodwin 1994, പുറം. 276–77.
  24. Lash, Joseph P. (1971). Eleanor and Franklin. W.W. Norton & Company. pp. 48, 56, 57, 74, 81, 89–91, 108–10, 111–3, 145, 152–5, 160, 162–3, 174–5, 179, 193–6, 198, 220–1, 225–7, 244–5, 259, 273–6, 297, 293–4, 302–3. ISBN 978-1-56852-075-9.
  25. Black, Allida (2009). "Anna Eleanor Roosevelt". The White House. Archived from the original on November 23, 2012. Retrieved March 13, 2010.
  26. Wiesen Cook, Blanche (1992). Eleanor Roosevelt: 1884–1933. Viking. ISBN 978-0-670-80486-3.
  27. "Marie Souvestre (1830–1905)". The Eleanor Roosevelt Papers Project at George Washington University. Archived from the original on November 24, 2012. Retrieved November 24, 2012.
  28. "Marie Souvestre (1830–1905)". The Eleanor Roosevelt Papers Project at George Washington University. Archived from the original on November 24, 2012. Retrieved November 24, 2012.
  29. Smith 2007, പുറം. 649.
  30. "Marie Souvestre (1830–1905)". The Eleanor Roosevelt Papers Project at George Washington University. Archived from the original on November 24, 2012. Retrieved November 24, 2012.
  31. Gay, Margaret. "Eleanor Roosevelt". In American Dissidents: An Encyclopedia of Activists, Subversives, and Prisoners of Conscience. Ed. Kathlyn Gay. ABC-CLIO (2011). ISBN 978-1-59884-764-2
  32. Beasley, Maurine Hoffman; Holly Cowan Shulman; Henry R. Beasley (2001). The Eleanor Roosevelt Encyclopedia. Greenwood. pp. 469–70. ISBN 978-0-313-30181-0. Retrieved November 24, 2012.
  33. "1884–1920: Becoming a Roosevelt". The Eleanor Roosevelt Papers Project via George Washington University. Archived from the original on November 24, 2012. Retrieved November 24, 2012.
  34. Rowley 2010, പുറം. 32.
  35. 35.0 35.1 Goodwin 1994, പുറം. 79.
  36. de Kay 2012, പുറം. 32.
  37. "1884–1920: Becoming a Roosevelt". The Eleanor Roosevelt Papers Project via George Washington University. Archived from the original on November 24, 2012. Retrieved November 24, 2012.
  38. "Endicott Peabody (1857–1944)". The Eleanor Roosevelt Papers Project. Archived from the original on November 25, 2012. Retrieved November 24, 2012.
  39. de Kay 2012, പുറം. 37.
  40. Glines, C.V. "'Lady Lindy': The Remarkable Life of Amelia Earhart." Aviation History, July 1997. p. 47.
  41. Goodwin 1994, പുറം. 221.
  42. Cook 1999, പുറം. 2.
Honorary titles
മുൻഗാമി
Catherine Dunn
First Lady of New York
1929–1932
പിൻഗാമി
Edith Altschul
മുൻഗാമി First Lady of the United States
1933–1945
പിൻഗാമി
Diplomatic posts
New office Chair of the United Nations Commission on Human Rights
1946–1952
പിൻഗാമി
United States Representative to the United Nations Commission on Human Rights
1947–1953
പിൻഗാമി
ഔദ്യോഗിക പദവികൾ
New office Chair of the Presidential Commission on the Status of Women
1961–1962
പിൻഗാമി
"https://ml.wikipedia.org/w/index.php?title=എലീനർ_റൂസ്‌വെൽറ്റ്&oldid=3802152" എന്ന താളിൽനിന്ന് ശേഖരിച്ചത്