ചോബാനിഡ്
ചോബാനിഡ് سلسله امرای چوپانی | |||||||||||
---|---|---|---|---|---|---|---|---|---|---|---|
1338–1357 | |||||||||||
Division of Ilkhanate territory | |||||||||||
തലസ്ഥാനം | താബ്രിസ് | ||||||||||
പൊതുവായ ഭാഷകൾ | പേർഷ്യൻ ഭാഷ, മംഗോളിയൻ ഭാഷ | ||||||||||
ഭരണസമ്പ്രദായം | Monarchy | ||||||||||
ചരിത്രം | |||||||||||
• Established | 1338 | ||||||||||
• Disestablished | 1357 | ||||||||||
|
ചോബാനിഡുകൾ അല്ലെങ്കിൽ ചുപാനിഡുകൾ ( പേർഷ്യൻ: سلسله امرای چوپانی) പതിനാലാം നൂറ്റാണ്ടിൽ പേർഷ്യയിൽ അധികാരത്തിൽവന്ന സുൽഡസ് ഗോത്രത്തിൽപ്പെട്ട ഒരു മംഗോളിയൻ കുടുംബത്തിന്റെ പിന്തുടർച്ചക്കാരായിരുന്നു.[1] ആദ്യം ഇൽഖാൻമാരുടെ കീഴിൽ സേവനമനുഷ്ഠിച്ചിരുന്ന അവർ ഇൽഖാനേറ്റിന്റെ പതനത്തിനുശേഷം പ്രദേശത്തിന്റെ യഥാർത്ഥ നിയന്ത്രണം ഏറ്റെടുത്തു. ചോബാനിഡുകൾ അസർബെയ്ജാൻ (അവരുടെആസ്ഥാനം), അറാൻ, ഏഷ്യാമൈനറിന്റെ ചില ഭാഗങ്ങൾ, മെസപ്പൊട്ടേമിയ, പടിഞ്ഞാറൻ മധ്യ പേർഷ്യ എന്നിവിടങ്ങളിൽ തങ്ങളുടെ ഭരണം നടത്തിയപ്പോൾ ജലയിരിഡുകൾ അക്കാലത്ത് ബാഗ്ദാദിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു.[2]
ആദ്യകാല ചോബാനിഡുകൾ
[തിരുത്തുക]ആദ്യകാല ചോബാനിഡുകൾ സുൽഡസ് ഗോത്രത്തിലെ അംഗങ്ങളായിരുന്നു. ആദ്യത്തെ പ്രമുഖ ചോബാനിഡുമാരിൽ ഒരാളായ സോർഗൻ സിറ, ജെങ്കിസ് ഖാൻ അധികാരത്തിലേറിയപ്പോൾ അദ്ദേഹത്തെ സേവിച്ചു. പിന്നീട്, ചോബാനിഡുകൾ ഇൽഖാനേറ്റിന്റെ അധികാരത്തിൻ കീഴിലായി. സോർഗൻ സിറയുടെ പിൻഗാമിയായ അമീർ തുദാഹുൻ 1277-ൽ എൽബിസ്ഥാൻ യുദ്ധത്തിൽ മംലൂക്കുകൾക്കെതിരെ പോരാടി കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ അവശേഷിച്ച പുത്രനായിരുന്ന മാലെക്കിന് (രാജാവ്) ജനിച്ച അമീർ ചുപാനാണ് ചോബാനിഡ് വംശത്തിന്റെ പേരിന് കാരണഭൂതനായത്.
അമീർ ചുപാനും മക്കളും
[തിരുത്തുക]14-ആം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ, ഗസാൻ മഹ്മൂദിൽ തുടങ്ങി തുടർച്ചയായി മൂന്ന് ഇൽഖാൻമാരുടെ കീഴിൽ അമീർ ചുപാൻ സേവനമനുഷ്ഠിച്ചിരുന്നു. ശ്രദ്ധേയനായ ഒരു സൈനിക കമാൻഡറായിരുന്ന, ചുപാൻ വളരെപ്പെട്ടെന്നുതന്നെ ഇൽഖാൻമാരുടെ പ്രീതി സമ്പാദിക്കുകയും ഹുലാഗു ഖാന്റെ പരമ്പരയയിലെ നിരവധി അംഗങ്ങളെ വിവാഹം കഴിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ അധികാരം പ്രഭുക്കന്മാരുടെ ഇടയിലെ നീരസത്തിന് ആക്കം കൂട്ടുകയതോടെ 1319-ൽ അവർ അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തിയെങ്കിലും പരാജയപ്പെട്ടു. എന്നിരുന്നാലും, ഇൽഖാൻ അബു സൈദിനും ചുപാന്റെ സ്വാധീനം ഇഷ്ടപ്പെടാതെ വന്നതോടെ അവനെ രാജസഭയിൽനിന്ന് വിജയകരമായി പുറത്താക്കി. 1327-ൽ ഹെറാറ്റിലേക്ക് പലായനം ചെയ്ത അദ്ദേഹം, അവിടെ കാർത്തിഡുകളാൽ വധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ നിരവധി പുത്രന്മാർ ഈജിപ്തിലെ ഗോൾഡൻ ഹോർഡിലേക്കോ മംലൂക്കുകളിലേക്കോ പലായനം ചെയ്യുകയോ അവശേഷിച്ചവർ കൊല്ലപ്പെടുകയോ ചെയ്തു.
ബാഗ്ദാദ് ഖാത്തൂൺ
[തിരുത്തുക]പേർഷ്യയിൽ നിന്ന് ചോബാനിഡുകൾ പൂർണ്ണമായും തുടച്ചുനീക്കപ്പെട്ടില്ല. ചുപാന്റെ ഒരു മകളായിരുന്ന, ബാഗ്ദാദ് ഖാതൂൺ, അബു സൈദിന്റെ കണ്ണിൽപ്പെട്ടിരുന്നു. ചുപാന്റെ ജീവിതകാലത്തുതന്നെ, ജലയിരിഡ്സ് വംശത്തിന്റെ ഭാവി സ്ഥാപകനായിരുന്ന ഹസൻ ബുസുർഗിനെ അവൾ വിവാഹം കഴിച്ചിരുന്നു, എന്നാൽ ചുപാൻ ഓടിപ്പോയ ശേഷം ഹസൻ ബുസുർഗ് അവളെ വിവാഹമോചനം ചെയ്തതോടെ അവൾ അബു സൈദിനെ വിവാഹം കഴിച്ചു. പെട്ടെന്ന് തന്നെ ഇൽഖാനിൽ സ്വാധീനം ചെലുത്തിയ അവൾ തനിക്ക് ലഭിച്ച വിശാലമായ അധികാരങ്ങൾ പ്രയോഗിക്കുകയും ചെയ്തു. ഇൽഖാനെതിരെയുള്ള ഏതോ ഗൂഢാലോചനകളിൽ അവൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപിക്കപ്പെട്ടുവെങ്കിലും ഒരിക്കലും തെളിയിക്കപ്പെട്ടിട്ടില്ല. എന്നാൽ 1335-ൽ അബു സൈദിന്റെ മരണത്തിന് അവൾ കാരണമായി ചിലർ വിശ്വസിച്ചു. അബു സൈദിന്റെ പിൻഗാമിയായ അർപ കെയുൻ അവളെ വധിച്ചു.
ഇൽഖാനേറ്റിന്റേയും മറ്റും പതന സമയത്തെ പങ്ക്
[തിരുത്തുക]ചുപാന്റെ ഒരു ചെറുമകളായിരുന്ന ദെൽസാദ് ഖാതുൺ ദിയാർബക്കറിലേക്ക് പലായനം ചെയ്തപ്പോൾ, അർപ കെയുനിന്റെ സ്ഥാനം ദുർബലമാണെന്ന് തെളിയുകയും ആ പ്രദേശത്തെ ഗവർണർ ഇൽഖാനെ ആക്രമിക്കാനും പരാജയപ്പെടുത്താനും കാരണമായിത്തീരുകയും ചെയ്തു. അടുത്ത കുറച്ച് വർഷങ്ങളിലുണ്ടായ കലഹങ്ങളിൽ, ചോബാനിഡിലെ വ്യക്തിഗത അംഗങ്ങൾ അർപ്പ അല്ലെങ്കിൽ ഹസൻ ബുസുർഗ് പോലുള്ള വിവിധ വിഭാഗങ്ങളുടെ പക്ഷം ചേർന്നു. ഹസൻ ബുസുർഗ് ദെൽസാദ് ഖാതുണിനെ വിവാഹം കഴിച്ചതോടെ ജലയിരിഡിന്റെ പിന്തുടർച്ചാവകാശിയായി.
ജലയിരിഡുകൾ ഇറാഖിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുമ്പോൾ, മറ്റ് ചോബാനിഡുകളും തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നതിൽ ബദ്ധശ്രദ്ധരായിരുന്നു. ചുപാന്റെ ചെറുമകനായ ഹസൻ കുസെക്, ചോബാനിഡ് കുടുംബത്തിലെ ഭൂരിഭാഗം അംഗങ്ങളേയും തന്റെ പക്ഷത്ത് അണിനിരത്തിക്കൊണ്ട് 1338-ൽ ജലയിരിഡുകളെ പരാജയപ്പെടുത്തുകയും തബ്രിസിന് ചുറ്റുമുള്ള പ്രദേശത്ത് ഒരു ചോബാനിഡ് അധികാരകേന്ദ്രത്തിന് വഴിയൊരുക്കുകയും ചെയ്തു. അതേ വർഷം, അബു സൈദിന്റെ സഹോദരിയും ചുപാന്റെ വിധവയുമായിരുന്ന സതി ബെഗിനെ അദ്ദേഹം ഇൽഖാനിദ് സിംഹാസനത്തിലേക്ക് ഉയർത്തി. സതി ബേഗിനെ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ അവൻ അവളെ തന്റെ പാവയായ സുലൈമാൻ ഖാനെ വിവാഹം കഴിക്കാൻ നിർബന്ധിച്ചു. ഹസൻ കുസെക് ജലയിരിഡുകളുമായുള്ള പോരാട്ടം തുടർന്നു (ഖുറാസാനിലെ തോഗ തെമർ നടത്തിയ കടന്നുകയറ്റത്തിലൂടെ ഈ പോരാട്ടം കൂടുതൽ സങ്കീർണ്ണമായിരുന്നു), എന്നാൽ കുടുംബ വഴക്കുകളായിരുന്നു ഏറ്റവും ബുദ്ധിമുട്ടുള്ള വെല്ലുവിളി. നിരവധി അംഗങ്ങൾ ജലയിരിഡ് പക്ഷത്തേയ്ക്ക് കൂറുമാറിയതോടെ 1343-ൽ തന്റെ മരണം വരെ അവരുമായി സന്ധിചെയ്യാൻ ഹസൻ കുസെക്ക് നിർബന്ധിതനായി.
ചോബാനിഡുകളുടെ പതനം
[തിരുത്തുക]ഹസൻ കുസെക്കിന്റെ മരണശേഷം വളരെപ്പെട്ടെന്നുതന്നെ പിൻഗാമികൾക്കിടയിൽ അധികാര വടംവലി ആരംഭിച്ചു. ഈ തർക്കത്തിനിടെ ഹസൻ കുസെക്കിന്റെ സഹോദരൻ മാലെക് അസ്‌റഫ് മേൽക്കൈ നേടുകയും അദ്ദേഹം തന്റെ അമ്മാവന്മാരെ ഇല്ലാതാക്കുകയും ചെയ്തു. 1344 അവസാനത്തോടെ, മാലെക് അസ്റഫ് ചോബാനിഡ് ദേശങ്ങൾക്കുമേൽ ഫലപ്രദമായ നിയന്ത്രണം നേടി. തന്റെ മുൻഗാമിയെപ്പോലെ, മാലെക് അസ്‌റഫും പാവ രാജാക്കന്മാരുടെ പിന്നിൽനിന്നാണ് ഭരണം നടത്തിയത്. അദ്ദേഹത്തിന്റെ ഭരണകാലത്ത്, 1347-ൽ ജലയിരിഡുകളിൽ നിന്ന് ബാഗ്ദാദ് പിടിച്ചെടുക്കാൻ ചോബാനിഡ് ശ്രമിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു. 1350-ൽ ഇൻജുയിഡുകളിൽ നിന്ന് ഫാർസ് പിടിച്ചെടുക്കുന്നതിലും അദ്ദേഹം പരാജയപ്പെട്ടു. ഭരണത്തിന്റെ പിന്നീടുള്ള കാലത്ത് മാലെക് അസ്‌റഫ് കൂടുതൽ ക്രൂരനായിത്തീർന്നത് അദ്ദേഹത്തിന്റെ പ്രജകൾക്കിടയിൽ വ്യാപകമായ അതൃപ്തിക്ക് കാരണമായി. ഗോൾഡൻ ഹോർഡ് സൈന്യം 1357-ൽ ചോബാനിഡ് സാമ്രാജ്യം കീഴടക്കുകയും തബ്രിസ് പിടിച്ചടക്കുകയും ചെയ്തപ്പോൾ, ചോബാനിഡുകളുടെ അധികാരം നഷ്ടപ്പെട്ടതിൽ ഖേദിക്കാൻ അധികാമരുമുണ്ടായിരുന്നില്ല. വധിക്കപ്പെട്ട മാലെക് അസ്റഫിന്റെ കുടുംബത്തെ വടക്ക് ഗോൾഡൻ ഹോർഡിലേക്ക് കൊണ്ടുപോയി. മാലെക് അസ്‌റഫിന്റെ സന്തതികൾ ഒടുവിൽ പേർഷ്യയിൽവച്ച് കൊല്ലപ്പെടുകയും ഒരു രാഷ്ട്രീയശക്തിയെന്ന നിലയിൽ ചോബാനിഡുകളുടെ അന്ത്യം കുറിക്കുകയും ചെയ്തു.
അവലംബം
[തിരുത്തുക]- ↑ Ta'rīkh-i Shaikh Uwais: History of Shaikh Uwais – by Abū Bakr al-Quṭbī Aharī, Abu Bakr al Qutbi al-Ahri, Johannes Baptist van Loon
- ↑ Melville & Zaryāb 1991, pp. 496–502.