1911, ഡിസംബർ 27 നു, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെകൽക്കത്താ സമ്മേളനത്തിൽ ജനഗണമന ആദ്യമായി ആലപിച്ചത് സരളാ ദേവി ചൗധ്റാണി.ബംഗാളിയിൽ രചിച്ച ആ ഗാനത്തിന് 'ഭാഗ്യവിധാതാ' എന്നാണ് ആദ്യം പേരിട്ടിരുന്നത്. ശങ്കരാഭരണ രാഗത്തിൽ രാംസിങ് ഠാക്കൂർ സംഗീതം നൽകിയ ഈ ഗാനം[അവലംബം ആവശ്യമാണ്] പിന്നീട് ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റി. ദേശീയപ്രസ്ഥാനത്തിന്റെ മുഖ്യവാഹകരായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഈ ഗാനം ദേശീയഗാനമായി അംഗീകരിക്കുകയായിരുന്നു. ഇന്ത്യൻ പാർലമെന്റിൽ ഈ ഗാനം ആദ്യമായി അവതരിപ്പിച്ചത് 1950 ജനുവരി 24നാണ്. ഈ ദിവസമാണ് 'ജന ഗണ മന ' ദേശീയഗാനമായി അംഗീകരിച്ചത്. ആദ്യ ഖണ്ഡികയാണ് ജന ഗണ മന.
ജന-ഗണ-മന അധിനായക ജയഹേ
ഭാരത-ഭാഗ്യ-വിധാതാ,
പഞ്ചാബ്-സിന്ധു-ഗുജറാത്ത്-മറാഠാ
ദ്രാവിഡ-ഉത്‌കല-ബംഗാ,
വിന്ധ്യ-ഹിമാചല-യമുനാ-ഗംഗാ,
ഉച്ഛല-ജലധി-തരംഗാ,
തവ ശുഭ നാമേ ജാഗേ,
തവ ശുഭ ആശീഷ മാഗേ,
ഗാഹേ തവജയ ഗാഥാ,
ജന-ഗണ-മംഗല-ദായക-ജയഹേ
ഭാരത-ഭാഗ്യ-വിധാതാ.
ജയഹേ, ജയഹേ, ജയഹേ
ജയ ജയ ജയ ജയഹേ
മലയാള പരിഭാഷ: സർവ്വ ജനങ്ങളുടെയും മനസ്സിന്റെ അധിപനും നായകനുമായവനെ ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് ജയിച്ചാലും. പഞ്ചാബ്, സിന്ധ് , ഗുജറാത്ത്, മഹാരാഷ്ട്ര, ദ്രാവിഡം, ഒറീസ്സ, ബംഗാൾ, എന്നീ പ്രദേശങ്ങളും വിന്ധ്യൻ, ഹിമാലയം എന്നീ കൊടുമുടികളും, യമുനാ, ഗംഗാ എന്നീ നദികളും സമുദ്രത്തിൽ അലയടിച്ചുയരുന്ന തിരമാലകളും അവിടത്തെ ശുഭ നാമം കേട്ടുണർന്നു അവിടത്തെ ശുഭാശിസ്സുകൾ പ്രാർഥിക്കുന്നു; അവിടത്തെ ശുഭഗീതങ്ങൾ ആലപിക്കുന്നു. സർവ്വ ജനങ്ങൾക്കും മംഗളം നല്കുന്നവനെ, ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് വിജയിച്ചാലും! വിജയിച്ചാലും! വിജയിച്ചാലും!
জনগণমন-অধিনায়ক জয় হে ভারতভাগ্যবিধাতা!
পঞ্জাব সিন্ধু গুজরাত মরাঠা দ্রাবিড় উৎকল বঙ্গ
বিন্ধ্য হিমাচল যমুনা গঙ্গা উচ্ছলজলধিতরঙ্গ
তব শুভ নামে জাগে, তব শুভ আশিষ মাগে,
গাহে তব জয়গাথা।
জনগণমঙ্গলদায়ক জয় হে ভারতভাগ্যবিধাতা!
জয় হে, জয় হে, জয় হে, জয় জয় জয় জয় হে॥
കോൺഗ്രസ്സ് സമ്മേളനത്തിൽ ആദ്യമായി ടാഗോറിന്റെ കവിത ആലപിച്ചതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ബ്രിട്ടനിലെജോർജ് അഞ്ചാമൻ രാജാവിനു സ്വീകരണം നൽകിയത്. ഈ ഒരു കാരണം കൊണ്ടുതന്നെ പലരും ഗാനത്തിൽ ദൈവമെന്നു വിവക്ഷിച്ചിരിക്കുന്നത് ജോർജ് രാജാവിനെ ആണെന്നു കരുതിപ്പോന്നിരുന്നു.[7] പിന്നീട് ടാഗോറിന്റെ തന്നെ വിശദീകരണത്തിൽ അദ്ദേഹം “വിധാതാവായി” കരുതുന്നത് ദൈവത്തിനെ തന്നെയാണെന്നു വ്യക്തമാക്കുകയുണ്ടായി. അല്ലെങ്കിൽ തന്നെയും ബ്രിട്ടീഷ് രാജാവ് സമ്മാനിക്കുകയുണ്ടായ “പ്രഭു” പദവി തന്നെ നിരാകരിച്ച ടാഗോർ എന്ന ദേശീയവാദിയിൽ നിന്ന് ജോർജ് അഞ്ചാമനെ പ്രകീർത്തിച്ചു കൊണ്ടൊരു ഗാനം ഉണ്ടാവുകയില്ലെന്നു ഭൂരിപക്ഷവും വിശ്വസിച്ചുപോന്നിരുന്നു.
2005 -ൽ ദേശീയഗാനത്തിൽ “സിന്ധ്” എന്ന പദം ഉപയോഗിക്കുന്നതിലുള്ള അനൌചിത്യം ചൂണ്ടിക്കാണിച്ചുകൊണ്ട് വിവാദങ്ങൾ ഉണ്ടായിരുന്നു. 1947 -ൽ തന്നെ ഭാരതത്തിൽ നിന്നു വേർപ്പെട്ടുപോയ പാകിസ്താൻ എന്ന രാജ്യത്തിലെ ഒരു പ്രവിശ്യയാണു് സിന്ധ് എന്ന കാരണമായിരുന്നു വിവാദമൂലം. സിന്ധ് എന്ന പദത്തിനു പകരം കാശ്മീർ എന്നോ മറ്റൊരു പദമോ ഉപയോഗിക്കണമെന്ന് ഇതു സംബന്ധിച്ച് സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്ന പൊതുതാൽപര്യ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.[8] സിന്ധ് എന്ന പദം സൂചിപ്പിക്കുന്നത് സിന്ധുനദീതട സംസ്കൃതിയെയും, സിന്ധികൾ എന്ന ജനവിഭാഗത്തെയും ആണെന്നായിരുന്നു വിവാദത്തിൽ താല്പര്യമില്ലാതിരുന്ന ഒരു വിഭാഗം കരുതിപ്പോന്നിരുന്നത്. പിന്നീട് ഇന്ത്യൻ സുപ്രീം കോടതി തന്നെ ദേശീയഗാനത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതില്ലെന്നും സിന്ധ് എന്നതു സൂചിപ്പിക്കുന്നത് ഒരു സംസ്കാരത്തേയാണെന്നും അതല്ലാതെ ഒരു പ്രവിശ്യയെ അല്ലെന്നും അഭിപ്രായപ്പെടുകയുണ്ടായി.[8]
1985 ജുലൈയിൽ കോട്ടയം ജില്ലയിലെ ഒരു വിദ്യാലയത്തിൽ, ദേശീയഗാനം പാടാത്തതിന്റെ പേരിൽ യഹോവയുടെ സാക്ഷികളായ ചില വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി. ഈ കേസ് സൂപ്രിം കോടതിയിൽ പരിഗണിച്ച പ്രത്യേകബഞ്ച് പുറത്താക്കലിനെ ശരിവെച്ച ഹൈക്കോടതിയെയും, കീഴ്കോടതികളെയും നിശിതമായി വിമർശിക്കുകയും, യഹോവയുടെ സാക്ഷികളായ വിദ്യാർത്ഥികളെ തിരിച്ചെടുക്കണമെന്നും ദേശീയഗാനം പാടാതെയിരിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ടെന്നും പ്രഖ്യാപിക്കുകയുണ്ടായി. [9]