Jump to content

ശാശ്വതഭൂനികുതിവ്യവസ്ഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ജമീന്ദാരി രീതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഗവർണർ ജനറൽ ആയിരുന്ന കോൺവാലിസ് പ്രഭു നടപ്പാക്കിയ ഭൂനികുതി വ്യവസ്ഥയാണ് ശാശ്വതഭൂനികുതിവ്യവസ്ഥ ഇത് മുഗളരുടെ കാലം മുതൽ നിലവിലിരുന്ന സമീന്ദാരി (ജമീന്ദാരി) വ്യവസ്ഥക്ക് ചെയ്ത ഭേദഗതിയായിരുന്നു. പുതിയ വ്യവസ്ഥപ്രകാരം ബീഹാർ, ബംഗാൾ,ഒറീസ്സാ പ്രദേശങ്ങളിൽ നിലവിലിരുന്ന നികുതി പിരിവ് സമ്പ്രദായത്തിൽ ചില മാറ്റങ്ങൾ വന്നു. ജന്മിമാർ ഗവണ്മെന്റിനു കൊടുക്കേണ്ടതായ നികുതി എന്നെന്നേക്കുമായി ക്ലിപ്തപ്പെടുത്തുകയും ഭൂമിയുടെ ഉടമകളായി അവരെ ഔപചാരികമായി അംഗീകരിക്കുകയും ചെയ്തു. ശാശ്വതഭൂനികുതിവ്യവസ്ഥ പ്രകാരം 1793ൽ നിശ്ചയിച്ച നികുതി നിരക്ക് ഭാവിയിൽ യാതൊരു സാഹചര്യത്തിലും പുതുക്കി നിശ്ചയിച്ചുകൂടെന്നു പ്രഖ്യാപിക്കപ്പെട്ടു[1].

പശ്ചാത്തലം

[തിരുത്തുക]

മുഗൾ കാലഘട്ടം

[തിരുത്തുക]

ഭൂവുടമ എന്നഥം വരുന്ന ജമീന്ദാർ , ജാഗിർദാർ എന്നീ സ്ഥാനപ്പേരുകൾ ജമീൻ (നിലം), ജാഗിർ(പ്രവിശ്യ) എന്നീ പേർഷ്യൻ അറബി പദങ്ങളിൽ നിന്നാണ് ഉണ്ടായത്. ദില്ലി സൽത്തനത്തും മുഗളരും ഭരണം നടത്തിയിരുന്ന കാലഘട്ടത്തിൽ വിശിഷ്ട സേവനമനുഷ്ടിച്ചവർക്ക് ഭൂമി ചാർത്തിക്കൊടുക്കുന്ന പതിവുണ്ടായിരുന്നു. അക്ബറുടെ കാലത്ത് മാനസ്ബ്ദാർ വ്യവസ്ഥയുടെ പേരിലും ഭൂമി പതിച്ചു കൊടുത്തിരുന്നു. [2]. പതിച്ചു കിട്ടിയ ഭൂമിയുടെ ഏറ്റക്കുറച്ചിലനുസരിച്ച് ഭൂവുടമകൾക്കിടയിലും ശ്രേണീ വ്യത്യാസം ഉണ്ടായി. പലപ്പോഴും ഇത്തരം ചാർത്തിക്കൊടുക്കലുകൾ ഒരു നിശ്ചിത കാലയളവിലേക്കായിരുന്നെങ്കിലും , അവ ക്രമേണ പരമ്പരാഗതമായിത്തീർന്നു.

ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആഗമനം

[തിരുത്തുക]

1698-ൽ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് കൊൽക്കത്ത, സുതാനതി, ഗോബിന്ദപൂർ ഗ്രാമങ്ങളുടെ ഉടമസ്ഥാവകാശം (താലൂക്ദാരി) ലഭിച്ചു. 1757-ലെ പ്ലാസി യുദ്ധാനന്തരം, സിറാജ് ഉദ് ദൗള കൊൽക്കത്തക്ക് തെക്കായുളള 38 ഗ്രാമങ്ങളും മിർ ജാഫർ 822 ചതുരശ്ര മൈൽ സ്ഥലവും (ഇന്നത്തെ 24ഫർഗാനകൾ)കമ്പനിക്കു കൈമാറി. ഇതിനു പകരമായി 2,22,958 രൂപ വാർഷിക നികുതിയായി കമ്പനി നവാബിന് നല്കി. 1759-ൽ ഈ റവന്യു ക്ളൈവിനു ചാർത്തിക്കിട്ടി. [3] 1765-ൽ മുഗൾ സമ്രാട്ട് ഷാ ആലമിന് വാർഷിക വേതനമായി ലക്ഷം രൂപ നല്കാമെന്ന കരാറിൽ ബംഗാൾ, ബീഹാർ, ഒറീസ്സ എന്നീ പ്രവിശ്യകളിലെ ദിവാൻ പദവി കമ്പനിക്കു ലഭിച്ചു.ഈ പ്രവിശ്യകളിലെ ജമീന്ദാരി സമ്പ്രദായത്തിൽ കൈകടത്തുകയില്ലെന്ന് കരാറിൽ പ്രത്യേകം പറഞ്ഞിരുന്നു. കമ്പനിയുടെ പ്രതിനിധികൾ (നയ്ബ് ദിവാൻ =ദിവാന്റെ പ്രതിനിധി) നികുതി പിരിവു നടത്തി. ഇവർക്കു കമ്പനിവക മേലധികാരികളും ഉണ്ടായി. 1770-ലെ ദുർഭിക്ഷം നികുതി പിരിവ് ആകെ താറുമാറാക്കി. ഏറിവന്ന കുടിശ്ശികകളും, കുറഞ്ഞു വന്ന നികുതിയും പല ശ്രേണിയിലുളള ഭൂവുടമകളുടെ ആവിർഭാവവും കാരണം കമ്പനിയെ കുഴക്കി. നയ്ബ് ദിവാന്മാരേയും മേലധികാരികളേയും പിരിച്ചു വിട്ട്, നികുതി നേരിട്ട് ഈടാക്കാൻ കമ്പനി തീരുമാനിച്ചു. കമ്പനിയുടെ ഭരണം ക്രമീകരിക്കനായി റെഗുലേറ്റിങ് ആക്റ്റ് 1773 നടപ്പിലാക്കപ്പെട്ടു. പക്ഷേ ഹ്രസ്വ കാല വ്യവസ്ഥകൾ ( Short term settlements) പല തരം അഴിമതികൾക്കും കാരണമായി. പല ജമീന്ദാർമാരുടേയും പാരമ്പര്യ അവകാശങ്ങൾ നിഷേധിക്കപ്പെട്ടു. ലാഭത്തിനു പകരം കമ്പനിയുടെ കട ബാദ്ധ്യതകൾ കൂടുകയാണുണ്ടായത്. 1774 മുതൽ 1785 വരെ ബംഗാളിലെ ഗവണ്ണർ ജനറലായിരുന്ന വാറൻ ഹേസ്റ്റിംഗ്സിനു മേൽ പിന്നീട് ചുമത്തപ്പെട്ട കുറ്റപത്രത്തിൽ ഇതും ഉൾപ്പെട്ടിരുന്നു. [3].

പിറ്റ്സ് ഇന്ത്യ ആക്റ്റ്

[തിരുത്തുക]

1784-ൽ പിറ്റിന്റെ ഇന്ത്യാ ആക്റ്റ് ബ്രിട്ടീഷു പാർലമെന്റ് പാസ്സാക്കി. അന്നത്തെ പ്രധാനമന്ത്രി വില്യം പിറ്റ് ആയതു കാരണമാണ് ആ പേരു വന്നത്. നാട്ടുരാജാക്കന്മാർ, ജമീന്ദാർമാർ,പോളിഗർ, താലൂക്ദാർമാർ,മറ്റു ഭൂവുമടമകൾ നികുതിയോ, കരമോ കപ്പമോ കമ്പനിക്ക് നേരിട്ട് നല്കേണ്ടതാണെന്നും അതിനാവശ്യമായ ശാശ്വത നിയമങ്ങൾ കൊണ്ടുവരണമെന്നുമായിരുന്നു ഈ ആക്റ്റിന്റെ സാരം. മുഗളർക്ക് കപ്പം കൊടുത്തിരുന്ന കൂച്ച് ബിഹാർ, ത്രിപുര, അസ്സാം എന്നിവിടങ്ങളിലെ നാട്ടു രാജാക്കന്മാർ, നിശ്ചിത വാർഷിക നികുതി നല്കിയിരുന്ന രാജാഷാഹി, ബർദ്വാൻ, ദിനാജ്പൂർ എന്നിവിടങ്ങളിലെ ദേശവാഴികളായ കാജകൾ, പിന്നെ ജോടേദാർമാർ ദിവാന്മാർ, എന്നിവരെ പൊതുവായി ജമീന്ദാർ എന്നു ഗണിക്കാനും അവർക്കെല്ലാം ബാധകമാകുന്ന വിധത്തിൽ ഒരു പൊതു നിയമസംഹിതയിലൂടെ അവർ കമ്പനിക്കു നല്കേണ്ടുന്ന കരവും കുടിയാന്മാർ ജമീന്ദാർക്കു നല്കേണ്ടുന്ന വാർഷിക കരവും ശാശ്വതമായി നിശ്ചിതപ്പെടുത്താനും ആക്റ്റ് നിർദ്ദേശിച്ചു[3]. ഇതിനെത്തുടർന്ന് വലിപ്പവും, വളക്കുറും വിളവെടുപ്പും അടിസ്ഥാനമാക്കി ഭൂമി തരം തിരിക്കുന്നതിനും നികുതി നിശ്ചയിക്കുന്നതിനുമുളള സമഗ്രമായ ഏർപ്പാടുകൾ ചെയ്യപ്പെട്ടു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മുഖ്യ ഉദ്ദേശ്യം നിശ്ചിത തുക നിശ്ചിത സമയത്ത് തങ്ങളുടെ ഭണ്ഡാരത്തിൽ എത്തണമെന്നായിരുന്നു. മാത്രമല്ല, അധികം വരുന്ന ലാഭം തങ്ങൾക്ക് സ്വന്തമാണെന്ന വസ്തുത കുടിയാന്മാരേയും ജമീന്ദർമാരേയും കൂടുതൽ ഉത്പാദിപ്പിക്കുന്നതിന് പ്രോത്സാഹിപ്പിക്കുമെന്നും കമ്പനി കരുതി.

വ്യവസ്ഥകൾ

[തിരുത്തുക]

ശാശ്വത ഭൂനികുതി വ്യവസ്ഥയിൽ മൂന്നു വിഭാഗങ്ങളാണ് ഉൾക്കൊളളിക്കപ്പെട്ടത്. ഈസ്റ്റ് ഇന്ത്യാ കമ്പനി , ജമീന്ദാർമാർ, കുടിയാന്മാർ. തത്സമയം ലഭ്യമായ ഭൂവിവരങ്ങൾ കണക്കിലെടുത്ത് പതിനൊന്നിൽ പത്തു ഭാഗം കമ്പനിക്ക്. ബാക്കി ഒരു ഭാഗം ജമീന്ദാർക്ക് എന്ന നിരക്കിൽ ഒരു നിശ്ചിത സംഖ്യ കമ്പനി വാർഷികകരമായി നിശ്ചയിച്ചു[3]. ജമീന്ദാർക്ക് അമിത വിളവു ലഭിച്ചാലും ഈ സംഖ്യ ഒരിക്കലും വർദ്ധിപ്പിക്കുകയില്ല എന്ന ഉറപ്പോടെ. എല്ലാവർഷവും ഒരു നിശ്ചിത ദിവസം സൂര്യാസ്തമനത്തിനകം കരമടച്ചില്ലെങ്കിൽ കൃഷി സ്ഥലങ്ങൾ വിൽക്കപ്പെടുമെന്നും, തീപ്പിടുത്തമോ, വരൾച്ചയോ ഒഴികഴിവായി അംഗീകരിക്കില്ലെന്നും വ്യവസ്ഥയിൽ പറഞ്ഞു[3]. കുടിയായ്മ പരമ്പരാഗതമായിരുന്നു. പന്ത്രണ്ടു വർഷങ്ങളായി ഒരേ സംഖ്യയാണ് ജമീന്ദാർക്ക് നല്കിപ്പോരുന്നതെങ്കിൽ അത് ശാശ്വത നികുതിയായി പരിഗണിയ്ക്കാമെന്ന് കമ്പനി പറഞ്ഞെങ്കിലും അതു തെളിയിയ്ക്കാൻ ആവശ്യമായ രേഖകൾ കുടിയാന്മാരുടെ കൈവശം ഉണ്ടായിരുന്നില്ല. അങ്ങനെ അന്യായമായ കര വർദ്ധനവിനും കുടിയൊഴിപ്പിക്കലിനും എതിരായി അവർക്ക് യാതൊരു രക്ഷാമാർഗ്ഗവും ലഭ്യമായില്ല.

അനന്തരഫലങ്ങൾ

[തിരുത്തുക]

ഏതാണ്ട് രണ്ടു ദശാബ്ദക്കാലത്തോളം ഈ വ്യവസ്ഥ ഒട്ടൊക്കെ സുഗമമായി നടന്നു. പക്ഷെ പുതിയ അവകാശങ്ങൾ ലഭിച്ചതിനെതുടർന്ന് ജന്മിമാർ കൃഷിയിൽ കൂടുതൽ ശ്രദ്ധിക്കുമെന്നും അങ്ങനെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടും എന്ന കോൺവാലിസിന്റെ കണക്കൂട്ടൽ അസ്ഥാനത്തായി. ജമീന്ദർമാർ ഈ വ്യവസ്ഥയെ കുടിയാന്മാരെ ചൂഷണം ചെയ്യാനുളള ഉപാധിയാക്കി മാറ്റി. കുടിയാന് ഭൂമിയിലുള്ള ന്യായമായ അവകാശം നഷ്ടപ്പെട്ടു. ജന്മിമാർ കാലക്രമത്തിൽ സമ്പന്നരാകുകയും കുടിയാന്മാർ ജമീന്ദാർമാരുടെ ശാശ്വത ചൂഷണങ്ങൾക്ക് വിധേയരാകുകയും ചെയ്തു. 1885-ലെ കുടികിടപ്പു നിയമം കുടിയാന്മാരുടെ കുടികിടപ്പവകാശം ഭദ്രമാക്കാൻ ശ്രമിച്ചെങ്കിലും ഒമ്പതു വർഷത്തെ തുടർച്ചയായ കൈവശാവകാശം സ്ഥിരീകരിക്കാനാവശ്യമായ ഭൂസംബന്ധിത രേഖകൾ കുടിയാന്മാരുടെ കൈവശം ഇല്ലായിരുന്നു[3]. 1940-ൽ ബംഗാളിലെ റവന്യൂ കമീഷണറായിരുന്ന സർ ഫ്രാൻസിസ് ഫ്ളൗഡ് സവിസ്തരമായ ഒരു റിപ്പോർട്ട് അന്നത്തെ റവന്യൂ മന്ത്രാലയത്തിന് സമർപ്പിച്ചു[3]. അതിൽ പലഭേദഗതികളും നിർദ്ദേശിച്ചിരുന്നു. പക്ഷെ തത്പരകക്ഷികളുടെ സ്ഥാപിത താത്പര്യങ്ങൾ കാരണം ഭേദഗതികൾ നടപ്പായില്ല.

കുടിയാന്മാരുടെ ഈ അരക്ഷിതാവസ്ഥയാണ് പിന്നീട് തേഭാഗാ ഭൂസമരത്തിനും നക്സൽ പ്രസ്ഥാനത്തിനും പ്രചോദനം നല്കിയതെന്ന് പറയപ്പെടുന്നു.


അവലംബം

[തിരുത്തുക]
  1. എ. ശ്രീധരമേനോൻ, ed. (1995). "22". ഇന്ത്യാ ചരിത്രം (രണ്ടാം ഭാഗം ). രണ്ടാം (രണ്ടാം ed.). മദ്രാസ്‌: എസ് വിശ്വനാഥൻ പ്രിൻറഴ്സ് ആൻഡ്‌ പബ്ലിഷേഴ്സ്. pp. 252, 253. {{cite book}}: Cite has empty unknown parameters: |origmonth=, |month=, and |chapterurl= (help)
  2. ഐനി-അക്ബറി ശേഖരിച്ചത് 20 ജൂലൈ 2014
  3. 3.0 3.1 3.2 3.3 3.4 3.5 3.6 Report Of The Land Revenue Commission Bengal Vol I
"https://ml.wikipedia.org/w/index.php?title=ശാശ്വതഭൂനികുതിവ്യവസ്ഥ&oldid=3458087" എന്ന താളിൽനിന്ന് ശേഖരിച്ചത്