ജിമ്മി ജോർജ്ജ്
ജിമ്മി ജോർജ്ജ് | |
---|---|
ജനനം | മാർച്ച് 8, 1955 |
മരണം | നവംബർ 30, 1987 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | വോളീബോൾ കളിക്കാരൻ |
തൊഴിലുടമ | കേരള പോലീസ് |
അറിയപ്പെടുന്നത് | ഒരു വിദേശ ക്ലബിനുവേണ്ടി കളിച്ച ഏക ഇന്ത്യൻ വോളീബോൾ കളിക്കാരൻ |
കുട്ടികൾ | ജോസഫ് ജോർജ്ജ് |
മാതാപിതാക്ക(ൾ) | ജോർജ്ജ് ജോസഫ്, മേരി ജോർജ്ജ് |
കേരളത്തിൽ നിന്നുള്ള പ്രശസ്ത വോളീബോൾ താരമായിരുന്നു ജിമ്മി ജോർജ്ജ് (ജീവിതകാലം: മാർച്ച് 8, 1955 - നവംബർ 30, 1987). കണ്ണൂർ ജില്ലയിലെ പേരാവൂർ എന്ന ഗ്രാമത്തിൽ ജനിച്ച ജിമ്മി ജോർജ്ജ് ആയിരുന്നു ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ പ്രൊഫഷണൽ വോളീബോൾ താരം. വോളീബോളിൽ ലോകത്തിലെ 80-കളിലെ പത്ത് മികച്ച അറ്റാക്കർമാരിൽ ഒരാളായി ജിമ്മി ജോർജ്ജ് തിരഞ്ഞെടുക്കപ്പെട്ടു. ഇറ്റലിയിൽ ക്ലബ് വോളി ബാൾ കളിച്ച ജിമ്മി ജോർജ്ജ് തന്റെ ജീവിതകാലത്തുതന്നെ ഒരു ഇതിഹാസമായി മാറി. ഒരു കാറപകടത്തിൽ ഇറ്റലിയിൽ വെച്ച് ജിമ്മി ജോർജ്ജ് 1987 നവംബർ 30-നു അന്തരിച്ചു. മരിയ്ക്കുമ്പോൾ 32 വയസ്സേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ.
ഇന്ത്യയുടെ ദേശീയ വോളിബോൾ ടീമിൽ അംഗമായിരുന്ന ജിമ്മി വിവിധ ഏഷ്യൻ മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1986 ലെ ഏഷ്യാഡിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിൽ അദ്ദേഹം അംഗമായിരുന്നു.
കുടുംബം
[തിരുത്തുക]1955 മാർച്ച് 8-നു ജോർജ്ജ് ജോസഫിന്റെയും മേരി ജോർജ്ജിന്റെയും രണ്ടാമത്തെ മകനായി ജിമ്മി ജോർജ്ജ് ജനിച്ചു. ജിമ്മി ജോർജ്ജിനും സഹോദരന്മാർക്കും വോളീബോളിന്റെ ആദ്യപാഠങ്ങൾ പഠിപ്പിച്ചു കൊടുത്തത് പിതാവായിരുന്നു. ആദ്യകാലത്ത് നീന്തലിലായിരുന്നു ജിമ്മിയുടെ ശ്രദ്ധ. പിന്നീടാണ് അദ്ദേഹം വോളീബോളിലേയ്ക്ക് തിരിഞ്ഞത്. ജിമ്മി ജോർജ്ജ് മരിയ്ക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ലൗലി ജിമ്മി ജോർജ്ജ് ആറുമാസം ഗർഭിണിയായിരുന്നു. അദ്ദേഹത്തിന്റെ മരണം നടന്ന് രണ്ടു മാസത്തിനു ശേഷം ആയിരുന്നു പുത്രനായ ജോസഫ് ജിമ്മി ജോർജ്ജിന്റെ ജനനം.
പുരസ്കാരങ്ങൾ
[തിരുത്തുക]ഇന്ത്യയിലെ ഒരു സ്പോർട്ട്സ് താരത്തിനു ലഭിക്കുന്ന എല്ലാ പ്രധാന ബഹുമതികളും ജിമ്മി ജോർജ്ജിനു ലഭിച്ചു. അർജുന അവാർഡും ഇതിൽ ഉൾപ്പെടും. 21-ആം വയസ്സിൽ അർജുന അവാർഡ് നേടുമ്പോൾ ഈ അവാർഡ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വോളീബോൾ താരമായിരുന്നു ജിമ്മി ജോർജ്ജ്.
- ജി.വി. രാജ അവാർഡ് (1975)
- കേരളത്തിലെ ഏറ്റവും മികച്ച സ്പോർട്ട്സ് താരത്തിനുള്ള മനോരമ അവാർഡ് (1976)
1979-82 കാലഘട്ടത്തിൽ അബുദാബി സ്പോർട്ട്സ് ക്ലബ്ബിനു വേണ്ടി കളിക്കുമ്പോൾ ഗൾഫിലെ ഏറ്റവും മികച്ച കളിക്കാരനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1982 മുതൽ 84 വരെയും 85 മുതൽ 87 വരെയും ഇറ്റലിയിലെ പ്രൊഫഷണൽ ക്ലബ്ബുകൾക്കുവേണ്ടി ജിമ്മി ജോർജ്ജ് കളിച്ചു. ലോകത്തിലെ ഏറ്റവും മികച്ച അറ്റാക്കർമാരിൽ ഒരാളായി ജിമ്മി ജോർജ്ജ് കരുതപ്പെട്ടു.