Jump to content

ജെസ്മി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിസ്റ്റർ ജെസ്മി
2010-ൽ കൊല്ലത്തുനടന്ന പു.ക.സ. സമ്മേളനത്തിൽ
ജനനം
മേമി റഫായേൽ

1956
ദേശീയത ഇന്ത്യ
തൊഴിൽഎഴുത്തുകാരി
അറിയപ്പെടുന്നത്ആമേൻ[8]

കേരളത്തിലെ കത്തോലിക്കാ സഭയിൽ പൊതുവേയും കത്തോലിയ്ക്കാ സന്യാസസ്ഥാപനങ്ങളിൽ പ്രത്യേകിച്ചും നടക്കുന്നതായി ആരോപിക്കപ്പെടുന്ന അതിക്രമങ്ങളേയും അഴിമതികളേയും അസാന്മാർഗ്ഗികതയേയും തുറന്നുകാട്ടി വിമർശിക്കുന്ന "ആമേൻ- ഒരു കന്യാസ്ത്രീയുടെ ആത്മകഥ" എന്ന ഗ്രന്ഥം രചിച്ച കത്തോലിയ്ക്കാ സന്യാസിനിയാണ് ജെസ്മി എന്ന സിസ്റ്റർ ജെസ്മി. മേമി റഫായേൽ എന്നായിരുന്നു അവരുടെ പൂർവാശ്രമത്തിലെ നാമം. മൂന്നു പതിറ്റാണ്ടിലേറെ കാർമ്മലമാതാവിന്റെ സന്യാസസമൂഹത്തിൽ(കോൺഗ്രഗേഷൻ ഓഫ് മദർ കാർമൽ - സി.എം.സി) അംഗമായിരുന്ന ജെസ്മി, 51-ആമത്തെ വയസ്സിൽ അധികാരസ്ഥാനങ്ങൾക്കു നേരേ ഉയർത്തിയ കലാപത്തെ തുടർന്ന് ആ സമൂഹം വിട്ടുപോകുമ്പോൾ തൃശ്ശൂർ സെൻറ് മേരീസ് കലാലയത്തിലെ പ്രധാനാദ്ധ്യാപികയായിരുന്നു. [1]

ജീവിതം

[തിരുത്തുക]

പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും കഴിവ് പ്രകടിപ്പിച്ചിരുന്ന മേമിയുടെ പ്രത്യേക താല്പര്യങ്ങൾ സാഹിത്യവും സിനിമയും ആയിരുന്നു. പ്രീഡിഗ്രീ വിദ്യാർത്ഥിയായിരിക്കെ പങ്കെടുത്ത ഒരു "ദൈവവിളി" ധ്യാനത്തെ തുടർന്ന് സ്വേച്ഛാനുസരണം സന്യാസത്തിന്റെ വഴി തെരഞ്ഞെടുത്ത അവർ, ഏഴുവർഷത്തെ പരിശീലനത്തിനു ശേഷം ജെസ്മി(Jesme) എന്ന പേരിൽ സന്യാസവൃതം എടുത്തു. ഈ പുതിയ പേര് യേശുവും ഞാനും(Jesus-Me) എന്നതിന്റെ ചുരുക്കമായിരുന്നു. വൃതസ്വീകരണത്തിനുശേഷവും, മതേതര വിദ്യാഭ്യാസവുമായി മുന്നോട്ടു പോകുന്നതിന് സഭാധികാരികൾ അവരെ അനുവദിച്ചു.[2] കോഴിക്കോട് സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഗവേഷണബിരുദധാരിയാണ് ജെസ്മി‍.[3] യുവസന്യാസിനി ആയിരിക്കെത്തന്നെ, അനീതികൾക്ക് നേരേ പ്രതികരിച്ചിരുന്ന അവർക്ക് തന്റെ സന്യാസിനീസമൂഹത്തിൽ അധികാരസ്ഥാനങ്ങൾ നിഷേധിക്കപ്പെട്ടതായി ആരോപണമുണ്ട്. എന്നാൽ റാങ്ക് അടക്കമുള്ള ഉന്നതമായ നേട്ടങ്ങളോടെ വിദ്യാഭ്യാസം പൂർത്തിയാക്കിയ ജെസ്മി‍[4] തൃശൂർ സെയിന്റ് ജോസഫ്സ് കലാലയത്തിലെ പ്രധാനാധ്യാപികയായി. ആ പദവിയിലിരിക്കെ കോളജിന്റെ നടത്തിപ്പിന്റേയും മറ്റും കാര്യങ്ങളിൽ പ്രകടിപ്പിച്ച സ്വതന്ത്രമായ നിലപാടുകൾ ഇഷ്ടപ്പെടാഞ്ഞ അധികാരികൾ അവരെ നിർബ്ബന്ധപൂർവം അവധിയിൽ അയച്ചു. എന്നിട്ടും സന്യാസസമൂഹം വിട്ടുപോകാൻ ഇഷ്ടപ്പെട്ടിരുന്നില്ലെന്നും മനോരോഗിയായി മുദ്രകുത്തപ്പെട്ട് ചികിത്സക്കു വിധേയമാകാൻ നിർബ്ബന്ധിക്കപ്പെടുമെന്ന അവസ്ഥയിലാണ് താൻ പിരിഞ്ഞതെന്നും സുബോധം നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കാനാണ് തന്റെ കഥ എഴുതിയതെന്നും അവർ അവകാശപ്പെടുന്നു.[5][ക] താൻ ഇപ്പോഴും സന്യാസിനി തന്നെയാണെന്നതാണ് അവരുടെ നിലപാട്. ജെസ്മി എന്ന സന്യസ്ഥനാമത്തിൽ തന്നെയാണ് അവർ ഇപ്പോഴും അറിയപ്പെടുന്നത്.[1][ഖ]

സാന്യാസസമൂഹം വിട്ടുപോകാൻ തീരുമാനിച്ചശേഷം ഡെൽഹിയിൽ നിന്ന് കേരളത്തിലേയ്ക്കു നടത്തുന്ന ഒരു തീവണ്ടിയാത്രയിലെ സ്മരണകളുടെ രൂപത്തിലാണ് ജെസ്മിയുടെ വിവാദപരമായ പുസ്തകം, "ആമേൻ - ഒരു കന്യാസ്ത്രിയുടെ ആത്മകഥ‍" എഴുതപ്പെട്ടിരിക്കുന്നത്. പ്രച്ഛന്നവേഷത്തിൽ ഒരൊളിച്ചോട്ടം, വെള്ളത്താമര, അനുഗൃഹീത ഞെരിഞ്ഞിലുകൾ, അലറുന്ന അലകളിലൂടെ സുധീരം, സുരക്ഷിതമായ അഭയസ്ഥാനം എന്നിങ്ങന ഓർമ്മകളുടെ അഞ്ചദ്ധ്യാങ്ങളാണ് ഈ ഗ്രന്ഥത്തിനുള്ളത്. കേരളത്തിലെ കന്യാസ്ത്രിമഠങ്ങളിൽ ഇപ്പോൾ യേശുവില്ലെന്നും യേശു പടിയിറങ്ങിപ്പൊയെന്നും 2009 ഫെബ്രുവരിയിൽ, പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ ജെസ്മി നിരീക്ഷിച്ചു.[6] ബ്രഹ്മചര്യനിഷ്ടയുടെ അടിത്തറയിൽ പടുത്തുയർത്തപ്പെട്ടിരിക്കുന്ന കത്തോലിക്കാ സ്ഥാപനങ്ങളിൽ, അടിച്ചമർത്തപ്പെട്ട ലൈംഗികതയിൽ നിന്ന് ജനിക്കുന്ന അനാശാസ്യ ലൈംഗിക പ്രവണതകൾ ഉഭയ-സ്വവർഗ്ഗ രൂപങ്ങളിൽ കൊടികുത്തിവാഴുന്നുവെന്നാണ് "ആമേനിലെ " പ്രധാന വെളിപ്പെടുത്തൽ.[3] സഭയുടെ കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പ്രവേശനവുമായി ബന്ധപ്പെട്ട അഴിമതി, സന്യാസിനികൾക്കിടയിൽ സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിൽക്കുന്ന "ചേടുത്തിമാർക്ക്" നേരിടേണ്ടി വരുന്ന അവഗണനയും അപമാനവും, സുഖസൗകര്യങ്ങളുടേയും ജീവിതനിലവാരത്തിന്റേയും കാര്യത്തിൽ പുരോഹിതന്മാർക്കും കന്യാസ്ത്രികൾക്കും ഇടയിലുള്ള വലിയ അന്തരം തുടങ്ങിയവും "ആമേനിലെ" പ്രമേയങ്ങളിൽ പെടുന്നു.[2] ഗ്രന്ഥകാരി തന്റെ കൃതി സമർപ്പിച്ചിരിക്കുന്നത് യേശുവിനാണ്.[7]


"ആമേൻ- ഒരു കന്യാസ്ത്രീയുടെ ആത്മകഥ" മലയാളത്തിൽ പ്രസിദ്ധീകരിച്ചത് ഡി.സി. ബുക്ക്സ് ആണ്. ആദ്യവർഷം തന്നെ പതിനൊന്നു പതിപ്പുകൾ ഇറങ്ങിയ ആ കൃതി ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2009 ഒക്ടോബറിലെ ഫ്രാങ്ക്ഫർട്ട് പുസ്തകമേളയിലേയ്ക്ക് ജെസ്മി ക്ഷണിക്കപ്പെട്ടിരുന്നു. 2010 ജനുവരിയിൽ ഇൻഡ്യയിലെ ജയ്‌പൂരിൽ നടന്ന പുസ്തക മേളയിൽ ജെസ്മിയും അവരുടെ ഗ്രന്ഥവും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.[1][5]

വിമർശനങ്ങൾ

[തിരുത്തുക]

ജെസ്മിയുടെ ഏറെ പ്രചാരം നേടിയ ഗ്രന്ഥം പല നിലയ്ക്കും, പ്രത്യേകിച്ച് കത്തോലിക്കാ വീക്ഷണത്തിൽ നിന്ന്, വിമർശിക്കപ്പെട്ടിട്ടുണ്ട്. കത്തോലിക്കാ നിലപാടിൽ നിന്നുള്ള അതിന്റെ രൂക്ഷവിമർശനവും പ്രത്യാഖ്യാനവുമായി, ആമേൻ, പാപത്തിന്റെ വെളിപാട് പുസ്തകം എന്ന പേരിൽ ഒരു ഗ്രന്ഥം തന്നെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കത്തോലിക്കാ മുദ്രണ സ്ഥാപനമായ ഡെൽഹിയിലെ മീഡിയാ ഹൗസ് പ്രസിദ്ധീകരിച്ച ഈ മറുപടി രചിച്ചിരിക്കുന്നത് മേരിക്കുട്ടി മണ്ടളം എന്ന നിവൃത്ത അദ്ധ്യാപികയാണ്. സന്യാസാലയങ്ങളിലെ "അനാശാസ്യ" ലൈംഗികതയേയും മറ്റും പറ്റി ജെസ്മി ഉന്നയിക്കുന്ന ആരോപണങ്ങളെ, സന്യാസജീവിതം ആവശ്യപ്പെടുന്ന അച്ചടക്കവും ആത്മപരിത്യാഗവുമായി പൊരുത്തപ്പെട്ടു പോകാനാകാവാഞ്ഞ ഒരാൾ, സന്യസ്തജീവിതത്തിലെ വ്യക്തിപരമായ പ്രതിസന്ധിയ്ക്ക് സാമൂഹ്യസ്വഭാവം നൽകിയും കുറ്റവാളികളെ കണ്ടെത്തിയും താരപരിവേഷം അണിയുവാൻ നടത്തിയ ശ്രമമായി ഈ പ്രത്യാഖ്യാനം വിശേഷിപ്പിക്കുന്നു.[8][ഗ]

കൃതികൾ

[തിരുത്തുക]
  • ആമേൻ (2009)
  • ഞാനും ഒരു സ്ത്രീ
  • പ്രണയസ്മരണ

കുറിപ്പുകൾ

[തിരുത്തുക]

ക.^ "I wrote this autobiography to prove that I am normal. They tried to portray me as an insane person."[5]

ഖ.^ "I am not an ex-nun. I am a nun. A girl can be a Sister even outside the convent."

ഗ.^ "'മേമി' എന്ന പ്രീഡിഗ്രിക്കാരി പെൺകുട്ടിയെ പഠിപ്പിച്ച് പി.എച്ച്.ഡി.ക്കാരിയാക്കി, കോളേജ് പ്രിൻസിപ്പൽ സ്ഥാനത്ത് അവരോധിക്കുകയും പിന്നീട് ആ സ്ത്രീയുടെ വിഷപ്പല്ലുകളേറ്റ് മുറിവേൽക്കുകയും ചെയ്ത കാന്യാസ്ത്രീ സമൂഹത്തിന്‌" ആണ്‌ ഗ്രന്ഥകാരി ഈ പ്രത്യാഖ്യാനം സമർപ്പിച്ചിരിക്കുന്നത്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "Nun-author has audience spellbound", 2010 ജനുവരി 25-ലെ ടൈംസ് ഓഫ് ഇൻഡ്യയിൽ, ശ്രേയാ റോയ് ചൗധരി എഴുതിയ ലേഖനം[1]
  2. 2.0 2.1 Penguin Books, India - Amen, The Autobiography of a Nun[2]
  3. 3.0 3.1 "Amen to Lust" - Top News.in[3]
  4. ആമേൻ, മനോരമ ഓൺലൈൻ, എ.എൻ ശോഭയുടെ റിപ്പോർട്ട് [4] Archived 2010-08-11 at the Wayback Machine.
  5. 5.0 5.1 5.2 Two Authors, Same Tale, 2010 ജനുവരി 25-ലെ ഹിന്ദു ദിനപത്രത്തിൽ സണ്ണി സെബാസ്ട്യൻ എഴുതിയ ലേഖനം[5] Archived 2010-01-30 at the Wayback Machine.
  6. "മഠങ്ങളിൽ യേശുവില്ല" വെബ് ദുനിയാ മലയാളം, 3 ഫെബ്രുവരി, 2009[6]
  7. Ex-nun's confessions set to rock Kerala Church, 2009 ഫെബ്രുവരി 19-ലെ എക്സ്പ്രസ് ഇൻഡ്യയിൽ ഷാജു ഫിലിപ്പ് എഴുതിയ ലേഖനം[7][പ്രവർത്തിക്കാത്ത കണ്ണി]
  8. ആമേൻ, പാപത്തിന്റെ വെളിപാടു പുസ്തകം,മേരിക്കുട്ടി മണ്ടളം, പ്രസാധനം, മീഡിയാ ഹൗസ് ഡെൽഹി
"https://ml.wikipedia.org/w/index.php?title=ജെസ്മി&oldid=3804525" എന്ന താളിൽനിന്ന് ശേഖരിച്ചത്