ടംബ്ലിംഗൻ തടാകം
Lake Tamblingan Danau Tamblingan(Indonesian) | |
---|---|
സ്ഥാനം | Buleleng Regency, Bali, Indonesia |
നിർദ്ദേശാങ്കങ്ങൾ | 8°15′25″S 115°05′49″E / 8.257056°S 115.097003°E |
Type | caldera lake |
Basin countries | Indonesia |
പരമാവധി നീളം | 2 കി.മീ (1.2 മൈ) |
പരമാവധി വീതി | 1.1 കി.മീ (0.68 മൈ) |
ഉപരിതല വിസ്തീർണ്ണം | 1.6 കി.m2 (0.62 ച മൈ) |
പരമാവധി ആഴം | 90 മീ (300 അടി) |
Water volume | 0.027 കി.m3 (0.0065 cu mi) |
ഉപരിതല ഉയരം | 1,217 മീ (3,993 അടി) |
അധിവാസ സ്ഥലങ്ങൾ | Gubug village |
ഇന്റോനേഷ്യയിൽ ബാലിയിലെ ബുലെലെങ് റീജൻസിയിലുള്ള ഒരു ക്രേറ്റർ തടാകമാണ് ടംബ്ലിംഗൻ തടാകം. ലെൻസുങ്ങ് പർവ്വതത്തിന്റെ അടിയിലായാണ് ഈ തടാകം സ്ഥിതിചെയ്യുന്നത്. ബുലെങ് റീജൻസിയിലുള്ള ബൻജാർഉപജില്ലയിലെ മുൻഡുക് അഡ്മിനിസ്ട്രേറ്റീവ് വില്ലേജിലാണ് ഈ തടാകം. ഒരു പുരാതന ക്രേറ്ററിന്റെ ഉള്ളിലുള്ള മൂന്ന് തടാകങ്ങളിൽ ഒന്നാണിത്. ബുയൻ തടാകം, ബ്രാട്ടൻ തടാകം എന്നിങ്ങനെയാണ് ഈ തടാകത്തിന് കിഴക്കായി സ്ഥിതിചെയ്യുന്ന മറ്റുരണ്ടെണ്ണം. 10-ാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന ടംബ്ലിംഗൻ നാഗരികതയുടെ അവശിഷ്ടങ്ങൾ കാണപ്പെടുന്ന തടാകമാണിത്. നിബിഢ മഴക്കാടുകളാണ് ഈ തടാകത്തിനു ചുറ്റും ഉള്ളത്. തടാകവും അതിന്റെ ചുറ്റുപാടുകളും ആദ്ധ്യാത്മിക വിനോദസഞ്ചാരത്തിന്റെ ഭാഗമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഈ തടാകത്തിനു ചുറ്റും എല്ലാവിധ ആധുനിക നിർമ്മാണപ്രവർത്തനങ്ങളും സർക്കാർ തടഞ്ഞിരിക്കുന്നു.
തടാകത്തെക്കുറിച്ച്
[തിരുത്തുക]അതിപുരാതനമായ ഒരു അഗ്നിപർവ്വത ക്രേറ്ററിന്റെ ഉള്ളിലാണ് ടംബ്ലിംഗൻ തടാകം സ്ഥിതിചെയ്യുന്നത്. ഈ ക്രേറ്റിന്റെ അകത്ത് അനേകം സുഷുപ്തിയിലുള്ള പുരാതന അഗ്നിപർവ്വതങ്ങളും മറ്റ് ക്രേറ്റർ തടാകങ്ങളും ഉണ്ട്. ബുയൻ തടാകം, ബ്രാടൻ തടാകം എന്നിവയാണ് മറ്റു തടാകങ്ങൾ. ഈ ക്രേറ്ററിലെ ഏറ്റവും ചെറിയ തടാകമാണ് ടംബ്ലിംഗൻ തടാകം. 1000 മീറ്റർ ഉയരത്തിലുള്ള ഒരു പീഠഭൂമിയിലുള്ള ഈ തടാകം ഒരു സുന്ദരമായ കാലാവസ്ഥ സൃഷ്ടിക്കുന്നു. ടംബ്ലിംഗൻ തടാകത്തിന്റെ ചുറ്റുപാടും വളരെ നിബിഢമായ മഴക്കാടുകളും ഓർക്കിഡ് ചെടികളും മറ്റ് സസ്യജാലങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. തടാകത്തിന്റെ തെക്കേകരയിലായി ഗുബുംഗ് ഗ്രാമം സ്ഥിതിചെയ്യുന്നു. ഇവിടെയുള്ള ഏകഗ്രാമമാണിത്. [1]
മഴയുടെ ലഭ്യതയനുസരിച്ച് ടംബ്ലിംഗൻ തടാകത്തിലെ ജലനിരപ്പ് വ്യത്യാസപ്പെട്ടിരിക്കും. നല്ല മഴലഭിക്കുന്ന അവസരത്തിൽ തടാകത്തിന്റെ ചുറ്റുമുള്ള ചില അമ്പലങ്ങളിൽ വരെ വെള്ളം കയറാറുണ്ട്.
ചരിത്രം
[തിരുത്തുക]പുര എന്നറിയപ്പെടുന്ന ബാലിനീസ് അമ്പലങ്ങളാൽ ചുറ്റപ്പെട്ടതാണ് ടംബ്ലിംഗൻ തടാകം. ഇവയിൽ പലതും പുരാതന ടംബ്ലിംഗൻ നാഗരികതയുമായി ബന്ധപ്പെട്ടതാണ്. ടംബ്ലിംഗൻ തടാകത്തിന്റെ തെക്കുഭാഗത്ത് വസിച്ചിരുന്ന ടംബ്ലിംഗൻ നാഗരികതയെപ്പറ്റി 900 സി ഇ യിലുള്ള ചെമ്പുതകിടുകളിലാണ് ആദ്യ പരാമർശമുള്ളത്. മുൻഡുക് ഗ്രാമത്തിന്റെ അടുത്തുള്ള ഗോബ്ലെഗ് ഗ്രാമത്തിൽ നിന്നാണ് ഈ ചെമ്പുതകിടുകൾ കണ്ടെടുത്തത്. ടംബ്ലിംഗൻ തടാകത്തിന്റെ തെക്കേകരയിലുള്ള ഡാലെം ടംബ്ലിംഗൻ എന്ന പുര (ബാലിനീസ് അമ്പലം) ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. ഈ അമ്പലം ഗുബുഗ് ഗ്രാമത്തിലാണ് സ്ഥിതിചെയ്യുന്നത്. [2]
ചില അജ്ഞാത കാരണത്താൽ യഥാർത്ഥ ടംബ്ലിംഗൻ ഗ്രാമത്തിലുണ്ടായിരുന്ന ജനത തടാകത്തിന്റെ നാല് വ്യത്യസ്തസ്ഥലങ്ങളിലേക്ക് കുടിയേറുകയുണ്ടായി. അങ്ങനെ അവിടെ നാല് ഗ്രാമങ്ങൾ രൂപപ്പെട്ടു. ഇവ കാറ്റുർ ഡെസ (നാല് ഗ്രാമങ്ങൾ) എന്നറിയപ്പെടുന്നു. മുൻഡുക്, ഗോബ്ലെഗ്, ഗെസിംഗ്, ഉമെജെരോ എന്നിവയാണ് ഈ നാലു ഗ്രാമങ്ങൾ. ഈ നാലു ഗ്രാമങ്ങളും ഒരേ ആദ്ധ്യാത്മിക വിശ്വാസങ്ങൾ പിൻതുടർന്നിരുന്നു. ടംബ്ലിംഗൻ തടാകത്തിന്റെ പവിത്രത ഈ ഗ്രാമങ്ങൾ കാത്തുസൂക്ഷിച്ചിരുന്നു. ദൈവങ്ങളെ ആരാധിക്കുന്നതിനായി ടംബ്ലിംഗൻ തടാകത്തിനു ചുറ്റും അമ്പലങ്ങൾ നിർമ്മിക്കപ്പെട്ടിരുന്നു. [3]
അമ്പലങ്ങൾ
[തിരുത്തുക]ചെറുതും വലുതുമായ അനേകം അമ്പലങ്ങള് ടംബ്ലിംഗൻ തടാകത്തിനു ചുറ്റും കാണപ്പെടുന്നു. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ട പുരയാണ് ഡാലെം ടംബ്ലിംഗൻ. ഇത് തടാകത്തിന്റെ കിഴക്കേ കരയിലാണ് സ്ഥിതിചെയ്യുന്നത്. ഗോബ്ലെഗ് ഗ്രാമത്തിൽ നിന്നും ലഭിച്ച 10-ാം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന ഒരു ചെമ്പുതകിടിൽ ഈ അമ്പലത്തിനെപ്പറ്റി പരാമർശങ്ങളുണ്ട്. ഇതേ കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട മറ്റ് അമ്പലങ്ങളാണ് പുര എംബാഗും പുര ടുകാഗ് ടിംബാഗും. പുര ഡാലെം ടംബ്ലിംഗൻ പ്രകാരം മരണവും കൊടുക്കൽവാങ്ങലുകളും ആയി ബന്ധപ്പെട്ടാണ് ഒരു ഡാലെം അമ്പലം നിലനിൽക്കുന്നത്. ഒരു ബാലിനീസ് ഗ്രാമത്തിന്റെ തെക്കേ അറ്റത്തായി പണിയുന്ന പരമ്പരാഗത അമ്പലമാണ് ഡാലെം അമ്പലം.
ഗുബുഗ് ഗ്രാമത്തിൽ തടാകത്തിന്റെ തെക്കേ അറ്റത്തായി സ്ഥിതിചെയ്യുന്ന പുര ഉളുൻ ഡാനു ടംബ്ലിംഗൻ ആണ് മറ്റൊരു പ്രധാന ടംബ്ലിംഗൻ അമ്പലം. ടംബ്ലിംഗൻ തടാകത്തിനെയും ബുയൻ തടാകത്തിനെയും വേർതിരിക്കുന്ന മുനമ്പിലാണ് പുര പെകെമിറ്റൻ കംഗിൻ എന്ന ടംബ്ലിംഗൻ അമ്പലം സ്ഥിതിചെയ്യുന്നത്. ടംബ്ലിംഗൻ തടാകത്തിന്റെ തെക്ക് കിഴക്കേ മൂലയിലാണ് പുര ഡാലെം ഗുബുഗ് സ്ഥിതിചെയ്യുന്നത്. ടംബ്ലിംഗൻ തടാകത്തിന്റെ ചുറ്റുമുള്ള മറ്റ് അമ്പലങ്ങൾ പുര എൻഡെക്, പുര ടിർട മെൻഗെനിങ്ങ്, പുര നഗ ലോക, പുര പെൻഗുകിരൻ, പുര പെൻഗുകുസാൻ, പുര ബടുലെപാങ്ങ് എന്നിവയാണ്. [3]
ഇതും കാണുക
[തിരുത്തുക]- ബ്രാടൻ തടാകം
References
[തിരുത്തുക]- ↑ Auger 2001, pp. 140–1.
- ↑ Ottersen 2016, p. 125.
- ↑ 3.0 3.1 Surya 2012, pp. 140–1.
Cited works
[തിരുത്തുക]- Auger, Timothy, ed. (2001). Bali & Lombok. Eyewitness Travel Guides. London: Dorling Kindersley. ISBN 0751368709.
{{cite book}}
: Cite has empty unknown parameters:|dead-url=
and|subscription=
(help); Invalid|ref=harv
(help) - Ottersen, Carl (2016). The Great Guide to Bali: For Tablets. Great Guides. Folkestone: No Trees Publishing.
{{cite book}}
: Cite has empty unknown parameters:|deadurl=
and|subscription=
(help); Invalid|ref=harv
(help) - Surya, D. (2012). Bali dan Sekitarnya [Bali and Surrounding] (in ഇന്തോനേഷ്യൻ). ISBN 9781480078611.
{{cite book}}
: Invalid|ref=harv
(help)