മഴക്കാട്
വളരെയധികം മഴ ലഭിക്കുന്ന വനങ്ങളെയാണ് മഴക്കാടുകൾ എന്നു പറയുന്നത്. സാധാരണ ഒരു വർഷത്തിൽ 1750 മി.മീ.-ൽ കൂടുതൽ മഴ ലഭിക്കുന്ന വനങ്ങളെ മഴക്കാടുകൾ എന്നു പറയാം.[1] ഭൂമിയിലെ മൂന്നിൽ രണ്ട് ഭാഗം സസ്യങ്ങളും ജന്തുക്കളും ജീവിക്കുന്നതു മഴക്കാടുകളിലാണ്. വണ്ണം കുറഞ്ഞ തായ്ത്തടി ഉള്ള വൃക്ഷങ്ങളാണ് മഴക്കാടുകളിൽ പ്രധാനമായും ഉള്ളത്. ഇവയുടെ ഏറ്റവും മുകളിലായി ശിഖരങ്ങൾ കാണപ്പെടുന്നു. എന്നാൽ പന അതുപോലെയുള്ള മരങ്ങളും വാഴ പോലെയുള്ള ചെറിയ സസ്യങ്ങളും മഴക്കാടുകളിൽ വളരുന്നു. അപൂർവ്വങ്ങളായ സസ്യങ്ങളും ജന്തുക്കളും ഏറ്റവും കൂടുതൽ കാണപ്പെടുന്നതും മഴക്കാടുകളിലാണ്.
നിർവചനം
[തിരുത്തുക]യുണൈറ്റഡ് നേഷൻസ് എൻവിറോൺമെന്റ് പ്രോഗ്രാമിന്റെ വേൾഡ് കൺസർവേഷൻ മോണിറ്ററിങ് സെന്ററിന്റെ (UNEP-WCMC) വനവർഗീകരണ രീതിപ്രകാരം ഉഷ്ണമേഖലാ പ്രദേശത്ത് കാണപ്പെടുന്ന നിത്യഹരിത വനങ്ങളാണ് മഴക്കാടുകൾ.
പൊതുസ്വഭാവം
[തിരുത്തുക]ഏറ്റവും സങ്കീർണ്ണമായ ഇകോ വ്യൂഹങ്ങളിലൊന്നാണ് മഴക്കാട്. സ്വയം പര്യാപ്തമായ ഒരു ഇക്കോ വ്യൂഹമായി ഇതിനെ പരിഗണിയ്ക്കാം. മഴക്കാടുകളുടെ ഊർജ്ജസ്രോതസ്സ് സൂര്യൻ തന്നെയാണ്. മരങ്ങളും സസ്യലതാദികളും ഉദ്പാദകരും വിവിധ തരം ജന്തുക്കൾ ഉപഭോക്താക്കളും ബാക്ടീരിയ, കുമിൾ, ചിതൽ, പുഴുക്കൾ, കീടങ്ങൾ, മുതലായവ വിഘാടകരുമാണ്. വിഘാടകർ മൃതശരീരങ്ങളെയും ഇല, തണ്ട്, പൂവ് എന്നിവയും അവയിലടങ്ങിയിട്ടുള്ള കാർബൺ, നൈട്രജൻ തുടങ്ങിയവയെയും പ്രകൃതിയിലേയ്ക്ക് മുതൽക്കൂട്ടുന്നു
ശാസ്ത്രീയമായ കണക്കുകൾ പ്രകാരം ലക്ഷക്കണക്കിന് കൊല്ലം മുൻപ് ഭൂമധ്യരേഖപ്രദേശത്തു മുഴുവൻ കാടായിരുന്നു. ഈ കാട് തെക്കോട്ടും വടക്കോട്ടും വ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ അത് ഭൂമദ്ധ്യരേഖ പ്രദേശത്ത് മാത്രമായി ചുരുങ്ങിയിരിക്കുന്നു.
മഴക്കാടിന്റെ ഉദ്പാദകർ മരങ്ങളാണ് രാക്ഷസ മരങ്ങൾ മുതൽ കുഞ്ഞുചെടികൾ വരെ ഇതിൽ പെടും. ഒറ്റനോട്ടത്തിൽ കുറ്റിച്ചെടികൾ എന്ന് തോന്നുന്നവ പോലും മരത്തിൻറെ രൂപത്തിലാകും. ഇത്തരം മരങ്ങളെ മൂന്നായി തിരിയ്ക്കാം.
- ഇലത്തലപ്പു കുറഞ്ഞ ചെറു വൃക്ഷങ്ങൾ. ഇവയുടെ ഉയരം പരമാവധി 60 അടി വരെയാണ്.
- കൂടുതൽ ഉയരവും കരുത്തുമുള്ള വൃക്ഷങ്ങൾ. ഉയരം 60 അടി മുതൽ 120 അടി വരെ. ഇവയുടെ വിടർന്ന തലപ്പുകൾ ഒരു കുട പോലെ രൂപാന്തരം പ്രാപിച്ചിട്ടുണ്ടായിരിയ്ക്കും.
- മൂന്നാമത്തെ വിഭാഗത്തിൽ പെട്ട മരങ്ങൾക്ക് 120 അടി മുതൽ 200 അടി വരെ ഉയരമുണ്ടായിരിക്കും. ഇവയാണ് രാക്ഷസൻ മരങ്ങൾ. ഇവ അന്തരീക്ഷത്തിലെ ഏറ്റവും ഉയർന്ന തട്ടിൽ നിൽക്കുന്നു.
ഈ മൂന്നു വിഭാഗം മരങ്ങളും ഒരുമിച്ചു നിൽക്കുന്നതുകണ്ടാൽ കാടിന്റെ മൂന്നു തട്ടുകളാനെന്നു തോന്നും. ഈ മൂന്നടരുകളെയും വേർതിരിച്ചു കാണുക പ്രയാസമാണ്. കാരണം കാട് എപ്പോഴും വളർന്നുകൊണ്ടിരിയ്ക്കുകയാണ്. ഓരോ അടരിനും ഒരു പ്രത്യേക അളവിൽ സൂര്യപ്രകാശം ലഭിച്ചുകൊണ്ടിരിയ്ക്കും.
ഉഷ്ണമേഖലാ മഴക്കാടുകൾ
[തിരുത്തുക]
ഭൂമധ്യരേഖയ്ക്ക് സമീപത്തായി കാണപ്പെടുന്ന വനങ്ങളാണ് ഉഷ്ണമേഖലാ മഴക്കാടുകൾ. (Tropical Rainforests).മറ്റുള്ള വനങ്ങളെ അപേക്ഷിച്ച് വൃക്ഷവൈവിധ്യത്താൽ ശ്രദ്ധേയമാണ് ഉഷ്ണമേഖലാ വനങ്ങൾ. മിക്കപ്പോഴും ഒരു ഹെക്ടർ സ്ഥലത്ത് 150-ഓളം വൃക്ഷയിനങ്ങൾ വളരുന്നുണ്ടാകും. തെക്കേ അമേരിക്കയിലെ ആമസോൺ നദീതടം, ആഫ്രിക്കയിലെ കോംഗോ നദീതടം, ഏഷ്യയുടെ തെക്കു കിഴക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലായാണ് പ്രധാനമായും ഉഷ്ണമേഖലാ മഴക്കാടുകൾ വ്യാപിച്ചിരിക്കുന്നത്. ഇവിടുത്തെ വൃക്ഷങ്ങളിൽ 75 ശതമാനത്തിൽ അധികവും വീതിയേറിയ ഇലകളോട് കൂടിയവയാണ്. 200 സെ.മീ. വാർഷിക വർഷപാതവും 15-30 ഡിഗ്രി ശരാശരി താപനിലയുമുള്ള പ്രദേശങ്ങളാണിവ. പൊതുവേ വരണ്ട കാലാവസ്ഥ ഇവിടെ അനുഭവപ്പെടാറില്ല. ഭൂമിയിലെ കരഭാഗത്തിന്റെ ഏകദേശം ഏഴു ശതമാനത്തോളം പ്രദേശത്താണ് ഉഷ്ണമേഖലാ മഴക്കാടുകൾ വ്യാപിച്ചിരിക്കുന്നതായി കണക്കാക്കുന്നത്.
ഒരു സുപ്രധാന ജൈവമേഖല കൂടിയാണ് ഉഷ്ണമേഖലാ മഴക്കാടുകൾ. വൈവിധ്യമാർന്ന സസ്യ-ജന്തു ജാതികൾ ഇവിടുത്തെ പ്രത്യേകതയാണ്. മഴക്കാടുകളിലെ സസ്യങ്ങളെ സാധാരണയായി അഞ്ചു തട്ടുകളായി വർഗീകരിച്ചിരിക്കുന്നു. ഒന്നാമത്തെ തട്ടിലുള്ളതും ഏറ്റവും ഉയരക്കൂടുതൽ ഉള്ളതുമായ (ശ.ശ. 45-55 മീ.) വൃക്ഷങ്ങൾ പ്രരോഹങ്ങൾ (emergents) എന്ന പേരിൽ അറിയപ്പെടുന്നു. പരുന്ത്, ചിത്രശലഭങ്ങൾ, വവ്വാൽ ചിലതരം കുരങ്ങുകൾ തുടങ്ങിയവ ഈ തട്ടിൽ വസിക്കുന്നു. ഇവ കൂടയുടെ ആകൃതിയിലുള്ള വനകമാനം (umbrella shaped canopy) പ്രദാനം ചെയ്യുന്നു. വളരെ ഉയരമേറിയ ഇത്തരം വൃക്ഷങ്ങളിൽ പൊതുവേ ചെറിയ ഇലകളാണ് ഉള്ളത്. ഇതാകട്ടെ കാറ്റിനെ പ്രതിരോധിക്കാൻ സഹായകമാകുന്നു. ബ്രൊമീലിയ പോലുള്ള അധിപാദപങ്ങൾ (epiphytes) ഇവിടെ സുലഭമാണ്. കട്ടിയേറിയ കാണ്ഡത്തോടുകൂടിയ വള്ളികൾ (lianas) ഈ തട്ടിലെ വൃക്ഷങ്ങളിൽ ചുറ്റി വളരുന്നുണ്ട്. 30-40 മീറ്റർ ശരാശരി ഉയരമുള്ളതും ഇടതൂർന്ന് വളരുന്നവയുമാണ് രണ്ടാം തട്ടിലെ വൃക്ഷങ്ങൾ. ഉയർന്ന ആർദ്രത അനുഭവപ്പെടുന്ന പ്രദേശമാണ് മൂന്നാം തട്ട്. ഇവിടുത്തെ വൃക്ഷങ്ങൾ 20-30 മീറ്റർ വരെ ഉയരത്തിൽ വളരും. കുറ്റിച്ചെടികൾ നിറഞ്ഞതാണ് നാലാം തട്ട്. പ്രരോഹികൾക്കു ലഭിക്കുന്ന സൂര്യപ്രകാശത്തിന്റെ കേവലം മൂന്ന് ശതമാനം മാത്രമേ ഈ തട്ടിലെ സസ്യങ്ങൾക്കു ലഭിക്കുന്നുള്ളൂ. തറനിരപ്പിലുള്ള അഞ്ചാം തട്ടിൽ വളരെക്കുറച്ച് സസ്യങ്ങളേ-പ്രധാനമായും പുൽവർഗങ്ങൾ-വളരുന്നുള്ളൂ. [4]ഇവിടെയും പരാദസസ്യങ്ങളെ കാണാം. ലോകത്തിലെ ഏറ്റവും വലിപ്പമേറിയ പുഷ്പങ്ങളുള്ള റഫ്ളീഷിയ അർനോൾഡി ഉഷ്ണമേഖലാ മഴക്കാടുകളിലാണ് വളരുന്നത്.
താരതമ്യേന പോഷകമൂല്യം കുറഞ്ഞ മണ്ണാണ് ഉഷ്ണമേഖലാ മഴക്കാടുകളിലേത്. അതിനാൽ മണ്ണിലെ പോഷകങ്ങളെ പരമാവധി ആഗിരണം ചെയ്യാൻ ശേഷിയുള്ള സവിശേഷതരം വേരുപടലം ഇവിടുത്തെ വൃക്ഷങ്ങളിൽ കാണാം. വൃക്ഷങ്ങളിൽ അധിപാദപമായി വളരുന്ന സസ്യങ്ങളിൽനിന്ന് പ്രത്യേകതരം വേരുകൾ ഉപയോഗിച്ചും വേരുകളിലുള്ള മൈകോറൈസ പോലുള്ള ഫംഗസുകളുമായി ചേർന്നും നിത്യഹരിതവൃക്ഷങ്ങൾ പോഷകങ്ങൾ ആഗിരണം ചെയ്യുന്നുണ്ട്. ചില വൃക്ഷങ്ങളിൽ തടിയുടെ ചുവടുഭാഗമോ വേരിന്റെ ഭാഗമോ ക്രമാധികം വലിപ്പമാർന്ന് താങ്ങ് (ബട്രസ്) ആയി മാറിയിരിക്കുന്നു. ഈ താങ്ങ് വലിപ്പം കൂടിയ വൃക്ഷങ്ങളെ താങ്ങി നിർത്താൻ സഹായിക്കുന്നു.
വൈവിധ്യമേറിയ ജന്തുസമ്പത്തിനാൽ സമ്പന്നമാണ് ഉഷ്ണമേഖലാ മഴക്കാടുകൾ. ഇവിടെ കാണുന്ന മിക്ക ഉരഗങ്ങളും ഉഭയജീവികളും മരത്തിൽ ജീവിക്കാൻ പറ്റിയ അനുകൂലനങ്ങൾ ആർജിച്ചവയാണ്. ശരീരത്തിൽ തിളക്കമേറിയ നിറങ്ങൾ, അടയാളങ്ങൾ, ഉച്ചത്തിലുള്ള ശബ്ദം എന്നിവ ഇവിടെയുള്ള ജന്തുക്കളുടെ പൊതുസ്വഭാവമാണ്. മരത്തവളകൾ, പുലി, ഷഡ്പദങ്ങൾ, ഉറുമ്പുതീനികൾ തുടങ്ങിയവ ഉഷ്ണമേഖലാ മഴക്കാടുകളിൽ സുലഭമാണ്.
മിതോഷ്ണമേഖലാ മഴക്കാടുകൾ
[തിരുത്തുക]മിതോഷ്ണമേഖലകളിൽ കാണപ്പെടുന്ന മഴക്കാടുകളാണ് മിതോഷ്ണമേഖലാ മഴക്കാടുകൾ (Temperate rainforest). ഇവ വടക്കേ അമേരിക്ക (വടക്ക് പടിഞ്ഞാറൻ ശാന്തസമുദ്രതീരം, ബ്രിട്ടീഷ് കൊളംബിയ തീരം, ബ്രിട്ടീഷ് കൊളംബിയയിലെ പ്രിൻസ് ജോർജ് ), യൂറോപ്പ് ( അയർലാന്റ്, സ്കോട്‌ലാന്റ്, തെക്കൻ നൊർവേ, പടിഞ്ഞാറാൻ ബാൾക്കൻ പ്രദേശത്തെ അഡ്രിയാറ്റിക് സമുദ്രതീരം സ്പെയിനിന്റെ തീരപ്രദേശത്തും വടക്കുപടിഞ്ഞാറൻ പ്രദേശത്തും കരിംകടലിന്റെ കിഴക്കൻ പ്രദേശത്ത് ജോർജിയ, ടർക്കിയുടെ തീരം), കിഴക്കൻ ഏഷ്യ (തെക്കൻ ചൈന, തയ്‌വാൻ, ജപ്പാൻ കൊറിയ, സാഖ്ലിൻ ദ്വീപും അതിനു സമീപത്തെ റഷ്യൻ തീരപ്രദേശവും) തെക്കേ അമേരിക്ക ( തെക്കൻ ചിലി) ആസ്ത്രേലിയ ന്യൂസിലാന്റ് എന്നിവിടങ്ങളിൽ കാണപ്പെടുന്നു..
ഘടന
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Susan Woodward. Tropical broadleaf Evergreen Forest: The rainforest. Archived 2008-02-25 at the Wayback Machine Retrieved on 2008-03-14.
- ↑ "NASA.gov". Archived from the original on 2011-02-25. Retrieved 2011-02-22.
- ↑ ScienceDaily.com
- ↑ Michael Ritter. The Forest Biome. Archived 2008-01-06 at the Wayback Machine Retrieved on 2008-03-14.
ഇതും കാണുക
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ നിത്യഹരിതവനങ്ങൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |