Jump to content

തുർക്കി

Coordinates: 40°N 33°E / 40°N 33°E / 40; 33
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Turkey എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തുർക്കി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ തുർക്കി (വിവക്ഷകൾ) എന്ന താൾ കാണുക. തുർക്കി (വിവക്ഷകൾ)
തുർക്കിഷ് റിപ്പബ്ലിക്

Türkiye Cumhuriyeti  (Turkish)
Flag of തുർക്കി
Flag
Emblem of തുർക്കി
Emblem
ദേശീയ മുദ്രാവാക്യം: Yurtta Sulh, Cihanda Sulh
Peace at Home, Peace in the World
ദേശീയ ഗാനം: İstiklâl Marşı
The Anthem of Independence
തുർക്കിയുടെ സ്ഥാനം
തുർക്കിയുടെ സ്ഥാനം
തലസ്ഥാനംഅങ്കാറ
40°N 33°E / 40°N 33°E / 40; 33
വലിയ നഗരംഇസ്താംബുൾ
41°1′N 28°57′E / 41.017°N 28.950°E / 41.017; 28.950
ഔദ്യോഗിക ഭാഷകൾതുർക്കിഷ് ഭാഷ
നിവാസികളുടെ പേര്തുർക്കി
ഭരണസമ്പ്രദായംപ്രസിഡൻഷ്യൽ റിപ്പബ്ലിക്
• പ്രസിഡന്റ്
റജബ് തയ്യിബ് എർദോഗൻ
Succession 
1919 മെയ് 19
1920 ഏപ്രിൽ 23
• Declaration of Republic
1923 ഒക്ടോബർ 29
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
783,562 കി.m2 (302,535 ച മൈ) (37th)
•  ജലം (%)
1.3
ജനസംഖ്യ
• 2007 census
70,586,256[1] (17th³)
•  ജനസാന്ദ്രത
93/കിമീ2 (240.9/ച മൈ) (102nd³)
ജി.ഡി.പി. (PPP)2019 estimate
• ആകെ
$2.373 trillion[2] (13th)
• പ്രതിശീർഷം
$28,625[2] (45th)
ജി.ഡി.പി. (നോമിനൽ)2019 estimate
• ആകെ
$631 billion[2] (17th)
• Per capita
$7,615[2] (60th)
ജിനി (2013)positive decrease 40.0[3]
medium · 56th
എച്ച്.ഡി.ഐ. (2017)Increase 0.791[4]
high · 64th
നാണയവ്യവസ്ഥതുർക്കിഷ് ലിറ5 (TRY)
സമയമേഖലUTC+2 (EET)
• Summer (DST)
UTC+3 (EEST)
കോളിംഗ് കോഡ്90
ഇൻ്റർനെറ്റ് ഡൊമൈൻ.tr
  1. Treaty of Lausanne (1923).
  2. Population and population density rankings based on 2005 figures.
  3. Human Development Report 2007/2008, page 230. United Nations Development Programme (2007). Retrieved on 2007-11-30.
  4. The New Turkish Lira (Yeni Türk Lirası, YTL) replaced the old Turkish Lira on 1 January 2005.

    External Timeline
    A graphical timeline is available here:

തുർക്കി (തുർക്കിഷ്: Türkiye), (ഔദ്യോഗിക നാമം: റിപബ്ലിക്ക് ഓഫ് തുർക്കി) ( തുറകിയെ ജുമുഹൂറിയേറ്റ് ) തെക്കുപടിഞ്ഞാറേ ഏഷ്യയിലെ അനറ്റോളിയൻ പെനിൻസുലയിലും തെക്കുകിഴക്കൻ യൂറോപ്പിലെ ബാൾക്കൻ പ്രദേശത്തുമായി വ്യാപിച്ചു കിടക്കുന്ന ഒരു യൂറേഷ്യൻ രാജ്യമാണ്.തലസ്ഥാനം അങ്കാറ ആണ്, ഇസ്താംബുൾ ആണ്‌ ഏറ്റവും വലിയ നഗരം.കിഴക്കൻ യൂറോപ്പിലും പശ്ചിമ ഏഷ്യയിലും ഭാഗികമായി വ്യാപിച്ചിരിക്കുന്ന തുർക്കിരാജ്യത്തിന്റെ യൂറോപ്യൻ ഭാഗങ്ങൾ ത്രേസ് എന്നും ഏഷ്യൻ ഭാഗങ്ങൾ അനറ്റോളിയ എന്നും അറിയപ്പെടുന്നു.ഈ വിഭാഗങ്ങളെ മാർമറ കടൽ, ബോസ്ഫറസ് കടലിടുക്ക്, ഡാർഡനെൽസ് കടലിടുക്ക് എന്നിവ ചേർന്ന് വേർതിരിക്കുന്നു.തുർക്കിയുടെ അതിരുകൾ വടക്ക് കരിങ്കടൽ; കിഴക്ക് ജോർജിയ, അർമേനിയ, ഇറാൻ; തെക്ക് ഇറാഖ്, സിറിയ, മെഡിറ്ററേനിയൻ കടൽ; പടിഞ്ഞാറ് ഈ(ഏ)ജിയൻ കടൽ, ഗ്രീസ്, ബൾഗേറിയ എന്നിങ്ങനെയാണ്.

വിസ്തീർണം:7,80,580 ച.കി.മീ.; ഔദ്യോഗിക ഭാഷ: തുർക്കിഷ്; മറ്റു പ്രധാന ഭാഷകൾ: കുർദിഷ്, അറബിക്; ഏറ്റവും വലിയ നഗരം: ഇസ്താംബുൾ; നാണയം: ടർക്കിഷ് ലിറ (Turkish Lira).

600-ൽപ്പരം വർഷം ഒട്ടോമൻ സാമ്രാജ്യത്തിന്റെ[5] കേന്ദ്രമായിരുന്നു തുർക്കി. മധ്യയൂറോപ്പ് മുതൽ അറേബ്യൻ ഉപദ്വീപുവരെ വ്യാപിച്ചിരുന്ന ഒട്ടോമൻ സാമ്രാജ്യത്തിൽ ഉത്തരാഫ്രിക്കയുടെ വലിയൊരു ഭാഗവും ഉൾപ്പെട്ടിരുന്നു.[6][7] എന്നാൽ 1923-ൽ ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം മുസ്തഫ കമാൽ അത്താത്തുർക്കിന്റെ നേതൃത്വത്തിൽ സ്ഥാപിതമായ ആധുനിക തുർക്കി പഴയ ഒട്ടോമൻ സാമ്രാജ്യത്തിന്റെ ഒരു ചെറിയ ഭാഗത്തെ മാത്രമേ ഉൾക്കൊള്ളുന്നുള്ളൂ.അതിനു ശേഷം കൗൺസിൽ ഓഫ് യൂറോപ്പ്, നാറ്റോ, ഒ.ഇ.സി.ഡി, ഒ.എസ്.സി.ഇ, ജി-20 രാഷ്ട്രങ്ങൾ തുടങ്ങിയ സംഘടനകളിൽ തുർക്കി അതിന്റെ സാന്നിദ്ധ്യമറിയിച്ചു.

ഒരു മതാധിഷ്ഠിത രാഷ്ട്രമല്ലെങ്കിലും ഇസ്‌ലാം മതത്തിനാണ് തുർക്കിയിൽ കൂടുതൽ പ്രചാരം.ജനസംഖ്യയുടെ 8% വരുന്ന കുർദുകൾ (Kurds) പ്രധാന വംശീയ ന്യൂനപക്ഷമാണ്.

ചരിത്രം

[തിരുത്തുക]
ബൈസാന്റിൻ കാലത്ത് ഇസ്താംബൂളിൽ നിർമ്മിക്കപ്പെട്ട അയ സോഫിയ

മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് തുർക്കിയുടെ ചരിത്രം കടന്നുപോന്നത്. 15-ാം ശതകത്തിനു മുമ്പുള്ള ചരിത്രം ഏഷ്യ മൈനറിന്റേതും; അതിനുശേഷമുള്ളത് ഓട്ടോമൻ സാമ്രാജ്യത്തിന്റേതും ആധുനിക തുർക്കി റിപബ്ലിക്കിന്റേതുമാണ്.

പുരാതന നാഗരികതകളിൽ ഒന്നാണ് തുർക്കി. പതിനൊന്നാം നൂറ്റാണ്ടിൽ തുർക്കികൾ ഏഷ്യാമൈനറിൽ (അനറ്റോളിയ) എത്തുന്നതിനു മുമ്പ് ഇവിടം ഹിറ്റൈറ്റ്, പേർഷ്യൻ, ഗ്രീക്ക്, റോമൻ എന്നീ സാമ്രാജ്യങ്ങളുടെ ഭാഗമായിരുന്നു. റോമാസാമ്രാജ്യത്തിന്റെ വിഭജനത്തിനുശേഷം ഏഷ്യാമൈനർ ബൈസാന്റിയൻ സാമ്രാജ്യത്തിന്റെ കീഴിലായി.

സെൽജൂക് തുർക്കികളായിരുന്നു ഏഷ്യാമൈനറിൽ എത്തിയ ആദ്യത്തെ തുർക്കി വംശജർ. 1071 -ൽ മാൻസികേർട്ട് യുദ്ധത്തിൽ ഇവർ ബൈസാന്തിയൻ ചക്രവർത്തിയെ പരാജയപ്പെടുത്തി. ഇവർ ഏഷ്യാമൈനറിൽ സ്ഥാപിച്ച സാമ്രാജ്യം റൂം സുൽത്താനത്ത് എന്ന പേരിൽ അറിയപ്പെട്ടു. പതിമൂന്നാം നൂറ്റാണ്ടിൽ മംഗോളിയർ സെൽജൂക്കുകളെ പരാജയപ്പെടുത്തിയതോടെ അവരുടെ ആധിപത്യം ദുർബലമായി. ഇതോടെ പതിമൂന്നാം നൂറ്റാണ്ടിന്റെ പകുതിയോടെ ഏഷ്യാമൈനറിൽ ഉടലെടുത്ത നിരവധി തുർക്കി നാട്ടുരാജ്യങ്ങളിൽ ഏറ്റവും ശക്തമായിരുന്നു, വടക്കു പടിഞ്ഞാറൻ ഏഷ്യാമൈനറിലെ സോഗത് അമീറത്ത്. ഉസ്മാൻ ഒന്നാമനായിരുന്നു ആയിരുന്നു ഇതിന്റെ സ്ഥാപകൻ. ഇദ്ദേഹത്തിന്റെ പിൻഗാമികൾ ഒസ്മാനികൾ അഥവാ ഒട്ടോമനുകൾ എന്നറിയപ്പെട്ടു. 1453-ൽ ഒട്ടോമൻ സുൽത്താൻ മുഹമ്മദ് രണ്ടാമൻ, ബൈസാന്റൈൻ സാമ്രാജ്യത്തിൽ നിന്നും കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചെടുത്തത് തുർക്കികളുടെ ചരിത്രത്തിലെ അവിസ്മരണീയമായ അധ്യായമായിരുന്നു. അങ്ങനെ ഏഷ്യാമൈനറിലെ ഒരു ചെറിയ അമീറത്തിൽ തുടങ്ങി ലോകത്തിലെ വൻകിട ശക്തിയായി മാറിയ ഒട്ടോമൻ സാമ്രാജ്യം ഇരുപതാം നൂറ്റാണ്ടു വരെ നിലനിന്നു.

ഒന്നാം ലോകയുദ്ധത്തിൽ തുർക്കിക്കുണ്ടായ പരാജയമാണ് ഒട്ടോമൻ സാമ്രാജ്യത്തിന്റെ പതനത്തിന് കാരണമായത്. 1920-ൽ സഖ്യകക്ഷികളുമായുള്ള സെവ്ര കരാറിൽ ഒപ്പുവച്ചതിലൂടെ, ഏഷ്യാമൈനറിന് പുറത്തുണ്ടായിരുന്ന പ്രദേശങ്ങളെല്ലാം ഓട്ടമൻ തുർക്കിക്കു നഷ്ടമായി. ഈ കരാറിൽ ഒപ്പുവച്ചതിൽ പ്രതിഷേധിച്ച് മുസ്തഫ കെമാൽ പാഷ അങ്കാറയിൽ ഒരു ബദൽ സർക്കാർ രൂപവത്കരിച്ചു. വിദേശ അധിനിവേശ സേനയിൽനിന്ന് തുർക്കിയെ മോചിപ്പിച്ചതിനൊപ്പം, കെമാൽ പാഷ ഓട്ടൊമൻ സുൽത്താൻ ഭരണം അവസാനിപ്പിച്ച് 1923-ൽ തുർക്കിയെ ഒരു റിപ്പബ്ലിക് ആക്കി.

തുർക്കി റിപ്പബ്ലിക്ക്

[തിരുത്തുക]

കെമാൽ പാഷയായിരുന്നു ഏകകക്ഷി ജനാധിപത്യത്തിലധിഷ്ടിതമായിരുന്ന തുർക്കി റിപ്പബ്ലിക്കിന്റെ ആദ്യത്തെ പ്രസിഡന്റ്. തുർക്കിയുടെ ഇസ്‌ലാമിക പാരമ്പര്യത്തെ തുടച്ചുമാറ്റിക്കൊണ്ട് ഇദ്ദേഹം നടപ്പിലാക്കിയ ജനാധിപത്യവൽക്കരണം, ദേശീയത, ജനപ്രിയ നയം, പരിവർത്തനവാദം, മതനിരപേക്ഷത, രാഷ്ട്രവാദം തുടങ്ങിയ തത്ത്വങ്ങളായിരുന്നു റിപ്പബ്ലിക്കിന്റെ മൗലികമായ വ്യവസ്ഥിതിക്ക് അടിത്തറയായത്. ഈ തത്വസംഹിത അട്ടാടർക്കിസം (കെമാലിസം) എന്ന പേരിൽ അറിയപ്പെട്ടു.

രാജ്യത്തിനകത്തും പുറത്തും സൗഹൃദം എന്ന കെമാലിന്റെ വിദേശനയം പിന്തുടർന്ന് വിദേശരാജ്യങ്ങളുമായി സൗഹൃദത്തിലെത്തിയ തുർക്കി, രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനഘട്ടം വരെ നിഷ്പക്ഷമായി തുടർന്നെങ്കിൽ 1945-ൽ സഖ്യകക്ഷികൾക്കൊപ്പം ചേർന്നിരുന്നു. യുദ്ധത്തിനുശേഷം അതിർത്തിപ്രദേശത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് സോവിയറ്റ് യൂനിയനുമായുള്ള ബന്ധം വഷളാവുകയും അമേരിക്കൻ ചേരിയിൽ എത്തുകയും ചെയ്തു. ഇതോടെ ജനാധിപത്യസംവിധാനം ഉദാരമാക്കുകയും പ്രതിപക്ഷപാർട്ടികൾക്കുള്ള നിരോധനം നീക്കുകയും ചെയ്തു.

1950 മുതലുള്ള കാലത്ത് കമാലിന്റെ കക്ഷിയായിരുന്ന റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടിയെ അധികാരത്തിൽ നിന്നും പുറത്താക്കി, വിവിധ പ്രതിപക്ഷകക്ഷികൾ രാജ്യത്ത് അധികാരത്തിലെത്തി. അമേരിക്കൻ സാമ്പത്തിക സഹായത്തോടെ ത്വരിതഗതിയിലുള്ള സാമ്പത്തികവികസനവും രാജ്യത്ത് നടപ്പിലായി. എന്നാൽ കമാലിസത്തിൽ നിന്നും വ്യതിചലിച്ച് മതസംവിധാനം ഇക്കാലത്ത് ശക്തിപ്പെട്ടു. ഭരണഘടനക്ക് വിരുദ്ധമായ പ്രവണതയാണെന്നാരോപിച്ച് 1960 മുതൽ 1995 വരെയുള്ള കാലത്ത് നാലുവട്ടം പട്ടാളം അധികാരം ഏറ്റെടുത്തു. 1970-കളുടെ അവസാനം തുർക്കിയുടെ ചരിത്രത്തിലെ പ്രക്ഷുബ്ധമായ ഒരു കാലഘട്ടമായിരുന്നു.സാമ്പത്തികമാന്ദ്യവും, തൊഴിലില്ലായ്മയും ഉയർന്നതിനൊപ്പം ഇസ്‌ലാമിക മതമൗലികവാദവും രാഷ്ട്രീയ-വംശീയസംഘട്ടനങ്ങളും മൂലം അരാജകത്വം നടമാടിയ വേളയിലാണ് 1980-ൽ പട്ടാളം മൂന്നാം വട്ടം അധികാരമേറ്റെടുത്തത്[അവലംബം ആവശ്യമാണ്]. ഇതിനു ശേഷം രാജ്യത്ത് രാഷ്ട്രീയസ്ഥിരത കൈവന്നു. 2002-ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച് ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്റ് പാർട്ടി തുർക്കിയിൽ അധികാരത്തിൽ വന്നു. വളരെ വർഷങ്ങൾക്കു ശേഷമുള്ള ഏകകക്ഷിഭരണമായിരുന്നു അത്.

യു.എൻ, നാറ്റോ എന്നിവയിൽ അംഗമാണ് തുർക്കി. സൈപ്രസ്സിനെ ചൊല്ലി ഗ്രീസുമായുള്ള തർക്കവും കുർദുകളുടെ ആഭ്യന്തര കലാപവുമാണ് ആധുനിക തുർക്കി നേരിടുന്ന പ്രധാന പ്രശ്നങ്ങൾ.

ഭൂമിശാസ്ത്രം

[തിരുത്തുക]

തുർക്കിക്ക് എട്ട് അയൽ രാജ്യങ്ങളുണ്ട്: ബൾഗേറിയ (വടക്കുപടിഞ്ഞാറ്), ഗ്രീസ് (പടിഞ്ഞാറ്), ജോർജ്ജിയ (വടക്കുകിഴക്ക്), അർമേനിയ, അസർബെയ്ജാൻ, ഇറാൻ (കിഴക്ക്), ഇറാഖ്‌, സിറിയ (തെക്കുകിഴക്ക്) എന്നിവയാണ് തുർക്കിയുടെ അയൽ‌രാജ്യങ്ങൾ. തെക്ക് മെഡിയറേനിയൻ കടലും പടിഞ്ഞാറ് ഈജിയൻ കടലും വടക്ക് കരിങ്കടലുമാണ് തുർക്കിയുടെ ജലാതിർത്തികൾ. യൂറോപ്പും ഏഷ്യയും തമ്മിൽ ഭൂമിശാസ്ത്രജ്ഞർ അതിർത്തി തിരിക്കുന്ന മർമറ കടൽ തുർക്കിയിലാണ്. ഇതിനാൽ തുർക്കി ഒരു അന്തർഭൂഖണ്ഡ രാജ്യമാണ്. തുർക്കിയിലെ ഏറ്റവും വലിയ തടാകമാണ്‌ വാൻ തടാകം.

അസമചതുരാകൃതിയാണ് തുർക്കിയുടേത്. ഭൂവിസ്തൃതിയുടെ പകുതിയോളം ഭാഗത്ത് കുന്നുകൾ കാണാം. ടർക്കിഷ് ഭാഷയിൽ അനാഡോലു(Anadolu) എന്നും ഇംഗ്ലീഷിൽ ഏഷ്യാ മൈനർ (Asia minor) അഥവാ അനറ്റോലിയ(Anatolia) എന്നും അറിയപ്പെടുന്ന ഏഷ്യൻ തുർക്കി പ്രദേശത്ത് നിരവധി പർവതങ്ങളും ഉന്നതതടങ്ങളും സ്ഥിതിചെയ്യുന്നു. പോൺടിക് മലനിരയും ടാറസും അതിന്റെ തുടർച്ചയായ ആന്റി-ടാറസ് മലനിരകളും തുർക്കിയുടെ കിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന അർമീനിയൻ ഉന്നതതടങ്ങളിലെ അറാറത്ത് കുന്നിലാണ് സന്ധിക്കുന്നത്. അർമീനിയൻ ഉന്നതതടത്തിന് തെക്കുള്ള പൊക്കം കുറഞ്ഞ കുന്നുകളും സമതലങ്ങളും സിറിയയിലേയും ഇറാക്കിലേയും സമതലങ്ങളോളം നീളുന്നു. തുർക്കി ഒരു ഭൂകമ്പബാധിത പ്രദേശമാണ്. കരിങ്കടൽ തീരത്തും കി. അനതോലിയായിലും ഭൂചലനങ്ങൾ ഇടയ്ക്കിടെ വിനാശം വിതയ്ക്കാറുണ്ട്.

ഭൂപ്രകൃതിയനുസരിച്ച് തുർക്കിയെ അഞ്ച് പ്രധാന ഭാഗങ്ങളായി തിരിക്കാം.

  1. കരിങ്കടൽ തീരം,
  2. കടലിടുക്കുകളുടെ ഇരുപുറവുമുള്ള മേഖല,
  3. മെഡിറ്ററേനിയൻ തീരം,
  4. മധ്യ അനറ്റോലിയ,
  5. പൂർവ അനറ്റോലിയ.

കരിങ്കടലിന് സമാന്തരമായുള്ള തീരമേഖല മലനിരകൾ നിറഞ്ഞതാണ്. നന്നേ വീതികുറഞ്ഞ കടലോരമാണുള്ളത്. ഇവിടെ തുറമുഖങ്ങളുടെ എണ്ണം തുലോം പരിമിതമാണ്. ഇറഗ്ലി (Eregli), സോങ്ഗുൽദാക് (Zonguldak), സംസം (Samsum), ട്രാബ്സൺ (Trabzan) എന്നിവിടങ്ങളിൽ തരംഗരോധികൾ നിർമിച്ച് വൻകിട കപ്പലുകൾ പോലും അടുപ്പിക്കുവാനുള്ള സൗകര്യമുണ്ടാക്കിയിരിക്കുന്നു. ഭൂകമ്പ സാധ്യത ഏറെയുള്ള പ്രദേശമാണെങ്കിലും ഇവിടെ ജനസാന്ദ്രത കൂടുതലാണ്. 1849-ൽ സ്ഥാപിച്ച സോങ്ഗുൽദാക് ഉൾപ്പെടെ നിരവധി പുരാതന പട്ടണങ്ങൾ ഇവിടെ സ്ഥിതിചെയ്യുന്നു.

Ölüdeniz Beach near Fethiye on the Turkish Riviera

തുർക്കിയുടെ വടക്കുകിഴക്ക് സ്ഥിതിചെയ്യുന്ന ബോസ്ഫറസ്, തെക്കുപടിഞ്ഞാറുള്ള ഡാർഡനെൽസ് എന്നീ കടലിടുക്കുകൾക്ക് ചുറ്റുമുള്ള പ്രദേശമാണ് രണ്ടാമത്തെ വിഭാഗമായ കടലിടുക്ക് പ്രദേശം. ഈ കടലിടുക്കുകൾ മാർമറ കടലുമായി ചേർന്ന് കരിങ്കടൽ, മെഡിറ്ററേനിയൻ കടൽ എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്നു. ഒരു നിമജ്ജിത താഴ്വരയായ ബോസ്ഫറസ് കടലിടുക്കിന്റെ തെക്കേ അറ്റത്താണ് തുർക്കിയിലെ ഏറ്റവും വലിയ നഗരമായ ഇസ്താൻബുൾ സ്ഥിതിചെയ്യുന്നത്. 53 കി.മീ. ആണ് ഡാർഡനെൽസിന്റെ നീളം. വിപരീത ദിശകളിൽ ഒഴുകുന്ന രണ്ട് ജലപ്രവാഹങ്ങൾ ഈ കടലിടുക്കുകളുടെ പ്രത്യേകതയാണ്. ഇവയിൽ ഒന്ന് മുകൾപ്പരപ്പിലൂടെ മെഡിറ്ററേനിയൻ ഭാഗത്തേക്ക് നീങ്ങുമ്പോൾ മറ്റേത് വിപരീത ദിശയിലൊഴുകുന്നു.

കടലിടുക്ക് പ്രദേശത്തിന്റെ തെക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന ഉന്നതതടങ്ങളിൽ ഏറ്റവും ഉയരം കൂടിയ ഭാഗം ഊലുദാഗ് (2543 മീ.) ആണ്. കടലിടുക്ക് പ്രദേശത്തിന് തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന രണ്ട് പ്രധാന നഗരങ്ങളാണ് ബർസായും ഇസ്മിത്തും. 1326-62 വരെ ഒട്ടോമൻ സാമ്രാജ്യ തലസ്ഥാനമായിരുന്നു ബർസ. കൃത്രിമ നാരുകളുടെ ഉത്പാദനത്തിനും കമ്പിളി വ്യവസായത്തിനും പ്രശസ്തിയാർജിച്ചിട്ടുള്ള ഈ നഗരം തുർക്കിയിലെ പ്രധാന പട്ട് വസ്ത്രവ്യാപാര കേന്ദ്രം കൂടിയാണ്. റോമൻ കാലഘട്ടത്തിൽ നിലവിലുണ്ടായിരുന്ന തുറമുഖ നഗരമാണ് ഇസ്മിത്. ഇപ്പോൾ മാർമറ വികസനപദ്ധതിപ്രദേശത്തെ രണ്ടാമത്തെ വലിയ തുറമുഖവുമാണ്.

തുർക്കിയുടെ തെക്കൻ തീരവും പ.ഈ(ഏ)ജിയൻ തീരവും ഉൾപ്പെട്ടതാണ് മെഡിറ്ററേനിയൻ പ്രദേശം. മെഡിറ്ററേനിയൻ തീരത്തിന്റെ ഒരു ഭാഗമായ ഈ(ഏ)ജിയൻ തീരത്തിന് ചിരവനാക്കിന്റേതിനു സമാനമായ ആകൃതിയാണുള്ളത്. പൊതുവേ ക്രമരഹിതമായ ഈ പ്രദേശത്തിനോടു ചേർന്ന് അനേകം ദ്വീപുകൾ സ്ഥിതിചെയ്യുന്നു. ഉൾനാടൻ കുന്നുകളിലെ വർദ്ധിച്ച മണ്ണൊലിപ്പും താഴ്വരയുടെ ചരിവും മൂലം ഈ പ്രദേശത്ത് വൻ തോതിൽ മണ്ണ് അടിയുന്നു.

മെഡിറ്ററേനിയൻ പ്രദേശത്തിന്റെ തെ.തീരത്ത് പൊക്കം കൂടിയ തൂക്കായുള്ള നിരവധി പാറക്കെട്ടുകളും ജലപാതങ്ങളും കാണാം. അനറ്റോലിയക്ക് വടക്കുള്ള സമതല ഭാഗങ്ങളിൽ ഭൂരിഭാഗവും പുൽമേടുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. ചിലയിടങ്ങളിൽ മെഡിറ്ററേനിയൻ വിളകളും ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. സാഹൻ, കാഹൻ എന്നീ നദികളാൽ ജലസേചിതമായിരിക്കുന്ന കി.തീരപ്രദേശം ഒരു എക്കൽ സമതലമാണ്. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ആഡെനെ നഗരമാണ് ഇവിടത്തെ ഭരണ-വാണിജ്യകേന്ദ്രം. മറ്റ് പ്രദേശങ്ങളുമായി ഈ നഗരം സാഹൻ നദി മുഖേന ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ തീരദേശനഗരമായ മെർസീനു(Mersin)മായി ബന്ധിപ്പിക്കുന്ന റയിൽപാതയെയാണ് ആഡെനെ നഗരം ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത്.

മധ്യ അനറ്റോലിയയുടെ വ.ഭാഗത്തുള്ള കുന്നുകളിൽ അവിടവിടെയായി മാത്രം മരങ്ങൾ വളരുന്നു. തെക്കൻ ഭാഗത്ത് മൊട്ടക്കുന്നുകളും താഴ്വരകളും കാണാം. മധ്യഭാഗം പ്രധാനമായും ഒരു പീഠഭൂമിയാണ് (1220 മീ.). രാജ്യതലസ്ഥാനമായ അങ്കാറ ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. രണ്ട് കുന്നുകളിലായി വ്യാപിച്ചിരിക്കുന്ന ഈ നഗരം സമതല പ്രദേശങ്ങളിൽ നിന്ന് വേർപെട്ട നിലയിൽ കാണപ്പെടുന്നു. റോമൻ കാലഘട്ടം മുതൽ ഭരണ - വാണിജ്യ കേന്ദ്രമായി പ്രശോഭിച്ചിരുന്ന കാണ്യാ (Konya) ആണ് മധ്യ അനതോലിയയിലെ രണ്ടാമത്തെ വൻ നഗരം. കാണ്യായ്ക്കു തെ. ഉദ്ദേശം 300 കി.മീ. നീളത്തിൽ കിഴക്കൻ-വടക്കുകിഴക്കൻ ദിശയിൽ നിർജീവ അഗ്നിപർവതങ്ങളുടെ ഒരു നിരയുണ്ട്. ഇവയിൽപ്പെട്ട എർജിയാസ്ദായി (3916 മീ.) ഏഷ്യാമൈനറിലെ ഏറ്റവും ഉയരം കൂടിയ പർവതമാണ്. ഇതിന്റെ അടിവാരത്തിൽ സ്ഥിതിചെയ്യുന്ന കേസരി (Keyseri) നഗരം അസ്സീറിയൻ കാലഘട്ടത്തിലെ വാണിജ്യകേന്ദ്രമായിരുന്നു. വടക്കുതെക്ക്, കിഴക്കുപടിഞ്ഞാറ് ദിശകളിൽ നീളുന്ന രാജപാതകളുടെ സംഗമസ്ഥാനമാണ് ഈ നഗരം. കിഴക്കൻ അനറ്റോലിയക്ക് ദുർഘടമായ ഭൂപ്രകൃതിയാണ്. അനേകം സജീവ അഗ്നിപർവതങ്ങൾ കേന്ദ്രീകരിച്ചിട്ടുള്ള ഈ പ്രദേശം മിക്കപ്പോഴും വിനാശകരമായ ഭൂചലനങ്ങൾക്ക് വിധേയമാകാറുണ്ട്. ജനസാന്ദ്രത നന്നേ കുറവായ ഇവിടെ നദീതടങ്ങളിലാണ് പ്രധാന ജനവാസകേന്ദ്രങ്ങൾ രൂപംകൊണ്ടിരിക്കുന്നത്.

കാലാവസ്ഥ

[തിരുത്തുക]

തുർക്കിയുടെ വിവിധ ഭാഗങ്ങളിൽ തികച്ചും വിഭിന്നങ്ങളായ കാലാവസ്ഥകൾ അനുഭവപ്പെടുന്നു. വൻകരാ കാലാവസ്ഥയനുഭവപ്പെടുന്ന ഉൾപ്രദേശങ്ങളിൽ മഞ്ഞുകാലത്ത് താഴ്ന്ന താപനിലയും ചിലയിടങ്ങളിൽ, പ്രത്യേകിച്ച് കിഴക്കൻ പ്രദേശങ്ങളിൽ, ഹിമവർഷവും അനുഭവപ്പെടുന്നത് സാധാരണമാണ്. തെക്കും കിഴക്കുമുള്ള തീരപ്രദേശങ്ങളിൽ മെഡിറ്ററേനിയൻ കാലാവസ്ഥയും കരിങ്കടൽ തീരത്ത് ആർദ്ര-സമശീതോഷ്ണ കാലാവസ്ഥയുമാണ് അനുഭവപ്പെടുന്നത്.

കരിങ്കടൽ പ്രദേശത്തെ പർവതങ്ങളുടെ വടക്കൻ ചെരിവുകളിൽ ധാരാളമായി മഴ ലഭിക്കുന്നു. പടിഞ്ഞാറൻ ഭാഗങ്ങളിൽ പ്രധാനമായും മഞ്ഞുകാലത്താണ് മഴ ലഭിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തുന്ന (2,286 മി.മീ.) റൈസിൽ (Rize) ദിവസേന കുറഞ്ഞത് രണ്ടുതവണയെങ്കിലും മഴ പെയ്യാറുണ്ട്. കടലിടുക്കു മേഖലയിലെ ത്രേസ് പ്രദേശത്ത് മിതമായി ഈർപ്പമുള്ള മഞ്ഞുകാലം സാധാരണമാണ്. ഇടയ്ക്കിടെ മൂടൽമഞ്ഞ് ഉണ്ടാകാറുണ്ട്. വടക്കുനിന്നു വീശുന്ന ഉഷ്ണക്കാറ്റുകൾ (Summer winds) കരിങ്കടൽ പ്രദേശത്ത് അനുഭവപ്പെടുന്നവയേക്കാൾ വരണ്ടവയാണ്. 23 °C ആണ് ഇവിടത്തെ ശരാശരി വേനൽക്കാല താപനില. 1,067 മി. മീ.ഓളം ശരാശരി വാർഷിക വർഷപാതം ലഭിക്കുന്ന മെഡിറ്ററേനിയൻ പ്രദേശത്ത് വേനൽക്കാലത്ത് കടുത്ത വരൾച്ച അനുഭവപ്പെടാറുണ്ട്. ഈ(ഏ)ജിയൻ തീരത്ത് തെക്കൻ പ്രദേശത്തെ അപേക്ഷിച്ച് വരൾച്ചയുടെ കാഠിന്യം കുറവാണ്. ഇവിടത്തെ ശരാശരി താപനില മഞ്ഞുകാലത്ത് 10 °C, വേനൽക്കാലത്ത് 27 °C എന്ന തോതിലാണ്. മധ്യ അനറ്റോലിയ പ്രദേശത്ത് ഈ(ഏ)ജിയൻ തീരത്തെ അപേക്ഷിച്ച് മഴയുടെ തോത് വളരെ കുറവാണ്. ഇവിടെ ഏപ്രിൽ-മേയ് കാലയളവിലാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്. ആഗസ്റ്റിൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്നു. ഇവിടെ ജനുവരിയിൽ 28 °C-ഉം ആഗസ്റ്റിൽ 40 °C-ഉം ശരാശരി താപനില രേഖപ്പെടുത്തുന്നു. 12 °C-നും 17 °C-നും മധ്യേയാണ് കിഴക്കൻ അനറ്റോലിയയിലെ ശരാശരി താപനില. വടക്കൻ ഭാഗങ്ങളിൽ ശൈത്യകാലത്ത് 4-7 മാസങ്ങളോളം മഞ്ഞുവീഴ്ച അനുഭവപ്പെടുന്നു.

ജലസമ്പത്ത്

[തിരുത്തുക]

തുർക്കിയിൽ ധാരാളം നദികളുണ്ടെങ്കിലും ജലഗതാഗതത്തിനനുയോജ്യമായവ വിരളമാണ്. 500-ൽ അധികം തടാകങ്ങളുള്ളതിൽ സു. 50 എണ്ണത്തിനു മാത്രമേ 10 ച.കി.മീ.-ൽ അധികം വിസ്തൃതിയുള്ളൂ. 127 കൃത്രിമ തടാകങ്ങളും തുർക്കിയിലുണ്ട്. വാൻ, സാൾട്ട് എന്നിവയാണ് മുഖ്യ തടാകങ്ങൾ.

കരിങ്കടൽ പ്രദേശത്തെ മലഞ്ചരിവുകളിൽനിന്ന് 150-ഓളം ചെറുനദികൾ ഉദ്ഭവിക്കുന്നു. സകാര്യ (Sakarya), കിസിൽഇർമാക് (ശോണനദി), യെഷീൽ ഇർമാക് (ഹരിതനദി) എന്നിവയാണ് ഇവയിൽ പ്രധാനപ്പെട്ടവ. മലനിരകളുടെ തെ. ഭാഗത്തു നിന്നുദ്ഭവിക്കുന്ന ഈ നദികൾ ചുരങ്ങളിലൂടെ ഒഴുകി കരിങ്കടലിൽ പതിക്കുന്നു.

തുർക്കിക്കും ഗ്രീസിനുമിടയിലെ അതിർത്തിയിലൂടെ ഒഴുകുന്ന മെറീക് നദി പോഷകനദിയായ എർജിൽ ലയിക്കുന്നതിനെ തുടർന്ന് ത്രേസ് മേഖലയിൽ വിസ്തൃതമായ ചതുപ്പ് രൂപം കൊള്ളുന്നു. ഇത് തുടർന്നൊഴുകി ഈ(ഏ)ജിയൻ കടലിൽ പതിക്കുന്നു. മെറീക് നദീമാർഗ്ഗത്തിൽ ഏദിർനേ നഗരം വരെയുള്ള ഭാഗം ഗതാഗതയോഗ്യമാണ്. മെഡിറ്ററേനിയൻ പ്രദേശത്തെ അനേകം നദികളിൽ പ്രാധാന്യമർഹിക്കുന്നത് ഗെഡീസ് (സാരിബാത്) ആണ്. ഈ മേഖലയിലെ പ്രധാന പട്ടണങ്ങൾ നദീതടങ്ങളിലാണ് രൂപംകൊണ്ടിട്ടുള്ളത്.

മധ്യഅനതോലിയയിലെ പ്രധാന നദിയായ സകാര്യയിൽ അങ്കാറായ്ക്ക് 130 കി.മീ. പ. മാറി സറിയാൻ പ്രദേശത്ത് വെള്ളപ്പൊക്ക നിയന്ത്രണം, ജലസേചനം, വൈദ്യുതിയുത്പാദനം എന്നിവയ്ക്കായി ഒരു ജലസംഭരണി നിർമിച്ചിട്ടുണ്ട്. അങ്കാറായ്ക്ക് തെ.കിഴക്കായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള 321 ച.കി.മീ. വിസ്തീർണമുള്ള ജലാശയം വ.അനതോലിയായിലേക്ക് ആവശ്യമുള്ള വൈദ്യുതോർജത്തിന്റെ സ്രോതസ്സായി വർത്തിക്കുന്നു. ഇതിന് തെക്കായി സാൾട്ട്ലേക്ക് (Salt lake) എന്ന കൃത്രിമതടാകവും ഉണ്ട്. കി. അനതോലിയയുടെ വടക്കരികിലൂടെ ഒഴുകുന്ന എറാസ്, തുർക്കിയുടെ അതിർത്തിയിലൂടെ ഒഴുകി കാസ്പിയൻ കടലിൽ പതിക്കുന്ന ഏർപാ എന്നിവയാണ് മറ്റ് പ്രധാന നദികൾ. എലസിഗ് നഗരത്തിന് 4 കി.മീ. പടിഞ്ഞാറ് ഫീറാത്ത്, മുറാത്ത് എന്നീ നദികളുടെ സംഗമസ്ഥാനത്തുള്ള കാബാൻ ഡാം ആണ് തുർക്കിയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം. സമീപ മേഖലയിലെ രാസ-വൈദ്യുത വ്യവസായങ്ങൾക്കാവശ്യമായ ഊർജ്ജത്തിന്റെ ഒരു മുഖ്യ സ്രോതസ്സ് കൂടിയാണ് 675 ച.കി.മീ.-ൽ അധികം വിസ്തൃതിയുള്ള ഈ തടാകം. 3714 ച.കി.മീ.-ൽ അധികം വിസ്തൃതിയുള്ളതും 12-ൽ അധികം ചെറുനദികൾ ഒഴുകിച്ചേരുന്നതുമായ വാൻ തടാകത്തിലെ ജലം നിർഗമന മാർഗങ്ങളുടെ അഭാവം മൂലം ഉപ്പുരസമുള്ളതായിത്തീർന്നിരിക്കുന്നു.

ജൈവസമ്പത്ത്

[തിരുത്തുക]

തുർക്കിയുടെ തീരമേഖലയിലും മലമ്പ്രദേശത്തും ഗുണമേന്മ കുറഞ്ഞ വൃക്ഷങ്ങൾ വളരുന്ന വനങ്ങളുണ്ട്. ഉൾനാടൻ സമതലങ്ങളിലും താഴ്വരകളിലും വിശാലമായ സ്റ്റെപ്പ് പുൽമേടുകൾ കാണാം. കരിങ്കടൽ തീരം സസ്യസമ്പന്നമാണ്. ഈ പ്രദേശത്തെ മലനിരകളുടെ വ.ചരിവുകൾ ബിർച്ച്, ഓക്ക്, എം തുടങ്ങിയ വൃക്ഷങ്ങൾ ഇടതൂർന്നു വളരുന്ന വനങ്ങളാണ്. സാമാന്യമായി ഉയരം കൂടിയ ഭാഗങ്ങളിൽ സ്തൂപികാഗ്രിത വനങ്ങളും നന്നെ ഉയർന്ന ഭാഗങ്ങളിൽ പുൽമേടുകളും കാണപ്പെടുന്നു. മലനിരകളുടെ തെ. ചരിവുകളിലെ വനങ്ങൾ അത്ര ഇടതൂർന്നവയല്ല. ഓക്ക്, ജൂനിപർ, പൈൻ തുടങ്ങിയ വൃക്ഷങ്ങൾക്കാണ് ഇവിടെ പ്രാമുഖ്യം. മധ്യ അനതോലിയ പ്രദേശത്തിന്റെ വ.ഭാഗത്തെ കുന്നുകളിൽ നിബിഡത കുറഞ്ഞ വനങ്ങൾ കാണാം. വരണ്ടകാലാവസ്ഥ അനുഭവപ്പെടുന്ന തുർക്കി പീഠഭൂമിയുടെ ഭൂരിഭാഗവും സ്റ്റെപ്പ് പുൽമേടുകളാൽ ആവൃതമാണ്. പർവതപ്രദേശങ്ങളിൽ, പ്രത്യേകിച്ച് പോൺടിക് മലകളിൽ ഓക്, പൈൻ തുടങ്ങിയ വൃക്ഷങ്ങൾ സമൃദ്ധമായി വളരുന്നു. മെഡിറ്ററേനിയൻ, ഈ(ഏ)ജിയൻ കടൽതീരങ്ങളിൽ അവിടവിടെ വനങ്ങളുണ്ടെങ്കിലും മൊത്തത്തിൽ കുറ്റിച്ചെടികൾ നിറഞ്ഞു കാണപ്പെടുന്നു. തുർക്കിയുടെ മൊത്തം ഭൂവിസ്തൃതിയുടെ 26 ശ.മാ. വരുന്ന വനങ്ങൾ പൊതുവേ സമ്പദ് പ്രധാനങ്ങളല്ല. തടിയുത്പാദനത്തിൽ ഇവയുടെ പ്രാധാന്യം വളരെ കുറവാണ്. കാട്ടുപന്നിയാണ് ഏറ്റവുമധികം കാണപ്പെടുന്ന വന്യമൃഗം. ഉൾക്കാടുകളിൽ ചെന്നായ, കുറുക്കൻ, കാട്ടുപൂച്ച, കുറുനരി, മാൻ, കരടി, കാട്ടാട്, കഴുതപ്പുലി തുടങ്ങിയ മൃഗങ്ങളെയും കാണാം. ഒട്ടകം, ജലമഹിഷം (Water Buffalo), അങ്കോറാ ആട് എന്നിവ ഇവിടത്തെ പ്രധാന വളർത്തുമൃഗങ്ങളാണ്.

പക്ഷി വർഗങ്ങളിൽ സ്ഥിരമായി പാർക്കുന്ന വാത്ത, തിത്തിരി, കാട എന്നിവയ്ക്ക് പുറമേ ദേശാടന പക്ഷികളായ പുള്ളിപ്പരുന്ത്, പ്രാപ്പിടിയൻ, കഴുകൻ, വെള്ളപ്പരുന്ത് തുടങ്ങിയവയും ഉൾപ്പെടുന്നു. മലമ്പ്രദേശങ്ങളിൽ നിന്ന് ഉദ്ഭവിക്കുന്ന ചെറുനദികളിൽ ട്രൌട് മത്സ്യം ധാരാളമായി കാണപ്പെടുന്നു. ജലസന്ധികളിൽ ബൊണീറ്റോ, അയല, ബ്ളൂഫിഷ് തുടങ്ങിയ മത്സ്യങ്ങൾക്കാണ് പ്രാമുഖ്യം. മത്സ്യ ലഭ്യതയിൽ മുന്നിട്ടു നിൽക്കുന്ന മെഡിറ്ററേനിയൻ, കരിങ്കടൽ മേഖലകളിൽ നിന്ന് ആഞ്ചോവീ ഇനത്തിൽപ്പെട്ട മത്സ്യമാണ് ധാരാളമായി ലഭിക്കുന്നത്.

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]

1994-ലെ കണക്കനുസരിച്ച് ജനങ്ങളിൽ 82.5 ശ.മാ.വും സാക്ഷരരാണ്. തുർക്കി ഭരണഘടന 6 മുതൽ 14 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് നിർബന്ധിത വിദ്യാഭ്യാസം അനുശാസിക്കുന്നു. ഗവൺമെന്റ് ഉടമസ്ഥതയിലുള്ള എല്ലാ സ്കൂളുകളിലും വിദ്യാഭ്യാസം സൗജന്യമാണ്. തുർക്കിയിൽ നിരവധി സർവകലാശാലകളുണ്ട്. ഇവയിൽ മിക്കവയും 1977-നുശേഷം സ്ഥാപിതമായവയാണ്. 1994-ൽ ഗലെതെസരായി (ഇസ്താൻബുൾ)യിൽ ഫ്രഞ്ച് ഭാഷ ബോധന മാധ്യമമായുള്ള ഒരു സർവകലാശാല പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഇസ്താൻബുൾ, അങ്കാറാ, ഇസ്മീർ എന്നിവയാണ് രാജ്യത്തെ പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങൾ.

സംസ്കാരം

[തിരുത്തുക]

തുർക്കിയിലെ ജനങ്ങളിൽ ബഹുഭൂരിപക്ഷവും ഇസ്ളാം മത വിശ്വാസികളാണ്; ഇവരിൽത്തന്നെ ഏറിയ പേരും സുന്നി വിഭാഗക്കാരാണ്. ജനസംഖ്യയുടെ 8 ശ.മാ.ത്തോളം വരുന്ന കുർദുകളാണ് പ്രധാന ന്യുനപക്ഷം. രാജ്യത്തിന്റെ കിഴക്കും തെ.കിഴക്കും പ്രദേശങ്ങളിലാണ് ഇവർ പ്രധാനമായും അധിവസിക്കുന്നത്. ഇസ്ളാം ദേശീയ മതമായി അംഗീകരിച്ചിരുന്ന തുർക്കി 1928-ൽ ഒരു മതനിരപേക്ഷ രാജ്യമായി സ്വയം പ്രഖ്യാപിക്കുകയുണ്ടായി. മൊത്തം ജനങ്ങളുടെ 60 ശ.മാ.ഗ്രാമങ്ങളിലും 40 ശ.മാ. നഗരങ്ങളിലും വസിക്കുന്നു. ജനസാന്ദ്രതയിൽ മുന്നിട്ടു നിൽക്കുന്നത് തീരദേശഗ്രാമങ്ങളാണ്.

1923-ൽ തുർക്കി റിപ്പബ്ലിക്കിന്റെ സ്ഥാപനസമയത്ത് തുർക്കിയും ഗ്രീസും തമ്മിൽ ഒപ്പുവക്കപ്പെട്ട് നിർബന്ധിത ജനക്കൈമാറ്റക്കരാർ പ്രകാരം 13 ലക്ഷം ഗ്രീക്കുകാർ തുർക്കിയിൽ നിന്നും ഗ്രീസിലേക്കും അഞ്ചു ലക്ഷം തുർക്കികൾ ഗ്രീസിൽ നിന്നും തുർക്കിയിലേക്കും കുടിയേറി. എങ്കിലും ഗ്രീസിന്റെ ഭാഗമായ പടിഞ്ഞാറൻ ത്രേസിലെ തുർക്കികളേയ്യും തുർക്കിയിലെ ഇസ്താംബൂളിലെ ഗ്രീക്കുകാരേയും തുടരാൻ അനുവദിച്ചു.[8]

കലയും സാഹിത്യം

[തിരുത്തുക]

തുർക്കിയുടെ ഒട്ടോമൻ മാതൃക പിന്തുടരുന്ന വാസ്തുശില്പകല ശ്രദ്ധേയമാണ്. ലോകപ്രശസ്ത വാസ്തുശില്പി സിനാൻ (Sinan) തുർക്കിക്കാരനാണ്. 1520 മുതൽ 66 വരെ തുർക്കിയിൽ ഭരണം നടത്തിയ സുൽത്താൻ സുലൈമാനുവേണ്ടി സിനാൻ സാമ്രാജ്യത്തിന്റെ മുക്കിലും മൂലയിലും ഒട്ടനവധി മനോജ്ഞസൌധങ്ങൾ പണിതുയർത്തി. ഇക്കൂട്ടത്തിൽ സിനാന്റെ ശില്പചാതുര്യം നിദർശിപ്പിക്കുന്ന 80-ലധികം പള്ളികളും 100-ലധികം മറ്റു വാസ്തു ശില്പങ്ങളും ഉൾപ്പെടുന്നു.

കളിമൺപാത്ര നിർമ്മാണ കലയിലും തുർക്കി മൗലികമായ സംഭാവനകൾ നൽകിയിട്ടുണ്ട്. അനതോലിയയിലെ കൂതോയ ആണ് പ്രധാന കളിമൺ വ്യവസായ കേന്ദ്രം. നെയ്ത്താണ് മറ്റൊരു പ്രധാന പരമ്പരാഗത വ്യവസായം. പുതപ്പുകൾ, ഷാളുകൾ, ടവലുകൾ തുടങ്ങിയവ പ്രമുഖ ഉത്പന്നങ്ങളാണ്.

മുമ്പ് ഇസ്ളാമിക സ്വാധീനത വ്യക്തമായിരുന്ന തുർക്കിയുടെ കലാരംഗത്ത് ഇപ്പോൾ പാശ്ചാത്യ ശൈലിക്ക് പ്രചാരം ഏറിയിട്ടുണ്ട്. കാലി ഇബ്രാഹിം, ഫേമാൻദുറാൻ, ബേദ്രി രാഹ്മി, ഫഹ്റുന്നിസ സെയ്ദ് തുടങ്ങിയവർ ആധുനിക ചിത്രകലാരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ തുർക്കി ചിത്രകാരന്മാരാണ്; അലിഹാദിബാറ (Ali Hadi Bara), നസ്റെത്ത് സുമൻ (Nusret Suman) എന്നിവർ പ്രശസ്ത ശില്പികളും. നാടോടി സാഹിത്യത്തിനാണ് തുർക്കിയുടെ സാഹിത്യ മണ്ഡലത്തിൽ ഏറെ പ്രാമുഖ്യം നേടാൻ കഴിഞ്ഞിട്ടുള്ളത്. തുർക്കിക്കാരായ കമാൽ താഹിർ, യാഷർ കമാൽ എന്നീ ആധുനിക തുർക്കി നോവലിസ്റ്റുകൾ വിശ്വപ്രശസ്തിയാർജിച്ചിട്ടുണ്ട്. ഇസ്താൻബുളിൽ പ്രവർത്തിക്കുന്ന ലളിതകലാ അക്കാദമി തുർക്കിയുടെ കലാരംഗത്തെ പരിപോഷിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. എ.എ.സാഗൻ (A.A.Saygun), ഐദെൽബിരേത് (Idil Biret), സുനാകാൻ (Sunakkan), അയ്ല എർദറാൻ (Ayla Erdur-an) തുടങ്ങിയ നിരവധി ലോകപ്രശസ്ത സംഗീതജ്ഞരേയും തുർക്കി സംഭാവന ചെയ്തിട്ടുണ്ട്.

സാമ്പത്തികം

[തിരുത്തുക]

തുർക്കിയുടെ മൊത്തം ദേശീയ വരുമാനത്തിന്റെ (GNP) 1/3 ഭാഗം കൃഷിയും 1/4 ഭാഗം ഖനന-വ്യവസായ മേഖലകയും പ്രദാനം ചെയ്യുന്നു. ഉൾനാടൻ പ്രദേശങ്ങളിലെ ജനങ്ങൾ പ്രധാനമായും കാർഷിക വൃത്തിയെയാണ് മുഖ്യ ഉപജീവനമാർഗ്ഗമായി ആശ്രയിക്കുന്നത്. രാജ്യത്ത് പണിയെടുക്കുന്നവരിലെ 2/3 ഭാഗത്തോളം കാർഷികമേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു. കയറ്റുമതിയുടെ മുക്കാൽ പങ്കും കാർഷികോത്പന്നങ്ങളാണ്. ഭൂവിസ്തൃതിയുടെ 30 ശ.മാ.ത്തോളം കൃഷിക്കനുയോജ്യമാണ്. രാജ്യത്തിന്റെ കി.ഭാഗത്തെ മലനിരകളുടെ വടക്കൻ ചരിവുകളിൽ നാരക ഇനങ്ങൾ വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നു. തീരപ്രദേശങ്ങളിൽ ആപ്പിൾ തുടങ്ങിയ പഴവർഗങ്ങൾക്കാണ് പ്രാമുഖ്യം. പുകയില, ചോളം, ഗോതമ്പ്, പച്ചക്കറികൾ, ചണം എന്നിവയാണ് മറ്റു പ്രധാന വിളകൾ. സിമാവു നദി ജലസേചിതമാക്കുന്ന കടലിടുക്കു പ്രദേശത്തെ സമതലങ്ങളിൽ വിവിധയിനം ധാന്യവിളകളും പുകയില, മുന്തിരി, ഒലിവ് എന്നിവയും ബർസയ്ക്കടുത്ത് മൾബറിയും കൃഷി ചെയ്യപ്പെടുന്നു. പരുത്തി, പുകയില, ഒലിവ്, മുന്തിരി, അത്തിപ്പഴം എന്നിവയാണ് മെഡിറ്ററേനിയൻ പ്രദേശത്തെ പ്രധാന വിളകൾ. എന്നാൽ മെഡിറ്ററേനിയൻ തീരത്തിന്റെ തെ.ഭാഗങ്ങളിൽ പരുത്തി, നാരക ഇനങ്ങൾ, ഒലിവ് എന്നിവ ഉൾപ്പെടെ പലവിധ മെഡിറ്ററേനിയൻ വിളകളും കൃഷി ചെയ്യുന്നുണ്ട്. മധ്യ അനതോലിയൻ പ്രദേശത്തിന്റെ വ.മേഖലയിൽ ഗോതമ്പും കരിമ്പും കി. പ്രദേശത്ത് ഗോതമ്പും ബാർലിയും കൃഷി ചെയ്യുന്നു.

വഴുതനങ്ങയാണ് തുർക്കിയിൽ ഉപയോഗിക്കുന്ന പച്ചക്കറികളിൽ പ്രമുഖ സ്ഥാനത്തുള്ളത്. സലാഡ് മുതൽ പ്രധാനഭക്ഷണം വരെയുള്ള എല്ലാ വിഭവങ്ങളിലും വഴുതനങ്ങ ഉപയോഗിക്കപ്പെടുന്നു. വഴുതനങ്ങ ഉപയോഗിച്ചുള്ള ജാം വരെ തുർക്കിയിലുണ്ട്.[9]

വ്യവസായം

[തിരുത്തുക]

ധാതു സമ്പന്നമായ തുർക്കിയിലെ ഏതാനും ധാതുക്കൾ മാത്രമാണ് വൻതോതിൽ ഖനനം ചെയ്യപ്പെടുന്നത്. കരിങ്കടൽ പ്രദേശത്തെ സോങ്ഗുൽദാക് മധ്യ-പൂർവ ദേശത്തിലെ ഏറ്റവും വലിയ കൽക്കരിപ്പാടമാണ്. ഇതിന്റെ തൊട്ടു തെ. റൈസിന്റെ സമീപത്തുനിന്നും മാംഗനീസ്, ചെമ്പ്, ഈയം എന്നീ ധാതുക്കൾ ഖനനം ചെയ്യപ്പെടുന്നു. ഇസ്താൻബുൾ, മാർമറാതീരം, ഇസ്മീർ, അങ്കാറാ, അദെനെ സമതലം, സോങ്ഗുൽദാക് പ്രവിശ്യ, കടലിടുക്കു പ്രദേശം തുടങ്ങിയവയാണ് തുർക്കിയിലെ പ്രധാന വ്യവസായ കേന്ദ്രങ്ങൾ. വാഹനങ്ങൾ, സ്ഫടികം, പ്ളാസ്റ്റിക്, ടയറുകൾ, ഇലക്ട്രോണിക് സാമഗ്രികൾ എന്നിവ ഇവിടെ വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുന്നു. കി. അനതോലിയൻ പ്രദേശത്തെ ദിയോർബേക്കറിന് 96 കി.മീ. കി. മാറിയുള്ള റമൺദാഗ് എണ്ണപ്പാടത്തെ 480 കി.മീ. നീളമുള്ള പൈപ്പ് ലൈൻ വഴി ഇസ്കെൻദെറോൺ ഉൾക്കടൽ തീരവുമായി ബന്ധിപ്പിച്ചിരിക്കുന്നു. ബട്മാനിൽ ഒരു എണ്ണ ശുദ്ധീകരണശാലയും പ്രവർത്തിക്കുന്നുണ്ട്. ഇതിനടുത്തുള്ള ഡേവ്റിഗിയിൽ നിന്ന് ഇരുമ്പും ഗ്യുലെമൻ, മാഡെൻ (Maden) എന്നിവിടങ്ങളിൽ നിന്ന് ചെമ്പ്, ക്രോമിയം എന്നിവയും ഖനനം ചെയ്യപ്പെടുന്നു.

ഗതാഗതം

[തിരുത്തുക]

തുർക്കിയുടെ ഗതാഗതമേഖല തികച്ചും അവികസിതമാണ്. മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങളുടെ അഭാവം രാജ്യത്തിന്റെ വികസനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ പ്രധാന പട്ടണങ്ങളെയും റോഡുമാർഗ്ഗം ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലും റോഡുകളുടെ മൊത്തം ദൈർഘ്യം താരതമ്യേന കുറവാണ്. 1998-ലെ കണക്കനുസരിച്ച് 3,82,059 കി.മീ. റോഡുകളാണുണ്ടായിരുന്നത്. തുർക്കിയിൽ റെയിൽ ഗതാഗതം പൂർണമായും ഗവൺമെന്റധീനതയിലാണ്. പ്രധാന നഗരങ്ങൾക്കിടയിൽ റെയിൽബന്ധം സ്ഥാപിക്കപ്പെട്ടിരിക്കുന്നു. 1998-ൽ 8607 കി.മീ. റയിൽപാത ഉണ്ടായിരുന്നു. വ്യോമഗതാഗത മേഖലയും സർക്കാരിന്റെ നിയന്ത്രണത്തിലാണ്. രാജ്യത്തെ വ്യോമഗതാഗത ശൃംഖല പ്രധാന നഗരങ്ങളെ തമ്മിലും പ്രമുഖ നഗരങ്ങളെ യൂറോപ്പ്, മധ്യ-പൂർവദേശങ്ങൾ തുടങ്ങിയവയുമായും ബന്ധിപ്പിക്കുന്നു. ഇസ്താൻബുൾ (അറ്റാതുർക്ക്), ദലാമാൻ (മുഗ്ള), അങ്കാര (എസെർബോഗ), ഇസ്മിർ (അഡ്നാൽ മെൻഡേറസ്), അദെനെ, അന്ത്യാല്യ എന്നിവിടങ്ങളിൽ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ പ്രവർത്തിക്കുന്നു. തുർക്കിക്ക് ദൈർഘ്യമേറിയ തീരദേശമുണ്ടെങ്കിലും രാജ്യത്തെ നാവികജലഗതാഗത മേഖലകൾ താരതമ്യേന അവികസിതമാണ്. ഇസ്താൻബുൾ, ഇസ്മിർ, സംസൻ (Sumsan), മെർസിൻ (Mersin), ഇസ്കെൻദെറോൺ (Iskenderun), ത്രാബ്സൺ എന്നിവയാണ് രാജ്യത്തെ മുഖ്യ തുറമുഖങ്ങൾ.

വാർത്താവിനിമയം

[തിരുത്തുക]

1996-ലെ കണക്കനുസരിച്ച് ഏകദേശം 57 ദിനപത്രങ്ങൾ തുർക്കിയിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്നു. ഇവയിൽ ഹൂറിയത്, സാബാ എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ പ്രചാരമുള്ളത്. തുർക്കിയിലെ തപാൽ, ടെലിഫോൺ, ടെലിഗ്രാഫ് മേഖലകൾ പൂർണമായും ദേശസാത്ക്കരിച്ചിരിക്കുന്നു. എന്നാൽ പ്രക്ഷേപണരംഗത്ത് ഗവൺമെന്റിനുണ്ടായിരുന്ന കുത്തക 1994-ൽ നിറുത്തലാക്കി.

ഭരണകൂടം

[തിരുത്തുക]

1982 ന.-ൽ തുർക്കിയിൽ പുതിയ ഭരണഘടന അംഗീകൃതമായി. രാജ്യം മതേതര ജനാധിപത്യ റിപ്പബ്ളിക് ആണ്. പ്രസിഡന്റാണ് രാഷ്ട്രത്തലവൻ. പ്രസിഡന്റിന്റെ ഔദ്യോഗികകാലാവധി ഏഴുവർഷമാണ്. ഭരണനടത്തിപ്പിനായി പ്രധാനമന്ത്രിയെ പ്രസിഡന്റ് നിയമിക്കുന്നു. പാർലമെന്റാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. തുർക്കിയുടെ പാർലമെന്റ് ഗ്രാൻഡ് നാഷണൽ അസംബ്ളി എന്ന പേരിൽ അറിയപ്പെടുന്നു. അഞ്ചുവർഷമാണ് പാർലമെന്റിന്റെ കാലാവധി. പാർലമെന്റ് പാസ്സാക്കുന്ന നിയമങ്ങളുടെ ഭരണഘടനാസാധുത പരിശോധിക്കാൻ സ്വതന്ത്രരായ ജഡ്ജിമാരടങ്ങിയ ഒരു ഭരണഘടനാ കോടതിയും മറ്റു കോടതികളും തുർക്കിയുടെ നീതിന്യായ വ്യവസ്ഥിതിയിലുണ്ട്.

നിരവധി രാഷ്ട്രീയപ്പാർട്ടികൾ തുർക്കിയിൽ നിലവിലുണ്ട്. ട്രൂ പാത്ത് പാർട്ടി, മദർലാൻഡ് പാർട്ടി, സോഷ്യൽ ഡെമോക്രാറ്റിക് പോപ്പുലിസ്റ്റ് പാർട്ടി, പ്രോസ്പരിറ്റി പാർട്ടി തുടങ്ങിയവ പ്രധാന പാർട്ടികളാണ്.

ഭരണസൗകര്യാർഥം രാജ്യത്തിനെ എഴുപതിൽപ്പരം പ്രവശ്യകളായി തരം തിരിച്ചിരിക്കുന്നു. കേന്ദ്രഗവൺമെന്റ് നിയമിക്കുന്ന ഗവർണറാണ് പ്രവിശ്യാഭരണത്തലവൻ. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന സമിതിയും പ്രവിശ്യയിലുണ്ട്. പ്രവശ്യകളെ ജില്ലകളായും കൗണ്ടികളായും മുനിസിപ്പാലിറ്റികളായും വില്ലേജുകളായും വിഭജിച്ചിരിക്കുന്നു. തദ്ദേശ ഭരണ നടത്തിപ്പിനായി പട്ടണങ്ങളിൽ മുനിസിപ്പാലിറ്റികളും ഗ്രാമങ്ങളിൽ കൗൺസിലുകളുമുണ്ട്.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Address-based Population Register System (2007 census). Results announced on January 20, 2008.
  2. 2.0 2.1 2.2 2.3 "Report for Selected Countries and Subjects". IMF World Economic Outlook Database. October 2018. Retrieved 15 November 2018.
  3. "Gini Coefficient by Equivalised Household Disposable Income". Turkstat. Retrieved 16 May 2015.
  4. "2018 Human Development Report" (PDF). Retrieved 29 September 2018.
  5. Full text of the Treaty of Lausanne (1923)
  6. Mango, Andrew (2000). Ataturk. Overlook. ISBN 1-5856-7011-1.
  7. Shaw, Stanford Jay (1977). History of the Ottoman Empire and Modern Turkey. Cambridge University Press. ISBN 0-5212-9163-1. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  8. Dilip Hiro (2009). "Chapter 1 Turkey : From militant secularism to Grassroots of Isam". Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran. New York: Overlook Duckworth. p. 64. ISBN 978-1-59020-221-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  9. Dilip Hiro (2009). "Chapter 1 Turkey : From militant secularism to Grassroots of Isam". Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran. New York: Overlook Duckworth. p. 109. ISBN 978-1-59020-221-0. {{cite book}}: Cite has empty unknown parameter: |coauthors= (help)


"https://ml.wikipedia.org/w/index.php?title=തുർക്കി&oldid=3983342" എന്ന താളിൽനിന്ന് ശേഖരിച്ചത്