Jump to content

ട്രാൻസ്ജെൻഡർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നോങ് തൂം;ലോകപ്രശസ്തയായ ട്രാൻസ് ജെൻഡറാണ്

ലിംഗവ്യത്യാസങ്ങളെ സംബന്ധിച്ച പരമ്പരാഗത - മാതൃകയിൽ നിന്നോ, ജന്മനാൽ ഉണ്ടായിരുന്ന ലിംഗത്തിൽ (Cisgender) നിന്നോ വ്യതിയാനം പ്രദർശിപ്പിക്കുന്ന, അഥവാ അതിനനുയോജ്യമല്ലാത്ത ലിംഗ വ്യക്തിത്വം (Gender identity), സ്വഭാവം (Behaviour), ലിംഗ പ്രകാശനം (Gender expression) കാണിക്കുന്ന മനുഷ്യരെ പൊതുവായി വിശേഷിപ്പിക്കുന്ന പദമാണ് ട്രാൻസ്ജെൻഡർ (Transgender) ആളുകൾ. [1] ഇവരെ ട്രാൻസ് സ്ത്രീ (Trans woman ), ട്രാൻസ് പുരുഷൻ (Trans man) എന്ന് രണ്ടായി തിരിക്കാം. ഭൂരിപക്ഷ ലിംഗവിഭാഗങ്ങളെ പോലെ മറ്റൊരു ലിംഗവിഭാഗം തന്നെയാണ് ട്രാൻസ് ജെൻഡറുകൾ എന്ന് ഈ രംഗത്തെ ശാസ്ത്രീയ പഠനങ്ങൾ തെളിയിക്കുന്നു. [അവലംബം ആവശ്യമാണ്]സമൂഹത്തിൽ ഏറെ അടിച്ചമർത്തപ്പെട്ടവരും പാർശ്വവൽക്കരിക്കപ്പെട്ടവരും ആയ ഒരു ലിംഗവിഭാഗം ആണ് ട്രാൻസ് ജെൻഡേർസ്. മലയാളത്തിൽ നപുംസകം, ശിഖണ്ഡി, ഹിജഡ, മൂന്നാം ലിംഗം, അപരലിംഗർ, ലിംഗാതീതർ എന്നീ വാക്കുകൾ ഈ വിഭാഗത്തെ ഉദ്ദേശിച്ചു ഉപയോഗിച്ചിരുന്നതാണെങ്കിലും ഇവയൊക്കെ കൂടുതലും ഇവരെ അപമാനിക്കാനോ അവഹേളിക്കാനോ വേണ്ടിയാണ് ഉപയോഗിച്ചു വന്നിരുന്നത്. അതിനാൽ "ട്രാൻസ്ജെൻഡർ" എന്ന വാക്കാണ് ഇന്ന് ഔദ്യോഗികമായി ഉപയോഗിച്ചു വരുന്നത്. ലൈംഗികന്യൂനപക്ഷം എന്നറിയപ്പെടുന്ന എൽജിബിടിഐഎ (LGBTIA+) സമുദായത്തിലെ ടി (Transgender) എന്ന വിഭാഗമാണ് ഇവർ.

ജനിതകവും ശാരീരികവും മാനസികവുമായ സവിശേഷതകളാൽ അർപ്പിക്കപ്പെട്ടതും സ്ത്രീ, പുരുഷൻ എന്നിങ്ങനെ മറ്റുള്ളവർ തിരിച്ചറിയുന്നതുമായ ഒരു ഭൂരിപക്ഷ (Cisgender) വ്യക്തിയുടെ സ്വഭാവം, പെരുമാറ്റം, ശബ്ദം, ചലനം, വസ്ത്രധാരണം, കേശാലങ്കാരം, ശാരീരിക പ്രത്യേകതകൾ, മാനസികാവസ്ഥ തുടങ്ങിയ ലിംഗ വ്യക്തിത്വങ്ങളിൽ കാണിക്കുന്ന സവിശേഷമായ 'പ്രത്യേകതകളുമായി' ബന്ധപ്പെട്ടാണ് ട്രാൻസ്ജെൻഡർ എന്നൊരാളെ വിശേഷിപ്പിക്കുന്നത്. ഏതെങ്കിലും ഒരു പ്രത്യേക തരം ജെൻഡർ സ്വഭാവത്തെയല്ല ട്രാൻസ്ജെൻഡർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ലിംഗ വ്യത്യാസങ്ങളെക്കുറിച്ചുള്ള പരമ്പരാഗത ധാരണകളും അടയാളങ്ങളും തങ്ങൾക്ക് യോജിക്കുന്നതല്ലെന്ന് തിരിച്ചറിയുന്നവരും അങ്ങനെ കരുതുന്നവരും മാനസികമായി മറ്റൊരു ലിംഗത്തിൽ പെടുന്നവരും പൊതുവായി ഈ ഗണത്തിൽ വരുന്നു.

മസ്തിഷ്കത്തിന്റെ പ്രത്യേകതയും ഇക്കാര്യത്തിൽ സുപ്രധാന പങ്ക് വഹിക്കുന്നു. പൊതുവേ ഇവരുടെ മസ്തിഷ്‌കം(Brain) എതിർലിംഗത്തിന്റേതിനോട് സമാനമായാണ് കാണപ്പെടുന്നത്. ഇക്കാരണത്താൽ ഇവരുടെ മാനസികാവസ്ഥയും എതിർലിംഗത്തിന്റേത് ആയിരിക്കും.

ട്രാൻസ്ജെൻഡർ എന്ന വാക്കിന്റെ പ്രയോഗം 1960- കളിൽ തുടങ്ങിയെങ്കിലും ലിംഗമാറ്റ ശസ്ത്രക്രിയ കൂടാതെ തന്നെ സ്വന്തം സ്വത്വത്തെ അംഗീകരിച്ചു കൊണ്ട് ജീവിക്കാനാഗ്രഹിക്കുന്നവരെ വിശേഷിപ്പിക്കുന്നതിനായി 1970 -കളിലാണ് ഈ പദത്തിന് പ്രചാരം ലഭിച്ചത്. 1980 കളിൽ ജനനാലുള്ളതിൽ നിന്ന് വ്യത്യസ്തമായ ലിംഗസ്വഭാവം കാണിക്കുന്നവരെ എല്ലാവരെയും പൊതുവായി വിശേഷിപ്പിക്കുന്ന പദമായി ഇത് വികസിക്കുകയും 1990 കളിൽ ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരായ ചൂഷണം, അവരുടെ അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയ പദമായി മാറുകയും ചെയ്തു[അവലംബം ആവശ്യമാണ്]. ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തവരെ ട്രാൻസ് സെക്ഷ്വൽ (Transsexual) എന്നറിയപ്പെടുന്നു.

നപുംസകം, ശിഖണ്ടി, ഹിജഡ, ദ്വിലിംഗം എന്നീ പേരുകൾക്ക് പ്രാദേശികമായി പല അർത്ഥവ്യത്യാസങ്ങളും കണ്ടുവരുന്നു. ലൈംഗികാവയവങ്ങളിൽ വ്യതിയാനം വരുന്നവർ, എതിർലിംഗത്തിന്റെ മാനസികാവസ്ഥ ഉള്ളവർ, എതിർ ലിംഗത്തിലുള്ളവരുടെ വേഷം ധരിച്ച് നടക്കുന്നവർ തുടങ്ങിയ പ്രത്യേകതകൾക്കനുസരിച്ചാണ് ഈ പേരുകൾ നിർണ്ണയിക്കപ്പെടുന്നത്. ലിംഗ സമത്വം (Gender equality) ഭാരതം ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങൾ ഔദ്യോഗികമായി അംഗീകരിക്കുകയും[അവലംബം ആവശ്യമാണ്] അവരെ ഉൾക്കൊള്ളിച്ചുകൊണ്ടുടുള്ള നിയമങ്ങൾ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. American Psychological Association

ഇതും കാണുക

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ട്രാൻസ്ജെൻഡർ&oldid=3474391" എന്ന താളിൽനിന്ന് ശേഖരിച്ചത്