Jump to content

ഡോക്ടർ ഇന്നസെന്റാണ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡോക്ടർ ഇന്നസെന്റാണ്
പോസ്റ്റർ
സംവിധാനംഅജ്മൽ
നിർമ്മാണംശശീന്ദ്ര വർമ്മ
രചനഅജ്മൽ
അഭിനേതാക്കൾ
സംഗീതംസന്തോഷ് വർമ്മ
ഗാനരചനസന്തോഷ് വർമ്മ
റഫീക്ക് അഹമ്മദ്
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംജി. മുരളി
സ്റ്റുഡിയോവർമ്മ ഫിലിം കോർപ്പറേഷൻ
വിതരണംറെഡ് റോസസ് റിലീസ്
റിലീസിങ് തീയതി2012 ഏപ്രിൽ 27
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം142 മിനിറ്റ്

അജ്മൽ രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഡോക്ടർ ഇന്നസെന്റാണ്. ഇന്നസെന്റ്, സോന നായർ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.[1][2]ഗേയ് ദി മോപ്പസാങ്ങിൻ്റെ ഇംഗ്ലീഷ് ചെറുകഥയായ ദി നെക്ലേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ഈ ചിത്രം.

കഥാസംഗ്രഹം

[തിരുത്തുക]

ഡോക്റ്റർ ഇന്നസെന്റാണ് എന്ന സിനിമ ഹോമിയോപ്പതി ഡോക്റ്ററായ ഭാർഗവൻ പിള്ളയുടെ (ഇന്നസെന്റ്) കഥയാണ് പറയുന്നത്. രോഗികളെ ചികിത്സിക്കാൻ വെറും 20 രൂപ മാത്രം ചികിത്സാഫീസ് വാങ്ങുന്ന ഈ ഡോക്റ്റർ, പാവപ്പെട്ട രോഗികൾക്ക് അങ്ങോട്ട് സഹായം ചെയ്ത്കൊടുക്കുകയും ഒക്കെ ചെയ്യുന്നതിനാൽ നാട്ടുകാരുടെ കണ്ണിലുണ്ണിയാണ്. എന്നാൽ അദ്ദേഹത്തിന്റെ ഭാര്യ ശുഭലക്ഷ്മി (സോന നായർ), സ്വന്തം ഭർത്താവിന്റെ പണം സമ്പാദിക്കാനുള്ള കഴിവില്ലായ്മയുടെ വിഷമത്തിലാണ്. അയൽക്കാരായി വരുന്ന വാസുദേവന്റേയും (സുരാജ് വെഞ്ഞാറമൂട്) ഭാര്യയുടേയും കയ്യിലുള്ള ആഭരണങ്ങൾ കണ്ട് ശുഭലക്ഷ്മിയുടെ വിഷമങ്ങളുടെ ആക്കം കൂട്ടുകയും ചെയ്യുന്നു.

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒരു പാർട്ടി തങ്ങളുടെ സ്ഥാനാർത്ഥിയാവാൻ ഭാർഗവൻ പിള്ളയെ സമീപിക്കുന്നു. അദ്ദേഹത്തിന് അതിൽ താത്പര്യമില്ലെങ്കിലും ഭാര്യയുടെ നിർബന്ധം മൂലം സമ്മതിക്കേണ്ടിവരികയാണ്. പക്ഷെ അദ്ദേഹം മത്സരത്തിൽ പരാജയപ്പെടുന്നു.

ഭാർഗവൻ പിള്ളയുടെ സുഹൃത്ത് ഡോക്റ്റർ ജെയിംസ് (ദേവൻ) ഭാർഗ്ഗവൻ പിള്ളയെ തന്റെ മകളുടെ കല്യാണം ക്ഷണിക്കുന്നു. കല്യാണത്തിനു പോകാൻ നല്ല വസ്ത്രങ്ങളില്ല എന്ന് ഭാര്യ പരിതപിക്കുമ്പോൾ ഡോക്റ്റർ അവരറിയാതെ സ്വന്തം സ്കൂട്ടർ ഈട് വച്ച് ഒരു പണയക്കാരന്റെ കയ്യിൽ നിന്ന് 25,000 രൂപ വായ്പയെടുക്കുന്നു. വസ്ത്രങ്ങൾ വാങ്ങി വീട്ടിലെത്തിയ ഭാർഗ്ഗവൻ പിള്ളയോട് നല്ല ആഭരണങ്ങൾ ഇല്ലാതെ എങ്ങനെയാ വിവാഹത്തിനുപോകുക എന്ന് ഭാര്യ വീണ്ടും പരാതിപ്പെടുന്നു. അതിനായി ശുഭലക്ഷ്മി തന്നെ ഒരു മാർഗ്ഗവും പറഞ്ഞുകൊടുക്കുകയാണ്. അയൽക്കാരനായ വാസുദേവനോട് ഒരു ദിവസത്തേയ്ക്കായി ചോദിച്ചാൽ മതിയെന്ന്. അങ്ങനെ 10 പവന്റെ മാലയും വസ്ത്രങ്ങളും ആയി ഭാര്യയും കുട്ടികളും കല്യാണത്തിനു പോകുന്നു. പക്ഷെ കല്യാണച്ചടങ്ങുകൾക്കിടയിൽ ആ സ്വർണ്ണമാല ശുഭലക്ഷ്മിയുടെ കയ്യിൽ നിന്ന് കളഞ്ഞ്പോകുന്നു. അയൽക്കാരന്റെ മുന്നിൽ കടക്കാരനാകാതിരിക്കാൻ ഭാർഗ്ഗവൻ പിള്ള ഒരു ജ്വല്ലറിയിൽ നിന്ന് തത്കാലത്തേക്ക് അതേ പോലെ മറ്റൊരു സ്വർണ്ണമാല വാങ്ങിക്കുകയും കുറച്ച് ദിവസത്തിനകം ഗൾഫിൽ നിന്ന് പണം വരുമ്പോൾ തരാമെന്ന് കള്ളം പറയുകയും ചെയ്യുന്നു.

ഡോക്റ്റർ ജെയിംസിനു ശുഭലക്ഷ്മിയുടെ മാല സ്വന്തം പൂന്തോട്ടത്തിൽ നിന്ന് കളഞ്ഞ് കിട്ടുന്നു. അത് അദ്ദേഹം ഭാർഗ്ഗവൻ പിള്ളയെ ഏൽപ്പിക്കുന്നു. ഈ മാല ജ്വല്ലറിയിൽ കൊടുത്ത് ആ കടം വീട്ടാൻ ശ്രമിക്കുമ്പോഴാണ് അദ്ദേഹം അറിയുന്നത് ആ മാല സ്വണ്ണം പൂശിയത് മാത്രമായിരുന്നു എന്ന്. വാസുദേവനോട് ഇക്കാര്യം ചോദിക്കാനായി ഭാർഗ്ഗവൻ പിള്ള എത്തുമ്പോഴേക്കും ഇതേ പോലെയുള്ള മറ്റ് തട്ടിപ്പുകളുടെ പേരിൽ വാസുദേവനെ പോലീസ് കൊണ്ടുപോയിക്കഴിഞ്ഞിരുന്നു. തുടർന്ന്, സഹകരണ ബാക്കിൽ നിന്ന് ജീവനക്കാർ ജപ്തി നോട്ടീസ് കൊണ്ട് വരുമ്പോൾ, തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സമയത്ത് താൻ ഒപ്പിട്ടുകൊടുത്ത കടലാസുകൾ വച്ച് രാഷ്ട്രീയക്കാരിലൊരാൾ സഹകരണ ബാക്കിൽ നിന്ന് രണ്ട് ലക്ഷം രൂപയ്ക്ക് വായ്പ എടുത്തതായും അദ്ദേഹം മനസ്സിലാക്കുന്നു. ഈ കടങ്ങളൊന്നും ഭാർഗ്ഗവൻ പിള്ള വീട്ടാൻ ശ്രമിക്കാത്തതിനാൽ കടക്കാർ ജപ്തിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു.

ജപ്തിനടപടികൾ പുരോഗമിക്കുമ്പോൾ അവിടെ അന്ന (നിത്യ മേനോൻ) എത്തിച്ചേരുന്നു. ഭാർഗ്ഗവൻ പിള്ള സൗജന്യമായി വൈദ്യസേവനം നടത്തിയിരുന്ന അനാഥാലയത്തിലെ അന്തേവാസിയായിരുന്ന അന്ന പിന്നീട് എന്തോ വലിയ അസുഖം പിടിപ്പെടുകയും അതിനു ഭാർഗ്ഗവൻ പിള്ളയുടെ ചികിത്സ മാത്രം തേടുകയും ചെയ്തിരുന്നു. തന്റെ ജീവൻ രക്ഷിച്ചതിനു പ്രതിഫലമായി ഭാർഗ്ഗവൻ പിള്ളയുടെ കടങ്ങൾ അന്ന ഏറ്റെടുക്കുന്നതോടെ ഭാർഗ്ഗവൻ പിള്ളയുടെ എല്ലാ പ്രശ്നങ്ങളും തീരുന്നു.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് സന്തോഷ് വർമ്മ

ഗാനങ്ങൾ
# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "ദേവ ദേവ"  സന്തോഷ് വർമ്മപി. ജയചന്ദ്രൻ, കോറസ്  
2. "സ്നേഹം പൂക്കും തീരം"  സന്തോഷ് വർമ്മവി.ആർ. ഉദയകുമാർ, സംഗീത വർമ്മ  
3. "മംഗലമണി കിളിമൊഴി"  റഫീക്ക് അഹമ്മദ്അനൂപ് ജി. കൃഷ്ണൻ, കെ.എസ്. ചിത്ര  
4. "സുന്ദരകേരളം"  സന്തോഷ് വർമ്മഇന്നസെന്റ്, സോന നായർ, ജോജി ചാക്കോ, മധുരിമ ഉണ്ണികൃഷ്ണൻ, സംഗീത വർമ്മ, ശ്രീരഞ്ജിനി മനോജ്, സന്തോഷ് വർമ്മ  

അവലംബം

[തിരുത്തുക]
  1. "Doctor Innocent Aanu". www.metromatinee.com. Archived from the original on 2012-06-09. Retrieved 2012-04-28.
  2. "Doctor Innocent aanu". www.nowrunning.com. Archived from the original on 2012-04-24. Retrieved 2012-04-28.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-16. Retrieved 2013-02-14.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഡോക്ടർ_ഇന്നസെന്റാണ്&oldid=3804938" എന്ന താളിൽനിന്ന് ശേഖരിച്ചത്