ഡ്രൈഡോക്ക്
കപ്പലുകളുടെ അടിവശത്തോ ആ ഭാഗത്തുള്ള യന്ത്രസമുച്ച യങ്ങളിലോ ചോർച്ചയോ മറ്റു തകരാറുകളോ ഉണ്ടാകുമ്പോൾ അവയെ കരയിലേക്കു കയറ്റിവച്ച് സൗകര്യപൂർവം അറ്റകുറ്റപ്പണികൾ നിർവഹിക്കുന്നതിനുള്ള ചട്ടക്കൂടിനെ മൊത്തത്തിൽ ഡ്രൈഡോക് എന്നു പറയുന്നു[1]. കപ്പലുകളെ നിശ്ചിത ഇടവേളകളിൽ ഡ്രൈഡോക്കിങ്ങിനു വിധേയമാക്കേണ്ടതുണ്ട്. നിരന്തരമുള്ള ജലസ്പർശത്തിലൂടെ അടിഭാഗത്തു പറ്റിപ്പിടിക്കുന്ന പായൽ തുടങ്ങിയ ജൈവ വസ്തുക്കളെ നീക്കം ചെയ്യുക, ദ്രവിച്ചു തുടങ്ങുന്ന ലോഹഭാഗങ്ങൾ മാറ്റി പുതിയവ ഉറപ്പിക്കുക, പ്രൊപ്പെല്ലെർ, ഷാഫ്റ്റുകൾ, റഡ്ഡറുകൾ എന്നിവയിലെ കേടുപാടുകൾ തീർക്കുക, ആവശ്യമെങ്കിൽ അടിഭാഗത്തിന്റെ ആകൃതിക്ക് മാറ്റം വരുത്തുക മുതലായവയ്ക്ക് ഡ്രൈഡോക്കിങ് നടത്തുന്നു.
ഡ്രൈഡോക്കുകളുടെ സംവിധാനങ്ങൾ
[തിരുത്തുക]കപ്പലിന്റെ കേവുഭാരം, ഡ്രൈഡോക്കിങ്ങിനുള്ള യന്ത്ര സൗകര്യം എന്നിവയുടെ അടിസ്ഥാനത്തിൽ നാലിനം ഡ്രൈഡോക്കുകൾ പ്രയോഗത്തിലുണ്ട്:
- കടൽപ്പാളം, (marine railway)
- പ്ലവ-നൗകാഗാരം
- ഗ്രേവിങ് ഡോക്
- യന്ത്രോത്ഥാപക ഡോക്.
കടൽപ്പാളം
[തിരുത്തുക](marine railway)
ഉരുക്കും തടിയും കൊണ്ടു പണിത ഒരു ചട്ടക്കൂടാണ് കടൽ പ്പാളം. റോളറുകളും മറ്റും ഉപയോഗിച്ച് കപ്പലിനെ ഇതിലേക്ക് തളളിനീക്കി ഉറപ്പിച്ചശേഷം ചട്ടക്കൂടിനെ ചരിഞ്ഞ പ്രതലത്തിലൂടെ വലിച്ച് കരയിൽ കയറ്റുന്നു. ഇങ്ങനെ ചെയ്യുമ്പോൾ കപ്പലിന്റെ താഴത്തെ അറകളിൽ കെട്ടിനിൽക്കുന്ന വെള്ളം ചട്ടക്കൂടിന്റെ അഴികൾക്കിടയിലൂടെ വാർന്നുപോകുന്നു. ഏറ്റവും ചെലവു കുറഞ്ഞ രീതിയാണിത്.
പ്ലവക-നൗകാഗാരം
[തിരുത്തുക]ഉരുക്ക്, പ്രബലിത കോൺക്രീറ്റ് എന്നിവകൊണ്ട് പണിത ചെറിയ ഘടകങ്ങളെ വിജാഗിരി പോലുള്ള ഒരു സംവിധാനത്തിലൂടെ പരസ്പരം ബന്ധിപ്പിച്ചാണ് പ്ലവ-നൗകാഗാരം നിർമ്മിക്കുന്നത്. വേണ്ടത്ര ആഴമുള്ള എവിടേയും ഇതുപയോഗിക്കാം. അറ്റകുറ്റപ്പണികൾക്കു വിധേയമാക്കേണ്ട ഭാഗങ്ങളെ അഴിച്ചെടുത്ത് പണിയാനാകുമെന്നത് മറ്റൊരു പ്രത്യേകതയാണ്.
ഗ്രേവിങ് ഡോക്
[തിരുത്തുക]കിടങ്ങു രൂപത്തിൽ പണിതതാണ് ഗ്രേവിങ് ഡോക്. മൂന്നു വശത്തും അടച്ചുകെട്ടും ഒരു വശത്തു തുറക്കാവുന്ന വാതിൽ ക്രമീകരണവും ഇതിലുണ്ട്. ഉരുക്ക്, തടി, കട്ടിയേറിയ കോൺക്രീറ്റ് എന്നിവയിൽ ഏതുകൊണ്ടും ഇത് നിർമ്മിക്കാം. ഗ്രേവിങ് ഡോക്കിൽ ജലം നിറയ്ക്കുന്നതോടെ കപ്പൽ ഉള്ളിലേക്കു കടത്തുന്നു. ജലം പുറത്തേക്കൊഴുക്കിയ ശേഷം അറ്റകുറ്റപ്പണികൾ ചെയ്യുന്നു. ഡോക്കിൽ വീണ്ടും ജലം നിറച്ച് കപ്പൽ പുറത്തേക്കെടുക്കുന്നു. ഗ്രേവിങ് ഡോക് നിർമ്മാണത്തിന് ഭാരിച്ച ചെലവുവരാറുണ്ട്. എന്നാൽ അറ്റകുറ്റപ്പണികൾക്കുള്ള ചെലവ് താരതമ്യേന കുറവായിരിക്കും.
യന്ത്രോത്ഥാപക ഡോക്
[തിരുത്തുക]ഡോക്കിൽ ഉറപ്പിച്ച കപ്പലിനെ ഒന്നായിത്തന്നെ യന്ത്രസഹാ യത്താൽ ഉയർത്തി അടിഭാഗത്തെ അറ്റകുറ്റപ്പണികൾ നിർവഹി ക്കാവുന്ന സംവിധാനമാണ് യന്ത്രോത്ഥാപക ഡോക്.
അവലംബം
[തിരുത്തുക]- ↑ "Process: Dry Docking and Launching". www.osha.gov. Archived from the original on 2013-08-24. Retrieved 2022-09-10.
{{cite web}}
: CS1 maint: bot: original URL status unknown (link)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.drydocks.gov.ae/en/default.aspx
- http://floatingdrydock.com/
- http://www.marine-knowledge.com/naval_architecture/what-is-dry-dock.html Archived 2011-12-31 at the Wayback Machine
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡ്രൈഡോക്കിങ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |