താഴ്വര
താഴ്‌വര എന്ന വക്കുകൊണ്ടർഥമാക്കുന്നത് ഭൗമോപരിതലത്തിൽ കാണപ്പെടുന്ന നൈസർഗിക തടമെന്നാണ്. നിയതാർഥത്തിൽ കുന്നുകൾക്കും ഉന്നതതടങ്ങൾക്കും മധ്യേ ഉപസ്ഥിതമായിരിക്കുന്ന നിമ്ന തടമോ, താഴ്ന്ന പ്രദേശമോ ആണ് താഴ്‌വര. മിക്ക താഴ്‌വരകളുടേയും അടിത്തട്ടിൽക്കൂടി നീർച്ചാലുകളോ തോടുകളോ നദികളോ പ്രവഹിക്കുക സാധാരണമാണ്. മലനിരകൾ, കുന്നുകൾ, പീഠഭൂമികൾ തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിൽ നിന്നുദ്ഭവിച്ച് താഴേക്കൊഴുകുന്ന നദികളുടേയും നീർച്ചാലുകളുടേയും അപരദന ഫലമായാണ് പൊതുവേ താഴ്‌വരകൾ രൂപംകൊള്ളുന്നത്. ഒന്നോ അതിലധികമോ നദികളോ നദീശൃംഖലകളോ ജലം പ്രദാനം ചെയ്യുന്ന വിസ്തൃതങ്ങളായ താഴ്‌വരകളും ഭൂമുഖത്തുണ്ട്.
ഘടന
[തിരുത്തുക]വിവിധയിനം താഴ്‌വരകൾ പ്രകൃതിയിൽ നിർണയിക്കപ്പെട്ടിട്ടുണ്ട്. കുന്നുകളാൽ ചുറ്റപ്പെട്ട ഇടുങ്ങിയ താഴ്‌വരകൾ ഹോളോ, ഗ്ളെൻ, ഡേൽ, ഡെൽ തുടങ്ങിയ വ്യത്യസ്ത സംജ്ഞകളിൽ അറിയപ്പെടുന്നു. നീർച്ചാലുകളുടെ അപരദന പ്രക്രിയയുടെ ഫലമായി രൂപംകൊള്ളുന്ന ആദ്യഘട്ട താഴ്‌വരകളാണ് ഗള്ളികൾ അഥവാ റാവിനുകൾ. ആഴമേറിയതും ചെങ്കുത്തായ ചരിവോടു കൂടിയതുമായ താഴ്‌വരകളും ആഴവും ചായ്മാനവും കുറഞ്ഞ വിസ്തൃതമായ താഴ്‌വരകളും ഭൂമുഖത്ത് കാണാം. ഭൂമുഖത്തെ വിശാല താഴ്‌വരകളിൽ ഭൂരിഭാഗവും വളക്കൂറുള്ള സമതലപ്രദേശങ്ങൾ കൂടിയാണ്.
പൊതുവേ എല്ലാ താഴ്‌വരകളുടേയും ഘടന സമാനമാണ്. താഴ്‌വരകളുടെ അടിത്തട്ടിനെ താഴ്‌വരാതലം (valley floor) എന്നു പറയുന്നു. നദികളുടെ പ്രവാഹദിശയ്ക്കനുസൃതമായിരിക്കും താഴ്‌വരാതലത്തിന്റെ ചായ്മാനം. പർവത പ്രദേശങ്ങളിൽ താഴ്‌വരാതലങ്ങൾ പൊതുവേ ഇടുങ്ങിയതായിരിക്കുമ്പോൾ സമതലപ്രദേശങ്ങളിൽ ഇവ കിലോമീറ്ററുകളോളം വിസ്തൃതിയിൽ വ്യാപിച്ചിരിക്കും. താഴ്‌വരയുടെ പാർശ്വങ്ങളെ താഴ്‌വര ഭിത്തികൾ അഥവാ താഴ്‌വരച്ചരിവുകൾ (valley walls or valley slopes)[1] എന്നും അടുത്തടുത്ത താഴ്‌വര ഭിത്തികൾ സംയോജിക്കുന്ന ഭൂഭാഗത്തെ വിഭാജകം (divide) എന്നും പറയുന്നു.
രൂപീകരണം
[തിരുത്തുക]ഭൌമോപരിതലത്തിലെ അപരദന പ്രക്രിയകളും ശിലകളുടെ അപക്ഷയവുമാണ് താഴ്‌വരകളുടെ രൂപീകരണത്തിനു നിദാനമാകുന്ന മുഖ്യ ഘടകങ്ങൾ. താഴ്‌വരകളുടെ ആകൃതി നിർണയിക്കുന്നതിലും ഇവ മുഖ്യ പങ്കുവഹിക്കുന്നു.
വിവിധതരം താഴ്‌വരകൾ
[തിരുത്തുക]പൊതുവേ ആകൃതിയുടെ അടിസ്ഥാനത്തിലാണ് താഴ്‌വരകളെ തരംതിരിക്കുന്നത്. അഗാധവും ചെങ്കുത്തായ ചരിവുകളോടു കൂടിയതുമായ ഇടുങ്ങിയ താഴ്‌വരകൾ ഗിരികന്ദരം അഥവാ കാന്യൻ (canyon) എന്നറിയപ്പെടുന്നു. യു.എസ്സിലെ ആരിസോണയിലുള്ള ഗ്രാൻഡ് കാന്യൻ (Grand Canyon)[2] ഇത്തരം താഴ്‌വരയ്ക്ക് ഉത്തമോദാഹരണമാണ്. ഭൂപാളികളുടെ സ്ഥാനചലനം മൂലം ഒരു ഭൂഭാഗം സമീപപ്രദേശത്തെ അപേക്ഷിച്ച് താഴ്ന്നുപോകുന്നതിന്റെ ഫലമായും താഴ്‌വരകൾ രൂപംകൊള്ളാം. ഇവ ഭ്രംശതാഴ്‌വരകൾ എന്നറിയപ്പെടുന്നു. ഗലീലികടൽ മുതൽ തെ.കി. ആഫ്രിക്കവരെ വ്യാപിച്ചിരിക്കുന്ന വമ്പൻ ഭ്രംശതാഴ്‌വരയ്ക്ക് ഏകദേശം 6,400 കി.മീ. നീളമുണ്ടെന്നു കണക്കാക്കപ്പെടുന്നു. ഭൂചലനങ്ങളുടെ ഫലമായി രൂപംകൊള്ളുന്ന ഇടുങ്ങിയതും ദൈർഘ്യമേറിയതുമായ മറ്റൊരുതരം താഴ്‌വരയാണ് 'ഘടനാടിസ്ഥിത താഴ്വര' (Structural valley).[3]
നദികളുടെ വിവിധ ഘട്ടങ്ങളിലെ പ്രവർത്തനഫലമായും താഴ്‌വരകൾ രൂപംകൊള്ളാറുണ്ട്. ഇവയെ പൊതുവേ നദീതാഴ്‌വരകൾ എന്നു വിളിക്കുന്നു. അപവാഹങ്ങളുടെ ഫലമായുണ്ടാകുന്ന താഴ്‌വരകൾ ചിലപ്പോൾ ഹിമാനികളുടെ അപരദന പ്രക്രിയയ്ക്കു വിധേയമാകാം. താഴ്‌വരകളുടെ വിസ്തൃതി വർധിപ്പിക്കുന്നതിന് ഇത് കാരണമാകുന്നു. ഇത്തരത്തിൽ രൂപപ്പെടുന്ന താഴ്‌വരകളാണ് ഹീമാനികൃത താഴ്‌വരകൾ (Glacial valleys).[4] അഴിമുഖത്തിനോടടുത്ത് സമുദ്രജലത്താൽ മൂടപ്പെട്ടു കാണുന്ന താഴ്‌വരകളെ നിമജ്ഞതാഴ്‌വരകൾ (Drowned valleys)[5] എന്നു പറയുന്നു. വൻകരാ തിട്ടിലോ, ചരിവിലോ, സമുദ്രാന്തർഭാഗത്തോ കാണപ്പെടുന്ന താഴ്‌വരകളാണ് സമുദ്രാന്തര താഴ്‌വരകൾ. നദീതാഴ്വരകൾ ഭാഗികമായി കടലിൽ മുങ്ങുന്നതു മൂലമോ സമുദ്രാന്തര അപരദനം മൂലമോ ആണ് സമുദ്രാന്തര താഴ്‌വരകൾ രൂപംകൊള്ളുന്നത്. സമതലപ്രദേശത്തെ മുഖ്യ നദീതാഴ്‌വരയിൽ താരതമ്യേന ഉയരം കൂടിയ പോഷക നദീതാഴ്വരകൾ സംഗമിക്കുന്നതിന്റെ ഫലമായും താഴ്‌വരകൾ രൂപംകൊള്ളാം. ഇവയെ തൂക്കു താഴ്‌വരകൾ (Hanging valleys)[6] എന്നു വിളിക്കുന്നു. കടലിന്റെ പെട്ടെന്നുള്ള പിൻവാങ്ങൽ പ്രക്രിയമൂലവും തൂക്കു താഴ്‌വരകൾ രൂപംകൊള്ളാറുണ്ട്.
അപരദന പ്രക്രിയയുടെ ഫലമായുണ്ടാകുന്ന താഴ്‌വരകൾ വലിപ്പത്തിലും ആകൃതിയിലും പ്രായത്തിലും വ്യത്യസ്തമായിരിക്കും. നീരൊഴുക്കാണ് ഇത്തരം താഴ്‌വരകളുടെ ആകൃതി നിർണയിക്കുന്ന പ്രധാന ഘടകം. താഴ്‌വരകളുടെ നീളം വർധിക്കുന്നതോടൊപ്പം നദിയുടെ നീർവാർച്ചാ പ്രദേശത്തിന്റെ വിസ്തൃതിയും ഗണ്യമായി വർധിക്കുന്നു. തത്ഫലമായി ജലപ്രവാഹത്തിന്റെ വ്യാപ്തിയും വേഗതയും കൂടുകയും കാലക്രമേണ ജലപ്രവാഹം നദീതലത്തെ കാർന്നെടുക്കാൻ തുടങ്ങുകയും ചെയ്യുന്നു. ഇപ്രകാരം ആഴം കൂടുന്ന താഴ്‌വരകളുടെ അടിത്തട്ട് പലപ്പോഴും ഭൂഗർഭജലവിതാനം വരെ എത്തിച്ചേരാറുണ്ട്. എല്ലാ താഴ്‌വരകൾക്കും പൊതുവേ യൗവനാവസ്ഥ, പ്രൗഢാവസ്ഥ, വാർധക്യാവസ്ഥ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങൾ നിർണയിക്കപ്പെട്ടിട്ടുണ്ട്. യൗവനാവസ്ഥയിലുള്ള താഴ്‌വരകൾക്ക് പൊതുവേ വീതി കുറവായിരിക്കുമ്പോൾ പ്രൗഢാവസ്ഥ പ്രാപിച്ച താഴ്‌വരകളുടെ വീതി കൃത്യമായ അതിരുകളാൽ നിർണയിക്കപ്പെട്ടിരിക്കും. ജലപാതങ്ങളും റാപിഡുകളുമാണ് യൗവനാവസ്ഥയിലുള്ള താഴ്‌വരകളുടെ മുഖ്യ സവിശേഷത. എന്നാൽ പ്രൗഢാവസ്ഥ പ്രാപിച്ച താഴ്‌വരകളിൽ ചുരുക്കം ചിലയിടങ്ങളിൽ മാത്രമേ ജലപാതങ്ങൾ ഉണ്ടാകാറുള്ളൂ. സാധാരണഗതിയിൽ എല്ലാ താഴ്‌വരകളും പ്രൗഢാവസ്ഥയിലൂടെ കടന്നുപോകാറുണ്ട്. വർധിച്ച വീതിയും താഴ്ന്ന അതിരുകളുമാണ് വാർധക്യാവസ്ഥയിലുള്ള താഴ്‌വരകളുടെ പ്രത്യേകതകൾ.
അവലംബം
[തിരുത്തുക]- ↑ താഴ്വരച്ചരിവുകൾ (valley walls or valley slopes)
- ↑ ഗ്രാൻഡ് കാന്യൻ
- ↑ ഘടനാടിസ്ഥിത താഴ്വര
- ↑ ഹീമാനീകൃത താഴ്വരകൾ
- ↑ നിമജ്ഞതാഴ്വരകൾ (Drowned valleys)
- ↑ തൂക്കുതാഴ്വര (Hanging valleys)
പുറംകണ്ണികൾ
[തിരുത്തുക]വീഡിയൊ
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ താഴ്‌വര എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |