തിരുവല്ലം ശ്രീ പരശുരാമസ്വാമിക്ഷേത്രം
തിരുവല്ലം ശ്രീ പരശുരാമസ്വാമിക്ഷേത്രം | |
---|---|
Location | തിരുവല്ലം, തിരുവനന്തപുരം ജില്ല, കേരളം, ഇന്ത്യ |
Type | Cultural |
State Party | ഇന്ത്യ |
കേരളത്തിൽ നിത്യപൂജ നടക്കുന്ന ഏക പരശുരാമക്ഷേത്രമാണ് തിരുവല്ലം ശ്രീ പരശുരാമസ്വാമിക്ഷേത്രം. തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം കോർപ്പറേഷന്റെ തെക്കുഭാഗത്ത് തിരുവല്ലം ദേശത്ത്, കരമനയാറിന്റെയും പാർവ്വതി പുത്തനാറിന്റെയും സംഗമസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിൽ, മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ആറാമനും കേരളസ്രഷ്ടാവും പരബ്രഹ്മസ്വരൂപനുമായ പരശുരാമനെ ചതുർബാഹുവായ മഹാവിഷ്ണുവിന്റെ രൂപത്തിലാണ് പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. എന്നാൽ താമരയ്ക്ക് പകരം പരശുരാമന്റെ ആയുധമായ മഴുവാണ് പ്രതിഷ്ഠയിൽ ഉള്ളത് [1]. കൂടാതെ ശിവനും തുല്യപ്രാധാന്യത്തോടെ കുടികൊള്ളുന്നുണ്ട്. ശിവപ്രതിഷ്ഠയ്ക്ക് കിഴക്കോട്ടും പരശുരാമന് വടക്കോട്ടുമാണ് ദർശനം. ഇരുവർക്കും കൊടിമരങ്ങളുമുണ്ട്. ഈ ക്ഷേത്രത്തിലെ ഉപദേവന്മാർ മത്സ്യമൂർത്തി, ശ്രീകൃഷ്ണൻ, ഗണപതി, വേദവ്യാസൻ, ബ്രഹ്മാവ്, സുബ്രഹ്മണ്യൻ തുടങ്ങിയവരാണ്. കോവളം ബീച്ചിൽ നിന്നും 6 കിലോമീറ്ററും, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 3 കിലോമീറ്ററും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ നിന്ന് ദൂരം ഈ ക്ഷേത്രത്തിലേയ്ക്കുണ്ട്. [2] മരണാനന്തര കർമ്മമായ ബലിതർപ്പണമാണ് ഈ ക്ഷേത്രത്തിലെ പ്രധാന ആകർഷണം. അമ്മയ്ക്ക് പുനർജ്ജന്മം നേടിക്കൊടുത്ത ഭഗവാൻ പരശുരാമന്റെ സന്നിധിയിൽ ബലിയർപ്പിച്ചാൽ പരേതാത്മാവിന് മോക്ഷം ലഭിക്കുമെന്ന വിശ്വാസമാണ് ഭക്തരെ ഇവിടേക്ക് ആകർഷിക്കുന്നത്. ഇവിടെ കർക്കിടകവാവിന് ബലിയർപ്പിച്ചാൽ ഒരു വർഷം മുഴുവൻ ബലിയർപ്പിക്കുന്നതിന്റെ പുണ്യമുണ്ട് എന്നും വിശ്വാസമുണ്ട്.
ഐതിഹ്യം
[തിരുത്തുക]സന്യാസം നേടി നാട്ടിലെത്തിയ ശങ്കരാചാര്യർ തന്റെ അമ്മയുടെ ബലിതർപ്പണം നടത്താനായി ഇവിടെയെത്തിയപ്പോൾ ബ്രഹ്മാവ്, പരശുരാമൻ, പരമശിവൻ എന്നിവർ അദ്ദേഹത്തിന് ദർശനമേകുകയും തുടർന്ന് അദ്ദേഹം മൂവരെയും പ്രതിഷ്ഠിയ്ക്കുകയും ചെയ്തുവെന്നാണ് കഥ. അതിനാൽ ഓംകാരപ്പൊരുളായ ത്രിമൂർത്തികളുടെ സാന്നിധ്യം ഇവിടെയുണ്ട് എന്നാണ് വിശ്വാസം.
മറ്റൊരു ഐതിഹ്യം, തിരുവനന്തപുരത്തെ പ്രസിദ്ധമായ പത്മനാഭസ്വാമിക്ഷേത്രവുമായി ബന്ധപ്പെട്ടാണ്. അനന്തൻകാട് തേടിയെത്തിയ വില്വമംഗലം സ്വാമിയാർക്ക് ഭഗവാൻ അനന്തശായിയായി ദർശനം നൽകിയപ്പോൾ ഭഗവാന്റെ തലഭാഗം, തിരുവനന്തപുരത്തിന് തെക്കുഭാഗത്തുള്ള തിരുവല്ലത്തും നടുഭാഗം, പത്മനാഭസ്വാമിക്ഷേത്രത്തിന്റെ ഇപ്പോഴുള്ള ഭാഗത്തും കാൽഭാഗം, തിരുവനന്തപുരത്തിന് വടക്കുഭാഗത്ത് കഴക്കൂട്ടത്തിനടുത്തുള്ള തൃപ്പാപ്പൂരുമായിരുന്നുവെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഇന്ന് ഈ മൂന്ന് ക്ഷേത്രങ്ങളിലും ഒരേ ദിവസം ദർശനം നടത്തുന്നത് അത്യുത്തമമായി കണക്കാക്കിവരുന്നു.
ബലിതർപ്പണം
[തിരുത്തുക]ക്ഷേത്രത്തിനകത്തുതന്നെ ബലിതർപ്പണം നടത്താൻ സാധിയ്ക്കുന്ന ഏക ക്ഷേത്രമാണ് തിരുവല്ലം. ദിവസവും ഇവിടെ ആയിരങ്ങൾ ബലിയിടാൻ വരാറുണ്ട്. ഇതിനായി വരുന്നവർ അടുത്തുള്ള നദിയിൽ കുളിച്ച് ഈറനോടെ വന്നിട്ട് വേണം ഇത് ചെയ്യാൻ. കർക്കടകം, തുലാം, മകരം എന്നീ മാസങ്ങളിലെ അമാവാസിയ്ക്ക് ക്ഷേത്രത്തിൽ വൻ തിരക്കായിരിയ്ക്കും.
തുലാമാസത്തിൽ അത്തം നാളിൽ കൊടിയേറി തിരുവോണം നാളിൽ ആറാട്ട് വരുന്ന വിധത്തിലാണ് ക്ഷേത്രോത്സവം. പത്തുദിവസവും ഗംഭീരൻ പരിപാടികളായിരിയ്ക്കും. പത്മനാഭസ്വാമിക്ഷേത്രത്തിൽ ഉത്സവം നടക്കുന്ന അതേ സമയത്താണ് തിരുവല്ലത്തും ഉത്സവം നടക്കുന്നത്.