Jump to content

തിലാപ്പിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിലാപ്പിയ
തിലാപ്പിയ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Tribe:
Genera

Oreochromis (about 30 species)
Sarotherodon (over 10 species)
Tilapia (about 40 species)
and see text

ഒരിനം വളർത്തുമത്സ്യമാണ് തിലാപ്പിയ. കേരളത്തിൽ ചിലയിടങ്ങളിൽ പിലോപ്പി, സിലോപ്യ എന്ന പേരിലും അറിയപ്പെടുന്നു. ഇത് പെഴ്സിഫോമെസ് മത്സ്യഗോത്രത്തിലെ സിക്ലിഡേ കുടുംബത്തിൽപ്പെടുന്നു. ഇതിന്റെ ശാസ്ത്രീയനാമം തിലാപ്പിയ മൊസാമ്പിക്ക എന്നാണ്. കിഴക്കൻ ആഫ്രിക്കയാണ് ഇവയുടെ ജന്മദേശമെന്നു കരുതപ്പെടുന്നു. ലവണ ജലാശയങ്ങളിലും ശുദ്ധജല തടാകങ്ങളിലും നെൽവയലുകളിലും കുളങ്ങളിലും തിലാപ്പിയകളെ വളർത്തുന്നുണ്ട്.

ഇനങ്ങൾ

[തിരുത്തുക]
തിലാപ്പിയ മൊസാമ്പിക്ക

ആഫ്രിക്കയിൽ തിലാപ്പിയ മൊസാമ്പിക്ക, തിലാപ്പിയ നൈലോട്ടിക്ക, തിലാപ്പിയ ഗലീലിയ എന്നിങ്ങനെ മൂന്നിനം തിലാപ്പിയകളുണ്ട്. 19-ാം ശതകത്തിൽ ജാവ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ തിലാപ്പിയയെ വളർത്താൻ തുടങ്ങി. ജാവയിൽ നിന്ന് മലയ, ഫിലിപ്പീൻസ്, തായ്‌ലന്റ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് ഇവയുടെ കുഞ്ഞുങ്ങളെ കൊണ്ടുപോയി കൃഷിയാരംഭിച്ചു. 1952-ൽ തായ്ലൻഡിൽ നിന്നാണ് തിലാപ്പിയയെ ഇന്ത്യയിലെ കേന്ദ്രസർക്കാർ മത്സ്യ ഗവേഷണ സ്ഥാപനത്തിലേക്കു കൊണ്ടുവന്നത്. വളരെച്ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയിലുടനീളം, പ്രത്യേകിച്ച് കേരളത്തിൽ വൻപ്രചാരം നേടാൻ ഈ വിദേശ മത്സ്യത്തിനു കഴിഞ്ഞു. ഏതു സാഹചര്യത്തിലും വളരാനുള്ള കരുത്തും അതിവേഗം മുട്ടയിട്ടു പെരുകാനുള്ള ശേഷിയും ഉള്ള ഇനമായതിനാൽ ഇന്ന് പലയിടങ്ങളിലേയും ജലാശയങ്ങളിൽ ഈ മത്സ്യം കൃഷിചെയ്തു വരുന്നു.

ശരീരഘടന

[തിരുത്തുക]

തിലാപ്പിയ മൊസാമ്പിക്ക 36 സെന്റിമീറ്റർ വരെ നീളത്തിൽ വളരും. തിലാപ്പിയ ഗലീലിയ 43 സെന്റിമീറ്ററിലധികവും തിലാപ്പിയ നൈലോട്ടിക്ക 53 സെന്റിമീറ്ററിലധികവും നീളം വയ്ക്കുന്നവയാണ്. തിലാപ്പിയ മത്സ്യത്തിന്റെ പാർശ്വഭാഗം പരന്ന് ദീർഘ വൃത്താകൃതിയിലാണ്. മോന്ത ഉരുണ്ടിരിക്കും. ചെതുമ്പലുകൾ ചെറുതും ക്രമത്തിൽ അടുക്കിയിട്ടുള്ളതുമാണ്. രണ്ടു പാർശ്വരേഖകളുണ്ട്; ആദ്യത്തേത് ചെകിള ഭാഗത്തുനിന്നു തുടങ്ങി ശരീരത്തിന്റെ പകുതിയോളമെത്തി അവസാനിക്കുന്നു; രണ്ടാമത്തേത് ആദ്യത്തെ പാർശ്വരേഖ അവസാനിക്കുന്നതിന്റെ താഴെ നിന്നു തുടങ്ങി വാൽ വരെയെത്തുന്നു. മുതുച്ചിറകിൽ 17-ഉം, ഗുദച്ചിറകിൽ മൂന്നും, പിൻ പാർശ്വച്ചിറകിൽ ഒന്നും വീതം മൂർച്ചയുള്ള മുള്ളുകളുണ്ടായിരിക്കും.

മംസഘടന

[തിരുത്തുക]

തിലാപ്പിയയുടെ മാംസത്തിൽ 14-19 ശതമാനം മാംസ്യവും, 76-83 ശതമാനം ജലാംശവും, 2 ശതമാനം കൊഴുപ്പും 4-11 മില്ലിഗ്രാം ഇരുമ്പും ഫോസ്ഫറസും കാത്സ്യവും അടങ്ങിയിരിക്കുന്നു.

നിറഭേദങ്ങൾ

[തിരുത്തുക]
ആസ്ത്രേലിയയിൽ കാണപ്പെടുന്ന തിലാപ്പിയ

വളരുന്ന സാഹചര്യങ്ങൾക്കനുസരിച്ച് തിലാപ്പിയയുടെ ശരീരത്തിന്റെ നിറത്തിനും മാറ്റമുണ്ടാകും. ഇവയ്ക്ക് കറുപ്പോ തവിട്ടോ ചാരം കലർന്ന ഒലിവു നിറമോ ആണ്. മുൻ പാർശ്വച്ചിറകും വാൽച്ചിറകും കറുപ്പുനിറവും മുതുച്ചിറകിന്റേയും വാൽച്ചിറകിന്റേയും അറ്റത്തിന് മഞ്ഞ നിറവും ആണ്. പ്രജനന കാലത്ത് ആൺ പെൺ മത്സ്യങ്ങളിൽ വർണഭേദം പ്രകടമാണ്. പെൺ മത്സ്യത്തിന് ചാരനിറമുള്ള ശരീരത്തിൽ കറുത്ത പുള്ളികൾ ഉണ്ടായിരിക്കും. ആൺ മത്സ്യത്തിന്റെ ശരീരം കറുപ്പു നിറവും, വായയുടെ കീഴ്ഭാഗം മാത്രം വെളുത്ത നിറവുമായിരിക്കും. ആൺ മത്സ്യത്തിന്റെ മുൻ പാർശ്വച്ചിറകുകളുടേയും വാൽച്ചിറകുകളുടേയും അരികുകൾക്ക് ചുവപ്പു നിറമായിരിക്കും. ഇവയുടെ ഗില്ലുകൾ മഞ്ഞയും, കണ്ണുകൾ കറുപ്പു നിറം കൂടിയതുമാണ്. ആൺ മത്സ്യങ്ങൾ വലിപ്പം കൂടിയവയും പെൺ മത്സ്യങ്ങളെയപേക്ഷിച്ച് വളരെ വേഗത്തിൽ വളരുന്നവയുമാണ്. പെൺ മത്സ്യത്തിന്റെ ശരീരത്തിലെ കുറുകെയുള്ള വരകൾ കൂടുതൽ തെളിഞ്ഞുകാണും.

ഭക്ഷണരീതി

[തിരുത്തുക]
പൂർണ്ണവളർച്ചയെത്താത്ത തിലാപ്പിയകൾ

തിലാപ്പിയ മത്സ്യത്തിന്റെ പ്രധാന ഭക്ഷണം ശൈവാലങ്ങളാണ്. ആവശ്യത്തിന് ഏകകോശസസ്യങ്ങളും മറ്റു ശൈവാലങ്ങളും ലഭ്യമാകാത്ത സാഹചര്യത്തിൽ ഇവ മറ്റു മത്സ്യങ്ങളുടെ ലാർവകൾ, ജലപ്രാണികൾ, ചെറിയ കവചിത ജന്തുക്കൾ തുടങ്ങിയവയെ ഭക്ഷിക്കുന്നു. ജലാശയങ്ങളിലും കുളങ്ങളിലും വളർത്തുന്ന തിലാപ്പിയകൾക്ക് തവിട്, പിണ്ണാക്ക്, ധാന്യപ്പൊടി, അരിഞ്ഞ ഇലകൾ, അടുക്കളയിലെ അവശിഷ്ടങ്ങൾ തുടങ്ങിയവ ആഹാരമായി നല്കിവരുന്നു.

പ്രജനനം

[തിരുത്തുക]

രണ്ടോ മൂന്നോ മാസം പ്രായമാകുമ്പോൾ മുതൽ തിലാപ്പിയകൾ മുട്ടയിടാൻ തുടങ്ങും. ഒരു പെൺ മത്സ്യം വർഷത്തിൽ 10-15 പ്രാവശ്യം മുട്ടകളിടുന്നു. ഇവയുടെ മുട്ടകൾക്ക് 0.7 മില്ലിമീറ്റർ വ്യാസമുണ്ട്. ബീജസങ്കലനം നടന്ന മുട്ടകൾ പെൺമത്സ്യം വായിലാക്കുന്നു. മൂന്നു മുതൽ അഞ്ചുവരെ ദിവസങ്ങൾക്കകം മുട്ടകൾ വിരിയും. പെൺ മത്സ്യത്തിന്റെ വായിൽ നിന്ന് ഇര തേടാനും മറ്റും പുറത്തിറങ്ങുന്ന കുഞ്ഞുങ്ങൾ ഭയം തോന്നിയാലുടനെ തിരിച്ച് വായിൽ തന്നെ കയറി ഒളിക്കുന്നു. ലവണാംശം കൂടിയ സമുദ്രജലത്തിൽപ്പോലും തിലാപ്പിയ പ്രജനനം നടത്താറുണ്ട്. ശുദ്ധജലത്തിൽ വളരുന്ന തിലാപ്പിയയുടെ മുട്ടകൾക്ക് മഞ്ഞനിറവും സമുദ്രജലത്തിലുള്ളവയുടേതിന് വെളുത്ത നിറവും ആയിരിക്കും. പെൺ മത്സ്യത്തിന്റെ വലിപ്പഭേദമനുസരിച്ച് മുട്ടകളുടെ എണ്ണത്തിലും വ്യത്യാസമുണ്ടായിരിക്കും. 100-120 മില്ലിമീറ്റർ വലിപ്പമുള്ള പെൺമത്സ്യങ്ങൾ 250 വരെയും 200-220 മില്ലിമീറ്റർ വലിപ്പമുള്ളവ ശരാശരി 900 വരെയും മുട്ടകളിടുന്നു.

വളർച്ചാനിരക്ക്

[തിരുത്തുക]

തിലാപ്പിയ നല്ലൊരു വളർത്തു മത്സ്യമാണ്. വളർത്തു കുളങ്ങളിൽ അമിതമായി പെരുകുന്നത് ഇവയുടെ വളർച്ചാനിരക്ക് കുറയ് ക്കാനിടയാക്കുന്നു. അതിനാൽ വലിപ്പം കൂടിയവയെ മാറ്റി എണ്ണം കുറയ്ക്കുകയാണു പതിവ്. തിലാപ്പിയയോടൊപ്പം അതിന്റെ കുഞ്ഞുങ്ങളെ ഭക്ഷിക്കുന്ന മത്സ്യങ്ങളെ വളർത്തിയും പെരുപ്പം നിയന്ത്രിക്കാനാകും. ഇതിനായി വാകവരാൽ, വരാൽ, നരിമീൻ തുടങ്ങിയ മത്സ്യങ്ങളെ തിലാപ്പിയയ്ക്കൊപ്പം വളർത്തുന്നു. 35 മില്ലിമീറ്റർ വളർച്ചയെത്തുന്ന കുഞ്ഞുങ്ങളെ ലിംഗനിർണയം നടത്തി ആൺ പെൺ മത്സ്യങ്ങളെ വേർതിരിച്ച് വളർത്തിയും പെരുപ്പം നിയന്ത്രിക്കാം. ആൺമത്സ്യങ്ങൾ വേഗത്തിൽ വളരുന്നതിനാൽ ധാരാളം വലിപ്പം കൂടിയവയെ ലഭിക്കുകയും ചെയ്യും. സങ്കരവർഗത്തെയുത്പാദിപ്പിച്ചും പെരുപ്പം നിയന്ത്രിക്കാവുന്നതാണ്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തിലാപ്പിയ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തിലാപ്പിയ&oldid=4072251" എന്ന താളിൽനിന്ന് ശേഖരിച്ചത്