ദന്തരോഗങ്ങൾ
ജനിതകമോ ആർജിതമോ ആയി ദന്തങ്ങൾക്കും അനുബന്ധ ഘടനകൾക്കും ഉണ്ടാകുന്ന വൈകല്യങ്ങളും രോഗങ്ങളും ദന്തരോഗങ്ങൾ എന്നറിയപ്പെടുന്നു. സമീപകാലത്ത് ദന്തചികിത്സാരംഗത്ത് വളരെയധികം പുരോഗതി ഉണ്ടായിട്ടുണ്ട്. ശാസ്ത്രത്തിന്റെ എല്ലാ മേഖലകളിലും ഉള്ള പ്രയോജന പ്രദമായ പല കണ്ടുപിടിത്തങ്ങളും ദന്തചികിത്സയ്ക്കായി ഉപയോഗപ്പെടുത്തിവരുന്നു. എക്സ്റേ ഉപയോഗപ്പെടുത്തിയും ഇമേജിങ് വഴിയും സൂക്ഷ്മാണുശാസ്ത്രത്തിലെ കണ്ടുപിടിത്തങ്ങളിലൂടെയും ദന്തരോഗങ്ങളുടെ കാരണങ്ങൾ കണ്ടുപിടിക്കാനും ഫലപ്രദമായ ചികിത്സ നല്കാനും കഴിഞ്ഞിട്ടുണ്ട്. അക്രിലിക് പ്ലാസ്റ്റിക്കുകൾ, കോംപസിറ്റ് റെസിനുകൾ, ഗ്ലാസ് അയണോമർ, ടൈറ്റാനിയം എന്നിവ ദന്തചികിത്സയ്ക്ക് ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. പല്ലിന്റെ ദ്രവിച്ച ഭാഗങ്ങളും എല്ലും എടുത്തുകളയാൻ വൈദ്യുതി ഉപയോഗിച്ചുള്ള പരമ്പരാഗത തുരപ്പുപ്രക്രിയയ്ക്കു പകരം വായുവിന്റെ മർദം കൊണ്ട് മിനിറ്റിൽ രണ്ടുലക്ഷം മുതൽ നാലുലക്ഷം വരെ പ്രാവശ്യം കറങ്ങുന്ന വജ്രംകൊണ്ടു പൊതിഞ്ഞ ചെറിയ ഡ്രില്ലുകൾ ഉപയോഗത്തിൽ വന്നിട്ടുണ്ട്.
രോഗിയുടെ പൊതുവായ ആരോഗ്യസ്ഥിതിയെക്കുറിച്ച് ദന്തഡോക്ടർക്ക് അറിവുണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഹൃദയസംബന്ധമായ രോഗങ്ങൾ, ഉയർന്ന രക്തസമ്മർദം, പ്രമേഹം, പിള്ളവാതം, സന്ധിവാതം, ആസ്മ, ത്വക്ക് രോഗങ്ങൾ, വൃക്ക രോഗങ്ങൾ, കരൾ രോഗങ്ങൾ, മഞ്ഞപ്പിത്തം, ക്ഷയം, ലൈംഗിക രോഗങ്ങൾ, പ്രതിരോധശേഷി ഇല്ലാതാക്കുന്ന രോഗങ്ങൾ, ചുഴലി എന്നിവയുള്ള രോഗിയാണോ എന്നത് പ്രത്യേകമായി പരിഗണിക്കേണ്ടതാണ്. രക്തസ്രാവം ത്വരിപ്പിക്കുന്ന ഔഷധങ്ങൾ ഉപയോഗിക്കുന്നുണ്ടോ എന്നതും പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. രോഗിക്ക് അലർജി ഉണ്ടാക്കുന്ന ഔഷധങ്ങളെക്കുറിച്ചും ധാരണ ഉണ്ടായിരിക്കണം. അപകടസാധ്യതയുള്ള രോഗികളെ ചികിത്സിക്കുമ്പോൾ മറ്റു രോഗങ്ങൾക്ക് അടിയന്തര വൈദ്യസഹായത്തിനുള്ള നടപടികൾ കൈക്കൊണ്ടിരിക്കേണ്ടതാണ്. ബോധക്ഷയം, ഹൃദയാഘാതം, അലർജി എന്നിവ ദന്തചികിത്സയ്ക്കിടയിൽ ഉണ്ടാകാൻ സാധ്യതയുള്ള അത്യാഹിതങ്ങളാണ്. അതിനാൽ ഓക്സിജൻ നല്കുന്നതിനും ഡ്രിപ്പ് കൊടുക്കുന്നതിനും മറ്റും ഉള്ള സൌകര്യം ഉണ്ടായിരിക്കണം. കൂടാതെ അടിയന്തര സാഹചര്യങ്ങളിൽ ജീവൻരക്ഷാ ഔഷധങ്ങളായ അഡ്രിനാലിൻ, അലർജി പ്രതിരോധ മരുന്നുകൾ, സോർബിട്രേറ്റ്, കോർട്ടിക്കോസ്റ്റിറോയിഡ് എന്നിവ ഉപയോഗിച്ച് ചികിത്സ നടത്തുവാൻ ദന്തചികിത്സകൻ പ്രാപ്തനായിരിക്കണം.
ദന്തക്ഷയവും തേയ്മാനവും
[തിരുത്തുക]ദന്തക്ഷയം
[തിരുത്തുക]കുട്ടികൾക്ക് 6 മാസം പ്രായമാകുമ്പോൾ മുതൽ രണ്ടര വയസ്സുവരെ മുളയ്ക്കുന്ന പാൽപ്പല്ലുകളിലുൾപ്പെടെ എല്ലാ പ്രായക്കാരിലും ഉണ്ടാകുന്ന ഒരു രോഗമാണ് ദന്തക്ഷയം. പല്ലുകളുടെ പ്രതലത്തിൽ ചാരനിറത്തിലോ കറുപ്പുനിറത്തിലോ ഇളം നീലനിറത്തിലോ കാണപ്പെടുന്ന പാടുകൾ ക്രമേണ ചെറിയ കുഴികളോ പോടുകളോ ആയി മാറുന്നു. ഈ പോടുകളിൽ ആഹാരസാധനങ്ങൾ അടിഞ്ഞുകൂടിയിരിക്കും. ഈ അവസ്ഥയിൽ തണുത്ത വെള്ളമോ മധുരമോ ഉപയോഗിക്കുമ്പോൾ ചെറിയ പുളിപ്പ് അനുഭവപ്പെടും. ഈ പോടുകൾക്ക് ആഴവും പരപ്പും ക്രമേണ വർധിക്കുന്നതോടെ പല്ലിന്റെ ഭാഗങ്ങൾ പൊട്ടിപ്പോകുന്നു. ദന്തശീർഷത്തിന്റെ ഇനാമലും ഡെന്റിനും കഴിഞ്ഞ് പല്ലിനുള്ളിലെ മൃദുകലയായ പൾപ്പിനെ ബാധിക്കുന്നതോടെ വേദന തോന്നിത്തുടങ്ങുന്നു.
വായ്ക്കുള്ളിലെ സൂക്ഷ്മാണുക്കളാണ് ദന്തക്ഷയത്തിനു കാരണമാകുന്നത്. സ്ട്രെപ്റ്റോകോക്കസ് മ്യൂട്ടൻസ് പോലെയുള്ള ബാക്റ്റീരിയങ്ങൾ സുക്രോസ്, ഗ്ലൂക്കോസ് തുടങ്ങിയ അന്നജങ്ങളുമായി ജീവസന്ധാരണത്തിനുള്ള രാസപ്രവർത്തനങ്ങൾ നടത്തുമ്പോൾ [അമ്ലം|അമ്ലങ്ങളായ]] ബ്യൂട്ടറിക് അമ്ലം, ലാക്റ്റിക് അമ്ലം, ഫോർമിക് അമ്ലം തുടങ്ങിയവ ഉണ്ടാകുന്നു. കൂടാതെ, അണുക്കൾക്ക് വംശവർധന നടത്താനും കാര്യക്ഷമമായി പ്രവർത്തിക്കാനും സഹായകമാകുന്ന വിധത്തിലുള്ള ഒരു പാട പല്ലിന്റെ പ്രതലത്തിൽ പിടിക്കുകയും ചെയ്യുന്നു. അന്നജത്തിന്റെ ലഘു ഘടകങ്ങളും ലക്ഷക്കണക്കിന് അണുക്കളും ഉമിനീര് ഉണങ്ങുമ്പോൾ ശേഷിക്കുന്ന ഒട്ടുന്ന അവശിഷ്ടവും ചേർന്നാണ് ദന്തൽ പ്ലാക്ക് എന്ന ഈ പാട ഉണ്ടാകുന്നത്. ബാക്റ്റീരിയങ്ങൾ അന്നജവുമായി പ്രതിപ്രവർത്തിച്ചുണ്ടാകുന്ന അമ്ലങ്ങൾ പല്ലിനെ ദ്രവിപ്പിച്ച് സുഷിരങ്ങൾ ഉണ്ടാക്കുന്നു. പ്ലാക്കിനടിയിൽ ഉണ്ടാകുന്ന അമ്ലങ്ങൾക്ക് ഉമിനീരുമായി കലർന്ന് സാന്ദ്രത കുറയാനുള്ള സാഹചര്യം ഇല്ലാത്തതിനാൽ പല്ലിന്റെ പ്രതലത്തിൽ ജന്മനാ സുഷിരങ്ങളോ വിള്ളലുകളോ (developmental pits and fissures) ഉണ്ടെങ്കിൽ അണുക്കൾക്ക് അതിനുള്ളിലിരുന്ന് അമ്ലങ്ങളുണ്ടാക്കി പല്ലിനെ ദ്രവിപ്പിക്കാൻ എളുപ്പമാണ്. സുഷിരങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ 2-3 ആഴ്ചകൾക്കകംതന്നെ അണുക്കൾ പൾപ്പിൽ എത്തിച്ചേരാനിടയുണ്ട്.
പല്ലുകളുടെ തേയ്മാനം
[തിരുത്തുക]ഘർഷണം, പോറൽ, ദ്രവീകരണം എന്നീ കാരണങ്ങൾമൂലം പല്ലുകൾക്ക് തേയ്മാനം ഉണ്ടാകുന്നു. പല്ലുകൾ നിരന്തരമായി കൂട്ടിമുട്ടിയുണ്ടാകുന്ന ഘർഷണം തേയ്മാനത്തിനു കാരണമാകുന്നു. പല്ലുകൾ തമ്മിൽ മുട്ടുന്ന ഭാഗങ്ങൾ ഇത്തരത്തിൽ തേഞ്ഞ് ഇനാമലും തുടർന്ന് ഡെന്റിനും തേയുന്നു. തേയ്മാനം പൾപ്പിലെത്തുന്നതോടെ വേദന ആരംഭിക്കുന്നു. ഇതിനു മുമ്പുതന്നെ അനുഭവപ്പെട്ടു തുടങ്ങുന്ന പുളിപ്പ് ക്രമേണ വർധിതമാവുകയും ചെയ്യുന്നു. ബ്രക്സിസം അഥവാ പല്ലുകടി എന്ന സ്വഭാവവൈകല്യമുള്ളവരുടെ പല്ലുകൾ പെട്ടെന്നു തേഞ്ഞുപോകുന്നു. ബാഹ്യവസ്തുക്കളുമായി ഉരസിയാണ് പല്ലിന് പോറലുണ്ടാകുന്നത്. കടുപ്പമേറിയ വസ്തുക്കൾകൊണ്ട് പല്ല് തേക്കുക, തേക്കുമ്പോൾ അളവിൽ കവിഞ്ഞ ശക്തി പ്രയോഗിക്കുക, തൊഴിലിന്റെ ഭാഗമായോ അല്ലാതെയോ കടുപ്പമുള്ള സാധനങ്ങൾ പതിവായി കടിക്കുക തുടങ്ങിയവ പല്ലുകളിൽ പോറലുണ്ടാക്കുന്നു. ഇതിൽനിന്നു വ്യത്യസ്തമായി രാസവസ്തുക്കൾ മൂലമുണ്ടാകുന്ന തേയ്മാനമാണ് ദ്രവീകരണം. 40 വയസ്സിനു മുകളിൽ പ്രായമുള്ള ആളുകളിൽ മോണയോടു ചേർന്ന ദന്തഗളത്തിൽ തേയ്മാനം ഉണ്ടാകുന്നു. ഉമിനീരിൽ അമ്ലത്തിന്റെ അംശം കൂടുതലുള്ളവരിലും [ജഠരാമ്ലത|ജഠരാമ്ലതയുള്ളവരിലും]] ഇത് കാണാം. ഇത്തരത്തിലുള്ള തേയ്മാനത്തിന് അസഹനീയമായ പുളിപ്പും തുടർന്ന് കടുത്ത വേദനയും ഉണ്ടാകും. ദ്രവീകരണംമൂലം പല്ലിനുണ്ടാകുന്ന തേയ്മാനം വാർധക്യവുമായും ബന്ധപ്പെട്ടിരിക്കുന്നു. തേയ്മാനം വർധിച്ച് പല്ലുകൾ ഒടിഞ്ഞുപോകുന്നു. അമ്ലതയുള്ള പാനീയങ്ങളായ നാരാങ്ങാവെള്ളം, കോള മുതലായവ പതിവായി കുടിക്കുന്നവർക്കും ആമാശയത്തിൽനിന്ന് അമ്ലം പുളിച്ചുതികട്ടി വരുന്നവർക്കും ഈ ദ്രവങ്ങൾ സ്പർശിക്കുന്ന പല്ലിന്റെ ഭാഗങ്ങൾ ദ്രവിച്ചുപോകുന്നു.
പോടുവന്നതും തേയ്മാനമുണ്ടായതും പൊട്ടിപ്പോയതുമായ ദന്തഭാഗങ്ങൾ മുറിച്ചുമാറ്റി പകരം അനുയോജ്യമായ പൂരക പദാർഥങ്ങൾ ഉപയോഗിച്ച് പഴയ ഘടന വീണ്ടെടുക്കുന്ന ദന്തപുനർനിർമിതി എന്ന ചികിത്സാരീതിയാണ് ദന്തക്ഷയത്തിനും തേയ്മാനത്തിനും അനുവർത്തിച്ചുവരുന്നത്. ദന്തപുനർനിർമിതി രണ്ടു വിധത്തിലുണ്ട്: താത്കാലിക പൂരണവും സ്ഥിര പൂരണവും. സിങ്ക് ഓക്സൈഡ്-യൂജിനോൾ സിമന്റ്, ഗട്ടാ പെർച്ച എന്നീ പദാർഥങ്ങൾ ഉപയോഗിച്ചുള്ള താത്കാലിക പൂരണം ഒരു മാസം മുതൽ അങ്ങേയറ്റം ഒരു കൊല്ലം വരെ നിലനില്ക്കും. സമയ പരിമിതി, പല്ല് സ്ഥിരമായ പൂരണത്തിനു യോഗ്യമല്ലാതിരിക്കുക, ദീർഘമായ ചികിത്സയ്ക്ക് രോഗിയുടെ ആരോഗ്യനില തൃപ്തികരമല്ലാതിരിക്കുക തുടങ്ങിയവ ഈ ചികിത്സ കൈക്കൊള്ളുന്നതിനുള്ള കാരണങ്ങളാണ്. സ്ഥിരമായ ദന്തപുനർനിർമിതിക്ക് കേടായ ഭാഗം വളരെ ശ്രദ്ധയോടെ പാകപ്പെടുത്തേണ്ടതുണ്ട്. കേടുവന്ന ഭാഗം മുഴുവൻ മാറ്റിയ ശേഷം നിർമ്മാണപദാർഥം ഇളകിപ്പോകാതെയിരിക്കാൻ സഹായകമായ ഒരു ആകൃതി ഈ ഭാഗത്തിനു നല്കുകയാണ് ആദ്യ പടി. ചവയ്ക്കുമ്പോൾ സമ്മർദം ഏല്ക്കുന്ന പ്രതലമാണോ എന്നതും പല്ലിന്റെ സ്ഥാനവും വശവും ഒക്കെ കണക്കിലെടുത്താണ് അനുയോജ്യമായ പൂരണ പദാർഥം തിരഞ്ഞെടുക്കുന്നത്. പരിശുദ്ധമായ [സ്വർണ്ണം|സ്വർണലോഹം]], 65%-ൽ കൂടുതൽ വെള്ളി എന്നിവ അടങ്ങിയ ലോഹസങ്കരത്തിന്റെ അമാൽഗം, കോംപസിറ്റ് റെസിൻ, ഗ്ലാസ് അയണോമർ എന്നിവ സ്ഥിരമായ പൂരണത്തിന് ഉപയോഗിക്കാം.
ശുദ്ധമായ തങ്കം മൃദുവായ ചെറിയ ഗോളങ്ങളായോ കടലാസ്സിനെക്കാൾ വളരെ കട്ടികുറഞ്ഞ ചെറുപാളികളായോ ലഭ്യമാണ്. ഇത് പല്ലിൽ നേരിട്ട് നിറയ്ക്കാം. നിറം മങ്ങുകയോ ദ്രവിക്കുകയോ ചെയ്യാത്തതിനാൽ ഏറ്റവും സ്ഥായിയായി നില്ക്കുന്ന പൂരണപദാർഥം സ്വർണം തന്നെയാണെങ്കിലും ചെലവ് അധികമായതിനാൽ ഉപയോഗം പരിമിതമാണ്. അണപ്പല്ലുകൾക്ക് ഏറ്റവും യോജിച്ചത് സിൽവർ അമാൽഗമാണ്. താരതമ്യേന ചെലവ് കുറവാണെന്നു മാത്രമല്ല ഈ പുനർനിർമിതി 20-30 വർഷം വരെ ഈടു നില്ക്കും. കോംപസിറ്റ് റെസിനുപയോഗിച്ചുള്ള അണപ്പല്ലുകളുടെ പുനർനിർമിതിക്ക് സമീപകാലത്ത് കൂടുതൽ പ്രചാരം സിദ്ധിച്ചിട്ടുണ്ട്. സംസാരിക്കുമ്പോഴും ചിരിക്കുമ്പോഴും ദൃശ്യമാകുന്ന പല്ലുകളിൽ നിറവ്യത്യാസം തോന്നാതിരിക്കാനും ശോഭ കിട്ടാനും ആണ് ഇത് ഉപയോഗിക്കുന്നത്.
മുൻനിരയിലെ പല്ലുകളിൽ ചെറിയ കേടുകൾ മാറ്റുന്നതിനും തേയ്മാനം നികത്തുന്നതിനും ഗ്ളാസ് അയണോമർ ആണ് ഉപയോഗിക്കുന്നത്. ഈ പദാർഥം പല്ലിന്റെ ധാതുക്കളുമായി രാസബന്ധം രൂപവത്കരിക്കുന്നതിനാൽ പല്ലിനോട് കൂടുതൽ ചേർന്നിരിക്കുകയും കാഴ്ചയ്ക്ക് സ്വാഭാവികത തോന്നിക്കുകയും ചെയ്യുന്നു. പല്ലിന്റെ കേടുകൾ മുറിച്ചു നീക്കി പാകപ്പെടുത്തിയശേഷം അതിന്റെ അളവുകൾക്കനുസരിച്ച് ലോഹത്തിലോ സിറാമിക്കിലോ വാർത്തെടുക്കുന്ന ഇൻലേ അഥവാ പല്ലിന്റെ പോടിനുള്ളിൽ കൃത്യമായി ഉറച്ചിരിക്കുന്ന വിധത്തിലുള്ള ലോഹം/സിറാമിക്ക് കഷണം, ഓൺലേ എന്നിവ പല്ലിൽ ഒട്ടിച്ചുവയ്ക്കാവുന്നതാണ്.
ദന്തമജ്ജാ രോഗങ്ങൾ
[തിരുത്തുക]ബാഹ്യപ്രകൃതിയുമായി ഒരിക്കലും സമ്പർക്കമുണ്ടാകാത്ത രീതിയിലാണ് പൾപ്പ് അഥവാ ദന്തമജ്ജ സ്ഥിതിചെയ്യുന്നത്. അനേകം രക്തക്കുഴലുകളും നാഡികളും കോശങ്ങളും അടങ്ങിയ ഈ കല, എല്ലിനകത്ത് മജ്ജ എന്നപോലെ, പല്ലിനകത്ത് സ്ഥിതി ചെയ്യുന്നു. ഏറ്റവും കടുപ്പമുള്ള ഇനാമലും ഡെന്റിനും പൾപ്പിനെ ആവരണം ചെയ്യുന്നു. ഈ ആവരണങ്ങളെ ഭേദിച്ച് അണുക്കൾ പൾപ്പിൽ എത്തിയാൽ പൾപ്പുരോഗങ്ങൾക്കു തുടക്കമായി. ദന്തക്ഷയവും തേയ്മാനവും കൂടാതെ അപകടങ്ങൾമൂലം പല്ലിനുണ്ടാകുന്ന ഒടിവും കീറലുകളും പൾപ്പിനെ വായിലെ അണുക്കൾക്ക് തുറന്നു കൊടുക്കുന്നു. പൾപ്പിനുണ്ടാകുന്ന എല്ലാ മാറ്റങ്ങളും വേദനയായാണ് അനുഭവവേദ്യമാകുന്നത്. പ്രാരംഭഘട്ടത്തിൽ ദന്തഡോക്ടറെക്കൊണ്ട് ചികിത്സിപ്പിച്ചാൽ പൾപ്പിനെ പൂർവസ്ഥിതിയിൽ ആക്കാം. അതുകൊണ്ട് ഇതിനെ റിവേർസിബിൾ പൾപൈറ്റിസ് എന്നു വിളിക്കുന്നു. പൾപ്പിനെ ബാധിക്കുന്ന പഴുപ്പ് ക്രമേണ വേരിന്റെ അറ്റം വരെയുള്ള പൾപ്പിനെ നിർജീവമാക്കി അഴുകാനിടയാക്കുന്നു. വേരിന്റെ അറ്റത്തുകൂടി അണുക്കൾ താടിയെല്ലിൽ എത്തുന്നു. അപ്പോൾ പല്ലുകൾക്ക് ഇളക്കം തട്ടുകയും അതിന്റെ ഇരിപ്പിടസ്ഥാനത്തുനിന്ന് അല്പം പൊങ്ങിയതായി അനുഭവപ്പെടുകയും ചെയ്യുന്നു. താടിയെല്ലുകളിൽ നീരും പഴുപ്പും ഉണ്ടായി വീങ്ങുന്നു. പഴുപ്പിന്റെ സമ്മർദം താടിയെല്ലിന്റെ അടുക്കുകളെ വികസിപ്പിക്കും. പഴുപ്പിന്റെ അമ്ലത്വം എല്ലിനെ ദ്രവിപ്പിച്ച് എല്ലിനെ പൊതിഞ്ഞിരിക്കുന്ന സ്നായുക്കൾ, പേശികൾ, തൊലി എന്നിവയെ ബാധിക്കുന്നു. ഇതിനെ പെരി എപിക്കൽ ആബ്സിസ് എന്നു വിളിക്കുന്നു. മേൽവായിലെ പല്ലുകൾക്കാണ് പഴുപ്പ് ബാധിക്കുന്നതെങ്കിൽ മുഖത്തുള്ള നീർവീക്കം മേൽത്താടിയുടെ പുറത്ത് വ്യാപിച്ച് കണ്ണിനെ മൂടാൻ സാധ്യതയുണ്ട്. ചിലപ്പോൾ വായയുടെ മേൽത്തട്ടിലായിരിക്കും പഴുപ്പ് വലിഞ്ഞുകൂടുന്നത്. കീഴ്വായയിലെ പല്ലുകളിലാണെങ്കിൽ വായയുടെ അടിത്തട്ടിലോ കീഴ്ത്താടിയുടെ പുറത്തോ കഴുത്തിലോ പഴുപ്പ് അടിഞ്ഞുകൂടും. ക്രമേണ വലിയ ഒരു പരു പോലെ ചുവന്നു പൊട്ടി പഴുപ്പ് വെളിയിൽ ചാടുന്നു. പനി, തണുപ്പ്, ക്ഷീണം എന്നീ പൊതു ലക്ഷണങ്ങളും കഠിനമായ തലവേദന, ചെവിവേദന, കണ്ണുവേദന, കഴുത്തുവേദന, വായ് തുറക്കാൻ കഴിയായ്ക എന്നീ ലക്ഷണങ്ങളും ഉണ്ടാകുന്നു. അണുക്കൾ രക്തധമനിക്കുള്ളിൽ പ്രവേശിച്ചാൽ രക്തത്തിലൂടെ സന്ധികൾ, വൃക്ക, തൊലി, തലച്ചോറ്, ഹൃദയം തുടങ്ങിയ സുപ്രധാന അവയവങ്ങളെ ബാധിക്കാനുള്ള സാധ്യതയും വിരളമല്ല.
റിവേഴ്സിബിൾ പൾപൈറ്റിസ് ബാധിച്ചാൽ ആഹാരസാധനങ്ങൾ തട്ടുമ്പോൾ മാത്രമേ വേദന അനുഭവപ്പെടുകയുള്ളൂ. താത്കാലിക പൂരണം ചെയ്ത് രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ സ്ഥിരപൂരണവും നടത്തി രോഗം നിശ്ശേഷം മാറ്റാനാവും. എല്ലായ്പ്പോഴും അതികഠിനമായ വേദന അനുഭവിച്ചുതുടങ്ങുന്നതോടെ ഇറിവേഴ്സിബിൾ പൾപൈറ്റിസ് എന്ന അവസ്ഥ സംജാതമായിരിക്കുന്നു എന്നു കരുതാവുന്നതാണ്. ഈ അവസ്ഥയിൽ പോട് തുറന്ന് ദന്തമജ്ജ നീക്കം ചെയ്തശേഷം [കാൽസിയം ഹൈഡ്രോക്സൈഡ്|കാൽസിയം ഹൈഡ്രോക്സൈഡും]] മുകളിലായി സാധാരണ പൂരണ പദാർഥങ്ങളും വച്ച് പോട് അടയ്ക്കുകയാണ് ചെയ്യുന്നത്. പെരി ആപിക്കൽ ആബ്സിസിന് ദന്തമൂലനാളീ ചികിത്സയാണ് ഫലപ്രദം. പ്രത്യേക ഉപകരണങ്ങൾകൊണ്ട് ദന്തമൂലനാളി വലുതാക്കി വിവിധ മരുന്നുകൾ മാറിമാറി പ്രയോഗിച്ച് അണുവിമുക്തമാക്കിയശേഷം ദന്തമൂലനാളി പൂരിതമാക്കുന്നു. പ്രത്യേക രീതിയിൽ നിർമിച്ച ഗട്ടാപർച്ച, സിൽവർ കോൺ എന്നിവയാണ് ഇതിനായി ഉപയോഗിക്കുന്നത്.
അണുബാധമൂലം ദന്തമജ്ജ നിർജീവമാകുന്ന അവസ്ഥയിലും ദന്തമൂല ചികിത്സ തന്നെയാണ് അനുയോജ്യം.
പല്ലിന്റെ നിറഭേദങ്ങൾ
[തിരുത്തുക]ശുദ്ധമായ വെളുപ്പ് അല്ല, മറിച്ച് ഇളം മഞ്ഞ കലർന്ന വെളുപ്പാണ് പല്ലിന്റെ സാധാരണ നിറം. ദന്തപദാർഥം അഥവാ ഡെന്റിനിന്റെ നിറം ഇനാമലിൽ പ്രതിഫലിക്കുകയാണു ചെയ്യുന്നത്. അതിനാൽ ഇനാമലിന്റെ കട്ടിക്കനുസരിച്ച് ആളുകളിൽ ആരോഗ്യകരമായ സ്ഥിതിയിൽത്തന്നെ നിറത്തിന് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നു. പല്ലുകൾ മുളച്ചതിനുശേഷം ഇനാമലിനു പുറത്ത് ആഹാരപദാർഥങ്ങളിൽനിന്നോ ലേഹ്യം, ടോണിക്ക്, പുകയില തുടങ്ങിയവയിൽ നിന്നോ പറ്റിപ്പിടിക്കുന്ന കറ മൂലമുണ്ടാകുന്ന നിറഭേദങ്ങളും സ്വാഭാവികമായി പരിഗണിക്കാവുന്നതാണ്. മാറ്റാൻ പറ്റാത്ത വിധത്തിൽ പല്ലിന്റെ ഘടനയിൽ കൂടെച്ചേർന്നു പോയവയോ പല്ലിനുള്ളിൽ നിന്നുണ്ടായതോ ആയ നിറഭേദങ്ങൾ ആണ് രോഗമായി പരിഗണിക്കുന്നത്. ജന്മസിദ്ധമായി സിഫിലിസ് ഉള്ള കുട്ടികൾക്ക് പല്ലിൽ കറുത്ത പാടുകൾ ഉണ്ടാകും. അമ്മയുടേയും കുട്ടിയുടേയും രക്തഗ്രൂപ്പുകൾക്ക് സമാനത ഇല്ലെങ്കിൽ കുട്ടിയെ ബാധിക്കുന്ന എറിത്രോ ബ്ളാസറ്റോസിസ് ഫീറ്റാലിസ് എന്ന രോഗത്തിന്റെ ഫലമായി പല്ലുകൾക്ക് ഇരുണ്ട നിറം ഉണ്ടാകും. ഗർഭിണികൾ ടെട്രാസൈക്ളിൻ പോലെയുള്ള ഔഷധങ്ങൾ ഉപയോഗിക്കുന്നത് കുഞ്ഞിന്റെ പല്ലിന് മഞ്ഞനിറം ഉണ്ടാകാൻ കാരണമായിത്തീരാറുണ്ട്. എട്ടുവയസ്സിനുള്ളിൽ ഈ ഔഷധം ഉപയോഗിക്കുന്നവരിലും പല്ലിന് മഞ്ഞനിറം കണ്ടുവരുന്നു. ചിലതരം ജനിതക വൈകല്യങ്ങൾ ഇനാമലിന്റെയും ഡെന്റിനിന്റെയും നിർമ്മാണത്തെ തടസ്സപ്പെടുത്തും. തത്ഫലമായി പല്ലിന് ചാര നിറമോ തവിട്ടു നിറമോ ഉണ്ടാകും. കുടിവെള്ളത്തിൽ ഉയർന്ന തോതിൽ കാണുന്ന ചില ലവണങ്ങൾ, ഉദാഹരണത്തിന് ഫ്ളൂറൈഡ്, പല്ലിന് തവിട്ടു നിറമോ കറുത്ത നിറമോ നല്കുന്നു.
പല്ലിനുള്ളിൽ ഉള്ള പൾപ്പ് നശിച്ചുപോകുന്നത് പല്ലിന് കറുത്ത നിറം ഉണ്ടാകാനുള്ള മറ്റൊരു കാരണമാണ്. അപകടം മൂലം പല്ലിന് ആഘാതമേല്ക്കുമ്പോൾ പൾപ്പിലേക്കുള്ള നാഡികൾക്കും രക്തക്കുഴലുകൾക്കും ക്ഷതം ഏല്ക്കുന്നതിനാൽ പൾപ്പ് ചീഞ്ഞ് രക്തക്കുഴലുകളിൽനിന്ന് ചുവന്ന രക്താണുക്കൾ വെളിയിൽ വരുകയും വിഘടിച്ച് ഇരുമ്പിന്റെ അംശം ഡെന്റിനിന്റെ അകത്തു പ്രവേശിക്കുകയും ചെയ്യുന്നു. ഇരുമ്പിന്റെ ലവണങ്ങൾ ആണ് പല്ലിന് കറുത്ത നിറം കൊടുക്കുന്നത്.
ഇനാമൽ, ഡെന്റിൻ എന്നിവയുടെ പ്രതലം നേർത്ത അമ്ലംകൊണ്ട് തുടച്ച് മിനുസം മാറ്റിയശേഷം ഒട്ടിപ്പിടിക്കുന്ന ചിലയിനം ദ്രവപദാർഥങ്ങളുടെ സഹായത്തോടെ ദന്തപുനർനിർമിതി നടത്തുന്ന അഡ്ഹെസീവ് ദന്തിസ്ട്രി എന്ന സാങ്കേതികവിദ്യ നിറംമാറ്റം വന്ന പല്ലുകൾക്ക് അനുയോജ്യമായ ചികിത്സയാണ്. ഇതുവഴി പല്ലുകൾക്ക് തിളങ്ങുന്ന പ്രതലം ലഭിക്കുന്നു. അഡ്ഹെസീവുകൾക്ക് പല്ലുമായി രാസയോഗം ഉണ്ട്. കോംപസിറ്റ് വെനീർ, സിറാമിക് വെനീർ എന്നിവയാണിതിനുപയോഗിക്കുന്നത്.
മോണരോഗങ്ങൾ
[തിരുത്തുക]പല്ലിനെ ഉറപ്പിച്ചു നിർത്തുന്ന ഊന്, പല്ലിന്റെ വേരിനെ പൊതിയുന്ന സിമന്റം, വേരിന്റെ ഭാഗത്തുള്ള താടിയെല്ല്, സിമന്റവും താടിയെല്ലുമായി യോജിക്കുന്ന സ്നായുക്കൾ എന്നിവ ചേർന്ന ഭാഗത്തെയാണ് 'മോണ' എന്നതുകൊണ്ട് അർഥമാക്കുന്നത്. അണുബാധയും പാരമ്പര്യവുമാണ് മോണരോഗങ്ങൾക്ക് പ്രധാന കാരണം. ദന്തൽ പ്ലാക്കിലും ദന്തമാലിന്യത്തിലും താവളമാക്കുന്ന അണുക്കൾ ഉത്പാദിപ്പിക്കുന്ന വിവിധതരം വിഷവസ്തുക്കൾ മോണയിൽ പ്രവർത്തിക്കുമ്പോൾ പല മോണരോഗങ്ങളും ഉണ്ടാകുന്നു. പ്രമേഹരോഗികളിൽ മോണരോഗം കൂടുതലാണ്. വായ് ശുചിയാക്കാൻ പറ്റാത്ത അവസ്ഥയിൽ ശയ്യാവലംബരായവരിലും പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരിലും കടുത്ത അണുബാധ ഉണ്ടാകാറുണ്ട്. ചുഴലിദീനത്തിനു നല്കുന്ന ഔഷധം മോണയിൽ തടിപ്പുണ്ടാക്കുന്നു. മറ്റു ചില ഔഷധങ്ങളുടെ അലർജികൊണ്ടും മോണയിൽ പുണ്ണും രക്തസ്രാവവും ഉണ്ടാകാം. രക്താർബുദം, സ്കർവി, കരൾ രോഗങ്ങൾ, രക്തസ്രാവരോഗങ്ങൾ എന്നിവ മറ്റു കാരണങ്ങളാണ്.
ജിൻജിവൈറ്റിസ് എന്ന മോണരോഗത്തിൽ ഊന് തടിച്ചു ചുവക്കുന്നു. പല്ല് തേക്കുമ്പോഴും ആഹാരം കടിച്ചുതിന്നുമ്പോഴും മറ്റും ചോര വരും. വായ്നാറ്റവും ഉണ്ടാകും. ഗർഭിണികളിൽ ഹോർമോൺ അസന്തുലിതാവസ്ഥമൂലം ജിൻജിവൈറ്റിസ് ഉണ്ടാകാറുണ്ട്. ജിൻജിവൈറ്റിസ് രൂക്ഷമാകുമ്പോൾ പല്ലിനെ ഉറപ്പിച്ചു നിർത്തുന്ന സ്നായുക്കൾ പഴുത്ത് പല്ലിനും മോണയ്ക്കും ഇടയിൽ ചെറു അറകൾ ഉണ്ടാകുന്നു. ഇതുമൂലം മോണവേദനയും മോണയിൽ അമർത്തിയാൽ ദുർഗന്ധമുള്ള പഴുപ്പും ഉണ്ടാകും.
മോണയിൽ ഉണ്ടാകുന്ന പരുക്കളെ പെരിയോഡോന്റൽ ആബ്സിസ് എന്നാണു പറയുന്നത്. മോണയിലെ പോക്കറ്റുകളിൽ നീരും പഴുപ്പും കെട്ടിനിന്ന് അണുബാധ കൂടുന്നതോടെ രൂപംകൊള്ളുന്ന വലിയ പരുക്കൾ നാലുദിവസം കഴിയുമ്പോൾ പൊട്ടി ദുർഗന്ധത്തോടുകൂടിയ പഴുപ്പ് പുറന്തള്ളുന്നു. പല്ലുവേദനയും മുഖത്ത് നീരും ഉണ്ടാകും. ക്രമേണ പല്ല് കൊഴിഞ്ഞുപോവുകയും ചെയ്യുന്നു.
പതിനാലു വയസ്സുമുതൽ കണ്ടുവരുന്ന മോണരോഗമാണ് ജുവനൈൽ പെരിയോഡോൺടോസിസ്. ഈ രോഗത്തിന്റെ കാരണം വ്യക്തമല്ല. വലിയ വേദന ഉണ്ടായിരിക്കുകയില്ല. പല്ലിന് ആട്ടം അനുഭവപ്പെടുകയും നെടുകുകയും ചെയ്യുന്നതാണ് ലക്ഷണങ്ങൾ. തുടർന്ന് ആറുവർഷത്തിനകം പല്ലുകൾ കൊഴിഞ്ഞുപോകുന്നു. ഇരുപതു വയസ്സാകുമ്പോഴേക്ക് മുഴുവൻ പല്ലും നീക്കം ചെയ്ത് കൃത്രിമപ്പല്ല് വയ്ക്കേണ്ടിവരും.
ഡിസ്ക്വാമേറ്റിവ് ജിൻജിവൈറ്റിസ് എന്ന രോഗംമൂലം മോണയിലെയും വായിലെയും തൊലി ഉരിഞ്ഞുപോകുന്നു. എരിവും പുളിയും കഴിക്കുമ്പോൾ അസഹ്യമായ നീറ്റൽ അനുഭവപ്പെടും. തൊലി ഉരിഞ്ഞുപോയ ഭാഗം പലപ്പോഴും വ്രണമായി മാറുന്നു. ഹോർമോണുകളുടെ അസന്തുലിതാവസ്ഥയാണ് രോഗത്തിനു കാരണമെന്ന് കരുതപ്പെടുന്നു. സ്ത്രീകൾക്ക് ആർത്തവവിരാമസമയത്തും പുരുഷന്മാർക്ക് 65 വയസ്സ് കഴിഞ്ഞും ആണ് ഈ രോഗം സാധാരണ കണ്ടുവരുന്നത്.
മോണയിലെ കോശങ്ങൾ വിഭജിച്ച് വർധിക്കുന്നതുമൂലം ദന്തശീർഷത്തിന്റെ ഭാഗങ്ങൾ മൂടുന്ന അവസ്ഥയാണ് ജിൻജിവൽ ഹൈപർപ്ലാസിയ. ചുഴലിദീനത്തിന്റെ ഔഷധം കഴിക്കേണ്ടിവരുന്നവരിലും ചില ഗർഭിണികളിലും ഈ രോഗം കണ്ടുവരുന്നു. ഗുരുതരമായ ഒരു മോണരോഗമാണ് അക്യൂട്ട് അൾസറേറ്റീവ് ജിൻജിവൈറ്റിസ്. ബാസിലസ് ഫൂസിഫോർമിസ്, വിൻസെന്റ്സ് ബാക്റ്റീരിയ എന്നീ രണ്ട് ബാക്റ്റീരിയകളുടെ കൂട്ടായ ആക്രമണം മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്. ശുചിത്വമില്ലായ്മ, മാനസിക പിരിമുറുക്കം, പുകവലി തുടങ്ങിയവ ഈ രോഗത്തിന് അനുകൂലമായ സാഹചര്യമൊരുക്കുന്നു. യുദ്ധത്തടവുകാർ, [കിടങ്ങ്|കിടങ്ങുകളിലും]] ഖനികളിലും കഴിയുന്നവർ, പ്രകൃതിദുരന്തങ്ങളിലും യുദ്ധദുരന്തങ്ങളിലുംപെട്ട് ആഹാരമില്ലാതെയും ശുചിത്വമില്ലാതെയും ജീവിക്കാൻ വിധിക്കപ്പെട്ടവർ മുതലായവർ ഈ രോഗത്തിന്റെ ഇരകളാകാറുണ്ട്. മോണ പഴുത്ത് ചീഞ്ഞ് രക്തം വരികയും പനി, കഴുത്തിൽ നീര്, അസഹ്യമായ വായ്നാറ്റം, വായ് തുറക്കാനും ആഹാരം കഴിക്കാനുമുള്ള പ്രയാസം എന്നിവയാണ് രോഗലക്ഷണങ്ങൾ. യഥാസമയം ചികിത്സിച്ചില്ലെങ്കിൽ കവിളിന്റെ ഒരു ഭാഗം ദ്രവിച്ച് പല്ലുകൾ വെളിയിൽ കാണാറാകുന്നു. കാൻക്രം ഓറിസ് എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.
മോണരോഗങ്ങളുടെ ചികിത്സയുടെ ആദ്യ ഘട്ടം പ്ലാക്കും ദന്തമാലിന്യവും അണുക്കളും നീക്കം ചെയ്യുകയാണ്. പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് പ്ലാക്കും ദന്തമാലിന്യങ്ങളും നീക്കം ചെയ്യുന്ന പ്രക്രിയയാണ് സ്കെയിലിങ്. മോണയിൽ പുരട്ടാനും വായിൽ കൊള്ളാനും ഉള്ള ഔഷധങ്ങൾ അണുക്കളെ നീക്കം ചെയ്യുവാനുപകരിക്കും. അൾട്രാസോണിക സ്കെയിലറുകളും ക്യൂററ്റുകളും ഉപയോഗിച്ചാണ് മോണയ്ക്കും പല്ലിന്റെ വേരിനും ഇടയിലുള്ള പോക്കറ്റുകൾ വൃത്തിയാക്കുന്നത്. ഇതോടൊപ്പം വേര് ചീകി വൃത്തിയാക്കുന്നു. രൂക്ഷമായ മോണരോഗങ്ങളിൽ മോണ മുറിച്ചുമാറ്റൽ ശസ്ത്രക്രിയ ആവശ്യമായി വരാറുണ്ട്. പോക്കറ്റുകൾ വളരെ ആഴമുള്ളതായിത്തീർന്നാൽ ശസ്ത്രക്രിയയിലൂടെ മോണ പൊളിച്ചുവിടർത്തി ക്യൂറെറ്റിങ്ങും റൂട്ട് പ്ലെയിനിങ്ങും നടത്തി അണുനാശക ഔഷധങ്ങൾ പുരിട്ടയശേഷം മോണ തുന്നിച്ചേർക്കുന്നു. പല്ലിന്റെ അഗ്രഭാഗത്തിലെ വേര് ഒടിഞ്ഞു പോകുമ്പോഴോ റൂട്ട് കനാൽ ട്രീറ്റ്മെന്റ് പരാജയപ്പെടുമ്പോഴോ ക്രോണിക് പെരി ആപിക്കൽ ആബ്സിസ്, ദന്തൽ ഗ്രാനുലോമ, ദന്തൽ സിസ്റ്റ് എന്നീ രോഗങ്ങളുള്ളപ്പോഴോ ഈ ശസ്ത്രക്രിയ ആവശ്യമായി വരും. വേരിന്റെ തൊട്ടുമുൻഭാഗത്തുള്ള മോണയുടെ ഭാഗം ശസ്ത്രക്രിയയിലൂടെ തുറന്ന് അസ്ഥി മുറിച്ച് വേരിന്റെ അറ്റം വെളിയിൽ കൊണ്ടുവരുന്നു. ചീത്തയായ വേരിന്റെ അറ്റവും അസ്ഥിയുടെ ഭാഗവും സിസ്റ്റും പഴുപ്പും നീക്കം ചെയ്തശേഷം അനുയോജ്യമായ പദാർഥം കൊണ്ട് സീൽ ചെയ്ത് മോണ തുന്നിച്ചേർക്കുകയാണ് ചെയ്യുന്നത്.
വായ്പ്പുണ്ണ്
[തിരുത്തുക]നാക്കിന്റെ വശവും അടിഭാഗവും, കവിളുകളുടെയും ചുണ്ടുകളുടെയും അകവശം, അണ്ണാക്ക്, തൊണ്ട എന്നീ ഭാഗങ്ങളിൽ ആണ് പുണ്ണുകൾ ഉണ്ടാകുന്നത്. ഹെർപിസ്, മീസിൽസ്, ചിക്കൻപോക്സ്, രക്താർബുദം, എയ്ഡ്സ് എന്നീ രോഗങ്ങളുടെ ആദ്യ ലക്ഷണം ചിലപ്പോൾ വായ്പ്പുണ്ണായിരിക്കും. സ്വന്തം പല്ലിന്റെ മൂർച്ചയുള്ള ഭാഗങ്ങൾ, ആഹാരത്തിലെ കടുപ്പമേറിയ വസ്തുക്കൾ, കൃത്രിമ ദന്തങ്ങൾ എന്നിവ ഉരസ്സി പുണ്ണ് ഉണ്ടാകുന്നത് സാധാരണയാണ്. മാനസിക സംഘർഷവും പിരിമുറുക്കവും മൂലം ഉണ്ടാകുന്ന വായ്പ്പുണ്ണ് ആഫ്തസ് അൾസർ എന്ന് അറിയപ്പെടുന്നു. ആസ്പിരിൻ പോലെയുള്ള ചില ഔഷധങ്ങളും വായ്പ്പുണ്ണ് ഉണ്ടാക്കാറുണ്ട്. ഇത്തരത്തിലുള്ള വായ്പ്പുണ്ണുകൾക്ക് തുടക്കത്തിലേ കടുത്ത വേദനയും അനുബന്ധ ഗ്രന്ഥികൾക്ക് വീക്കവും ഉണ്ടായിരിക്കും. വായിലെ അർബുദത്തിന്റെ പ്രാരംഭ ലക്ഷണമായി ഉണ്ടാകുന്ന പുണ്ണിന് വേദന ഉണ്ടായിരിക്കില്ല.
പല്ലുകൾ ഉരസ്സി ഉണ്ടാകുന്ന വേദനയില്ലാത്ത വ്രണങ്ങൾ, ല്യൂക്കോപ്ലാക്കിയ അഥവാ വെളുത്ത പാടുകൾ, എറിത്രോപ്ലാക്കിയ അഥവാ ചുവന്ന തടിപ്പുകൾ, ലൈക്കൽ പ്ലാനസ് എന്ന കറുത്ത തടിപ്പുകൾ തുടങ്ങിയവയും തൊലിക്കും നാക്കിനും കട്ടികൂടുന്ന അസുഖമായ സബ്മ്യൂക്കസ് ഫൈബ്രോസിസും അർബുദജനകമായ മാറ്റങ്ങളാണ്.
വായ്നാറ്റം
[തിരുത്തുക]വായ്ക്കുള്ളിലുള്ള സൂക്ഷ്മാണുക്കളും ഫംഗസുകളും അമീബിയയും അഹാരാവശിഷ്ടങ്ങൾ വിഘടിപ്പിച്ചുണ്ടാകുന്ന വാതകങ്ങളും വായ്നാറ്റത്തിനു കാരണമാകുന്നു. പല്ലിലുള്ള പോടുകളിൽ അടിയുന്ന ആഹാരപദാർഥങ്ങൾ ചീഞ്ഞുണ്ടാകുന്ന ദുർഗന്ധം, മോണപഴുപ്പ്, നാക്കിൽ പറ്റിപ്പിടിക്കുന്ന ഫംഗസ്, സൈനസ്സുകളിൽ ഉണ്ടാകുന്ന അണുബാധ, മൂക്കിനകത്തുണ്ടാകുന്ന രോഗങ്ങൾ തുടങ്ങിയവയും വായ്നാറ്റത്തിനുള്ള കാരണങ്ങളാണ്.
നാവിനുണ്ടാകുന്ന രോഗങ്ങൾ
[തിരുത്തുക]വളരെയധികം ചലനശേഷിയുള്ള ഒരു അവയവമാണ് നാവ്. നാവിന്റെ പ്രതലം പരുപരുത്തതാണ്. പരുപരുപ്പ് മാറി ഉപരിതലം മിനുസപ്പെടുന്നത് പല അസുഖങ്ങളെയും സൂചിപ്പിക്കുന്നു. ഉദരരോഗങ്ങൾ, അരക്തത, ജീവകങ്ങളുടെ കുറവ്, മറ്റു മാരകരോഗങ്ങൾ എന്നിവ നാക്കിൽ പ്രതിഫലിച്ചു കാണപ്പെടുന്നു. നാവിലുണ്ടാവുന്ന വെളുത്ത പൂപ്പൽ ആന്തരിക രോഗങ്ങളെ സൂചിപ്പിക്കുന്നു.
നാവിന്റെ അഗ്രഭാഗം വായയുടെ അടിഭാഗവുമായി ചരടുപോലുള്ള ഒരു തന്തുകൊണ്ട് ബന്ധിക്കപ്പെടുന്ന ജന്മവൈകല്യമാണ് നാവുകെട്ട്. ശസ്ത്രക്രിയയിലൂടെ ഇത് ശരിയാക്കാനാവും. നാവിന്റെ അകം പാമ്പിന്റെ നാവുപോലെ രണ്ടായി പിരിഞ്ഞിരിക്കുന്നതാണ് ദ്വന്ദ്വനാവ്. നാവിന്റെ പ്രതലത്തിൽ ആഴത്തിലുള്ള പൊഴികളുണ്ടാകാറുണ്ട്. വൃത്തിയായി ബ്രഷ് ചെയ്തില്ലെങ്കിൽ ഈ പൊഴികളിൽ അണുബാധയുണ്ടാകും. നാവിലെ പാപിലകൾക്ക് നീളം കൂടുതലായിരിക്കുകയും അവയിൽ അണുക്കൾ കറുത്ത നിറമുണ്ടാക്കുകയും ചെയ്താൽ നാവിൽ മുടി പൊടിച്ചു നില്ക്കുന്നതുപോലെ തോന്നും. ഹെയറി ടങ് എന്ന അവസ്ഥയാണിത്. അർബുദത്തിനു മുന്നോടിയായി നാവിന്റെ മൃദുത്വവും ചലനശേഷിയും കുറേശ്ശെയായി കുറഞ്ഞ് പ്രതലം മിനുസമായിത്തീരാറുണ്ട്.
സന്ധിവേദന
[തിരുത്തുക]ചവയ്ക്കുമ്പോൾ കീഴ്ത്താടിക്കു മാത്രമേ തുറക്കാനും അടയ്ക്കാനും വശങ്ങളിലേക്കു ചലിക്കാനും സാധിക്കുകയുള്ളു. കീഴ്ത്താടി ഓരോ വശത്തും തലയോട്ടിയുമായി സന്ധിക്കുന്നു. ശരീരത്തിലെ മറ്റു സന്ധികളെ അപേക്ഷിച്ച് വളരെ കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഈ സന്ധി സംസാരിക്കാനും ആഹാരം കഴിക്കാനും മുഖത്തെ ഭാവപ്രകടനങ്ങൾക്കും സഹായിക്കുന്നു. വേദന, സന്ധിവീക്കം, അണുബാധ, വാതരോഗം, സന്ധീ ദ്രാവകത്തിന്റെ കുറവു കൊണ്ടുണ്ടാകുന്ന ക്ലിക്ക് ശബ്ദം, വായ് തുറന്നാൽ സ്വയം അടയാതിരിക്കുക എന്നിവയാണ് ഈ സന്ധിയെ ബാധിക്കുന്ന രോഗങ്ങൾ.
നഷ്ടപ്പെട്ട പല്ലുകൾക്കു പകരം കൃത്രിമപ്പല്ലുകൾ വയ്ക്കാതിരുന്നാൽ സന്ധിവേദന ഉണ്ടാകും. മധ്യവയസ്സു കഴിഞ്ഞാൽ സന്ധികൾക്കു തേയ്മാനം ഉണ്ടായി ശേഷി നഷ്ടപ്പെടാം. താടിയെല്ലിനെ ചലിപ്പിക്കുന്ന മാംസപേശികൾക്ക് ബലക്ഷയം ഉണ്ടാകുന്നത് മറ്റൊരു കാരണമാണ്. ഈ പേശികളിൽ നീർവീക്കമുണ്ടായാൽ വായ് തുറക്കാൻ സാധിക്കുകയില്ല. ട്രിസ്മിസ് എന്ന ഈ അവസ്ഥ ടെറ്റനസ്സിന്റെ പ്രാരംഭ ലക്ഷണമാണ്. അണപ്പല്ലുകളുടെ വേരിന്റെ അഗ്രഭാഗത്തുണ്ടാകുന്ന അണുബാധ പടരുന്നതുകൊണ്ടും അണപ്പല്ലുകൾ പറിച്ചശേഷമുണ്ടാകുന്ന നീർവീക്കം കൊണ്ടും വായ് തുറക്കാൻ സാധിക്കാതെവരാം.
ഉമിനീർഗ്രന്ഥികൾക്കുണ്ടാകുന്ന രോഗങ്ങൾ
[തിരുത്തുക]ഭക്ഷണ പദാർഥങ്ങളിൽ പ്രവർത്തിക്കുന്ന ദഹനരസവും രോഗപ്രതിരോധശേഷിയുള്ള ഒരു സ്രവവും സംസാരിക്കാനും ചവയ്ക്കാനും ഉതകുന്ന ഒരു മെഴുക്കും ചേർന്ന ദ്രാവകമാണ് ഉമിനീർ. ഉമിനീർ ചേർത്തു ചവയ്ക്കുമ്പോഴാണ് ഭക്ഷണത്തിന്റെ യഥാർഥ രുചി അറിയുന്നത്. വായയുടെ ഓരോ വശത്തും മൂന്നുവീതം ആറ് വലിയ [ഉമിനീർഗ്രന്ഥി|ഉമിനീർഗ്രന്ഥികൾ]] ഉണ്ട്. വായിലെ തൊലിയുടെ അടിയിൽ അനേകം ചെറിയ ഉമിനീർഗ്രന്ഥികളുണ്ട്.
ശരീരത്തിൽ ജലാംശം കുറയുകയോ ഉത്കണ്ഠയും മാനസിക സംഘർഷവും ഉണ്ടാവുകയോ ചെയ്യുമ്പോൾ വായ് ഉണങ്ങി വരണ്ടുപോകാറുണ്ട്. ഉണങ്ങിയ വായ് അർബുദം പോലെയുള്ള മാരകമായ അസുഖങ്ങളുടെയും ലക്ഷണമാണ്. ഔഷധങ്ങളുടെ അലർജി, പനി എന്നിവ വായ് ഉണങ്ങുന്നതിനുള്ള കാരണങ്ങളാണ്.
ഉമിനീർഗ്രന്ഥിയിൽനിന്ന് ഉമിനീർ വായിലെത്തിക്കുന്ന കുഴലിൽ അണുബാധയോ പഴുപ്പോ അടവോ ഉണ്ടായാൽ ഗ്രന്ഥിവീക്കവും അസഹ്യമായ വേദനയും ഉണ്ടാകും. ചെവിയുടെ തൊട്ടു മുൻഭാഗത്തുള്ള പരോട്ടിട് ഗ്രന്ഥിയെ ബാധിക്കുന്ന അണുബാധയാണ് മുണ്ടിനീരിനു കാരണം. കുട്ടികൾക്കാണ് ഈ രോഗം സാധാരണയായി ഉണ്ടാകുന്നത്. ചെറിയ പനിയും ഗ്രന്ഥിവീക്കവും വേദനയും അനുഭവപ്പെടുന്നു. മാരകവും അല്ലാത്തതുമായ പലവിധ അർബുദങ്ങളും ഉമിനീർഗ്രന്ഥികളെ ബാധിക്കാറുണ്ട്.
സിസ്റ്റുകളും മുഴകളും
[തിരുത്തുക]ടിഷ്യു ദ്രാവകം അടങ്ങിയ സഞ്ചിപോലെയുള്ള വളർച്ചയെയാണ് സിസ്റ്റുകൾ എന്നു പറയുന്നത്. വായയിലും താടിയെല്ലിലുമായി ഉണ്ടാകുന്ന സിസ്റ്റുകളാണ് മ്യൂക്കോയിഡ് സിസ്റ്റ്, ദന്തൽ സിസ്റ്റ്, ഡെന്റിജിറസ് സിസ്റ്റ് തുടങ്ങിയവ. ചെറിയ ഉമിനീർഗ്രന്ഥികൾ അടഞ്ഞ് വായിലെ ചർമത്തിൽ വീർത്തു നില്ക്കുന്ന കുമിളയാണ് മ്യൂക്കോയിഡ് സിസ്റ്റ്. ഇത് താനെ പൊട്ടുമെങ്കിലും വീണ്ടും വളർന്നുവരാനുള്ള സാധ്യതയുണ്ട്. പൾപ്പിലുള്ള അണുബാധ ദന്തമൂലത്തിൽ എത്തുമ്പോൾ ഉണ്ടാകുന്ന ഗ്രാനുലോമ രൂപാന്തരപ്പെട്ട് ദന്തൽ സിസ്റ്റായി മാറുന്നു. അസ്ഥിക്കുള്ളിൽ പകുതി നിർമിതമായ പല്ലിനു ചുറ്റും രൂപംകൊള്ളുന്നതാണ് ഡെന്റിജറസ് സിസ്റ്റുകൾ.
അർബുദജന്യമല്ലാത്ത മുഴകൾ നാലുവിധമാണ്. തൊലിയുടെ പ്രതലത്തിൽ അരിമ്പാറ പോലെയുണ്ടാകുന്ന പാപ്പിലോമ, നാവിലോ വായുടെ മറ്റു ഭാഗങ്ങളിലോ നെല്ലിക്ക പോലെ വളർന്നുവരുന്ന മൃദു മുഴയായ എപുലിസ്, ചുവന്ന നിറത്തിൽ രക്തക്കുഴലുകൾകൊണ്ടു നിർമിതമായ ഹിമാൻജിയോമ, എല്ലിലുണ്ടാകുന്ന മുഴകളായ ഓസ്റ്റിയോമ എന്നിവ.
മൃദുകലകളിലുണ്ടാകുന്ന ഈ മുഴകളെല്ലാം ശസ്ത്രക്രിയയിലൂടെ പൂർണമായും നീക്കം ചെയ്യാനാവും. മുഴ അർബുദജന്യമാണോ എന്ന് പരിശോധിക്കേണ്ടത് ആവശ്യമാണ്. അർബുദത്തിനു മുന്നോടിയായി ഉണ്ടാകുന്ന പാടുകളായ എറിത്രോപ്ലാക്കിയ, ല്യൂക്കോ പ്ലാക്കിയ, ലൈക്കൽ പ്ലാനസ് തുടങ്ങിയവ ദൃശ്യമായാൽ പുകവലി, വെറ്റില മുറുക്ക്, മദ്യപാനം എന്നീ ശീലങ്ങൾ പാടേ ഉപേക്ഷിക്കണം. ഈ പാടുകളിൽ ഉരസ്സി നില്ക്കുന്ന പല്ലുകൾ പറിച്ചു കളയണം. വായയുടെ ശുചിത്വം പരമപ്രധാനമാണ്. ജൻഷ്യൻ വയലറ്റ്, മെർക്യൂറോ ക്രോം എന്നിവ പാടുകളിൽ പുരട്ടുന്നത് ഗുണകരമാണ്.
ജന്മവൈകല്യങ്ങളും ജനിതക വൈകല്യങ്ങളും
[തിരുത്തുക]വലിയ താടിയെല്ലുകൾ, ചെറിയ താടിയെല്ലുകൾ, താടിയെല്ല് ഇല്ലാത്ത അവസ്ഥ, മുച്ചുണ്ട്, ദ്വന്ദ്വതാലു, കീഴ്ത്താടിയെല്ല് രണ്ടായി പിളർന്നിരിക്കുക, പല്ലുകളില്ലാത്ത അവസ്ഥ, ജനനസമയത്ത് പല്ലുണ്ടായിരിക്കുക എന്നിവയാണ് വായയിലെ അവയവങ്ങളിലുണ്ടാകുന്ന ജന്മസിദ്ധ വൈകല്യങ്ങൾ. ഇവ കൂടാതെ പാൽപ്പല്ലുകൾക്കുമുമ്പ് പല്ലുകൾ മുളയ്ക്കുക, സ്ഥിര ദന്തങ്ങൾ മുഴുവൻ ഉണ്ടായശേഷം വീണ്ടും പല്ലുകൾ ഉണ്ടാവുക, എണ്ണത്തിൽ കൂടുതൽ പല്ലുകളുണ്ടായിരിക്കുക തുടങ്ങിയവയാണ് മറ്റു ജനിതക വൈകല്യങ്ങൾ.
ഉന്തിയ പല്ലുകളും മറ്റു ദന്തവൈകല്യങ്ങളും
[തിരുത്തുക]ഉന്തിയ പല്ലുകൾ മിക്കവാറും പാരമ്പര്യമായാണ് ലഭിക്കുന്നത്. മേൽവായയിലെ പല്ലുകളാണ് സാധാരണ തള്ളി നില്ക്കാറുള്ളത്. എന്നാൽ വിരളമായി കീഴ്വായയിലെ പല്ലുകളും ഉന്തി നില്ക്കാറുണ്ട്. പല്ല് മുളച്ചുവരുന്ന സമയത്ത് വിരൽ കുടിക്കുക, വായയിലൂടെ ശ്വാസോച്ഛ്വാസം ചെയ്യുക, മൂക്ക് അടഞ്ഞിരിക്കുക, ചുണ്ടു കടിക്കുക, മേൽച്ചുണ്ടുകൾക്ക് മതിയായ വളർച്ച ഇല്ലാതെവരിക എന്നിവ മറ്റു കാരണങ്ങളാണ്. താടിയെല്ലുകളിൽ പല്ലുകൾക്ക് നിരയൊത്ത് നില്ക്കാൻ ഇടമില്ലാത്തപ്പോൾ നിരതെറ്റി അകത്തും പുറത്തും ഒക്കെയായി പല്ലുകൾ പൊടിക്കുന്നു. [പാൽപ്പല്ല്|പാൽപ്പല്ലുകൾ]] യഥാസമയം പൊഴിഞ്ഞുപോകാത്തതും മറ്റൊരു കാരണമാണ്.
താടിയെല്ലുകളുടെ ഉള്ളിൽ പല്ലുകൾ രൂപം പ്രാപിച്ചാൽ നേരെ ലംബമായി വായിലേക്കു മുളച്ചു പൊങ്ങുന്നതിനു പകരം ചരിഞ്ഞു നീങ്ങി മറ്റു പല്ലുകളിലോ അസ്ഥിയിലോ മൃദുവായ കലകളിലോ ഇടിച്ച് സംഘർഷമുണ്ടാകുന്നതിനെ ഇംപാക്ഷൻ എന്നു പറയുന്നു. സാധാരണയായി അവസാനത്തെ അണപ്പല്ലുകളാണ് ചരിഞ്ഞോ തലകീഴായോ കിടക്കുന്നത്. അടുത്ത സ്ഥാനം കോമ്പല്ലുകൾക്കാണ്. താടിയെല്ലിനു വേദന, തലവേദന, ചെവിവേദന എന്നിവയാണ് ലക്ഷണങ്ങൾ. ട്രൈജമിനൽ നൂറാൽജിയ എന്ന നാഡീരോഗത്തിൽനിന്ന് ഇതിനെ വേർതിരിച്ചറിയേണ്ടതുണ്ട്. എക്സ്റേയുടെ സഹായത്തോടെയാണ് രോഗനിർണയം നടത്തുന്നത്.
അപകടങ്ങൾമൂലം ദന്തങ്ങൾക്ക് ഉണ്ടാകുന്ന ക്ഷതങ്ങളും പ്രധാനമാണ്. പല്ലിന്റെ മാത്രം ഒടിവ് നാലുവിധമാണ്: ഇനാമൽ ഫ്രാക്ചർ, ക്രൌൺ ഫ്രാക്ചർ, വേരിന്റെ ഒടിവ്, പല്ലിന്റെ സ്ഥാനമാറ്റം. അസ്ഥികളുടെ ഒടിവ് മൂന്നുവിധമാണ്. ലഘു ഒടിവ് (രണ്ടായി ഒടിയുക), സങ്കീർണ ഫ്രാക്ചർ (രണ്ടിലധികം കഷണങ്ങളായി ഒടിയുക), ചെറുതുണ്ടുകളായി നുറുങ്ങിപ്പോകൽ എന്നിവയാണ് അവ.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ദന്തരോഗങ്ങൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |