ദാൽ മഖനി
ഉത്ഭവ വിവരണം | |
---|---|
ഇതര പേര്(കൾ) | മാ ദി ദാൽ(പഞ്ചാബി: ਮਾ ਦੀ ਦਾਲ |
ഉത്ഭവ സ്ഥലം | ഇന്ത്യ, പാകിസ്താൻ |
പ്രദേശം/രാജ്യം | പഞ്ചാബ് |
വിഭവത്തിന്റെ വിവരണം | |
പ്രധാന ചേരുവ(കൾ) | കറുത്ത ഉഴുന്നുപരിപ്പ്, രാജ്മ |
ഏകദേശ കലോറി per serving | 350 |
പഞ്ചാബ് പ്രദേശത്ത് ഉരുത്തിരിഞ്ഞ ഒരു ഭക്ഷണവിഭവമാണ് ദാൽ മഖനി. തൊലിയോടുകൂടിയ ഉഴുന്നുപരിപ്പുകൊണ്ടാണ് ഈ കറിയുണ്ടാക്കുന്നത്. കുറഞ്ഞ അളവിൽ രാജ്മ പയറും ചേർക്കുന്നു. പരിപ്പുകറിക്കു (ദാൽ) മുകളിൽ വെണ്ണ (മഖൻ) ഒഴിക്കുന്നതുകൊണ്ടാണ് ഈ പേര് വന്നത്. ഉത്തരേന്ത്യൻ സദ്യകളിൽ ചോറിനോടൊപ്പം കഴിക്കാൻ വിളമ്പുന്ന ഏറ്റവും പ്രചാരമുള്ള ഒഴിച്ചുകറിയാണ് ദാൽ മഖനി.
ചരിത്രം
[തിരുത്തുക]ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മുഖ്യ ആഹാരങ്ങളിൽ ഒന്നാണ് ദാൽ മഖാനി. ഇന്ത്യയുടെ വിഭജനത്തിനു ശേഷം പഞ്ചാബിൽനിന്നുള്ള ആളുകൾ ഉത്തരേന്ത്യയിലേക്ക് പലായനം ചെയ്തതുകൊണ്ടാണ് ഇത് പ്രസിദ്ധമായത്. [1] പഞ്ചാബി ജനങ്ങൾ ഇന്ത്യയുടെ പലഭാഗങ്ങളിലേക്കും വിദേശത്തേക്കും പടർന്നപ്പോൾ, ഡൽഹിയിലെ ദര്യഗഞ്ചിൽ മോതി മഹൽ ഭക്ഷണശാല ബിസിനസുകാരായ പഞ്ചാബി പ്രവാസിയായ കുണ്ടൻ ലാൽ ഗുജരാൾ പോലെയുള്ളവർ പുതിയ പ്രദേശങ്ങളിൽ ദാൽ മഖാനി പരിചയപ്പെടുത്തി.[2]
പാകം ചെയ്യാനുള്ള സമയം
[തിരുത്തുക]പരമ്പരാഗത ശൈലിയിൽ ദാൽ മഖാനി ഉണ്ടാക്കാനുള്ള പ്രക്രിയകൾ വളരെ സമയം പിടിക്കുന്ന അനവധി ചുവടുകൾ ഉള്ളതാണ്, ഇത് തയ്യാറാക്കാൻ 24 മണിക്കൂർ സമയംവരെ എടുക്കും. എന്നാൽ ആധുനിക പാചക ഉപകരണങ്ങൾ ലഭ്യമായതോടെ, പ്രത്യേകിച്ചും വൈദ്യുത പ്രഷർ കുക്കർ, ദാൽ മഖാനി തയ്യാറാക്കാനുള്ള സമയം വലിയതോതിൽ കുറഞ്ഞ് 2 മുതൽ 3 മണിക്കൂർ വരെയായി.
ദാൽ
[തിരുത്തുക]പയർ വർഗ്ഗത്തിൽ ഉൾപ്പെടുന്ന ഒരു സസ്യമാണ് ഉഴുന്ന്. ഇതിൻറെ സംസ്കൃതനാമം മാഷം എന്നാണ്. തമിഴിൽ ഉഴുന്ന്, കന്നടയിൽ ഉർദ്ദ്, ഹിന്ദിയിൽ ഉറദ്, ഗുജറാത്തിയിൽ അറാദ്, ബംഗാളിയിൽ മഷ്‌കലെ എന്നും ദേശ ഭാഷാവ്യത്യാസമനുസരിച്ച് പല പേരുകളിൽ ഉഴുന്ന് അറിയപ്പെടുന്നു. ദക്ഷിണേന്ത്യയിൽ പ്രഭാത ഭക്ഷണങ്ങളായ ഇഡ്ഡലി, ദോശ തുടങ്ങിയവയുടെ മുഖ്യ ചേരുവയാണ് ഉഴുന്ന്. ഉത്തരേന്ത്യയിൽ ദാൽ മഖാനി എന്ന പ്രസിദ്ധമായ പരിപ്പുകറിയിലെ മുഖ്യചേരുവയുമാണിത്.
വാതകോപത്തെ ശമിപ്പിക്കുന്നതു കൂടാതെ, ശരീരത്തെ തണുപ്പിക്കുകയും തടിപ്പിക്കുകയും ചെയ്യുന്നു. ധാതുബലം, ശുക്ലവർദ്ധന എന്നിവയെ സഹായിക്കുകയും ചെയ്യുന്നു. ആയുർവേദപ്രകാരം പിത്തം, രക്തദോഷം, ക്ഷയം, ജ്വരം, ചുമ എന്നീ അസുഖങ്ങളെ തടയുന്നു. പക്ഷേ, ഉഴുന്ന് കഫത്തെ വർദ്ധിപ്പിക്കുന്നു. ഉഴുന്ന് വാജീകരണ ചികിത്സയിൽ വളരെയധികം ഉപയോഗിക്കുന്ന വസ്തുവാണ്. ഉഴുന്ന്, ദേവദാരം, കുറുന്തോട്ടിവേര് എന്നിവ മാഷാർവാദികഷായം എന്ന ഔഷധത്തിലെ പ്രധാന ചേരുവകളാണ്.
അവലംബം
[തിരുത്തുക]- ↑ Prashant Bharadwat; Asim Khwaja; Atif Mian (30 August 2008). "The Big March: Migratory Flows After the Partition of India" (PDF). Economic and Policy Weekly. pp. 39–49. Archived from the original (Article) on 2012-12-03. Retrieved 27 May 2017.
- ↑ Sanghvi, Vir. "The modern dal makhani was invented by Moti Mahal".