ദുര്യോധന വധം (ആട്ടക്കഥ)
ദുര്യോധന വധം ആട്ടക്കഥ രചിച്ചിരിയ്ക്കുന്നത് വയസ്കര ആര്യനാരായണൻ മൂസ്സ്(1841-1902) ആണ്. മഹാഭാരതത്തിലെ ചില കഥാസന്ദർഭങ്ങളുടെ ആട്ടക്കഥാരൂപത്തിലുള്ള ആവിഷ്കാരമാണ് ഇത്. ചൂതുകളി, പാണ്ഡവരുടെ വനവാസം, ഭാരതയുദ്ധം എന്നിവ ചിലതാണ്.
അരങ്ങത്ത്
[തിരുത്തുക]പാണ്ഡവർ-പച്ച
ദുരോധനൻ - കത്തി
ദുശ്ശാസനൻ-ചുവന്ന താടി
ശകുനി -കറുത്തതാടി, മിനുക്കുവേഷം
പാഞ്ചാലി-മിനുക്ക്
ഭാനുമതി-മിനുക്ക്
ധൃതരാഷ്ട്രർ-വെള്ളത്താടി,പച്ച
കൃഷ്ണൻ-മുടി,പച്ച
ഹനുമാൻ-വെള്ളത്താടി
മുമുക്ഷു-മിനുക്ക്
രൗദ്രഭീമൻ
വേതാളം-കരി
കഥ
[തിരുത്തുക]അസുരശില്പിയായ മായനാൽ നിർമ്മിയ്ക്കപ്പെട്ട പാണ്ഡവരുടെ പുതിയ കൊട്ടാരം കൗരവർ സന്ദർശിയ്ക്കാനായി എത്തുന്നത് മുതലാണ് അരങ്ങത്ത് അവതരിപ്പിയ്ക്കപ്പെടുന്നത്.
കൊട്ടാരത്തിന്റെ ശില്പിയായ മായന്റെ കരവിരുതിൽ സ്ഥലജലവിഭ്രാന്തിയിൽ കൗരവർ അകപ്പെട്ടു. സ്ഫടികനിർമ്മിതമായ തറകളെ ജലാശയമെന്നുകരുതി തങ്ങളുടെ വസ്ത്രങ്ങൾ ഉയർത്തി പാദം കൊണ്ട് തപ്പിത്തപ്പിയും അവർ നടന്നു. അല്പസമയം കഴിഞ്ഞപ്പോൾ യഥാർത്ഥമായ ജലാശയം കണ്ട് അത് നിലമാണെന്ന് കരുതുകയും ജലാശയത്തിൽ മുങ്ങിപ്പോവുകയുമുണ്ടായി. ഇത്കണ്ട് ഭീമസേനൻ പരിഹസിച്ച് ഉറക്കെ ചിരിച്ചു, പാഞ്ചാലിയാവട്ടെ മുഖം മറച്ചു.
പരിഹാസിതനായ ദുര്യോധനൻ ഹസ്തിനപുരിയിൽ മടങ്ങൈയെത്തി, മാതുലനായ ശകുനിയോട് വിവരമെല്ലാം അറിയിയ്ക്കുകയും ഇതിനു പകരം ചെയ്യണമെന്ന് തീരുമാനിച്ചു. ചൂതുകളിയിൽ സമർത്ഥനായ ശകുനി കള്ളച്ചൂതിൽ പാണ്ഡവരെ തോല്പിച്ച് പാണ്ഡവരുടേതായ രാജ്യം, സേന, ധനം, ശേഷം സഹോദരന്മാരിൽ ഓരോരുത്തരായും അവസാനം പാഞ്ചാലിയെത്തന്നെയും പണയം വെച്ചു. വസ്ത്രാക്ഷേപവും തുടർന്ന് പാഞ്ചാലിയുടെ ശപഥവും ഇതേത്തുടർന്ന് വരുന്നു. ഭയപ്പെട്ട ധൃതരാഷ്ട്രർ,പാഞ്ചാലിയുടെ ആവശ്യപ്രകാരം ആയുധഹസ്തരായ പാണ്ഡവരെ തിരികെ നൽകുകയും വ്യവസ്ഥയനുസരിച്ച് 12 വൽസരം വനവാസവും അന്ത്യത്തിലായി ഒരു വർഷം അജ്ഞാതവാസവും നടത്താനായി നിയോഗിതരാവുനു.
അജ്ഞാതവാസവും പൂർത്തിയാക്കി തിരിച്ചെത്തിയ പാണ്ഡവർ തങ്ങളുടെ രാജ്യത്തെ തിരിച്ചുചോദിയ്ക്കുന്നതിനായി കൃഷ്ണനെ നിയോഗിയ്ക്കുന്നു. യുദ്ധം അനിവാര്യമെന്നും പാഞ്ചാലിയുടെ ശപഥം നിറവേറ്റപെടുമെന്നും കൃഷ്ണൻ അവരെ അറിയിയ്ക്കുന്നു.
ദൂതിനായി ഹസ്തിനപുരിയിലേയ്ക്ക് എത്തിച്ചേരുന്ന കൃഷ്ണന്റെ വരവ് അരങ്ങിൽ അവതരിപ്പിയ്ക്കുന്നത് കാണികളുടെ ഭാഗത്ത്നിന്നും വരുന്നതായാണ്. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ആലവട്ടം,വെഞ്ചാമരം,മുത്തുക്കുട എന്നിവയുമായി കൃഷ്ണൻ രംഗത്തെത്തുന്നു. എല്ലാവരാലും ആദരിയ്ക്കപ്പെടുന്ന കൃഷ്ണൻ പാണ്ഡവർക്കായി രാജ്യം ചോദിച്ചെങ്കിലും സൂചികുത്താനിടം പാണ്ഡവർക്ക് നൽകില്ല എന്ന് അറിയപ്പെടുന്നു.അപ്രകാരം 18 ദിവസത്തോളം നീണ്ട ഭാരതയുദ്ധത്തിന് ഹേതുവാകുന്നു.
യുദ്ധത്തിൽ ദുശ്ശാസനൻ രൗദ്രഭീമനാൽ വധിയ്ക്കപ്പെടുകയും പാഞ്ചാലിയുടെ ശപഥം അപ്രക്കരം നിറവേറ്റപ്പെടുകയും ചെയ്യുന്നു.
ആട്ടക്കഥയിൽ എഴുതപ്പെട്ട എല്ലാഭാഗങ്ങളും രംഗത്ത് സാധാരണയായി അവതരിപ്പിയ്ക്കാറില്ല. കഥയുടെ ആരംഭത്തിൽ ദുര്യോധനപത്നി ഭാനുമതിയുടെ ഭാഗവും,യുദ്ധത്തിനു മുൻപ് അർജ്ജുനന് ഹനുമാന്റെ വരദാനവും യുദ്ധസമയത്തെ ഗീതോപദേശവും ഇവയിൽ ചിലതാണ്. ദുര്യോധനവധം എന്ന് പേരെങ്കിലും ദുര്യോധനന്റെ വധം സാധാരണയായി അവതരിപ്പിയ്ക്കാറില്ല. ദുശ്ശാസനന്റെ വധത്തോടെ അവസാനിപ്പിയ്ക്കുകയാണ് പതിവ്. സമ്പൂർണ്ണ ദുര്യോധനവധം എന്ന പേരിൽ ഇതെല്ലാം ഉൾപ്പെടുത്തിയും അവതരിപ്പിച്ച് വരുന്നുണ്ട്.
ദുശ്ശാസനവധം അവതരിപ്പിയ്ക്കുന്നത് പ്രത്യേകമായാണ്. ഈ സമയത്ത് 2 മദ്ദളം,2 ചെണ്ട എന്നിവയാണുപയോഗിയ്ക്കുന്നത്.കൂടാതെ ഭീമൻ സാധാരണ വേഷത്തിൽ നിന്നും മാറി, അല്പം ഭയപ്പെടുത്തുന്ന രീതിയിൽ വേഷംകെട്ടി വരുന്നു.
ദുശ്ശാസനവധം കഴിഞ്ഞ് അടക്കാനാവാത്ത രൗദ്രത്തോടെ നിൽക്കുന്ന ഭീമനെ കൃഷ്ണൻവന്ന് സമാധാനിപ്പിച്ച് അനുഗ്രഹിയ്ക്കുന്നതാണ് അവസാനരംഗം.