Jump to content

ദുർഗ്ഗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ദുർഗ്ഗാദേവി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദുർഗ്ഗാ ഭഗവതി ( Durga Bhagavathi )
വിജയം, ശക്തി, സുരക്ഷ, ഐശ്വര്യം
ദേവനാഗരിदुर्गा
Sanskrit Transliterationदूर्गा
Bengaliদুর্গা
Affiliationആദിപരാശക്തി, പാർവ്വതി,മഹിഷാസുര മർദ്ദിനി , ദുർഗ്ഗാമാസുരനെ വധിച്ചതിനാൽ ഭഗവതി ദുർഗ്ഗാ ഭഗവതി എന്നറിയപ്പെടുന്നു. സകല ദേവി ദേവന്മാരും ദുർഗ്ഗയിൽ വസിയ്ക്കുന്നു.
നിവാസംമണിദ്വീപം
ഗ്രഹംപക്ഷബലമുള്ള ചന്ദ്രൻ, രാഹു, ശുക്രൻ
ആയുധംശംഖ്, ചക്രം, ഗദ , ശൂലം, പരിച, അമ്പ് , വില്ല്, ഖഡ്ഗം, താമര, പാശം, ഛുരിക, അഭയ മുദ്ര,വരദ മുദ്ര
ജീവിത പങ്കാളിപരമശിവൻ
Mountസിംഹം

ആദികാലങ്ങളിൽ മാതൃദായക്കാരായ ദ്രാവിഡരുടെയും പിൽക്കാലത്ത് ശാക്തേയരുടെയും ഒടുവിൽ ഹിന്ദുക്കളുടെയും ആരാധനാമൂർത്തിയായി തീർന്ന മാതൃദൈവമാണ് ദുർഗ്ഗാ ഭഗവതി അഥവാ ദുർഗ്ഗാ പരമേശ്വരി. ചുരുക്കത്തിൽ ഭഗവതി എന്നറിയപ്പെടുന്നു. മാതൃ ദൈവമായ ഭഗവതി പ്രാചീന യുദ്ധ ദൈവമായ കൊറ്റവൈ എന്ന തായ് ഭഗവതിയുമായി ബന്ധപെട്ടു കിടക്കുന്നു. ഊർവരത, കാർഷിക സമൃദ്ധി, ഐശ്വര്യം, യുദ്ധ വിജയം, മഹാശക്തി, വിദ്യ, മഹാമാരി, രോഗമുക്തി, പ്രകൃതി, മോക്ഷം തുടങ്ങിയവ മാതൃ ദൈവവുമായി ബന്ധപെട്ടു കിടക്കുന്നു. പ്രാചീന കാലത്തെ ഊർവരത ആരാധനയുടെ പിന്തുടർച്ച ആയാണ് ഭഗവതി പൂജ ആരംഭിച്ചത്. സ്ത്രീ മേൽക്കൈ നേടിയ ഒരു കാലഘട്ടത്തിന്റെ ദൈവസങ്കല്പം എന്ന നിലയ്ക്കാണ് ഭഗവതിയെ കണക്കാക്കുന്നത്. പുരാതന കാലത്ത് അമ്മ ദൈവത്തെയാണ് ഗോത്ര ജനത കൂടുതലായി ആരാധിച്ചിരുന്നത്. മാതൃദായക്രമം പിന്തുടരുന്ന ആളുകളിലാണ് ഇത് കൂടുതലായി കണ്ടു വന്നിരുന്നത്. അതിനാൽ തന്നെ പിതൃദായക്രമം പാലിച്ചു വരുന്നവരിലും വൈദീക സമ്പ്രദായത്തിലും (ബ്രാഹ്മണ) ഭഗവതി പൂജയ്ക്ക് പ്രാധാന്യം കുറവായിരുന്നു. സ്ത്രീയാണ് സൃഷ്ടിയുടെ അടിസ്ഥാനം എന്ന സങ്കൽപ്പത്തിൽ നിന്നാണ് ശാക്തേയർ ആദിപരാശക്തിയെ ആരാധിച്ചതെങ്കിലും ശൈവമതത്തിന്റെ വളർച്ചയോടെ അത് പാർവതി ദേവിയുടെ പര്യായമായി തീരുകയായിരുന്നു. വൈകുന്നേരം നടക്കുന്ന ഭഗവതി സേവ (അന്തി നമസ്ക്കാരം) ദുർഗ്ഗാ ഭഗവതിയുടെ അനുഗ്രഹത്തിന് വേണ്ടിയുള്ള പൂജയാണ്.

ഹൈന്ദവ വിശ്വാസപ്രകാരവും, ശക്തി സമ്പ്രദായ പ്രകാരവും ലോകമാതാവായ ആദിശക്തി എന്നാണ് ദുർഗ്ഗാ ഭഗവതി അറിയപ്പെടുന്നത്. മറ്റെല്ലാ ദേവിമാരും, ത്രിമൂർത്തികളും ദുർഗ്ഗയുടെ വിവിധ ഭാവങ്ങളാണ് എന്നാണ് ശക്തി ഉപാസകരുടെ വിശ്വാസം. അതിനാൽ മഹാദേവി എന്ന് ദുർഗ്ഗ അറിയപ്പെടുന്നു. ആദിമൂല ഭഗവതിയായ ആദിപരാശക്തിയുടെ പ്രധാന ഭാവമായതിനാൽ മഹാശക്തിസ്വരൂപിണിയാണ് ദുർഗ്ഗ എന്നാണ് സങ്കല്പം. "മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി" എന്നീ മൂന്ന് പ്രധാനഭാവങ്ങളും ഭഗവതിക്കുണ്ട്. കർമം ചെയ്യാനുള്ള ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവയുടെ പ്രതീകമായാണ് ഈ മൂന്ന് രൂപങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഐശ്വര്യവും സമ്പത്തും വിദ്യയും വിജയവും ആഗ്രഹിക്കുന്നവർ ഭഗവതിയെ ഭജിക്കണം എന്നാണ് വിശ്വാസം. ഭുവനേശ്വരി, മഹാമായ, പരമേശ്വരി, സർവേശ്വരി, ജഗദംബ, ഭഗവതി, പ്രകൃതിദേവി, ശൂലിനി എന്നെല്ലാം എന്നറിയപ്പെടുന്നത് ദുർഗ്ഗയാണ്. ദേവി മഹാത്മ്യത്തിലെ 'സർവ്വ മംഗളമാംഗല്യേ' എന്ന് തുടങ്ങുന്ന പ്രസിദ്ധമായ സ്തുതി ഭഗവതിയെ ഉദ്ദേശിച്ചുള്ളതാണ്. ദുർഗ്ഗ സംരക്ഷണത്തിന്റെ ഒരു കവചമാണ്, ഭയത്തിൽ നിന്നും മോചിപ്പിക്കുന്നവളാണ്, ദുരിതങ്ങളെ തരണം ചെയ്യാൻ ശക്തി നൽകുന്നവളാണ്, ദുർഗതികളിൽ തുണയാണ്, സമ്പത്തും ഐശ്വര്യവും നൽകുന്നവളാണ്, ദുഷ്ടന്മാരെ സംഹരിക്കുന്നവളാണ്, ജീവിതവിജയം നൽകുന്നവളാണ്, മോക്ഷദായിനിയാണ്, കാരുണ്യമൂർത്തിയാണ്, മാതൃവാത്സല്യം ചൊരിയുന്നവളാണ് എന്നെല്ലാം ദേവി പുരാണങ്ങളിൽ കാണാം.

വിശ്വാസം

[തിരുത്തുക]

ശാക്തേയ സമ്പ്രദായമനുസരിച്ചു ദേവി ആദിപരാശക്തിയുടെ മൂർത്തരൂപമാണ് ദുർഗ്ഗ. പതിനാറ് കൈകൾ ഉള്ളതും, സിംഹത്തിന്റെ പുറത്ത് സഞ്ചരിക്കുന്നതും, തൃക്കണ്ണ്, കിരീടം, ചന്ദ്രക്കല, തൃശൂലം തുടങ്ങിയ ആയുധങ്ങൾ ധരിച്ചവളും, ശക്തിയുടെ പ്രതീകവുമായിട്ടാണ് ദുർഗ്ഗയെ കണക്കാക്കുന്നത്. ഹൈന്ദവ വിശ്വാസപ്രകാരം ശക്തി, വീര്യം, വിജയം, ഐശ്വര്യം എന്നിവയുടെ പ്രതീകമാണ് ദുർഗ. ദു:ഖങ്ങളിൽ നിന്നും ദുർഗതികളിൽ നിന്നും  രക്ഷിക്കുന്നവളാകയാൽ ദേവിക്ക് ദുർഗ്ഗാ എന്നു നാമം ലഭിച്ചു എന്ന് ഒരു വിശ്വാസം. പൂർണ്ണ ചന്ദ്രൻ (പൗർണമി) ദുർഗ്ഗ ആയും അമാവാസി രാത്രി കാളി ആയും സങ്കൽപ്പിക്കപ്പെടുന്നു. ഭയത്തിൽ നിന്നും മോചിപ്പിച്ചു ഭക്തരുടെ അഭിലാഷങ്ങൾ സാധിപ്പിക്കുന്നവളാണ് ദുർഗാ ഭഗവതി എന്ന് വിശ്വസിക്കപ്പെടുന്നു. 'സർവ്വസ്വരൂപേ സർവേശേ, സർവ്വശക്തി സമന്വിതേ, ഭയേഭ്യസ്ത്രാഹിനോ ദേവി, ദുർഗേ ദേവി നമോസ്തുതേ' എന്ന ദേവി മഹാത്മ്യത്തിലെ സ്തുതിയിൽ ഇത് വ്യക്തമാക്കുന്നു. ത്രിമൂർത്തികളുടെ സൃഷ്ടാവും അവർക്ക് ശക്തി നൽകുന്നതും ഭഗവതി ആണെന്ന് പുരാണങ്ങളിൽ കാണാം.

ശൈവവിശ്വാസമനുസരിച്ച് ശിവപത്നിയായ ശ്രീപാർവ്വതിയുടെ യഥാർത്ഥ രൂപമാണ് ദുർഗ്ഗ. ദുർഗ്ഗമാസുരനെ വധിക്കാൻ വേണ്ടി അവതാരം എടുത്തതെന്ന് വിശ്വാസം. അതിനാൽ ഭഗവതിക്ക് ദുർഗ്ഗ എന്ന പേര് ലഭിച്ചു. ഹരിതവർണ്ണമായ പച്ചയാണ് ഈ ഭഗവതിയുടെ നിറം. മഹിഷാസുരൻ, ശുംഭനിശുംഭൻമാർ തുടങ്ങി അനേകം അസുരന്മാരെ ദുർഗ്ഗ വധിക്കുന്നതായി ദേവീ മാഹാത്മ്യത്തിൽ കാണാം. അതിനാൽ മഹിഷാസുരമർദ്ദിനിയായും ആരാധിക്കപ്പെടുന്നു. ദുഷ്ടന്മാരുടെ നേർക്ക് ചണ്ഡകോപം കാട്ടുന്നതിനാൽ ചണ്ഡിക എന്നറിയപ്പെടുന്നു. സ്കന്ദ പുരാണം അനുസരിച്ച് ശ്രീ പാർവതി ആണ് മഹിഷാസുരൻ, സുംഭനിസുംഭൻ, ചാണ്ഡമുണ്ഡൻ, രക്തബീജൻ എന്നിവരെ വധിച്ചത്. സർവ ദേവതകളും ദുർഗ്ഗയിൽ കുടികൊള്ളുന്നു എന്നാണ് സങ്കല്പം. ദുഖനാശിനിയും ദുർഗതിപ്രശമനിയുമാണ് ദുർഗ്ഗാഭഗവതി എന്ന് ദേവിഭാഗവതം പറയുന്നു.

നവരാത്രികാലത്ത് ഒൻപത് ഭാവങ്ങളിൽ പരാശക്തിയെ ആരാധിക്കാറുണ്ട്. ഇതാണ് "നവദുർഗ്ഗ". ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡാ, കുഷ്മാണ്ഡ, സ്കന്ദമാതാ, കാർത്യായനി, കാളി അഥവാ കാലരാത്രി, മഹാഗൗരി, സിദ്ധിദാത്രി എന്നിവയാണ് ഇവർ. വേറെ ഏഴു ഭാവങ്ങളിലും ആരാധിക്കാറുണ്ട്. ഇതാണ് "സപ്തമാതാക്കൾ". ബ്രാഹ്മി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വാരാഹി, കൗമാരി, ചാമുണ്ഡി (കാളി) എന്നിവരാണ് ഇത്‌. കൂടാതെ താന്ത്രിക രീതിയിൽ പിന്നേയും പത്ത് രൂപങ്ങളിൽ ഭഗവതിയെ സങ്കല്പിക്കാറുണ്ട്. ഇവരാണ് "ദശമഹാവിദ്യമാർ". പരാശക്തി ശിവനു ചുറ്റും പല ഭാവത്തിൽ തന്റെ ശക്തിയെ ആവിഷ്കരിക്കുമ്പോഴാണ് ശിവൻ സ്പന്ദിക്കാൻ പോലും ശക്തനാകുന്നത് എന്നാണ് വിശ്വാസം. ഇത്തരത്തിൽ ശിവനു ചുറ്റും പത്ത് ദിശകളിൽ വർത്തിക്കുന്ന ശക്തിയുടെ പത്ത് ആവിഷ്കാരങ്ങളെയാണ് ദശമഹാവിദ്യയിലൂടെ വിവരിക്കുന്നത്. കാളി, താര, ഭൈരവി, ഛിന്നമസ്ത, ഭുവനേശ്വരി, ബഗളാമുഖി, ധൂമാവതി, മാതംഗി, ശോഡശി അഥവാ ശ്രീവിദ്യ, മഹാലക്ഷ്മി (കമല) എന്നിവരാണ് ദശമഹാവിദ്യമാർ. ദുർഗ്ഗയുടെ പുരികക്കൊടിയിൽ നിന്നും അവതരിച്ച കാളിയാണ് ചാമുണ്ഡി എന്ന് ദേവി മഹാത്മ്യം പറയുന്നു. ദേവീ മാഹാത്മ്യം, ദേവീ ഭാഗവതം തുടങ്ങിയവ ഈ ഭഗവതിയെ സ്തുതിക്കുന്ന പ്രധാന ഗ്രന്ഥങ്ങൾ ആകുന്നു. ദേവീമാഹാത്മ്യം പതിനൊന്നാം അദ്ധ്യായത്തിൽ ദുർഗ്ഗയുടെ ഉഗ്രരൂപമായി ഭദ്രകാളിയെ അവതരിപ്പിച്ചിരിക്കുന്നു. ഭയത്തിൽ നിന്ന് രക്ഷിക്കുന്നവളാണ് ഭദ്രകാളി എന്നാണ് 'ജ്വാലാകരാളാമത്യുഗ്രാം' എന്ന് തുടങ്ങുന്ന സ്തോത്രത്തിൽ പറയുന്നത്. ഇതേ അദ്ധ്യായത്തിൽ ഭീതികളെ അകറ്റുന്ന ഭുവനേശ്വരിയായും, സൗമ്യ സുന്ദരാകാരമുള്ള കാർത്യായനിയായും ഭഗവതിയെ സ്തുതിക്കുന്നു. അതിനാൽ പല ഭാവങ്ങളും പേരുകളും പ്രാദേശിക വ്യത്യാസങ്ങളും ഉള്ള ഒരു മാതൃ ദൈവമായി ദുർഗ്ഗയെ കണക്കാക്കാം. രാത്രി 9 മണി മുതൽ 12 വരെയുള്ള സമയമാണ് ദുർഗ്ഗായാമം എന്നറിയപ്പെടുന്നത്. ഈ സമയത്താണ് ഭഗവതി സേവ നടത്തുന്നത്. ഭഗവതി സേവ എന്നത് ദുർഗ്ഗാ ഭഗവതിയെ വൈകുന്നേരം പടിഞ്ഞോറാട്ട് തിരിഞ്ഞിരുന്ന് പൂജയ്ക്കുന്ന ചടങ്ങാണിത്. അന്തി നമസ്ക്കാരം എന്നും ശർക്കര പൂജ എന്നും പ്രാദേശികമായി ഭഗവതി സേവ അറിയപ്പെടുന്നു. സകല ദുരിതവും മാറാനും ഐശ്വര്യ വർദ്ധനയ്ക്കുമാണ് ഭഗവതി സേവ ചെയ്യുന്നത്.

ഭഗവതിക്ക് മൂന്ന് bഭാവങ്ങൾ ഉണ്ട് എന്നാണ് സങ്കല്പം. ഇവ സൗമ്യ, ഉഗ്ര, അത്യുഗ്ര ഭാവങ്ങൾ എന്നറിയപ്പെടുന്നു.

സൗമ്യം - ശാന്തി ദുർഗ്ഗ ഉഗ്രം - വന ദുർഗ്ഗ, അഗ്നി ദുർഗ്ഗ അത്യുഗ്രം - ശൂലിനി ദുർഗ്ഗ (കാളി ഭാവം)

ശൂലിനി ഭഗവതി ശരഭമൂർത്തിയായ ശിവന്റെ രണ്ടു ചിറകുകളിൽ ഒന്നിൽ കുടികൊള്ളുന്ന ദുർഗ്ഗ ആണ്. നരസിംഹമൂർത്തിയുടെ കോപത്തെ ഇല്ലാതാക്കാൻ വേണ്ടിയാണ് ഭഗവതി ഈ ഭാവത്തിൽ അവതരിച്ചതെന്ന് വിശ്വാസം. കാളി രൂപത്തോട് കൂടിയ ഈ ഭഗവതി കടുത്ത ദുരിതങ്ങളും ഉപദ്രവങ്ങളും ഇല്ലാതാകുന്നവളാണ് എന്നാണ് വിശ്വാസം.

വന ശൈലാദ്രി വാസിനിയായ ഭഗവതി വന ദുർഗ്ഗ എന്ന് അറിയപ്പെടുന്നു. മഴ, വെയിൽ തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളെല്ലാം നേരിട്ടു പതിക്കത്തക്ക രീതിയിൽ മേൽക്കൂര ഇല്ലാത്ത ശ്രീകോവിൽ ആണ് പൊതുവേ വനദുർഗ്ഗാ പ്രതിഷ്ഠയുടെ പ്രത്യേകത. പ്രകൃതിദേവി എന്നും വനദുർഗ്ഗ അറിയപ്പെടുന്നു.

പ്രധാന ദിവസങ്ങൾ

[തിരുത്തുക]

ചൊവ്വ, വെള്ളി, പൗർണമി, അമാവാസി ദിവസങ്ങൾ പ്രധാനം. നവരാത്രി, തൃക്കാർത്തിക, മകര പൊങ്കൽ തുടങ്ങിയ ദിവസങ്ങൾ ഭഗവതിക്ക് വിശേഷം. ഭുവനേശ്വരി പ്രധാനമായ ദിവസമായതിനാൽ ഞായറാഴ്ചയും പ്രധാനമാണ്. ഭദ്രകാളി ഭാവത്തിൽ അമാവാസിയും പ്രാധാന്യം. പൗർണമി വ്രതം ഭഗവതിയെ ഉദ്ദേശിച്ചു എടുക്കുന്ന വ്രതമാണ്.

നവദുർഗമാർ

[തിരുത്തുക]

ദുർഗയുടെ ഒൻപത് അവതാരങ്ങൾ ആണിവ. നവദുർഗ എന്നറിയപ്പെടുന്നു. ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡാ, കുഷ്മാണ്ഡ, സ്കന്ദമാതാ, കാർത്യായനി, കാളി (കാലരാത്രി), മഹാഗൗരി, സിദ്ധിദാത്രി എന്നിവയാണ് നവദുർഗമാർ.

വിവിധ നാമങ്ങൾ

[തിരുത്തുക]

ആദിപരാശക്തി, മഹാശക്തി, മഹാമായ, ഭുവനേശ്വരി, ജഗദംബ, ചണ്ഡിക, ചാമുണ്ഡേശ്വരി, ഭദ്രകാളി, മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി, ഭഗവതി, അന്നപൂർണേശ്വരി, നാരായണി, പ്രകൃതി, കുണ്ഡലിനി, ലളിത, പരമേശ്വരി, കാത്യായനി, ത്രിപുരസുന്ദരി, മംഗളാദേവി, രാജരാജേശ്വരി, കുരുംമ്പ, മാരിയമ്മൻ, പാർവതി, ഭൈരവി, ശൂലിനി തുടങ്ങി പല പേരുകളിലും ദുർഗ്ഗ അറിയപ്പെടുന്നു.

ദുർഗ്ഗോൽപ്പത്തി

[തിരുത്തുക]

രുരുവിന്റെ പുത്രനായി ദുർഗ്ഗമൻ എന്നൊരു അസുരനുണ്ടായിരുന്നു. അവൻ ചിന്തിച്ചു. ദേവന്മാർക്ക് ആശ്രയം വേദമാണ്. വേദത്തിനു നാശമുണ്ടായാൽ യജ്ഞങ്ങൾക്കും ധർമ്മത്തിനും നാശമുണ്ടാകും. അതോടെ ദേവന്മാർ മുടിയും. ഈ ചിന്തയോടെ ദുർഗ്ഗമൻ ബ്രഹ്‌മാവിനെ തപസ്സു ചെയ്തു പ്രത്യക്ഷനാക്കി വരം ചോദിച്ചു. മടിയോടെയെങ്കിലും ബ്രഹ്‌മാവ്‌ ദുർഗ്ഗമന് ഇഷ്ടവരം നൽകി. അസുരൻ വേദങ്ങൾ ഏറ്റുവാങ്ങിയതോടെ മഹർഷിമാർ മന്ത്രം മറന്നു. സ്നാനം ജപം തർപ്പണം ഹോമം തപം നന്മകൾ എന്നിവയെല്ലാം അപ്രത്യക്ഷമായി. അക്രമവും അധർമ്മവും നടമാടിയതോടെ അസുരന്മാർ മഹാബലവാന്മാരും ദേവന്മാർ ദുർബലരുമായിത്തീർന്നു. ലോകത്തെല്ലാം അരാജകത്വവും മഹാക്ഷാമവും പിടികൂടി. ദേവന്മാർ ഗുഹകളിൽ ഓടിയൊളിച്ചു. ഭൂമി കരിഞ്ഞുണങ്ങി. വൃക്ഷലതാദികൾ നശിച്ചു. നൂറുകൊല്ലം മഴയില്ലാതിരുന്നു. പക്ഷി -മൃഗാദികളും മനുഷ്യരും ചത്തു വീണു. കുളം, കൂപം, തടാകങ്ങൾ,പുഴകൾ എന്നിവ വറ്റി വരണ്ടു. വേനലിൽ നീറി നീറി ഭൂമി നൂറ്റാണ്ടുകൾ നിന്നു.

ലോകം ഇത്തരത്തിലായപ്പോൾ ദേവന്മാർ ഹിമാലയസാനുക്കളിലെത്തി ആദിപരാശക്തിയെ സ്തുതിച്ചു. ഒടുവിൽ ജഗദംബ പാർവതി നീലനിറത്തിലുള്ള മനോഹരമായ കണ്ണുകളോടും തൃക്കയ്യിൽ വില്ലും ശരങ്ങളും ധരിച്ചുകൊണ്ടും വൃക്ഷലതാദികളുടെ വർണ്ണമായ പച്ചനിറത്തോടുകൂടി ദേവന്മാർക്കു പ്രത്യക്ഷയായി. തുടർന്നു ഭഗവതി മനോഹരമായ ആയിരം കണ്ണുള്ളവളായി മനോഹരമായ കണ്ണുകളിൽ നിന്നും അമൃതമയമായ ജലം വർഷിച്ചു തുടങ്ങി. ഭഗവതി വർഷിച്ച ജലത്താൽ ഭൂമിയിൽ സസ്യങ്ങൾ കിളിർക്കുകയും ലോകത്തിലെ ചരാചരങ്ങൾ സുഖം പ്രാപിക്കുകയും ചെയ്തു . ഇത് കാരണം പരാശക്തിക്ക് ശക്താക്ഷി എന്ന് പേരുണ്ടായി. തുടർന്ന് തന്റെ കയ്യിലുള്ള അക്ഷയമായ ഫലമൂലങ്ങൾ നൽകി ഭഗവതി ജീവികളുടെ വിശപ്പ് തീർത്തു, പ്രാണരക്ഷ ചെയ്തു . ഇത്തരത്തിൽ ശാകം (ഫലമൂലങ്ങൾ ) നൽകി ഭരിക്കുകയാൽ ഭഗവതിക്ക് ശാകംഭരി എന്നും പേരുണ്ടായി .

ദുർഗ്ഗമൻ ഇതറിഞ്ഞു അവിടെയെത്തി. തുടർന്ന് ഭഗവതി അസുരന്മാരുമായി യുദ്ധമാരംഭിച്ചു. ഘോരമായ യുദ്ധത്തിൽ ദുർഗ്ഗമനെ നിഗ്രഹിച്ചു. വേദങ്ങളെ വീണ്ടെടുത്ത് ദേവന്മാർക്കും മുനിമാർക്കും നല്കിയനുഗ്രഹിച്ചു. ദുർഗ്ഗമനെ വധിക്കുകയാൽ ഭഗവതിക്ക് ദുർഗ്ഗ എന്നു പേരുണ്ടായി. അത് കൂടാതെ ഗണേശ ജനനിയായ ദുർഗാ എന്നാണ് ദേവി ഭാഗവതത്തിൽ പഞ്ച ദേവിമാരിൽ ശ്രീ ദുർഗ്ഗാ ഭഗവതിയെ സംബോധന ചെയ്യുന്നത്.

അതിനു ശേഷം മഹാമായ വേദങ്ങൾ തന്റെ ശരീരമാണെന്നും അതിനാൽ അവയെ വളരെ ശ്രദ്ധയോടെ സംരക്ഷിച്ചു കൊള്ളണമെന്നും മുനിമാർക്കു നിർദ്ദേശം നൽകിയിട്ട് അപ്രത്യക്ഷയായി .[ദേവീ ഭാഗവതം , സപ്തമസ്കന്ധം , അദ്ധ്യായം 28].[1]

പ്രാർത്ഥനാ ശ്ലോകങ്ങൾ

[തിരുത്തുക]

ജ്ഞാനിനാമപി ചേതാംസി ദേവീ ഭഗവതി ഹി സാ ബലാദാകൃഷ്യ മോഹായ മഹാമായാ പ്രയച്ഛതി (1)

ദുർഗ്ഗേ സ്മൃതാ ഹരസി ഭീതിമശേഷജന്തോഃ സ്വസ്ഥൈഃ സ്മൃതാ മതിമതീവ ശുഭാം ദദാസി ദാരിദ്ര്യദുഃഖഭയഹാരിണി കാ ത്വദന്യാ സർവ്വോപകാരകരണായ സദാർദ്രചിത്താ (2)

സർവ്വമംഗളമാംഗല്യേ ശിവേ സർവ്വാർത്ഥസാധികേ ശരണ്യേ ത്ര്യംബകേ ഗൗരീ നാരായണി നമോസ്തുതേ (3)

ശരണാഗത ദീനാർത്ത പരിത്രാണപരായണേ സർവ്വസ്യാർത്തിഹരേ ദേവീ നാരായണി നമോസ്തുതേ (4)

സർവ്വസ്വരൂപേ സർവ്വേശേ സർവ്വശക്തി സമന്വിതേ ഭയേഭ്യ സ്ത്രാഹിനോ ദേവി ദുർഗ്ഗേ ദേവി നമോസ്തുതേ (5)

ജ്വാലാ കരാള മത്യുഗ്രം അശേഷാസുരസൂദനം തൃശൂലം പാതു നോ ഭീതേർ ഭദ്രകാളി നമോസ്തുതേ (6)

രോഗാന ശേഷാന പഹംസി തുഷ്ടാ രുഷ്ടാ തു കാമാൻ സകലാനഭീഷ്ടാൻ ത്വാമാശ്രിതാനാം ന വിപന്നരാണാം ത്വാമാശ്രിതാ ഹ്യാശ്രയതാം പ്രയാന്തി (7)

സർവ്വബാധാ പ്രശമനം ത്രൈലോകസ്യാഖിലേശ്വരീ ഏവമേവ ത്വയാ കാര്യം അസ്മദ്വൈരി വിനാശനം (8)

ദേവി മാഹാത്മ്യം

അംബികാ അനാദിനിധനാ ആശ്വാരൂഡാ അപരാജിത

ദുർഗ്ഗായൈ ദുർഗ്ഗപാരായൈ സാരായൈ സർവ്വകാരിണ്യൈ ഖ്യാത്യൈ തഥൈവ കൃഷ്ണായൈ ധൂമ്രായൈ സതതം നമഃ

യാ ദേവീ സർവ്വ ഭൂതേഷു ശക്തിരൂപേണ സംസ്ഥിതാ നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമ:

കാത്യായനീ മഹാമായേ ഭവാനീ ഭുവനേശ്വരീ സംസാരസാഗരേ മഗ്നം ദീനം മാം കരുണാമയീ ബ്രഹ്മവിഷ്ണുശിവാരാദ്ധ്യേ പ്രസീദ ജഗദംബികേ മനോഭിലഷിതം ദേവീ വരംദേഹീ നമോസ്തുതേ.

ആയുർദേഹി ധനംദേഹി വിദ്യാം ദേഹി മഹേശ്വരീ സമസ്തമഖിലം ദേഹി ദേഹിമേ പരമേശ്വരീ.

ലളിതേ സുഭഗേ ദേവി

സുഖസൗഭാഗ്യദായിനി

അനന്തം ദേഹി സൗഭാഗ്യം

മഹ്യം തുഭ്യം നമോനമ:

അന്യഥാ ശരണം നാസ്തി ത്വമേവ ശരണം മമ തസ്മാത് കാരുണ്യഭാവേന രക്ഷരക്ഷ മഹേശ്വരീ.

പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ

[തിരുത്തുക]

പ്രസിദ്ധ ക്ഷേത്രങ്ങൾ

[തിരുത്തുക]
  • കൊല്ലൂർ മൂകാംബിക ക്ഷേത്രം, കൊല്ലൂർ, ഉഡുപ്പി ജില്ല, കർണ്ണാടക
  • കന്യാകുമാരി ബാലാംബിക ക്ഷേത്രം, തമിഴ്നാട്
  • പാലക്കാട്‌ ഹേമാംബിക ക്ഷേത്രം, എമൂർ
  • കൊടുങ്ങല്ലൂർ ശ്രീകുരുംമ്പ ഭഗവതി ക്ഷേത്രം
  • ആറ്റുകാൽ ശ്രീ ഭഗവതി ക്ഷേത്രം, തിരുവനന്തപുരം
  • മധുരൈ മീനാക്ഷി ക്ഷേത്രം, മധുര, തമിഴ്നാട്
  • കാഞ്ചിപുരം കാമാക്ഷി ക്ഷേത്രം, കാഞ്ചിപുരം, തമിഴ്നാട്
  • വാരാണസി ദുർഗ്ഗ, കാശി
  • വൈഷ്ണോ ദേവി ഗുഹാ ക്ഷേത്രം, കത്ര, ജമ്മു കശ്മീർ
  • മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രം, കന്യാകുമാരി
  • ചോറ്റാനിക്കര ശ്രീ ഭഗവതി ക്ഷേത്രം, എറണാകുളം
  • കാടാമ്പുഴ ഭഗവതി ക്ഷേത്രം, മലപ്പുറം
  • കുമാരനെല്ലൂർ ശ്രീ ഭഗവതി ക്ഷേത്രം, കോട്ടയം
  • കുറ്റിക്കാട്ട് ഭഗവതി ക്ഷേത്രം, കോട്ടയം
  • ചക്കുളത്ത്കാവ് ശ്രീ ഭഗവതി ക്ഷേത്രം, നീരേറ്റുപുറം, ആലപ്പുഴ (തിരുവല്ലയ്ക്ക് സമീപം)
  • ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം, മാവേലിക്കര
  • മലയാലപ്പുഴ ദേവി ക്ഷേത്രം, പത്തനംതിട്ട
  • പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം, കോട്ടയം
  • ചെങ്ങന്നൂർ ഭഗവതി (മഹാദേവ) ക്ഷേത്രം, ആലപ്പുഴ
  • ഊരകം അമ്മത്തിരുവടി ക്ഷേത്രം, തൃശൂർ
  • മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്രം, ആലപ്പുഴ
  • കണിച്ചു കുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം, ആലപ്പുഴ
  • കാട്ടിൽ മേക്കതിൽ ശ്രീദേവി ക്ഷേത്രം, പൊന്മന, കൊല്ലം (ചവറയ്ക്ക് സമീപം)
  • ഊരകത്തമ്മ തിരുവടി ക്ഷേത്രം, തൃശ്ശൂർ
  • മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം, കണ്ണൂർ
  • മാമാനികുന്ന് മഹാദേവി ക്ഷേത്രം, കണ്ണൂർ
  • വളയനാട് ദേവിക്ഷേത്രം, കോഴിക്കോട്
  • ലോകനാർക്കാവ് ഭഗവതി ക്ഷേത്രം, വടകര, കോഴിക്കോട്
  • ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം, കണ്ണൂർ
  • തേക്കടി മംഗളാദേവി ക്ഷേത്രം, ഇടുക്കി
  • വള്ളിയാംകാവ് ദേവി ക്ഷേത്രം, പെരുവന്താനം, ഇടുക്കി (മുണ്ടക്കയത്തിന് സമീപം)
  • അമരങ്കാവ് വനദുർഗ്ഗാ ക്ഷേത്രം, തൊടുപുഴ, ഇടുക്കി
  • അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രം
  • ചേർത്തല കാർത്യായനി ക്ഷേത്രം
  • ചാല ഭഗവതി ക്ഷേത്രം, കണ്ണൂർ
  • ശംഖ്‌മുഖം ദേവി ക്ഷേത്രം, തിരുവനന്തപുരം
  • കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം, തിരുവനന്തപുരം
  • പല്ലശന മീൻകുളത്തി ഭഗവതി ക്ഷേത്രം, പാലക്കാട്‌
  • വരയ്ക്കൽ ദുർഗ്ഗാദേവി ക്ഷേത്രം, കോഴിക്കോട്
  • പേട്ട ശ്രീ പഞ്ചമി ദേവി ക്ഷേത്രം, തിരുവനന്തപുരം
  • വെള്ളൂർ ആലുംതാഴം ശ്രീ മഹാവാരാഹി ദേവിക്ഷേത്രം, അന്തിക്കാട്, തൃശൂർ
  • കുമ്പളപള്ളി ശ്രീ വാരാഹി ദേവിക്ഷേത്രം, മാരാരിക്കുളം വടക്ക്, (കണിച്ചു കുളങ്ങര ക്ഷേത്രത്തിന് സമീപം), ആലപ്പുഴ
  • കാട്ടിൽ മേക്കത്തിൽ ശ്രീദേവി ക്ഷേത്രം, പൊന്മന, കൊല്ലം
  • മൂക്കുതല കീഴേക്കാവ് ദുർഗ്ഗാ ഭഗവതി ക്ഷേത്രം, മലപ്പുറം ജില്ല
  • മൂക്കുതല (മുക്തിസ്ഥല), മേലേക്കാവ് (ആദിപരാശക്തി ഭാവം), മലപ്പുറം ജില്ല
  • എളവള്ളി ദുർഗ്ഗാ ഭഗവതി ക്ഷേത്രം
  • പിഷാരിക്കൽ ദുർഗ്ഗാ ഭഗവതി ക്ഷേത്രം, ചാലിശ്ശേരി
  • എടക്കളത്തൂർ ദുർഗ്ഗാ ഭഗവതി ക്ഷേത്രം
  • ദുർഗ്ഗാ ഭഗവതി ക്ഷേത്രം, കാണിപ്പയ്യൂർ

ചെറിയ ക്ഷേത്രങ്ങൾ, കുടുംബ ക്ഷേത്രങ്ങൾ, കാവുകൾ

[തിരുത്തുക]

കേരളത്തിലെ ചില നമ്പൂതിരി ഇല്ലങ്ങളായ കൊളത്താപ്പള്ളി മന, കണ്ണമംഗലം മന, മുല്ലമംഗലം മന, അണ്ടലാടി മന, പെരിണ്ടിരി ചേന്നാസ് പുഴക്കര ചേന്നാസ് , ഏർക്കര, കല്ലൂർ മന, കരുമത്താഴത്ത് മണ്ണൂർ മന, തൊഴുവാനൂർ മന, മഴവഞ്ചേരി മന, കടലായിൽ മന, എളേടം മന, പുലിയന്നൂർ മന, ആഴ്വാഞ്ചേരി മന, മുണ്ടയൂർ മന, പുതുവായ മന, കൽപ്പുഴ മന, വടക്കേടത്ത് മന, തേക്കടത്ത് മന, പടിഞ്ഞാറേടത്ത് മന, കിഴക്കേടത്ത് മന, കൽപ്പുഴ മന തുടങ്ങിയ ഇല്ലങ്ങളിൽ ദുർഗ്ഗാ ഭഗവതിയുടെ ആരാധന കാണാം.

108 ദുർഗ്ഗാലയങ്ങൾ

[തിരുത്തുക]

ഗോകർണ്ണം മുതൽ കന്യാകുമാരി വരെ അറുപത്തിനാല് ഗ്രാമങ്ങളിൽ പരശുരാമൻ പ്രതിഷ്ഠ ചെയ്തു എന്ന് വിശ്വസിക്കുന്ന നൂറ്റിയെട്ട് ദുർഗ്ഗാലയങ്ങൾ, പകുതി ഇന്നത്തെ കർണാടകയിലും പകുതി കേരളത്തിലുമായാണ്. ഇരുപത് ദുർഗ്ഗ ക്ഷേത്രങ്ങൾ തൃശൂർ ഉണ്ട്. ആറ്റുകാൽ, കൊടുങ്ങല്ലൂർ, ചക്കുളത്തു ഭഗവതി, ചെട്ടികുളങ്ങര എന്നിവിടങ്ങളിൽ ഭദ്രകാളി ആണ്, മൃദംഗശൈലേശ്വരിയിൽ ദുർഗ്ഗാ ഭഗവതിയാണ് ഈ ക്ഷേത്രങ്ങൾ നൂറ്റിയെട്ടിൽ ഉൾപ്പെടില്ല . പരശുരാമനാൽ പ്രതിഷ്ഠ ചെയ്ത ക്ഷേത്രങ്ങൾ മാത്രമേ 108 ദുർഗ്ഗാലയങ്ങളിൽ ഉൾപ്പെടുകയുള്ളൂ.

നൂറ്റിയെട്ട് ദുർഗ്ഗാലയങ്ങൾ:

1) ചോറ്റാനിക്കര ഭഗവതി ക്ഷേത്രം, എറണാകുളം

2) കുമാരനെല്ലൂർ ഭഗവതി ക്ഷേത്രം, കോട്ടയം

3) കാടാമ്പുഴ ഭഗവതി ക്ഷേത്രം, മലപ്പുറം

4) കൊല്ലൂർ മൂകാംബിക ക്ഷേത്രം, കർണാടക

5) കന്യാകുമാരി ബാലാംബിക ദേവി ക്ഷേത്രം

6) ആവണംകോട് സരസ്വതി ക്ഷേത്രം, ആലുവ, എറണാകുളം

7) ചെങ്ങന്നൂർ ദേവി ക്ഷേത്രം (ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം), ആലപ്പുഴ ജില്ല

8) തേക്കടി മംഗളാദേവി ക്ഷേത്രം, ഇടുക്കി

9) ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രം, കണ്ണൂർ

10) പാലാരിവട്ടം രാജരാജേശ്വരി ക്ഷേത്രം, എറണാകുളം

11) ചെമ്പൂക്കാവ് കാർത്യായനി ക്ഷേത്രം, തൃശൂർ

12) വെളുത്താട്ട് വടക്കൻ ചൊവ്വാ ഭഗവതി ക്ഷേത്രം, വടക്കൻ പറവൂർ, എറണാകുളം

13) ചെങ്ങണംകോട്ട് ഭഗവതി ക്ഷേത്രം, പട്ടാമ്പി, പാലക്കാട്

14) ചെങ്ങളത്തുകാവ് ദേവിക്ഷേത്രം, കോട്ടയം

15) വടക്കേ ഏഴിലക്കര ഭഗവതി ക്ഷേത്രം

16) ചേർപ്പ് ഭഗവതി ക്ഷേത്രം, തൃശൂർ

17) ചാത്തന്നൂർ ഭഗവതി ക്ഷേത്രം

18) ചേർത്തല കാർത്യായനി ക്ഷേത്രം, ആലപ്പുഴ

19) ചിറ്റണ്ട കാർത്യായനി ക്ഷേത്രം, തൃശൂർ

20) ഐങ്കുന്ന് പാണ്ഡവഗിരി ദേവി ക്ഷേത്രം, തൃശൂർ

21) ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം, തൃശൂർ

22) എടക്കുന്നി ഭഗവതി ക്ഷേത്രം, തൃശൂർ

23) ഇടപ്പളളി അഞ്ചുമന ഭഗവതി ക്ഷേത്രം, എറണാകുളം

24) എടലേപ്പിള്ളി ദുർഗ്ഗ ക്ഷേത്രം, നന്ദിപുരം, തൃശൂർ

25) എടയന്നൂർ ഭഗവതി ക്ഷേത്രം

26) എളുപ്പാറ ഭഗവതി ക്ഷേത്രം

27) ഇങ്ങയൂർ ഭഗവതി ക്ഷേത്രം

28) ഇരിങ്ങോൾക്കാവ്, പെരുമ്പാവൂർ, എറണാകുളം

29) കടലശേരി ഭഗവതി ക്ഷേത്രം

30) കടലുണ്ടി ദേവിക്ഷേത്രം

31) കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രം

32) അയ്യന്തോൾ കാർത്യായനി ക്ഷേത്രം, തൃശൂർ

33) കടപ്പൂർ ദേവി ക്ഷേത്രം

34) കാമേക്ഷി ഭഗവതി ക്ഷേത്രം

35) കണ്ണന്നൂർ ഭഗവതി ക്ഷേത്രം

36) അയിരൂർ പിഷാരിക്കൽ ദുർഗ്ഗ ക്ഷേത്രം, എറണാകുളം

37) കാരമുക്ക് ഭഗവതി ക്ഷേത്രം, തൃശൂർ

38) കാരയിൽ ഭഗവതി ക്ഷേത്രം

39) മയിൽപ്പുറം ഭഗവതി ക്ഷേത്രം

40) കരുവലയം ഭഗവതി ക്ഷേത്രം

41) കാപീട് ഭഗവതി ക്ഷേത്രം

42) കടലൂർ ഭഗവതി ക്ഷേത്രം

43) കാട്ടൂർ ദുർഗ്ഗ ക്ഷേത്രം

44) വേങ്ങൂർ ഭഗവതി ക്ഷേത്രം

45) കിടങ്ങോത്ത് ഭഗവതി ക്ഷേത്രം

46) കീഴഡൂർ ഭഗവതി ക്ഷേത്രം

47) വിളപ്പായ ഭഗവതി ക്ഷേത്രം

48) കൊരട്ടി ചിറങ്ങര ദേവി ക്ഷേത്രം, തൃശൂർ

49) വയക്കൽ ദുർഗ്ഗ ക്ഷേത്രം

50) വിളയംകോട് ഭഗവതി ക്ഷേത്രം

51) കോതകുളങ്ങര ഭഗവതി ക്ഷേത്രം

52) അന്തിക്കാട് കാർത്യായനി ക്ഷേത്രം, തൃശൂർ

53) കുറിഞ്ഞിക്കാവ് ദുർഗക്ഷേത്രം

54) കുട്ടനെല്ലൂർ ഭഗവതി ക്ഷേത്രം

55) മാങ്ങാട്ടുക്കാവ് ഭഗവതി ക്ഷേത്രം

56) വിരണ്ടത്തൂർ ഭഗവതി ക്ഷേത്രം

57) മടിപ്പെട്ട ഭഗവതി ക്ഷേത്രം

58) അഴിയൂർ ഭഗവതി ക്ഷേത്രം

59) മാണിക്യമംഗലം കാർത്യായനി ക്ഷേത്രം, കാലടി, എറണാകുളം

60) മറവഞ്ചേരി ഭഗവതി ക്ഷേത്രം

61) മരുതൂർ കാർത്യായനി ക്ഷേത്രം, തൃശൂർ

62) മേഴക്കുന്നത്ത് ഭഗവതി ക്ഷേത്രം

63) ആറ്റൂർ കാർത്യായനി ക്ഷേത്രം, മുള്ളൂർക്കര, തൃശൂർ

64) മുക്കോല ഭഗവതി ക്ഷേത്രം

65) നെല്ലൂർ ഭഗവതി ക്ഷേത്രം

66) നെല്ലുവായിൽ ഭഗവതി ക്ഷേത്രം

67) ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രം, പാലക്കാട്

68) അഴകം ദേവി ക്ഷേത്രം, കൊടകര, തൃശൂർ

69) പന്നിയങ്കര ദുർഗ്ഗ ക്ഷേത്രം

70) പന്തല്ലൂർ ഭഗവതി ക്ഷേത്രം, തൃശൂർ

71) പത്തിയൂർ ദുർഗ്ഗ ക്ഷേത്രം ,ആലപ്പുഴ

72) ചേരനെല്ലൂർ ഭഗവതി ക്ഷേത്രം

73) പേരൂർക്കാവ് ദുർഗ്ഗ ക്ഷേത്രം

74 പേരണ്ടിയൂർ ദേവി ക്ഷേത്രം

75) പിഷാരിക്കൽ ഭഗവതി ക്ഷേത്രം, തൃശൂർ

76) പോത്തന്നൂർ ദുർഗ്ഗ ക്ഷേത്രം

77) പുന്നാരിയമ്മ ക്ഷേത്രം

78) പുതുക്കോട് അന്നപൂർണ്ണേശ്വരി ക്ഷേത്രം

79) പുതൂർ ദുർഗ്ഗ ക്ഷേത്രം

80) പൂവത്തശ്ശേരി ദുർഗ്ഗ ക്ഷേത്രം

81) ഋണനാരായണം ദേവിക്ഷേത്രം

82) ഭക്തിശാല ഭഗവതി ക്ഷേത്രം

83) ശിരസിൽ ദേവി ക്ഷേത്രം

84) തൈക്കാട്ടുശ്ശേരി ദുർഗ്ഗ ക്ഷേത്രം, തൃശൂർ

85) തത്തപ്പള്ളി ദുർഗ്ഗ ക്ഷേത്രം

86) തെച്ചിക്കോട്ടുക്കാവ് ദുർഗ്ഗ

87) തേവലക്കോട് ദേവിക്ഷേത്രം

88) തിരുക്കുളം ദേവി ക്ഷേത്രം

89) തിരുവല്ലത്തൂർ ദേവി ക്ഷേത്രം

90) തോട്ടപ്പള്ളി ദേവി ക്ഷേത്രം, തൃശൂർ

91) തൊഴുവന്നൂർ ഭഗവതി ക്ഷേത്രം

92) തൃച്ചമ്പരം ഭഗവതി ക്ഷേത്രം, കണ്ണൂർ

93) തൃക്കണ്ടിക്കാവ് ഭഗവതി

94) തൃക്കാവ് ദുർഗ്ഗ

95) തൃപ്പേരി ഭഗവതി

96) ഉളിയന്നൂർ ദേവി ക്ഷേത്രം

97) ഉണ്ണന്നൂർ ദേവി ക്ഷേത്രം

98) ഊരകത്തമ്മ തിരുവടി ക്ഷേത്രം, തൃശൂർ

99) ഉഴലൂർ ദേവി ക്ഷേത്രം

100) വള്ളോട്ടിക്കുന്ന് ദുർഗ്ഗ ക്ഷേത്രം

101) വള്ളൂർ ദുർഗ്ഗ ക്ഷേത്രം

102) വരക്കൽ ദുർഗ്ഗ ക്ഷേത്രം

103) കിഴക്കാണിക്കാട് ദേവിക്ഷേത്രം

104) വെളിയന്നൂർ ദേവി ക്ഷേത്രം

105) ഭക്തിശാല ക്ഷേത്രം

106) വെളളികുന്ന് ഭഗവതി ക്ഷേത്രം

107) വലിയപുരം ദേവി ക്ഷേത്രം

108) കുരിങ്ങാച്ചിറ ദേവി ക്ഷേത്രം

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. [ദേവീ ഭാഗവതം , സപ്തമസ്കന്ധം , അദ്ധ്യായം 28]


ഹിന്ദു ദൈവങ്ങൾ

ഗണപതി | ശിവൻ | ബ്രഹ്മാവ് | മഹാവിഷ്ണു | ദുർഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമൻ | ഹനുമാൻ | ശ്രീകൃഷ്ണൻ | സുബ്രമണ്യൻ‍ | ഇന്ദ്രൻ | ശാസ്താവ്| കാമദേവൻ | യമൻ | കുബേരൻ | സൂര്യദേവൻ | വിശ്വകർമ്മാവ്

"https://ml.wikipedia.org/w/index.php?title=ദുർഗ്ഗ&oldid=4121941" എന്ന താളിൽനിന്ന് ശേഖരിച്ചത്