Jump to content

ദ വൈറ്റ് മാൻസ് ബേർഡൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'ലൈഫ്' മാസിക 1899-ൽ പ്രസിദ്ധീകരിച്ച ഈ കുസൃതിപ്പടം, വെളുത്ത മനുഷ്യരെ കോളണിജനത ചുമക്കുന്നതായി ചിത്രീകരിച്ച്, കിപ്ലിംഗിന്റെ കവിതയിലെ അവകാശവാദത്തെ പരിഹസിക്കുന്നു.

ആംഗലകവി റുഡ്യാഡ് കിപ്ലിംഗിന്റെ ഒരു കവിതയാണ് ദ വൈറ്റ് മാൻസ് ബേർഡൺ അല്ലെങ്കിൽ "വെളുത്ത മനുഷ്യന്റെ ചുമട്". ഫിലിപ്പീൻസിലെ അമേരിക്കൻ കോളണിഭരണത്തിന്റെ ആരംഭത്തിനടുത്ത് 1899-ലായിരുന്നു ഈ കവിത ആദ്യം പരസിദ്ധീകരിച്ചത്. "അമേരിക്കൻ ഐക്യനാടുകളും ഫിലിപ്പീൻ ദ്വീപുകളും" എന്ന ഉപശീർഷകം കൂടി അന്ന് അതിനുണ്ടായിരുന്നു. ഇതരജനതകളെ പാശ്ചാത്യസംസ്കൃതിയുടെ നന്മകൾ പകർന്നു നൽകി ഉയർത്തിയെടുക്കാനായി വെളുത്ത മനുഷ്യനു വിധിച്ചു കിട്ടിയ ത്യാഗവും ദൗത്യവുമായി കോളനീകരണത്തെ ഈ കവിതയിൽ കിപ്ലിംഗ് ഉദാത്തീകരിക്കുന്നു.[1] സാമ്രാജ്യസ്ഥാപനത്തിന് വെള്ളക്കാരനെ ആഹ്വാനം ചെയ്യുന്ന കവി, അതിനു കൊടുക്കേണ്ടി വരുന്ന വിലയെക്കുറിച്ചുള്ള മുന്നറിയിപ്പു കൂടി നൽകിയിരുന്നെങ്കിലും അമേരിക്കൻ ഐക്യനാടുകളിലെ സാമ്രാജ്യവാദികൾ ഈ കവിതയെ കോളനീകരണത്തിന്റെ അസന്ദിഗ്ദ്ധമായ ന്യായീകരണമായി ഉയർത്തിക്കാട്ടി. പിൽക്കാലത്ത് ഐക്യനാടുകളുടെ രാഷ്ട്രപതിയായ തിയോഡർ റൂസ്‌വെൽറ്റ് "വെള്ളക്കാരന്റെ ചുമടിനെ" നിലവാരം കുറഞ്ഞ കവിതയായി വിലയിരുത്തിയെങ്കിലും, അമേരിക്കയുടെ സാമ്രാജ്യമോഹത്തെ പിന്തുണക്കുന്നതിന്റെ പേരിൽ സ്വാഗതം ചെയ്തു. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ സ്തുതിഗീതം എന്ന് ഈ കവിത വിശേഷിക്കപ്പെട്ടിട്ടുണ്ട്.[2]

ഇതരജനതകളെ അവരുടെ നന്മക്കു വേണ്ടി ഭരിക്കാൻ യൂറോപ്യൻ വംശജരെ ആഹ്വാനം ചെയ്യുന്ന 'ചുമട്', വംശഗർവിന്റേയും, വികസ്വരരാജ്യങ്ങളിൽ മേധാവിത്വം സ്ഥാപിക്കാനുള്ള പ്രവണതയുടേയും പ്രതീകമായി കണക്കാക്കപ്പെടുന്നു. പ്രസിദ്ധീകരണത്തിന് ഒരു നൂറ്റാണ്ടിനു ശേഷവും ഈ കവിത പലവിധത്തിലുള്ള തീവ്രപ്രതികരണങ്ങൾ ഉണർത്തിക്കൊണ്ട് പ്രസക്തി നിലനിർത്തുന്നു. "വെളുത്ത മനുഷ്യന്റെ ചുമട്" എന്ന ആശയത്തിന്റെ വിപരീതാർത്ഥത്തിലുള്ള പ്രയോഗം പാശ്ചാത്യകൊളോണിയൽ പൈതൃകത്തിന്റെ വിമർശനത്തിൽ സാധാരണമാണ്.

അതേസമയം പല വീക്ഷണതലങ്ങളിൽ നിന്നു വായിക്കാവുന്ന ഈ കവിതയെ കേവലം സാമ്രാജ്യത്വത്തിന്റെ സ്തോത്രഗീതമായി കാണുന്നത് ലളിതവൽക്കരിക്കപ്പെട്ട വായനയാണെന്നു കരുതുന്നവരുണ്ട്. ആക്ഷേഹാസ്യരചനകളുടെ കൂടി ചരിത്രമുള്ള കിപ്ലിംഗ് ഈ കവിതയിൽ വംശമേന്മയുടെ ഘോഷണത്തിന്റെ നാട്യത്തിൽ സാമ്രാജ്യത്വമനോഭാവത്തെ ഹാസ്യാനുകരണത്തിലൂടെ വിമർശിക്കുകയാണെന്നും അവർ വാദിക്കുന്നു. സാമ്രാജ്യത്വസംവേദനയുടെ ചിത്രീകരണത്തിൽ കിപ്ലിംഗ് ഉപയോഗിക്കുന്നത്, എല്ലാ മനുഷ്യോദ്യമങ്ങളേയും നിലനില്പില്ലാത്ത വൃഥാപ്രയത്നമായി കാണുന്ന സന്ദേഹവാദിയുടെ വക്രോക്തിയാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. ദ ലിറ്ററേച്ചർ നെറ്റ്‌വർക്കിൽ വൈറ്റ്മാൻസ് ബേർഡന്റെ പാഠം
  2. History Matters, The US Survey course on the web, “The White Man’s Burden”: Kipling’s Hymn to U.S. Imperialism"
"https://ml.wikipedia.org/w/index.php?title=ദ_വൈറ്റ്_മാൻസ്_ബേർഡൺ&oldid=1879142" എന്ന താളിൽനിന്ന് ശേഖരിച്ചത്