നമ്പ്യാർ (അമ്പലവാസി ജാതി)
കേരളത്തിലെ അമ്പലവാസി സമൂഹത്തിലെ ഒരു വിഭാഗമാണ് നമ്പ്യാർ അഥവാ നമ്പിയാർ. അമ്പലവാസികളായ നമ്പ്യാന്മാർ മൂന്നു വിധത്തിലുണ്ട് - മിഴാവു നമ്പ്യാർ, ചെങ്ങഴി നമ്പ്യാർ, തിയ്യാടി നമ്പ്യാർ. പുഷ്പകന്മാരിലും നമ്പീശന്മാരിലും ചിലരെ നമ്പ്യാരെന്നു വിളിക്കാറുണ്ട്. അവർക്കു പൂണൂലുണ്ടായിരിക്കും.
മിഴാവു നമ്പ്യാർ
[തിരുത്തുക]ചാക്യാർക്കൂത്തിൽ മിഴാവു കൊട്ടുകയാണ് ഇവരുടെ കുലത്തൊഴിൽ. സ്ത്രീകൾ നങ്ങിയാർ അല്ലെങ്കിൽ നങ്ങ്യാർ. മരുമക്കത്തായക്കാരാണ് ഇവർ. സ്ത്രീകൾ സ്വജാതിക്കാരെയും ബ്രാഹ്മണരെയും വിവാഹം കഴിച്ചുവരുന്നു. പൂണൂൽ ഇല്ല. ചാക്യാർ നമ്പ്യാർ എന്നും ഇവർ അറിയപ്പെടാറുണ്ട്.
ചെങ്ങഴി നമ്പ്യാർ
[തിരുത്തുക]കേരളത്തിലെ തൃശൂർ ജില്ലയിൽപെട്ട തലപ്പിള്ളി താലൂക്കിലെ ചെങ്ങഴിനാട് (ചെങ്ങഴിക്കോട് ) പ്രദേശം കേന്ദ്രമാക്കിയുള്ള ഒരു ചെറുസമുദായമാണ് ചെങ്ങഴിനമ്പി എന്ന ചെങ്ങഴി നമ്പ്യാർ. ശുകപുരം ആഴ്‌വാഞ്ചേരിതമ്പ്രാക്കളുടെ വംശത്തിൽപ്പെട്ടവർ ആണെന്നും, പന്നിയൂർ , ശുകപുരം ഗ്രാമങ്ങൾ തമ്മിലുള്ള വഴക്കിൽ ഇടപെട്ട് ആയുധം ഉപയോഗിച്ച് യുദ്ധം ചെയ്തതിനാൽ ആഭിജാത്യത്തിൽ ന്യൂനത സംഭവിച്ചു എന്നുമുള്ള ഒരു ഐതിഹ്യം ഇവർക്കുണ്ട്. ചെങ്ങഴി നമ്പ്യാർക്ക് ചെങ്ങഴിനാട് നാടുവാഴി (യാഗാധികാരി) എന്നീ പദവി ഉണ്ടായിരുന്നതിനാൽ ക്ഷേത്രത്തിൽ അമ്പലവാസികളെപ്പോലെ പ്രവർത്തികൾ ഒന്നും തന്നെ ഇല്ല. എന്നാൽ ഇവർ ഷോഡശസംസ്കാരങ്ങൾ ആചരിക്കുന്നവരാണ്. ഇവരുടെ ആചാരാനുഷ്ഠാനങ്ങൾക്ക് ബ്രഹ്മക്ഷത്രിയസമുദായങ്ങൾ എന്നറിയപ്പെടുന്ന വാൾനമ്പി, നമ്പിടി, നമ്പ്യാതിരി തുടങ്ങിയ ജാതികളുറ്റെ ആചാരങ്ങളുമായി ചില സാമ്യതകളുണ്ട്.
ചെങ്ങഴി നമ്പ്യാന്മാരുടെ നാലു താവഴികളാണുള്ളത്. ഇതിൽ മൂത്തതാവഴി തെക്കെപ്പാട്ട് നമ്പിമാർക്ക് ഋഗ്വേദീയ ആശ്വലായന (പകഴിയൻ) ആചാരാനുഷ്ഠാനങ്ങളും, ക്രിയാസ്ഥാനത്തിന് നമ്പൂതിരിമാരുമാണ്. മൂത്തതാവഴിക്ക് ചെങ്ങഴിക്കോട് യാഗാധികാരി, നാടുവാഴി എന്നീ സ്ഥാനങ്ങളുമുണ്ട്. എന്നാൽ ഓത്തില്ല. ക്ഷേത്രമണ്ഡപത്തിൽ കയറാനും മണിയടിച്ചു തൊഴാനും അധികാരമുണ്ട്. മറ്റ് മൂന്ന് താവഴികൾക്കും തന്ത്രം മാത്രമേ ഉള്ളു. അവർക്ക് യോഗാധികാരി ഊരാളൻ (മൂപ്പിൽ) എന്നീ സ്ഥാനമുണ്ട്. ഇവരുടെ പൌരോഹിത്യം മുത്തമനനമ്പൂതിരിക്കായിരുന്നു. പെൺകുട്ടികൾക്ക് ഋതുകല്യാണമെന്ന തിരണ്ടുകല്യാണാഘോഷമുണ്ട്. വിവാഹം അഗ്നിസാക്ഷിയായിട്ടുള്ള വേളിയാണ്. മറ്റ് അനുബന്ധ ആചാരങ്ങളായ ആയനി ഊണ്; എണ്ണ തേച്ച് കുളിച്ച് പിറന്നാൾ പോലെ ഊണ് കഴിക്കുക. വധുവിൻറെ ഗ്രഹത്തിൽ എല്ലാവരുംകൂടി "മംഗലയാതിര" പാടി വധുവിന്റെ ബാധാമാലിന്യങ്ങളെ നീക്കി ഉഴിയാനുള്ള ആയിരം തിരി തെറുക്കൽ , കുടിവെപ്പ് മുതലായവയും ഉണ്ടായിരുന്നു . സ്ത്രീകൾക്ക് കുലത്തൊഴിലൊന്നുമില്ല. പുറത്തിറങ്ങുമ്പോൾ അവർക്ക് അന്തർജനങ്ങളെപ്പോലെ പുതപ്പും മറക്കുടയും മറ്റും വേണമായിരുന്നു. വേളികഴിച്ചയാൾ മരിച്ചു കഴിഞ്ഞാൽ , വിധവാ വിവാഹം സ്വജാതിയിലോ നമ്പൂതിരിജാതിയിൽ പെട്ടവരൊയൊ നടത്താൻ അനുവദിച്ചിരുന്നു. ചെങ്ങഴി നമ്പിയെ നാടുവാഴിആയതിനാൽ നമ്പ്യാർ എന്ന് ബഹുമാന സൂചകമായി വിളിക്കുന്നു എന്നതല്ലാതെ, അന്തരാളജാതി നമ്പ്യാർ, നായരുനമ്പ്യാർ , എന്നീ വിഭാഗങ്ങളുമായി സമാനതകൾ ഒന്നും തന്നെ ഇല്ല.
തിയ്യാടി നമ്പ്യാർ
[തിരുത്തുക]നമ്പ്യാരിൽ ഒരു കൂട്ടരാണ് തിയ്യാടി നമ്പിയാർ. സ്ത്രീകൾ മരുമകളമ്മ. വിവിധവർണങ്ങളിലുള്ള ചില നാടൻ ചൂർണങ്ങൾകൊണ്ട് അയ്യപ്പന്റെ രൂപം വരച്ചു വാദ്യമേളങ്ങളോടും പൂജാദിചടങ്ങുകളോടും കൂടി നടത്താറുള്ള തിയ്യാട്ട് എന്ന വഴിപാടിന്റെ നിർവഹണമാണ് ഇവരുടെ കുലത്തൊഴിൽ. ഇവർ മക്കത്തായമാണ് പൂണൂൽക്കാരുമാണ്. തീയ്യാട്ടുണ്ണികൾ എന്നപോലെ ഇവരെയും തിയ്യാടികൾ എന്ന് വിളിക്കാറുണ്ട്.
അമ്പലവാസികളല്ലാത്ത നമ്പ്യാന്മാർ
[തിരുത്തുക]അമ്പലവുമായി യാതൊരു ബന്ധവുമില്ലാത്ത നമ്പിയാന്മാരുണ്ട്. നായരുനമ്പ്യാന്മാർ അതിൽപ്പെടുന്നു. അവരെ അമ്പലവാസികൾ എന്ന് കൂട്ടാറില്ല. അമ്പലവുമായി ബന്ധമില്ലാത്തവരുടെ സ്ത്രീകളെ നങ്ങിയാരെന്നു വിളിക്കാറില്ല. നായരുനമ്പ്യാന്മാരിൽ വളരെ സ്ഥാനികളുണ്ട്. അവരിൽ പല കുടുംബങ്ങളിലെയും സ്ത്രീകൾ പല പേരുകളിലായി അറിയപ്പെടുന്നു. 'അപ്പിശ്ശി', 'കുഞ്ഞമ്മ', 'കുട്ടിയമ്മ' എന്നിവ അത്തരം ചില പേരുകളാണ്.[അവലംബം ആവശ്യമാണ്]