Jump to content

നാസി ജർമ്മനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രേഷ്ഠ ജർമൻ റെയ്ശ്

ഗ്രോസ്ഡൊയിഷെസ് റെയ്ശ്
1933–1945
ജർമനി
പതാക
{{{coat_alt}}}
ദേശീയ അധികാരമുദ്ര കുലചിഹ്നം
മുദ്രാവാക്യം: "Ein Volk, ein Reich, ein Führer." "ഒരു ജനത, ഒരു റെയ്ശ്, ഒരു നേതാവ്."
ദേശീയ ഗാനം: "Das Lied der Deutschen" (official)

First stanza of
"Das Lied der Deutschen"
followed by "Horst-Wessel-Lied"
നാസി ജർമനി മുതൽ 1943 വരെ.
നാസി ജർമനി മുതൽ 1943 വരെ.
തലസ്ഥാനംബർലിൻ
ഏറ്റവും വലിയ cityതലസ്ഥാനം
പൊതുവായ ഭാഷകൾജർമൻ
ഗവൺമെൻ്റ്ഏകകക്ഷി ഭരണം, Totalitarian ഏകാധിപത്യ നാഷണൽ സോഷ്യലിസ്റ്റ് ഏകാധിപത്യഭരണം,
സാമ്രാജ്യം
രാജ്യത്തലവൻ
 
• 1925 – 1934
പോൾ വാൻ ഹിൻഡൻബർഗ് (പ്രസിഡന്റ്)
• 1934 – 1945
അഡോൾഫ് ഹിറ്റ്ലർ (ഫറർ)
• 1945
കാൾ ഡൊണിറ്റ്സ് (പ്രസിഡന്റ്)
ചാൻസലർ 
• 1933 – 1945
അഡോൾഫ് ഹിറ്റ്ലർ
• 1945
ജോസഫ് ഗീബൽസ്
• 1945
Lutz Graf Schwerin von Krosigk [1]
ചരിത്ര യുഗംInterwar period/WWII
30 ജനുവരി 1933
27 ഫെബ്രുവരി 1933
• Anschluss
13 മാർച്ച് 1938
1 സെപ്റ്റംബർ 1939
8 മേയ് 1945
വിസ്തീർണ്ണം
1941 (ഗ്രോസ്ഡൊയിഷ്‌ലാൻഡ്)[3]696,265 കി.m2 (268,829 ച മൈ)
Population
• 1941 (ഗ്രോസ്ഡൊയിഷ്‌ലാൻഡ്)
90030775
നാണയവ്യവസ്ഥReichsmark
മുൻപ്
ശേഷം
വയ്മർ റിപ്പബ്ലിക്
സാർ (ലീഗ് ഓഫ് നേഷൻസ്)
ഒന്നാം ഓസ്ട്രിയൻ റിപ്പബ്ലിക്ക്
ചെക്കൊസ്ലൊവാക്ക് റിപ്പബ്ലിക്ക്
ക്ലായിപ്പിഡ പ്രദേശം
ഡാൻസിഗ് സ്വതന്ത്ര നഗരം
രണ്ടാം പോളിഷ് റിപ്പബ്ലിക്ക്
ഇറ്റാലിയൻ സോഷ്യൽ റിപ്പബ്ലിക്ക്
യൂപ്പെൻ-മാൽമെഡി
ലക്സംബർഗ്
അൽസെയ്സ്-ലൊറെയ്ൻ
ഡ്രാവ ബാനോവിന
സഖ്യശക്തികൾ കൈയ്യടക്കിയ ജർമൻ പ്രദേശങ്ങൾ
സഖ്യകക്ഷിഭരണത്തിന്റെ കീഴിലുള്ള ഓസ്ട്രിയ
മൂന്നാം ചെക്കോസ്ലോവാക്ക് റിപ്പബ്ലിക്ക്
പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് പോളണ്ട്
അൽസേയ്സ്-ലൊറെയ്ൻ
യൂപ്പെൻ-മാൽമെഡി
ലക്സംബർഗ്
കിംഗ്ഡം ഓഫ് ഇറ്റലി
കലിനിൻഗ്രാഡ് ഒബ്ലാസ്റ്റ്
സാർ പ്രൊട്ടെക്റ്റൊറേറ്റ്
പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് സ്ലൊവേനിയ

1933 മുതൽ 1945 വരെ അഡോൾഫ് ഹിറ്റ്ലറുടെയും ദേശീയ സോഷ്യലിസ്റ്റ് ജർമൻ തൊഴിലാളി പാർട്ടിയുടെയും (നാസിപ്പാർട്ടി) (NSDAP) ഭരണത്തിൻകീഴിലുള്ള ജർമൻ രാജ്യത്തിനു ഇംഗ്ലീഷ് സംസാരഭാഷയിലുള്ള പേരാണ്‌ നാസി ജർമനി അഥവാ ദി തേർഡ് റെയ്ശ്. തേർഡ് റെയ്ശ് അഥവാ മൂന്നാം റെയ്ശ് എന്നത് വിശുദ്ധ റോമാ സാമ്രാജ്യത്തിനും 1871 മുതൽ 1918 വരെ നിലവിലിരുന്ന ജർമൻ സാമ്രാജ്യത്തിനും ശേഷം നിലവിൽ വന്നത് എന്നു സൂചിപ്പിക്കുന്നു. ജർമനിൽ 1943 വരെ ഡോയിഷെസ് റെയ്ശ് (ജർമൻ റെയ്ശ്) എന്നറിയപ്പെട്ട രാജ്യത്തിന്റെ ഔദ്യോഗിക നാമം 1943നുശേഷം ഗ്രോസ്ഡൊയിഷെസ് റെയ്ശ് (ശ്രേഷ്ഠ ജർമൻ റെയ്ശ്) എന്നു മാറ്റി. ഹിറ്റ്ലറുടെ ഭരണത്തിൽ ജർമനി പെട്ടെന്നു തന്നെ ജീവിതത്തിന്റെ സകലമേഖലകളും നിയന്ത്രിക്കുന്ന ഒരു ഏകാധിപത്യഭരണസംവിധാനത്തിന്റെ കീഴിലായി മാറി. 1945 മെയിൽ സഖ്യകക്ഷികളുടെ രണ്ടാം ലോകമഹായുദ്ധത്തിലെ വിജയം നാസി ജർമ്മനിയുടെ അവസാനം കുറിച്ചു.

1933 ജനുവരി 30നു വയ്മർ റിപ്പബ്ലിക്കിന്റെ പ്രസിഡണ്ടായ പോൾ ഫോൺ ഹിൻഡൻബുക് അഡോൾഫ് ഹിറ്റ്ലറെ ജർമൻ ചാൻസലറായ് നിയമിച്ചു. ഇതിനുശേഷം നാസികൾ തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ ആരംഭിക്കുകയും അധികാരം തങ്ങളിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്തു. 1934 ഓഗസ്റ്റ് 2 ന് ഹിൻഡൻബുക് മരിച്ചു. അതിനുശേഷം ചാൻസലറുടെയും പ്രസിഡണ്ടിന്റെയും ഓഫീസുകളും അധികാരങ്ങളും ലയിപ്പിച്ച് ഹിറ്റ്‌ലർ ജർമ്മനിയുടെ ഏകാധിപതിയായി മാറി. 1934 ഓഗസ്റ്റ് 19 ന് നടന്ന ദേശീയ റഫറണ്ടം ഹിറ്റ്‌ലറെ ജർമ്മനിയുടെ ഏക ഫ്യൂറർ (നേതാവ്) ആണെന്ന് സ്ഥിരീകരിച്ചു. എല്ലാ അധികാരങ്ങളും ഹിറ്റ്ലറെന്ന വ്യക്തിയിൽ കേന്ദ്രീകരിക്കുകയും ഹിറ്റ്ലറുടെ വാക്ക് നിയമമായി മാറപ്പെടുകയും ചെയ്തു. നാസി ജർമനിയുടെ ഭരണസംവിധാനം ഏകോപിപ്പിച്ച് സഹകരണത്തോടുകൂടി പ്രവർത്തിച്ചിരുന്ന ഒന്നായിരുന്നില്ല, മറിച്ച് അധികാരത്തിനും ഹിറ്റ്‌ലറുടെ പ്രീതിക്കും വേണ്ടി പോരാടുന്ന വിഭാഗങ്ങളുടെ ഒരു കൂട്ടമായിരുന്നു. മഹാസാമ്പത്തികമാന്ദ്യത്തിനിടയിൽ നാസികൾ സാമ്പത്തികസ്ഥിരത പുനസ്ഥാപിക്കുകയും ഉയർന്ന സൈനികച്ചിലവുകളും ധനവിനിയോഗവും സമ്മിശ്രസമ്പദ്‌വ്യവസ്ഥയും അടിസ്ഥാനമാക്കി തൊഴിലില്ലായ്മ കുറയ്ക്കുകയും ചെയ്തു. കമ്മിചിലവ് വഴി നാസി ഭരണകൂടം രഹസ്യമായി ബൃഹത്തായ സൈനിക പുനക്രമീകരണം നടത്തുകയും ഓട്ടോബാഹെൻ (മോട്ടോർവേ) നിർമ്മാണം ഉൾപ്പെടെ വിപുലമായ പൊതുമരാമത്ത് പദ്ധതികളുടെ നിർമ്മാണം നടത്തുകയും ചെയ്തു. ജർമ്മനിയുടെ സാമ്പത്തികസ്ഥിരതയിലേക്കുള്ള തിരിച്ചുവരവ് ഭരണകൂടത്തിന്റെ ജനപ്രീതി വർദ്ധിപ്പിച്ചു.

വർണ്ണവിവേചനം, വർഗ്ഗോന്നതി, ജൂതവിരോധം എന്നിവ നാസിഭരണകൂടത്തിന്റെ പ്രധാനപ്പെട്ട പ്രത്യയശാസ്ത്ര സവിശേഷതകളായിരുന്നു. നാസികൾ ജർമ്മാനിക് ജനതകളെ, ആര്യൻ വംശത്തിന്റെ ഏറ്റവും ശുദ്ധമായ ശാഖയായ മാസ്റ്റർ റേസ് ആയി കണക്കാക്കി. അധികാരം പിടിച്ചെടുത്തതിനുശേഷം നാസികൾ യഹൂദരോടും റൊമാനി ജനതയോടുമുള്ള വിവേചനം ആരംഭിക്കുകയും അവരെ പീഡിപ്പിക്കാൻ തുടങ്ങുകയും ചെയ്തു. നാസികൾ ആദ്യത്തെ തടങ്കൽപ്പാളയങ്ങൾ 1933 മാർച്ചോടുകൂടി സ്ഥാപിച്ചു. ജൂതന്മാരെയും നാസികൾക്ക് അഭികാമ്യമല്ലാത്ത മറ്റുള്ളവരെയും തടവിലാക്കുകയും ലിബറലുകൾ, സോഷ്യലിസ്റ്റുകൾ, കമ്മ്യൂണിസ്റ്റുകൾ എന്നിവരെയെല്ലാം കൊല്ലുകയോ തടവിലാക്കുകയോ നാടുകടത്തുകയോ ചെയ്തു. ഹിറ്റ്‌ലറുടെ ഭരണത്തെ എതിർത്ത പൗരന്മാരും ക്രിസ്ത്യൻ പള്ളികളും അടിച്ചമർത്തപ്പെടുകയും നാസികൾ നിരവധി നേതാക്കളെ ജയിലിലടയ്ക്കുകയും ചെയ്തു. നാസി ജർമ്മനിയിലെ വിദ്യാഭ്യാസം വംശീയ ജീവശാസ്ത്രം, ജനസംഖ്യാ നയം, സൈനിക സേവനത്തിനുള്ള യോഗ്യത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. നാസികൾ സ്ത്രീകൾക്കുള്ള തൊഴിലവസരങ്ങളും വിദ്യാഭ്യാസസാധ്യതകളും വെട്ടിക്കുറച്ചു. സ്ട്രെങ്ത് ത്രൂ ജോയ് എന്ന പരിപാടി വഴി വിനോദവും വിനോദസഞ്ചാരവും സംഘടിപ്പിച്ചു. നാസികൾ 1936 ലെ സമ്മർ ഒളിമ്പിക്സിനെ ജർമ്മനിയെ അന്താരാഷ്ട്ര വേദിയിൽ പ്രദർശിപ്പിക്കാനുള്ള ഉപാധിയാക്കി. നാസി പ്രൊപ്പഗാണ്ട മന്ത്രിയായ ജോസഫ് ഗീബൽസ് പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാൻ സിനിമ, ബഹുജന റാലികൾ, ഹിറ്റ്ലറുടെ ഹിപ്നോട്ടിക്കായ പ്രസംഗം എന്നിവ ഫലപ്രദമായി ഉപയോഗിച്ചു. നാസി ഗവൺമെന്റ് കലാപരമായ ആവിഷ്കാരസ്വാതന്ത്രം നിയന്ത്രിച്ചു, ചില പ്രത്യേക കലാരൂപങ്ങളെ മാത്രം പ്രോത്സാഹിപ്പിക്കുകയും മറ്റുള്ളവയെ നിരോധിക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്തു.

1930-കളുടെ അവസാന പകുതി മുതൽ നാസി ജർമ്മനി ചുറ്റുമുള്ള രാജ്യങ്ങളിലെ പ്രാദേശിക അധികാരങ്ങൾക്കു വേണ്ടിയുള്ള ആവശ്യങ്ങൾ ഉന്നയിക്കാൻ ആരംഭിച്ചു. ഈ ആവശ്യങ്ങളുടെ തിരസ്കരണത്തെ യുദ്ധഭീഷണി കൊണ്ട് നേരിടുകയും ചെയ്തു. 1935-ൽ ജർമ്മനിയിൽ വീണ്ടും ചേരാൻ സാർലാൻഡ് ജനഹിതപരിശോധനയിലൂടെ തീരുമാനിച്ചു. 1936-ൽ ഹിറ്റ്ലർ സൈന്യത്തെ റൈൻലാൻഡിലേക്ക് അയച്ചു. അങ്ങനെ ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ആദ്യമായി റൈൻലാൻഡ് സൈനികവൽക്കരിക്കപ്പെട്ടു. 1938-ൽ ജർമ്മനി ഓസ്ട്രിയ പിടിച്ചെടുത്തു. അതേ വർഷം തന്നെ ജർമ്മനി ചെക്കോസ്ലോവാക്യയിലെ സ്റ്റുഡറ്റൻലാൻറ് പ്രദേശത്തിന് ആവശ്യമുന്നയിക്കുകയും മ്യൂണിച്ച് കരാറനുസരിച്ച് ആ പ്രദേശത്തെ കൂട്ടിച്ചേർക്കുകയും ചെയ്തു. 1939 മാർച്ചിൽ ജർമ്മനിയുടെ സഹായത്തോടുകൂടി സ്ലൊവാക്യ സാമന്തരാജ്യമായി പ്രഖ്യാപിക്കപ്പെട്ടു. അധിനിവേശ ചെക്കോസ്ലാവാക്യയുടെ മറ്റ് ഭാഗങ്ങൾ ജർമ്മൻ പ്രൊട്ടക്ടറേറ്റ് ഓഫ് ബോഹെമിയ ആന്റ് മൊറാവിയ ആയി സ്ഥാപിക്കപ്പെട്ടു. താമസിയാതെ ജർമ്മനിയുടെ സമ്മർദ്ദം മൂലം ലിത്വാനിയ മെമൽ പ്രദേശം വിട്ടുകൊടുക്കാൻ നിർബന്ധിതരായി. ജർമ്മനി സോവിയറ്റ് യൂണിയനുമായി ഒരു അനാക്രമണ കരാർ ഒപ്പിടുകയും 1939 സെപ്റ്റംബർ 1 ന് പോളണ്ടിനെ ആക്രമിക്കുകയും അതോടെ യൂറോപ്പിൽ രണ്ടാം ലോക മഹായുദ്ധം ആരംഭിക്കുകയും ചെയ്തു. 1941-ന്റെ തുടക്കത്തോടുകൂടി ജർമ്മനിയും അച്ചുതണ്ട് ശക്തികളിലെ യൂറോപ്യൻ സഖ്യകക്ഷികളും യൂറോപ്പിന്റെ ഭൂരിഭാഗവും നിയന്ത്രിച്ചു. നാസി ജർമ്മനി കീഴടക്കിയ പ്രദേശങ്ങളുടെ നിയന്ത്രണം റീച്ച്‌സ്‌കമ്മിസറിയറ്റിന്റെ ഓഫീസുകൾ ഏറ്റെടുക്കുകയും പോളണ്ടിന്റെ ബാക്കി ഭാഗങ്ങളിൽ ഒരു ജർമ്മൻ ഭരണകൂടം സ്ഥാപിക്കുകയും ചെയ്തു. ജർമ്മനി തങ്ങളുടെ അധിനിവേശ പ്രദേശങ്ങളുടെയും സഖ്യകക്ഷികളുടെയും അസംസ്കൃതവസ്തുക്കളും അധ്വാനവും ചൂഷണം ചെയ്തു.

വംശഹത്യകൾ, കൂട്ടക്കൊലകൾ, വൻതോതിലുള്ള നിർബന്ധിത തൊഴിൽ എന്നിവ നാസി ഭരണകൂടത്തിന്റെ മുഖമുദ്രകളായിരുന്നു. മാനസികമോ ശാരീരികമോ ആയ വൈകല്യങ്ങളുള്ള ലക്ഷക്കണക്കിന് ജർമ്മൻ പൗരന്മാർ ആശുപത്രികളിലും അഭയകേന്ദ്രങ്ങളിലും കൊല്ലപ്പെട്ടു. അധിനിവേശ പ്രദേശങ്ങൾക്കുള്ളിൽ അർദ്ധസൈനികവിഭാഗങ്ങൾ ജർമ്മൻ സായുധസേനയെ അനുഗമിക്കുകയും ദശലക്ഷക്കണക്കിന് ജൂതന്മാരെയും മറ്റ് ഹോളോകോസ്റ്റ് ഇരകളെയും വംശഹത്യ ചെയ്തു. 1941-നുശേഷം നാസി തടങ്കൽപ്പാളയങ്ങളിലും ഉന്മൂലന ക്യാമ്പുകളിലും ദശലക്ഷക്കണക്കിന് ആളുകൾ തടവിലാക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തു. ഹോളോകോസ്റ്റ് എന്നാണ് ഈ വംശഹത്യ അറിയപ്പെടുന്നത്.

1941-ൽ സോവിയറ്റ് യൂണിയനിലേക്കുള്ള ജർമ്മനിയുടെ കടന്നുകയറ്റം തുടക്കത്തിൽ വിജയകരമായിരുന്നെങ്കിലും സോവിയറ്റ് പുനരുജ്ജീവനത്തിനും അമേരിക്കയുടെ യുദ്ധത്തിലേക്കുള്ള പ്രവേശനത്തിനും ശേഷം 1943-ഓടു കൂടി ജർമ്മൻ സൈന്യത്തിനു കിഴക്കൻ മുന്നണിയിൽ മുൻകൈ നഷ്ടപ്പെട്ടു. 1944 അവസാനത്തോടെ ജർമ്മൻ സൈന്യം അവരുടെ 1939 അതിർത്തിയിലേക്ക് പിന്തള്ളപ്പെട്ടു. 1944-ഓടു കൂടി സഖ്യകക്ഷികൾ ജർമ്മനിയിൽ വൻതോതിൽ ബോംബിങ്ങ് നടത്തുകയും അച്ചുതണ്ട് ശക്തികളെ തെക്കൻ യൂറോപ്പിൽ നിന്നു കിഴക്കൻ യൂറോപ്പിൽ നിന്നും പിന്തിരിപ്പിക്കുകയും ചെയ്തു. ഫ്രാൻസിൽ സഖ്യകക്ഷികളുടെ വിജയത്തിനുശേഷം ജർമ്മനിയെ കിഴക്ക് നിന്ന് സോവിയറ്റ് യൂണിയനും പടിഞ്ഞാറ് നിന്ന് മറ്റ് സഖ്യകക്ഷികളും കീഴടക്കി. തോൽവി സമ്മതിക്കാനുള്ള ഹിറ്റ്‌ലറുടെ വിസമ്മതം യുദ്ധത്തിന്റെ അവസാനമാസങ്ങളിൽ ജർമ്മൻ ഇൻഫ്രാസ്ട്രക്ചറിന്റെ വൻ നാശത്തിനും അധികമരണങ്ങൾക്കും കാരണമായി. സഖ്യകക്ഷികൾ ഡിനാസിഫിക്കേഷൻ നയം ആരംഭിക്കുകയും നില നിന്നിരുന്ന നാസിനേതൃത്വത്തെ ന്യൂറംബർഗ് വിചാരണയിൽ യുദ്ധക്കുറ്റങ്ങൾക്കായി വിചാരണ ചെയ്യുകയും ചെയ്തു.

ചരിത്രം 1914-18

[തിരുത്തുക]

നീണ്ടുനിന്ന യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും ജർമനിയെ തകർച്ചയുടെ വക്കിലെത്തിച്ചു. അതു ജനങ്ങളിൽ വ്യാപകമായ അസംതൃപ്തി വളർത്തി. നാസി പ്രസ്ഥാനം ജർമനിയിലെ ബവേറിയ പ്രവിശ്യയിലാണ് തുടക്കം കുറിച്ചത്. ജർമനിയിൽ ഏറ്റവും പിന്നോക്കമായ പ്രദേശമായിരുന്നു ബവേറിയ. ഹിറ്റ്ലറുടെ ജൂതവിരോധവും ധാർമികരോഷപ്രകടനവും ബവേറിയക്കാരുടെ 'പിന്നാക്കഭാവുകത്വ'ത്തെ ആകർഷിച്ചു. ഒന്നാം ലോകയുദ്ധത്തിലെ പരാജയം ജർമനിയെ വേട്ടയാടിയ കാലഘട്ടമായിരുന്നു അത്. ജർമനിയുടെ തോൽവി യുദ്ധഭൂമിയിലെ അന്തസ്സായ തോൽവിയല്ല. ശത്രുക്കൾ പരാജയപ്പെടുത്തുകയായിരുന്നില്ല മറിച്ച്, അകത്തുതന്നെയുള്ള ശത്രുക്കൾ ജർമനിയെ പിന്നിൽനിന്നു കുത്തിവീഴ്ത്തുകയായിരുന്നു. ജർമനിയെ തോല്പിച്ചത് മാർക്സിസ്റ്റുകൾ ആയിരുന്നു: ഇതൊക്കെയായിരുന്നു നാസികളുടെ വാദങ്ങൾ. ഒന്നാംലോകയുദ്ധത്തെത്തുടർന്ന് രൂപംകൊണ്ട വെയ്മർ ഭരണകൂടത്തെ പിന്തുണയ്ക്കുന്ന എല്ലാവരെയും നാസികൾ 'മാർക്സിസ്റ്റുകൾ' എന്നാണ് വിശേഷിപ്പിച്ചത്.


1919 ജനുവരിയിൽ പുതിയ 'വെയ്മർ ഭരണഘടന'യനുസരിച്ചുള്ള ആദ്യ തെരഞ്ഞെടുപ്പ് നടന്നു. ജർമൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിക്ക് 11.5 ലക്ഷം വോട്ടുകൾ ലഭിച്ചു. 18 മാസങ്ങൾക്കു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇത് പകുതിയായി കുറഞ്ഞു. 'ദേശീയവാദികൾ' എന്നു സ്വയം വിശേഷിപ്പിച്ച മുതലാളി വിഭാഗങ്ങൾ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയെ എതിർത്തു. തൊഴിലാളികളുടെയും ഇടതുപക്ഷത്തിന്റെയും രാഷ്ട്രീയ മുന്നേറ്റത്തിൽ ഭയന്ന സൈന്യത്തിലെ ഒരു വിഭാഗം 'ഫ്രീ കോർപ്സ്' (Free Crops) എന്ന പേരിൽ സംഘടിക്കുകയും ദേശീയവാദികളെ പിന്തുണയ്ക്കുകയും ചെയ്തു. ജനകീയാടിത്തറയുള്ള പാർട്ടികൾ ജർമൻ റിപ്പബ്ലിക്കിന്റെ ഭാഗത്തായിരുന്നു - 1930 വരെയും. വെയ്മർ റിപ്പബ്ലിക്കിന് സോഷ്യൽ ഡെമോക്രാറ്റുകളുടെയും മറ്റു ബൂർഷ്വാ പാർട്ടികളുടെയും പിന്തുണ ലഭിച്ചു. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി, കാത്തലിക് സെന്റർ പാർട്ടി, ജർമൻ പീപ്പിൾസ് പാർട്ടി തുടങ്ങിയ പാർട്ടികൾ ഗവൺമെന്റിനെ പിന്തുണച്ചു.

1920-ൽ മ്യൂണിക്ക് ആസ്ഥാനമാക്കി 'ദ് ജർമൻ വർക്കേഴ്സ് പാർട്ടി' സ്ഥാപിതമാവുകയും ജനാധിപത്യ പരിഷ്കാരങ്ങളെ എതിർക്കുകയും ചെയ്തു. സൈനികനായിരുന്ന അഡോൾഫ് ഹിറ്റ്ലർ ഈ പാർട്ടിയിൽ ചേർന്നു. തുടർന്ന് അദ്ദേഹം സംഘടനയെ 'നാഷണൽ സോഷ്യലിസ്റ്റ് ജർമൻ വർക്കേഴ്സ് പാർട്ടി' എന്ന് പുനർനാമകരണം ചെയ്തു. 'സോഷ്യലിസം', 'തൊഴിലാളികൾ' എന്നീ പദങ്ങൾ പേരിലുണ്ടായിരുന്നെങ്കിലും സാമ്രാജ്യത്വ, വംശീയ പ്രത്യയ ശാസ്ത്രമായിരുന്നു ഈ പാർട്ടിയെ നയിച്ചത്.

സാമ്പത്തികത്തകർച്ചയെ തുടർന്ന് ജനങ്ങളിലുണ്ടായ അസംതൃപ്തിയെ ഫലപ്രദമായി ഉപയോഗിക്കാൻ ഹിറ്റ്ലറുടെ പ്രസ്ഥാനത്തിന് കഴിഞ്ഞു. ആദ്യകാലങ്ങളിൽ അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ നിലപാട് സ്വീകരിച്ചത് തൊഴിലാളികളുടെയും ദരിദ്രരുടെയും പിന്തുണയുറപ്പിച്ചു. അക്കാലത്ത് ഫ്രഞ്ച്-ബ്രിട്ടീഷ്-അമേരിക്കൻ കമ്പനികൾ ജർമനിയിൽ വൻതോതിൽ നിക്ഷേപം നടത്തുകയും, വൻലാഭം കൊള്ളയടിക്കുകയും ചെയ്തിരുന്നു. ഇതിനെതിരായ പ്രചാരണങ്ങൾ ദേശീയവികാരം ഉണർത്തുന്നതിന് സഹായകമായിത്തീർന്നു. 'അധ്വാനിച്ചുണ്ടാക്കാത്ത ധനം' എന്ന മുദ്രാവാക്യത്തിലൂടെ, വിദേശ മൂലധന ശക്തികൾ സമ്പാദിക്കുന്ന മിച്ചമൂല്യം, കൊള്ളയടിക്കപ്പെടുന്ന ജർമൻ സമ്പത്താണെന്ന് പ്രചരിപ്പിക്കാൻ അവർക്ക് കഴിഞ്ഞു. മറ്റൊരു മുദ്രാവാക്യം ജൂതവിരോധമായിരുന്നു. 'ജർമൻ വംശത്തിന്റെ ശുദ്ധിയും ഐക്യവും' (Unit and Purity of German Race) എന്ന മുദ്രാവാക്യത്തിലൂടെ ജൂതവിദ്വേഷത്തെ ജർമൻ ദേശീയവികാരമായി പരിവർത്തിപ്പിക്കുന്നതിലും അവർ വിജയിച്ചു.

നാസി പാർട്ടിയുടെ ആദ്യകാലവളർച്ചയെ സഹായിച്ച പ്രധാനഘടകങ്ങൾ ഇവയാണ്: (1) സൈന്യത്തിലെ ഒരു വിഭാഗത്തിന്റെ പിന്തുണ (2) ഹിറ്റ്ലറുടെ വാക്ചാതുരി (3) തൊഴിലാളികളുടെയും താഴ്ന്ന ഇടത്തരക്കാരുടെയും പിന്തുണ. നാസിപ്രത്യയശാസ്ത്രത്തിലെ മുഖ്യഘടകം 'ജർമൻ സോഷ്യലിസം' എന്ന മുദ്രാവാക്യമായിരുന്നു. 'ജർമൻ' എന്ന ആശയത്തിലൂടെ സമ്പദ്ഘടനയിലെ ഭരണകൂട ഇടപെടലിനു ബുർഷ്വാ വിഭാഗങ്ങളുടെയും 'സോഷ്യലിസം' എന്ന മുദ്രാവാക്യത്തിലൂടെ തൊഴിലാളികളുടെയും പിന്തുണ നേടി. ഇതിനിടയിൽ നാസികൾ വെയ്മർ റിപ്പബ്ളിക്കിന്റെ ഭരണഘടനയെ തള്ളിപ്പറയുകയും ചെയ്തിരുന്നു. 1923-ൽ അട്ടിമറിയിലൂടെ ബവേറിയയിലെ ഭരണം പിടിച്ചെടുക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ഹിറ്റ്ലർ ഒൻപത് മാസത്തെ തടവിന് ശിക്ഷിക്കപ്പെട്ടു. ജയിൽമോചിതനായ ശേഷം അയാൾ നാസിപാർട്ടിയെ നിയമവിധേയമായ പാർലമെന്ററി പാർട്ടിയായി പുനസ്സംഘടിപ്പിച്ചു. എങ്കിലും നാസിപാർട്ടി അതിന്റെ ജനാധിപത്യവിരുദ്ധ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നത് തുടരുകയും എസ്.എസ്. സ്റ്റോംട്രൂപ്പ്സ് (S.S.Stormtroops) എന്ന പേരിൽ ഒരു 'സായുധ ഗുണ്ടാസംഘ'ത്തെ വളർത്തിയെടുക്കുകയും ചെയ്തു.

1929-30-ലെ ലോകസാമ്പത്തിക മാന്ദ്യം ജർമൻ സമ്പദ്ഘടനയെ തകർച്ചയുടെ വക്കിലെത്തിച്ചു. തൊഴിലില്ലായ്മ രൂക്ഷമാവുകയും സാധാരണക്കാരുടെ ജീവിതനിലവാരം കുത്തനെ ഇടിയുകയും ചെയ്തു. 1930 സെപ്റ്റംബർ 14-നു പുതിയ തെരഞ്ഞെടുപ്പിൽ നടന്നു. ഈ തെരഞ്ഞെടുപ്പിൽ നാസിപാർട്ടി ജർമനിയിലെ പ്രമുഖരാഷ്ട്രീയ കക്ഷിയായി മാറി. 1928-ലെ തെരഞ്ഞെടുപ്പിനു ലഭിച്ചതിന്റെ എട്ടിരട്ടി വോട്ട് അവർക്ക് ലഭിച്ചു. ലോകസാമ്പത്തിക മാന്ദ്യം ജർമനിയുടെ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ മേഖലകളിലുണ്ടാക്കിയ അഗാധപ്രതിസന്ധികളുടെ ഉത്പന്നമായിരുന്നു നാസിസത്തിനുണ്ടായ അഭൂതപൂർവമായ ജനപ്രീതി. ജനങ്ങൾക്കിടയിലെ അതൃപ്തിയും അരക്ഷിതത്വവും നിരാശയും ചൂഷണം ചെയ്യുന്നതിൽ നാസികൾ വിജയിച്ചു. അരക്ഷിതാവസ്ഥയുടെ ഇരുളിൽ തപ്പിയ ജർമൻകാർക്ക് നാസികളുടെ പരിഹാരനിർദ്ദേശങ്ങൾ വലിയ പ്രത്യാശയാണ് നല്കിയത്. ജർമൻ ജനതയുടെ 'ന്യൂറോസിസ്സി'ന്റെ രാഷ്ട്രീയ പ്രകാശനമായിരുന്നു നാസിസത്തിന്റെ മുന്നേറ്റം. ഭാവി ശോഭനമാകണമെങ്കിൽ ഭൂതകാലത്തിൽനിന്ന് വിച്ഛേദിച്ചുമാറണമെന്നും തികച്ചും പുതിയ സമീപനങ്ങൾ ആവശ്യമാണെന്നും നാസിസം വാദിച്ചു.

ആശയപരവും സംഘടനാപരവുമായി നാസിസം ഒട്ടുംതന്നെ സുസംഘടിതമായിരുന്നില്ല. പല ചിന്താഗതിക്കാരും, വിഭിന്ന പ്രവണതകളും ആധിപത്യം പുലർത്തുകയും തികച്ചും ശിഥിലമായ ഘടനയുണ്ടാവുകയും ചെയ്തതിനാൽ, 'ശക്തനും അപ്രമാദിയുമായ ഒരു നേതാവ്' എന്ന സങ്കല്പത്തിനു പ്രാമുഖ്യം ലഭിച്ചു. ഈ നേതൃപൂജ ജനകീയമാവുകയും ക്രമേണ ഹിറ്റ്ലർക്ക് അപ്രമാദിയും അതിമാനുഷനുമായ നേതാവിന്റെ അത്ഭുതപരിവേഷം നല്കപ്പെടുകയും ചെയ്തു. 1932 ജൂലായിലെ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ഇവർ, ജനങ്ങളെ ആകർഷിക്കാൻ നല്കിയ വാഗ്ദാനങ്ങൾ ഇവയാണ്: 1. ഒരു വർഷത്തിനുള്ളിൽ പാവങ്ങൾക്ക് നാലു ലക്ഷം വീടുകൾ നിർമിച്ചു നല്കും. 2. ജർമനിയുടെ കാർഷികവരുമാനം 12 ദശലക്ഷം മാർക്ക് (mark) വർധിപ്പിക്കും.

1931 ആഗസ്റ്റ് 9-നു പ്രഷ്യൻ ഗവൺമെന്റിൽ നിന്നു സോഷ്യൽ ഡെമോക്രാറ്റുകളെ പുറത്താക്കാൻ നടത്തിയ ജനഹിതപരിശോധനയിൽ ജർമൻ കമ്യൂണിസ്റ്റു പാർട്ടി നാസി പാർട്ടിയെ പിന്തുണച്ചു. ഫാസിസവും സോഷ്യൽ റെവല്യൂഷനും (1934) എന്ന കൃതിയിൽ നാസികളും സോഷ്യൽ ഡോമോക്രാറ്റുകളും ഒരേ തൂവൽ പക്ഷികളാണെന്നാണ് ബ്രിട്ടീഷ് കമ്യൂണിസ്റ്റ് സൈദ്ധാന്തികനായ രജനി പാമിദത്ത് പറഞ്ഞത്. 1935-ൽ നാസി ഗവൺമെന്റിന്റെ യുദ്ധഭീഷണിയെക്കുറിച്ച് സോവിയറ്റ് റഷ്യ മുന്നറിയിപ്പു നല്കിയപ്പോൾ മാത്രമാണ് ജർമൻ കമ്യൂണിസ്റ്റ് പാർട്ടി, 'ഫാസിസത്തി'നെതിരായ ഐക്യമുന്നണിയെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത്.

1932 ജൂലായിലെ തെരഞ്ഞെടുപ്പിനെത്തുടർന്ന് ഹിറ്റ്ലർ ജർമനിയുടെ ചാൻസലർ ആയി നിയമിതനായി. 1933 മാർച്ച് 5-നു നടന്ന തെരഞ്ഞെടുപ്പിൽ നാസികൾക്ക് വൻ ഭൂരിപക്ഷം ലഭിക്കുകയും ചെയ്തു. വെയ്മർ റിപ്പബ്ലിക്കിന്റെ ഭരണഘടന റദ്ദാക്കുകയും മൂന്നാം റൈഷ് (Third Reich) എന്ന പുതിയ സ്വേച്ഛാധിപത്യഭരണകൂടം സ്ഥാപിക്കുകയും ചെയ്തു.

മുൻകാലങ്ങളിലെ സ്വേച്ഛാധിപത്യങ്ങളും നാസി സ്വേച്ഛാധിത്യവും തമ്മിലുള്ള വ്യത്യാസം, ഭീകരതയെ ഒരു ഭരണരീതിതന്നെയാക്കി വികസിപ്പിക്കുകയും ജനങ്ങളെ ഒന്നടങ്കം അനുസരണയുള്ള ജനക്കൂട്ടമാക്കി നാസിസം മാറ്റുകയും ചെയ്തു എന്നതാണ്. ജർമൻ രാഷ്ട്രത്തിന്റെയും ജനതയുടെയും തകർച്ചയ്ക്കു കാരണക്കാർ ജൂതവംശജരാണെന്നും അതിനാൽ ജൂതരെ ജർമനിയിൽ നിന്നു തുരത്തുകയോ ഉന്മൂലനം ചെയ്യുകയോ മാത്രമാണ് ജർമൻകാരുടെ മുമ്പിലുള്ള ഏക പോംവഴിയെന്നുമാണ് നാസിസം പ്രചരിപ്പിച്ചത്. നാസികളുടെ വേട്ടയ്ക്കു വിധേയരായ ജൂതരിൽ വ്യക്തികളെന്ന നിലയ്ക്ക് ഒരു കുറ്റവും ആരോപിക്കാനാവുമായിരുന്നില്ലെങ്കിലും അവർ ജൂതരാണ് എന്ന ഒറ്റക്കാരണം കൊണ്ടുമാത്രം പീഡിപ്പിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ആയിരുന്നു. ഇതാണ് നാസിഭീകരതയെ ചരിത്രത്തിൽ സമാനതകളില്ലാത്തതാക്കുന്നത്.

ബോൾഷെവിക് വിപ്ലവത്തെത്തുടർന്ന് സോവിയറ്റ് യൂണിയനിൽ ഭരണകൂടഭീകരത പ്രയോഗിക്കപ്പെട്ടുവെങ്കിലും ഏതെങ്കിലും ഒരു പ്രത്യേക ജനവിഭാഗത്തിനെതിരായി അതിനെ സൈദ്ധാന്തികമായി ന്യായീകരിച്ചിരുന്നില്ല. ഭരണകൂടത്തിന്റെയും പാർട്ടിയുടെയും പ്രായോഗിക നയനിർമിതിയുടെ ഭാഗമായിട്ടാണ് ഇത്തരം അടിച്ചമർത്തൽ ഉണ്ടായത്. എന്നാൽ, ഭീകരതയും അടിച്ചമർത്തലും നാസി പ്രത്യയശാസ്ത്രത്തിൽ സൈദ്ധാന്തികമായി ന്യായീകരിക്കപ്പെട്ടിരുന്നു. ജൂതരെയും ജിപ്സികളെയും കമ്യൂണിസ്റ്റുകളെയും ന്യൂനപക്ഷങ്ങളെയും അനാര്യവംശജരെയും തുടച്ചുനീക്കുകയെന്നത് തങ്ങളുടെ നയവും ആത്യന്തികലക്ഷ്യവുമാണെന്ന കാര്യം മറച്ചുവയ്ക്കാൻ നാസികൾ ശ്രമിച്ചില്ല. അത്രത്തോളം സുതാര്യവും നിയന്ത്രണാതീതവും കുറ്റബോധരഹിതവുമായ ഭീകരതയും ഹിംസയുമാണ് നാസികൾ പ്രയോഗിച്ചത്. ജർമൻ ഭരണകൂടത്തെ ഭീകരതയുടെയും ഹിംസാത്മകതയുടെയും യാന്ത്രികസംവിധാനമാക്കി നാസികൾ മാറ്റി. നാസിസം ഭൂരിപക്ഷജനതയുടെ 'ജനാധിപത്യപര'മായ പിന്തുണയോടെ രൂപംകൊള്ളുകയും ഭൂരിപക്ഷഹിതത്തിന്റെ പ്രകാശനമാക്കി തങ്ങളുടെ പ്രത്യയശാസ്ത്രസമീപനങ്ങളെ മാറ്റുകയും ചെയ്തു.

ആത്മബോധശൂന്യരായ ആൾക്കൂട്ടത്തിന്റെ കുറ്റകരമായ മനഃശാസ്ത്രവും നാസിസവും തമ്മിൽ ഗാഢമായ ബന്ധമുണ്ട്. മാസ് സൈക്കോളജി ഒഫ് ഫാസിസം എന്ന കൃതിയിൽ നാസിസത്തിന്റെ വളർച്ചയിൽ ബഹുജന മനഃശാസ്ത്രം വഹിച്ച പങ്കിനെക്കുറിച്ച് വിൽഹെം റീഹ് ഇക്കാര്യം വിശദമായി ചർച്ചചെയ്തിട്ടുണ്ട്. ഫാസിസ്റ്റു പ്രസ്ഥാനങ്ങൾ, മറ്റു രാഷ്ട്രീയപാർട്ടികളിൽ നിന്നു വ്യത്യസ്തമായി വമ്പിച്ച ജനപ്രിയതയെയും, വ്യക്തിപ്രഭാവമുള്ള നേതാവിനെയുമാണ് ആധാരമാക്കുന്നത്. ഒന്നാംലോകയുദ്ധാനന്തര യൂറോപ്പിൽ ജനാധിപത്യവിരുദ്ധവും സമഗ്രാധിപത്യപരവുമായ മനോഭാവത്തിന് വ്യാപകമായ പ്രചാരം ലഭിച്ചിരുന്നു. ചെറുതും വലുതുമായ ഫാസിസ്റ്റു പ്രസ്ഥാനങ്ങൾ ഇറ്റലിയിലും മറ്റു പൂർവയൂറോപ്യൻ രാജ്യങ്ങളിലും രൂപംകൊണ്ടിരുന്നു. എങ്കിലും, 'സമഗ്രാധിപത്യഭരണകൂടം' എന്ന സംജ്ഞയിൽ ആകൃഷ്ടനായിരുന്ന മുസ്സോളിനിക്കു ഹിറ്റ്ലറെപ്പോലെ ലക്ഷണമൊത്ത ഫാസിസ്റ്റു ഭരണകൂടം സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നില്ല.

നാസിപ്രസ്ഥാനത്തിന്റെ ജനകീയാടിത്തറയുടെ ഏറ്റവും വലിയ സവിശേഷത, രാഷ്ട്രീയത്തോടും ജനാധിപത്യമൂല്യങ്ങളോടും വിമുഖത പ്രകടിപ്പിച്ചിരുന്ന വിഭാഗങ്ങളെ വൻതോതിൽ സംഘടിപ്പിക്കാൻ കഴിഞ്ഞു എന്നതാണ്. ജനാധിപത്യരാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാതിരുന്ന അംഗങ്ങളെ ഉപയോഗിച്ചുകൊണ്ട് തികച്ചും അക്രമാസക്തമായ സംഘടനാ പ്രവർത്തനശൈലി ആവിഷ്കരിക്കുവാനും ഭിന്നാഭിപ്രായങ്ങളെ അസഹിഷ്ണുതയോടെ നേരിടുവാനും രാഷ്ട്രീയ എതിരാളികളെ ശാരീരികമായി ഇല്ലാതാക്കുവാനും നാസികൾക്കു കഴിഞ്ഞു. സമൂഹത്തിലെ വരേണ്യവിഭാഗങ്ങളും ജനക്കൂട്ടവും തമ്മിലുള്ള സവിശേഷമായ ഐക്യമാണ് മിക്ക ഫാസിസ്റ്റു പ്രസ്ഥാനങ്ങളുടെയും അടിത്തറ. ഫാസിസ്റ്റു പ്രസ്ഥാനങ്ങൾ അവയുടെ സ്വേച്ഛാധിപത്യഭീകരതാ പ്രവണതകൾ മറച്ചുവയ്ക്കുന്നത് സോഷ്യലിസ്റ്റു-വംശീയതാ പ്രത്യയശാസ്ത്രത്തിലൂന്നിയ ദേശസ്നേഹമുദ്രാവാക്യത്തിലൂടെയാണ്.

വംശീയതാസിദ്ധാന്തം

[തിരുത്തുക]

'വംശം', 'വംശീയശുദ്ധി' തുടങ്ങിയ ആശയങ്ങൾ നാസിസത്തിന്റെ അടിത്തറയാണ്. വെളുത്ത വംശജരിൽത്തന്നെ, ആര്യവംശജർ ഏറ്റവും ഉത്കൃഷ്ടരാണെന്നും ജർമനിയിലെ ആര്യവംശജർ തങ്ങളിൽ നിക്ഷിപ്തമായിരിക്കുന്ന ചരിത്രനിയോഗം പൂർത്തിയാക്കണമെങ്കിൽ ഹീനവംശജരുമായുള്ള സമ്പർക്കംകൊണ്ടുണ്ടായ 'അശുദ്ധി' ഇല്ലാതാക്കുകയും 'അനാര്യ' ആശയങ്ങളുടെയും മൂല്യങ്ങളുടെയും സ്വാധീനം പൂർണമായി ഇല്ലാതാക്കുകയും വേണമെന്നും നാസികൾ വാദിച്ചു. ജർമൻ ആര്യവംശമഹിമ നേരിടുന്ന ഒന്നാംനമ്പർ ശത്രു ജൂതരാണെന്ന സിദ്ധാന്തം നാസികൾ പ്രചരിപ്പിച്ചു. നാസി പ്രചരണ-പ്രവചനതന്ത്രത്തിലെ ഏറ്റവും പ്രധാന ആശയം 'ആഗോളജൂതഗൂഢാലോചനയെ'ക്കുറിച്ചായിരുന്നു. ജൂതവംശഹത്യയെ, നാസികൾ തങ്ങളിൽ അർപ്പിതമായിരിക്കുന്ന ലോകരക്ഷാ ദൌത്യമായിട്ടാണ് അവതരിപ്പിച്ചത്. 1933-ൽ അധികാരത്തിൽ വന്നപ്പോൾ ജർമനിയിൽനിന്ന് ജൂതരെ കൂട്ടത്തോടെ പുറത്താക്കുകയാണ് അടിയന്തര ദൗത്യമെന്ന് ഹിറ്റ്ലർ പ്രഖ്യാപിച്ചു. ജർമൻ സമൂഹത്തിൽ ആഴത്തിൽ വേരോട്ടമുള്ള 'സെമിറ്റിക്-വിരുദ്ധത'യെ 'ജൂത-വിരുദ്ധത'യാക്കി മാറ്റിയെടുക്കാൻ നാസികൾക്കു കഴിഞ്ഞു.

1935-ൽ നടപ്പാക്കിയ ന്യൂറം ബർഗ് നിയമമനുസരിച്ച് ജൂതർക്ക് നിയമപരമായ അവകാശാധികാരങ്ങൾ ഇല്ലാതാക്കുകയും ക്രമേണ പൂർണപൌരത്വം തന്നെ നിഷേധിക്കുകയും ചെയ്തു. ജൂതരുടെ സ്വത്ത് കണ്ടുകെട്ടുകയും തൊഴിൽ നിഷേധിക്കുകയും ചെയ്യുന്ന നിയമങ്ങളും പാസാക്കി. അങ്ങനെ ലക്ഷക്കണക്കിന് ജൂതരെ ജർമനിയിൽനിന്നു പലായനം ചെയ്യാൻ നിർബന്ധിതരാക്കി. എന്നാൽ പല അയൽരാജ്യങ്ങളും ജൂത അഭയാർഥികൾക്കുമുമ്പിൽ തങ്ങളുടെ അതിർത്തികൾ കൊട്ടിയടച്ചു. 1938-ൽ ജർമനിയിൽ ജൂതദേവാലയങ്ങൾ കത്തിക്കുകയും വ്യാപാരസ്ഥാപനങ്ങൾ കൊള്ളയടിക്കുകയും ചെയ്തു. 30,000 ജൂതരെ അറസ്റ്റു ചെയ്ത് തടങ്കൽപ്പാളയങ്ങളിലടച്ചു. രണ്ടാംലോകയുദ്ധനാളുകളിൽ ജർമനിയിലെ എല്ലാ ജൂതരും ജൂതനക്ഷത്രം എന്നപേരിൽ ഒരു ബാഡ്ജ് ധരിക്കണമെന്ന നിയമം കൊണ്ടുവന്നു. ആക്രമിച്ചു കീഴടക്കിയ പോളണ്ട്, ചെക്കോസ്ളോവാക്യ, ഓസ്ട്രിയ, ബൊഹീമിയ, മൊറാവമിയ, സ്ലോവാക്കിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം നാസികൾ ജൂതവിരുദ്ധവേട്ടകൾ നടത്തി. പോളണ്ടിലെ 3.3 ദശലക്ഷം ജൂതരിൽ 2 ദശലക്ഷവും, ജർമൻ അധിനിവേശിത പ്രദേശങ്ങളിൽ നിയമപരമായിത്തന്നെ ബന്ദികളാക്കപ്പെട്ടു. അവിടെ ജൂതരെ പ്രത്യേകം സജ്ജമാക്കിയ 'ഗെറ്റോ'കളിലേക്ക് മാറ്റിപ്പാർപ്പിച്ചു. നാസിസൈന്യത്തോടൊപ്പം സഞ്ചരിച്ച 'എസ്സ് എസ്സ്' യൂണിറ്റുകളുടെ സഹായത്തോടെ പോളണ്ടിലാകമാനം ജൂതരെ അന്തിമമായി തുടച്ചുനീക്കുന്നതിനു മുന്നോടിയായി അവരെ തടങ്കൽപാളയങ്ങളിലാക്കുകയും പട്ടിണിക്കിടുകയും നിർബന്ധിതമായി ജോലിയെടുപ്പിക്കുകയും ചെയ്തു.

അപമാനവീകരണം

[തിരുത്തുക]

ജൂതരെ കൊന്നൊടുക്കുന്നതിനുമുമ്പ് അവരുടെ 'മനുഷ്യത്വം'തന്നെ നിഷേധിക്കുന്ന അനവധി ഘട്ടങ്ങൾക്കു വിധേയമാക്കുകയുണ്ടായി. ആദ്യം അവരെ പൌരസമൂഹത്തിൽനിന്നു ബഹിഷ്കരിക്കുന്ന നടപടിയായിരുന്നു. പൊതുസ്ഥലങ്ങളിൽ ജൂതരെ വേട്ടയാടുക, ജൂതരുടെ വ്യാപാരസ്ഥാപനങ്ങൾക്കു മുമ്പിൽ 'ഇവരെ ബഹിഷ്കരിക്കുക', 'ജർമൻകാർ ജാഗ്രത പാലിക്കുക' തുടങ്ങിയ പരസ്യബോർഡുകളുമായി നാസികൾ ഉപരോധമേർപ്പെടുത്തി, ജർമൻ പൗരത്വത്തിൽ നിന്നും നീക്കം ചെയ്യുക, പൊതുതാമസസ്ഥലങ്ങളിൽ നിന്നു ആട്ടിയോടിക്കുക, ജൂതദേവാലയങ്ങൾ നശിപ്പിക്കുക തുടങ്ങിയ നടപടികളിലൂടെ ജൂതജനവിഭാഗങ്ങളിൽ ഭയവും നിരാശയും ജനിപ്പിക്കുകയെന്നതായിരുന്നു ഹോളോകോസ്റ്റിന്റെ ആദ്യഘട്ടങ്ങൾ. അടുത്ത ഘട്ടത്തിൽ രാജ്യമെമ്പാടുനിന്നും ജൂതരെ സ്ത്രീ-പുരുഷഭേദമെന്യേ, വൃദ്ധരെന്നോ കുട്ടികളെന്നോ വ്യത്യാസമില്ലാതെ പിടികൂടുകയും കൂട്ടത്തോടെ ഗെറ്റോകളിലും തടങ്കൽപ്പാളയങ്ങളിലും എത്തിക്കുകയുമാണ് ചെയ്തത്. സ്വന്തം താമസസ്ഥലങ്ങളിൽ നിന്നു പിടികൂടുന്ന ജൂതരെ പ്രത്യേകം സജ്ജമാക്കിയ തടങ്കൽപ്പാളയങ്ങളിലെത്തിക്കാൻ പ്രത്യേക ചരക്കുതീവണ്ടികൾ ഏർപ്പാടാക്കി. നേരിയ പ്രതിഷേധമെങ്കിലുമുയർത്തുന്നവരെ തത്ഷണം വധിക്കുകയായിരുന്നു പതിവ്. സ്വന്തം വസ്ത്രങ്ങൾക്കുള്ളിൽ കുഞ്ഞുങ്ങളെ ഒളിപ്പിച്ചു രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന അമ്മമാർക്ക് കടുത്ത ശിക്ഷനല്കിയിരുന്നു.

ക്യാമ്പുകളിലെ ജൂത അന്തേവാസികളെ പലതരം ജൈവപരീക്ഷണങ്ങൾക്കു വിധേയമാക്കിയിരുന്നു. നാസി ഡോക്ടർമാരും ശാസ്ത്രജ്ഞരും ജൂതരെ ഇത്തരം പൈശാചികപരീക്ഷണങ്ങൾക്കു വിധേയമാക്കുന്നതിനു നേതൃത്വം നല്കി. അംഗഭംഗം വരുത്തുക, നിറം മാറ്റുന്നതിനുള്ള മരുന്നുകൾ കുത്തിവയ്ക്കുക, അനസ്തേഷ്യ നൽകാതെ ശരീരഭാഗങ്ങൾ കീറിമുറിക്കുക, മരുന്നുകമ്പനികൾ വികസിപ്പിക്കുന്ന മരുന്നുകളുടെ പരീക്ഷണത്തിനുപയോഗിക്കുക എന്നിവയായിരുന്നു ഇവർ നടപ്പാക്കിയത്.

ക്യാമ്പുകളിൽ ആൺപെൺഭേദമില്ലാതെ നഗ്നരാക്കിയാണ് താമസിപ്പിച്ചിരുന്നത്. നിരന്തരമായ പീഡനത്തിലൂടെ ജൂതരിൽ തങ്ങൾ മനുഷ്യരാണെന്ന ആത്മബോധം തന്നെ ചോർത്തിക്കളയുന്ന രീതിയാണ് അവലംബിച്ചത്. കൊല്ലപ്പെടുന്നതിനുമുമ്പുതന്നെ ജൂതർ ഏതാണ്ട് മൃതപ്രായരോ ജീവിതത്തിൽ വിശ്വാസമില്ലാത്തവരോ ആയി മാറുന്നു. അതിജീവിച്ച ഹോളോകോസ്റ്റ് ഇരകൾ ജീവിതത്തെത്തന്നെ ഭയക്കുന്നതായാണ് കണ്ടത്.

നാസി കൊലക്കളങ്ങൾ

[തിരുത്തുക]

1941-ൽ പോളണ്ടിൽ 'ഗ്യാസ് ചേംബറുകൾ' നിർമ്മിക്കാൻ തീരുമാനിച്ചു. കാരണം, അതുവരെ ജൂതഹത്യയ്ക്കുപയോഗിച്ചിരുന്ന കൂട്ടവെടിവയ്പ്, പട്ടിണി, നിർബന്ധിത വേല തുടങ്ങിയ മാർഗങ്ങൾ വേണ്ടത്ര 'കാര്യക്ഷമ'മല്ലെന്ന് നാസികൾ ചിന്തിക്കാൻ തുടങ്ങി. കൂടുതൽ 'കാര്യക്ഷമവും മികവുറ്റ'തുമായ ജൂതഹത്യാ മാർഗങ്ങളെക്കുറിച്ചുള്ള നാസിഗവേഷണത്തിന്റെ ഫലമാണ് ഗ്യാസ് ചേംബറുകൾ. പോളണ്ടിലെ ഓഷ്വിറ്റ്സ്, ബെൽസക്ക്, ഷെൽമ്നോ, ലൂബ്ളിൻ മാസ്ദാ നെക്ക്, സോബിബോൾ, ട്രെബ്ളിൻകാ എന്നീ ആറുകേന്ദ്രങ്ങളിൽ കൂട്ടക്കൊലയ്ക്കുള്ള ഗ്യാസ് ചേംബറുകൾ നിർമിച്ചു. ഓഷ്വിറ്റ്സിലെ ഗ്യാസ്ചേംബറിൽ ഹൈഡ്രജൻ സയനൈഡും മറ്റ് അഞ്ചുകേന്ദ്രങ്ങളിൽ കാർബൺമോണോക്സൈഡുമാണുപയോഗിച്ചത് 1941 സെപ്റ്റംബറിൽ ജർമനിയിൽനിന്നും ഓസ്ട്രിയയിൽ നിന്നും ജൂതരെ ഈ ക്യാമ്പുകളിലെത്തിച്ചു. 1942-ൽ നാസി കൊലക്കളങ്ങൾ പ്രവർത്തിച്ചുതുടങ്ങി. നാസി അധിനിവേശിത മേഖലകളിൽനിന്നെല്ലാം വേട്ടയാടിപ്പിടിക്കുന്ന ജൂതരെ കൊലക്കളങ്ങളിലെത്തിക്കുന്നതിനുവേണ്ടി പ്രത്യേക ട്രെയിൻസർവീസ് ഏർപ്പെടുത്തി. 1942 മുതൽ 1945 വരെ നീണ്ടുനിന്ന കൂട്ടവേട്ടയാടലിൽ ഏതാണ്ട് മൂന്ന് ദശലക്ഷം ജൂതരെ ഈ ഗ്യാസ്ചേംബറുകളിൽ അടച്ചു. ഗ്യാസ് ചേംബറുകളിലെ ജൂതത്തടവുകാരെ ഒന്നൊന്നായി കൊല്ലുന്നതിനു പകരം വിഷവാതകം തുറന്നുവിട്ടുകൊണ്ട് കൂട്ടത്തോടെ ശ്വാസംമുട്ടിച്ചു കൊല്ലുകയെന്ന രീതിയാണവലംബിച്ചത്.

ഓഷ് വിറ്റ്സ്

[തിരുത്തുക]

നാസി ഭീകരതയെ സൂചിപ്പിക്കാനുള്ള ഒരു രൂപകം എന്ന നിലയ്ക്കാണ് ഇന്ന് 'ഓഷ്വിറ്റ്സ്' എന്ന വാക്കുപയോഗിക്കപ്പെടുന്നത്. പോളണ്ടിലെ ഏറ്റവും വലിയ ഗ്യാസ്ചേംബറായിരുന്ന ഓഷ്വിറ്റ്സിലേക്ക് എത്തിക്കുന്ന ജൂതരെ, നാസി ഡോക്ടർമാർ ആദ്യം വൈദ്യപരിശോധന നടത്തുമായിരുന്നു. അതിനു ശേഷം ഉടൻതന്നെ ശ്വാസംമുട്ടിച്ചുകൊല്ലേണ്ടവർ എത്ര, നിർബന്ധിത ജോലിയെടുപ്പിക്കേണ്ടവർ എത്ര എന്നു തരംതിരിക്കുകയായിരുന്നു പതിവ്. വൃദ്ധരായ സ്ത്രീ-പുരുഷന്മാരെയും കുട്ടികളെയും ഉടനെ ശ്വാസംമുട്ടിച്ചുകൊല്ലുകയായിരുന്നു. ആരോഗ്യമുള്ളവരെ ക്യാമ്പുകളിലും ഫാക്ടറികളിലും അടിമപ്പണി ചെയ്യിച്ചിരുന്നു. അധ്വാനവും പട്ടിണിയും മൂലം ഗണ്യമായ ഒരു വിഭാഗം മരണത്തിനു കീഴടങ്ങി. ശേഷിക്കുന്നവരെ ആരോഗ്യം നശിച്ചുകഴിയുമ്പോൾ കൊന്നൊടുക്കി. ഓഷ് വിറ്റ്സ്, ചരിത്രത്തിൽ സമാനതകളില്ലാത്തവിധം നൃശംസനീയതയുടെ പ്രതീകമായി മാറുകയാണുണ്ടായത്. മനുഷ്യരിലെ എല്ലാ സർഗാത്മകതയെയും വറ്റിക്കുന്നതും എല്ലാ പ്രത്യാശകളും ഇല്ലാതാക്കുന്നതുമായിരുന്ന 'ഓഷ്വിറ്റ്സ്' മനുഷ്യന്റെ ചിന്തയെയും ഭാവനയെയും നടുക്കുക മാത്രമല്ല മരവിപ്പിക്കുക കൂടിയാണ് ചെയ്തിരുന്നത്. ഓഷ് വിറ്റ്സ് പോലൊരു ഭീകരസംഭവത്തിന്റെ പ്രത്യാഘാതത്തെ അതിജീവിക്കുവാൻ മനുഷ്യഭാവനയ്ക്കാവുമോ എന്ന ഉത്കണ്ഠയാണ് വിഖ്യാത ജർമൻ ചിന്തകനായ അഡോണോയെക്കൊണ്ട് 'ഓഷ്വിറ്റ്സിനുശേഷം കവിതയോ' എന്ന ചോദ്യം ചോദിപ്പിച്ചത്. എന്നാൽ പോൾ സെല്ലാൻ നല്കിയ മറുപടി അശുഭകാലങ്ങളിൽ അശുഭകാലത്തെക്കുറിച്ചുള്ള കവിതയുണ്ടാകും എന്നായിരുന്നു.

ഹോളോകോസ്റ്റ്

[തിരുത്തുക]
പ്രധാന ലേഖനം: ഹോളോകോസ്റ്റ്

60 ലക്ഷത്തിലധികം യഹൂദരെ നാസിഭരണകൂടം ആസൂത്രിതമായി കൂട്ടക്കൊല ചെയ്ത സംഭവത്തെയാണ് ഹോളോകോസ്റ്റ് എന്നതുകൊണ്ടു വിവക്ഷിക്കുന്നത്. കമ്യൂണിസ്റ്റുകാർ, ലൈംഗിക ന്യൂനപക്ഷങ്ങൾ, ജിപ്സികൾ, വികലാംഗർ, യുദ്ധത്തടവുകാർ, യഹോവയുടെ സാക്ഷികൾ, ഇതര രാഷ്ട്രീയ-മത ന്യൂനപക്ഷങ്ങൾ തുടങ്ങിയ വിഭാഗങ്ങൾക്കെതിരെ നാസികൾ നടത്തിയ പീഡനങ്ങൾകൂടി ഹോളോകോസ്റ്റിന്റെ നിർവചനത്തിൽ ഉൾപ്പെടുത്തണമെന്നുവാദിക്കുന്ന ചരിത്രപണ്ഡിതന്മാരുമുണ്ട്. സമകാലീന, ചരിത്രവിജ്ഞാനീയത്തിൽ, ഹോളോകോസ്റ്റ് പഠനങ്ങൾ ഒരു സവിശേഷ പഠനപദ്ധതിയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ക്രൂരത, തിന്മ തുടങ്ങിയ വാക്കുകൾകൊണ്ടു വിശേഷിപ്പിക്കാനാവാത്തതാണ് ഹോളോകോസ്റ്റിന്റെ വ്യാപ്തി. ഹോളോകോസ്റ്റിനെ അതിജീവിച്ചവരുടെ സാക്ഷിമൊഴികളാണ് ഹോളോകോസ്റ്റ് പഠനപദ്ധതിയുടെ പ്രധാന ഉപാദാനസാമഗ്രി. നാസി കുറ്റവാളികൾക്ക് ഇത്രയധികം ക്രൂരത ഇത്രത്തോളം ആസൂത്രിതവും സംഘടിതവുമായി നടപ്പാക്കാൻ കഴിഞ്ഞു എന്നത് ക്രൂരതയെയും തിന്മയെയും കുറിച്ചുള്ള യുക്തിബോധത്തിന് ഇപ്പോഴും വിശദീകരിക്കാനായിട്ടില്ല. രണ്ടാം ലോകയുദ്ധത്തിലെ യുദ്ധക്കുറ്റവാളികൾക്കെതിരെ സഖ്യകക്ഷികൾ നടത്തിയ വിചാരണ ന്യൂറം ബർഗ് വിചാരണ എന്നറിയപ്പെടുന്നു. 25 നാസി തലവന്മാരായിരുന്നു പ്രതികൾ. 1945 ഒക്ടോബർ 18-ന് ബർളിനിൽ ആദ്യം പൊതുവിചാരണ ആരംഭിച്ചു. 1946-ലാണ് വിചാരണകൾ അവസാനിച്ചത്. ജർമനിയിലെ ന്യൂറംബെർഗ് പട്ടണത്തിലായിരുന്നു വിചാരണക്കോടതി പ്രവർത്തിച്ചിരുന്നത്. കുറ്റകൃത്യങ്ങളുടെയും ശിക്ഷാവിധികളുടെയും ചരിത്രത്തിൽ സമാനതകളില്ലാത്തതാണ് ന്യൂറംബർഗ് വിചാരണകൾ.

കുറ്റകൃത്യത്തെക്കുറിച്ചുള്ള സാധാരണ നിയമശാസ്ത്രവ്യവഹാരങ്ങളെ അതിശയിക്കുന്ന നാസി കുറ്റങ്ങൾക്ക്, നിയമശാസ്ത്രപരമായ ശിക്ഷ മതിയാവില്ലെന്നാണ് വിഖ്യാതചിന്തകയായ ഹന്ന അരന്റ് അഭിപ്രായപ്പെട്ടത്. എന്നാൽ വധശിക്ഷയിൽക്കവിഞ്ഞ ശിക്ഷയൊന്നും ചരിത്രത്തിൽ ഇല്ലതാനും. അതിനാൽ, നാസി കുറ്റകൃത്യങ്ങളുമായി തുലനം ചെയ്യുമ്പോൾ, വധശിക്ഷപോലും നിസ്സാരമായി മാറുന്നു. നാസി കുറ്റങ്ങളും നിയമശാസ്ത്രം വിധിച്ചിട്ടുള്ള പരമാവധി ശിക്ഷയും തമ്മിലുള്ള വൈപരീത്യത്തിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. ജൂതഹത്യകൾക്കു നേതൃത്വം കൊടുത്തവരിൽ പ്രധാനിയായ ഐഷ്മാന്റെ വിചാരണയെക്കുറിച്ച് ഹന്ന അരന്റ് ചർച്ചചെയ്യുന്നുണ്ട്. ന്യൂറംബർഗ് വിചാരണക്കോടതിയെ 'പരമപുച്ഛ'ത്തോടെയാണ് ഐഷ്മാൻ സമീപിച്ചത്. കാരണം, തന്റെ പ്രവൃത്തികൾ ജർമനിയുടെ രക്ഷകദൗത്യമായിരുന്നുവെന്നും 'മഹത്കർമ'ങ്ങളായിരുന്നുവെന്നുമായിരുന്നു ഐഷ്മാന്റെ വാദം. ആര്യവംശമഹിമയ്ക്കുവേണ്ടി നടത്തിയ ജൂതക്കശാപ്പുകളെ വെറും കുറ്റകൃത്യങ്ങളായിക്കാണുന്ന വിചാരണക്കോടതിയുടെ നിസ്സാരതയെ സഹതാപത്തോടെയും പരിഹാസത്തോടെയും കാണുന്ന മുഖഭാവമായിരുന്നു ഐഷ്മാൻ കോടതിമുറിയിൽ പ്രദർശിപ്പിച്ചത്. ഐഷ്മാനെപ്പോലുള്ള നാസികുറ്റവാളികളെ കൈകാര്യം ചെയ്യുമ്പോൾ മനുഷ്യനിർമിതമായ നിയമ ശാസ്ത്രപദ്ധതികളുടെ പരിമിതികളെക്കുറിച്ചാണ് ഹന്ന അരന്റ് സൂചിപ്പിച്ചത്.

അവലംബം

[തിരുത്തുക]
  1. Von Krosigk refused the title Chancellor by Dönitz, his title as head of cabinet of the Flensburg government was Leitender Minister (leading minister)
  2. ജർമൻ തിരഞ്ഞെടുപ്പ്, 1933
  3. in 1939, before Germany acquired control of the last two regions which had been in its control before the Versailles Treaty, Alsace-Lorraine, Danzig and the part of West Prussia colloquially known as the "Polish Corridor", it had an area was 633786 sq. km., Statistisches Bundesamt (Federal Statistical Office), Statistisches Jahrbuch 2006 für die Bundesrepublik Deutschland, p. 34.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നാസിസം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നാസി_ജർമ്മനി&oldid=3760336" എന്ന താളിൽനിന്ന് ശേഖരിച്ചത്