Jump to content

നിക്കരാഗ്വ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Republic of Nicaragua

República de Nicaragua
Flag of Nicaragua
Flag
Coat of arms of Nicaragua
Coat of arms
ദേശീയ ഗാനം: Salve a ti, Nicaragua
Location of Nicaragua
തലസ്ഥാനം
and largest city
Managua
ഔദ്യോഗിക ഭാഷകൾSpanish1
നിവാസികളുടെ പേര്Nicaraguan
ഭരണസമ്പ്രദായംPresidential republic
• President
Daniel Ortega (FSLN)
Jaime Morales Carazo
Independence 
from Spain
• Declared
September 15, 1821
• Recognized
July 25, 1850
• Revolution
July 19, 1979
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
129,494 കി.m2 (49,998 ച മൈ) (97th)
•  ജലം (%)
7.14
ജനസംഖ്യ
• July 2006 estimate
5,603,000 (107th)
• 2005 census
5,142,098
•  ജനസാന്ദ്രത
42/കിമീ2 (108.8/ച മൈ) (132nd)
ജി.ഡി.പി. (PPP)2007 estimate
• ആകെ
$15.912 billion[1]
• പ്രതിശീർഷം
$2,628[1]
ജി.ഡി.പി. (നോമിനൽ)2007 estimate
• ആകെ
$5.724 billion[1]
• Per capita
$945[1]
ജിനി (2001)43.1
medium
എച്ച്.ഡി.ഐ. (2007)Increase 0.710
Error: Invalid HDI value · 110th
നാണയവ്യവസ്ഥCórdoba (NIO)
സമയമേഖലUTC-6
കോളിംഗ് കോഡ്505
ISO കോഡ്NI
ഇൻ്റർനെറ്റ് ഡൊമൈൻ.ni
  1. English and indigenous languages on Caribbean coast are also spoken.

മദ്ധ്യ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യമാണ് നിക്കരാഗ്വ (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് നിക്കരാഗ്വ). ഒരു പ്രാതിനിധ്യ ജനാധിപത്യ രാജ്യമാണിത്. വടക്ക് ഹോണ്ടുറാസ്, തെക്ക് കോസ്റ്റ റീക്ക എന്നീ രാജ്യങ്ങളുമായി അതിർത്തി രൂപവത്കരിക്കുന്നു. പടിഞ്ഞാറ് ശാന്തസമുദ്രവും കിഴക്ക് കരീബിയൻ കടലും സ്ഥിതി ചെയ്യുന്നു. ഭൂമദ്ധ്യരേഖയിൽ നിന്നും 11 ഡിഗ്രീ വടക്കാണ് ഉത്തരാർദ്ധഗോളത്തിൽ ഉഷ്ണമേഖലയിൽ ഉൾപ്പെടുന്ന ഈ രാജ്യത്തിന്റെ സ്ഥാനം. മനാഗ്വ ആണ് തലസ്ഥാനം. 129,494 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള നിക്കരാഗ്വയിലെ ജനസംഖ്യ ഏകദേശം 5,603,000 ആണ്.

ഭൂപ്രകൃതിയും കാലാവസ്ഥയും

[തിരുത്തുക]

ഭൂപ്രകൃതിയനുസരിച്ച് നിക്കരാഗ്വയെ മൂന്നു പ്രധാന മേഖലകളായി വിഭജിച്ചിരിക്കുന്നു. 1. പസിഫിക് മേഖല, 2. മധ്യ ഉന്നതതടങ്ങൾ, 3. കരീബിയൻ മേഖല. പ്രധാനമായും ഉഷ്ണമേഖലാ കാലാവസ്ഥ അനുഭവപ്പെടുന്ന ഭൂപ്രദേശമാണ് നിക്കരാഗ്വ.

പസിഫിക് മേഖല

[തിരുത്തുക]

ഹോണ്ടുറാസ് മുതൽ കോസ്റ്ററിക്ക വരെ വ്യാപിച്ചിരിക്കുന്ന താരതമ്യേന ഉയരം കുറഞ്ഞ ഭൂപ്രദേശമാണ് പസിഫിക് മേഖല. സജീവമായവ ഉൾപ്പെടെ നിരവധി അഗ്നിപർവതങ്ങളുടെ സാന്നിധ്യത്താൽ ശ്രദ്ധേയമാണിവിടം. ഈ മേഖലയുടെ മധ്യ, ദക്ഷിണ പ്രദേശങ്ങളിൽ യഥാക്രമം മനാഗ്വ തടാകവും നിക്കരാഗ്വതടാകവും സ്ഥിതി ചെയ്യുന്നു. പസിഫിക് തീരത്തോടടുത്ത പ്രദേശങ്ങളിൽ 910 മീ. വരെ ഉയരമുള്ള ചെറുപർവതങ്ങൾ കാണാം. രാജ്യത്തെ ഒട്ടുമിക്ക വൻനഗരങ്ങളും, വിസ്തൃത കൃഷിപ്പാടങ്ങളും ഈ മേഖലയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.

ഈ പ്രദേശത്ത്, വർഷത്തിൽ 150 സെ.മീ. വരെ മഴ ലഭിക്കുന്നു. മേയ് മുതൽ നവംബർ വരെയാണ് മഴക്കാലം. 27 °C. ആണ് താപനിലയുടെ ശരാശരി.

മധ്യ ഉന്നതതടങ്ങൾ

[തിരുത്തുക]

നിക്കരാഗ്വയിലെ ഏറ്റവും ഉയരം കൂടിയതും ഏറ്റവും തണുപ്പ് അനുഭവപ്പെടുന്നതുമായ പ്രദേശമാണിത്. സു. 2,107 മീ. വരെ ഉയരമുള്ള, രാജ്യത്തെ ഏറ്റവും ഉയരംകൂടിയ കൊടുമുടി, പികോ മൊഗോട്ടൊൺ (Pico mogoton) സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. മധ്യ ഉന്നതതടപ്രദേശത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും, പ്രത്യേകിച്ച് പർവതചരിവുകളിൽ വനങ്ങൾ സമൃദ്ധമാണ്. പർവതങ്ങൾക്കു മധ്യേ താഴ്വരകളും സർവസാധാരണമാണ്.

മധ്യഉന്നത തടങ്ങളുടെ മിക്കപ്രദേശങ്ങളിലും വർഷത്തിൽ 250 സെ.മീ. വരെ ശരാശരി മഴ ലഭിക്കുന്നു. കൃഷിയാണ് ഈമേഖലയിലെ മുഖ്യ ഉപജീവനമാർഗം. പസിഫിക് മേഖലയെപ്പോലെ മേയ്-നവംബർ കാലയളവിലാണ് ഇവിടെയും നല്ല മഴ ലഭിക്കുന്നത്. 16 °C-നും. 21 °C-നും, മധ്യേയാണ് താപനിലയുടെ ശരാശരി.

കരിബീയൻ മേഖല

[തിരുത്തുക]

ഭൂരിഭാഗവും നിരപ്പാർന്ന ഭൂപ്രകൃതി പ്രദർശിപ്പിക്കുന്ന കരീബിയൻ മേഖല പടിഞ്ഞാറേക്ക് ചരിഞ്ഞിറങ്ങുന്ന ചുരുക്കം ചില ഉന്നതതടങ്ങളാൽ സവിശേഷമാണ്. മധ്യ ഉന്നതതടങ്ങളിൽ നിന്നും ഉദ്ഭവിച്ചൊഴുകുന്ന നദികളിൽ ഭൂരിഭാഗവും കരീബിയൻ മേഖലയെ ജലസിക്തമാക്കിക്കൊണ്ടു പ്രവഹിക്കുന്നതിനാൽ ഈ പ്രദേശം ജലസമൃദ്ധിയാൽ അനുഗൃഹീതമാണ്. നദീതടങ്ങൾ മിക്കവയും കൃഷിയിടങ്ങളായി വികസിച്ചിരിക്കുന്നു. മിക്കയിടങ്ങളിലും ഹരിതസാന്ദ്രമായ മഴക്കാടുകൾ കാണാം. ഈ പ്രദേശത്തിന്റെ വടക്കോട്ട് വരുന്തോറും, മഴക്കാടുകൾ പുൽമേടുകൾക്കും പാം, പൈൻ വനങ്ങൾക്കും വഴിമാറുന്നു. തീരത്തോടടുത്ത് നിരവധി ചെറുദ്വീപുകളും സ്ഥിതി ചെയ്യുന്നുണ്ട്.

വാണിജ്യവാതങ്ങളിൽ നിന്നാണ് പ്രധാനമായും കരീബിയൻ മേഖലയിൽ മഴ ലഭിക്കുന്നത്. മിക്കപ്പോഴും വർഷകാലത്തുടനീളം മഴലഭിക്കുന്ന ഈ മേഖലയുടെ ശ.ശ. വർഷപാതം 420 സെ.മീ. ആണ്, താപനിലയുടെ ശ.ശ. 27 °Cഉം.

ജനങ്ങളും ജീവിതരീതിയും

[തിരുത്തുക]

സങ്കരവർഗത്തിൽപ്പെടുന്ന മെസ്റ്റിസോ വംശജരാണ് നിക്കരാഗ്വ ജനസംഖ്യയിലെ ഭൂരിപക്ഷവും. മധ്യ-അമേരിക്കൻ രാഷ്ട്രങ്ങളിലെ സ്പാനിഷ്-അമേരിക്കൻ വംശജരുടേതിന് ഏറെക്കുറെ സമാനമാണ് മെസ്റ്റിസോ വംശജരുടെ ജീവിതരീതി, ജനസംഖ്യയുടെ ഭൂരിഭാഗത്തിലധികവും റോമൻ കത്തോലിക്കവിശ്വാസികളും മാതൃഭാഷയായി സ്പാനിഷ് സംസാരിക്കുന്നവരുമാണ്. ഇന്ത്യൻ ഭാഷകൾ സംസാരിക്കുന്ന വളറെ ചെറിയൊരു ശതമാനം ഇന്ത്യൻ വംശജരും നിക്കരാഗ്വയിലുണ്ട്. കരീബിയൻ തീരത്തോടടുത്ത പ്രദേശങ്ങളെയാണ് ഇവർ അധിവസിക്കുന്നത്. 1980-കളിൽ ഉണ്ടായ ചില ഗവൺമെന്റ് വിരുദ്ധപ്രവർത്തനങ്ങളിൽ ഇവരിൽ ചില വിഭാഗങ്ങൾ പങ്കെടുത്തിരുന്നതിനാൽ, ഗവൺമെന്റ് ഈ വിഭാഗങ്ങളെ രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയും 1985-ൽ ഇവരിൽ ചില വിഭാഗങ്ങളെ ഇന്ത്യയിലേക്ക് മടങ്ങിവരാൻ അനുവദിക്കുകയും ചെയ്യുകയുണ്ടായി. കറുത്തവർ, കറുത്തവരുടെയും ഇന്ത്യൻ വംശജരുടെയും സങ്കരവംശജർ തുടങ്ങിയ വിഭാഗങ്ങളും കരീബിയൻ പ്രദേശത്ത് നിവസിക്കുന്നുണ്ട്.

നിക്കരാഗ്വൻ ജനസംഖ്യയുടെ മൂന്നിൽ ഒന്നും ദരിദ്രകർഷകരാണ്. പസിഫിക് മേഖലയിലെ കർഷകർ അധികവും സ്വന്തം ഭൂമിയിൽ കൃഷിചെയ്യുന്നവരോ, സഹകരണ-ഗവൺമെന്റ് കൃഷിയിടങ്ങളിൽ തൊഴിൽ ചെയ്യുന്നവരോ ആകുന്നു. ഉയർന്ന താപനില അനുഭവപ്പെടുന്ന പ്രദേശങ്ങളിലെ തദ്ദേശവാസികളധികവും, പനയോലകൊണ്ടോ ലോഹത്തകിടുകൾ കൊണ്ടോ നിർമിച്ചിട്ടുള്ള മേൽക്കൂരയോടുകൂടിയ വീടുകളിൽ താമസിക്കുന്നു. എന്നാൽ തണുപ്പനുഭവപ്പെടുന്ന മേഖലയിൽ, പ്രത്യേകിച്ചും മധ്യഉന്നതതടങ്ങളിലെ കർഷകരും മറ്റു ജനവിഭാഗങ്ങളും പ്രധാനമായും കളിമണ്ണും ഓടും കൊണ്ടുനിർമിച്ച വീടുകളിലാണ് താമസിക്കുന്നത്. ഈ കരീബിയൻ മേഖലയിൽ അധിവസിക്കുന്ന കറുത്തവരും, ഇന്ത്യൻ വംശജരും കൃഷി, മത്സ്യബന്ധനം, ഖനനം, എന്നിവയെ പ്രധാന ഉപജീവനമാർഗങ്ങളായി സ്വീകരിച്ചിരിക്കുന്നു.

വിദ്യാഭ്യാസം

[തിരുത്തുക]

ആറിനും പന്ത്രണ്ടിനും മധ്യേപ്രായമുള്ള എല്ലാ കുട്ടികൾക്കും നിക്കരാഗ്വ ഭരണഘടന നിർബന്ധിത വിദ്യാഭ്യാസം അനുശാസിക്കുന്നു. എന്നാൽ 1980-നുശേഷം മാത്രമേ വിദ്യാഭ്യാസരംഗത്ത് രാജ്യത്തിന് നിർണായകമായ പുരോഗതി കൈവരിക്കാൻ കഴിഞ്ഞുള്ളൂ. ഗ്രാമീണമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അപര്യാപ്തത രാജ്യത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കു ഇപ്പോഴും വെല്ലുവിളി സൃഷ്ടിക്കുന്നു. ഗ്രാമീണതലത്തിൽ വിദ്യാഭ്യാസം വ്യാപിപ്പിക്കുന്നതിനും സാക്ഷരതാ നിരക്ക് വർധിപ്പിക്കുന്നതിനും ഗവൺമെന്റ് പ്രത്യേക പദ്ധതികൾ തന്നെ ആവിഷ്കരിച്ചു നടപ്പിലാക്കിവരുന്നു. മൂന്നു സർവകലാശാലകൾ രാജ്യത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗത്ത് സേവനമനുഷ്ഠിക്കുന്നു. 1812-ൽ സ്ഥാപിതമായ നിക്കരാഗ്വ ദേശീയ സർവകലാശാലയാണ് ആദ്യത്തെ സർവകലാശാല. 22,000-ത്തിലധികം വിദ്യാർഥികൾ ഈ സർവകലാശാലയുടെ കീഴിൽ പഠിക്കുന്നുണ്ട്.

സമ്പദ്‌വ്യവസ്ഥ

[തിരുത്തുക]

പസിഫിക് മേഖലയിലെ സമൃദ്ധമായ വളക്കൂറുള്ള മണ്ണാണ് നിക്കരാഗ്വയുടെ പ്രധാന പ്രകൃതിവിഭവം. ഈ മേഖലയിലെ സജീവമായ അഗ്നിപർവതങ്ങളിൽനിന്നും അടിഞ്ഞുകൂടിയ ചാരനിക്ഷേപം ഇവിടത്തെ മണ്ണിന്റെ ഗുണമേന്മ വർധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നു. മൊത്തം ഭൂനികുതിയുടെ പത്തുശതമാനം മാത്രമേ കൃഷിക്ക് ഉപയുക്തമാക്കിട്ടുള്ളുവെങ്കിലും കൃഷിയാണ് രാജ്യത്തെ മുഖ്യ ധനാഗമമാർഗം. നിക്കരാഗ്വയുടെ സമ്പദ്ഘടനയുടെ അടിത്തറയും കൃഷിതന്നെ. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ചെമ്പ്, സ്വർണം, വെള്ളി എന്നിവയും ചെറിയ തോതിൽ ഖനനം ചെയ്യുന്നുണ്ട്. ഭൂവിസ്തൃതിയുടെ പകുതിയോളം ഭാഗത്തായി വ്യാപിച്ചിരിക്കുന്ന വനങ്ങളും, രാജ്യത്തിന്റെ ധനാഗമമാർഗങ്ങളിൽ സുപ്രധാന പങ്കുവഹിക്കുന്നു. 1979 വരെ രാജ്യത്തെ ഭൂരിഭാഗം ഖനികളുടെയും വനപ്രദേശത്തിന്റെയും ഉടമസ്ഥാവകാശം വിദേശ കമ്പിനികൾക്കായിരുന്നു. എന്നാൽ 1979-ഓടെ ഇവയുടെ നിയന്ത്രണം ഗവൺമെന്റ് ഏറ്റെടുത്തു.

പരുത്തിയും കാപ്പിയുമാണ് നിക്കരാഗ്വയിലെ മുഖ്യ വാണിജ്യവിളകൾ. പസിഫിക് മേഖലയിലെ താഴ്ന്ന പ്രദേശങ്ങളാണ് പരുത്തിക്കൃഷിയിൽ മുന്നിൽ. മധ്യ ഉന്നതതടങ്ങൾ കാപ്പിക്കൃഷിയിൽ മുന്നിട്ടുനിൽക്കുന്നു. പസിഫിക് മേഖലയിലെ ചില പ്രദേശങ്ങളിലും കാപ്പിക്കൃഷിയുണ്ട്. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന പരുത്തിയുടെയും കാപ്പിയുടെയും ഭൂരിഭാഗവും കയറ്റുമതി ചെയ്യുന്നു. പസിഫിക് മേഖലയിലെ മറ്റൊരു വിളയാണ് കരിമ്പ്. വാഴപ്പഴം, നെല്ല് എന്നിവയും വ്യാവസായികാടിസ്ഥാനത്തിൽ രാജ്യത്ത് കൃഷി ചെയ്യുന്നുണ്ട്. നിക്കരാഗ്വയിലെ മുഖ്യ ഭക്ഷ്യവിളയായ നെല്ലിനു പുറമേ ചോളം, ബീൻസ് എന്നിവയും വ്യാപകമായി കൃഷി ചെയ്യുന്നുണ്ടെങ്കിലും മധ്യ ഉന്നതതടപ്രദേശങ്ങളിലാണ് ഇവയുടെ കൃഷി പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്.

ഉത്പാദനം

[തിരുത്തുക]

തലസ്ഥാനനഗരമായ മനാഗ്വയാണ് നിക്കരാഗ്വയുടെ വ്യാവസായികകേന്ദ്രം. രാജ്യത്തെ ഭൂരിഭാഗം വൈദ്യുതോത്പാദന പദ്ധതികളും ഇവിടെയാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. സംസ്കരിച്ച ആഹാരപദാർഥങ്ങൾ, പാനീയങ്ങൾ, വസ്ത്രങ്ങൾ, സിമെന്റ്, സിഗററ്റ്, തുകൽ ഉത്പന്നങ്ങൾ, പെട്രോളിയം ശുദ്ധീകരണം തുടങ്ങിയവയാണ് ഉത്പാദന വ്യവസായങ്ങളിൽ മുന്നിൽ. രാജ്യത്ത് പ്രവർത്തിക്കുന്ന കമ്പനികളിൽ മൂന്നിലൊന്നും ഗവൺമെന്റിന്റെ നിയന്ത്രണത്തിലാണ്; ശേഷിക്കുന്നവ സ്വകാര്യ-വിദേശ കമ്പിനികളുടെ നിയന്ത്രണത്തിലും.


ജപ്പാനും, മെക്സിക്കോയുമാണ് നിക്കരാഗ്വയുടെ പ്രധാന വാണിജ്യ പങ്കാളികൾ. ഏതാനും പശ്ചിമ യൂറോപ്യൻ രാജ്യങ്ങളും നിക്കരാഗ്വയുമായി വിദേശ വാണിജ്യത്തിൽ പങ്കാളികളായിട്ടുണ്ട്. സെൻട്രൽ അമേരിക്കൻ കോമൺ മാർക്കറ്റിലെ അംഗം കൂടിയാണ് നിക്കരാഗ്വ.


റോഡുകളാണ് നിക്കരാഗ്വയിലെ പ്രധാന ഗതാഗതോപാധികൾ. പസിഫിക് മേഖല റോഡുഗതാഗതത്തിൽ മുന്നിൽ നിൽക്കുന്നു. പാൻ അമേരിക്കൻ ഹൈവേയാണ് രാജ്യത്തെ പ്രധാന ഹൈവേ. റോഡുകളില്ലാത്ത ഗ്രാമപ്രദേശങ്ങളിലെ തദ്ദേശവാസികൾ പ്രധാനമായും കോവർകഴുതകളെയും കാളവണ്ടികളെയുമാണ് ഗതാഗതത്തിനുവേണ്ടി ആശ്രയിക്കുന്നത്. ജനങ്ങളിൽ നൂറിൽ ഒരാൾക്ക് എന്ന നിരക്കിൽ സഞ്ചരിക്കാൻ സ്വന്തമായി കാറുള്ളതായി കണക്കാക്കപ്പെടുന്നു. പസിഫിക് മേഖലയിൽ മാത്രമേ ചുരുങ്ങിയ തോതിലെങ്കിലും റെയിൽ ഗതാഗതം വികിസിച്ചിട്ടുള്ളൂ. മനാഗ്വയിൽ ഒരു അന്തർദേശീയ വിമാനത്താവളവും പ്രവർത്തിക്കുന്നുണ്ട്.

ചരിത്രം

[തിരുത്തുക]

16-ാം ശതകത്തിലെ സ്പാനിഷ് കുടിയേറ്റത്തിനു മുമ്പ് അമേരിന്ത്യൻ ഗോത്രങ്ങളുടെ ആവാസഭൂമിയായിരുന്നു നിക്കരാഗ്വ. ബി.സി. 4000 മുതൽ അമേരിന്ത്യൻ ഗോത്രങ്ങളുടെ വാസകേന്ദ്രങ്ങൾ നിക്കരാഗ്വയിൽ നിലനിന്നിരുന്നതായി പുരാവസ്തു ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. അമേരിന്ത്യൻ ഗോത്രങ്ങളിലെ ഏറ്റവും വലിയ വിഭാഗം നിക്കരാവോ എന്ന പേരിലാണ് അറിയപ്പെട്ടത്.

ഇറ്റലിക്കാരനായ ക്രിസ്റ്റഫർ കൊളംബസ് ആണ് നിക്കരാഗ്വയിൽ എത്തിയ ആദ്യത്തെ യൂറോപ്യൻ (1502). ഈ മേഖലയിൽ പര്യവേക്ഷണം നടത്തിയ ഗിൽഗൊൺസാലസ് ദാവില എന്ന സ്പാനിഷുകാരൻ 'നിക്കരാവോ' എന്ന പ്രാദേശിക നാമത്തോട് വെള്ളം എന്നർഥമുള്ള 'ആഗുവ' എന്ന സ്പാനിഷ് വാക്കുകൂടിച്ചേർത്ത് നിക്കരാഗ്വ എന്ന പേരു നല്കി. നിക്കരാഗ്വയിലെ സമ്പത്തും കാലാവസ്ഥയുമായിരുന്നു ദാവില അടക്കമുള്ള സ്പാനിഷുകാരെ ആകർഷിച്ചത്. നിക്കരാഗ്വ പൂർണമായി അധീനപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച ഫ്രാൻസിസ്കോ ഹെർണാൻദെസ് ദി കൊർദോബ (സ്പാനിഷ് പര്യവേക്ഷകൻ) ഗ്രാനഡ, ലിയോൺ എന്നീ രണ്ട് പട്ടണങ്ങൾ ഇവിടെ സ്ഥാപിച്ചു (1524). സ്പെയിൻ മധ്യഅമേരിക്കയിൽ സ്ഥാപിച്ച ആദ്യകോളനികളിൽ ഒന്നായിരുന്നു നിക്കരാഗ്വ.


നിക്കരാഗ്വയിലെ സ്പാനിഷ് ഗവർണറായിരുന്ന പെദ്രാറിയസിന്റെ (Pedrarias) കാലഘട്ടം (1526-31) നിക്കരാഗ്വൻ ചരിത്രത്തിലെ ഒരു ഇരുണ്ട അധ്യായമായിരുന്നു. ബലപ്രയോഗത്തിലൂടെ തദ്ദേശീയരെ കീഴടക്കിയ ഇദ്ദേഹം സ്പാനിഷ് നിയമങ്ങൾക്കും ആചാരങ്ങൾക്കും പുറമേ റോമൻ കാത്തോലിക്ക മതവും അവർക്കുമേൽ അടിച്ചേല്പിക്കുകയുണ്ടായി. അധിനിവേശകർ വലിയൊരു വിഭാഗം തദ്ദേശീയരെ കൊന്നൊടുക്കുകയും അടിമകളാക്കുകയും ചെയ്തതിനാൽ 17-ാം ശതകത്തോടെ തദ്ദേശീയർ അവിടത്തെ ന്യൂനപക്ഷമായി മാറി.


ചരിത്രപരമായി പല ഘട്ടങ്ങളിലൂടെ കടന്നുപോയതിനു ശേഷമാണ് നിക്കരാഗ്വ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി മാറിയത്. 1821-ൽ മറ്റ് മധ്യ അമേരിക്കൻ രാജ്യങ്ങളോടൊപ്പം സ്പെയിനിൽ നിന്നും സ്വാതന്ത്യ്രം പ്രഖ്യാപിച്ച നിക്കരാഗ്വ അവരോടൊപ്പം ചേർന്ന് 'യുണൈറ്റഡ് പ്രോവിൻസസ് ഒഫ് സെൻട്രൽ അമേരിക്ക' എന്ന യൂണിയനു രൂപം നല്കി. എന്നാൽ ഈ യൂണിയനിലെ മറ്റ് അംഗങ്ങളുമായി ഒത്തുപോകുന്നതിൽ പ്രയാസം അനുഭവപ്പെട്ടതിനെത്തുടർന്ന് യൂണിയനിലെ അംഗത്വം പിൻവലിച്ച നിക്കരാഗ്വ 1835-ൽ സ്വതന്ത്ര റിപ്പബ്ലിക്കായി.


സ്വതന്ത്ര റിപ്പബ്ലിക്കായെങ്കിലും അധികാരത്തിൽ മാറിമാറി വന്ന ലിബറൽ-യാഥാസ്ഥിതിക പാർട്ടികളും, അവരുടെ പ്രത്യയശാസ്ത്രത്തിലെ വൈരുദ്ധ്യവും രാജ്യത്ത് രാഷ്ട്രീയ അസ്ഥിരത ഉളവാക്കി. ഇവരുടെ അധികാരമത്സരം രാജ്യത്തെ ആഭ്യന്തരയുദ്ധത്തിലേക്ക് നയിച്ച സാഹചര്യം മുതലെടുത്ത വാക്കർ എന്ന അമേരിക്കക്കാരൻ നിക്കരാഗ്വൻ പ്രസിഡന്റായി സ്വയം അവരോധിച്ചു (1855). ആഭ്യന്തരയുദ്ധത്തിൽ ലിബറൽ കക്ഷിക്കാർക്കു വേണ്ടി പൊരുതാൻ അവരുടെ ക്ഷണം സ്വീകരിച്ചെത്തിയതായിരുന്നു അദ്ദേഹം. 1856 മേയ് 20-ന് വാക്കറുടെ സർക്കാരിനെ നിയമാനുസൃത ഭരണകൂടമായി അമേരിക്ക അംഗീകരിച്ചു. എന്നാൽ പ്രസിഡന്റ് എന്ന നിലയിൽ വാക്കറുടെ ഭരണത്തിനു സ്വേച്ഛാധിപത്യ മാനം കൈവന്നതോടെ ഇദ്ദേഹത്തിനെതിരെയുള്ള തദ്ദേശീയരുടെ എതിർപ്പ് രൂക്ഷമായി. ഈ സാഹചര്യത്തിൽ വിഭാഗീയത മറന്നുകൊണ്ട് ഒന്നിച്ച ലിബറൻ-യാഥാസ്ഥിതിക കക്ഷികൾ അദ്ദേഹത്തെ പുറത്താക്കുന്നതിൽ വിജയിച്ചു.

ദക്ഷിണനിക്കരാഗ്വയിലൂടെ ഒരു കനാൽ നിർമിച്ച് പസിഫിക്-അത്ലാന്തിക് സമുദ്രങ്ങളെ ബന്ധിപ്പിക്കാനുള്ള പദ്ധതി സ്വീകാര്യമായതോടെ യു.എസ്സിനെ സംബന്ധിച്ച് നിക്കരാഗ്വ ഭൂമിശാസ്ത്രപരമായും വാണിജ്യപരമായും തന്ത്രപ്രധാനമായ രാജ്യമായി മാറിയ കാലഘട്ടമായിരുന്നു 1850-കൾ. നിർദിഷ്ട കനാലിന്റെ പദ്ധതിപ്രദേശം എന്ന നിലയിൽ വമ്പൻ അമേരിക്കൻ കമ്പനികൾ നിക്കരാഗ്വയിൽ മുതൽമുടക്ക് നടത്തിയിരുന്നു.

1857 മുതൽ 93 വരെ യാഥാസ്ഥിതിക കക്ഷിയാണ് നിക്കരാഗ്വയിൽ അധികാരത്തിലിരുന്നത്. 36 വർഷം നീണ്ടുനിന്ന യാഥാസ്ഥിതിക ഭരണത്തിനു വിരാമമിട്ടുകൊണ്ട് 1893-ൽ ലിബറൽ പാർട്ടിയിലെ സെലയ പ്രസിഡന്റായി. കനാലിന്റെ നിർമിതിയെക്കുറിച്ചുള്ള പ്രശ്നങ്ങൾ യു.എസ്.-നിക്കരാഗ്വ ബന്ധത്തിൽ അസ്വാരസ്യം സൃഷ്ടിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ്; കനാൽ നിർമിതിക്കുള്ള അനിയന്ത്രിത അവകാശങ്ങൾ യു.എസ്സിന് നല്കാൻ വിസമ്മതിച്ചത് സെലയയെ അനഭിമതനാക്കി. ഈ സാഹചര്യത്തിൽ അമേരിക്ക സെലയയ്ക്കെതിരെ പ്രതിപക്ഷത്തെ കലാപത്തിനു പ്രേരിപ്പിച്ചത് രാജ്യത്തെ ആഭ്യന്തരയുദ്ധത്തിലേക്ക് നയിക്കുകയുണ്ടായി (1909). 1911-ൽ യാഥാസ്ഥിതിക പ്രസിഡന്റ് ഡയസ് അധികാരത്തിൽ വരുന്നതുവരെ ഇത് തുടർന്നു. നിക്കരാഗ്വയിലെ ഏറ്റവും വലിയ അമേരിക്കൻ കമ്പനിയായ യുണൈറ്റഡ് സ്റ്റേറ്റ്സ്-നിക്കരാഗ്വൻ കൺസെഷനിലെ മുൻ ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന്റെ ഗവൺമെന്റിനെ അമേരിക്കൻ ഭരണകൂടവും അംഗീകരിച്ചു. ആഭ്യന്തര യുദ്ധകാലത്ത് അമേരിക്കൻ ബിസിനസ് താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമായി യു.എസ്. സേനാംഗങ്ങളെ (Marines) നിക്കരാഗ്വയിലേക്ക് അയച്ചിരുന്നു (1909).

ഡയസിനെതിരെ 1912-ൽ വീണ്ടും ഒരു കലാപം ഉയർന്നുവന്ന പശ്ചാത്തലത്തിൽ ഇദ്ദേഹം യു.എസ്സിന്റെ സഹായം തേടിയതിനെത്തുടർന്ന് കലാപത്തെ അടിച്ചമർത്താൻ മറീനുകൾ വീണ്ടും നിക്കരാഗ്വയിൽ എത്തി (1912). 1909 നും 33-നുമിടയ്ക്ക് ക്രമസമാധാനപാലനത്തിനായി മൂന്നു തവണ (1909-11, 1912-25, 1926-33) മറീനുകളെ യു.എസ്. നിക്കരാഗ്വയിലേക്ക് അയയ്ക്കുകയുണ്ടായി. നിർദിഷ്ട കനാലിന്റെ നിർമിതിക്കായി യു.എസ്സിൽ നിന്നും നിക്കരാഗ്വൻ സർക്കാർ എടുത്ത ലോൺ വീണ്ടെടുക്കുന്നതിനായി നിക്കരാഗ്വയിലെ കസ്റ്റംസ് ഡ്യൂട്ടി ശേഖരിക്കാനുള്ള പദ്ധതിക്കു യു.എസ്. രൂപം നല്കിയത് ഭൂരിപക്ഷം തദ്ദേശീയരിലും വൻ പ്രതിഷേധമുളവാക്കി; ഈ എതിർപ്പിനെ നേരിടാനാണ് 1926-ൽ മറീനുകൾ വീണ്ടും ഇവിടെ എത്തിയത്. (1925-ലെ ഒരു ചെറിയ ഇടവേള ഒഴിച്ചാൽ 21 വർഷം അന്താരാഷ്ട്ര പൊലീസിന്റെ ചുമതല ഇവർ നിർവഹിച്ചു). യു.എസ്സിന്റെ ഇടപെടലിന് ന്യായീകരണമായി വർത്തിച്ചത് മൺറോ സിദ്ധാന്തത്തിന് അനുബന്ധമായി പ്രസിഡന്റ് റൂസ്വെൽറ്റ് ഉന്നയിച്ച വാദമുഖമാണ്. പരിഷ്കൃത രാജ്യമെന്ന നിലയിൽ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെ തെറ്റായ ചെയ്തികളെ ചെറുക്കാൻ യു.എസ്സിന് അധികാരമുണ്ട് എന്നായിരുന്നു ഈ വാദഗതിയുടെ അന്തഃസത്ത. നിക്കരാഗ്വ ഏതാണ്ട് അമേരിക്കയുടെ സംരക്ഷിത രാജ്യമായി (protectorate) മാറിയതിലുള്ള പ്രതിഷേധത്തിനു നേതൃത്വം നല്കിയ ജനറൽ സാൻഡിനോ ഒന്നുകിൽ വിദേശ ആധിപത്യത്തിൽ നിന്നും മാതൃഭൂമിയെ മോചിപ്പിക്കുക അല്ലെങ്കിൽ മരിക്കുക എന്ന ആഹ്വാനമാണ് അണികൾക്കു നല്കിയത്. യു.എസ്. മറീനുകൾക്കെതിരെ ഗറില്ലകളെ വ്യാപകമായി ഇവർ ഉപയോഗിച്ചിരുന്നു. നീണ്ടുനിന്ന ഒളിപ്പോരാട്ടത്തിനൊടുവിൽ നിക്കരാഗ്വയിൽ സമാധാനം സ്ഥാപിക്കാനും യു.എസ്സുമായി സൗഹൃദം പുലർത്താനും കെല്പുള്ള ഏത് വ്യക്തിയെയും പിന്തുണയ്ക്കാൻ യു.എസ്. തയ്യാറായി. യു.എസ്. മേൽനോട്ടത്തിൽ നടന്ന 1932-ലെ തെരഞ്ഞെടുപ്പിൽ അവർക്ക് താത്പര്യമുണ്ടായിരുന്ന യാഥാസ്ഥിതിക കക്ഷി പരാജയപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിക്കുവാൻ യു.എസ്. തയ്യാറായി. ലിബറൽ കക്ഷിക്കാരനായ സാകാസയായിരുന്നു പ്രസിഡന്റ്. ഈ തെരഞ്ഞെടുപ്പിനുശേഷമാണ് നിക്കരാഗ്വയിൽ നിന്നും മറീനുകളെ യു.എസ്. പിൻവലിച്ചത്; അതേസമയം മറീനുകളുടെ സ്ഥാനത്ത് നിക്കരാഗ്വൻ നാഷണൽ ഗാർഡ് എന്ന പുതിയ സേനയെ സജ്ജമാക്കിയിട്ടാണ് മറീനുകൾ നാട്ടിലേക്ക് മടങ്ങിയത്. 1934-ൽ സാൻഡിനോയെ വധിച്ച നാഷണൽ ഗാർഡ് തലവൻ ജനറൽ അനസ്താസിയോ സൊമോസ സാകാസയെ പുറത്താക്കിക്കൊണ്ട് (1936) സ്വയം പ്രസിഡന്റായി അവരോധിച്ചു. 1979-ൽ ഒരു വിപ്ളവത്തിലൂടെ പുറത്താക്കപ്പെടുന്നതുവരെ സൊമോസ കുടുംബമാണ് നിക്കരാഗ്വ ഭരിച്ചത്. പൊതുമുതൽ യാതൊരു ദീക്ഷയുമില്ലാതെ കൈക്കലാക്കിയ സൊമോസ ഭരണത്തെ ക്ലെപ്റ്റാക്രസി എന്നാണ് ചരിത്രകാരന്മാർ വിശേഷിപ്പിച്ചത്. കമ്യൂണിസ്റ്റുകാരനല്ല എന്ന കാരണത്താൽ ഈ ഏകാധിപതി യു.എസ്സിനും സ്വീകാര്യനായിരുന്നു. അധികാരത്തിന്റെ സുഖലോലുപതയിൽ മുഴുകിക്കഴിഞ്ഞ ഇദ്ദേഹത്തെ 1956-ൽ പെറസ് എന്ന കവി വധിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ പുത്രന്മാരായ ലൂയി, ഡെബോയിൽ എന്നിവരാണ് തുടർന്ന് നിക്കരാഗ്വ ഭരിച്ചത്.


സൊമോസ കുടുംബവാഴ്ചയുടെ ബാക്കിപത്രമായ അഴിമതിയും ക്രമസമാധാനത്തകർച്ചയും ഇടതുപക്ഷ നിക്കരാഗ്വൻ രാഷ്ട്രീയകക്ഷിയായ സാൻഡിനിസ്റ്റ് നാഷണൽ ലിബറേഷൻ ഫ്രണ്ടിന്റെ നേതൃത്വത്തിലുള്ള ജനകീയ കലാപത്തിന് അനുകൂലമായ സാഹചര്യമാണൊരുക്കിയത്. സൊമോസ ഭരണകൂടത്തിനെതിരെ സായുധപോരാട്ടത്തിന് ആഹ്വാനം ചെയ്ത സാൻഡിനിസ്റ്റുകൾ കമ്യൂണിസ്റ്റുകാരായിരുന്നു. 1934-ൽ രക്തസാക്ഷിത്വം വരിച്ച സാൻഡിനോ ആയിരുന്നു സൊമോസ സ്വേച്ഛാധിപത്യത്തിനെതിരെ പോരാടാൻ ഇവരെ പ്രചോദിപ്പിച്ചത്. സാൻഡിനിസ്റ്റുകൾ മനാഗ്വ പിടിച്ചെടുത്തതിനെത്തുടർന്ന് രാജ്യത്തുനിന്നു പലായനം ചെയ്യാൻ ഡെബോയിൽ സൊമോസ നിർബന്ധിതനായി (1978).



1979 മുതൽ 90 വരെ അധികാരത്തിലിരുന്ന സാൻഡിനിസ്റ്റുകൾ, പിന്നീട് 16 വർഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം 2006-ൽ വീണ്ടും അധികാരത്തിൽ വന്നു. ആദ്യത്തെ കാലയളവിൽ ബാങ്കുകളുടെ ദേശസാത്കരണം, ഭൂപരിഷ്കരണം ഉൾപ്പെടെയുള്ള പരിഷ്കരണങ്ങൾ സാൻഡിനിസ്റ്റ് നേതാവായ ഡാനിയൽ ഒർട്ടേഗയുടെ നേതൃത്വത്തിലുള്ള സർക്കാർ നടപ്പിലാക്കിയെങ്കിലും യു.എസ്സിന്റെ പിന്തുണയോടെ നിക്കരാഗ്വയിലെ സാൻഡിനിസ്റ്റ് വിരുദ്ധർ നടത്തിയ കോൺട്രാ യുദ്ധം നിക്കരാഗ്വൻ സമ്പദ്ഘടനയിൽ ഏല്പിച്ച ആഘാതം കനത്തതായിരുന്നു. നിക്കരാഗ്വ മറ്റൊരു ക്യൂബയാകും എന്ന ആശങ്കയായിരുന്നു സാൻഡിനിസ്റ്റ് ഭരണത്തെ അട്ടിമറിക്കാൻ അമേരിക്കയെ പ്രേരിപ്പിച്ചത്. ഇറാനുമായി അനധികൃതമായി നടത്തിയ ആയുധ ഇടപാടിൽ നിന്നും ലഭിച്ച തുകയാണ് കോൺട്രാകളെ സഹായിക്കുന്നതിന് യു.എസ്. ഉപയോഗിച്ചത്. 1990-ൽ യു.എസ്. പിന്തുണയുള്ള നാഷണൽ ഒപ്പോസിഷൻ യൂണിയൻ അധികാരത്തിൽ വരുന്നതുവരെ കോൺട്രായുദ്ധം തുടർന്നു. ഈ പാർട്ടിയിലെ വയലെറ്റ ചമറോയാണ് സാൻഡിനിസ്റ്റ് നേതാവായ ഡാനിയൽ ഒർട്ടേഗയെ പരാജയപ്പെടുത്തിയത്. സാൻഡിനിസ്റ്റുകളുടെ വിപ്ലവമൂല്യങ്ങൾക്ക് തിളക്കം നഷ്ടപ്പെട്ടതായിരുന്നു പാർട്ടിയെ പരാജയത്തിലേക്ക് നയിച്ചത്.

2001-ലെ തെരഞ്ഞെടുപ്പിൽ ഡാനിയേൽ ഒർട്ടേഗയെ തോല്പിച്ച് കോൺസ്റ്റിറ്റ്യൂഷണൽ ലിബറൽ പാർട്ടി സ്ഥാനാർഥി എന്റിക് ബൊളാഞോസ് പ്രസിഡന്റായി. 2006 ന.-ൽ നടന്ന തെരഞ്ഞെടുപ്പിൽ അമേരിക്കൻ പിന്തുണയുള്ള എഡ്വേർഡോ മോണ്ടിലെപ്രബെയെ പരാജയപ്പെടുത്തിക്കൊണ്ട് ഒർട്ടേഗയുടെ നേതൃത്വത്തിൽ സാന്റഡിനിസ്റ്റ് പാർട്ടി അധികാരത്തിൽ തിരിച്ചെത്തി. നോ: സാൻഡിനിസ്റ്റ

ഭരണസംവിധാനം

[തിരുത്തുക]

പ്രസിഡൻഷ്യൽ രീതിയിലുള്ള പ്രാതിനിധ്യ ജനാധിപത്യ സംവിധാനമാണ് നിക്കരാഗ്വയിലേത്. രാഷ്ട്രത്തിന്റെ അധികാരം നിയമനിർമ്മാണസഭ, ഭരണനിർവാഹക സമിതി, നീതിന്യായ ഭരണസമിതി, തെരഞ്ഞെടുപ്പ് സമിതി എന്നിങ്ങനെ നാലായി വിഭജിച്ചിരിക്കുന്നു. പ്രസിഡന്റാണ് ഭരണത്തിന്റെയും രാഷ്ട്രത്തിന്റെയും തലവൻ. ഭരണനിർവഹണ അധികാരങ്ങൾ, പ്രസിഡന്റും വൈസ്പ്രസിഡന്റും അടങ്ങുന്ന ഗവൺമെന്റിലും നിയമനിർമ്മാണ അധികാരം ഗവൺമെന്റിലും ദേശീയ അസംബ്ലിയിലും നിക്ഷിപ്തമായിരിക്കുന്നു. പ്രസിഡന്റും ഏകമണ്ഡല ദേശീയ അസംബ്ലി അംഗങ്ങളും അഞ്ചുവർഷത്തെ കാലാവധിയിലേക്കാണ് തെരഞ്ഞെടുക്കപ്പെടുന്നത്. ആകെ 92 അംഗങ്ങൾ ഉൾപ്പെടുന്നതാണ് ദേശീയ അസംബ്ലി. ബഹുകക്ഷി സമ്പ്രദായമാണ് നിക്കരാഗ്വൻ രാഷ്ട്രീയത്തിന്റേത്. കോൺസ്റ്റിറ്റ്യൂഷണലിസ്റ്റ് ലിബറൽ പാർട്ടി, സാൻഡിനിസ്റ്റ് റിനവേഷൻ മൂവ്മെന്റ്. ആൾട്ടർനേറ്റീവ് ഫോർ ചേഞ്ച് തുടങ്ങിയവയാണ് ഇതര പ്രമുഖ രാഷ്ട്രീയ സംഘടനകൾ. നീതിന്യായ നിർവഹണത്തിന്റെ ചുമതല സുപ്രീംകോടതിക്കാണ്. അഞ്ചുവർഷത്തെ കാലാവധിയിലേക്ക് ദേശീയ അസംബ്ളിയാണ് ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നത്. നീതിന്യായ വ്യവസ്ഥ എക്സിക്യൂട്ടീവിൽ നിന്നും ലെജിസ്ലേറ്റീവിൽ നിന്നും സ്വതന്ത്രമാണ്. ഏഴു മജിസ്ട്രേറ്റുമാർ ഉൾപ്പെടുന്ന സുപ്രീം ഇലക്ടറൽ കൗൺസിലാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് സംഘടിപ്പിക്കുന്നത്. 15 മേഖലകളായി ഭരണമേഖലയെ വിഭജിച്ചിരിക്കുന്നു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 "Nicaragua". International Monetary Fund. Retrieved 2008-10-09.


കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നിക്കരാഗ്വ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നിക്കരാഗ്വ&oldid=2847410" എന്ന താളിൽനിന്ന് ശേഖരിച്ചത്